ഭാരതത്തോടൊപ്പം ചേരാമെന്ന നേപ്പാളിന്റെ താല്പര്യത്തെ തിരസ്‌ക്കരിച്ച് അതിനെ ഒരു അര്‍ദ്ധസ്വതന്ത്രനാടായി നിലനിര്‍ത്താനാണ് നെഹ്രു നിര്‍ദ്ദേശിച്ചത്. തിബറ്റിനുമുണ്ട് നെഹ്രുവിന് പറ്റിയ അബദ്ധത്തിന്റെ മറ്റൊരു കഥ പറയാന്‍. സിക്കിം ഭാരതത്തിന്റെ ഭാഗമാണെന്ന് ചൈന അംഗീകരിക്കണമെങ്കില്‍ സാമ്രാജ്യമോഹിയായ ആ നാട് ആക്രമിച്ചു കീഴടക്കിയ തിബറ്റിനെ ചൈനയുടെ ഭാഗമായി ഭാരതവും അംഗീകരിക്കണമെന്ന ഉപാധിയാണ് ചൈന വെച്ചത്. അത് ഭാരതം ശരി വച്ചപ്പോള്‍ സിക്കിമിന്റെ മേലുള്ള പരാക്രമം മതിയാക്കി അരുണാചലപ്രദേശം തെക്കന്‍തിബറ്റാണെന്നവകാശപ്പെട്ടുകൊണ്ട് ആ പ്രദേശത്തിനു വേണ്ടി ഇപ്പോള്‍ ചൈന കടിപിടി കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഭാരതത്തിനാകട്ടെ, തിബറ്റിനെ ചൈനയ്ക്ക് തുല്യം ചാര്‍ത്തിക്കൊടുത്തതിന് പ്രതിഫലമായിക്കിട്ടിയത്, സിക്കിം പ്രദേശത്ത് ചൈന പ്രദര്‍ശിപ്പിച്ചിരുന്ന ‘ചൊറിച്ചില്‍’ അരുണാചലിലേക്ക് മാറിക്കിട്ടി എന്നൊരു ‘നേട്ടം’ മാത്രമായിരുന്നു.
തിബറ്റ് ചൈനയുടേതാണ് എന്നു ഭാരതം സമ്മതിക്കുന്നുണ്ട്. എന്നാല്‍, തിബറ്റിന്റെ ‘ഗവണ്‍മെന്റ് ഇന്‍ എക്‌സൈല്‍’, നമ്മുടെ മണ്ണിലിരുന്നുകൊണ്ട് നടത്തിക്കൊണ്ടുപോകാന്‍ അനുവദിക്കുന്നുമുണ്ട് നമ്മുടെ നാട്. ആ നിലയ്ക്ക്, തെളിമയുള്ള ഇരട്ടത്താപ്പെന്ന് വിമര്‍ശിക്കപ്പെടാന്‍ അര്‍ഹതയുള്ള ഈ നിലപാടിനെ തിരുത്തിയെഴുതാന്‍ ഭാരതം മെനക്കെടാത്തതെന്താണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പലരും ചോദ്യമുയര്‍ത്തിയിരുന്നതാണ്. ദലൈ ലാമയെ സംരക്ഷിച്ചുകൊണ്ട് തിബറ്റുകാരുടെ വിമോചനത്തിനു വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കാന്‍ ആരെ ഭയന്നിട്ടാണ് നെഹ്രു ഒരുങ്ങാത്തത് എന്നും അന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
അതുപോലെത്തന്നെ, ബലൂചിസ്ഥാനിലെ ജനങ്ങളുടെ ഭാരതത്തോടു ചേര്‍ന്നു നില്ക്കാനുള്ള താല്പര്യത്തെയും തിരസ്‌ക്കരിക്കുകതന്നെയാണ് നെഹ്രു ചെയ്തത്. അവരുടെ അഭ്യര്‍ത്ഥന മാനിച്ച് അന്ന് ബലൂചിസ്ഥാനെ ഭാരതത്തിന്റെ ഭാഗമാക്കാന്‍ നെഹ്രു തയ്യാറായിരുന്നുവെങ്കില്‍ ഇന്ന് ബലൂചിസ്ഥാനിലൂടെ കടന്നുപോകുന്ന ‘ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി’ക്കുതന്നെ ഇടം ലഭിക്കുമായിരുന്നില്ല. ഈ പദ്ധതി പൂര്‍ത്തിയാവുന്നതോടെ, ഭാരതത്തിന്റെ സുരക്ഷിതത്വത്തിന് തുരങ്കം വച്ചുകൊണ്ട് അറബിക്കടലിലേക്ക് നിഷ്പ്രയാസം എത്തിച്ചേരാനും നമ്മുടെ മാതൃഭൂമിക്ക് ഭീഷണിയുയര്‍ത്താനും ചൈനയ്ക്ക് നിഷ്പ്രയാസം കഴിയും.
1960-കളിലെ, സിന്ധു നദീജലക്കരാറിലൂടെ പഞ്ചാബിലെ കര്‍ഷകര്‍ക്ക് വമ്പിച്ച നഷ്ടമേര്‍പ്പെടുത്തിക്കൊണ്ട് പാകിസ്ഥാനോട് കൂറു കാണിച്ചു എന്നൊരാരോപണവും നെഹ്രുവിന്റെ പേരിലുണ്ട്. 1948-ലുണ്ടായ സിന്ധുനദീജലതര്‍ക്കത്തെത്തുടര്‍ന്ന് 1954-ല്‍, ‘ഇന്റര്‍നാഷണല്‍ ബാങ്ക്് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്റ് ഡവലപ്‌മെന്റ്’ എന്ന പേരില്‍ അന്നറിയപ്പെട്ടിരുന്ന വേള്‍ഡ് ബാങ്ക്, സിന്ധുനദീജലതര്‍ക്കത്തിന് നിരന്തരമായ ഒരു പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടപ്പോള്‍, അന്നത്തെ പാകിസ്ഥാന്‍ പ്രസിഡന്റായിരുന്ന ജനറല്‍ അയൂബ് ഖാനുമായി ഏര്‍പ്പെട്ട ആറുവര്‍ഷം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് 1960 സപ്തംബര്‍ മാസം 19-ാം തീയതി, കറാച്ചിയില്‍ വെച്ച് സിന്ധുനദീജലക്കരാറില്‍ നെഹ്രു ഒപ്പു ചാര്‍ത്തുന്നത്. ഈ കരാറനുസരിച്ച്, സിന്ധു നദിയിലൂടെ ഒഴുകിയെത്തുന്ന ജലസമ്പത്തിന്റെ എണ്‍പതു ശതമാനവും പാകിസ്ഥാന് ഉപയോഗിക്കാനായി അദ്ദേഹം വിട്ടുകൊടുത്തു. വൈദ്യുതിയുണ്ടാക്കാനോ ജലസേചനത്തിനോ ഉള്ള ഭാരതത്തിന്റെ അവകാശങ്ങളെ വെറും ഇരുപതു ശതമാനത്തിലേക്ക് പരിമിതപ്പെടുത്തുകയാണ് തന്റെ തെറ്റായ ഒരു തീരുമാനത്തിലൂടെ നെഹ്രു അന്നു ചെയ്തത്. 2300 കിലോമീറ്റര്‍ നീളമുള്ള സിന്ധു നദിയിലെ വെള്ളത്തോടൊപ്പം വര്‍ദ്ധമാനമായ ജലസമ്പത്തുള്ള ഝലം, ചിനാബ് എന്നീ രണ്ടു നദികളിലെ ജലസമ്പത്തും പാകിസ്ഥാനു വിട്ടുകൊടുത്തുകൊണ്ട് താരതമ്യേന ജലം കുറഞ്ഞ രബി, ബീയസ്, സത്‌ലജ് എന്നീ മൂന്നു നദികളെ തന്റെ നാടിനായി ഒതുക്കിനിര്‍ത്തുകയാണ് നെഹ്രു അന്ന് ചെയ്തത്.
ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ സ്ഥാനപതിയായിരുന്ന വോള്‍ട്ടര്‍ ക്രോക്കര്‍ എഴുതിയ നെഹ്രുവിന്റെ ജീവചരിത്രത്തില്‍ ‘ഇസ്ലാമിക് ഫ്‌ളേവര്‍’ എന്ന വാക്കാണ് നെഹ്രുവിന് വിശേഷണമായി നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവിശ്യയില്‍ ഹിന്ദുക്കളെക്കാളേറെ മുസ്ലീങ്ങളായിരുന്നു കൂടുതലായി ഭരണവര്‍ഗ്ഗത്തിലുണ്ടായിരുന്നത്. നെഹ്രു, തന്റെ ജീവിതത്തില്‍ മുന്‍ഷി മുബാറക്ക് അലി ചെലുത്തിയ വ്യക്തിപ്രഭാവത്തെക്കുറിച്ച് ആവര്‍ത്തിച്ച് ശ്ലാഘിച്ചിരുന്നുവെന്നും ചുറ്റുവട്ടത്തുള്ള മുസ്ലീം സംസ്‌കാരം അദ്ദേഹത്തിന് ആ മതത്തോട് പ്രിയമുളവാക്കാന്‍ പ്രേരണയായിട്ടുണ്ടെന്നും ക്രോക്കര്‍ പറയുന്നു. അദ്ദേഹത്തിന്റെ ‘തായ് വഴി ഭാഷ’ ഉറുദു ആകയാല്‍ ആ ഭാഷയോട് സ്വാഭാവികമായും അദ്ദേഹത്തിന് ഹിന്ദിയെക്കാള്‍ കൂടുതല്‍ പ്രതിപത്തിയുണ്ടാവാന്‍ കാരണമായിട്ടുണ്ടെന്നും തന്റെ പുസ്തകത്തില്‍ വോള്‍ട്ടര്‍ ക്രോക്കര്‍ രേഖപ്പെടുത്തിയിരിക്കുന്നു. പ്രകൃതത്തില്‍ താന്‍ ഹിന്ദു ആണെങ്കിലും ഹിന്ദുവോ മുസ്ലീമോ എന്നുള്ളത് അപ്രസക്തമാണെന്ന് നെഹ്രു ആവര്‍ത്തിച്ചു പറഞ്ഞിരുന്നതായും ക്രോക്കര്‍ പ്രസ്തുത പുസ്തകത്തില്‍ പറയുന്നുണ്ട്. തിയോസഫിസ്റ്റുകളായിരുന്ന ആനിബസന്റിന്റെയും തന്റെ ആദ്യകാല ഗുരുനാഥനായിരുന്ന ഫെര്‍ഡിനാന്റ് ടി ബ്രൂക്‌സിന്റെയും കാഴ്ചപ്പാടുകളുടെ സ്വാധീനവും അദ്ദേഹത്തിന്റെ പിതാവ്, മോത്തിലാലിന്റെ മുന്‍ഷിയായിരുന്ന മുന്‍ഷി മുബാറക്ക് അലിയുമായുള്ള സമ്പര്‍ക്കങ്ങളും ചെറുപ്പം മുതല്‍ക്കുതന്നെ നെഹ്രുവിന്റെ മനസ്സില്‍ നിന്ന് താന്‍ ജനിച്ചു വീണ മതവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങള്‍ അന്യം നില്‍ക്കാന്‍ കാരണമായി.
മുഹമ്മദ് ഗസ്‌നി തകര്‍ത്തിട്ട സോമനാഥക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം രാഷ്ട്രത്തിന്റെ ഖജനാവില്‍ നിന്നു പണമെടുത്തു നടത്താന്‍ പട്ടേല്‍ പരിശ്രമിച്ചപ്പോള്‍ മതേതരത്വത്തിന്റെ പേരും പറഞ്ഞ് അതിനെ എതിര്‍ത്ത നെഹ്രുവിന്റെ മന:ശാസ്ത്രം മുകളില്‍ പറഞ്ഞ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടു വേണം വിശകലനം ചെയ്യാന്‍. ഇന്ത്യ ഒന്നിലധികം മതങ്ങളുള്ള ഒരു രാജ്യമാണെന്നും അതിനാല്‍ ഒരു മതത്തോടും പ്രത്യേക പക്ഷപാതം കാണിക്കുന്നത് മഹാപാതകമാണെന്നും രാഷ്ട്രീയത്തില്‍ മതം അസ്ഥാനത്താണെന്നുമായിരുന്നു നെഹ്രു പട്ടേലിനോടു വെളിപ്പെടുത്തിയത്. മക്ക്യവല്ല്യയന്‍ സിദ്ധാന്തങ്ങളുടെ നവീനവെളിപാടുകള്‍ നെഹ്രുവിന്റെ ശബ്ദത്തില്‍ തിരിച്ചറിഞ്ഞ പട്ടേല്‍ നിരാശനായി മടങ്ങി. നെഹ്രു ആവര്‍ത്തിക്കുമായിരുന്ന ‘സെക്കുലറിസം’ എന്ന പദത്തിന്റെ മൗനമായ മുഴക്കങ്ങള്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ക്കിടയില്‍ക്കിടന്നു ഗര്‍ജ്ജിക്കുന്നതു ബോധ്യപ്പെട്ട പട്ടേല്‍ തന്റെ ഉദ്യമത്തില്‍നിന്ന് പിന്‍വാങ്ങുകയാണുണ്ടായത്.
അതുപോലെത്തന്നെ, അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയിലെ കലാപവേളയിലും നെഹ്രു തന്റെ സെക്കുലര്‍ പക്ഷപാതം പ്രദര്‍ശിപ്പിച്ചിരുന്നതായി ചരിത്രത്തില്‍ തെളിവുകളുണ്ട്. 1949 ഡിസംബര്‍ 22-ാം തീയതി അര്‍ദ്ധരാത്രി, അന്നത്തെ തര്‍ക്കമന്ദിരത്തിന്റെ കാവല്‍ക്കാര്‍ കൂര്‍ക്കം വലിച്ചുറങ്ങുമ്പോള്‍, അന്ന് അവിടെ രാമക്ഷേത്രനിര്‍മ്മാണത്തിനായി പോരാടിയിരുന്ന ചില ഹിന്ദുക്കള്‍ ആരുമറിയാതെ രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ മസ്ജിദിനുള്ളില്‍ പ്രതിഷ്ഠിച്ച് പുറത്തുവന്നു. മാതാപ്രസാദ് എന്ന പോലീസ് കോണ്‍സ്റ്റബിളാണ് ഇത് ആദ്യം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത പ്രഭാതത്തില്‍ ഒരു വലിയ പുരുഷാരംതന്നെ അമ്പലത്തില്‍ പൂജക്കെത്തി. അവരെ തടുക്കാന്‍ പിന്നാലെ പോലീസും പാഞ്ഞെത്തി. അന്നത്തെ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റായിരുന്ന കെ.കെ.നായര്‍ രേഖപ്പെടുത്തിയതനുസരിച്ച്, പോലീസുകാരുടെ നേരെ വമ്പിച്ച കയ്യേറ്റമാണ് അന്ന് സന്ന്യാസിമാരും ഭക്തജനങ്ങളും നടത്തിയത്. അവരെ നിയന്ത്രിക്കാന്‍ പോലീസിന് വളരെയേറെ പാടുപെടേണ്ടിവന്നു. തുടര്‍ന്ന് നെഹ്രു, മുസ്ലീങ്ങളുടെ അപ്രീതി ഭയന്ന്, അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ്‌വല്ലഭ് പന്തിനെ വിളിച്ച് വിഗ്രഹങ്ങളകറ്റുവാന്‍ കല്പന നല്കി. അന്നത്തെ ചീഫ് സെക്രട്ടറി ഭഗവാന്‍ സഹായിയും ഐ.ജി. വി. എന്‍.ലാഹിരിയും ചേര്‍ന്ന് കല്പന നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും ഹിന്ദുക്കളുടെ രോഷത്തെ ഭയന്ന് മജിസ്‌ട്രേറ്റ് കെ.കെ. നായര്‍ അതിന് വഴിപ്പെടാതെ പിന്മാറി. കെ.കെ.നായരുടെ ഈ പ്രവൃത്തി നെഹ്രുവിനെ അന്ന് കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. എന്നാല്‍ അതേ നെഹ്രുതന്നെ, വിവിധമതങ്ങളുടെ വിധിനിര്‍വ്വഹണത്തില്‍ പിന്തുടരപ്പെട്ടുപോരുന്ന ശരീയത്തുപോലുള്ള അടിസ്ഥാന നിയമസംഹിതകളെ മറികടന്നുകൊണ്ട് ഒരു യൂണിഫോം സിവില്‍കോഡ് നടപ്പാക്കണമെന്ന അംബേദ്ക്കറുടെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 44, ഭാരതപൗരന് പൊതു സിവില്‍ കോഡ് വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അറിയാതെയല്ല നെഹ്രു ഇതിനു തുനി ഞ്ഞിട്ടുണ്ടാവുക. എന്നു മാത്രമല്ല, തന്റെ ചൊല്‍പ്പടിക്കു നില്‍ക്കാന്‍ കൂട്ടാക്കാത്ത അംബേദ്ക്കര്‍ ലോകസഭയിലെത്താതിരിക്കാനായി അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ നെഹ്രു ചരടു വലിക്കുകയും ചെയ്തു. ‘സെക്കുലറിസം’ എന്ന കാരണം പറഞ്ഞുകൊണ്ടുതന്നെയായിരുന്നു, നെഹ്രു അംബേദ്ക്കറുടെ ആരോഗ്യകരമായ ആ നിര്‍ദ്ദേശത്തെയും ചെവിപ്പുറത്തിട്ടത്. ‘സെക്കുലറിസം’ എന്നാല്‍ ഹിന്ദുവിരുദ്ധതയും ന്യൂനപക്ഷപ്രീണനവുമാണെന്ന ആശയം തന്റെ രാഷ്ട്രീയ പിന്‍ഗാമികളുടെ അപക്വമനസ്സുകളില്‍ ഉല്‍ക്കീര്‍ണ്ണനം ചെയ്തത് നെഹ്രുവിന്റെ ഈദൃശങ്ങളായ നിലപാടുകളായിരുന്നു എന്നു വേണമെങ്കില്‍ പറയാം.
വിഭജനവേളയില്‍ ഭാരതത്തിന് ‘ഹിന്ദുസ്ഥാന്‍’ എന്നു നാമകരണം ചെയ്യാനൊരുമ്പെടുമ്പോഴും നെഹ്രു തന്റെ ഈ ‘സെക്കുലര്‍ ബോധം’ പിശുക്കേതുമില്ലാതെ പ്രദര്‍ശിപ്പിച്ചു. ബ്രിട്ടീഷ് ഇന്ത്യയെ മതാടിസ്ഥാനത്തില്‍ രണ്ടായി വിഭജിക്കുമ്പോള്‍ ‘പാകിസ്ഥാന്‍’ എന്നും ‘ഇന്ത്യ’ എന്നുമുള്ള സംജ്ഞകളില്‍ ആകുന്നത് വലിയ തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കുമെന്ന് മുഹമ്മദലി ജിന്നപോലും അഭിപ്രായപ്പെട്ടതാണ്. സ്വതന്ത്രഭാരതത്തിന് ‘ഹിന്ദുസ്ഥാന്‍’ എന്നോ ‘ഭാരതം’ എന്നോ നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്് ജിന്ന മൗണ്ട് ബാറ്റന്‍ പ്രഭുവിന് കത്തെഴുതി. സിന്ധുനദീതടത്തിലുള്ള ഭൂപ്രദേശമായതിനാലാണ് ഇന്ത്യയ്ക്ക് പ്രസ്തുത പേര് ലഭിച്ചതെന്നും വിഭജനത്തോടെ സംസ്‌കാരത്തിന്റെ ഈറ്റില്ലമായ ആ പ്രദേശം പാകിസ്ഥാനിലാവുക മൂലം ആ പേര് തുടരുന്നത് തെറ്റിദ്ധാരണകള്‍ക്കിടയാകുമെന്നും കാണിച്ചുകൊണ്ടാണ് തന്റെ നിവേദനത്തിലെ കാര്യകാരണങ്ങളെ ജിന്ന സമര്‍ത്ഥിച്ചത്. ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷവും ഭാരതം, ‘ഇന്ത്യ’ എന്ന പേരില്‍ത്തന്നെ തുടരുന്നതിനെ അദ്ദേഹം നഖശിഖാന്തം എതിര്‍ത്തു.
പക്ഷേ, ‘ഇന്ത്യ’ എന്ന പേരില്‍ത്തന്നെ സ്വതന്ത്രഭാരതം അറിയപ്പെടണമെന്ന് അന്ന് വാശിപിടിച്ചത് ജവഹര്‍ലാല്‍ നെഹ്രുവായിരുന്നു. ജിന്നയും നെഹ്രുവും തൊടുത്തുവിട്ട ഈ ആശയസമരത്തില്‍ മൗണ്ട് ബാറ്റന്‍ നെഹ്രുവിന് അനുകൂലമായിത്തന്നെ വിധിയെഴുതി. ‘ഇന്ത്യ എ ഹിസ്റ്ററി’ എന്ന ശീര്‍ഷകത്തിലുള്ള ജോണ്‍ കീയുടെ പുസ്തകത്തിലും ‘ഇസ്ലാം ആന്റ് കോണ്‍സ്റ്റിറ്റിയൂഷണല്‍ ഫൗണ്ടേഷന്‍സ് ഓഫ് പാകിസ്ഥാന്‍’ എന്ന മാര്‍ട്ടിന്‍ ലോയുടെ പുസ്തകത്തിലുമെല്ലാം ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ‘ഹിന്ദുക്കളുടെ നാട്’ എന്നര്‍ത്ഥമുള്ള ‘ഹിന്ദുസ്ഥാന്‍’ എന്ന വാക്കുതന്നെ സ്വതന്ത്രഭാരതത്തിന് നല്‍കണമെന്ന് ജിന്ന വാശിപിടിച്ചിരുന്നതായി 1985-ല്‍ കേംബ്രിഡ്ജ് യുണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ‘ദ സോള്‍ സ്‌പോക്‌സ്മന്‍- ജിന്ന, ദ മുസ്ലീം ലീഗ് ആന്റ് ദ ഡിമാന്റ് ഫോര്‍ പാകിസ്ഥാന്‍’ എന്ന പുസ്തകത്തിന്റെ രചയിതാവും പാകിസ്ഥാന്‍-അമേരിക്കന്‍ ചരിത്രകാരിയുമായ ആയിഷ ജലാലും വ്യക്തമാക്കുന്നുണ്ട്. 1947 സപ്തംബര്‍ മാസത്തില്‍, ലണ്ടനില്‍ നടന്ന ഇന്ത്യന്‍ കലകളുടെ പ്രദര്‍ശനപരിപാടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മൗണ്ട് ബാറ്റന്റെ ക്ഷണത്തിനുള്ള മറുപടിയിലും ജിന്ന, സ്വതന്ത്രഭാരതത്തിന് ‘ഇന്ത്യ’ എന്നു പേരു നല്കിയതിലുള്ള തന്റെ നീരസം രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഹിന്ദുസ്ഥാന്‍ കലകളുടെ പ്രദര്‍ശനം’ എന്നായിരുന്നു ഈ പരിപാടിക്ക് നാമകരണം ചെയ്യേണ്ടത് എന്ന് ഉപദേശിച്ചുകൊണ്ടായിരുന്നു മൗണ്ട് ബാറ്റനോട് ജിന്ന തന്റെ വിയോജിപ്പറിയിച്ചത്. ജിന്ന, പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വിജയത്തിന്റെ നറുക്കു വീണത് നെഹ്രുവിന്റെ ‘സെക്കുലറിസ’ത്തിന് അനുകൂലമായിത്തന്നെയായിരുന്നു. 1947-ല്‍ ദില്ലിയില്‍ വെച്ചു നടന്ന ഒരു മീറ്റിങ്ങില്‍ വച്ച് ‘പിരിഞ്ഞു പോകുന്ന പാകിസ്ഥാന്‍ ഒരു സെക്കുലര്‍ രാഷ്ട്രമായി തുടരു’മെന്ന തന്റെ പ്രസ്താവന മറന്നുകൊണ്ട്, ജിന്ന മതരാഷ്ട്രത്തിലേക്ക് പാത മാറ്റിച്ചവിട്ടിയപ്പോഴും നെഹ്രു തന്റെ ‘സെക്കുലറിസ’ സിദ്ധാന്തത്തില്‍ത്തന്നെ ഉറച്ചുനിന്നു.
നെഹ്രുവിന്റെ ഈദൃശങ്ങളായ അപക്വമായ പെരുമാറ്റങ്ങള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരില്‍ അഗാധമായ നീരസമുണ്ടാവാന്‍ കാരണമൊരുക്കിയിരുന്നു എന്ന വസ്തുതയ്ക്ക് പിന്‍ബലമായി സി.രാജഗോപാലാചാരിയുടെ കുറിപ്പൊന്ന് സാക്ഷി ചൊല്ലുന്നുണ്ട്: ‘സ്വതന്ത്രഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായി പട്ടേലും വിദേശകാര്യമന്ത്രിയായി നെഹ്രുവുമാണ് അവരോധിക്കപ്പെട്ടിരുന്നതെങ്കില്‍ സംഗതികള്‍ കൂടുതല്‍ ഫലപ്രദമാവുമായിരുന്നു എന്നാണ് എനിക്കനുഭവപ്പെടുന്നത്. പ്രബുദ്ധനായ ഒരു നേതാവെന്ന് നെഹ്രുവിനെക്കുറിച്ച് ഞാനും കരുതിയിരുന്നുവെങ്കിലും അതിലെ പൊള്ളത്തരം ഞാനിപ്പോള്‍ തിരിച്ചറിയുന്നു. പട്ടേല്‍ ഒരു മുസ്ലീം വിരുദ്ധനാണെന്ന, സമാജത്തില്‍ പ്രചരിച്ചിരുന്ന മിഥ്യാധാരണയ്ക്ക് എന്റെ മനസ്സും എങ്ങനെയോ അടിപണിഞ്ഞിരുന്നു എന്നുള്ളതാണ് സത്യം’ എന്നു വിലപിച്ചുകൊണ്ടാണ് രാജാജി തന്റെ കുറിപ്പവസാനിപ്പിക്കുന്നത്. ഇതുപോലെത്തന്നെ, മൗലാനാ ആസാദിന്റെ മരണശേഷം, 1959-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട, ആത്മകഥയിലും അദ്ദേഹം പട്ടേലിനെ പ്രധാനമന്ത്രിപദത്തിലേക്ക് പിന്തുണയ്ക്കാതിരിക്കുന്നതിനെക്കിറിച്ച് ‘ഒരിക്കലും മാപ്പര്‍ഹിക്കാത്ത അബദ്ധമായി’ ചിത്രീകരിച്ചുകൊണ്ട് വേദനപ്പെട്ടിട്ടുണ്ട്.
ആശയപരമായി തന്നോട് യോജിപ്പില്ലായിരുന്ന ഡോ.അംബേദ്കര്‍ ലോകസഭയിലെത്താതിരിക്കാന്‍ തന്നാലാവുംവിധം ചരടുവലിച്ചതുപോലെ, ഡോ.രാജേന്ദ്രപ്രസാദ്, ഭാരതത്തിന്റെ രാഷ്ട്രപതിയാവുന്നതു തടയാനും നെഹ്രു ശ്രമിച്ചിട്ടുള്ളതായി വെളിപ്പെടുത്തലുകളുണ്ട്. മുന്‍ രഹസ്യാന്വേഷണോദ്യോഗസ്ഥനായിരുന്ന ആര്‍.എന്‍.പി.സിങ്ങ് എഴുതിയ ‘നെഹ്രു, എ ട്രബിള്‍ഡ് ലെഗസി’ (Nehru, A Troubled Legacy With Rare Letters By Gandhi Nehru And Patel R N P Singh) എന്ന പുസ്തകത്തിലാണ് ഈ വസ്തുത രേഖപ്പെടുത്തിയിട്ടുള്ളത്. രാഷ്ട്രപതിയായി രാജേന്ദ്രപ്രസാദ് അവരോധിക്കപ്പെടുന്നതില്‍ നെഹ്രുവിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ലെന്നും രാജഗോപാലാചാരിയെയാണ് ആ പദവിയിലേക്ക് അദ്ദേഹം മനസ്സില്‍ സങ്കല്‍പിച്ചിരുന്നത് എന്നും ഔദ്യോഗികരേഖകളുടെ പിന്‍ബലത്തോടെയാണ് സിങ്ങ് തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
1949, സപ്തംബര്‍ 10-ന് നെഹ്രു രാജേന്ദ്രപ്രസാദിനയച്ച കത്തില്‍, സി.രാജഗോപാലാചാരിയെ രാഷ്ട്രപതിയാക്കാന്‍ താനും പട്ടേലും തീരുമാനിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഭാരതത്തിന്റെ പ്രസിഡന്റാവാനുള്ള ആഗ്രഹം രാജേന്ദ്രപ്രസാദ് മനസ്സില്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ അത് മാറ്റിവെക്കണമെന്നും നെഹ്രു രേഖപ്പെടുത്തിയിരുന്നതായാണ് തന്റെ പുസ്തകത്തില്‍ സിങ്ങ് ആരോപിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന്, അക്കാലത്ത് ബോംബേയിലുണ്ടായിരുന്ന പട്ടേലിന് രാജേന്ദ്രപ്രസാദ് നെഹ്രുവിന്റെ കത്തിന്റെ പകര്‍പ്പയച്ചുകൊടുത്തു. ഇതു വായിച്ച പട്ടേല്‍ നെഹ്രുവിന്റെ പ്രസ്താവനയിലെ പൊള്ളത്തരം തിരിച്ചറിഞ്ഞ് ആശ്ചര്യപ്പെടുകയാണത്രെ ഉണ്ടായത്. ആരു പ്രസിഡന്റാവണമെന്നതിനെക്കുറിച്ച് യാതൊരുവിധത്തിലുമുള്ള ചര്‍ച്ചകളും തങ്ങള്‍ക്കിടയിലുണ്ടായിട്ടില്ലെന്ന് രാജേന്ദ്രപ്രസാദിനോട് പട്ടേല്‍ വ്യക്തമാക്കിയതായും സിങ്ങ് തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. പിറ്റേ ദിവസം ഭരണഘടനാ അസംബ്ലിയില്‍ വെച്ച്, ഈ വിഷയം നെഹ്രു കൈകാര്യം ചെയ്ത രീതിയില്‍ തനിക്കുള്ള അസംതൃപ്തി രാജേന്ദ്രപ്രസാദ് പ്രകടിപ്പിക്കുകയും ശക്തമായ മറുപടിയടങ്ങുന്ന ഒരു കത്ത് നെഹ്രുവിനയയ്ക്കുകയും ചെയ്തു. കള്ളി വെളിച്ചത്തായതോടെ രാജേന്ദ്രപ്രസാദിനെതിരായുള്ള നീക്കം നെഹ്രു ഉപേക്ഷിച്ചതായും സിങ്ങ് തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.
തനിക്കു പില്‍ക്കാലത്തു ചാര്‍ത്തിക്കിട്ടിയ ‘ചാച്ചാ നെഹ്രു’, ‘നവഭാരതശില്പി’, ‘സമാന്തരങ്ങളില്ലാത്ത നേതാവ്’ എന്നു തുടങ്ങിയ താരപരിവേഷത്തിന്റെ പ്രഭാപൂരത്തിനകത്ത് പുഞ്ചിരിച്ചു നില്ക്കുന്ന നെഹ്രുവിനെ മാത്രം കണ്ടു ശീലിച്ച ജനമനസ്സുകളില്‍ ഈ ലേഖനത്തില്‍ പറഞ്ഞ വസ്തുതകളെല്ലാം വിസ്മയത്തിന്റെയും അവിശ്വസനീയതയുടെയും നിഴല്‍പരത്താന്‍ കാരണമാകും എന്നുള്ളത് വാസ്തവം തന്നെയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അദ്ധ്യക്ഷനായും രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുമൊക്കെയായി ഭാരതത്തിന്റെ ചരിത്രത്തില്‍ ഒളിമങ്ങാത്ത ഒരിടം പിടിച്ചെടുത്ത നെഹ്രുവിന് ഇങ്ങനെയും ഒരു വശമുണ്ടായിരുന്നു എന്നുള്ളത് തീര്‍ച്ചയായും അധികമാരുടെയും ശ്രദ്ധയില്‍ പെടാതെ ഒളിച്ചിരിക്കുന്ന സത്യമാണ്. കാലമെത്ര പോയാലും ഹിരണ്മയപാത്രംകൊണ്ട് എത്രകാലം മറച്ചു പിടിക്കാന്‍ ശ്രമിച്ചാലും ഒരു നാള്‍ കവചങ്ങളെല്ലാം ഭേദിച്ച് സത്യം പുറത്തു വരികതന്നെ ചെയ്യും. ഇവിടെ, നെഹ്രുവിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. ദില്ലിയിലെ ശാന്തിവനത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന നെഹ്രു ഒരുപക്ഷേ, താനെടുത്ത തീരുമാനങ്ങള്‍ ഭാവിഭാരതത്തിന്റെ സുഗമ്യതയ്ക്ക് അപര്യാപ്തമായിരുന്നു എന്നു തിരിച്ചറിഞ്ഞ് വേദനപ്പെടുന്നുണ്ടാകണം.
(അവസാനിച്ചു)