‘എന്താ ബഹളം!’ ടി.വി. നോക്കിക്കൊണ്ട് ശ്രീമതി പറഞ്ഞു.
ടി.വിയില്‍ വയനാട്ടിലെ ജനങ്ങളുടെ സമരമാണ്. അവിടെ ആന ഒരാളെ ചവിട്ടി കൊന്നതിന് ജനങ്ങളുടെ രോഷം അണപൊട്ടി ഒഴുകുകയാണ്.
‘ഇപ്പോള്‍ നിത്യേന എന്നോണം ആന, കാട്ടുപോത്ത്, കടുവ.. ഇതിനൊരറുതി ഇല്ലേ?’ അവള്‍ ചോദിച്ചു.
‘വളരെ സെന്‍സിറ്റീവ് സബ്ജക്ടാണ്. വന്യമൃഗങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പറ്റില്ല വന്യമൃഗങ്ങളെയെല്ലാം നശിപ്പിക്കണമെന്നു പറയുന്ന ആളുകളുടെ കൂടെയും. സംരക്ഷണം എല്ലാവര്‍ക്കും വേണം. വനഭൂമിയുടെ വിസ്തൃതി കുറഞ്ഞു വരുന്നു. അതോടൊപ്പം വന്യജീവികളുടെ എണ്ണം പെരുകുന്നു. ശാസ്ത്രീയമായ മാനേജ്‌മെന്റ്് ആ മേഖലയില്‍ അത്യാവശ്യമാണ്. ഒരു ആന 20 കി.മീ തൊട്ട് 150 കി.മീ വരെ മേയും. ഒരു കടുവയ്ക്ക് വിഹരിക്കാന്‍ ചുരുങ്ങിയത് 25 സ്‌ക്വയര്‍ കി.മീ. വരെ വേണം. വയനാട് വന്യമൃഗസങ്കേതത്തില്‍ ആകെ എല്ലാവര്‍ക്കും കൂടി 344 സ്‌ക്വയര്‍ കി.മീ ഏരിയ ആണുള്ളത്. എവിടെപ്പോകും അവ?.’
‘ഭൂ വിസ്തൃതിയാണെങ്കില്‍ കൈയേറ്റം മൂലം കുറഞ്ഞു വരികയുമാണ് അല്ലെ?’
‘തീര്‍ച്ചയായും. മാറി മാറി വന്ന സര്‍ക്കാരുകളുടെ പരാജയം തന്നെ കാരണം. വര്‍ഷങ്ങളായുള്ള കുടിയേറ്റം, കയ്യേറ്റം, പട്ടയദാനമേളകള്‍, ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ തിരസ്‌ക്കരണം, രാഷ്ട്രീയ കാരണങ്ങളാല്‍ വനഭൂമി ഇല്ലാതാവുമ്പോള്‍ കണ്ണടയ്ക്കല്‍, നിയമപ്രാബല്യം നല്‍കല്‍ എന്നിവ മൂലം വനവിസ്തൃതി ഏറെ കുറഞ്ഞു. ഇപ്പോഴും കുറഞ്ഞു വരുന്നു.’
‘അല്ലാ… അതിര്‍ത്തി നിശ്ചയിച്ച് കഴിഞ്ഞു വേലി കെട്ടിത്തിരിച്ചാല്‍ പിന്നെയും കയ്യേറുമോ?’
‘വനം വകുപ്പ് ജണ്ട കെട്ടുക എന്നാണ് പറയുക. കല്ല് വെച്ച് പടുത്ത ചെറിയ കോണ്‍ക്രീറ്റ് കൂനയാണ് ജണ്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ജണ്ട കെട്ടിക്കഴിഞ്ഞ് സ്ഥലം വിട്ടാല്‍ ജണ്ടയ്ക്ക് കയ്യും കാലും വെയ്ക്കും അത് കാട്ടിലേക്ക് ഓടും. ഒപ്പം വേലിയും. പിന്നീട് അവര്‍ പരിശോധിക്കാന്‍ വരുമ്പോഴേയ്ക്കും വനഭൂമിയില്‍ വാഴയും തെങ്ങും വളര്‍ന്നു നില്‍ക്കുന്നുണ്ടാവും. പട്ടയത്തിന് അപേക്ഷയും നല്‍കിക്കാണും.’
‘ഹ..ഹ.. നല്ല കൂത്ത്. അതിനു രാഷ്ട്രീയക്കാരുടെ പിന്തുണയുമുണ്ടാകും അല്ലെ?’
‘പിന്നെ.. വോട്ട് ചോദിക്കാന്‍ വരുന്നവരോട് പട്ടയക്കാര്യം പറഞ്ഞു പിശകും. തന്നാല്‍ വോട്ട് ഇല്ലെങ്കില്‍ നോട്ട. ഹ.ഹ. രസമതല്ല, ഈ സ്ഥലത്ത് തന്നെ വന്യമൃഗങ്ങള്‍ കേറി വിള നശിപ്പിച്ചാല്‍ സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരവും ചോദിക്കും.’
‘അങ്ങനെയൊക്കെ ചെയ്യുന്നവര്‍ കുറച്ച് പേരല്ലേ കാണൂ. സാമാന്യവല്‍ക്കരിക്കാമോ?’
‘എങ്കില്‍ പിന്നെ 1973 ലെ സര്‍വ്വേയിലെ വനഭൂമി അവിടെ കാണണ്ടേ? അത് പോട്ടെ 2002 ലുള്ളത്രയെങ്കിലും. മുമ്പ് മോഷണം ഏക്കറ് കണക്കിലായിരുന്നത് ഇപ്പൊ ഇഞ്ചിഞ്ചായാണ് എന്ന് മാത്രം. പിന്നെ ജനസാന്ദ്രതയ്ക്കൊപ്പം അസൂയയും കൂടിയതിനാല്‍ കട്ടത് മറ്റുള്ളവര്‍ ചൂണ്ടിക്കാണിച്ച് കൊടുക്കുമെന്നതിനാല്‍ സ്വല്‍പ്പം കുറവുണ്ട്.’
‘ഹ..ഹ.. മനുഷ്യന്റെ ഭൂമിയോടുള്ള കമ്പം ഭയങ്കരം തന്നെ. ഭൂ ഭ്രമം അല്ലെ?’
‘കേരളം ചെറിയ പ്രദേശമല്ലേ? ജനസംഖ്യാ വിസ്‌ഫോടനം ഭീകരം. കൃഷി ചെയ്യാന്‍ ഭൂമിക്കായി കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലുമൊക്കെ നമ്മുടെ ആളുകള്‍ പോകുന്നത് അതുകൊണ്ടാണ്.’
‘ഭൂകമ്പം പോലെ ഭൂമിക്കമ്പം.. അല്ലെ?’ അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
‘കമ്പം നല്ലതാണ് അവസാനം ഇമ്പമാണെങ്കില്‍.. ഇപ്പോള്‍ പ്രകമ്പനമാണ്.. പുലി വന്നേ, ആന വന്നേ എന്ന നിലവിളിയാണ്.’
‘എന്തായാലും ഒരു ജീവന്‍ നഷ്ടമായി. കഷ്ടം! പോയ ആള്‍ക്ക് പോയി കുടുംബത്തിനും.’
‘ഒരാള്‍ പറയുന്നത് കേട്ടു ഇനി മുതല്‍ ബോര്‍ഡര്‍ ഏരിയയിലെ ആനകളുടെ കയ്യാലുള്ള മൃത്യുവാണ് ഭേദം. രണ്ടിടത്ത് നിന്നും നഷ്ടപരിഹാരം കിട്ടും എന്ന്.’
‘എന്തായാലും ഇവിടത്തെ കനത്ത പ്രതിഷേധം ഗുണം ചെയ്തു.’
‘വാസ്തവത്തില്‍ ഒരു ആദിവാസിയെയാണ് ആന ചവിട്ടി കൊന്നതെങ്കില്‍ പത്രത്തില്‍ വളരെ ചെറിയ വാര്‍ത്ത ആറാം പേജില്‍ താഴെയായി ആദിവാസിയെ ആന ചവിട്ടി കൊന്നു എന്ന് മാത്രം വന്നേനെ. നഷ്ടപരിഹാരം ആ… ആര്‍ക്കറിയാം..ആര്‍ക്കറിയണം.’
‘ശരിയാണ്. കടുത്ത വിവേചനം ഉണ്ട്. കപട ദളിത് പ്രേമികള്‍ മൗനം പാലിക്കും. എന്നാലും ഇനി കാടിറങ്ങുന്ന ആനകളെ എങ്ങനെ തുരത്തും?’ അവളുടെ സംശയം.
‘അരിക്കൊമ്പനെപ്പോലെ മാറ്റി പാര്‍പ്പിക്കും. സൂക്ഷിക്കണം. ഭൂമി കമ്പക്കാരെപ്പോലെ തന്നെ ആനക്കമ്പക്കാരും കേരളത്തില്‍ ധാരാളം ഉണ്ട്. ഇനി മുതല്‍ എഴുന്നള്ളിക്കാന്‍ റോബോട്ടിക് ആന മതിയെന്നെഴുതിയതിന് ഞാന്‍ കുറെ ശകാരം കേട്ടു.’
‘ഈ ആനപ്രേമികളെ ആനക്ക് തല്ല് കൊള്ളുമ്പോഴോ വിശ്രമമില്ലാതെ പൂരങ്ങള്‍ക്ക് എഴുന്നള്ളിപ്പിച്ച് ദുരിതം അനുഭവിക്കുമ്പോഴോ ഒന്നും കാണില്ല.’
‘അത് എത്രയായാലും ഉത്സവത്തിന് ആനയില്ലാതെ?! പ്രത്യേകിച്ചും തൃശ്ശൂര്‍ക്കാര്‍ക്ക് ആലോചിക്കാനേ വയ്യ. ഈയിടെ കേട്ടു തിരുനെല്‍വേലിയില്‍ നല്ലയ്യപ്പര്‍ ക്ഷേത്രത്തിലെ ഗാന്ധിമതി എന്ന ആനക്ക് ഭക്തര്‍ നല്ല തോല്‍ ചെരുപ്പ് ഉണ്ടാക്കി കൊടുത്തു. അത് ഇടുവിച്ചേ പുറത്തേക്ക് ഇറക്കാറുള്ളൂവത്രേ. അത്രയെങ്കിലും തോന്നിയാല്‍ നല്ലത്.’
‘ഇപ്പോള്‍ ഉത്സവങ്ങള്‍ക്ക് ആനകളുടെ വിവരണം ഫ്‌ളെക്‌സ് വെച്ചടിച്ച് അത് കാട്ടിയാണ് പിരിവ്.’
‘അതിന്റെ കാര്യം കേട്ടോ… ഒരു സുഹൃത്ത് പറഞ്ഞതാ.. പല ആനപ്രേമികള്‍ക്കും ശരിയായ ആനയെ കണ്ടാല്‍ തിരിച്ചറിയില്ല. ഒരിക്കല്‍, ഒരു ഭക്തിയുമില്ലാത്ത ഇടതുപക്ഷ ചിങ്കാരിമേളക്കാര്‍ ഭരിക്കുന്ന, ഒരു അമ്പലത്തിലെ ഉത്സവത്തിന്’ ഗജവീരന്‍ മംഗലാംകുന്ന് അയ്യപ്പന്‍’ (ആള് സില്‍മാ നടനാണേയ്) എന്നൊക്കെ ഫ്‌ളെക്‌സ് വെച്ച് ഗംഭീര പിരിവു നടത്തി അവസാനം വേറെ ഏതോ ഡൂക്കിലി ആനയെയാണ് കൊണ്ടുവന്നത്. നാട്ടുകാരില്‍ ഒരാളൊഴിച്ച് ഒന്നിനും അത് മനസ്സിലായില്ല. ആ പിശക് ചൂണ്ടിക്കാണിച്ച തിരുമേനിയെ സഖാക്കള്‍ കുളത്തിന്റെ മൂലയ്ക്കല്‍ കൊണ്ടുപോയി നന്നായി ഉപദേശിച്ചു. തത് പശ്ചാത് തിരുമേനിയ്‌ക്കൊരു സംശയം… വെറുതെ തോന്നീതാ ആള് മംഗലാം കുന്നന്‍ തന്നെ’ എന്ന് പറഞ്ഞു കാര്യം അവസാനിപ്പിച്ചു. ഹ..ഹ..ഹ!’
‘ഈ ആനക്കമ്പം പണ്ട് മുതലേ ഉണ്ടായിരുന്നു. അക്ഷരമാലയില്‍ ‘അ’ അമ്മ കഴിഞ്ഞാല്‍ ‘ആ’ ആനയാണല്ലോ. ആ ‘ആ’ അക്ഷരത്തില്‍ സൂക്ഷിച്ച് നോക്കിയാല്‍ ആനയെ കാണാം. ആന ‘ചെരിഞ്ഞാലും പന്തീരായിരം ജീവിച്ചിരുന്നാലും പന്തീരായിരം’ എന്ന ചൊല്ല് തന്നെ ആനയുടെ പണ്ടത്തെ വലിയ വിലയെ സൂചിപ്പിക്കുന്നു. ഐതിഹ്യമാലയില്‍ ഒരു കര്‍ത്തായെക്കുറിച്ച് പറയുന്നുണ്ട്.’
‘കരിമണല്‍ കര്‍ത്തായുടെ ബന്ധുവാണോ?’
‘അതറിയില്ല ആയിരിക്കാം ഇയാളും ഭരിക്കുന്നവരുടെ അടുപ്പക്കാരനായിരുന്നു. റാന്നി കാടുകളുടെ ഭരണം കയ്യാളിയ ഒരു ഇടപ്രഭു ആയിരുന്നു അദ്ദേഹം. വലിയ ആനക്കമ്പക്കാരനായിരുന്നു. കാട്ടില്‍ കുഴി എടുത്ത് ആനയെ വീഴ്ത്തി മെരുക്കി വില്‍ക്കും. അങ്ങനെയിരിക്കെ ഒരു വര്‍ഷം ഒരു ആനയും കുഴിയില്‍ വീണില്ല. കര്‍ത്താ ദു:ഖിതനായി ഒരു ജ്യോത്സ്യനെ സമീപിച്ചു. ‘പ്രത്യേകിച്ച് കാരണം ഒന്നും കാണുന്നില്ല. പ്രസിദ്ധ മാന്ത്രികന്‍ തേവലശ്ശേരി നമ്പി സ്ഥലത്തുണ്ട് അദ്ദേഹത്തെ പോയി കാണുക, പരിഹാരമുണ്ടാകും എന്ന് പറഞ്ഞതനുസരിച്ച് കര്‍ത്താ നമ്പിയെ കണ്ടു കാര്യം പറഞ്ഞു. നമ്പി എന്തോ ജപിച്ച് ഊതി പറഞ്ഞു ‘വിഷമിക്കേണ്ട വീഴും ഒമ്പതു കുഴിയിലും വീഴും.’ അന്ന് രാത്രി കര്‍ത്താ സ്വപ്‌നം കണ്ടു ഒമ്പത് കുഴിയിലും ആന വീണു എന്ന്. രാവിലെ തന്നെ മലയില്‍ പോയി നോക്കി. ശരിയായിരുന്നു. എങ്കിലും കര്‍ത്തയ്ക്ക് ഒരു കുണ്ഠിതം ഒമ്പതും പിടിയാനയായിരുന്നു. കര്‍ത്താ വേഗം പോയി നമ്പിയെ കണ്ടു കാര്യം പറഞ്ഞു. നമ്പി വീണ്ടു ജപിച്ചു ഊതി പറഞ്ഞു ‘വിഷമിക്കണ്ട കുഴികള്‍ വീണ്ടും ശരിയാക്കി വെക്കൂ, കൊമ്പന്‍ വീഴും’ അന്ന് രാത്രി കര്‍ത്താ സ്വപ്‌നം കണ്ടു കൊമ്പനാനകള്‍ കുഴിയില്‍ വീണിരിക്കുന്നു. പക്ഷെ സ്വപ്‌നത്തില്‍ ഒരശരീരി – അഞ്ചാമത്തേതില്‍ നിന്നുള്ള ആനയെ എടുക്കണ്ട അത് തേവലശ്ശേരി നമ്പി വന്നേ എടുക്കാവൂ. കര്‍ത്താ രാവിലെ തന്നെ മലയില്‍ പോയി നോക്കി അഞ്ചെണ്ണത്തിലും കൊമ്പന്മാര്‍ വീണിരിക്കുന്നു. നാലെണ്ണത്തിനെയും പൊക്കിയെടുക്കാന്‍ ചട്ടം കെട്ടി. അഞ്ചാമത്തേതില്‍ പോയി നോക്കി അതില്‍ എല്ലാ ലക്ഷണങ്ങളുമൊത്ത സുന്ദരനായ കുട്ടിക്കൊമ്പന്‍. കര്‍ത്തായുടെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. പിന്നെ തേവലശ്ശേരിക്കായി കാത്തുനിന്നില്ല. അതിനെ പൊക്കിയെടുക്കാന്‍ പറയലും എവിടെ നിന്നാണെന്നറിയില്ല ഒരു വലിയ കടുവ കര്‍ത്തായ്ക്ക് മേല്‍ ചാടി വീണ് കര്‍ത്തായെ കടിച്ചെടുത്ത് കാട്ടിലേക്ക് ഓടി മറഞ്ഞു. എല്ലാവരും അമ്പരന്നു നിന്നു.’
‘അയ്യോ കഥ കേട്ടിരുന്ന് സമയം പോയി. ഞാന്‍ അടുക്കളയിലേക്ക് പോട്ടെ’ എന്ന് പറഞ്ഞു അവള്‍ എഴുന്നേറ്റപ്പോള്‍ ഞാന്‍ പറഞ്ഞു.
‘ആഫ്രിക്കയിലാണെങ്കില്‍ കര്‍ത്താ രക്ഷപ്പെട്ടേനെ’
‘അതെങ്ങിനെ?’
‘ആഫ്രിക്കന്‍ ആനകള്‍ക്ക് ആണിനും പെണ്ണിനും കൊമ്പുണ്ട്. ആദ്യത്തെ ഒമ്പതു ആനകളെക്കൊണ്ടു അയാള്‍ തൃപ്തനായേനെ.’
‘ഉം.. കരിമണല്‍ മൊത്തം ഊറ്റിയെടുക്കാതിരുന്നെങ്കില്‍ ഭീമമായ കൈക്കൂലി കൊടുക്കാതെ ഇപ്പോഴത്തെ കര്‍ത്തായും രക്ഷപ്പെട്ടേനെ.’
‘ശരിയാ… ദുര മൂത്താല്‍ കരയും. ആനക്കമ്പമായാലും ഭൂമിക്കമ്പമായാലും.’