സോവിയറ്റ് യൂണിയനില്‍നിന്നും സോഷ്യലിസ്റ്റ് റിയലിസത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടവരാണ് ‘എഴുത്തുകാരേ നിങ്ങള്‍ ഏതു ചേരിയില്‍?’ എന്ന ചോദ്യമുന്നയിച്ചത്. ഇവര്‍ തന്നെയാണ് കല സമൂഹത്തിനുവേണ്ടി എന്നു വാദിച്ചതും. ഇതിനെതിരെ കല കലയ്ക്കുവേണ്ടി എന്ന വാദഗതിയുമുയര്‍ന്നു. കല സമൂഹത്തിനുവേണ്ടിയാണെന്ന് വാദിച്ചവര്‍ തന്നെയാണ് പലപ്പോഴും തങ്ങളുടെ നിലപാട് ഉറപ്പിക്കാന്‍ കല കലയ്ക്കുവേണ്ടിയാണെന്ന എതിര്‍പക്ഷത്തിന്റെ വാദഗതിക്ക് കൂടുതല്‍ പ്രചാരം നല്‍കിയത്. പരസ്പരം പോരടിക്കുന്ന ഈ വിഭാഗങ്ങളില്‍നിന്ന് വേറിട്ടുനിന്ന് കല ജീവിതം തന്നെ എന്ന സിദ്ധാന്തം കുട്ടികൃഷ്ണമാരാരും അവതരിപ്പിച്ചു.
ജോസഫ് മുണ്ടശ്ശേരിയുടെ രൂപഭദ്രതാ വാദവും അതിനെതിരായ പ്രതികരണങ്ങളും മറ്റും 1930-കളിലും 40-കളിലും ശബ്ദമുഖരിതമായ അന്തരീക്ഷം സൃഷ്ടിച്ചുവെങ്കിലും ഭാരതീയമായ കലാ/കാവ്യ ദര്‍ശനം എന്ത് എന്നതിനെക്കുറിച്ച് കാതലായ ഉപലബ്ധികളൊന്നും ഈ വാഗ്വാദങ്ങളുടെ ഫലമായി ലഭിച്ചില്ല. ജീവല്‍ സാഹിത്യ പ്രസ്ഥാന കാലത്ത് കുട്ടികൃഷ്ണ മാരാരും, പില്‍ക്കാലത്ത് ഡോ. കെ. ഭാസ്‌കരന്‍ നായരും മറ്റു ചിലരും കല എന്ത്, എന്തിന് എന്ന ചോദ്യത്തെ മുന്‍നിര്‍ത്തി ചില വിചാരഗതികള്‍ അവതരിപ്പിക്കുകയുണ്ടായി എന്നത് മറക്കുന്നില്ല. അപ്പോഴും ഭാരതീയമായ കാവ്യമീമാംസയുടെ ഉള്ളറകളില്‍ പ്രവേശിച്ച്, മൗലികമായ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തി കാലോചിതമായി സമകാലീന കൃതികളെ മൂല്യനിര്‍ണയം ചെയ്ത് പൊതുസ്വീകാര്യത നേടാന്‍ ഇവര്‍ക്കൊന്നും കഴിഞ്ഞില്ല.
ഭാരതീയ കാവ്യദര്‍ശനങ്ങളെക്കുറിച്ചുള്ള ‘പഠനങ്ങള്‍’ പലതും യാന്ത്രികവും വിരസവുമായ പാണ്ഡിത്യ പ്രകടനങ്ങളായി അധഃപതിക്കുകയായിരുന്നു. ഇത് നടത്തിയവര്‍ ശരിയായ സഹൃദയരുമായിരുന്നില്ല. ”വ്യാകരണബദ്ധമായ ശൈലിക്കു മാത്രം പ്രാധാന്യം കൊടുത്ത് എഴുതുന്നവര്‍ സഹൃദയത്വമില്ലാത്തവരാണ്” എന്ന് ‘വ്യക്തിവിവേകം’ രചിച്ച മഹിമഭട്ടന്‍ പറയുന്നതില്‍ എഴുത്തിനെ സംബന്ധിച്ച വലിയ തത്ത്വമുണ്ട്. ഒരൊറ്റ ശ്ലോകം വിവരിച്ച് ഒരുപാട് എഴുതുന്ന രീതി ഭാരതീയ സാഹിത്യദര്‍ശനങ്ങള്‍ അറിയാനാഗ്രഹിക്കുന്നവരെ അകറ്റിക്കളഞ്ഞു. ഇത്തരം എഴുത്തിലൂടെ കടന്നുപോകുമ്പോള്‍ മാതൃഭാഷ മലയാളമാണെന്ന ധാരണപോലും ഇവരില്‍ ചിലര്‍ക്ക് ഉണ്ടായിരുന്നോ എന്ന് സംശയിച്ചുപോകും.
മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രം ആരുണ്ടാക്കിയ പുകമറ?
മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രം സാഹിത്യരംഗത്ത് ആധിപത്യം നേടിയതാണ് ആധുനികകാലത്ത് ഭാരതീയമായ കലാദര്‍ശനത്തിന് പ്രാമുഖ്യം ലഭിക്കാതെ പോയതിനു കാരണം. മഹര്‍ഷി അരവിന്ദനും ആനന്ദ കുമാരസ്വാമിയും രബീന്ദ്രനാഥ ടാഗോറുമൊക്കെ ഭാരതീയ കലാദര്‍ശനങ്ങളെക്കുറിച്ച് ഗാഢമായ അഭിദര്‍ശനങ്ങള്‍ അവതരിപ്പിക്കുകയുണ്ടായെങ്കിലും, വ്യാമുഗ്ദ്ധമായ വാചാടോപങ്ങളിലൂടെ ഇവയൊക്കെ മറച്ചുപിടിക്കാന്‍ മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തിന്റെ വക്താക്കള്‍ക്ക് കഴിഞ്ഞു.
നിയതമായ അര്‍ത്ഥത്തില്‍ മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രം എന്നൊന്നില്ല എന്നതാണ് വിരോധാഭാസം. ആചാര്യന്മാരായ കാറല്‍ മാര്‍ക്‌സോ ഫ്രെഡറിക് ഏംഗല്‍സോ ലെനിനോ ഇങ്ങനെയൊരു സിദ്ധാന്തം മുന്നോട്ടുവച്ചിട്ടില്ല. മാര്‍ക്‌സ് ചില കവിതകള്‍ രചിച്ചിട്ടുണ്ട്. അരിസ്റ്റോക്രസിയുടെ വൈതാളികനായ ബല്‍സാക്ക്, ‘ഡിവൈന്‍ കോമഡി’ രചിച്ച ഇറ്റാലിയന്‍ കവി ദാന്തെ, ജര്‍മ്മന്‍ മഹാകവി ഗൊയ്‌ഥെ, സ്പാനിഷ് എഴുത്തുകാരന്‍ സെര്‍വാന്റീസ് എന്നിവരെ വായിച്ചിട്ടുണ്ട്. ഗ്രീക്ക് നാടകകൃത്തായ യൂറിപ്പിഡിസിന്റെ കൃതികള്‍ വര്‍ഷന്തോറും വായിച്ചാസ്വദിച്ചിരുന്നു. ഏംഗല്‍സ് ഒരു ഘട്ടത്തില്‍ കവിയാവാന്‍ തീരുമാനിച്ചിരുന്നുവത്രേ! ”ഒക്‌ടോബര്‍ വിപ്ലവത്തിന്റെ കണ്ണാടിയാണ് ടോള്‍സ്റ്റോയിയുടെ കൃതികള്‍” എന്നൊരു പരാമര്‍ശം ലെനിന്‍ നടത്തിയിട്ടുണ്ട്. ഇതിനൊക്കെ ഉപരി സര്‍ഗാത്മകതയുടെ രഹസ്യങ്ങള്‍ കണ്ടറിയാനോ, കലാവിഷ്‌കാരത്തിന്റെ രീതിവൈചിത്ര്യങ്ങള്‍ ആരായാനോ രേഖപ്പെടുത്താനോ ഇവരിലാര്‍ക്കും കഴിഞ്ഞില്ല.
”പുഷ്‌കിനെ എനിക്ക് മനസ്സിലാക്കാന്‍ കഴിയും. പുഷ്‌കിന്റേയും നെക്രാസോവിന്റെയും കൃതികള്‍ ഞാന്‍ ആസ്വദിക്കുന്നു. എന്നാല്‍ ഖേദപൂര്‍വം പറയട്ടെ, മയക്കോവ്‌സ്‌കിയെ എനിക്ക് മനസ്സിലാവുന്നേയില്ല” (1)എന്ന ലെനിന്റെ ഏറ്റുപറച്ചിലില്‍ നിന്നുതന്നെ മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തിന്റെ പരിമിതി ബോധ്യപ്പെടും. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുഭാവിയായിട്ടും, കവിയും നാടകകൃത്തും നടനുമൊക്കെ ആയിരുന്ന മയക്കോവ്‌സ്‌കി സോഷ്യലിസ്റ്റ് റിയലിസത്തെ അപ്പാടേ അംഗീകരിച്ചിരുന്നില്ല. ഇക്കാരണത്താല്‍ റഷ്യന്‍ തൊഴിലാളി വര്‍ഗ സാഹിത്യകാരന്മാരുടെ സംഘടന (ആര്‍എപിപി) മയക്കോവ്‌സ്‌കിയെ നിരന്തരം വിമര്‍ശിച്ചുപോരുകയും ചെയ്തു. ഭാഗ്യം, ബോറിസ് പാസ്റ്റര്‍നാക്കും സോള്‍ ഷെനിട്‌സനും അന്ന അഹ്മത്തോവയും സോവിയറ്റ് ഭരണകൂടത്തില്‍നിന്ന് അനുഭവിച്ച പീഡനങ്ങളും യാതനകളും മയക്കോവ്‌സ്‌കിക്ക് അനുഭവിക്കേണ്ടി വന്നില്ല. മുപ്പത്തിയേഴാമത്തെ വയസ്സില്‍ ഹൃദയത്തിലേക്ക് വെടിയുണ്ട പായിച്ച് മയക്കോവ്‌സ്‌കി ജീവിതം അവസാനിപ്പിച്ചു.
ഇഎംഎസ് മുതല്‍ ഈഗിള്‍ട്ടണ്‍ വരെ
”മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ദാര്‍ശനിക വീക്ഷണത്തിന്റെ ഒരു സവിശേഷരൂപമാണ് മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് സൗന്ദര്യശാസ്ത്രം” എന്നാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട് വിധിക്കുന്നത്. (2)ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ഭൗതികവാദമാണത്രേ ഇതിന്റെ അടിസ്ഥാനം. സമൂഹത്തിന്റെ പ്രതിഫലനമാണ് കല എന്ന നിലപാട് സ്വീകരിക്കുന്നതിലൂടെ സൗന്ദര്യത്തിന്റെ ആഴക്കാഴ്ചകളിലേക്കും അനുഭൂതികളിലേക്കുമുള്ള വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ് മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രം. സാമൂഹ്യശാസ്ത്രാധിഷ്ഠിതമായ സാഹിത്യ സങ്കല്‍പമാണിത്. കലയുടെ ധര്‍മം രാഷ്ട്രീയ പ്രചാരണമാണെന്നു വരുന്നത് വലിയൊരു പരിമിതിയാണ്.
കെ. ദാമോദരന്റെ ‘പാട്ടബാക്കി’യും ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’യും, ചെറുകാടിന്റെ ‘സ്‌നേഹബന്ധങ്ങള്‍’ മുതല്‍ ‘വാല്‍നക്ഷത്രം’വരെയും, കെപിഎസി അവതരിപ്പിച്ച ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ മുതലുള്ള നാടകങ്ങള്‍ കല പ്രചാരണത്തിനുവേണ്ടിയാണെന്ന മാര്‍ക്‌സിയന്‍ ധാരണ അരക്കിട്ടുറപ്പിച്ചു.
സോഷ്യലിസ്റ്റ് റിയലിസം അവസാന വാക്കല്ലെന്നും, മാര്‍ക്‌സിനും ഏംഗല്‍സിനും പുറകെ വന്നവര്‍ അത് വികസിപ്പിച്ചവരാണെന്നുമുള്ള അവകാശവാദത്തിന്, കലാപരമായ വീക്ഷണത്തിലൂടെ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോള്‍ നിലനില്‍പ്പില്ല. ഈ കുറവ് നികത്തുന്നതിനുവേണ്ടിയാണ് മാര്‍ക്‌സ്, ബല്‍സാക്കിനെയും മറ്റും വായിച്ചിരുന്നു, ‘പിന്തിരിപ്പന്‍’ ആയിരുന്നിട്ടും ടോള്‍സ്റ്റോയിയെ ലെനിന്‍ അംഗീകരിച്ചിരുന്നു എന്നൊക്കെ നിരര്‍ത്ഥകമായി ആവര്‍ത്തിക്കേണ്ടിവരുന്നത്. യഥാര്‍ത്ഥത്തില്‍ മാര്‍ക്‌സിന്റെ ബല്‍സാക്കു വായനതന്നെ മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തിന്റെ പൊള്ളത്തരമാണ് കാണിക്കുന്നത്.
മാര്‍ക്‌സ്, ലെനിന്‍ തുടങ്ങിയ ആചാര്യന്മാര്‍ക്ക് മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തിന് നല്‍കാന്‍ കഴിയാതിരുന്ന സംഭാവനകള്‍ കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് പില്‍ക്കാല വക്താക്കള്‍ നല്‍കിയിട്ടുണ്ടെന്ന് വാദിച്ചുറപ്പിക്കാന്‍ ശ്രമിക്കുന്നവരെ കാണാം. ലൂണാചാര്‍സ്‌കി, ജോര്‍ജ് ലുക്കാച്ച്, ബെര്‍തോര്‍ഡ് ബ്രഹ്ത്, വാള്‍ട്ടര്‍ ബെഞ്ചമിന്‍, ലൂയി അള്‍ത്തൂസര്‍, ആന്റോണിയോ ഗ്രാംഷി, റെയ്മണ്ട് വില്യംസ്, ടെറി ഈഗിള്‍ട്ടണ്‍ തുടങ്ങിയവരുടെ സിദ്ധാന്തങ്ങള്‍ ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവര്‍ക്കൊന്നും മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തിന്റെ അടിസ്ഥാനപരമായ പരിമിതികളെ മറികടക്കാനാവുന്നില്ല. സ്വകീയമായ ചില അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണ് ഇവരുടേത്. ക്ലാസിക്കല്‍ മാര്‍ക്‌സിസത്തോട് ചില ഘടകങ്ങളില്‍ ഇവര്‍ വിയോജിക്കുന്നുണ്ടാവാം. പക്ഷേ അതില്‍നിന്നുള്ള വിച്ഛേദം സാധിക്കുന്നില്ല. ഇതുകൊണ്ടുതന്നെ കല എന്തെന്ന് മൗലികമായി നിര്‍വചിക്കാന്‍ കഴിയാതാവുന്നു.
എതിരാളികളെയും മയക്കിയ സോഷ്യലിസ്റ്റ് റിയലിസം
ജീവല്‍ സാഹിത്യപ്രസ്ഥാനത്തിന്റെയും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെയും, പൊരുതുന്ന പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെയും കാലഘട്ടങ്ങളിലേതുപോലെ പ്രചണ്ഡമായ പ്രചാരണങ്ങളിലൂടെ മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തിന് ഉത്തരാധുനിക കാലത്തും പ്രസക്തിയുണ്ടെന്ന് ഒരു പരിധിവരെ വരുത്തിത്തീര്‍ക്കാന്‍ അതിന്റെ വക്താക്കള്‍ക്ക് കഴിയുന്നുണ്ടെങ്കിലും, ബുദ്ധിപരത മുറ്റിനില്‍ക്കുന്ന ഇക്കൂട്ടരുടെ സിദ്ധാന്തങ്ങളുടെ ഉപരിപ്ലവ സ്വഭാവം ചിന്താശേഷിയുള്ളവര്‍ക്ക് നിഷ്പ്രയാസം തിരിച്ചറിയാം. പ്രചാരണത്തിന്റെ ശക്തിയാല്‍ തങ്ങളുടെ എതിരാളികളെപ്പോലും സ്വാധീനിക്കാന്‍ പുരോഗമന സാഹിത്യപ്രസ്ഥാനക്കാര്‍ക്ക് കഴിഞ്ഞിരുന്നുവെന്ന് സമ്മതിക്കണം. ഇതിനുദാഹരണമാണ്, എസ്. ഗുപ്തന്‍ നായര്‍ ‘ഇസങ്ങള്‍ക്കപ്പുറം’ എന്ന കൃതിയില്‍ നടത്തുന്ന ഒരു നിരീക്ഷണം. ”സോഷ്യലിസ്റ്റ് റിയലിസത്തിന് സാഹിത്യത്തില്‍ ഒരു പ്രസക്തിയുമില്ലെന്ന് ഇപ്പറഞ്ഞതിന് അര്‍ത്ഥമില്ല. ഗോര്‍ക്കി വിഭാവനം ചെയ്ത സോഷ്യലിസ്റ്റ് റിയലിസം വിശാലതരമായിരുന്നു. ഏണസ്റ്റ് ഫിഷര്‍, ലുക്കാച്ച് തുടങ്ങിയ പില്‍ക്കാല മാര്‍ക്‌സിസ്റ്റ് ചിന്തകരുടെ റിയലിസ സങ്കല്‍പ്പവും വിശാലമായിരുന്നു. ഇടക്കാലത്തു വച്ചാണ് സങ്കുചിതത്വം ഈ സങ്കേതത്തെ മുരടിപ്പിച്ചത്” (3)എന്ന് ഗുപ്തന്‍ നായര്‍ എഴുതിയതില്‍ ധിഷണാപരമായ ദൗര്‍ബല്യമുണ്ട്.
പുരോഗമന സാഹിത്യകാരുടെ ശക്തവും സംഘടിതവുമായ കടന്നാക്രമണത്തെ ചെറുത്തവര്‍ കുറവായിരുന്നു. എതിര്‍പക്ഷം അസംഘടിതരായതാണ് ഇതിന് ഒരു കാരണം. സോഷ്യലിസ്റ്റ് റിയലിസത്തെ അംഗീകരിക്കാത്തവര്‍ പോലും നിശ്ശബ്ദത പാലിച്ചു. ഈ നിശ്ശബ്ദത പതിറ്റാണ്ടുകള്‍ നീണ്ടുനിന്നു. ഏതൊരു സാഹിത്യ രൂപത്തിന്റെയും അടിസ്ഥാനം രാഷ്ട്രീയമായിരിക്കണമെന്നും, സാഹിത്യധര്‍മം പ്രചാരണമായിരിക്കണമെന്നുമുള്ള മാര്‍ക്‌സിസ്റ്റ് ഫത്വ ലംഘിക്കാന്‍ ധീരത കാണിച്ച അപൂര്‍വം സര്‍ഗാത്മക സാഹിത്യകാരന്മാരില്‍ ഒരാള്‍ ഒ.വി. വിജയനായിരുന്നു. വിജയന്റെ കഥകള്‍ നന്നാവുന്നുണ്ട്. എന്നാലും പോരാ. ഇത്തിരികൂടി ഇങ്ക്വിലാബുള്ള എന്തെങ്കിലും എഴുതണമെന്ന് പി.ടി. ഭാസ്‌കരപ്പണിക്കര്‍ എന്ന ഇടതു ബുദ്ധിജീവി പറഞ്ഞപ്പോള്‍ വിജയന്‍ ക്രൂരമായിത്തന്നെയാണ് പരിഹസിച്ചത്: ”കാറല്‍ മാര്‍ക്‌സിനോളമില്ലെങ്കിലും, സയ്യദ് മിയാന്‍ ഷെയ്ഖ് കേരളത്തില്‍ സാമാന്യം ജനപ്രീതി നേടിയ മുന്തിയ പ്രേതമാണിന്ന്” എന്നായിരുന്നു വിജയന്റെ മറുപടി. മാര്‍ക്‌സിസം എന്നേ മണ്ണടിഞ്ഞുവെന്നും, ഇങ്ക്വിലാബ് എന്നത് അശ്ലീല വാക്കാണെന്നും തുറന്നടിക്കുകയായിരുന്നു വിജയന്‍. ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിലെ ഒരു കഥാപാത്രമാണ് ഈ സയ്യദ് മിയാന്‍ ഷെയ്ഖ്.
വിശാലമായിരുന്നുവെന്ന് എസ്. ഗുപ്തന്‍ നായര്‍ പറയുന്ന സോഷ്യലിസ്റ്റ് റിയലിസത്തിന്റെ വക്താവായിരുന്ന മാക്‌സിം ഗോര്‍ക്കിതന്നെയാണ് റഷ്യ സാഹിത്യത്തിനുമേല്‍ ഔദ്യോഗികമായി കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയ കാലത്ത് (1934) പാരീസിലെ ഫാസിസ്റ്റ് വിരുദ്ധ യോഗത്തില്‍ എഴുത്തുകാരുടെ പ്രതിനിധിയായി പങ്കെടുത്തത്. ഈ ഫാസിസ്റ്റ് വിരുദ്ധ യോഗത്തിന്റെ തീരുമാനങ്ങളാണ് ഇന്ത്യയിലേയും കേരളത്തിലേയും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ആധാരശില. ഗോര്‍ക്കിയന്‍ സോഷ്യലിസ്റ്റ് റിയലിസത്തിന്റെ വിശാലത എത്രയെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. ഇതേ ഗോര്‍ക്കി പില്‍ക്കാലത്ത് സ്റ്റാലിനിസത്തിന്റെ ഇരയായി എന്നത് മറ്റൊരു കഥ.
മാക്‌സിം ഗോര്‍ക്കിയുടെ അമ്മ, മിഖായേല്‍ ഷോളോക്കോവിന്റെ ഡോണ്‍ ശാന്തമായൊഴുകുന്നു എന്നീ നോവലുകളും, മയക്കോവ്‌സ്‌കിയുടെ കവിതകളും സോഷ്യലിസ്റ്റ് റിയലിസത്തിന്റെ ഉദാത്തമാതൃകകളായി വാഴ്ത്തിപ്പാടാറുണ്ട്. മയക്കോവ്‌സ്‌കിയുടെ കവിതകള്‍ സോഷ്യലിസ്റ്റ് റിയലിസത്തിന്റെ മാതൃകയെങ്കില്‍ അത് തീര്‍ച്ചയായും ആചാര്യനായ ലെനിന് മനസ്സിലാവണം. ഇതേ ലെനിനാണ് ”മയക്കോവ്‌സ്‌കിയെ എനിക്ക് മനസ്സിലാവുന്നേയില്ല” എന്ന് ഏറ്റുപറഞ്ഞത്. മുല്‍ക്ക് രാജ് ആനന്ദിന്റെ അസ്പൃശ്യര്‍, കൂലി, മലയാളത്തില്‍ തകഴിയുടെ രണ്ടിടങ്ങഴി, പി. കേശവദേവിന്റെ ഓടയില്‍നിന്ന്, ചെറുകാടിന്റെ മുത്തശ്ശി എന്നീ കൃതികള്‍ സോഷ്യലിസ്റ്റ് റിയലിസത്തിന്റെ പട്ടികയില്‍പ്പെടുത്താറുണ്ട്.
ഇത്തരം കൃതികള്‍ക്ക് രാഷ്ട്രീയ കാരണങ്ങളാല്‍ ഇല്ലാത്ത മഹത്വം കല്‍പ്പിക്കപ്പെടുകയായിരുന്നു. ചരിത്രപരമായ പ്രസക്തി അവകാശപ്പെടാനാവുമെങ്കിലും കലയുടെ ഉന്നതമായ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി മൂല്യനിര്‍ണയം ചെയ്യുമ്പോള്‍ ഈ കൃതികള്‍ വല്ലാതെ നിറംമങ്ങിപ്പോകുന്നത് കാണാം. മലയാള സാഹിത്യത്തിന് വലിയ ഉണര്‍വ് നല്‍കിയെങ്കിലും വിക്ടര്‍ യൂഗോവിന്റെ ‘പാവങ്ങള്‍’ എന്ന ക്ലാസിക്കിനുപോലുമുണ്ട് ഈയൊരു പരിമിതി. ആസ്വാദനവും കടന്ന് കല അനുഭൂതിയാകുന്നില്ല എന്നതാണ് കാരണം.
കാവ്യമീമാംസകര്‍ക്ക് കല കലയ്ക്കുവേണ്ടിയല്ല
കലയെ നിര്‍വചിക്കുന്നതില്‍ മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തിനുള്ള പരിമിതികള്‍ ഭാരതീയ കാവ്യമീമാംസകര്‍ക്ക്/കലാദാര്‍ശനികര്‍ക്ക് ഇല്ല. പില്‍ക്കാലത്തേതുപോലെ കവിയെ കവിത എഴുതുന്നയാളായും, കാവ്യത്തെ കവിത മാത്രമായുമല്ല ഭാരതീയ കാവ്യമീമാംസകര്‍ കാണുന്നത്. അവര്‍ക്ക് കവി, കാവ്യം എന്നാല്‍ യഥാക്രമം എഴുത്തുകാരനും വിവിധതരത്തിലുള്ള രചനകളുമാണ്. കവിക്ക് നല്‍കിയിരിക്കുന്ന ഒന്നിലധികം നിര്‍വചനങ്ങളില്‍നിന്നുതന്നെ ഇത് വ്യക്തമാണ്.
”നാനൃഷി കവിരിത്യുക്തം ഋഷിശ്ച കിലദര്‍ശനാത്” (ഋഷിയല്ലാത്തവന്‍ കവിയല്ലെന്ന് പറയപ്പെടുന്നു. കടന്നു കാണുന്നവനാണ് ഋഷി) ഇതാണ് കവി ആരെന്നതിന്റെ ഒരു നിര്‍വചനം. ”കവി ക്രാന്തദര്‍ശനഃ” എന്നും ”കവിര്‍ മേധാവാന്‍” എന്നും നിരുക്തകാരനായ യാസ്‌കന്‍ കവിയെ വിശേഷിപ്പിക്കുന്നു. കടന്നു കാണുന്നവന്‍, ബാഹ്യപ്രപഞ്ചത്തിനപ്പുറത്തെ സത്യമറിയുന്നവന്‍ എന്നര്‍ത്ഥം. ”അപാരേ കാവ്യ സംസാരേ കവിരേവ പ്രജാപതി” എന്ന് ‘ധ്വന്യാലോകം’ രചിച്ച ആനന്ദവര്‍ധനന്‍ നിര്‍വചിക്കുന്നു. കാവ്യസംസാരത്തിലെ രാജാവാണ് കവി എന്നു ചുരുക്കം.
എന്താണ് കാവ്യമെന്ന് നിര്‍വചിക്കുമ്പോഴും കൃത്യവും സൂക്ഷ്മവും അതേസമയം വൈവിധ്യപൂര്‍ണവുമായ സമീപനമാണ് ഭാരതീയ കാവ്യമീമാംസകര്‍ സ്വീകരിക്കുന്നത്. മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തിന്റെ വക്താക്കള്‍ ”അനവധി മുഖങ്ങളും അനവധി തലങ്ങളുമുള്ള ജീവിതമെന്ന വസ്തുവും കലാകാരനെന്ന വ്യക്തിയുടെ വിശിഷ്ടമായ ചിത്തവും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധം…” (4)എന്ന് പറഞ്ഞൊപ്പിക്കുന്നതിലെ കൃത്യതയില്ലായ്മയും അര്‍ത്ഥരാഹിത്യവും ഭാരതീയ കലാദാര്‍ശനികര്‍ക്കില്ല. പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങള്‍ ആക്ഷേപിച്ചതുപോലെ കല കലയ്ക്കുവേണ്ടിയാണെന്ന് ഇവരിലാരും വാദിച്ചിട്ടും വ്യാഖ്യാനിച്ചിട്ടുമില്ല. എതിരാളികള്‍ പറയാത്തതും ചിന്തിക്കാത്തതുമായ കാര്യങ്ങള്‍ അവര്‍ക്കുമേല്‍ കെട്ടിവച്ച് അതിന് മറുപടി പറഞ്ഞ് ആളാവുന്ന ഇഎംഎസിനെപ്പോലുള്ളവരുടെ രീതിയല്ല, പൂര്‍വപക്ഷത്തോട് തികഞ്ഞ ആദരവുപുലര്‍ത്തിക്കൊണ്ടുതന്നെ വിയോജിച്ചിരുന്ന ഭാരതീയ ആചാര്യന്മാരുടേത്.
ഒരൊറ്റ സര്‍ഗാത്മക കൃതിയെങ്കിലും ആസ്വദിച്ചുവെന്നതിന് തെളിവില്ലാത്ത ഇ.എം.എസ്. നമ്പൂതിരിപ്പാടാണ് പുരോഗമന സാഹിത്യത്തിനുവേണ്ടി പടനയിച്ചത്. സര്‍ഗാത്മക മനസ്സുള്ള കെ. ദാമോദരനും എം.എസ്. ദേവദാസുമൊക്കെ പിന്നണിയിലായിപ്പോയി. ‘യാന്ത്രികബുദ്ധി’ ആയിരുന്ന ഇഎംഎസ് സാഹിത്യത്തെക്കുറിച്ച് പറഞ്ഞുവച്ച വരട്ടുവാദങ്ങള്‍ക്കപ്പുറം പോകാന്‍ മാര്‍ക്‌സിസത്തിന്റെ ശവക്കുഴിയില്‍നിന്ന് ഉയര്‍ന്നുവന്ന ഉത്തരാധുനികതയുടെ വക്താക്കളായ എഴുത്തുകാര്‍പോലും ഭയക്കുന്നു എന്നതാണ് ദുരന്തം.
കലയുടെ പൊരുളറിഞ്ഞ കാവ്യാചാര്യന്മാര്‍
”തദദോഷൗ ശബ്ദാര്‍ത്ഥന സുഗുണാവനലംകൃതീ പുനഃകാപി” എന്നാണ് ‘കാവ്യപ്രകാശം’ എന്ന തന്റെ കൃതിയില്‍ മമ്മടഭട്ടന്‍ നിര്‍വചിക്കുന്നത്. ”ദോഷരഹിതമായതും, മാധുര്യം, ഓജസ്സ്, പ്രസാദം എന്നീ ഗുണങ്ങളാല്‍ സമ്പന്നമായതും, അലങ്കാര വിശിഷ്ടവുമായ ശബ്ദാര്‍ത്ഥ സഹിതത്വം ആണ് കാവ്യം” എന്നര്‍ത്ഥം. സാഹിത്യത്തെ ഉത്തമം, മധ്യമം, അധമം എന്ന് മമ്മടന്‍ വിഭജിക്കുന്നു. ഇത് യഥാക്രമം വ്യംഗപ്രധാനമായത്, വ്യംഗം അപ്രധാനമായത്, വ്യംഗം തീരെയില്ലാത്തത് എന്നീ അര്‍ത്ഥത്തിലാണ്. പാശ്ചാത്യ സാഹിത്യ രൂപമായ നോവലടക്കം ഏതു ദേശത്തെയും കാലത്തെയും കലാസാഹിത്യത്തെ ഈ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി മൂല്യനിര്‍ണയം ചെയ്യാനാവും. വാമനന്‍ മുന്നോട്ടുവച്ച ”കാവ്യത്തിന്റെ ആത്മാവാണ് രീതി”(രീതിരാത്മ കാവ്യസ്യ) (5) എന്ന സിദ്ധാന്തംവച്ച് ഷേക്‌സ്പിയര്‍ കൃതികളേയും വിലയിരുത്താമെന്ന് മാമ്പുഴ കുമാരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കവിതയും നാടകവുമാണ് സംസ്‌കൃതത്തിലെ സാഹിത്യരൂപങ്ങള്‍. നാടകംതന്നെ കാവ്യരൂപത്തിലുമാണ്. ഇവയെ ഉപജീവിച്ച് ആവിഷ്‌കരിക്കപ്പെട്ട കലാദര്‍ശനങ്ങള്‍ക്ക് നോവല്‍ വഴങ്ങില്ല എന്ന ധാരണ ശരിയല്ല. വികാരങ്ങളുടെ ഗദ്യാവിഷ്‌കാരമാണ് നോവല്‍. വാച്യാര്‍ത്ഥത്തിന്റെ ചാരുതയെക്കുറിച്ചും വാചകവൈചിത്ര്യത്തെക്കുറിച്ചുമുള്ള മമ്മടഭട്ടന്റെ ആശയങ്ങള്‍ നോവല്‍ നിരൂപണത്തിന് ഉപയോഗപ്പെടുത്താം.
ജീവിതത്തിന്റെ പ്രതിഫലനമാണ് സാഹിത്യം എന്ന അബദ്ധ പ്രസ്താവം നടത്തി, പിന്നീട് അത് ശരിയാണെന്ന് വരുത്താന്‍ അബദ്ധങ്ങള്‍ ആവര്‍ത്തിക്കേണ്ടിവരുന്ന ഗതികേട് ഭാരതീയ കലാചാര്യന്മാര്‍ക്കില്ല. ക്രിസ്തുവിന് മുന്‍പ് ജീവിച്ചിരുന്നയാളും നാട്യശാസ്ത്രത്തിന്റെ രചയിതാവുമായ ഭരതമുനി മുതല്‍ കലാദാര്‍ശനികരുടെ ഒരു പരമ്പര തന്നെ ഭാരതത്തിലുണ്ടായിട്ടുണ്ട്. രതി, ഹാസം, ശോകം, ക്രോധം, ഉത്സാഹം, ഭയം, ജുഗുപ്‌സ, വിസ്മയം എന്നിങ്ങനെ എട്ട് സ്ഥായിഭാവങ്ങളെക്കുറിച്ചും, ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അദ്ഭുതം എന്നീ രസങ്ങളെക്കുറിച്ചും നാട്യശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നു.
ഭരതമുനിയെക്കൂടാതെ, ധ്വനിയാണ് കാവ്യത്തിന്റെ ആത്മാവ് എന്നു സ്ഥാപിച്ച ആനന്ദവര്‍ധനന്‍, അരങ്ങിന്റെ സാധ്യതകള്‍ ഉപയോഗിച്ച് രസം എന്തെന്ന് വ്യാഖ്യാനിച്ച ഭട്ടലോല്ലടന്‍, രസം എന്നത് പരോക്ഷജ്ഞാനമല്ല, പ്രത്യക്ഷജ്ഞാനമാണെന്ന് വ്യാഖ്യാനിച്ച ശങ്കുകന്‍, രസാനുഭവം ആസ്വാദന പ്രക്രിയയിലൂടെ മാത്രമേ സാധ്യമാകുന്നുള്ളൂ എന്ന തത്ത്വത്തിന്റെ ഉപജ്ഞാതാവ് ഭട്ടനായകന്‍, രസം അനുകരണ രൂപമായിരിക്കുന്നില്ലെന്ന് വാദിച്ച ഭട്ടതൗതന്‍, രസാസ്വാദനം പ്രതീതി രൂപത്തിലേ ഉണ്ടാകുന്നുള്ളൂവെന്ന് സമര്‍ത്ഥിച്ച അഭിനവഗുപ്തന്‍, ആനന്ദവര്‍ധനന്റെ രസൗചിത്യത്തെ അതിന്റെ സൂക്ഷ്മ തത്ത്വത്തില്‍നിന്നും സ്ഥൂലഘടകങ്ങളിലേക്ക് വ്യാപിപ്പിച്ച ക്ഷേമേന്ദ്രന്‍, സ്വതന്ത്രമായും യുക്തിഭദ്രമായും ധ്വനി സിദ്ധാന്തത്തെ വ്യാഖ്യാനിച്ച മഹിമഭട്ടന്‍, സ്വഭാവോക്തിയെക്കുറിച്ചുള്ള നിഗമനങ്ങള്‍ മുന്നോട്ടുവച്ച കുന്തകന്‍, രീതി കാവ്യത്തിന്റെ ആത്മാവാണെന്ന് സിദ്ധാന്തിച്ച വാമനന്‍, രസധ്വനിയുടെ ദര്‍ശന സാധ്യതകള്‍ പുനരവതരിപ്പിക്കാന്‍ ശ്രമിച്ച വിശ്വനാഥ കവി രാജനും ജഗന്നാഥ പണ്ഡിതരാജനും എന്നിങ്ങനെ ഭാരതീയമായ സൗന്ദര്യദര്‍ശനത്തിന് കാലങ്ങളിലൂടെ പുത്തന്‍ അര്‍ത്ഥതലങ്ങള്‍ നല്‍കിയവര്‍ നിരവധിയാണ്.
എഴുത്തുകാരന്റെ മരണവും മരിക്കാത്ത സഹൃദയനും
കൃതിയുടെ രൂപം, ഉള്ളടക്കം, കാവ്യധര്‍മം എന്നിവയെക്കുറിച്ചൊക്കെ ഭാരതീയ കാവ്യ മീമാംസകര്‍ മുന്നോട്ടുവച്ചിട്ടുള്ള ദര്‍ശനങ്ങളുടെ അരികു തൊടാന്‍ പോലും മാര്‍ക്‌സിസ്റ്റ് സൗന്ദര്യദര്‍ശനം എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട സിദ്ധാന്തങ്ങള്‍ക്ക് കഴിയില്ല. പക്ഷേ ജീവല്‍ സാഹിത്യത്തിന്റെയും പുരോഗമന സാഹിത്യത്തിന്റെയും വക്താക്കളുടെ വെല്ലുവിളി ഏറ്റെടുത്ത് അവര്‍ക്ക് മറുപടി പറയുന്ന തിരക്കില്‍ പലരും ഈ സത്യം വിസ്മരിച്ചു. കുട്ടികൃഷ്ണമാരാരുപോലും ഈ കെണിയില്‍ വീണുപോയി. സാഹിത്യം ‘വിദ്യ’യും കല അതിലെ ‘കലര്‍പ്പും’ ആണെന്ന മാരാരുടെ വാദം ഭാരതീയ കലാദര്‍ശനം യഥാവിധി പ്രതിഫലിപ്പിക്കുന്നതായിരുന്നോ എന്ന സംശയമുണ്ട്. ”മാരാര് പുരോഗമന സാഹിത്യത്തിനെതിരായ തന്റെ മികച്ച പടക്കോപ്പുകള്‍ പുറത്തെടുക്കുന്നതിന് അത്യധികം ഉത്സാഹം കാണിച്ചില്ല” (6)എന്ന് എം.ആര്‍. ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടുന്നത് ഇവിടെ ഓര്‍ക്കാം. എന്നുമാത്രമല്ല, വാല്മീകിയേയും വ്യാസനേയും വരെ ചോദ്യം ചെയ്ത മാരാരുടെ ധിഷണാധാര്‍ഷ്ട്യം പുരോഗമനക്കാര്‍ക്ക് ഒരു പരിധിവരെ സുഖിക്കുകയും ചെയ്തു. മലയാളത്തില്‍ ഡോ. കെ. ഭാസ്‌കരന്‍ നായര്‍ മാത്രമാണ് വേറിട്ട വഴി തെരഞ്ഞെടുത്ത് ഭാരതീയ വീക്ഷണത്തില്‍ കലയെക്കുറിച്ച് ചില മൗലികമായ ആശയങ്ങള്‍ അവതരിപ്പിച്ചത്. അസ്തിത്വദുഃഖവും മറ്റും ചുമന്നുനടന്ന ആധുനികതയുടെ വക്താക്കളായ നിരൂപകര്‍ ഭാരതീയ കലാദര്‍ശനത്തെക്കുറിച്ച് അജ്ഞരായിരുന്നു. ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷം’ പകര്‍ത്തിവച്ച അവര്‍ ഫ്രാന്‍സ് കാഫ്ക, അല്‍ബേര്‍ കാമു, ജീന്‍ പോള്‍ സാര്‍ത്ര് തുടങ്ങിയ പാശ്ചാത്യമൂര്‍ത്തികളെ ഉപാസിക്കുന്നതില്‍ നിര്‍വൃതികൊണ്ടു.
ആരാണ് സഹൃദയന്‍ എന്ന് നിര്‍വചിക്കുന്നതില്‍ നിന്നുതന്നെ ഭാരതീയ കലാദര്‍ശനത്തിന്റെ ആഴം മനസ്സിലാക്കാം. മാര്‍ക്‌സിസ്റ്റ്-പാശ്ചാത്യ സാഹിത്യ സൈദ്ധാന്തികര്‍ വായനക്കാരനപ്പുറം പോകുന്നില്ല. കവിയുടെ (കൃതിയുടെ) ജീവരഹസ്യങ്ങളറിയുന്നവനാണ് സഹൃദയന്‍. ഉള്ളടക്കത്തില്‍ ചിലപ്പോള്‍ കവിക്കുപോലും വെളിപ്പെട്ടു കിട്ടാത്ത ലാവണ്യരഹസ്യങ്ങള്‍ സഹൃദയന്‍ കണ്ടെടുക്കുന്നു. കുഞ്ഞിന് ജന്മം നല്‍കുന്ന മാതാപിതാക്കളറിയാത്ത ഗര്‍ഭരഹസ്യങ്ങള്‍ ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ തിരിച്ചറിയുന്നതുപോലെയാണിത്.
അഭിനവ ഗുപ്തന്റെ നിര്‍വചനം ഇവിടെ പ്രസക്തമാണ്.
”യേഷാം കാവ്യാനുശീലനാഭ്യാസവശാത്
വിശദീഭൂതേ മനോമുകുരേ
വര്‍ണനീയ തന്മയീഭവനയോഗ്യതാ
തേ സഹൃദയ സംവാദ ഭാജഃ സഹൃദയാ”
നിരന്തരമായ കാവ്യാനുശീലനത്താല്‍ മനോദര്‍പ്പണം തെളിഞ്ഞ് കൃതിയുടെ ഉള്ളടക്കവുമായി താദാത്മ്യം പ്രാപിക്കുവാന്‍ കഴിവുനേടിയവനും, സ്വഹൃദയത്തോടെ സംവദിക്കുന്നവനുമാണ് സഹൃദയന്‍ എന്ന് ഇതിന് അര്‍ത്ഥം പറയാം. വാസ്തവത്തില്‍ ഫ്രഞ്ച് സാഹിത്യ സൈദ്ധാന്തികനായ റൊളാണ്ട് ബാര്‍ത്തസ് അവതരിപ്പിക്കുന്ന ‘എഴുത്തുകാരന്റെ മരണം’ എന്ന ആശയത്തെക്കാള്‍ എത്രയോ ഉദാത്തവും അര്‍ത്ഥപൂര്‍ണവുമാണ് സഹൃദയന്‍ എന്ന സങ്കല്‍പം. ”സമാനഹൃദയ, നിനക്കായ് പാടുന്നു ഞാന്‍” എന്ന് സുഗതകുമാരി എഴുതിയതില്‍ ആഴമേറിയ അര്‍ത്ഥതലമുണ്ട്.
രണ്ടാമൂഴക്കാരന്‍ കാണാത്ത തത്ത്വം
ഭാരതീയ കലാദര്‍ശനം ഉള്ളടക്കത്തില്‍ ഊന്നുന്നതല്ല, രൂപാലങ്കാരങ്ങളില്‍ തളച്ചിടപ്പെട്ടതാണെന്ന വിമര്‍ശനം ശുദ്ധ ഭോഷ്‌ക്കാണ്. പാഠംപോലെ പ്രധാനമാവണം രൂപവും എന്നതില്‍ ഭാരതീയ കലാചാര്യന്മാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഭക്ഷണം നന്നായാല്‍ മാത്രം പോരാ അത് വിളമ്പുന്ന പാത്രവും ശുദ്ധിയുള്ളതാവണമെന്ന് രൂപഭദ്രതാ വിവാദ കാലത്ത് മഹാകവി വള്ളത്തോള്‍ നല്‍കിയ മറുപടി ഇവിടെ ഓര്‍ക്കാവുന്നതാണ്. കാവ്യത്തിന്റെ/എഴുത്തിന്റെ സാമൂഹ്യധര്‍മത്തെക്കുറിച്ച് കാവ്യമീമാംസകര്‍ക്ക് പുര്‍ണ ബോധ്യമുണ്ടായിരുന്നു. ശബ്ദംപോലെതന്നെ അര്‍ത്ഥവും കാവ്യഘടകമാണ്. ‘യത്രാര്‍ത്ഥ ശബ്‌ദോവ…’ എന്ന് ‘വ്യക്തിവിവേകം’ എഴുതിയ മഹിമഭട്ടന്‍ ചൂണ്ടിക്കാട്ടുന്നു. ജീവിതത്തിന്റെ അനുകരണമാണ് കാവ്യമെന്ന് വിശ്വസിക്കുന്ന മഹിമഭട്ടന്‍ ലോകജീവിതത്തെ അപേക്ഷിച്ച് കൃതിക്ക് യാതൊരു പ്രത്യേകതയും ഇല്ലെന്നുവരെ പറഞ്ഞുവയ്ക്കുന്നുണ്ട്. ഇവിടെ എന്താണ് ജീവിതം എന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്നു മാത്രം. സഹൃദയനില്‍ സ്ഥിരമായിരിക്കുന്ന സ്ഥായിഭാവങ്ങളെ അഭിനവഗുപ്തന്‍ ലൗകികമായി കാണുമ്പോഴും കേവലമായ സങ്കല്‍പ്പ സ്വര്‍ഗത്തില്‍ വിഹരിക്കുന്നവരല്ല ഭാരതീയ കാവ്യമീമാംസകര്‍ എന്നുവരുന്നു. ഭാരതീയസാഹിത്യത്തില്‍ കാളിദാസനു മാത്രമല്ല, ശൂദ്രകനുമുണ്ട് അര്‍ഹമായ സ്ഥാനം. മലയാളത്തില്‍ എഴുത്തച്ഛനോടൊപ്പം കുഞ്ചന്‍ നമ്പ്യാരുമുണ്ടല്ലോ.
പ്രസിദ്ധമായ ഇതിവൃത്തമാണെങ്കില്‍കൂടി, രസോചിതമായ സന്ദര്‍ഭങ്ങള്‍ ചേര്‍ത്ത് പ്രമേയം നവീകരിക്കാമെന്ന് ആനന്ദവര്‍ധനന്‍ നിര്‍ദ്ദേശിക്കുന്നിടത്ത് എഴുത്തുകാരന്റെ സര്‍ഗാത്മക സ്വാതന്ത്ര്യമാണ് സാക്ഷ്യപ്പെടുത്തുന്നത്. ഇതിഹാസങ്ങളുടെ പുനഃസൃഷ്ടി ഇതിലൂടെ സാധ്യമാകുന്നു. പല കോണുകളില്‍നിന്ന് വിമര്‍ശനം ഏറ്റുവാങ്ങിയ മലയാളത്തിലെ ‘രണ്ടാമൂഴ’ക്കാരന്‍ പോലും ശ്രദ്ധിക്കാതെ പോയ കാര്യമാണിത്. പക്ഷേ, ഗാന്ധിയന്‍ പക്ഷത്തുനിന്ന് ‘പുരോഗമന പക്ഷത്ത്’ എത്തിയ തായാട്ടു ശങ്കരന്‍ ചൂണ്ടിക്കാട്ടുന്ന പോലെ, പായലുകളെപ്പോലെ ”ജലപ്പരപ്പില്‍ പാറിക്കിടക്കുന്ന നോവലുകള്‍ക്ക്” (7)ഭാരതീയമായ കലാതത്ത്വമൊന്നും ബാധകമായെന്നുവരില്ല.
കാവ്യനിര്‍വചനത്തില്‍ വ്യത്യസ്തത പുലര്‍ത്തുമ്പോഴും കാവ്യലക്ഷ്യം എന്ത് എന്നതില്‍ ഭാരതീയ കാവ്യമീമാംസകര്‍ പൊതുനിലപാട് സ്വീകരിക്കുന്നതു കാണാം. കലയുടെ ആത്യന്തിക ലക്ഷ്യം മോക്ഷമാണ്. യോഗി ആത്മീയാനുഭൂതി നുകരുന്നതുപോലെ കവിക്കും സര്‍ഗസൃഷ്ടിയിലൂടെ ഇതിനു കഴിയും. യോഗി കൈവല്യ മാര്‍ഗത്തിലൂടെ നെടുകെ സഞ്ചരിക്കുമ്പോള്‍ കലാകാരന്‍ വഴിവക്കിലെ സൗന്ദര്യം ആസ്വദിച്ച് അലസഗമനം നടത്തുന്നു എന്നുപറയാം. കലയിലൂടെ സത്യ ശിവസൗന്ദര്യങ്ങള്‍ അന്വേഷിക്കുകയും സാക്ഷാത്കരിക്കുകയുമാണ് കവി ചെയ്യുന്നത്. സഹൃദയനും ഇത് സാധിക്കുമെന്നിടത്താണ് ഭാരതീയ കലാദര്‍ശനത്തിന്റെ മഹത്വം കുടികൊള്ളുന്നത്. ചില പാശ്ചാത്യ കലാകാരന്മാരും ഇതിന്റെ ചില കിരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.” I want to be a poet, and I am working to make myself a seer”(ഞാന്‍ ഒരു കവിയായിരിക്കാന്‍ ആഗ്രഹിക്കുകയും സന്യാസിയാവാന്‍ ശ്രമിക്കുകയും ചെയ്യുന്നു) എന്ന് ഫ്രഞ്ച് കവി ആര്‍തര്‍ റിംബോ പറയുമ്പോള്‍ ഇതാണ് സൂചിപ്പിക്കുന്നത്.
ഷേക്‌സ്പിയര്‍ മറന്നതും ഗൊയ്‌ഥെ പറഞ്ഞതും
ഭാരതീയകല ആവേഗംകൊള്ളുന്നത് ആത്മവിദ്യയിലേക്കാണ്. ശരിയായി ഉള്‍ക്കൊണ്ട് ശരിയായി പ്രയോഗിക്കുന്ന വാക്ക് പ്രയോക്താവിനെ സ്വര്‍ഗത്തിലെത്തിക്കും (ഏകഃ ശബ്ദഃ സമ്യക്ജാതഃ സുപ്രയുക്തഃ സ്വര്‍ഗ്ഗേ ലോകേ ച കാമധുക് ഭവതി) എന്നാണ് മഹാഭാഷ്യകാരനായ പതഞ്ജലി ഉദ്‌ബോധിപ്പിക്കുന്നത്. അഭിനവ ഗുപ്തന്‍ രസാസ്വാദനത്തെ അലൗകികമായ ആനന്ദമായി നിര്‍വചിക്കുന്നുണ്ട്. ഉപനിഷത്തുകളില്‍ വ്യക്തിയുടെ ജീവചൈതന്യത്തിന്റെ ആത്മസ്ഥാനമായി രസത്തെ കാണുന്നതുപോലെയാണ് സാഹിത്യദര്‍ശനത്തിലെ രസത്തിന്റെ സ്ഥാനവും. സത്വഗുണപ്രധാനമായ രസാസ്വാദം പരംപൊരുളിന്റെ സാക്ഷാത്കാരത്തിന് തുല്യമായ അനുഭവമാണ് സഹൃദയന് നല്‍കുന്നതെന്ന് ഭട്ടനായകന്‍ പറയുന്നു. ജീവിതത്തെ വെറും വസ്തുവായി കാണുന്ന മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തിന്റെ വക്താക്കള്‍ക്ക് ഇതൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞെന്നുവരില്ല.
ആത്മവിദ്യയുടെ അടിസ്ഥാനത്തില്‍ മാത്രമേ കലയെ തൃപ്തികരമായി വ്യാഖ്യാനിക്കാവൂ. എഴുത്തുകാരന്റെ സൃഷ്ടിപ്രക്രിയയെ ഹിമാലയ യാത്രയോട് ഉപമിക്കാം. തീര്‍ത്ഥജലമൊഴുകുന്ന നദികളും, ആകാശം ചുംബിച്ചു നില്‍ക്കുന്ന ഹിമശൃംഗങ്ങളും, ധ്യാനനിരതമായി നിലകൊള്ളുന്ന ദേവദാരു വൃക്ഷങ്ങളും യാത്രയില്‍ മനസ്സിനെ വ്യാമുഗ്ദ്ധമാക്കും. എന്നാല്‍ യഥാര്‍ത്ഥ തീര്‍ത്ഥാടകന്റെ ലക്ഷ്യം മാനസരോവരവും കടന്നുള്ള കൈലാസദര്‍ശനമായിരിക്കും. താമരവളയങ്ങള്‍മാത്രം ഭക്ഷിച്ച് സ്വര്‍ണ നിറമാര്‍ന്ന അരയന്നങ്ങള്‍ നീന്തിക്കളിക്കുന്ന മാനസരോവരം ഭാഷയില്‍ തെറ്റായി ഉച്ചരിക്കുന്നതുപോലെ ‘മാന(സ)സരോവരം’ കൂടിയാണ്. അനന്തതയിലേക്കുള്ള വാതില്‍ തുറന്നുകിട്ടുന്ന കൈലാസദര്‍ശനം കവിക്ക് സ്വന്തം ആത്മാവില്‍ സാക്ഷാത്കരിക്കാം. ഇവിടെയാണ് കവി ഋഷിയും കവിത മന്ത്രവുമാകുന്നത്.
കലയിലൂടെ കൈവല്യം, മോക്ഷം എന്നതിലാണ് ഭാരതീയ കലാദര്‍ശനത്തിന്റെ പൂര്‍ണത. ഉദാത്തമായ കൃതികളാണ് ഇതിന് അവലംബം. ഇവിടെയാണ് പാശ്ചാത്യ സാഹിത്യത്തില്‍നിന്ന് പൗരസ്ത്യ-ഭാരതീയ സാഹിത്യം വ്യത്യസ്തമാകുന്നത്. നാടകീയമായ മുഹൂര്‍ത്തങ്ങളിലൂടെ സഹൃദയന്റെ വൈകാരിക തലത്തെ ഇളക്കിമറിക്കുന്ന വില്യം ഷേക്‌സ്പിയറുടെയും, പാപഗ്രസ്തമായ മനുഷ്യജീവിതത്തിലെ അസാധാരണ മുഹൂര്‍ത്തങ്ങളെ ആവിഷ്‌കരിക്കുന്ന ദസ്തയേവ്‌സ്‌കിയുടെയും കൃതികള്‍ എത്ര ആവൃത്തി വായിച്ചാലും സഹൃദയന് ശാന്തി നല്‍കില്ല. ഷേക്‌സ്പിയര്‍ കൃതികളുടെ ദാര്‍ശനികാടിത്തറ ബൈബിളാണ്. ഷേക്‌സ്പിയര്‍ കൃതികള്‍ മനസ്സിലാവണമെന്നുണ്ടെങ്കില്‍ “”There should be Bible in your blood ” എന്നൊരു ചൊല്ലുതന്നെയുണ്ട്. ‘ഭ്രാന്താലയത്തിലെ ഷേക്‌സ്പിയര്‍’ എന്ന് വിളിപ്പേരുള്ള ദസ്തയേവ്‌സ്‌കി മരണശയ്യയില്‍ കിടന്ന് മകന് കൈമാറിയത് ഒരു ബൈബിളായിരുന്നു. ബൈബിളിന്റെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കണമെന്നായിരുന്നു ഉപദേശം.
ഷേക്‌സ്പിയര്‍ കൃതികള്‍ വായിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരാള്‍ ആത്മഹര്‍ഷം അനുഭവിച്ചേക്കാമെങ്കിലും അയാള്‍ക്ക് ശാന്തി ലഭിക്കില്ല. രാമായണവും മഹാഭാരതവും ശാന്തിദായകമാണ്. ഇതിനാലാണ് ‘കാവ്യമേവാമൃതം’, കല അമൃതാനുഭവമാണ് എന്ന് കുന്തകന്‍ പറയുന്നത്. ലിയോ ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ പകര്‍ന്നുനല്‍കാത്ത വിശ്രാന്തി കാളിദാസന്റെ ‘ഋതുസംഹാരം’ സഹൃദയന് സമ്മാനിക്കുന്നു. പ്രണയവും വിരഹവുമുള്‍പ്പെടെ പേലവമായ വികാരങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും കാളിദാസ കൃതികള്‍ അനുവാചകരെ ആത്മാനുഭൂതിയിലേക്ക് നയിക്കുന്നു. ഇതുകൊണ്ടാണ് ”സ്വര്‍ഗവും ഭൂമിയും ഒരുപേരില്‍ സംഗമിക്കുകയാണെങ്കില്‍ അത് ശകുന്തളയിലായിരിക്കും” എന്ന് ജര്‍മന്‍ മഹകവി ഗൊയ്‌ഥെ പറഞ്ഞത്. കാവ്യപ്രജാപതിയായ ഇതേ കാളിദാസനെയാണ് നാം കാലത്തിന്റെ ദാസനാക്കി മാറ്റിക്കളഞ്ഞത്! പാശ്ചാത്യ സംസ്‌കാരത്തോട് വന്നുഭവിച്ച വിധേയത്വംകൊണ്ട് അതിലുള്‍പ്പെടുന്ന ക്ലാസിക്കുകളുടെ ശരിയായ മൂല്യനിര്‍ണയം നടത്തി സത്യം വിളിച്ചുപറയാനുള്ള ധീരത മലയാള നിരൂപകന്മാര്‍ക്കടക്കം ഇല്ലാതെ പോയി. അവര്‍ക്ക് സാഹിത്യമെന്നത് ‘രോഗത്തിന്റെ പൂക്കള്‍’ ആണല്ലോ.
നിത്യമധുരം നുകര്‍ന്ന് അസ്തമിക്കാത്ത സൂര്യനിലേക്ക്
ചുരുക്കത്തില്‍ കല സമൂഹത്തിനുവേണ്ടി എന്ന മാര്‍ക്‌സിയന്‍ വീക്ഷണം ചിന്തിക്കുന്ന മനുഷ്യന് അസ്വീകാര്യമാണ്. ഇതിന് മറുപടിയായ, കല കലയ്ക്കുവേണ്ടി എന്ന വാദം നിരര്‍ത്ഥകവും. കല ജീവിതം തന്നെ എന്നത് പരിഗണിക്കണമെന്നുണ്ടെങ്കില്‍ എന്താണ് ജീവിതമെന്ന വലിയ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കണം. മാനവികതയില്‍ മുറുകെപ്പിടിക്കുന്ന പാശ്ചാത്യ തത്ത്വചിന്തയ്ക്ക് ചില സമാധാനങ്ങള്‍ മാത്രമാണ്, അവ എത്ര ആകര്‍ഷകമായിരുന്നാലും മുന്നോട്ടുവയ്ക്കാന്‍ കഴിഞ്ഞിട്ടുള്ളത്. മാനവികതയോടല്ല, പ്രാപഞ്ചികതയോട് ചേര്‍ത്തുവച്ചുവേണം ജീവിതത്തെ മനസ്സിലാക്കാന്‍. പ്രാപഞ്ചികമായ സത്തയോട് ഇണങ്ങി നില്‍ക്കുമ്പോള്‍ മാത്രമേ ജനിമൃതികള്‍ക്കപ്പുറം മനുഷ്യന്റെ അസ്തിത്വം തിരിച്ചറിയാനാവൂ. ”കവിയെ സംബന്ധിച്ചിടത്തോളം പ്രകൃതിയേയും മനുഷ്യപ്രകൃതിയേയും സ്‌നേഹവാത്സല്യത്തിന്റെ അദ്വൈത മേഖലയിലെത്തിക്കുന്ന മോക്ഷമാര്‍ഗം തന്നെ സംഗീതം” (8)എന്ന് അക്കിത്തം കവിതകളെക്കുറിച്ചുള്ള പഠനത്തില്‍ ഡോ. കൂമുള്ളി ശിവരാമന്‍ പറയുന്നത് ശ്രദ്ധേയമാണ്. ഇവിടെ സംഗീതം ശബ്ദപ്രളയം സൃഷ്ടിക്കുന്ന ബാഹ്യ സംഗീതമല്ല, ആന്തര സംഗീതമാണ്.
ചരാചരങ്ങളും സൗരയൂഥങ്ങളും അനന്തകോടി നക്ഷത്രങ്ങളും ക്ഷീരപഥങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന ദൃശ്യപ്രപഞ്ചം ആദിപ്രകൃതിയുടെ ആവിഷ്‌കാരമാണ്. ആദിപ്രകൃതിയെന്നത് മലയും പുഴയും, പൂക്കളും പക്ഷികളും, കാറ്റും മരങ്ങളും, ഇലച്ചാര്‍ത്തുകളില്‍ ഇറ്റുവീഴാന്‍ വെമ്പിനില്‍ക്കുന്ന മഞ്ഞുതുള്ളികളും… നിറയുന്ന സ്ഥൂല പ്രകൃതിയല്ല. ഇവയൊക്കെ ആദിപ്രകൃതിയുടെ സ്പന്ദനങ്ങള്‍ മാത്രം. പ്രശ്‌നോപനിഷത്തിലെ ഋഷിയായ പിപ്പലാദന്‍ അസ്തമിക്കാത്ത സൂര്യനെക്കുറിച്ച് പറയുന്നുണ്ട്. ആദിപ്രകൃതിയുടെയും അധിഷ്ഠാനമായ സച്ചിദാനന്ദസ്വരൂപമാണത്. ലാവണ്യത്തിന്റെ കരിയാത്ത ചിറകുകള്‍ വീശി, സത്യശിവ സൗന്ദര്യങ്ങളുടെ നിത്യമധുരം നുകര്‍ന്ന് ഈ അസ്തമിക്കാത്ത സൂര്യനിലേക്ക് പറന്നുചെന്നണയുമ്പോഴാണ് കവിയുടെയും സഹൃദയന്റെയും കാവ്യജീവിതം സാഫല്യം നേടുക.
(1) ‘കേരളത്തിലെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ചരിത്രം,’ എം.ആര്‍. ചന്ദ്രശേഖരന്‍, ഡിസി ബുക്‌സ്.
(2) ‘മലയാള സാഹിത്യ നിരൂപണത്തില്‍ മാര്‍ക്‌സിസത്തിന്റെ സ്വാധീനം’, ഇ.എം.എസ്. നമ്പൂതിരിപ്പാട്, പുരോഗമന കലാസാഹിത്യസംഘം, മാവേലിക്കര ഏരിയാ കമ്മിറ്റി.
(3) ‘ഇസങ്ങള്‍ക്കപ്പുറം’, എസ്. ഗുപ്തന്‍ നായര്‍, പൂര്‍ണ പബ്ലിക്കേഷന്‍സ്.
(4) ‘സാഹിത്യം സംസ്‌കാരം സമൂഹം,’ പ്രൊഫ. വി. അരവിന്ദാക്ഷന്‍, ജനശക്തി ബുക്‌സ്, തൃശൂര്‍.
(5) ‘വാക്കും പൊരുളും’, മാമ്പുഴ കുമാരന്‍, വള്ളത്തോള്‍ വിദ്യാപീഠം.
(6) ‘കേരളത്തിലെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ചരിത്രം,’ എം.ആര്‍. ചന്ദ്രശേഖരന്‍, ഡിസി ബുക്‌സ്.
(7)’പാര്‍ശ്വവീക്ഷണം’, തായാട്ട് ശങ്കരന്‍, പൂര്‍ണ പബ്ലിക്കേഷന്‍സ്.
(8) ‘അക്കിത്തം അഗ്നിയും നിലാവും’, ഡോ. കൂമുള്ളി ശിവരാമന്‍, ലിപി പബ്ലിക്കേഷന്‍സ്.