Monday, July 7, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

കലാലയങ്ങളിലെ കിരാതരാഷ്ട്രീയം

എന്‍.സി.ടി. ശ്രീഹരി

Print Edition: 15 March 2024

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി ജെ.എസ്.സിദ്ധാര്‍ത്ഥന്റെ ക്രൂരമായ കൊലപാതകം കേരളത്തിന്റെ കലാലയങ്ങളില്‍ അപകടകരമായ വിധത്തില്‍ നിലനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് കിരാത രാഷ്ട്രീയത്തിന്റെ ഭീകരമുഖം വ്യക്തമാക്കുന്നതായിരുന്നു.

പൂക്കോട് വെറ്ററിനറി കോളേജിലെ 22 ബാച്ച് വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്‍, കലാലയത്തില്‍ പൊതുവെ ആക്റ്റിവായിരുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു. ഫോട്ടോഗ്രഫി ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച ബഹുമുഖ പ്രതിഭ കൂടിയായിരുന്നു സിദ്ധാര്‍ത്ഥ്. ഇടപഴകുന്നവരുമായൊക്കെ വളരെ എളുപ്പത്തില്‍ സൗഹൃദവലയം സൃഷ്ടിച്ചിരുന്ന ഈ ചെറുപ്പക്കാരന്‍ ഒന്നാം വര്‍ഷം ക്ലാസ് റെപ്രസെന്റേറ്റീവായിരുന്നു. അവന്റെ സഹപാഠിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ എല്ലാവരേയും എപ്പോഴും പുഞ്ചിരിയോടെ സ്വാഗതം ചെയ്തിരുന്നയാള്‍. പക്ഷേ ആ വിദ്യാര്‍ത്ഥി ഇന്ന് നമ്മോടൊപ്പമില്ല. കേരളത്തിലെ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്നവകാശപ്പെടുന്ന എസ്എഫ്‌ഐ ആള്‍ക്കൂട്ട വിചാരണ ചെയ്ത് അവനെ കൊന്നുകളഞ്ഞു. അടിയന്തിരാവസ്ഥക്കാലത്ത് കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന രാജനെ കക്കയം ക്യാമ്പില്‍ വെച്ച് പോലീസ് ഉരുട്ടിക്കൊന്ന സംഭവത്തേക്കാള്‍ ഭീകരമാണ് സിദ്ധാര്‍ത്ഥിന്റെ കൊലപാതകം. മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന പൈശാചിക കൃത്യം.

കോളേജില്‍ ഫെബ്രുവരി 14ന് പ്രണയദിനവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അതിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിദ്ധാര്‍ത്ഥിനെ ബാച്ചിലെ തന്നെ വിദ്യാര്‍ത്ഥികള്‍ പാതിവഴിയില്‍ നിന്ന് വിളിച്ച് വരുത്തി. 15 ന് കോളേജില്‍ നിന്ന് മടങ്ങിയ സിദ്ധാര്‍ത്ഥ് 16ന് തിരിച്ചെത്തി. തുടര്‍ന്ന് ബാച്ച്‌മേറ്റ്‌സ് കോളേജിലെ കുന്നിന്‍മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി ചോദ്യംചെയ്യല്‍ ആരംഭിച്ചു. തൊട്ടടുത്തുണ്ടായിരുന്ന മുന്‍ യൂണിയന്‍ ഭാരവാഹിയായിരുന്ന കാശിനാഥന്‍ വിഷയത്തിലിടപെടുകയും മര്‍ദ്ദനം തുടങ്ങുകയും ചെയ്തു. ഒരു ദയയുമില്ലാതെ അക്രമം തുടങ്ങി, തല്ലുന്നതിനിടെ ഹോസ്റ്റലില്‍ കൊണ്ടുവന്നു, തുടര്‍ന്ന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്റെ മുറിയിലേക്ക് കൊണ്ടുപോയി, മുറിയില്‍ വെച്ച് വളരെ ക്രൂരമായി മര്‍ദിച്ചു. ഏകദേശം 1 മണിക്കൂറിന് ശേഷം, ഇങ്ങനെ അടിച്ചാല്‍ മാത്രം പോരാ, എല്ലാവര്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും വേണമെന്ന് തീരുമാനിച്ചു. മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍, അമല്‍ ഇസാന്‍, ആസിഫ് ഖാന്‍, അരുണ്‍ കെ, കാശിനാഥന്‍, നസീഫ്, അമീന്‍ അക്ബര്‍ അലി, ആദിത്യന്‍, അല്‍താഫ്, ആകാശ്, ഗിരികൃഷ്ണന്‍, റസീന്‍ അബ്ദുള്‍ റഹീം, അജയ്, ശ്രീഹരി, സൗദ് റിസാല്‍, അതുല്‍ സോമന്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. അവിടെ വെച്ചും ക്രൂരമര്‍ദ്ദനമാണ് സിദ്ധാര്‍ത്ഥന്‍ നേരിട്ടത്.

സിന്‍ജോ ജോണ്‍സണ്‍ കഴുത്തില്‍ പിടിച്ചുതൂക്കി സ്റ്റീല്‍ അലമാരയോട് ചേര്‍ത്തുനിര്‍ത്തി അമര്‍ത്തി. അടിവസ്ത്രം മാത്രമാണ് ധരിക്കാന്‍ സമ്മതിച്ചത്. അരുണ്‍, സിദ്ധാര്‍ത്ഥിനെ തറയില്‍ നിന്ന് എടുത്തുയര്‍ത്തി. ആസിഫ് ഖാനും കാശിനാഥനും ഗിരികൃഷ്ണനോട് അടിക്കാന്‍ പറഞ്ഞു. ഗിരികൃഷ്ണന്‍ സിദ്ധാര്‍ത്ഥിനെ അടിച്ച ശേഷം മുറിക്ക് പുറത്തിറങ്ങി കരഞ്ഞു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് കോറിഡോറിലൂടെ നടത്തിച്ചു. ഓരോ കതകും തട്ടി ഉറങ്ങിയവരെ വിളിച്ചുണര്‍ത്തിച്ചു. എല്ലാവരെയും ഹോസ്റ്റല്‍ മുറികളുടെ പുറത്തേക്ക് വിളിപ്പിച്ചു. സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ച്. അടിവസ്ത്രത്തില്‍ നിര്‍ത്തിച്ചു. കൂട്ടം ചേര്‍ന്ന് പരസ്യവിചാരണ തുടങ്ങി. പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് ഏറ്റുപറയിച്ച് ക്ഷമാപണം നടത്തിച്ചു. പിന്നാലെ നടുമുറ്റത്ത് വെച്ച് മര്‍ദ്ദനം തുടങ്ങി. തല്ലുകയും ചവിട്ടുകയും ചെയ്തു. ബെല്‍റ്റും ചാര്‍ജറിന്റെ കേബിളും ഉപയോഗിച്ച് അടിച്ചു. കാശിനാഥനാണ് പല തവണ സിദ്ധാര്‍ത്ഥനെ ബെല്‍റ്റുകൊണ്ട് അടിച്ചത്. ദൃക്സാക്ഷിയായ വിദ്യാര്‍ത്ഥി പറഞ്ഞത് സിന്‍ജോയ്ക്ക് സിദ്ധാര്‍ത്ഥ് ഒരു പഞ്ചിംഗ് ബാഗായി, അവര്‍ അവനെ ചവിട്ടുമ്പോള്‍ പട്ടിയെ പോലെ നാല് കാലില്‍ നടക്കാന്‍ പ്രേരിപ്പിച്ചു, ഫ്‌ളൈയിങ് കിക്ക് ചെയ്ത സിന്‍ജോയുടെ കാലിന് പരിക്ക് പറ്റുകയും പിന്നീടുള്ള ദിവസങ്ങളില്‍ ബാന്‍ഡേജുമായാണ് നടന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സിന്‍ജോ ജോണ്‍സണ്‍ കാലുകൊണ്ട് നെഞ്ചിലും പുറത്തും പലതവണ ചവിട്ടി. കാലിന്റെ വിരല്‍ ഉപയോഗിച്ച് നെഞ്ചില്‍ ഞെരിച്ചു. നേരത്തെ മര്‍ദ്ദിച്ചവരെല്ലാം നടുത്തളത്തില്‍ വെച്ച് വീണ്ടും മര്‍ദ്ദിച്ചു. കുനിച്ച് നിര്‍ത്തി പുറത്ത് പലതവണ അടിച്ചു. ആകാശ് തലയ്ക്കടിച്ചു. സാങ്കല്പിക കസേരയില്‍ പല തവണ ഇരുത്തി. മര്‍ദ്ദനം തുടര്‍ന്നു. ഇരിക്കാനാവാതെ പല തവണ സിദ്ധാര്‍ത്ഥ് നിലത്ത് വീണു. ഇക്കാര്യങ്ങളെല്ലാം കണ്ടുനിന്ന പലരും മൊഴി നല്‍കിയില്ല. രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളായ രോഹന്‍ രമേഷും പിജി വിദ്യാര്‍ത്ഥി നിതിന്‍ ശങ്കറും അടിക്കരുതെന്ന് പറഞ്ഞു. ഇതെല്ലാം മണിക്കൂറുകള്‍ നീണ്ടുനിന്നു, സ്വയം മര്‍ദ്ദിക്കുക മാത്രമല്ല ഇന്‍ട്രോവേര്‍ട്ട് ആയിട്ടുള്ള, ആദ്യം വരാന്‍ തയ്യാറാകാതിരുന്ന മറ്റുള്ളവരെ വിളിച്ചുകൊണ്ടുവന്ന് മര്‍ദ്ദിക്കാന്‍ ആവശ്യപ്പെട്ടു. ആസിഫ് ഖാനും സിന്‍ജോ ജോണ്‍സണും ഉള്‍പ്പെടെയുള്ളവര്‍ക്ക് യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ല. ഒരു പശ്ചാത്താപവുമില്ലാതെ സിദ്ധാര്‍ത്ഥിന്റെ മൃതശരീരം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ എസ്എഫ്‌ഐ ഭാരവാഹികളായിരുന്നു. സിദ്ധാര്‍ത്ഥന്റെ മൃതദേഹം തോളിലേറ്റിയത് അവരായിരുന്നു. വിഷയം പുറത്തുപറയാന്‍ പദ്ധതിയിട്ട വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമലും സിന്‍ജോയും ചേര്‍ന്ന് കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി.

16 ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ആരംഭിച്ച മര്‍ദ്ദനം 17-ന് പുലര്‍ച്ചെ 2 വരെ നീണ്ടുനിന്നു. പിന്നീട് സിദ്ധാര്‍ത്ഥന്‍ ആരെയോ ഫോണില്‍ ബന്ധപ്പെടുന്നത് കണ്ട് ഫോണ്‍ പിടിച്ചുവാങ്ങിവെച്ചു. പിന്നെ അമ്മ വിളിച്ചപ്പോള്‍ മാത്രമാണ് ഫോണ്‍ നല്‍കിയത്, അതും ഭീഷണിപ്പെടുത്തി. സിദ്ധാര്‍ത്ഥിനോട് ആരും സംസാരിക്കരുതെന്ന് വിലക്കുണ്ടായിരുന്നു. മര്‍ദ്ദനമേറ്റ ശേഷം മരണംവരെ ആരും അവനോട് സംസാരിച്ചിട്ടില്ല. 17 ന് കോളേജുകളിലെ വാട്‌സാപ് ഗ്രൂപ്പുകളില്‍ നിന്ന് അവനെ പുറത്താക്കി. ഒറ്റപ്പെടുത്തി, ശാരീരികമായി മാത്രമല്ല മാനസികമായും ക്രൂരമായി പീഡിപ്പിച്ചു. ശേഷം സിദ്ധാര്‍ത്ഥിനെ നിരീക്ഷിക്കാന്‍ ഓരോ ബാച്ചുകാര്‍ക്കും ചുമതല നല്‍കി. രാവിലെ മുതല്‍ ഉച്ചവരെ ഒരു ബാച്ചും, ഉച്ചമുതല്‍ വൈകിട്ട് വരെ മറ്റൊരു ബാച്ചും. 17ന് രാവിലെ സിദ്ധാര്‍ത്ഥ് കട്ടിലില്‍ നിന്ന് എഴുന്നേറ്റ് വെള്ളം കുടിക്കാന്‍ നോക്കി. വേദന കൊണ്ട് കുടിക്കാനായില്ല. തൊണ്ടയില്‍ മുറിവ് ഉണ്ടായിരുന്നു. തൊണ്ടയില്‍ ചോര പൊടിഞ്ഞിരുന്നു. ഡോക്ടറെ കാണിക്കാന്‍ ആരും തയ്യാറായില്ല. എസ്എഫ്‌ഐ യൂണിറ്റിന്റെ ഭീഷണിമൂലം 130 പേരുള്ള മെന്‍സ് ഹോസ്റ്റലില്‍ 100 ലേറെ പേരും ഒന്നും കണ്ടില്ലെന്നാണ് മൊഴി നല്‍കിയത്. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചതിന്റെ ഓഡിയോ റെക്കോര്‍ഡുചെയ്ത പ്രതിയായ ശ്രീഹരിയുടെ ഫോണില്‍ നിന്ന് വോയ്സ് നോട്ട് ഡിലീറ്റ് ചെയ്യിച്ചു.

എസ്എഫ്‌ഐ പറയുന്നത് സിദ്ധാര്‍ത്ഥിന്റെ കൊലപാതകവുമായി അവര്‍ക്ക് ബന്ധമില്ലെന്നാണ്. സംഘടന എന്ന് പറയുന്നത് അതിന്റെ ഭാരവാഹികളായ, മുഖങ്ങളായ വ്യക്തികളാണ്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍, യൂണിയന്‍ പ്രസിഡന്റ് അരുണ്‍, യൂണിയന്‍ സെക്രട്ടറി അഭിഷേക്, അസോസിയേഷന്‍ ഭാരവാഹികളായ ആസിഫ് ഖാന്‍, കാശിനാഥന്‍ തുടങ്ങി പ്രതികളായ 18 പേരും എസ്എഫ്ഐ പ്രവര്‍ത്തകര്‍. പിന്നെങ്ങനെയാണ് ഈ ക്രൂരകൃത്യത്തില്‍ നിന്ന് എസ്എഫ്‌ഐക്ക് കൈകഴുകാനാവുക? സംഘടനയെ നയിക്കുന്ന നേതാക്കളാണ് പ്രതികള്‍. മരിച്ച സിദ്ധാര്‍ത്ഥും എസ്എഫ്‌ഐ ആണെന്നാണ് പിന്നീട് പറഞ്ഞത്. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് പ്രതികളെ പിടിക്കാത്തതിന്റെ പേരില്‍ എസ്എഫ്‌ഐ പ്രതിഷേധങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയില്ല, പോട്ടെ ഒരു സമരം പോലും ചെയ്തില്ല? സിദ്ധാര്‍ത്ഥിന് വേണ്ടി കോളേജിനകത്ത് ഒരു അനുശോചനം പോലും രേഖപ്പെടുത്തിയില്ല? പ്രതികള്‍ സംഭവത്തിനുശേഷം ദിവസങ്ങളോളം കോളേജിലുണ്ടായിട്ടും എസ്എഫ്‌ഐക്ക് എന്തുകൊണ്ട് പ്രതികരിക്കാന്‍ നട്ടെല്ലിലാതെപോയി? മരണശേഷം ഒരു പെണ്‍കുട്ടിയുടെ പരാതി ഉണ്ടാക്കുന്നു. മരിച്ചത് ഞായറാഴ്ചയായതിനാല്‍ പരാതി ലഭിച്ച ദിവസം തൊട്ടടുത്ത പ്രവൃത്തി ദിനമായ 19-ാം തീയതി ആണ്. പെണ്‍കുട്ടിക്ക് പരാതി ഉണ്ടെങ്കില്‍ 14 മുതല്‍ 17 വരെ പെണ്‍കുട്ടി കോളേജില്‍ വന്നതാണ്. എന്തുകൊണ്ട് സിദ്ധാര്‍ത്ഥ് മരിച്ചദിവസം മാത്രം പരാതി ഉയര്‍ന്നുവന്നു? എസ്എഫ്‌ഐ ഇത്രമാത്രം പ്രതിരോധത്തിലായിട്ടും ആ പെണ്‍കുട്ടി എന്തുകൊണ്ട് പോലീസിനോടും മാധ്യമങ്ങളോടും ഒന്നും വെളിപ്പെടുത്താന്‍ തയ്യാറാവുന്നില്ല?

എസ്എഫ്‌ഐയുടെ ചരിത്രമറിയാവുന്നവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാണ്. എസ്എഫ്‌ഐ സംഘടനാപരമായി പ്രതിരോധത്തിലാകുമ്പോള്‍ എതിരാളികള്‍ക്കുമേല്‍ സ്ത്രീവിഷയം ആരോപിക്കുകയും കേസ് നല്‍കുകയും ചെയ്ത് ആളുകളെ തേജോവധം ചെയ്യും. അങ്ങനെ നിരവധി പെണ്‍കുട്ടികള്‍ എസ്എഫ്‌ഐക്ക് വേണ്ടി സ്വന്തം ആത്മാഭിമാനത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പക്ഷേ ഇവിടെ വലിയ പ്രതിസന്ധിയിലായിട്ടും അങ്ങനെയൊരു പെണ്‍കുട്ടി വിശ്വസിക്കാവുന്ന മൊഴിയുമായി വന്നില്ല. എസ്എഫ്‌ഐയുടെ കോളേജുകളില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും കൊടിയില്‍ മാത്രമാണെന്നും പ്രവൃത്തിയില്‍ അവര്‍ നടത്തുന്നത് എകാധിപത്യവും ഫാസിസവും താലിബനിസവുമാണെന്നതുമാണ് യാഥാര്‍ഥ്യം.

ജനഗണമന സിനിമയില്‍ പൃഥ്വിരാജ് പറഞ്ഞതുപോലെ ഒരു പട്ടിയെ കൊന്നാല്‍ ചോദിക്കാന്‍ മനുഷ്യരുള്ള ഈ രാജ്യത്ത് എസ്എഫ്‌ഐ മാത്രമുള്ളൊരു കോളേജില്‍ ആള്‍ക്കൂട്ട വിചാരണ ചെയ്ത് ഒരു വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയിട്ട് ചോദിക്കാനെന്തേ എസ്എഫ്‌ഐ വന്നില്ല? ഇതൊരു ‘Institutional Murder’ ആണെന്ന് വ്യക്തമാണ്. ഇടതുപക്ഷ ഇക്കോസിസ്റ്റം കൊന്നതാണ് സിദ്ധാര്‍ത്ഥിനെ.

ക്യാംപസുകളില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ ഇക്കോസിസ്റ്റം
കേരളത്തിലെ ഒട്ടുമിക്ക ക്യാംപസുകളിലും ഇടതുപക്ഷ ഇക്കോസിസ്റ്റം പരസ്യമായും രഹസ്യമായും പ്രവര്‍ത്തിക്കുന്നുണ്ട്. എസ്എഫ്‌ഐ ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഭൂരിപക്ഷമുള്ള കോളേജുകളില്‍ രഹസ്യമായിട്ടും എസ്എഫ്‌ഐ ഏകാധിപത്യ കോളേജുകളില്‍ പരസ്യമായിട്ടുമാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കുറച്ചുകൂടി വ്യക്തമാക്കുന്നതിന് ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാം. കഴിഞ്ഞവര്‍ഷം കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെണ്‍കുട്ടിക്കു പകരം വിശാഖ് എന്ന് പറയുന്ന എസ്എഫ്‌ഐ ലോക്കല്‍ നേതാവിന്റെ പേര് ചേര്‍ത്ത് കേരള സര്‍വകലാശാലയ്ക്കു പട്ടിക നല്‍കിയിരുന്നു. എസ് എഫ്‌ഐ ഏകാധിപത്യകോട്ടയായിരുന്ന കോളേജിലെ വിവരം പുറത്തുവരുന്നത് വിജയിച്ച എസ്എഫ്‌ഐ പ്രവര്‍ത്തക തന്നെ പരാതി നല്‍കിയപ്പോഴാണ്. അല്ലെങ്കില്‍ അത് പുറം ലോകമറിയില്ലായിരുന്നു. നിയമസംവിധാനങ്ങളെയൊക്കെ വെല്ലുവിളിച്ചുകൊണ്ട് എങ്ങനെയാണ് ഈ അട്ടിമറി നടന്നത്. പ്രിന്‍സിപ്പാളിന്റെ പൂര്‍ണ്ണ പിന്തുണയോടുകൂടി, ആ കോളേജിലെ മുഴുവന്‍ അധ്യാപകരുടെയും സ്റ്റാഫ് ഉള്‍പ്പടെയുള്ള ജീവനക്കാരുടെ മൗനാനുവാദത്തോടുകൂടി, സ്പഷ്ടമായി പറഞ്ഞാല്‍ ഇടതുപക്ഷ ഇക്കോസിസ്റ്റത്തിന്റെ പൂര്‍ണ്ണ പിന്തുണയോടുകൂടിയാണ് ഇത് നടന്നത്. സ്വാഭാവികമായും ആളുകള്‍ക്കിടയില്‍ ഒരു സംശയം ഉടലെടുക്കും. ആ കോളേജില്‍ മറ്റ് രാഷ്ട്രീയാദര്‍ശങ്ങള്‍ പിന്തുടരുന്ന ഒരാള്‍ പോലുമില്ലെയെന്ന്? തീര്‍ച്ചയായും ഉണ്ടാകും. പക്ഷേ അധികാരത്തിന്റെ ബലം ഒരുപക്ഷത്ത് നിലയുറപ്പിക്കുമ്പോള്‍ മുഴുവന്‍ സംവിധാനങ്ങളും പ്രതികരണ ശേഷി നഷ്ടപ്പെട്ട് നിശബ്ദമായിപ്പോവുകയാണ്. തുടക്കത്തില്‍ എതിര്‍ രാഷ്ട്രീയാദര്‍ശം പേറുന്നയാളുകള്‍ക്ക് പ്രതികരിക്കാന്‍ തോന്നുമെങ്കിലും ഈ പിരമിഡിന്റെ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ മുതല്‍ ഭരണകൂടത്തിന്റെ ക്യാപ്റ്റന്‍ വരെ ഇങ്ങനെയാണെന്ന യാഥാര്‍ഥ്യമുള്‍ക്കൊള്ളുമ്പോള്‍ ഇത്തരം സംഭവങ്ങളെ അവര്‍ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകും. മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് വിദ്യ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുണ്ടാക്കി കോളേജുകളില്‍ പഠിപ്പിച്ചതും പരീക്ഷ പോലുമെഴുതാതെ മികച്ച മാര്‍ക്ക് വാങ്ങി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി വിജയിച്ചതുമെല്ലാം ഈ ഇടതുപക്ഷ ഇക്കോസിസ്റ്റം അല്ലെങ്കില്‍ ഇടതുപക്ഷ ഭീകരത പ്രവര്‍ത്തിച്ചതുകൊണ്ടാണ്. കായംകുളം എംഎസ്എം കോളേജില്‍ എസ്എഫ്‌ഐ നേതാവായിരുന്ന നിഖിലിന് ബികോം തോറ്റിട്ടും എംകോമിന് അവിടെ പ്രവേശനം നേടാനായത് എങ്ങനെയാണ്. അതേ കോളേജില്‍ പഠിച്ചിറങ്ങി പിജി ചെയ്യാന്‍ വേണ്ടി മറ്റൊരു സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുമ്പോള്‍ അവനെ പഠിപ്പിച്ച ഒരധ്യാപകര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് സാക്ഷര കേരളത്തെ അവര്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗീബല്‍സിയന്‍ തന്ത്രം. കേവലമൊരു വിദ്യാര്‍ഥിപ്രസ്ഥാനം മാത്രം വിചാരിച്ചാല്‍ ഇതൊക്കെയും നടപ്പിലാക്കാന്‍ സാധ്യമല്ല, അധ്യാപകരുടെ, ജീവനക്കാരുടെ, പോലീസിന്റെ മറ്റ് ഭരണകൂട സംവിധാനങ്ങളുടെയൊക്കെ പിന്തുണയുള്ളതുകൊണ്ടാണ് ഇതൊക്കെയും സാധ്യമാകുന്നത്. ഇത് കഴിഞ്ഞ വര്‍ഷം മാത്രം പുറത്തറിഞ്ഞ വിഷയങ്ങള്‍. ഇത്തരത്തില്‍ എത്രയെത്ര സംഭവങ്ങള്‍. അധ്യാപകര്‍ക്ക് കുഴിമാടമൊരുക്കുമ്പോഴും അതൊക്കെ ആര്‍ട്ട് ഇന്‍സ്റ്റലേഷനാണെന്ന് പ്രോത്സാഹിപ്പിക്കുന്ന മുന്‍ വിദ്യാഭ്യാസ മന്ത്രിയുള്ള നാടാണ് കേരളം.

പക്ഷേ ഈ ഇടതുപക്ഷ ഇക്കോസിസ്റ്റത്തിന്റെ അതിഭീകരവും പൈശാചികവുമായ പ്രവൃത്തിയായിരുന്നു പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥിന്റെ ആള്‍ക്കൂട്ട വിചാരണ. സിദ്ധാര്‍ത്ഥിന്റെ കൊലപാതകം നടന്ന ഫെബ്രുവരി 18 വരെ എസ്എഫ്‌ഐയായിരുന്നു മുന്നില്‍. പിന്നീട് അവരെ സംരക്ഷിക്കാന്‍ അദ്ധ്യാപകര്‍ രംഗത്ത് വരുന്നു. സര്‍വകലാശാലയ്ക്ക് അകത്തുള്ള കോളേജായതിനാല്‍ ഡീനിനാണ് കോളേജിന്റെ ചുമതല. 18ന് നടന്നൊരു വിഷയത്തില്‍ ഡീന്‍ ഡോ. എം.കെ. നാരായണന്‍ നടപടി സ്വികരിക്കുന്നത് 22നാണ്. അതും 12 പേര്‍ക്കെതിരെ. 22-ാം തിയ്യതി വരെ പ്രതികള്‍ക്ക് കോളേജില്‍ അറ്റന്‍ഡന്‍സ് നല്‍കിയിട്ടുണ്ട്. അതിനുശേഷവും അവര്‍ ഹോസ്റ്റലില്‍ താമസിച്ചിട്ടുണ്ട്. പോലീസ് 18 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തപ്പോഴും കോളേജ് നടപടി എടുത്തത് 12 പേര്‍ക്കെതിരെ. പിന്നീട് എബിവിപി ഉള്‍പ്പടെയുള്ള സംഘടനകളുടെ നിരന്തര പ്രതിഷേധം കാരണം നടപടി 18 പേരിലേക്കും 31 പേരിലേക്കും പിന്നീട് ആ ഹോസ്റ്റലിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സസ്പെന്‍ഡ് ചെയുന്നതിലേക്കും കാര്യങ്ങളെത്തി. അപ്പോഴേക്കും സിദ്ധാര്‍ത്ഥ് മരണപ്പെട്ടിട്ട് ആഴ്ചകള്‍ കടന്നിരുന്നു. പരസ്യ വിചാരണ നടക്കുന്ന സമയത്ത് അസിസ്റ്റന്റ് വാര്‍ഡന്‍ കാന്തനാഥനും വാര്‍ഡന്‍ ഡോ. എം.കെ. നാരായണനും സ്ഥലത്തില്ല. ഗുരുതരമായ കൃത്യവിലോപം. 18 -ാം തീയതി സിദ്ധാര്‍ത്ഥ് മരണപ്പെട്ട ദിവസം തൂങ്ങി നില്‍ക്കുന്ന സിദ്ധാര്‍ത്ഥിന്റെ ബോഡി അഴിച്ചത് പ്രതികള്‍ തന്നെയാണ്. സംഭവ സ്ഥലത്ത് ഡീന്‍ ഉണ്ടായിരുന്നു. ഉടനെ വൈത്തിരിയിലെ ആശുപത്രിയിലേക്കും അവിടുന്ന് കല്‍പ്പറ്റയിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി. അതുവരെയും പോലീസിനെ അറിയിച്ചില്ല. സ്വാഭാവികമായും ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഉടനടി ആശുപത്രിയില്‍ കൊണ്ടുപോയി എന്ന് വാദിക്കാമെങ്കിലും, ഡീന്‍ ഒരു വെറ്ററിനറി ഡോക്റ്ററാണ്, ഒരാള്‍ മരണപ്പെട്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാനുള്ള സാമാന്യ വിവരമുള്ളയാള്‍. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് 12.30 ക്ക് മരണപ്പെട്ടു എന്നാണ്. എഫ്ഐആര്‍ റിപ്പോര്‍ട്ടില്‍ പോലീസിനെ അറിയിച്ച സമയം വൈകിട്ട് 5 മണിയാണ്. കേരള പോലീസ് ഈ വിഷയത്തില്‍ ഒരാളെ അറസ്റ്റ് ചെയ്യുന്നത് 27-ാം തീയതിയാണ്. മരണം നടന്ന് 10 ദിവസങ്ങള്‍ക്ക് ശേഷം. പൂക്കോട് വെറ്ററിനറി കോളേജില്‍നിന്ന് 5 കിലോമീറ്റര്‍ തികച്ചില്ല വൈത്തിരി പോലീസ് സ്റ്റേഷനിലേക്ക്. 26-ാം തീയതി വരെ പ്രതികളെല്ലാം കോളേജില്‍ത്തന്നെ ഉണ്ടായിരുന്നു. ദൃക്സാക്ഷിയായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞത് മരണപ്പെട്ട ശേഷം പോലീസ് സംഭവസ്ഥലം സീല്‍ ചെയ്തുവെന്നാണ്. പിന്നീട് പോലീസ് ദിവസങ്ങള്‍ കഴിഞ്ഞാണ് വരുന്നത്. പക്ഷേ അപ്പഴേക്കും പോലീസ് സീല്‍ ചെയ്ത സ്ഥലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പലപ്പോഴായി അതിക്രമിച്ചു കടന്നിരുന്നു. ഡോക്റ്റര്‍ സിദ്ധാര്‍ഥിന്റെ ശരീരത്തിലെ പരിക്കുകളെ പറ്റി സൂചന നല്‍കിയിട്ടും പോലീസ് നിസ്സംഗമായാണ് പെരുമാറിയത്. പിന്നീട് ബഹുജന പ്രക്ഷോഭം ആരംഭിച്ചപ്പോഴാണ് നിയമസംവിധാനങ്ങള്‍ക്ക് നേരം വെളുത്തത്. പക്ഷേ ഇതിനൊക്കെയും കൂട്ടുനിന്ന ഡീനിനെ പ്രതിചേര്‍ക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഡീനിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ മന്ത്രി ചിഞ്ചുറാണി രാത്രിയ്ക്ക് രാത്രി മലക്കം മറിഞ്ഞു. ഡീനിനെ സസ്പെന്‍ഡ് ചെയ്തു. 22-ാം തിയതി കോളേജില്‍ രക്ഷാകര്‍തൃ യോഗം വിളിക്കുകയും അതിലെ ഒരാളെ പോലും സംസാരിക്കാന്‍ അനുവദിക്കാതെ യോഗം അവസാനിപ്പിക്കാനും ഡീന്‍ വ്യഗ്രത കാണിച്ചു. പ്രത്യേക സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാതെ യോഗമവസാനിപ്പിക്കാമെന്നാണ് ഡീന്‍ പറഞ്ഞത്. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളോടൊക്കെയും ആരും ഭയക്കേണ്ടതില്ല, എന്തെങ്കിലുമുണ്ടെങ്കില്‍ എന്നോട് പറഞ്ഞാല്‍ മതി, എല്ലാവരും അവരവരുടെ മെന്റല്‍ ഹെല്‍ത്ത് നോക്കണം, ഒരു പ്രശ്‌നങ്ങളുമില്ല എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്, ആരും പുറത്തു പരാതിപ്പെടാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ കാണിച്ചു. ഈ പറയുന്ന ഡീന്‍ എസ്എഫ്‌ഐയുടെ പരിപാടികളില്‍ നിത്യസാന്നിധ്യമാണ്. ഏറ്റവുമവസാനം അദ്ദേഹം പങ്കെടുത്ത പ്രോഗ്രാം ചിയേഴ്‌സ് വിത്ത് എസ്എഫ്‌ഐ. ആണ്. അവരാണ് പ്രതികള്‍. പിന്നെങ്ങനെ അവരെപറ്റി വിദ്യാര്‍ത്ഥികള്‍ ഡീനിനോട് പറയും. 18 പേര്‍ ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിന്റെ നടുത്തളത്തിലും കുന്നിന്‍മുകളിലും അടക്കം നാലിടത്തുകൊണ്ടുപോയി മര്‍ദ്ദിച്ചിട്ടുണ്ട്. മര്‍ദ്ദിച്ചവര്‍, മര്‍ദ്ദിച്ച സ്ഥലം എന്നിവ ഉള്‍പ്പെടുത്തി അന്വേഷണ കമ്മിറ്റി പട്ടികയുണ്ടാക്കിയിട്ടുണ്ട്. ഫെബ്രുവരി 21 നും 22 നുമാണ് ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ യുജിസിക്ക് പരാതി നല്‍കിയത്. ഭയം കാരണം പേര് വെക്കാതെയാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെയായിരുന്നു അന്വേഷണം. ഈ റിപ്പോര്‍ട്ട് ഡീന്‍ യുജിസിക്ക് കൈമാറാന്‍ സമ്മതിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒടുവില്‍ ഡീനിനെതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് കൈമാറിയത്. 22 പേര്‍ നേരിട്ട് ഉള്‍പ്പെടെ 97 പേരുടെ മൊഴിയെടുത്താണ് ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്വാഭാവികമായും വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരെ വിശ്വാസമായിരുന്നെങ്കില്‍ അവര്‍ക്ക് പരാതി നല്‍കുമായിരുന്നു.

മരണവിവരം വീട്ടില്‍ അറിയിക്കുന്നത് പിജി വിദ്യാര്‍ത്ഥിയാണ്. 19 ന് രക്ഷിതാക്കള്‍ കോളേജിലെത്തിയപ്പോഴാണ് ഡീനുമായും വൈസ് ചാന്‍സിലറുമായും സംസാരിക്കുന്നത്. അത് തീര്‍ത്തും ഔദ്യോഗിക സംസാരങ്ങള്‍ മാത്രം. സിദ്ധാര്‍ത്ഥിന്റെ മാമന്‍ (അമ്മയുടെ സഹോദരന്‍) പറഞ്ഞത് പ്രകാരമാണെങ്കില്‍, ഡീനിനോട് എന്താണ് നടന്നതെന്ന് ചോദിച്ചപ്പോള്‍ നമുക്കൊന്നുമറിയില്ല, വിവരങ്ങള്‍ അറിയണമെങ്കില്‍ പോലീസിനെ ബന്ധപ്പെട്ടാല്‍ മതിയെന്ന് പറഞ്ഞ് അയാള്‍ കൈമലര്‍ത്തി. 18-ാം തീയതി മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളെ 25-ാം തീയതിവരെ ഫോണ്‍ വഴിയോ നേരിട്ടോ ബന്ധപ്പെടാന്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല. കോളേജ് അധികൃതരുടെ അലംഭാവത്തില്‍ പ്രതിഷേധിച്ച് 23-ാം തീയതി എബിവിപി പ്രവര്‍ത്തകര്‍ ഡീനിനെ ഉപരോധിക്കുകയുണ്ടായി. അതിന് ശേഷമാണ് സിദ്ധാര്‍ത്ഥിന്റെ രക്ഷിതാക്കളെ കാണുവാന്‍ വേണ്ടി ഡീന്‍ തയാറായത്. അതുവരെ ഫോണില്‍ പോലും ബന്ധപ്പെടാന്‍ വൈസ്ചാന്‍സിലര്‍ ഉള്‍പ്പടെയുള്ള ആളുകള്‍ ശ്രമിച്ചില്ല. അതേസമയം സിദ്ധാര്‍ഥ് മരണപ്പെട്ട ശേഷം ലഭിച്ച സിദ്ധാര്‍ഥിനെതിരെയുള്ള പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ 26-ാം തീയതി കുറേ അധ്യാപകരും പ്രതിയും യൂണിയന്‍ സെക്രട്ടറിയും ഇന്റേണല്‍ പരാതി സെല്‍ അംഗവുമായ അഭിഷേക് ഉള്‍പ്പടെയുള്ള ആളുകള്‍ യോഗംചേര്‍ന്നു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇടതുപക്ഷ ഇക്കോസിസ്റ്റത്തിന്റെ അധികാരബലം കാരണം ഒരു സര്‍വകലാശാല സംവിധാനമൊന്നാകെ നിശബ്ദമായി പോകുന്നത് എങ്ങനെയെന്ന് തിരിച്ചറിയാന്‍ ഈ സംഭവം ധാരാളമാണ്. ഇവരോട് ചേര്‍ന്ന് നില്‍ക്കാത്ത, അല്ലെങ്കില്‍ എതിര്‍ത്ത് നില്‍ക്കുന്ന ഈ ഇക്കോസിസ്റ്റത്തിന് പുറത്തു നില്‍ക്കുന്ന ആര്‍ക്കാണ് നീതി ലഭിക്കുക?

വിദ്യാര്‍ത്ഥികള്‍ കേരളത്തിന് പുറത്തേക്ക് കൂട്ടപലായനം ചെയ്യുന്നതിന്റെ കാരണം ചികഞ്ഞ് അധികം പോകേണ്ടതില്ല. ഒരു പ്രധാന കാരണം ഇക്കൂട്ടരാണ്. കോളേജുകളിലെ ഇടതുപക്ഷ ഭീകരതയിലേക്ക് വിദ്യാര്‍ത്ഥികളെ തള്ളിവിടാന്‍ മനസ്സില്ലാത്ത രക്ഷിതാക്കളും അവരുടെ പിടിയില്‍ അകപ്പെടാന്‍ മനസ്സില്ലാത്ത വിദ്യാര്‍ത്ഥികളുമാണ് കേരളത്തിന് പുറത്തേക്ക് കണ്ണും നട്ടിരിക്കുന്നത്.

(എബിവിപി കേന്ദ്ര പ്രവര്‍ത്തകസമിതി അംഗമാണ് ലേഖകന്‍)

 

ShareTweetSendShare

Related Posts

ഭാരതമാതാവിനെ ഭയക്കുന്നവര്‍

അമ്മനാടിനെ തള്ളിപ്പറയുന്ന കമ്മ്യൂണിസം

അമ്മഭാരതത്തിന്റെ അമരത്വം

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies