ഇടവക്കരച്ചില് ചാറിക്കൊണ്ടിരിക്കുന്ന മണ്ണിന് മീതെകൂടി മുട്ടറ്റം നനഞ്ഞ ഉടുപുടവകള്‍ അല്പമൊന്നുയര്‍ത്തി പിടിച്ചാണ് സ്ത്രീകള്‍ ജാഥയായി സ്‌കൂളിലേക്ക് നടന്ന് കൊണ്ടിരുന്നത്.
‘ഇഞ്ചിക്കാലായില് പൊത നെറച്ചോണ്ടിരിക്കുമ്പഴാ നമ്മടെ റോസമ്മേടെ പെങ്കൊച്ച് ബിന്‍സി വിളിച്ച് ഇന്ന് തന്നെ അഡ്മിഷന് സ്‌കൂളില്‍ ചെല്ലാന്‍ പറയുന്നത്. ക്യൂ നിക്കാന്‍ അതിയാനിവിടെ മാത്രം പറ്റൂല. കൊച്ചിന്റെ കാര്യമല്ലേന്നോര്‍ത്തിട്ടാ. ഇല്ലേല്‍ ഞാന്‍ വീട്ടി കുത്തിയിരുന്നേനെ.”
ഊന്നുകല്ലേല്‍ ഗ്രേസിക്ക് ചൊറിയണത്തിന്റില തൊട്ട പോലെ ചൊറിഞ്ഞു തുടങ്ങി. പ്രത്യേകിച്ച് കോണ്ടക്സ്റ്റ് ഒന്നുമില്ലേലും ഗ്രേസിക്ക് ചൊറിയും. അതാണ് ഗ്രേസി. അഡ്മിഷന് വന്ന കൊച്ചുങ്ങളോടും തള്ളമാരോടും ടീച്ചര്‍ ഇന്റര്‍വ്യൂ നടത്തുന്നതും കേട്ടോണ്ടാണ് അവര്‍ വരാന്തയിലെ ക്യൂ സിസ്റ്റത്തിലേക്ക് കയറിയത്.
”മോള്‍ക്ക് എ.ബി.സി.ഡി ഒക്കെ
എഴുതാന്‍ അറിയ്യോ?”
എ.ബി.സി.ഡി എന്ന് കേട്ടതും മഴക്കാലത്ത് ചവിട്ട് കൊണ്ട പേക്കാച്ചിതവളയുടെ ഞ്ഞീളിക്കരച്ചില്‍ പോലെ കൊച്ച് മൂളക്കം തുടങ്ങി.
ജനലിന്റെ പുറത്ത് നിന്നിരുന്ന
ക്യൂ സിസ്റ്റം മൊത്തത്തില്‍ ചിരി തുടങ്ങി.
”അയ്യോ, മോള് കരേല്ലെ.
ടീച്ചര്‍ വെറുതെ ചോദിച്ചതല്ലെ”
”ആ, ടീച്ചര്‍ എക്‌സ്പ്രഷന്‍ ഇട്ട് തൊടങ്ങി. ഇതിന്റെ വല്ല ആവശ്യമുണ്ടാര്‍ന്നോ. വെറുതെ ഇരിക്കുന്ന കൊച്ചിന്റെ വേണ്ടാത്തേടത്ത് തോണ്ടി. ഞാമ്പറേന്നില്ല.”
ഗ്രേസിയുടെ മുറുമുറുപ്പ് കനത്തപ്പോ മോളിക്കുട്ടി ഗ്രേസിയുടെ മുതുകത്തിനിട്ട് ഒന്ന് കിള്ളീട്ട് പറഞ്ഞു.
”എടീ ഗ്രേസി, നീ ശ്രദ്ധിച്ചോ.
എല്ലാരും രൂപാ കൊണ്ടാടി വന്നേക്കുന്നേ. ഏതാണ്ടൊക്കെ ഫീസൊണ്ടെന്നാ പറയുന്നേ.”
”ഫീസോ? എന്നിട്ട് ബിന്‍സിയൊന്നും പറഞ്ഞില്ലല്ലോടി. ഇനീപ്പം പൈസേം ഒണ്ടാക്കണോ?”
ഗ്രേസി മുന്നിലേക്കും, പിന്നിലേക്കും നീളുന്ന ഉയര്‍ത്തിപ്പിടിച്ച തലകളിലേക്ക് ഒരു നോട്ടപ്രദക്ഷിണം നടത്തി.
പരിചയക്കാരുണ്ട്. എന്നാലും കടം മേടിക്കാന്‍ മാത്രം ബന്ധം പോരാ. അല്ലേലും കാര്യമെന്നാന്നറിയാതെ എന്തിനാ പൈസ കൊടുക്കുന്നെ.
ചിന്തകള്‍ക്കൊപ്പം പണ്ട് പേരമ്മേടെ കയ്യും പിടിച്ച് വല്ല്യ വായില് കാറിക്കൊണ്ട് ഒന്നാം ക്ലാസില് കുഞ്ഞുമറിയട്ടീച്ചറുടെ ക്ലാസില്‍ പോയിരുന്ന കാലം ഓര്‍ത്തു. അന്ന് രജിസ്‌ട്രേഷനൂല്ല. അഡ്മിഷനൂല്ല. തള്ളമാര് പറയണ പ്രായമാണ് പ്രായം. ഏതേലും വെള്ളപ്പൊക്കമോ, വറുതിയോ കൈയ്യുമേലെണ്ണി കൂട്ടീം കിഴിച്ചും അവരൊരു പ്രായം പറയും.
ഒത്താലൊത്തു.
മോളിക്കുട്ടി പറഞ്ഞത് നേരാണ്.
ക്യൂ സിസ്റ്റത്തിന് ഭംഗം വരുത്തിക്കൊണ്ട് വേച്ചാലില്‍ അമ്മാളുവും മരുതുമ്പുറത്ത് പാറുക്കുട്ടിയും കയ്യേലിക്കുന്നുമ്മല്‍ കദീശത്തയും പൊറുപൊറുത്ത് കൊണ്ട് നടക്കുന്നുണ്ട്. പടിഞ്ഞാറന്‍ വെയില്‍ കൊള്ളുന്ന മാവും ചില മുതുക്കന്തലകളുടെ അടക്കം പറച്ചിലുകള്‍ക്ക് സാക്ഷിയാവുന്നുണ്ട്. ഗ്രേസി നടന്ന് ന്യൂസ് അവര്‍ പോയിന്റിലേക്കെത്തി.
”എന്നാടീ അമ്മാളു? നെനക്കൊരു വെറ?”
”പൈസ ഒത്തിറ്റില്ലെന്റെ ഗ്രേസ്യയ്. സാനം കൈയ്യിലില്ലാഞ്ഞിട്ട് വല്ലാത്ത എതക്കേട്”
”എന്നാത്തിനാടി ഇപ്പോ പൈസ?”
”അതറിഞ്ഞൂട.”
”എത്ര പൈസയാ വേണ്ടത്?”
”അതും അറിഞ്ഞൂട.”
”നീ ആരോടും ചോദിച്ചില്ലേ?”
”ആര്‍ക്കുമറിയത്തില്ലെന്റെ ഗ്രേസ്യേയ്. അഡ്മിഷന്‍ കിട്ടൂല്ലാന്ന് പേടിച്ചിറ്റ് എല്ലാരും പൈസയ്ക്ക് പാച്ചിലാണ്.”
കച്ചിത്തുറുവില് ഒളിപ്പിച്ച് വച്ചിരിക്കുന്ന താറാമുട്ടകള്‍ ഗ്രേസിയ്ക്ക് ഓര്‍മ്മ വന്നു. അതിപ്പം വിക്കേണ്ടി വരുമോ?
തള്ളമരത്തില്‍ നിന്നൂര്‍ന്ന് പോയ മാമ്പഴ മഞ്ഞകള്‍ പൊഴിഞ്ഞ മാഞ്ചുവട്ടിലെ വെയില്‍ത്തിരകളിലേക്ക് ഗ്രേസി ഒരാളെ കയ്യാട്ടി വിളിച്ചു.
”എന്റെ മോളിക്കുട്ടീ, നീ പറഞ്ഞത് ശരിയാ. പൈസ വേണം. പക്ഷെ എന്നാത്തിനാന്നോ, എത്രയാന്നോ ആര്‍ക്കുമറീല്ല.”
മരത്തുഞ്ചങ്ങളുടെ നിഴലില്‍ ആള്‍വട്ടങ്ങള്‍ ഞെളിപിരി കൊണ്ടു.
ഗ്രേസി തല ചൊറിഞ്ഞു. ചെമ്മണ്ണിലേക്ക് അമ്മാളു വീണ്ടും ചുവന്ന വട്ടങ്ങള്‍ വരച്ചു. ഗ്രേസി നീണ്ട ക്യൂവിലേക്ക് കണ്ണയച്ചപ്പോഴാണ് യാതൊരുവിധ അങ്കലാപ്പുമില്ലാതെ തല ഉയര്‍ത്തി നില്‍ക്കുന്ന നാരകത്തറയില്‍ അന്തോണിയെ കാണുന്നത്.
”എടീ, നമ്മടെ ടിപ്പറന്തോണിയല്ലേടി അത്? ലവന് മാത്രം ഒരെളക്കോം ഇല്ലല്ലോ?
നീ ഒരു കാര്യം ചെയ്യ്. ചെറുക്കനെ വിട്ട് അവനെയിങ്ങ് വിളിപ്പിച്ചേ.” കേട്ടതും മോളിക്കൂട്ടിടെ ചെറുക്കന്‍ അമിട്ടിനേക്കാള്‍ വേഗത്തില്‍ നാട്ടിലെ ടിപ്പറ് ഹീറോയുടെ അടുക്കലേക്ക് ഓടി.
”ചേട്ടനെ… അമ്മച്ചി വിളിക്കുന്നു.”
ക്യൂ സിസ്റ്റം തകര്‍ന്നതിലുള്ള ചൊറയല് അല്പം പോലും പ്രദര്‍ശിപ്പിക്കാതെ ടിപ്പറന്തോണി യഥേഷ്ടം ബലിഷ്ഠനായ് നടന്ന് പെണ്‍ പ്രജകളുടെ അടുത്തെത്തി.
പെരുവെള്ളത്തില് ഊത്ത കയറിയ പോലെ അന്തോണിയ്ക്ക് ചുറ്റും പെണ്ണുങ്ങള്‍ നുരച്ചു. ഒന്നിച്ചത്രയും പെണ്ണുങ്ങളെ കണ്ടപ്പോഴേക്കും അന്തോണി മുണ്ടിന്റെ രണ്ടാംകെട്ടഴിച്ച് ആദരം പ്രകടിപ്പിച്ചു.
”അന്തോണ്യേയ്? ഒരു കാര്യം അറിയാനാടാ നെന്നെ വിളിപ്പിച്ചെ?”
”ചേച്ചിക്കെന്നാ വേണ്ടെ?
ക്യൂവിന്റെ മുന്നി നിക്കണോ?”
”അതൊന്നുമല്ലെന്റന്തോണിയേ… ഇവിടെ ഏതാണ്ടൊക്കെ പൈസേടെ എടപാടുണ്ടടാ. എന്നാത്തിനാന്ന് ആര്‍ക്കുമറിഞ്ഞൂട”
”ഗ്രേസ്യേച്ചിക്ക് എത്ര രൂപാ വേണം?” അന്തോണിയുടെ ഉള്ളിലെ രക്ഷിതാവുണര്‍ന്നു.
”പൈസയൊന്നും വേണ്ടടാ. പക്ഷെ എന്തിനാന്ന് അറിയണ്ടെ?”
”ഞാനിപ്പോ എന്നാ ചെയ്യണംന്നാ ചേച്ചി പറയുന്നത്?”
”നീ ചെന്നേച്ച് ആ പൈസ മേടിക്കുന്ന മനുഷമ്മാരില്ലെ, അവരോട് പോയി ചോയിച്ചേച്ചും വാ. ഒന്നാ വെട്ടുകുഴി ജോസ്സാ. ഞാനുമവനുമായ് അത്ര രസം പോരാ. കഴിഞ്ഞാഴ്ച കൊച്ചിനെ എറച്ചിയ്ക്ക് പറഞ്ഞ് വിട്ടപ്പോ അവന്‍ പശള കൊണ്ടങ്ങ് പൊലിപ്പിച്ചു. അതവന്റെ മോന്തേല്‍ക്ക് എറിഞ്ഞിട്ട് ഞാനിങ്ങ് പോന്നു.”
ഇത്രയും പെമ്പടയുടെ മുന്നില്‍ തന്റെ ആണത്വ വീരത്വത്തെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമായത് കൊണ്ട് അന്തോണി പെരുങ്കാല്‍ ചവിട്ടി ഓഫീസ് ലക്ഷ്യമാക്കി നീങ്ങി. അതിനൊപ്പം പെണ്‍മണികളുടെ കണ്ണുകളും.
അന്തോണി വാതില്‍ കടന്ന് അകത്തേക്ക് ചെന്നു. ടീച്ചര്‍മാരും കുട്ടികളും അമ്മമാരും അടങ്ങുന്ന സംഘം ഒരു സൈഡിലുണ്ട്. ഒപ്പം തുറന്നു വച്ച ഭണ്ഡാരപ്പെട്ടി പോലെ രണ്ട് പെട്ടിയുമായി കുറച്ച് മാന്യദ്ദേഹങ്ങളും ഇരിക്കുന്നു.
അന്തോണിയുടെ ഉള്ളിലെ ജനാധിപത്യനിറങ്ങിച്ചെന്നു.
”അല്ല ജോസ്സേട്ടാ, എന്തിനായി പൈസ പിരിക്കുന്നെ?”
ട്രാഫിക് ലൈറ്റില്‍ റെഡ് ഭീകരമായി കത്തി. ഹെഡ്മിസ്ട്രസ് കത്രീന ടീച്ചറടക്കം വെട്ടുകുഴി ജോസ്സും തടത്തില്‍ തങ്കച്ചനും ആനയവറാനും എട്ടു നിലയില്‍ ഞെട്ടി.
കത്രീന ടീച്ചര്‍ സാരിത്തുമ്പെടുത്ത് മുന്നോട്ട് കുത്തിയും അഴിച്ചും സമ്മര്‍ദ്ദമൊതുക്കി.
കൈയ്യിലിരുന്ന പേനയുടെ ഞെടുപ്പ് പലവട്ടം തൊട്ടമര്‍ത്തി. കണ്ണട എടുത്ത് വലത് കൈയ്യിലിട്ടാട്ടി.
ഉടന്‍ തന്നെ ടീച്ചര്‍മ്മാര്‍ പതിവിനേക്കാള്‍ ഉച്ചത്തില്‍ കുട്ടികളോട് വീണ്ടും എക്‌സ്പ്രഷനിട്ട് തുടങ്ങി.
കത്രീന ടീച്ചര്‍ കൂട്ടത്തിലെ വീര ശിരോമണിയായ ആനയവറാനെ മേല്‍ക്കണ്ണ് കൊണ്ടൊന്നുഴിഞ്ഞ ശേഷം സ്റ്റാഫ് റൂം വിട്ട് ഓഫീസിലേക്ക് നടന്നു.
ആനയവറാന്‍ എഴുന്നേറ്റ് മുന്നില്‍ നടന്നു. കല്ലൂര്‍ക്കാടന്റെ അഞ്ചാനകളെ പോറ്റിയ പാപ്പാന്റെ പൊറകെ വെട്ടുകുഴി ജോസും, തടത്തില്‍ തങ്കച്ചനും പിന്‍ഗാമികളായി.
”അന്തോണ്യേയ് ബാ… നമുക്കൊന്ന് ഓഫീസില്‍ പോയിരിക്കാം” ആനയവറാന്‍ തോളില്‍ കയ്യിട്ടു.
മുറ്റത്ത് മാന്തളിര്‍ ചപ്പുന്ന പെണ്ണുങ്ങള്‍ തന്നെയും നോക്കി നില്‍ക്കുകയാണല്ലോ എന്നോര്‍ത്തപ്പോ അന്തോണിയ്ക്ക് ദേഷ്യം വന്നു.
”കാര്യം പറഞ്ഞാ പോകാരുന്നു.” അന്തോണി ഓര്‍മ്മിപ്പിച്ചു.
”തെരക്ക് പിടിക്കല്ലന്തോണി. നീ വന്നേ….”
അന്തോണി ഓഫീസിലെത്തിയതും പശുവിന്‍ പാലിട്ട് പതപ്പിച്ചൊഴിച്ച ചായ, പൊട്ടിച്ച ഡാര്‍ക്ക് ഫാന്റസി ബിസ്‌ക്കറ്റ്, ഒരു പടല പൂവമ്പഴം എന്നിവ മുന്നിലെത്തി.
”മോന്‍ കഴിക്ക്.”
കത്രീന ടീച്ചര്‍ റീല്‍സിലേക്ക് കടന്നു.
അന്തോണിക്ക് ശ്വാസം മുട്ടി. ഗിയറ് മാറാത്ത വണ്ടിയുടെ ഒച്ച പോലെ എന്തോ ഒന്ന് തൊണ്ടേന്ന് പൊട്ടി.
”ടീച്ചറേ ഞാന്‍ ചോദിച്ചത്…”
അന്തോണി പൂര്‍ത്തിയാക്കിയില്ല. അതിനും മുമ്പ് കത്രീന ടീച്ചര്‍ കവറ് പൊട്ടിച്ച് ഡാര്‍ക്ക് ഫാന്റസി ഒരെണ്ണം അന്തോണിയുടെ നേരെ അരുമയോടെ നീട്ടി.
”അന്തോണ്യേയ്….”
കത്രീന ടീച്ചര്‍ വിളിച്ച് കൊണ്ടെഴുന്നേറ്റു.
”പ്രശ്‌നമുണ്ടാക്കരുത്. ഒരു വിധത്തിലാ കൊറച്ച് പിരിവ് നടത്തുന്നത്. പൈസയില്ലേല്‍ അന്തോണി തരണ്ട. ഒന്നൂല്ലേലും എത്ര വര്‍ഷം നിന്നെ കണക്ക് പഠിപ്പിച്ചതാടാ. നീ എന്റടുത്ത് കണക്ക് ചോദിക്കൂന്ന് ഞാങ്കരുതീല.”
കത്രീന ടീച്ചറുടെ കണ്ണ് നിറഞ്ഞു.
”അതൊന്നുമല്ലന്റെ ടീച്ചറെ…
അന്തോണി തല ചൊറിഞ്ഞു.”
”വേണ്ട നീ ഒന്നും പറയണ്ട.”
അന്തോണിക്ക് മുകളില്‍ ടിപ്പര്‍ മണ്ണ് ചൊരിഞ്ഞു. പക്ഷെ ഇതേത് നാട്ടിലെ മണ്ണാന്ന് മാത്രം അന്തോണിക്ക് മനസ്സിലായില്ല.
ആനയവറാന്‍ അന്തോണിയുടെ കൈ രണ്ടും കൂട്ടിച്ചേര്‍ത്ത് പിടിച്ച് നെഞ്ഞോട് ചേര്‍ത്തു പറഞ്ഞു.
”ഗുരുത്വ ദോഷം ഉണ്ടാക്കരുതന്തോണി. നീ പോയാട്ടെ… എടാ ജോസ്സേ, അന്തോണീനേം കൊച്ചിനേം കൊണ്ടോയി വീട്ടിക്കൊണ്ടുവിട്. പോകും വഴിയ്ക്ക് നല്ല നെയ്യുള്ള എറച്ചിത്തുണ്ടം വെട്ടി കൊടുക്കണം.”
അന്തോണിയ്ക്ക് ദുഃഖ വെള്ളീലെ കുരിശിന്റെ വഴി ഓര്‍മ്മ വന്നു. ഗാഗുല്‍ത്തായിലേക്കുള്ള വഴിയില്‍ ശോണിമ കലര്‍ന്ന ഭാവത്തില്‍ തന്നെയും നോക്കി നില്‍ക്കുന്ന ഗ്രേസിയോടും, മോളിക്കുട്ടിയോടും വേച്ചാലില്‍ അമ്മാളുവിനോടും എന്തുത്തരം പറയേണ്ടു എന്നറിയാതെ അന്തോണി ജോസ്സിന്റൊപ്പം നടന്നു.