കച്ചത്തീവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഒരിക്കല്‍കൂടി ദേശീയ തലത്തില്‍ ഉയരുകയാണ്. കച്ചത്തീവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ എന്നിവര്‍ അടുത്തിടെ നടത്തിയ പ്രസ്താവനകളാണ് ഇത്തരമൊരു ചര്‍ച്ചക്ക് തുടക്കമിട്ടത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായിരുന്ന എം.കരുണാനിധിയും ചേര്‍ന്നാണ് ഭാരതത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന ഒരു ദ്വീപിനെ ശ്രീലങ്കക്ക് ദാനമായി കൊടുത്തത് എന്ന കാര്യമാണ് അവര്‍ സൂചിപ്പിച്ചത്. ഭാരതത്തിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത ഈ നടപടി മൂലം ദുരിതത്തിലേക്ക് വലിച്ചെറിയപ്പെട്ടത്.
ഏകദേശം 295 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള കച്ചത്തീവ് രാമേശ്വരത്തിനും ശ്രീലങ്കയിലെ താലൈ മന്നാറിനുമിടയില്‍ പാക് കടലിടുക്കിലായാണ് സ്ഥിതി ചെയ്യുന്നത്. രാമേശ്വരത്ത് നിന്ന് പതിനൊന്ന് മൈലാണ് ദ്വീപിലേക്കുള്ള ദൂരം. എന്നാല്‍ തെലെ മന്നാറില്‍ നിന്ന് ഏകദേശം പതിനെട്ട് മൈലാണ് ദ്വീപിലേക്കുള്ള ദൂരം. നൂറ്റാണ്ടുകളായി രാമനാട് നാട്ടുരാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു ഈ ദ്വീപ്. മല്‍സ്യത്തൊഴിലാളികള്‍ വിശ്രമത്തിനും, വലയുണക്കുന്നതിനുമായാണ് ഈ ദ്വീപ് ഉപയോഗിക്കാറുള്ളത്. ദ്വീപിലുള്ള ക്രിസ്ത്യന്‍ പള്ളിയില്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആഘോഷങ്ങളില്‍ വിശ്വാസികള്‍ പങ്കെടുക്കാറുണ്ട്.
1948 വരെ ദ്വീപിന് ചുറ്റുമുള്ള കടലിലെ വിഭവങ്ങളുമായി ബന്ധപ്പെട്ട അവകാശം രാമനാട് നാട്ടുരാജ്യത്തിനായിരുന്നു. എന്നാല്‍ ഇന്ത്യയുടെയും, ശ്രീലങ്കയുടെയും സ്വാതന്ത്ര്യത്തിനുശേഷം ശ്രീലങ്ക ഈ ദ്വീപിന് മേല്‍ അവകാശവാദം ഉന്നയിക്കാന്‍ ആരംഭിച്ചു. എന്നാല്‍ അവരുടെ അവകാശവാദങ്ങളെ സാധൂകരിക്കുന്ന രേഖകളൊന്നും അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഭാഗം ശക്തമാണ് എന്നാണ് 1960 ല്‍ ഇതുമായി ബന്ധപ്പെട്ട ഫയലില്‍ അന്നത്തെ അറ്റോര്‍ണി ജനറല്‍ എം.സി. സെതല്‍വാദ് കുറിച്ചത്. എന്നാല്‍ ഒന്നിനും കൊള്ളാത്ത ഒരു ചെറു ദ്വീപ് ശ്രീലങ്കക്ക് കൊടുക്കാന്‍ താന്‍ മടിക്കില്ല എന്നായിരുന്നു 1961 ല്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു എടുത്ത നിലപാട്. തുടര്‍ന്ന് 1974ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ എന്ന പേരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും, ശ്രീലങ്കന്‍ പ്രധാനമന്ത്രിയായിരുന്ന സരിമാവോ ബന്ധാര നായകയും ഒപ്പുവച്ച ഒരു കരാറിലൂടെ രാമേശ്വരത്തിനും താലെ മന്നാറിനും ഇടയിലുള്ള സമുദ്രാതിര്‍ത്തി നിര്‍ണ്ണയിക്കുകയും ഇതിന്‍ പ്രകാരം കച്ചത്തീവിനെ ശ്രീലങ്കക്ക് വിട്ടുകൊടുക്കുകയും ചെയ്തു. 1974 ലെ കരാര്‍ അനുസരിച്ച് നൂറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന പോലെ തന്നെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ദ്വീപിനെ ഉപയോഗിക്കാന്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. അത് പോലെ തന്നെ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മത ചടങ്ങുകളിലും പങ്കെടുക്കാന്‍ സാധിക്കും. ഇക്കാര്യങ്ങള്‍ക്ക് ശ്രീലങ്കയുടെ പ്രത്യേക അനുമതിയുടെ ആവശ്യമില്ല.
കരാറിനെ തുടര്‍ന്ന് ഈ പ്രദേശത്തെ തങ്ങളുടേത് മാത്രമായ ഒരു പ്രദേശമായാണ് ശ്രീലങ്ക കണ്ടത്. അതുകൊണ്ടുതന്നെ ശ്രീലങ്കന്‍ നാവികസേന കച്ചത്തീവിന്റെ പരിസരത്തെത്തുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളോട് ക്രൂരമായി പെരുമാറാന്‍ ആരംഭിച്ചു. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് തുടര്‍ന്നുള്ള കാലയളവില്‍ ശ്രീലങ്കന്‍ നാവികസേനയുടെ ക്രൂരതകള്‍ക്ക് ഇരയായത്. നൂറു കണക്കിന് മത്സ്യത്തൊഴിലാളികളാണ് ഈ കാലയളവില്‍ കൊല്ലപ്പെടുകയോ, അംഗഭംഗം സംഭവിക്കുകയോ, കാണാതാവുകയോ ചെയ്തത്. ശ്രീലങ്കന്‍ നാവികസേനയുടെ കയ്യിലകപ്പെട്ട നിരവധി പേര്‍ ജയിലിലാകുകയും, ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകുകയും ചെയ്തു. മത്സ്യത്തൊഴിലാളികള്‍ക്കെതിരായ ശ്രീലങ്കന്‍ നാവികസേനയുടെ ക്രൂരതകള്‍ അതുകൊണ്ട് തന്നെ തമിഴ് നാട്ടില്‍ ഒരു വലിയ രാഷ്ട്രീയ പ്രശ്‌നമാണ്. ശ്രീലങ്കയിലെ തമിഴ് – സിംഹള വംശീയ സംഘര്‍ഷങ്ങളും പലപ്പോഴും പ്രശ്‌നത്തെ ആളിക്കത്തിക്കുന്നതില്‍ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല സാമൂഹിക സംഘടനകളും ഈ വിഷയത്തെ വൈകാരികമായാണ് സമീപിക്കുന്നത്. അതുകൊണ്ടു തന്നെ ഈ വിഷയം ഒരു തിരഞ്ഞെടുപ്പ് വിഷയമായി പലപ്പോഴും ഉയര്‍ന്ന് വരാറുണ്ട്.
കച്ചത്തീവ് പ്രശ്‌നം പല പ്രാവശ്യം ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഉയര്‍ന്നിട്ടുണ്ട്. കച്ചത്തീവ് ശ്രീലങ്കയില്‍ നിന്ന് തിരിച്ച് എടുക്കാന്‍ സാധിക്കുമോ എന്ന ചോദൃത്തിന്, ഈ പ്രദേശം 1974, 1976 വര്‍ഷങ്ങളില്‍ ഇന്ത്യയും ശ്രീലങ്കയും ഒപ്പുവച്ച ഉഭയകക്ഷി കരാറുകളിലൂടെ ശ്രീലങ്കക്ക് നല്‍കിയതാണ് എന്നും, അതുകൊണ്ട് ഈ വിഷയത്തില്‍ ഒരു പുനര്‍വിചിന്തനം അസാധ്യമാണ് എന്നുമാണ് തുടര്‍ച്ചയായി ഗവണ്‍മെന്റുകള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നടപടി. എന്നാല്‍ ഈ മറുപടി വസ്തുതാവിരുദ്ധവും, തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്നതാണ് ദുഃഖകരമായ സത്യം. ഒന്നാമതായി 1974 ലെ കരാറും, 1976 ലെ കരാറും ഒന്നുചേര്‍ത്ത് നല്‍കുന്ന മറുപടി തന്നെ ദുരുദ്ദേ്യശപരമാണ്, 1974 ലെ കരാറിനും 1976 ലെ കരാറിനും നേരിട്ട് ബന്ധമില്ല. രണ്ട് പാര്‍ലിമെന്റിന്റെ അനുമതി വാങ്ങിയാല്‍ മാത്രമെ കരാറിന് നിയമ സാധുത ലഭിക്കൂ എന്നാണ് 1974 ലെ കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലൊരു അനുമതി വാങ്ങിയിട്ടില്ല എന്നതാണ് വസ്തുത. ഇന്ത്യയുടെ ഏതെങ്കിലുമൊരു ഭാഗത്ത് വിഭജനമോ കൂട്ടിചേര്‍ക്കലോ ആവശ്യമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഒരു കാലത്തും ഭരണഘടനാ ഭേദഗതി നടന്നിട്ടില്ല എന്നിരിക്കേ 1974 ലെ കരാര്‍ തന്നെ നിലനില്‍ക്കില്ല എന്നതാണ് സത്യം. വസ്തുതകള്‍ ഇങ്ങനെയിരിക്കെ ദ്വീപിനെ കരാറിലൂടെ കൈമാറ്റം ചെയ്തതാണ് എന്ന വാദം, നിയമവിരുദ്ധവും പാര്‍ലിമെന്റിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.
മുന്‍പ് അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ മൂലം ഭാരതത്തിന് നഷ്ടമായത് തന്ത്രപരമായും, സാമ്പത്തികമായും പ്രാധാന്യമുള്ള ഒരു മേഖലയാണ്. കോണ്‍ഗ്രസ്സിന്റെ തെറ്റായ നയം മൂലം നമ്മുടെ ജനതയുടെ ഉന്നതിക്ക് ഉപയോഗിക്കാന്‍ സാധിക്കുമായിരുന്ന ദ്വീപിന് ചുറ്റുമുള്ള ഋഋദ (ഋഃരഹൗശെ്‌ല ഋരീിീാശര ദീില), നമുക്ക് നഷ്ടമായി, ശ്രീലങ്കയില്‍ വര്‍ദ്ധിച്ചു വരുന്ന ചൈനീസ് സാന്നിധ്യവും, ദ്വീപിന്റെ തന്ത്രപരമായ പ്രാധാന്യവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇതിനെല്ലാം ഉപരിയാണ് ഈ തെറ്റായ നിലപാട് മൂലം രാജ്യത്തുണ്ടാകുന്ന ആഭ്യന്തര പ്രശ്‌നങ്ങളും, അത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടവും. മത്സ്യത്തൊഴിലാളികളുടെ പേരില്‍ മുതലക്കണ്ണീര്‍ വാര്‍ക്കുകയും പലപ്പോഴും ഇതിന്റെ പേരില്‍ സംഘര്‍ഷവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ദ്രാവിഡ പാര്‍ട്ടികളും, അവരുടെ കൂട്ടാളികളും സൗകര്യപൂര്‍വ്വം മറച്ച് വെക്കുന്ന ഒന്നുണ്ട്, അവരുടെ നേതാവ് എം.കരുണാനിധിയാണ് കോണ്‍ഗ്രസ്സിനോടൊപ്പം ചേര്‍ന്ന് കച്ചത്തീവിനെ ശ്രീലങ്കക്ക് ദാനം ചെയ്തത് എന്ന സത്യം. പുതിയ വെളിപ്പെടുത്തലിലൂടെ വീണ്ടുമൊരിക്കല്‍ കൂടി നുണക്കഥകളുമായി തമിഴ്‌നാട്ടിലെ ജനങ്ങളെ വിഡ്ഢികളാക്കാന്‍ സാധിക്കാത്ത തരത്തില്‍ ഡി.എം.കെ ആണ് വെട്ടിലായിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ഈ വിശ്വസ വഞ്ചനക്ക് അവര്‍ ഉത്തരം പറയേണ്ടി വരും.