ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ അയോദ്ധ്യാ വിധിയില്‍ ആഹ്ലാദിക്കുകയാണ്. എന്നാല്‍ രാമക്ഷേത്ര പ്രസ്ഥാനം ഔദ്യോഗികമായി തുടങ്ങിയത് സിഖുകാരാണ് എന്ന് സാങ്കേതികമായി പറയാം. അയോദ്ധ്യാവിധി വന്നത് സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ 550-ാമത് ജന്മവാര്‍ഷികദിനമായ നവംബര്‍ 9 ആയത് യാദൃച്ഛികമാണ്. ഗുരുനാനാക് അയോദ്ധ്യാ ക്ഷേത്രം സന്ദര്‍ശിക്കുകയും ആരാധന നടത്തുകയും ചെയ്തു എന്നതിനു ചരിത്രപരമായ തെളിവുണ്ട്. ബാബരി കെട്ടിടത്തിലേക്ക് ബലമായി കടക്കുകയും രാമനാമഹവനം നടത്തുകയും ചെയ്തതിന് 1858 ല്‍ സിഖുകാര്‍ക്കെതിരായി ആദ്യത്തെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.
സ്വാമി ചിന്മയാനന്ദന്‍, ഉഡുപ്പി പേജാവര്‍ മഠാധിപതി ശ്രീ വിശ്വേശ്വ തീര്‍ത്ഥ തുടങ്ങിയ ദേശീയ ആത്മീയ നേതാക്കള്‍ രാമജന്മഭൂമിയില്‍ത്തന്നെ ക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്ന് ആഗ്രഹിച്ചവരായിരുന്നു. അവരുടെ നിലപാടിനെ നീതീകരിക്കുന്ന ചരിത്രപ്രധാന വിധിയാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ചത്. രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തില്‍ പ്രധാന പങ്കു വഹിക്കുക എന്നത് ഇപ്പോള്‍ ഹൈന്ദവ ആചാര്യന്മാരുടെ ഉത്തരവാദിത്വമാണ്. ഭാരതവര്‍ഷത്തെ പുണ്യഭൂമിയായും, കര്‍മ്മഭൂമിയായും, മോക്ഷഭൂമിയായും കണ്ട് ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നവനാണ് ഹിന്ദു. ഈ പുണ്യഭൂമിയില്‍ ജന്മം കൊണ്ട എല്ലാ സനാതനമൂല്യങ്ങളെയും ആദരിക്കുന്നവനാണ് ഹിന്ദു. അയാള്‍ ഒരു വ്യക്ത്യധിഷ്ഠിത ഈശ്വരനില്‍ വിശ്വസിക്കുകയോ ആ ഈശ്വരനെ ഒരു പ്രത്യേക രൂപത്തില്‍ ആരാധിക്കുകയോ ചെയ്യണമെന്നില്ല. ഭാരതീയന്റെ പര്യായമാണ് ഹിന്ദു എന്ന പദം. ഹിന്ദുധര്‍മ്മത്തെ ഭാരതത്തിന്റെ മതമെന്നും സനാതനധര്‍മ്മം ഭാരതത്തിന്റെ ദേശീയതയെന്നും പ്രഖ്യാപിച്ച മഹര്‍ഷി അരവിന്ദന്‍ മതവും ദേശീയതയും തമ്മിലുള്ള അതിര്‍ത്തി നിലനില്‍ക്കുന്നതല്ല എന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഹിന്ദു ദേശീയതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ തുടക്കമാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം. രാമനാമം രാഷ്ട്രത്തെ മുഴുവനും ഏകീകരിക്കുവാന്‍ സഹായിക്കുന്നു. ഹിന്ദുവിന്റെയും ദേശീയതയുടെയും പ്രതീകമാണ് ശ്രീരാമന്‍. ഈ രാജ്യത്ത് വിശ്വാസം കൊണ്ട് മുസ്ലിമോ ക്രിസ്ത്യാനിയോ ആയിട്ടുള്ള നിരവധിപേര്‍ ദേശീയത കൊണ്ട് ഹിന്ദു എന്ന് വിശ്വസിക്കുന്നവരാണ്. അവര്‍ തങ്ങളുടെ പൂര്‍വ്വികരുടെ ഹൈന്ദവപാരമ്പര്യത്തില്‍ അഭിമാനിക്കുകയും അല്ലാഹുവിനെയോ ക്രിസ്തുവിനെയോ എന്നപോലെ രാമനെയും ആദരിക്കുകയും ചെയ്യുന്നു. ‘വന്ദേമാതരം’ അവര്‍ക്ക് തങ്ങളുടെ ഹൃദയത്തില്‍ ഭാരതാംബയെ പൂജിക്കുവാനുള്ള താരകമന്ത്രമാകുന്നു. ഈ രാഷ്ട്രത്തെ മോക്ഷഭൂമിയായി കാണുന്ന വിദേശികള്‍ പോലുമുണ്ട്. ഭാരതവര്‍ഷത്തിന്റെ ഉയര്‍ന്നു വരുന്ന ദേശീയബോധത്തെ അംഗീകരിക്കാന്‍ മടിക്കുന്നവരാണ് ദേശസ്‌നേഹികളായ ഹിന്ദു ശക്തികളെ വര്‍ഗ്ഗീയമായി മുദ്രകുത്തുന്നത്.
രാമന്‍ ആരാധിക്കപ്പെടുന്ന ഒരു ഈശ്വരന്‍ മാത്രമല്ല. ഹിന്ദു ഏകീകരണമെന്ന യഥാര്‍ത്ഥ ദേശീയോദ്ഗ്രഥനത്തിന്റെയും മനുഷ്യനിലുള്ള എല്ലാ നന്മകളുടെയും പ്രതീകമാണ് രാമന്‍. മുസ്ലിം രാഷ്ട്രമായ ഇന്തോനേഷ്യയില്‍ രാമനെ ദേശീയ വീരനായി ആരാധിക്കുകയും രാമായണോത്സവം ആഘോഷിക്കുകയും ചെയ്യാമെങ്കില്‍ നമ്മുടെ ഈ പുണ്യദേശത്ത് വസിക്കുന്ന എല്ലാവര്‍ക്കും ജാതിമതവര്‍ഗ്ഗഭേദമെന്യേ രാമനെ ദേശീയ ആരാധ്യപുരുഷനായി അംഗീകരിക്കാന്‍ കഴിയേണ്ടതാണ്. രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയുക എന്നത് മതപരമായ വിഷയമല്ല, അത് രാഷ്ട്രത്തിന്റെ അഭിമാനത്തെയും മഹത്വത്തെയും സംബന്ധിച്ചുള്ളതാണ്.
മഹര്‍ഷി അരവിന്ദനെപ്പോലുള്ള മഹാത്മാക്കള്‍ ദര്‍ശിച്ച പ്രകാരം അഖണ്ഡഭാരതം നിര്‍മ്മിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. മഹാനായ തമിഴ് കവി സുബ്രഹ്മണ്യഭാരതി തന്റെ പാപ്പാപാട്ട് എന്ന കവിതയില്‍ പറയുന്നപോലെ ‘ഛേദമില്ലാത്ത ഹിന്ദുസ്ഥാനം, അതേയ് ദൈവമെന്ററു കുമ്പിടടി പാപ്പാ’ (അല്ലയോ കുട്ടീ, അഖണ്ഡമായ ഹിന്ദുസ്ഥാനത്തെ നിന്റെ ഈശ്വരനായി ആരാധിക്കൂ). ആ ലക്ഷ്യത്തിലേക്കാണ് നമ്മുടെ ഇപ്പോഴത്തെ ചുവടുകള്‍.