കേരളം സരസ്വതീപൂജയ്ക്കും വിദ്യാരംഭത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു പ്രദേശമാണെങ്കിലും സരസ്വതീ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ അധികമില്ല. എല്ലാ വിദ്യാലയങ്ങളെയും സരസ്വതീക്ഷേത്രമായി കരുതി പോരുന്നതുകൊണ്ടാവാം ഇത്. എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരില്‍ ദക്ഷിണമൂകാംബിക എന്ന പേരില്‍ പ്രഖ്യാതമായ സരസ്വതീ ക്ഷേത്രം വിദ്യാര്‍ത്ഥികള്‍ക്കും കലാകാരന്മാര്‍ക്കും മാത്രമല്ല സര്‍വ്വജനങ്ങള്‍ക്കും ആശ്രയമായ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്. നവരാത്രി പൂജയ്ക്കും വിജയദശമിയിലെ വിദ്യാരംഭത്തിനും ഇവിടെ പതിനായിരങ്ങളാണ് എത്തിച്ചേരുന്നത്. മനോഹരമായ ഗ്രാമ പശ്ചാത്തലത്തില്‍ ഒരു കുളത്തിനു മധ്യത്തില്‍ പ്രതിഷ്ഠ കൊള്ളുന്ന ഇവിടുത്തെ പ്രതിഷ്ഠ ഏറെ പ്രത്യേകതകളുള്ള ഒന്നാണ്. ക്ഷേത്രത്തില്‍ പൂജിച്ചു നല്‍കുന്ന സാരസ്വത കഷായം ബുദ്ധി തെളിയാനും വിദ്യാവിഷമങ്ങള്‍ മാറ്റാനും സിദ്ധൗഷധമായി ഭക്തജനങ്ങള്‍ കരുതുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ താമസിക്കുന്ന സ്വാമിനാഥന്‍ വിശ്വകര്‍മ്മ വിഭാഗത്തില്‍ ജനിച്ച പാരമ്പര്യ ശില്‍പിയാണ്. ഇദ്ദേഹത്തിന്റെ മുത്തച്ഛന്‍ പാക്കുന്നം കുഞ്ചനാചാരിയില്‍ നിന്നും പകര്‍ന്നു കിട്ടിയ സിദ്ധി ഉപയോഗിച്ച് സ്വാമിനാഥന്‍ ആചാരി നിര്‍മ്മിച്ചു നല്‍കുന്ന എഴുത്താണി അഥവാ നാരായം ഇന്ന് ഏറെ പ്രശസ്തമാണ്. ശ്രീ ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണത്തിടമ്പ് നിര്‍മ്മിച്ച വേലപ്പനാചാരിയുടെ ജ്യേഷ്ഠ പുത്രനായിരുന്നു കുഞ്ചനാചാരി. പാരമ്പര്യമായി ക്ഷേത്രങ്ങളും വിഗ്രഹങ്ങളും ഗോളകകളും വിഗ്രഹങ്ങളുടെ പ്രഭാമണ്ഡലങ്ങളും നിര്‍മ്മിച്ചു പോരുന്ന സ്വാമിനാഥന്റെ തറവാടും പണിശാലയുമെല്ലാം കലാദേവതയായ പറവൂര്‍ ദക്ഷിണമൂകാംബികയമ്മയുടെ കടാക്ഷമേറ്റ് പരിലസിച്ച് പോരുന്നു. ശാസ്ത്രവിധിപ്രകാരം എഴുത്താണികള്‍ ഉണ്ടാക്കുന്ന വിദ്യ മുത്തച്ഛനില്‍ നിന്നാണ് സ്വാമിനാഥന് പകര്‍ന്നു കിട്ടിയത്. വിജയദശമി അടക്കമുള്ള പുണ്യതിഥികളില്‍ ക്ഷേത്രനടയിലും വീടുകളിലുമൊക്കെ വച്ച് കുരുന്നുകളുടെ വിദ്യാരംഭം കുറിക്കുന്നത് ഭാരതീയമായ ഒരാചാരമാണ്. ജ്ഞാനദാനത്തിന് ഏറെ പ്രാധാന്യമുള്ള കേരളത്തില്‍ പൊതുവെ സരസ്വതീ ക്ഷേത്രങ്ങളില്‍ വിദ്യാരംഭം കുറിക്കുന്നതിന് ഏറെ പ്രാധാന്യം കല്‍പ്പിച്ചു പോരുന്നു.
വിജയദശമി ദിനത്തില്‍ പതിനായിരക്കണക്കിന് കുരുന്നുകളുടെ നാവിലാണ് ആചാര്യന്മാര്‍ ഹരിശ്രീ കുറിച്ചുകൊണ്ട് വിദ്യാരംഭം കുറിക്കുന്നത്. ഇന്ന് ചില പത്രസ്ഥാപനങ്ങള്‍ വിദ്യാരംഭത്തിന്റെ ആദ്ധ്യാത്മിക പ്രാധാന്യം ഇല്ലാതാക്കുവാന്‍ മതേതര വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചിട്ടുണ്ട്. യോഗ്യതയോ സ്വഭാവശുദ്ധിയോ പോലുമില്ലാത്ത ചില ആചാര്യവേഷങ്ങളെക്കൊണ്ടാവും ഇത്തരം കേന്ദ്രങ്ങളില്‍ എഴുത്തിനിരുത്താറുള്ളത്. കുഞ്ഞുങ്ങളുടെ നാവില്‍ ഹരിശ്രീ എഴുതുന്നത് സ്വര്‍ണ്ണം കൊണ്ടാവണം എന്നത് പരമ്പരാഗതമായ ഒരു വിശ്വാസമാണ്. മിക്കയിടങ്ങളിലും ആചാര്യ സ്ഥാനമലങ്കരിക്കുന്നവരുടെയോ, കുട്ടിയുടെ മാതാപിതാക്കളുടെയോ കൈവിരലില്‍ കിടക്കുന്ന മോതിരം കൊണ്ടാവും നാവില്‍ എഴുതുന്നത്. ഇത് ഒട്ടും ആരോഗ്യകരമല്ല. ശുചിത്വത്തിന്റെ പ്രശ്‌നം മാത്രമല്ല ഇവിടെ ഉള്ളത്. ഹരിശ്രീ കുറിക്കുമ്പോള്‍ മോതിരം വഴുതി കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയമായി നിര്‍മ്മിച്ച എഴുത്താണി അഥവാ നാരായം കൊണ്ട് നാവില്‍ ഹരിശ്രീ കുറിക്കുന്നതിന്റെ പ്രസക്തി. സാധാരണ താളിയോലയില്‍ എഴുതുന്ന നാരായത്തിന്റെ തുമ്പ് കൂര്‍ത്ത് മൂര്‍ച്ചയുള്ളതായിരിക്കും. എന്നാല്‍ നാവില്‍ അക്ഷരം കുറിക്കാന്‍ നിര്‍മ്മിക്കുന്ന നാരായത്തിന്റെ തുമ്പില്‍ സ്വര്‍ണ്ണനിര്‍മ്മിതമായ ചെറിയൊരു ഗോളം വിളക്കിച്ചേര്‍ത്തിരിക്കും. പറവൂരില്‍ സ്വാമിനാഥനാചാരിയെപ്പോലുള്ള ശില്‍പ്പികള്‍ വ്രത വിശുദ്ധിയോടെ സവിശേഷമായ പഞ്ചലോഹക്കൂട്ടിലാണ് നാരായം നിര്‍മ്മിക്കുന്നത്. പറവൂര്‍ ദക്ഷിണമൂകാംബികാ ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള കുളത്തില്‍ നിന്നു ശേഖരിക്കുന്ന വെള്ളം ഉപയോഗിച്ച് കുഴച്ച മണ്ണുകൊണ്ടാണ് ഇതിന്റെ മൂശ നിര്‍മ്മിക്കുന്നത് തന്നെ. സാധാരണ നിര്‍മ്മിക്കുന്ന നാരായം ഏതാണ്ട് പതിനഞ്ച് സെന്റീമീറ്റര്‍ നീളമുള്ളതായിരിക്കും. മനോഹരമായി കടഞ്ഞെടുത്ത ഈ നാരായത്തിന് മുന്നു ഭാഗങ്ങള്‍ ഉണ്ട്. നാരായത്തിന്റെ ചുവട്ടില്‍ സരസ്വതിയും മധ്യഭാഗത്ത് ദക്ഷിണാമൂര്‍ത്തിയും മുകള്‍ ഭാഗത്ത് ഹയഗ്രീവ സ്വാമിയും കുടികൊള്ളുന്നു എന്നതാണ് സങ്കല്‍പ്പം. ഈ മൂന്നു മൂര്‍ത്തികളും വിദ്യയുമായി ബന്ധപ്പെട്ട ദേവതകളാണ്. സത്വ രജസ്, തമോഗുണങ്ങളുടെ പ്രതീകമായി വെള്ള, ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള മൂന്നു മുത്തുകള്‍ നാരായത്തിന്റെ മുകളറ്റത്തെ അലങ്കരിക്കുന്നു. പറവൂരില്‍ സ്വാമിനാഥനാചാരി നിര്‍മ്മിക്കുന്ന നാരായങ്ങളെല്ലാം ഇവിടെയുള്ള സരസ്വതീ ക്ഷേത്രത്തില്‍ പൂജിച്ച് ദേവതാ ചൈതന്യം വരുത്തിയാണ് ആവശ്യക്കാര്‍ക്കായി നല്‍കുന്നത്. സരസ്വതീദേവിയുടെ അനുഗ്രഹത്തിന്റെയും സാന്നിധ്യത്തിന്റെയും പ്രതീകമായി താന്‍ നിര്‍മ്മിച്ച നാരായം പൂജാമുറിയില്‍ സൂക്ഷിക്കാവുന്നതാണെന്ന് സ്വാമിനാഥന്‍ അഭിപ്രായപ്പെടുന്നു. നവരാത്രിക്കാലത്ത് അദ്ദേഹം നിര്‍മ്മിച്ചു നല്‍കുന്ന ഈ പവിത്രമായ എഴുത്താണിക്ക് ധാരാളം ആവശ്യക്കാരാണ് എത്തുന്നത്. മുതു മുത്തച്ഛന്മാരില്‍ നിന്നും തലമുറയായി പകര്‍ന്നു കിട്ടിയ ഈ വിദ്യ ജനകീയമാക്കാനുള്ള പരിശ്രമത്തിലാണ് ഈ പാരമ്പര്യവിശ്വകര്‍മ്മജന്‍.