ഉറങ്ങികിടക്കുന്ന ഒരു പെരുമ്പാമ്പിനെ പോലെയാണ് വഴി എന്ന് തോന്നിച്ചു. അതല്‍പ്പം ഇഴയുന്നുണ്ടോ? അനങ്ങുന്നുണ്ടോ? വായ്ക്കകത്ത് ചെന്ന് പെട്ട പോലെ ഇടതൂര്‍ന്ന മരങ്ങള്‍ വെളിച്ചം മറച്ചപ്പോള്‍ വഴിയില്‍ ഇരുട്ടിന്റെ കൊറ്റികള്‍ പാറുന്നു. ചെല്ലും തോറും വഴി എന്നെ ആര്‍ത്തിയോടെ തിന്നുന്നു. ദഹിപ്പിക്കുന്നു.
ബസ്സ് കേറിയതില്‍ പിന്നെ മൂന്നാമത്തെ ഉറക്കമാകണം, നനഞ്ഞ പിടിയില്‍ നിന്ന് മുഖത്തേക്ക് വെള്ളമൊറ്റി. ആകാശത്തിന് വെള്ളയും കറുപ്പുമുള്ള കറവപശുവിന്റെ ഭാവം.
”പെയ്യുംന്ന് തോന്നുന്നു.” ഞാന്‍ അമ്മിണി ചേച്ചിയോട് പറഞ്ഞു. ”ഇല്ല ഇപ്പൊ പെയ്യുംന്ന് അഭിനയിക്കാണ്.” മുഖത്തേക്ക് തുള്ളികളൊറ്റി അതെന്റെ കണ്ണീരായി ഭാവിച്ചു.
മുത്തശ്ശിയാണ് ഒരിക്കല്‍ പറഞ്ഞത്, പെണ്‍കുട്ടികളുടെ കവിളില്‍ കണ്ണീര് ചിരിച്ച് കൊണ്ടൊഴുകുമെന്ന്, ഉമ്മറത്തിരുന്ന് നര വന്ന മുടികള്‍ വേര്‍പെടുത്തുകയായിരുന്നു മുത്തശ്ശി. നരയ്ക്ക് നിലാവിന്റെ വെളുപ്പാണ്.
”അതെങ്ങനെയാ കണ്ണീര് പോലെ വര്വാ?” ഞാന്‍ ചോദിച്ചു.
”കണ്ണീരെന്നെ പൊട്ടിച്ചിരിക്കു മ്പൊ രണ്ട് തുള്ളി കണ്ണീന്ന് പൊട്ടും..”
”എന്നിട്ട്?”
”പെണ്‍കുട്ടികളുടെ കണ്ണീര് കൊണ്ട് കിണറും പുഴയും പിന്നെ കടലും നിറയും. അതുകൊണ്ടാണ് നട്ടപാതിരയ്ക്ക് പെണ്‍കുട്ടികള്‍ ഉറക്കെ ചിരിക്കണത്.” ഇതും പറഞ്ഞ് ഓട്ടു കിണ്ണങ്ങളുടെ മുഴക്കത്തോടെ മുത്തശ്ശി പൊട്ടിച്ചിരിച്ചു. മുടിയുടെ അറ്റം വരെ രാത്രിയ്ക്ക് വേണ്ടി നിലാവൊഴുകി നിന്നു.
അരളിപ്പൂക്കളുടെ കൊമ്പിനു താഴെ തൊടുത്തുവിട്ട രണ്ടമ്പുപോലെ കൃഷ്ണപ്പരുന്തുകള്‍ പാറുന്നു. മുത്തശ്ശി സര്‍പ്പക്കാവില്‍ വിളക്കു വെച്ചു. അരളി പൂക്കള്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു.
”കുട്ട്യേ.. ഇങ്ങ് വര്യാ.. പാടത്തെ ദാക്ഷായണി ചിരിക്കുന്നതൊന്ന് കേട്ട് നോക്വാ…”
മുത്തശ്ശി വിളിച്ചു പറഞ്ഞു. അപ്പോള്‍ അരളിപ്പൂക്കള്‍ സംസാരം നിര്‍ത്തി. പരുന്തുകള്‍ ദൂരെ ഇണ പട്ടങ്ങളെ പോലെ. ”ഇല്ല കേള്‍ക്കാനാകുന്നില്ല.”
”കേള്‍ക്കും അവള് ചിരി നിറുത്താറില്ല.” ഗുസ്തിക്കാരന്‍ ഭര്‍ത്താവ് ഈ നേരത്ത് അവളുടെ വീട്ടില്‍ വരും.
”ഗുസ്തിക്കാരന്റെ സൈക്കിള്‍ മാത്രം കാണുന്നുണ്ട്” ഞാന്‍ പറഞ്ഞു.
”കേള്‍ക്കും കുറച്ച് നേരം കാത്തിരിക്കണം, പാതിരാത്രിയാകുമ്പോഴും അവള്‍ ഉറക്കെ ചിരിക്കാറുണ്ട്” മുത്തശ്ശി പറഞ്ഞു നിര്‍ത്തി.
ബസ്സിലിരുന്ന ഞാന്‍ പതിയെ മുഖം തുടച്ചു. അമ്മിണി ചേച്ചിയുടെ മുഖത്ത് വായന തടസ്സപ്പെട്ടതിന്റെ ക്ഷീണം.
എന്നെ കണ്ടപ്പോള്‍ ചോദിച്ചു.
”എന്തിനാ കരഞ്ഞത്?”
”ഇല്ല കരഞ്ഞില്ല” ഞാന്‍ പറഞ്ഞു.
”അത് പറയുന്നത് കള്ളം.”
കൈ തൊങ്ങലുകളുള്ള മഞ്ഞ ദുപ്പട്ടകൊണ്ട് അമ്മിണി ചേച്ചി കവിളിലെ വെള്ളതുള്ളികള്‍ തുടച്ചു. കവിളു ചെമന്നു. മഴ കെട്ട് പോയിരുന്നു.
”ഇനിയും കുറേ ദൂരമുണ്ടൊ?”
”ജനാലയിലിരുന്ന് ഓരോ മരങ്ങളും എണ്ണൂ… ഇനിയൊരു നൂറ് മരങ്ങളുടെ ദൂരം കൂടി കാണും.”
നൂറ് മരങ്ങള്‍, മുത്തശ്ശിയ്ക്ക് ഏറ്റവും ഇഷ്ടം അരളി മരമായിരുന്നല്ലോ.. കാവിലെ അരളി, അതില്‍ രണ്ടിണപ്പാമ്പുകള്‍ എപ്പോഴും ഉണ്ടെന്ന് മുത്തശ്ശി വിശ്വസിച്ചു.
ഇണപ്പാമ്പുകള്‍ക്കായി വൈകുന്നേരങ്ങളില്‍ വിളക്കു വെച്ചു. ആല്‍ത്തറയിലിരുന്ന് അരളികള്‍ കാറ്റിനോട് സംസാരിക്കുന്നത് കേള്‍പ്പിച്ചു.
”എന്താണ് സംസാരിക്കണത്!”
”നിലാവിനെ പറ്റി, അരളികള്‍ക്ക് അതേ അറിയാവൂ.. പാതിരാത്രിയായാല് നിലാവ് വന്നില്ലെങ്കില്‍ അരളികള്‍ക്ക് സങ്കടമാവും, വിരിയാതെ നില്ക്കും, അടുത്ത രാത്രിയില്‍ നിലാവ് വന്നാലെ പിന്നെ അരളി വിരിയുള്ളൂ…”
അതുകൊണ്ടാകണം മുത്തശ്ശി തലയിലൊരു നിലാവ് ചുമക്കുന്നത്, മുത്തശ്ശിയുടെ നരച്ച തലയില്‍ നിന്നാകണം അരളികള്‍ക്കായി നിലാവ് ഒഴുകി നീങ്ങുന്നത്.
ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ കേശുവമ്മാവന്‍ കാത്ത് നില്ക്കുന്നുണ്ടായിരുന്നു. മദ്രാസില്‍ നിന്ന് തന്നെ കേശുവമ്മാവനെ വിളിച്ചിട്ടുണ്ടായിരുന്നു. ”വരാന്‍ വൈകിയപ്പോള്‍ കരുതി ഇന്നുണ്ടാവില്ലെന്ന്” കേശുവമ്മാവന്‍ പറഞ്ഞു. അമ്മിണ്ണി ചേച്ചിയുടെ പെട്ടി കേശുവമ്മാവനെടുത്തു. അതിന് ഒരാനയോളം ഭാരമുണ്ടെന്ന് എനിക്ക് തോന്നി. മദ്രാസില്‍ നിന്ന് പോരുമ്പോള്‍ ഞാനായിരുന്നു ആ പെട്ടി ചുമന്നിരുന്നത്.
കേശുവമ്മാവന്‍ എന്നെയും ഒരു നരച്ച ചിരിയോടെ നോക്കി.
”ഇവന് ഇപ്പൊ ഒന്നും ഓര്‍മ്മകാണില്ല” അമ്മിണി ചേച്ചി പറഞ്ഞു.
”ഓര്‍മ്മയുണ്ട.്”
”പണ്ട് ഇവിടെയൊക്ക ഒരുപാട് ഓടി നടന്ന കുട്ടിയല്ലേ” കേശുവമ്മാവനാണ് പറഞ്ഞത്,
ഉള്ളില്‍ നനഞ്ഞ കാലടികള്‍ മുരളുന്നു. സര്‍പ്പക്കാവ്, അരളി, കൃഷ്ണപ്പരുന്ത്, അരളി മരങ്ങള്‍, ഗര്‍ഭം ധരിച്ച ഇണപ്പാമ്പുകള്‍, ഞാന്‍ കേശുവമ്മാവനെ നോക്കി തലയാട്ടി.
അവധിക്ക് അമ്മയുടെ നാട്ടില്‍ പോകുകയാണെന്ന് കോളേജിന്റെ ക്യാന്റീനില്‍ വെച്ചാണ് ഗീതയോട് പറഞ്ഞത്, സെം എക്‌സാം കഴിഞ്ഞതേയുള്ളൂ. അവള്‍ക്ക് ഈ അവധി മുഴുവനും നൃത്ത ക്ലാസ്സാണ്.
”ഞാനും വരട്ടെ” ഗീത ചോദിച്ചു.
”വേണ്ട…” ഞാന്‍ ചിരിയോടെ തലയാട്ടി. ”മനസ്സിലായി എന്നെയും കൂടെ കൊണ്ടു പോകാത്തത് എന്താണെന്ന്, അമ്മിണി ചേച്ചിക്ക് എന്നെ പിടിക്കില്ല ആ കുട്ടിയുള്ളപ്പോള്‍ എഴുത്തും വായനയും ഒന്നും നടക്കണില്ലാന്ന് ഒരിക്കല്‍ പറഞ്ഞുവെന്ന് നീയല്ലേ പറഞ്ഞത്.”
ഞാന്‍ വീണ്ടും ചിരിച്ചു. ശ്വാസത്തിന്റെ കൊടുങ്കാറ്റ് ചായ കോപ്പയിലഴിഞ്ഞു വീണു.
”അതൊന്നുമല്ല”
”പിന്നെ..”
”അവിടെ വലിയൊരു സര്‍പ്പം ഉണ്ട് അത് നിന്നെ കൊത്തും.”
സ്വാമിയാര്‍ കോവില്‍ ദുര്‍ഗാപൂജ നടക്കുന്ന സമയം അമ്മിണി ചേച്ചി പതിവിലധികം പുസ്തകങ്ങള്‍ എടുത്ത് പെട്ടിയില്‍ നിറയ്ക്കുന്നു.
”ഇതെന്തിനാണ് ഇത്രയും പുസ്തകങ്ങള്‍?”
”ആ ഷെല്‍ഫിലുള്ളതുകൂടി എടുക്കൂ.”
ഓട്ടോ വാലക്കാരുടെ തൊട്ടരികെ പൂജയ്ക്കുള്ള പൂക്കള്‍ വില്‍ക്കുന്ന പെണ്‍കുട്ടികളുടെ വശത്ത് നിന്നും മഞ്ഞ ചുരിദാറുമണിഞ്ഞ് ഗീത കയറി വരുന്നത് കണ്ടു. വരുമ്പോള്‍ കൈയ്യിലിരുന്ന പൊതിയിലെ ചിലങ്ക മിണ്ടുന്നു.
അമ്മിണി ചേച്ചി പെട്ടിയും എടുത്ത് താഴത്തേക്കിറങ്ങി.
”പോയിട്ട് വരൂ.”
ഗീത അത്ര മാത്രം പറഞ്ഞു. ഞാന്‍ തലയാട്ടി.
അമ്മിണി ചേച്ചി ടാക്‌സിയില്‍ പെട്ടിയും വെച്ച് ഇരുന്നിരുന്നു.
”സൂക്ഷിക്കൂ ആ പാമ്പ് നിന്നെ കൊത്തി വലിക്കാതിരുന്നാല്‍ മതി.”
അമ്മയുടെ വീട് കൊടുങ്കാടായി മാറിയിരുന്നു. എന്നിട്ടും അമ്മയേയും മുത്തശ്ശിയേയും മണക്കുന്നു. അവര്‍ക്ക് അരളിപ്പൂവിന്റെ മണമായിരുന്നോ?
പാമ്പുകള്‍ക്ക് ഏറ്റവും ഇഷ്ടമുള്ളത് അതാകണം.
മുത്തശ്ശിയുടെ മുറിക്ക് ചേര്‍ന്ന് അരളികളുടെ കൊമ്പ് ചാഞ്ഞ് നില്‍ക്കുന്നു. മുത്തശ്ശി മരിച്ചേ പിന്നെ അരളികള്‍ക്ക് നല്ല നിലാവ് കിട്ടിയിട്ടില്ലെന്ന് തോന്നുന്നു.
”കുട്ട്യേ… പോകരുത് അത് നിറയെ പാമ്പുകളുള്ള സ്ഥലമാ.”
”പാമ്പുകള്‍ക്ക് ചിരിക്കാനറിയാമൊ? കണ്ണീന്ന് ചിരിച്ചു കൊണ്ട് കണ്ണീര് വരോ..”
സര്‍പ്പക്കാവ് നിറയെ ചിരി മരങ്ങളുണ്ടെന്ന് മുത്തശ്ശി പറഞ്ഞു. നാഗങ്ങള്‍ ചിരിച്ചു കൊണ്ട് ചാകുന്നവരാണ്, ചിരി മരണം കിട്ടിയ ലോകത്തെ ഒരേ ഒരു ജന്തു.
അമ്പലത്തില്‍ കളിയുള്ള ദിവസം, കുളിച്ചൊരുങ്ങാന്‍ മുത്തശ്ശി പറഞ്ഞു.
അമ്മിണി ചേച്ചി എന്നേയും കൂട്ടി കൊണ്ടുപോയത് പത്തായപ്പുരയ്ക്കകത്തേക്കാണ്. പത്തായപ്പുരയ്ക്കകത്ത്, തേങ്ങകള്‍ക്കിടയില്‍ ഒളിപ്പിച്ച കടലാസുകളിലൊന്ന് എന്റെ കൈയ്യില്‍ തരുന്നു.
”അമ്പലത്തിന്റെ കിഴക്കേ പുറത്ത് തൂണുകള്‍ക്കിടയില്‍ വെക്കണം”
”ഇതെന്താണ്?”
അമ്മിണി ചേച്ചി ചിരിച്ചു.
”കവിത”
”തൂണുകള്‍ക്കായി എഴുതിയ കവിതയോ?”
പത്തായപ്പുരയ്ക്കകത്തെ വെളിച്ചം കെട്ടു.
നളചരിതം ഒന്നാം ദിവസമായിരുന്നു. അന്നാണ് ദാക്ഷായണിയെ കാണുന്നത്. അവളുടെ കണ്ണില്‍ ചെമ്പകങ്ങള്‍ വിരിഞ്ഞ് നില്ക്കുന്നതു പോലെ. മുഖത്ത് നീളത്തില്‍ ഓട്ടു കണ്‍മഷി പൊട്ട്. അവളൊരു നാഗമാണെന്നേ കണ്ടാല്‍ തോന്നൂ. ഒക്കത്തവളുടെ പൊടി കുട്ടിയുമുണ്ട്. കല്‍വിളക്കിനു മുന്നില്‍ അവനെയും ഒക്കത്തിരുത്തി ദാക്ഷായണി പ്രാര്‍ത്ഥിക്കുന്നു. ഊട്ടുപുരയില്‍ പോയി അവന് ചോറ് കൊടുക്കുന്നു. മുഴുവനും കാണാന്‍ നിന്നില്ല, തിരിച്ച് പാടത്തൂടെ പോരുമ്പോള്‍ ഭൂത പെരുമ്പടയുടെ ശബ്ദം, ഒരൊറ്റ ചിലമ്പ് അടുത്തേക്ക് വേഗത്തില്‍ വരുന്നുണ്ടോ? നാഗക്കാവ് വരെ ഓടി. അന്ന് വെളിച്ചമുണ്ടായിരുന്നില്ല. വഴിമണങ്ങളില്‍ പൊഴിഞ്ഞ നാഗത്തോടും ചേരുന്നു. കണ്ണില്‍ കടവാതിലുകളടിക്കുന്നു.
അമ്മിണി ചേച്ചിയുടെ കത്ത് തൂണുകള്‍ക്കിടയില്‍ വെക്കാന്‍ മറന്നു പോയിരുന്നു.
”അതെവിടെ?” അമ്മിണി ചേച്ചി ചോദിച്ചു. അത്.. കളഞ്ഞു പോയിരുന്നു.
”കാവില്‍ വീണ് പോയിട്ടുണ്ടാകണം,” അമ്മിണി ചേച്ചി പരിഭവിച്ചാണ് പോയത്.
രാത്രി, കിടക്കുമ്പോള്‍ മുടിയിഴകളില്‍ കാറ്റ് പിടിച്ചു. ഒറ്റ ചിലമ്പ് വരുന്നുണ്ടോ എന്ന് പേടിച്ചാണ് കിടന്നത്. അപ്പോള്‍ മുത്തശ്ശി എന്റെ കാതില്‍ തൊട്ടു.
”ഞാനിന്ന് ദാക്ഷായണിയെ കണ്ടു” ഞാന്‍ മുത്തശ്ശിയോട് പറഞ്ഞു.
”പെണ്‍നാഗങ്ങള്‍ക്ക് കുട്ടിയുണ്ടാകുമോ? അവള്‍ക്ക് കുട്ടിയുണ്ട്.”
ഭൂത പെരുമ്പടയുടെ ശബ്ദം ഒഴിഞ്ഞ് പോകുന്നു.
”കുട്ട്യോളുമുണ്ടാകും പേരക്കുട്ടികളുമുണ്ടാകും” മുത്തശ്ശി അത്ര മാത്രം പറഞ്ഞു.
2
അമ്മിണി ചേച്ചി എന്തിനാണ് ഇത്ര തത്രപ്പാടോടുകൂടി നാട്ടില്‍ വന്നതെന്ന് മനസ്സിലായില്ല. ഗീതയുടെ ഡാന്‍സ് ക്ലാസ്സില്‍ വെച്ച് അവള്‍ തന്നെ ഒരിക്കല്‍ പറഞ്ഞു.
”അമ്മിണി ചേച്ചിക്ക് മദ്രാസത്ര പിടിക്കുന്നില്ലെന്ന് തോന്നുന്നു.”
”അതെന്താണ്?”
”ഇന്നാള് നിങ്ങളുടെ അപാര്‍ട്ട്‌മെന്റിലെ രാമമൂര്‍ത്തിയുമായി ധാരാളം വഴക്കിട്ടു. ഒരുപാട് പുസ്തകങ്ങളുള്ള ലൈബ്രറിയില്‍ വായിക്കാന്‍ ഒന്നുമില്ലെന്ന് പറയുന്നു.”
”രാമമൂര്‍ത്തിയുമായി വഴക്കിട്ടത് ഊഹിക്കാം, അയാളെപ്പോഴും അമ്മിണി ചേച്ചി വളര്‍ത്തുന്ന പൂക്കളിലാണ് ചവച്ച് തുപ്പാറ്, പക്ഷെ… സ്വസ്ഥമായി ഇരിക്കാന്‍ പറ്റുന്നത് ലൈബ്രറിയില്‍ മാത്രമാണ് എന്നാണ് പറയാറുള്ള്.”
കോളേജില്‍ നിന്ന് ഇടയ്ക്ക് ഒരുച്ചക്ക് വന്നപ്പോള്‍ മെഴുക്കുപുരട്ടി ഉണ്ടാക്കി വെച്ചിരിക്കുന്നു അമ്മിണി ചേച്ചി.
”നീ കുട്ടിക്കാലത്ത് കഴിച്ചതാവും ഇത്.” അമ്മിണി ചേച്ചി പറഞ്ഞു. അന്ന് അപാര്‍ട്ട്‌മെന്റിലെ റാവുത്തര്‍ ഭാര്യയുമായി പതിവിലധികം വഴക്കിടുന്നു. ബാല്‍ക്കണിയിലിരുന്നപ്പോള്‍ റാവുത്തറിന്റെ ഭാര്യ റൂമില്‍ കതകടക്കുന്നതും കരയുന്നതും കേട്ടു. റാവുത്തര്‍ അവരെ വീണ്ടും തെറി വിളിക്കുന്നു.
”നിനക്ക് ദാക്ഷായണിയെ ഓര്‍മയുണ്ടൊ?” അമ്മിണി ചേച്ചി രാത്രി കഴിക്കുമ്പോള്‍ ചോദിച്ചു. ”ആ ഗുസ്തിക്കാരന്‍ അവളെ ഒരുപാട് കഷ്ടപ്പെടുത്തി.”
ഒരിക്കല്‍ ടൗണ്‍ ഹാളില്‍ നിന്നും ചര്‍ച്ച കഴിഞ്ഞ് വരുകയായിരുന്നു. ചേച്ചിക്ക് ഏറ്റവും ഇഷ്ടമുള്ള ചുകപ്പന്‍ സാരിയും എടുത്ത് മുറിയിലിരുന്ന് അമ്മിണി ചേച്ചി പൊട്ടിക്കരയുന്നു. സാരിക്ക് വിളറി വെളുത്ത സന്ധ്യകളുടെ നിറം.
”എന്റെ കവിതകള്‍ക്കെന്താണ് കുഴപ്പം, സ്‌നേഹത്തെ പറ്റി മിണ്ടാന്‍ പാടില്ലേ എഴുതാന്‍ പാടില്ലേ. എനിക്ക് ആരും അത് തന്നില്ല” അമ്മിണി ചേച്ചി തെല്ലിട നിര്‍ത്തി. ”സ്‌നേഹം കിട്ടാണ്ടായി തൊടങ്ങുമ്പൊ നിനക്കും എനിക്കും ലോകം ഒരു കിളിക്കൂടെന്ന് തോന്നും. യന്ത്രം പോലെ ഒച്ചയിടുന്ന കിളികളാകും നമ്മള്‍, യന്ത്ര കിളികള്‍..”
യാത്രാക്ഷീണം മാറിയപ്പോള്‍ ഞാന്‍ അമ്മിണി ചേച്ചിയുടെ മുറിയിലേക്ക് കടന്നു. എന്തോ എഴുതുകയായിരുന്നു ചേച്ചി. പണ്ടത്തെ പോലെ വീട്ടിലിപ്പോഴും അരണ്ട വെളിച്ചമാണ്, വെളിച്ചം എന്തോ കണ്ട് പേടിച്ച് നില്ക്കുന്നതുപോലെ. ചേച്ചി പുസ്തകം താഴത്തു വെച്ചു. എഴുതുകയല്ല വായിക്കുകയായിരുന്നു എന്ന് അപ്പോഴാണ് മനസ്സിലായത്.
”പഴയ വീടാണ് എലിയോ പൂച്ചയോ കാണും. കിടക്കുമ്പോള്‍ സൂക്ഷിക്കണം.” ഞാന്‍ ചിരിച്ചു.
”മദ്രാസ് പോലെയല്ല.. കേശുവമ്മാവനോട് ചോദിച്ച് നോക്കൂ.”
പൂച്ചകളും എലികളും തട്ടിന്‍പുറത്തിരുന്ന് കഥ മെനയുന്നവരാണ്, ഭൂമിയിലെ ഏറ്റവും പാവമായ സ്ത്രീയുടെ ശവമഞ്ചത്തില്‍ പൂച്ചകളും എലികളും കയറി പറ്റി. സ്വര്‍ഗ്ഗത്തിലിരുന്നവറ്റകള്‍ സ്ത്രീയെ പറ്റി വേണ്ടാ കഥകള്‍ പറഞ്ഞു. ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ദൈവം അവള്‍ക്ക് നരകം വിധിച്ചു. മുത്തശ്ശി പറഞ്ഞതാണ്.
”നിനക്ക് ഓര്‍മയില്ലേ… ആ നാഗക്കാവ്” ഞാന്‍ തലയാട്ടി.
”നീയെന്റെ ഒരു കവിത അവിടെ കൊണ്ടുപോയി കളഞ്ഞു. സാരമില്ല ഞാന്‍ എടുത്തോളാം,” ചിരിച്ച് കൊണ്ട് തന്നെ അമ്മിണി ചേച്ചി പറഞ്ഞു നിര്‍ത്തി.
മദ്രാസില്‍ നിന്ന് പോരുമ്പോഴും ഞാന്‍ അമ്മിണി ചേച്ചിയോട് എന്തിനാണ് പോകുന്നതെന്ന് ചോദിച്ചില്ല. അതിനുത്തരമായി കേശുവമ്മാവനോട് അമ്മിണി ചേച്ചി ഒരു നാള്‍ പുലര്‍ച്ചെയ്ക്ക് പറയുന്നത് കേട്ടു.
”ധാരാളം കാലം വരെ”
”ധാരാളം കാലം?” കേശുവമ്മാവന്‍ പോയപ്പോള്‍ അമ്മിണി ചേച്ചിയോട് മാത്രമായി ചോദിച്ചു.
”ഈ അരളി മരമുണ്ടല്ലോ മരിക്കുന്നത് വരെ.”
അമ്മിണി ചേച്ചിയുടെ ചിരിയില്‍ കവിത വിരിഞ്ഞു. ചേച്ചിയുടെ കവിതകള്‍ എനിക്ക് പെട്ടെന്ന് പിടിതരാറില്ല.
അരളി മരങ്ങളുടെ ഒരു ജന്മം പെണ്‍കുട്ടികളുടെ ജന്മത്തില്‍ നിന്ന് ഏഴു മടങ്ങാണെന്ന് മുത്തശ്ശി പറഞ്ഞിട്ടുണ്ട്. ജീവിച്ചിരിക്കുന്ന കാമുകന്മാരെ കാണാന്‍ മരിച്ച പെണ്ണുങ്ങള്‍ അരളികളുടെ പൂക്കളായി ജനിക്കുന്നു. ഒരു പൂക്കാലം മുഴുവനും തന്റെ പ്രിയതമന്മാരെ കണ്ടവര്‍ കൊതി തീര്‍ക്കുന്നു.
3
നാഗക്കാവില്‍ നിന്ന് അരളിപ്പൂക്കള്‍ വീണു കിടക്കുന്ന വഴി ചെന്നെത്തുന്നതാണ് ദാക്ഷായണിയുടെ വീട്. മുറുക്കി ചുവന്ന ആ വഴിയിലൂടെ ദാക്ഷായണി രാവിലെകളില്‍ നടക്കാറുണ്ട്, ഒക്കത്തവളുടെ പൊടി കുട്ടിയുമുണ്ടാകും. നിറഞ്ഞ് നില്‍ക്കണ ചെമ്പകങ്ങള്‍ പറിക്കുമ്പോള്‍ ദാക്ഷായണി നൃത്തം ചെയ്യുകയാണെന്നാണ് തോന്നാറ്.
”സാധാരണക്കാര്‍ക്ക് ദാക്ഷായണിയെ കാണാനൊക്കുകയില്ല.” മുത്തശ്ശി പറഞ്ഞു.
”കണ്ടല്ലോ നളചരിതം നടക്കണ സമയത്ത്.”
ഒരു കടവാതില്‍ അപ്പോള്‍ വീടിനുള്ളില്‍ കുടുങ്ങി കിടപ്പുണ്ടായിരുന്നു. അതിന്റെ ഉയര്‍ന്ന കരച്ചില്‍ ചുറ്റും പറക്കുന്നു.
നളചരിതം നടക്കുന്ന ദിവസം ഊട്ടുപുരയ്ക്ക് താഴെയുള്ള മുഖത്തെഴുത്തുപ്പുരയില്‍ കുറച്ച് നേരമിരുന്നു. മനയോല അരച്ചെടുക്കുന്നതേയുള്ളൂ. കച്ചകളും കോപ്പുകളും കിരീടങ്ങളും ഒരുവശത്ത് വെച്ചിട്ടുണ്ട്. മുഖമെഴുതുന്ന ആശാന്‍ വെറുതെ കഥകളി പദം പാടിക്കൊണ്ടിരിക്കുന്നു. അയാളുടെ പാട്ട് കേട്ട് അമ്പല ദീപങ്ങള്‍ കൊട്ടിയാടുന്ന പോലെ.
”കുട്ട്യേ… കുളപ്പുര വരെ ഒന്നു വരൂ.”
അമ്മിണി ചേച്ചി വന്ന് വിളിച്ചു.
അമ്പലക്കുളത്തില്‍ കുളിയും കഴിഞ്ഞ് പോകുന്ന പെണ്ണുങ്ങളുടെ കൂടെ ദാക്ഷായണിയും അവളുടെ ഇത്തിരി പോന്ന കുട്ടിയും. ദാക്ഷായണി കുട്ടിയുടെ കാലും മൊകറും കഴുകിച്ചു. അമ്മിണി ചേച്ചിയുടെ കുളി കഴിഞ്ഞിട്ടില്ലായിരുന്നു. പെണ്‍കുട്ടികളുടെ നനഞ്ഞ കാല്‍പ്പാദങ്ങള്‍ കല്‍പ്പടവുകളില്‍ വറ്റുന്നു.
കളി നടക്കാന്‍ ഇനിയും സമയമുണ്ട്, മുഖത്തെഴുത്തുപുരയില്‍ വെളിച്ചം തങ്ങി നിന്നിരുന്നു. എഴുത്തുപുരയിലെ മറച്ച തുണികള്‍ കാറ്റത്താടുന്നു. അവിടെ ആരോ മുഖമെഴുതുന്നുണ്ടെന്ന് മനസ്സിലായി. ഞാനവിടെ ചെന്നു.
നോക്കുമ്പോള്‍ എഴുത്ത് നടക്കുന്നത് ദാക്ഷായണിയുടെ മുഖത്താണ്, ഇപ്പോള്‍ ചീറ്റും എന്ന കണക്കേ നോക്കുന്ന അവളുടെ പാമ്പിന്‍ കണ്ണുകളിലാണ്.
”കുട്ടി എന്താ ഇവിടെ” ദാക്ഷായണി ചോദിച്ചു.
”ദാക്ഷായണിക്ക് കഥകളി അറിയാമോ?”
”അത് നല്ല കഥ.. അറിഞ്ഞിട്ടാണൊ എല്ലാവരും കളിക്കുന്നേ.. അല്ലെങ്കില്‍ എല്ലാര്‍ക്കും എല്ലാം അറിയാം എന്നാണൊ” കുട്ടി ഇവിടെ ഇരിക്കൂ.
ഞാനവിടെ ഭവ്യതയോടെയിരുന്നു. ദാക്ഷായണിയുടെ മുഖം ചോരച്ച്.
”ഭൈമിയെ കുട്ടിക്കറിയോ… അത് മുഴുവനായും ആടണില്ല. നളനും ഭൈമിയും കണ്ട് മുട്ടിയില്ല.” ദാക്ഷായണി പറഞ്ഞു. ”സ്‌നേഹം കിട്ടാത്ത ഭൈമിയെ ആടാനാ ദാക്ഷായണിക്കിഷ്ടം, കാമുകനെ ഓര്‍ത്ത് നെഞ്ച് പൊട്ടി കരയണവളെ.”
അന്ന് ഭൈമിയായി ആടിയത് ദാക്ഷായണിയായിരുന്നു. അവള്‍ കല്‍ദീപങ്ങളെ നോക്കി കരഞ്ഞു. അവസാന ഭാഗം അവളാടിയില്ല.
എന്റെ ഒപ്പം കൈ കുഞ്ഞുമായി ഇരുന്നത് ദാക്ഷായണിയായിരുന്നോ? കുട്ടി കരഞ്ഞപ്പോള്‍ ഇറങ്ങി പോയത്?
ദാക്ഷായണി അന്ന് സര്‍പ്പക്കാവില്‍ വന്നിരിക്കണം ഭൈമിയുടെ വേഷവുമണിഞ്ഞ്, ഒരു കൊട്ട അരളികള്‍ അവള്‍ നളന് കൊടുത്തിരിക്കണം, അരളികളുടെ ഗര്‍ഭങ്ങളില്‍ നിന്ന് ഇണ പാമ്പുകളും അവര്‍ക്കൊപ്പം കൂടിയിരിക്കണം.
”മുത്തശ്ശീ സര്‍പ്പകാവിലാരോ!”
മുത്തശ്ശി വായ പൊത്തി. ”നോക്കരുത് കുട്ട്യേ.. സ്‌നേഹിക്കണോര് ദേവതകളാകുന്ന സമയമാ, അവരെ നോക്യാല്‍.. കണ്ണ് പൊട്ടിപ്പോകും.”
മുത്തശ്ശി എന്റെ കണ്ണുകളും പൊത്തി. വെളുക്കുന്നവരെ, ഭൈമിയും നളനും സര്‍പ്പക്കാവില്‍ ഇണ സര്‍പ്പങ്ങള്‍ക്കൊപ്പമാടി.
4
നനഞ്ഞ ഇലകളെ പോലെ അമ്മിണി ചേച്ചി മാറിയിരിക്കുന്നു. നാട്ടിലെത്തിയിട്ട് ഒരാഴ്ച്ച പിന്നിടുന്നു. ഒരു വൈകുന്നേരം അമ്മിണി ചേച്ചി അരികില്‍ വന്നു. ചേച്ചിക്ക് ചുകപ്പന്‍ സാരികളോടാണ് കമ്പം. ചുകന്ന പൊട്ട്, ലിപ്സ്റ്റിക്ക്, ഇടയ്ക്ക് തണുപ്പുള്ളപ്പോള്‍ മാരിമുത്തുവിന്റെ തുണിക്കടയിലെ യൂറോപ്യന്‍ സെറ്ററുകളില്‍ ചുകന്നത് തിരഞ്ഞ് പിടിച്ച് വാങ്ങുമായിരുന്നു. കണ്ണുകളില്‍ ഇപ്പോള്‍ വെളുത്ത വര വീണിരിക്കുന്നു. ഇനിയും നിറം പോയിട്ടില്ലത്ത ട്യൂട്ടസ് നഖങ്ങള്‍ നഷ്ടം പടര്‍ന്നു പിടിച്ച നഗരത്തിന്റെ ആകാശ ചിത്രം പോലെ.
”ഇത് അമ്മയുടെ സാരിയല്ലേ”
”കേശുവമ്മാവന്‍ തന്നതാണ്, മരിച്ചപ്പോള്‍ ഉപയോഗിച്ച പെട്ടികളൊക്കെ കേശുവമ്മാവന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.” അമ്മിണി ചേച്ചി പറഞ്ഞു. അമ്മയുടെ സാരിക്ക് അമ്മിണി ചേച്ചിയുടെ മണം തന്നെയാണ്. അമ്മിണി ചേച്ചി എന്റെ അരികില്‍ വന്നിരുന്നു.
എന്നോട് പറഞ്ഞു.
”ഞാന്‍ ആരേയും തടഞ്ഞുവെച്ചിട്ടില്ല.” ആര്‍ക്കും ആരേയും തടഞ്ഞുവെക്കാന്‍ സാധ്യമല്ലല്ലോ.
ഇതേ വാചകം ഞാന്‍ മുമ്പ് കേട്ടിട്ടുണ്ട്. മദ്രാസിലേക്ക് പോകുമ്പോള്‍ അരളി മരത്തിനു കീഴെ മുത്തശ്ശി. ”ഇപ്പോഴെന്തിന് പോകുന്നു” മുത്തശ്ശി പറയുന്നു.
”പോകണം”
”ഒരോണക്കാലം കൂടി നില്ക്കൂ തള്ളയില്ലാത്ത കുട്ടിയല്ലേ..”
മുത്തശ്ശി പറഞ്ഞു നിര്‍ത്തി. തള്ളയില്ലാത്ത കുട്ടി എന്ന് അച്ഛമ്മ ആദ്യമായി പറഞ്ഞത് അപ്പോഴായിരുന്നു. അരളികള്‍ക്ക് അമ്മിണി ചേച്ചി പരിചിതയാണ്. മുത്തശ്ശിയുടെ നേര്‍ക്കാണ് അവര്‍ ഉറ്റ് നോക്കുന്നത്.
”ആര്‍ക്കും ആരേയും തടയാന്‍ സാധിക്കില്ല.”
ആദ്യമായി മദ്രാസിലേക്ക് പോകുമ്പോള്‍ കയ്യാലയില്‍ വിരിച്ചിട്ട മുത്തശ്ശിയുടെ നനഞ്ഞ സാരികള്‍ കണ്ണുനീരൊറ്റുന്നത് അപ്പോള്‍ കണ്ടു. മുത്തശ്ശിക്കപ്പോഴും പൊട്ടിച്ചിരിക്കാനെ അറിയുള്ളൂ…
ഒരിക്കല്‍ പത്തായപ്പുരവരെ ചെല്ലാന്‍ അമ്മിണി ചേച്ചി വിളിച്ചു.
”അവിടെ പൊടിപിടിച്ച് കിടക്കാണ് ചെല്ലണ്ടെന്നല്ലേ കേശുവമ്മാവന്‍ പറഞ്ഞത്”
”എന്നാലും വരൂ” അമ്മിണി ചേച്ചി പത്തായപ്പുരയില്‍ വിളിച്ചു കൊണ്ടു പോയി. പത്തായപ്പുര ജ്വരം ബാധിച്ചവനെ പോലെ കിടക്കുന്നു.
”പാമ്പ് വല്ലതുംണ്ടാവും” ഞാന്‍ പറഞ്ഞു.
”എനിയ്ക്ക് പേടിയില്ല”
അമ്മിണി ചേച്ചിയുടെ മുഖത്ത് നിധി കിട്ടിയ സന്തോഷം.
”ഇവിടല്ലേ പണ്ട് ഞാന്‍ കവിതകളൊക്കെ ഒളിപ്പിച്ചേര്‍ന്നത്.”
അമ്മിണി ചേച്ചി പറഞ്ഞു. ”ഒക്കെ പോയിട്ടുണ്ടാവും.”
ഗീതയുടെ ടെലിഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലായിരുന്നു. പുഴക്കരെ കേശുവമ്മാവന്റെ വീട്ടില്‍ ചെന്നു. അവിടുത്തെ ഫോണിന് കേടില്ല.
ഗീതയെ ഫോണ്‍ വിളിച്ച് തിരികെ പോരുമ്പോള്‍ നാലമ്പലത്തിന്റെ നാലാള്‍ പൊക്കത്തിലെ താഴിക കുടങ്ങളില്‍ വെളുപ്പിന് എപ്പോഴും ചിറകടിച്ചുയരുന്ന അമ്പലപ്രാവുകള്‍ പോലെ നെഞ്ച് കുറുകി.
വരമ്പ് കഴിഞ്ഞ് നില്‍ക്കുന്ന മണ്‍വീട്, ദാക്ഷായണിയുടേതാണ്. പണ്ടുള്ളതുപോലെ ഗുസ്തിക്കാരന്‍ ഭര്‍ത്താവിന്റെ മുക്കാല്‍ വണ്ടി സൈക്കിള്‍ പുറത്തില്ല. ഇടയ്ക്കിടെ പൊട്ടിവീഴാറുള്ള നനഞ്ഞ തുണികളുടെ അയയുമില്ല. എന്നാലും ഒരു കരച്ചില്‍, പാടത്തൂടെ പോകുന്ന താറാ കരച്ചില്‍ പോലെ.
കേശുമ്മാവന്‍ പിറകെ വരുന്നുണ്ടായിരുന്നു.
”എന്താകുട്ട്യേ.. അവിടെ നിന്നു കളഞ്ഞത്.”
”ഒരു കരച്ചില്‍ കേട്ടു.”
”അവിടുന്നോ” കേശുവമ്മാവന്‍ ചിരിച്ചു ”ദാക്ഷായണിയുടെ വീടല്ലേ അത്” ഞാന്‍ ചോദിച്ചു.
പാടത്തിലൂടെ ഒഴുകുന്ന കലക്കുവെള്ളത്തില്‍ കേശുവമ്മാവന്‍ കാല്‍വെച്ചു.
”തന്നെ… ഓള് കഥകളിക്കാരന്റെ ഒപ്പം പോയേപിന്നെ ഗുസ്തിക്കാരന്‍ വീട്ടിലേക്കുള്ള വരവ് കുറച്ചു. ഇപ്പൊ അവിടെ ആരൂല്യ.. പാമ്പും ചേരയും കയറി ആകെ നാശം പിടിച്ച് കിടക്കാണ്.”
”ചെക്കന്‍… ദാക്ഷായണിയുടെ കുട്ടി?” ഞാന്‍ ചോദിച്ചു.
കേശുവമ്മാവന്‍ തുവര്‍ത്തെടുത്ത് വീശി, എന്റെ മുമ്പേ നടന്നു.
”ഓന്‍ തള്ളേടൊപ്പം അധികം നിന്നില്ല, ഇടയ്ക്ക് ഇങ്ങോട്ട് വരും. ഗുസ്തിക്കാരന്‍ തന്ത അതിനെ ഇട്ട് തല്ലും പാവം അതിന് സൂക്കേടായി” കേശുവമ്മാവന്‍ പറഞ്ഞു നിര്‍ത്തി. ആരോ തൊടുത്തുവിട്ട അസ്ത്രം പോലെ വെളുത്ത പക്ഷികളുടെ ഒരു കൂട്ടം പാടത്തിന്റെ താഴ്ചയില്‍ നിന്നു പറന്നു പോയി.
ദാക്ഷായണി കുട്ടിയേയും കൊണ്ട് വരാന്തയില്‍ നിക്കുന്നു. അവളെന്നെ നോക്കുന്നു. അവള്‍ക്ക് ഭൈമിയുടെ മുഖത്തെഴുത്ത്. കണ്ണില്‍ ആയിരം സന്ധ്യകളുടെ നിറം.
”വാവോ.. വാവോ.. നോക്ക് ചേട്ടനെ നോക്ക് തുമ്പികള്‍ പാറികളിക്കുന്ന പാടത്തേക്ക് അവള്‍ വിരല്‍ ചൂണ്ടി. ചേട്ടനെ നോക്ക്… ചേട്ടനെ നോക്ക്.”
തിരിച്ച് വന്നപ്പോള്‍ അരളിയുടെ മുറ്റത്ത് അമ്മിണി ചേച്ചി നില്‍ക്കുന്നത് കണ്ടു. സര്‍പ്പക്കാവിലേക്ക് അരളികള്‍ ഇടവിട്ട് വീഴുന്നു. എന്നെ കണ്ടതും ഒരു സ്വപ്‌നത്തില്‍ നിന്ന് ഇറങ്ങി വന്ന മാതിരി പറഞ്ഞു.
”നമുക്ക് ഇവിടെയെല്ലാം വൃത്തിയാക്കണം, സര്‍പ്പക്കാവും അച്ഛമ്മയുടെ ഇരിപ്പിടവും ഒക്കെ.”
പിന്നീടൊരിക്കല്‍ തൊടിയിലേക്ക് ചവിട്ട് വാരിയില്‍ എന്തോ വലിച്ചെറിയുന്നു അമ്മിണി ചേച്ചി. അതെന്താണ് വലിച്ചെറിഞ്ഞതെന്ന് ചോദിച്ചപ്പോള്‍ യുദ്ധം ജയിച്ചവളെ പോലെ എന്നെ നോക്കി.
”ഓ.. നമ്മുടെ തട്ടിന്‍ പുറത്തെ പൂച്ചകളെയും എലികളെയും ഞാന്‍ കൊന്നു. ഇനിയവറ്റകളുടെ ശല്യമുണ്ടാകില്ല.”
അമ്മിണി ചേച്ചി വന്നിട്ട് കവിതകളൊന്നും എഴുതിയിട്ടില്ല. അവരുടെ മേശക്കരികില്‍ ഒരു തുണ്ട് കടലാസ് പോലുമില്ല. ഉണങ്ങാന്‍ നിവര്‍ത്തിയിട്ട സാരികളില്‍ അരളി ഗന്ധം. താഴെ വീണു കിടക്കുന്നു നര വന്ന മുടികള്‍, ജനാല പൊത്തുകളില്‍ വളരെ രഹസ്യമെന്നോണം വെച്ച കടലാസ് ചുരുളുകള്‍. അവയ്ക്ക് പത്തായപ്പുരയിലെ ചകിരി മണ്ണിന്റെ നിറം.
എടുക്കരുത്, വായിക്കരുത് മനസ്സ് പറഞ്ഞു. പത്തായപ്പുരകളില്‍ എഴുതിയ കവിതകള്‍ക്ക് വേണ്ടിയാണോ അമ്മിണി ചേച്ചി നാട്ടിലേക്ക് വന്നത്? മുറിയില്‍ നിന്നും കടന്നപ്പോള്‍ പൊത്തില്‍ നിന്നും രക്ഷപ്പെട്ട സുഖം.
മുത്തശ്ശിയെ പോലെ സന്ധ്യയ്ക്ക് അമ്മിണി ചേച്ചിയും മുടി വേര്‍പെടുത്തുന്നു. അപ്പോള്‍ പാമ്പിന്‍ കാവിന്റെ പൊന്തയിലേക്ക് ഒരു പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടു. എന്നോട് അരളി മരത്തിന്റെ പൊക്കത്തേക്ക് നോക്കാന്‍ പറഞ്ഞു.
”കാണുന്നുണ്ടൊ?”
”ഇല്ല ഒന്നും കാണുന്നില്ല”
”ആ, പൊക്കത്ത് ഇതിന്റെ ഇണ വന്ന് നിക്കണത് കാണണില്ലേ… ചില്ലകള്‍ അവരെ നോക്കി സംസാരിക്കുന്നത് കേള്‍ക്കണില്ലേ?”
രാത്രി, ഭക്ഷണം കഴിഞ്ഞപ്പോള്‍ അത്രയൊന്നും വെളിച്ചമില്ലാത്ത റാന്തലുമെടുത്ത് അമ്മിണി ചേച്ചി പത്തായപ്പുരയിലേക്ക് പോകുന്നത് കണ്ടു. എന്തിനാണ് ഈ രാത്രിയില്‍ പോകുന്നതെന്ന് ചോദിച്ചു. ഒന്നും പറഞ്ഞില്ല. അമ്മയുടെ വെളുത്ത സാരി അമ്മിണി ചേച്ചിയുടെ ശരീരത്തില്‍ ഇറുകി കിടക്കുന്നു.
ഞാന്‍ മുറിയിലേക്ക് തിരിച്ച് പോയി. തട്ടിന്‍പ്പുറത്ത് പൂച്ചകളുടെയും എലികളുടെയും ഒച്ച. അതിനെയെല്ലാം അമ്മിണി ചേച്ചി കൊന്നതല്ലേ..
ജനാലയില്‍ നിന്നും നോക്കിയപ്പോള്‍ പാമ്പിന്‍ കാവിലെ മരങ്ങള്‍ കാറ്റിലാടുന്നു. അമ്മിണി ചേച്ചി ഉമ്മറത്തെത്തിയിട്ടുണ്ടെന്ന് റാന്തലിന്റെ വെളിച്ചം ഇരുട്ടിലേക്ക് വീണു കിടക്കുന്നത് കണ്ടപ്പോള്‍ മനസ്സിലായി.
രാത്രി ഏറെ വൈകിയപ്പോള്‍ കാതിലൊരു നേര്‍ത്ത ശ്വാസം വീണു.
”കുട്ട്യേ.. ആ കവിത ഇങ്ങ് തരൂ” മുത്തശ്ശി! മുത്തശ്ശി തന്നെയാണൊ? മുത്തശ്ശിയുടെ മണം ഉണര്‍ന്നപ്പോള്‍ മൂക്കിലടിച്ചു. ഞാനപ്പോള്‍ അമ്മിണി ചേച്ചിയെ ഓര്‍ത്തു. മുറ്റത്ത് മഴയുണ്ട്, അരളി മരങ്ങള്‍ കാറ്റില്‍ വീഴാനെന്ന പോലെ ആടണുണ്ട്. തട്ടിന്‍പുറത്ത് പൂച്ചകളും എലികളും നിര്‍ത്താതെ ഒച്ചയിടുന്നു.
അമ്മിണി ചേച്ചിയുടെ റാന്തലിന്റെ വെളിച്ചമണഞ്ഞിട്ടില്ല. എവിടെയാണ് അമ്മിണി ചേച്ചി? അന്ന് പത്തായപ്പുരയില്‍ നിന്ന് തന്ന കവിത എനിക്ക് നഷ്ടപ്പെട്ടത് പാമ്പിന്‍ കാവില്‍ വെച്ചാണല്ലോ. അമ്മിണി ചേച്ചി കവിത അന്വേഷിച്ച് ചെന്നേക്കുമോ? എന്താണ് അതില്‍ എഴുതി വെച്ചേക്കുന്നത്?
അപ്പോള്‍ ഇടിയുടെ നഖക്ഷതങ്ങളേറ്റ് അരളി മരം ഭയപ്പാടോടെ പൊട്ടിവീണു.
മുത്തശ്ശി കേള്‍പ്പിക്കാറുള്ളതുപോലെ ദാക്ഷായണിയുടേതു മാതിരി പതിഞ്ഞ നിലവിളി. ആയിരം ഭൂത പെരുമ്പടയുടെ കാലടികള്‍ ഇരച്ചെത്തുന്നു.
”പേടിക്കണ്ട ചിരിയാണ് പെണ്‍കുട്ടികളുടെ പൊട്ടിച്ചിരി.”
മുത്തശ്ശി ഉണ്ടോ അരികില്‍, പക്ഷെ നിലാവ് കാണാനില്ലല്ലോ.
തട്ടിന്‍ പുറത്തെ പൂച്ചകളും എലികളും ആ രാത്രി എന്നെ ഏറെ ഭയപ്പെടുത്തി.