മമതാ ബാനര്‍ജിയുടെ ഭരണത്തില്‍ ബംഗാളില്‍ നടക്കുന്ന ഭീകരമായ ഹിന്ദുവേട്ടയുടെ കഥകളോരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സന്ദേശ്ഖാലി എന്ന വാക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. കയ്യില്‍ മുളവടിയും ചൂലും കുട്ടയും വട്ടിയും തവിയുമൊക്കെയായി റോഡിലിറങ്ങിയ പാവപ്പെട്ട ഹിന്ദു സ്ത്രീകള്‍ തൃണമൂല്‍ കൊണ്‍ഗ്രസ്സ് നേതാവ് ഷെയ്ഖ് ഷാജഹാനെ അറസ്‌റ് ചെയ്യണെമെന്നു ആവശ്യപ്പെടുന്നു. ഷെയ്ഖ് ഷാജഹാനും അയാളുടെ സഹോദരങ്ങളായ സിറാജുദ്ദീന്‍ , ആലംഗീര്‍, കൂട്ടാളികളായ ഉത്തം സര്‍ദാര്‍, ഷിബാ പ്രസാദ് ഹസ്ര എന്നിവരും ചേര്‍ന്ന് കഴിഞ്ഞ പത്തിലധികം വര്‍ങ്ങളായി ആ സ്ത്രീകളെ ലൈംഗിക അടിമകളായി വെച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ഇന്‍സ്റ്റിറ്റിയൂഷനൈസ്ഡ് റേപ്പ്, അഥവാ സ്ഥാപനവല്‍ക്കരിക്കപ്പെട്ട ലൈംഗിക ചൂഷണമാണ് അവിടെ നടക്കുന്നത്. ഒരു സ്ത്രീ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിയുടെ മറവില്‍, അതിന്റെ ലോക്കല്‍ നേതാക്കള്‍ കൂട്ടബലാല്‍സംഗങ്ങള്‍ നടത്തുകയായിരുന്നു എന്നതൊക്കെയാണ് ഇപ്പോള്‍ വെളിയില്‍ വരുന്ന വസ്തുതകള്‍. പതിവുപോലെ മലയാള മാധ്യമങ്ങള്‍ ഈ വിഷയത്തിലും ഒട്ടകപ്പക്ഷി നയം സ്വീകരിക്കുകയാണ്. എവിടെയാണ് സന്ദേശ് ഖാലി? എന്താണ് അവിടെ നടക്കുന്നത്. ഈ വിഷയത്തില്‍ വസ്തുനിഷ്ഠമായ ഒരു പഠനം ആവശ്യമുണ്ട്.
പശ്ചിമബംഗാളിലെ അതിര്‍ത്തി ജില്ലയായ നോര്‍ത്ത് 24 പര്‍ഗനാസിലെ ഒരു ദ്വീപ് ഗ്രാമമാണ് സന്ദേശ്ഖാലി. വിദ്യാധാരി, റായ്മംഗല്‍, ദന്‍സ, കൈന്ദി എന്നീ നദികളാല്‍ സന്ദേശ്ഖാലിയുടെ എല്ലാ വശങ്ങളും ചുറ്റപ്പെട്ടിരിക്കുന്നു. ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ബസിര്‍ഹട്ട് ലോക്‌സഭാ മണ്ഡലത്തിലാണ് സന്ദേശ്ഖാലി പെടുന്നത്. അത് കൊല്‍ക്കത്തയില്‍ നിന്നും ഏതാണ്ട് 76 കിലോമീറ്റര്‍ ദൂരെയാണ്. ബംഗ്ലാദേശ് അതിര്‍ത്തിയോട് വളരെ അടുത്ത പ്രദേശമാണ് ഇത്. നരഭോജികളായ ബംഗാള്‍ കടുവകളുടെ ആവാസകേന്ദ്രമായ സുന്ദര്‍ബെന്‍സ് ഡെല്‍റ്റ ഈ പ്രദേശത്തിന്റെ അതിര്‍ത്തിയാണ്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യ ഉള്ള ജില്ലയാണ് നോര്‍ത്ത് 24 പര്‍ഗനാസ് ജില്ല. 2011 ലെ കണക്കനുസരിച്ച് ഇവിടുത്തെ ജനസംഖ്യ ഏകദേശം ബൊളീവിയ എന്ന രാഷ്ട്രത്തിന് അല്ലെങ്കില്‍ യുഎസ് സംസ്ഥാനമായ മിഷിഗണിന് തുല്യമാണ്.
1971 ല്‍ പാകിസ്ഥാന്‍ സൈന്യവും അവിടുത്തെ മുസ്ലിം തീവ്രവാദികളും കൂടി ബംഗ്ലാദേശില്‍ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയപ്പോള്‍ അതില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് വന്ന അഭയാര്‍ത്ഥികളാണ് നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ ജനങ്ങളില്‍ ഭൂരിഭാഗവും. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ആ ചെളി പ്രദേശത്ത് അവര്‍ പുതിയ ജീവിതം കരുപ്പിടിപ്പിച്ചു. അവരില്‍ തന്നെ മിക്കവാറും പേര്‍ ദളിത് പിന്നോക്ക ഹിന്ദുക്കളായിരുന്നു. ഇവിടെ ബംഗ്ലാദേശുമായുള്ള അതിര്‍ത്തിയുടെ ഒരു ചെറിയ ഭാഗം മാത്രമേ വേലി കെട്ടിയിട്ടുള്ളൂ. അതുകൊണ്ടു തന്നെ ഈ അതിര്‍ത്തി വളരെ അപകടകരമാണ്.
1971 ല്‍ ബംഗ്ലാദേശ് സ്വതന്ത്രമായ ശേഷം, അവിടെയുണ്ടായ രാഷ്ട്രീയ അസ്ഥിരതകള്‍ ആ രാജ്യത്തെ പിന്നോട്ട് നടത്തി. അതോടൊപ്പം ഉണ്ടായ ജനസംഖ്യ വിസ്‌ഫോടനം കാര്യങ്ങള്‍ താറുമാറാക്കി. പട്ടിണിയായ അതിര്‍ത്തിക്കപ്പുറത്ത് നിന്നും ബംഗ്ലാ മുസ്ലീങ്ങള്‍ ധാരാളമായി ഇന്ത്യയിലെത്തി. ആദ്യം സിപിഎമ്മും പിന്നീട് തൃണമൂലും മുസ്ലിം നുഴഞ്ഞു കയറ്റത്തെ പ്രോത്സാഹിപ്പിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള റോഹിങ്ക്യകള്‍ ജലപാതയിലൂടെ പശ്ചിമ ബംഗാളിലേക്ക് കടന്ന കവാടങ്ങളിലൊന്നാണ് സന്ദേശ്ഖാലി. ഇങ്ങിനെ തുടര്‍ച്ചയായുണ്ടായ ബംഗ്ലാ മുസ്ലിം നുഴഞ്ഞുകയറ്റം കാരണം, സന്ദേശ്ഖാലിയുടെയും ബസിര്‍ഹട്ടിന്റെയും ജനസംഖ്യാക്രമം ആകെ തകിടം മറിഞ്ഞു. അയല്പക്കത്തെ പോപ്പുലേഷന്‍ ബോംബിന്റെ അലയൊലികള്‍ ഇവിടെയും ഉണ്ടായി. ബസിര്‍ഹട്ട്, ഒരു കാലത്ത് ബസൂര്‍ ഹാത്ത് എന്നറിയപ്പെട്ടിരുന്നു (ബസു എന്നത് ഒരു ബംഗാളി ഹിന്ദു കുടുംബപ്പേരാണ്). മുസ്ലീങ്ങളുടെ ജനസംഖ്യ വര്‍ദ്ധിച്ചപ്പോള്‍ പേരുപോലും അവരുടെ രീതിയില്‍ മാറി.
ഈ പിന്നോക്ക പ്രദേശത്താണ് കഴിഞ്ഞ ദിവസം വളരെയധികം സ്ത്രീകള്‍ ചൂലും വട്ടിയും കുട്ടയും ഒക്കെയെടുത്ത് തെരുവിലിറങ്ങി സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്കല്‍ നേതാവ് ഷെയ്ഖ് ഷാജഹാന്‍ എന്നയാള്‍ക്കെതിരെ പ്രതിഷേധിച്ചത്. സന്ദേശ് ഖാലി പോലീസ് സ്റ്റേഷന് പുറത്ത് കൂട്ടം കൂടി നിന്ന ഈ സ്ത്രീകള്‍ ഷെയ്ഖ് ഷാജഹാനെയും അനുയായികളായ ഉത്തം സര്‍ദാര്‍, ഷിബാ പ്രസാദ് ഹസ്ര എന്നിവരെയും അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു. ആ പ്രദേശത്ത് നടക്കുന്ന നിരവധി കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ ഇവരാണ്. ഇവര്‍ സന്ദേശ്ഖാലിയിലെ ഓരോ വീട്ടിലും കയറിയിറങ്ങുന്നു, അവിടങ്ങളില്‍ സര്‍വ്വേ നടത്തുന്നു, ആ വീടുകളില്‍ സുന്ദരികളായ സ്ത്രീകളോ പെണ്‍കുട്ടികളോ ഉണ്ടെങ്കില്‍ അവരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസിലേക്ക് തട്ടിക്കൊണ്ടു പോകുന്നു. അവിടെ ടി.എം.സിയുടെ ഉന്നത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അവരെ മാറിമാറി ബലാല്‍സംഗം ചെയ്യുന്നു. ഷാജഹാന്റെ നേതൃത്വത്തില്‍ പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുക്കുന്നു, ആ പാവങ്ങളെക്കൊണ്ട് നിര്‍ബന്ധിതമായി ജോലി ചെയ്യിക്കുന്നു, സ്ത്രീകളെ രാത്രി 12 മണിക്ക് പോലും പാര്‍ട്ടി മീറ്റിങ്ങിനെന്നു പറഞ്ഞു തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസില്‍ വിളിപ്പിക്കുന്നു, അവിടെ വെച്ച് ബലാല്‍സംഗം ചെയ്യുന്നു. ഇതൊക്കെയായിരുന്നു അവരുടെ വെളിപ്പെടുത്തല്‍.
ആരാണീ ഷെയ്ഖ് ഷാജഹാന്‍ എന്താണ് അയാളുടെ പ്രശ്‌നം എന്നതാണ് അടുത്ത അന്വേഷണം. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെഏറ്റവും സ്വാധീനമുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവാണ് ഷെയ്ഖ് ഷാജഹാന്‍. ഇയാള്‍ അവിടുത്തെ മത്സ്യ ബന്ധനത്തിന്റെ ചുമതലയുള്ള ജില്ലാ പരിഷത്ത് മെമ്പറാണ്. പക്ഷെ തത്വത്തില്‍ ഇവിടുത്തെ എം.പിയോ എം.എല്‍.എയോ പോലും ഷെയ്ഖ് ഷാജഹാനെക്കാള്‍ താഴെയാണ്. ഇയാള്‍ ആദ്യകാലത്ത് ഒരു ട്രക്ക് ഡ്രൈവറും പിന്നീട് ഒരു സബ്ജിക്കച്ചവടക്കാരനുമായിരുന്നു. പിന്നീട് സന്ദേശ്ഖാലി ബ്ലോക്കിലെ മത്സ്യബന്ധന മേഖലയില്‍ പാര്‍ട്ട് ടൈം തൊഴിലാളിയായി വേഷമിട്ടു. പിന്നെ സന്ദേശ്ഖാലിയിലെ മത്സ്യബന്ധന, ഇഷ്ടിക ചൂളകളിലെ യൂണിയന്‍ നേതാവായി മാറി. ഇയാള്‍ ‘ഷാജഹാന്‍ഭായ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. അന്ന് വംഗനാട്ടില്‍ സിപിഎമ്മിന്റെ കാലമായിരുന്നു. ഷാജഹാന്റെ അമ്മാവന്‍ മുസ്ലിം ഷെയ്ഖ് ഒരു സിപിഎം നേതാവായിരുന്നു. മറ്റെല്ലാ ക്രിമിനലുകളെയും പോലെ ഷെയ്ഖ് ഷാജഹാനും സഖാവായി. അയാള്‍ 2003 ല്‍ പ്രാദേശിക സിപിഐ (എം) യൂണിറ്റില്‍ ചേര്‍ന്നു. ഷെയ്ഖ് ഷാജഹാന്‍സഖാവ് സിപിഎമ്മിന്റെ ടിക്കറ്റില്‍ പഞ്ചായത്ത് പ്രസിഡന്റായി. അവിടെയുള്ള പാവങ്ങളെ ഭയപ്പെടുത്തിയും മറ്റും അയാള്‍ ഏറെ കുപ്രസിദ്ധനായി. സഹോദരന്മാരായ സിറാജുദീന്‍, ആലംഗീര്‍ എന്നിവര്‍ അയാളുടെ സാമ്രാജ്യത്തിലെ ഭരണം നടത്തുന്നു
.
2011 ല്‍ ബംഗാളിലെ മമതയുടെ ദുര്‍ഭരണകാലം ആരംഭിച്ചു. അതോടെ സിപിഎമ്മിലുണ്ടായിരുന്ന പല ക്രിമിനലുകളും ടി.എം.സി.യില്‍ ചേര്‍ന്നു. അന്നത്തെ ടി.എം.സി ദേശീയ ജനറല്‍ സെക്രട്ടറി മുകുള്‍ റോയ്, നോര്‍ത്ത് 24 പര്‍ഗാനാസ് ടി.എം.സി ജില്ലാ പ്രസിഡന്റ് ജ്യോതിപ്രിയോ മല്ലിക്ക് എന്നിവരുടെ ശ്രദ്ധ ഒന്നാം തരം ഗുണ്ടയായ ഷാജഹാന്‍ സഖാവില്‍ പതിഞ്ഞു. അങ്ങിനെ 2013ല്‍ ഷെയ്ഖ് ഷാജഹാനും ടി.എം.സിയില്‍ ചേര്‍ന്നു.
മമതാ മന്ത്രിസഭയില്‍ മന്ത്രിയായ ജ്യോതി പ്രിയ മല്ലിക്കിന്റെ അടുത്ത അനുയായി ആയി തൃണമൂല്‍ ഭരണത്തിന്‍ കീഴില്‍ അയാള്‍ തഴച്ചു വളര്‍ന്നു.
2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ബിജെപി 18 ലോക്സഭാ സീറ്റുകള്‍ നേടി. എന്നാല്‍ സന്ദേശ്ഖാലി ഉള്‍പ്പെടുന്ന ബസിര്‍ഹട്ടില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നുസ്രത്ത് ജഹാന്‍ റൂഹി വിജയിച്ചു. എതിരെ മത്സരിച്ച് രണ്ടാം സ്ഥാനം നേടിയത് ബിജെപിയുടെ സായന്തന്‍ ബസുവാണ്. ബിജെപിക്ക് വേണ്ടി ഇവിടെ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് പ്രദീപ് മൊണ്ഡല്‍ എന്നയാളായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം 2019 ജൂണില്‍ നസാത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സന്ദേശ് ഖാലിയിലെ മൊണ്ടല്‍മാരുടെ വീടുകള്‍ തൃണമൂല്‍ – റോഹിങ്ക്യന്‍ മുസ്ലിം ഗുണ്ടകള്‍ ആക്രമിച്ചു. അവര്‍ പ്രദീപ് മൊണ്ഡല്‍, സുകാന്ത മൊണ്ഡല്‍, ദേബ്ദാസ് മൊണ്ഡല്‍ എന്നിവരെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തി. പ്രദീപ് മൊണ്ഡലിന്റെ കണ്ണുകള്‍ ചൂഴ്ന്ന് പുറത്തെടുത്തു. പ്രദീപിന്റെയും സുകാന്തയുടെയും മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് തടാകങ്ങളിലെ ചെളിയില്‍ താഴ്ത്തിയിരുന്നു. ദേബ്ദാസ് മൊണ്ഡലിന്റെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ രണ്ട് വര്‍ഷത്തിന് ശേഷം ഒരു നദിയുടെ തീരത്ത് നിന്ന് കണ്ടെത്തി. ‘സര്‍ബീരിയ അഗര്‍ഹത്തി’ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനാണ് ക്രൂരമായ കൊലപാതകത്തിന് നേതൃത്വം നല്‍കിയത്. പ്രദീപ് മൊണ്ഡലിന്റെ കുടുംബം തകര്‍ന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയെ കാണാന്‍ പോലും അവര്‍ ഭയപ്പെടുകയും ദേശീയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായരായി കരയുകയും ചെയ്തു. പശ്ചിമ ബംഗാള്‍ മാധ്യമങ്ങള്‍ ഈ സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാതെ മമതാ ബാനര്‍ജിയുടെ മുന്നില്‍ മുട്ടിലിഴഞ്ഞു. ഷാജഹാനെതിരെ എഫ്‌ഐആര്‍ രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. വലിയ സോഷ്യല്‍ മീഡിയ കോലാഹലങ്ങള്‍ക്ക് ശേഷം ദേശീയ മാധ്യമങ്ങളുടെ നിരന്തര ഇടപെടലിനെത്തുടര്‍ന്ന്, ഒടുവില്‍ ഷാജഹാനെതിരെ എഫ്‌ഐആര്‍ നജാത്ത് പോലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്തു. എന്നാല്‍ പോലീസിന്റെ പിന്തുണയോടെ അയാള്‍ ജലമാര്‍ഗ്ഗം ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു.
ഇയാളുടെ പേരില്‍ തട്ടിക്കൊണ്ടുപോകല്‍, അക്രമം, കൊലപാതകം തുടങ്ങിയ നിരവധി കേസുകള്‍ നിലവിലുണ്ട്. ഓരോ അക്രമത്തിനും ശേഷം അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലെത്തി ഒളിക്കുകയാണ് സി. പി.എം കാലം മുതലേ ഷാജഹാന്റെ പതിവ്. ബംഗ്ലാദേശില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് റോഹിങ്ക്യകളെ കടത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഷാജഹാന്‍. മൊണ്ഡലുകളുടെ ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയത് ഷാജഹാന്റെ റോഹിങ്ക്യന്‍ ബ്രിഗേഡാണ് എന്നും സന്ദേശ്ഖാലി പ്രദേശവാസികള്‍ ആരോപിക്കുന്നു. ശരീരാവയവങ്ങള്‍ മുറിച്ചു മാറ്റി കണ്ണ് ചൂഴ്‌ന്നെടുത്ത് നടത്തിയ കൊലപാതകത്തിന്റെ രീതി ഈ പ്രക്രിയയില്‍ റോഹിങ്ക്യകളുടെ പങ്കാളിത്തത്തിന് തെളിവാണെന്ന് അവര്‍ പറയുന്നു.
തൃണമൂല്‍ ഗുണ്ടയായതോടെ സമീപപ്രദേശങ്ങളിലെ സ്ഥലക്കച്ചവടങ്ങള്‍ അയാളുടെ നിയന്ത്രണത്തിലായി. പാവപ്പെട്ട ദളിത്, ആദിവാസികളുടെ ഭൂമി പിടിച്ചെടുത്ത് ചെമ്മീന്‍ കെട്ടും കോഴി ഫാമുകളും തുടങ്ങി. പിന്നീട് ഇയാളുടെ സംഘത്തിലെ ആളുകള്‍ ഓരോ വീടുകളും പോയി ചെറുപ്പക്കാരികളും സുന്ദരികളായ സ്ത്രീകളുള്ള വീടുകള്‍ തിരിച്ചറിഞ്ഞു വെച്ച് ഓരോരുത്തരെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം നടത്തിയും മാസങ്ങളോളം ലൈംഗിക അടിമകളാക്കി വെക്കാനും തുടങ്ങി. അയാളുടെ സ്വാധീനത്തെയും തൃണമൂലിന്റെ സര്‍വ്വാധിപത്യത്തെയും ഭയന്ന് അവര്‍, ആ പാവങ്ങള്‍ പ്രതികരിച്ചില്ല.
എന്നാല്‍ കാലം കണക്കു ചോദിയ്ക്കാന്‍ കരുതി വെച്ചിട്ടുണ്ടായിരുന്നു. ഈ ഷെയ്ഖ് ഷാജഹാന്റെ നേതാവ് ജ്യോതിപ്രിയ മല്ലിക്ക് മമതയുടെ ആദ്യ മന്ത്രി സഭയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ആയിരുന്നു. ആ സമയത്ത് റേഷന്‍ കട വഴി വിതരണം ചെയ്യേണ്ടിയിരുന്ന അരിയും ഗോതമ്പും, ബാകിബുര്‍ റഹ്‌മാന്‍ എന്ന കോണ്‍ട്രാക്ടറുമായി ചേര്‍ന്ന് ജ്യോതിപ്രിയ മല്ലിക്ക് ഓപ്പണ്‍ മാര്‍ക്കറ്റില്‍ വിറ്റു. ഏകദേശം 10000 കോടി രൂപയുടെ അഴിമതി. ഗുണനിലവാരമില്ലാത്ത ധാന്യങ്ങള്‍ അതും കുറഞ്ഞ അളവില്‍ ഇവര്‍ റേഷന്‍ കടകള്‍ക്ക് വിതരണം ചെയ്തു. ഈ അഴിമതി കേസായി. ഇ.ഡി അന്വേഷണമായി. 2023 ഒക്‌ടോബര്‍ മാസത്തില്‍ ബാകിബുര്‍ റഹ്‌മാനും ജ്യോതിപ്രിയ മല്ലിക്കും അറസ്റ്റിലായി. 24-പര്‍ഗാനാസിലൂടെ ഒഴുകുന്ന ചന്ദൂലിയ നദി സംരക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ബരുണ്‍ ബിശ്വാസിന്റെ കൊലപാതകത്തില്‍ ജ്യോതിപ്രിയ മാലിക്കിന് പങ്കുണ്ടെന്നു ആരോപണമുണ്ട്.
അന്വേഷണം തുടര്‍ന്ന ഇ.ഡി, ഈ റേഷന്‍ അഴിമതിയില്‍ ഷെയ്ഖ് ഷാജഹാന് പങ്കുണ്ടെന്നു കണ്ടെത്തി. 2024 ജനുവരി 5, വെള്ളിയാഴ്ച, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഷെയ്ഖ് ഷാജഹാന്റെ വസതിയില്‍ റെയ്ഡ് നടത്തി. എന്നാല്‍ ഇഡി ഉദ്യോഗസ്ഥരെ ഷാജഹാന്റെ ഗുണ്ടകള്‍ ഉള്‍പ്പെടെ ഒരു വന്‍ ജനക്കൂട്ടം ആക്രമിച്ചു. പലര്‍ക്കും മാരകമായി പരിക്കേറ്റു. പതിവ് പോലെ ഷെയ്ഖ് ഷാജഹാന്‍ തന്റെ റോഹിങ്ക്യന്‍ തീവ്രവാദികളുടെ സഹായത്തോടെ ബംഗ്ലാദേശിലേക്ക് മുങ്ങി. ഇ.ഡിയാകട്ടെ അയാളുടെ വീട് സീല്‍ ചെയ്തു. അയാള്‍ ഒളിവില്‍ പോയതിനു ശേഷമാണ് അവിടുത്തെ സ്ത്രീകള്‍ പ്രതികരിക്കാന്‍ തുടങ്ങിയത്. ബിജെപി അതിനെ അനുകൂലിച്ച് രംഗത്ത് വന്നതോടെ മമത ഗത്യന്തരമില്ലാതെ അയാളുടെ പ്രധാന കൂട്ടാളി ഷിബപ്രസാദ് ഹസ്രയെ അറസ്റ്റ് ചെയ്തു. ഷേയ്ക് ഷാജഹാന്‍ ഫെബ്രുവരി 29ന് പുലര്‍ച്ചെ അറസ്റ്റിലായി.
സന്ദേശ്ഖാലിയിലെ പാവപ്പെട്ട ഹിന്ദു സ്ത്രീകളെ ഷാജഹാനും കൂട്ടാളികളും ലൈംഗിക അടിമകളാക്കി മാറ്റി. അവരുടെ ഇഷ്ടാനുസരണം ഉപയോഗിക്കാനും വലിച്ചെറിയാനും കഴിയുന്ന വിലകുറഞ്ഞ ചരക്കുകളായി കണ്ടു. സങ്കല്‍പ്പിക്കാനാകാത്ത ഈ പീഡനങ്ങളെക്കുറിച്ച് ഹിന്ദു സ്ത്രീകള്‍ സംസാരിക്കുന്നതോടെയാണ് സന്ദേശ്ഖാലിയുടെ ഭീകരമായ കഥ വികസിക്കുന്നത്.
ഇ.ഡി സംഭവത്തിന് ശേഷം, പ്രാദേശിക സ്ത്രീകള്‍ വലിയ തോതില്‍ പരസ്യമായി രംഗത്തെത്തി.ഷാജഹാനും കൂട്ടരും കൊഞ്ച് കൃഷിക്കായി തങ്ങളുടെ ഭൂമി ബലമായി പിടിച്ചെടുക്കുകയും വര്‍ഷങ്ങളോളം തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു.
സ്ത്രീകള്‍ പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ തൃണമൂലുകാര്‍ അക്രമം അഴിച്ചുവിട്ടു. ജനക്കൂട്ടം ഷാജഹാന്റെ കൂട്ടാളികളുടെ കോഴിഫാമും മറ്റും കത്തിച്ചു. ബംഗാള്‍ ഗവര്‍ണ്ണര്‍ സി.വി. ആനന്ദ ബോസ് അവിടം സന്ദര്‍ശിച്ചു. പാവപ്പെട്ട ബംഗാളി സ്ത്രീകള്‍ പുഷ്പാര്‍ച്ചനയോടെയാണ് ഗവര്‍ണ്ണറെ സ്വീകരിച്ചത്. കാര്യങ്ങളുടെ കിടപ്പ് മനസ്സിലായ പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ സി.വി. ആനന്ദബോസ് മാധ്യമങ്ങളോട് ഇങ്ങിനെ പ്രതികരിച്ചു:

”ചില ഗുണ്ടകള്‍ വീടുകളിലെത്തുന്നു, അവിടെയുള്ള പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ പിടികൂടുന്നു, വീട്ടമ്മമാരെയും അപമാനിക്കുന്നു, ഗൃഹനാഥന്മാരുടെ മുന്നില്‍ വെച്ച് തന്നെ, അവര്‍ക്ക് പ്രതികരിക്കാന്‍ പോലും കഴിയുന്നില്ല, ഇതൊരു കഥയല്ല ഭാവനയല്ല, ഈ ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളാണ്.”
കാര്യങ്ങള്‍ കൈവിട്ടുപോയി എന്ന് മനസ്സിലാക്കിയ മമത ബാനര്‍ജി സന്ദേശ്ഖാലിയെ മറച്ചുവെക്കാനുള്ള പ്ലാന്‍ തയ്യാറാക്കി. ആ ദുരന്തഭൂമിയിലേക്ക് ദേശീയ മാധ്യമങ്ങളുടെ പ്രവാഹം മണത്തറിഞ്ഞ അവര്‍ അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ച്, എല്ലാ വഴിയും അടച്ചുപൂട്ടി.
സന്ദേശ് ഖാലിയിലേക്കുള്ള ഫെറി മമതയുടെ പോലീസ് നിര്‍ത്തിവെച്ചു. ഇന്റര്‍നെറ്റ് നിര്‍ത്തലാക്കി. പോലീസ് അങ്ങോട്ടേക്ക് ആരെയും കടത്തി വിട്ടില്ല. കേന്ദ്രമന്ത്രി അന്നപൂര്‍ണാദേവിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തെ സന്ദേശ് ഖാലിയിലേക്കുള്ള യാത്രാമധ്യേ രാംപൂരില്‍ തടഞ്ഞു. അവിടേക്ക് പോകാന്‍ എത്തിയ എം.പിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ സുകാന്ത മജുംദാറിനെ ക്രൂരമായി മര്‍ദ്ദിച്ചു. വാഹനത്തിന്റെ ബോണറ്റില്‍ നിന്ന് തള്ളിവീഴ്ത്തി ലാത്തി കൊണ്ട് തല്ലി. മാരകമായി പരിക്കേറ്റ സുകാന്തയെ ബസിര്‍ഹട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ കൊല്‍ക്കത്തയിലേക്ക് മാറ്റുകയായിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖും റോഹിന്‍ഗ്യന്‍ കൂട്ടാളികളും ചേര്‍ന്ന് തങ്ങളുടെ ഭര്‍ത്താക്കന്മാരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് പ്രദീപ് മൊണ്ഡല്‍, സുകാന്ത മൊണ്ഡല്‍ എന്നിവരുടെ ഭാര്യമാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലെത്തി. കൊലപാതകക്കേസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവതികള്‍ കോടതിയെ സമീപിച്ചു. കേസ് സിബിഐക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
‘ഷാജഹാനും കൂട്ടാളികളും എല്ലാ വൈകുന്നേരവും ഹിന്ദു സ്ത്രീകളെ തിരിഞ്ഞ്ഗ്രാമവാസികളുടെ വാതില്‍ക്കല്‍ എത്തി. അവരുടെ കുടുംബത്തിലെ പുരുഷന്മാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയ ശേഷം സ്ത്രീകളെ ബലം പ്രയോഗിച്ച് പിടിച്ചെടുത്തു. വലയിലായ സ്ത്രീകളെ ഷാജഹാന്റെ സഹായികളായ ഷിബപ്രസാദ് ഹസ്രയുടെയും ഉത്തം സര്‍ദാറിന്റെയും ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് ബലമായി കൊണ്ടുപോയി, തുടര്‍ന്ന് അവരുടെ പ്രായം, രൂപം, ആരോഗ്യസ്ഥിതി എന്നിവ പരിശോധിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തു’.
ഷാജഹാന്റെയും കൂട്ടാളികളുടെയും ആക്രമണം ഭയന്ന് തങ്ങളുടെ വ്യക്തിത്വം മറയ്ക്കാന്‍ മുഖം മറച്ചിരുന്ന നിരവധി സ്ത്രീകളാണ് ഈ അക്രമങ്ങളുടെ കഥ പുറത്ത് പറഞ്ഞത്. നിര്‍ബന്ധിത തൊഴില്‍, ഭൂമി കൈയേറ്റം, ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ എന്നിവ മൂലം സഹികെട്ട ഒരു ജനതയുടെ പ്രതികരണമായിരുന്നു ഈ പ്രതിഷേധങ്ങള്‍.
ഈ ക്രൂരമായ കഥ ശരിയായി മനസ്സിലാക്കിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മമതാ ബാനര്‍ജിക്കെതിരെ രംഗത്തു വന്നു. പശ്ചിമ ബംഗാളിലെ ഹിന്ദുക്കളുടെ വംശഹത്യയിലും ബലാത്സംഗത്തിലും പങ്കാളിയായ മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തുകൊണ്ടുവന്നു.
‘മമതാ ബന്ദോപാധ്യായ ഹിന്ദുക്കളുടെ വംശഹത്യക്കു പേരുകേട്ടയാളാണ്. വിവാഹിതരായ ഹിന്ദു യുവതികളെ തട്ടിയെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ്സ് ഓഫീസില്‍ കൊണ്ടുപോയി നിരവധി രാത്രികള്‍ ബലാല്‍സംഗം ചെയ്യാന്‍ അവരുടെ പുരുഷന്മാരെ അവര്‍ ഇപ്പോള്‍ അനുവദിക്കുകയാണ്.’ ഇങ്ങിനെ വളരെ കൃത്യമായി സ്മൃതി ഇറാനി കാര്യം പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ ഇളകി. ഭാരതം സന്ദേശ് ഖാലിയെ ശ്രദ്ധിക്കാന്‍ തുടങ്ങി.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വര്‍ഷങ്ങളായി പരാതി നല്‍കിയിട്ടും പോലീസ് കണ്ണടച്ചതായി ഗ്രാമവാസികള്‍ ആരോപിച്ചു. ഏതെങ്കിലും ഗ്രാമീണര്‍ സന്ദേശ്ഖാലി പോലീസ് സ്റ്റേഷനെ സമീപിക്കുമ്പോഴെല്ലാം, ഭായിയെയോ (ഷാജഹാന്‍ അറിയപ്പെടുന്നത്) അല്ലെങ്കില്‍ അദ്ദേഹത്തിന്റെ സഹായികളെയോ കാണാനും തര്‍ക്കം പരിഹരിക്കാനും പോലീസ് അവരോട് പറഞ്ഞു.
”ആരെങ്കിലും പ്രതിഷേധിക്കാന്‍ തുനിഞ്ഞാല്‍ അവനെ തല്ലും. 2019-ല്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒരു ഫോണ്‍ നമ്പര്‍ പുറത്തിറക്കി, അതില്‍ ആളുകള്‍ക്ക് അവരുടെ പരാതികളും ആവലാതികളും നേരിട്ട് അറിയിക്കാം. എന്നാല്‍ ആരെങ്കിലും ആ നമ്പറിലേക്ക് വിളിക്കാന്‍ ധൈര്യപ്പെടുകയാണെങ്കില്‍, അയാളെ തിരിച്ചറിയുകയും അതേ വിധി നേരിടുകയും ചെയ്യും”.ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിനോട് മറ്റൊരു ഗ്രാമീണന്‍ പറഞ്ഞതാണിത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഷാജഹാന്‍ ഷെയ്ഖ് തന്റെ വാര്‍ഷിക വരുമാനം 20 ലക്ഷം രൂപയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇയാള്‍ക്ക് 17 കാറുകളും 43 ബിഗാസ് ഭൂമിയും രണ്ട് കോടിയുടെ ആഭരണങ്ങളും രണ്ട് കോടിയുടെ ബാങ്ക് ബാലന്‍സും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ജനകീയ പ്രതിഷേധം പടരുകയും പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും ഗ്രാമത്തിലെത്താന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഫെബ്രുവരി 9 വെള്ളിയാഴ്ച മുതല്‍ സെക്ഷന്‍ 144 പ്രകാരം പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബൃന്ദ കാരാട്ടും, ജയറാം രമേശും, ബംഗാള്‍ പിസിസി പ്രസിഡന്റ് അധീര്‍ രഞ്ജന്‍ ചൗധരിയും ഷെയ്ഖ് ഷാജഹാന്‍ നടത്തിയ അക്രമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.കഴിഞ്ഞയാഴ്ച ജനകീയ പ്രതിഷേധം ആരംഭിച്ചതിന് ശേഷമാണ് ഉത്തം സര്‍ദാറിനെ ടിഎംസിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്. പിന്നീട് ഹസ്രയെയും അറസ്റ്റ് ചെയ്തു. ബിജെപി നേതാവ് സുവേന്ദു അധികാരിയെ സന്ദേശ്ഖാലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പല തവണ പോലീസ് തടഞ്ഞു. ഒടുവില്‍ ഹൈക്കോടതിയാണ് അദ്ദേഹത്തെ അവിടം സന്ദര്‍ശിക്കാന്‍ അനുവദിച്ചത്.

ഫെബ്രുവരി 13 ചൊവ്വാഴ്ച, കൊല്‍ക്കത്ത ഹൈക്കോടതി മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സന്ദേശ്ഖാലി സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. പാര്‍ട്ടി ഷെയ്ഖ് ഷാജഹാനെ സംരക്ഷിക്കുന്നില്ലെന്നും ജുഡീഷ്യറി സംസ്ഥാന പോലീസിന്റെ കൈയും കാലും കെട്ടിയിരിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ദേശീയ സെക്രട്ടറി അഭിഷേക് ബാനര്‍ജി അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെ, ഫെബ്രുവരി 26ന് ഷാജഹാനെ അറസ്റ്റ് ചെയ്യാന്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ’42 കേസുകളില്‍ കുറ്റപത്രമാകാന്‍ നാല് വര്‍ഷമെടുത്തു എന്നത് ആശ്ചര്യകരമാണ്. ‘എന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.അത് കൂടാതെ ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാന്‍ സിബിഐ, ഇഡി പോലുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഷാജഹാനും കൂട്ടരെയും നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കാനായി സ്ഥാപിക്കപ്പെട്ട സര്‍ക്കാര്‍ സംവിധാനത്തില്‍ ആദ്യ ദിവസം ലഭിച്ചത് ഏതാണ്ട് 1350 പരാതികളാണ്. അതിനിടെ ഈ വിഷയത്തില്‍ ബിജെപി നടത്തിയ പ്രതിഷേധങ്ങളെ ഓരോരോ കാരണങ്ങള്‍ പറഞ്ഞുകൊണ്ട് അടിച്ചമര്‍ത്താനാണ് മമത ശ്രമിച്ചത്.
ബിജെപി നിയോഗിച്ച വസ്തുതാന്വേഷണ സംഘത്തെ നിരോധനാജ്ഞയുടെ പേരില്‍ സന്ദേശ്ഖാലിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഒടുവില്‍ കോടതിയുടെ ഇടപെടല്‍ വേണ്ടിവന്നു. ആക്ടിംഗ് വൈസ് ചെയര്‍പേഴ്സണ്‍ അനന്ത നായക്കിന്റെ നേതൃത്വത്തില്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ (എന്‍സിഎസ്ടി) സംഘം സന്ദേശ്ഖാലിയിലെത്തി. പ്രദേശവാസികളുമായി ആശയവിനിമയം നടത്തുന്നതിനിടയില്‍ ബലം പ്രയോഗിച്ച് ഭൂമി തട്ടിയെടുക്കലും പീഡിപ്പിക്കലും സംബന്ധിച്ച നിരവധി പരാതികള്‍ കമ്മീഷന് ലഭിച്ചു. 2024 ഫെബ്രുവരി 28, 29 തീയതികളില്‍ ബിജെപി നടത്താന്‍ തീരുമാനിച്ച പ്രതിഷേധ പ്രകടനത്തിന് പോലീസ് അനുമതി നിഷേധിച്ചു. ഒടുവില്‍ ബിജെപി കോടതിയില്‍ പോകുകയും ഹൈക്കോടതി പ്രതിഷേധത്തിന് അനുവാദം നല്‍കുകയും ചെയ്തു.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ദേശീയ എസ്ടി-എസ്സി കമ്മീഷനുകള്‍, ദേശീയ വനിതാ കമ്മീഷന്‍ എന്നിവയിലെ അംഗങ്ങള്‍ ഈ പ്രദേശം സന്ദര്‍ശിച്ചു. സന്ദേശ്ഖാലി പ്രദേശത്തേക്ക് പോകുന്നതിനിടെ മുന്‍ ചീഫ് ജസ്റ്റിസ് എല്‍. നരസിംഹ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഒരു സ്വതന്ത്ര വസ്തുതാന്വേഷണ സമിതിയിലെ ആറ് അംഗങ്ങളെ, ഫെബ്രുവരി 25 ന് പശ്ചിമ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു.
മാര്‍ച്ച് ആറിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ല സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. സന്ദേശ്ഖാലിയിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പ്രധാനമന്ത്രി മോദിയെ കാണാനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാകുമെന്ന് ബിജെപി പശ്ചിമ ബംഗാള്‍ ഘടകം പ്രസിഡന്റ് സുകന്ത മജുംദാര്‍ പ്രസതാവിച്ചിട്ടുണ്ട്.
കോടതിയുടെ നിരന്തര ഇടപെടലിന് ശേഷം; സന്ദേശ്ഖാലിയിലെ സ്ത്രീകളുടെയും ബിജെപിയുടെയും പ്രതിഷേധം ഫലം കണ്ടു. 56 ദിവസത്തിന് ശേഷം ഷെയ്ഖ് ഷാജഹാനെ അറസ്റ്റു ചെയ്യാന്‍ മമതയുടെ പോലീസ് നിര്‍ബന്ധിതമായി. പോലീസിന് മറ്റ് വഴികളില്ലായിരുന്നു; എന്നിട്ടും ഷാജഹാന്‍ ഷെയ്ഖിനെതിരായ നടപടി തൃണമൂല്‍ കോണ്‍ഗ്രസ് കേവലം സസ്പെന്‍ഷനിലൊതുക്കി. ഈ അറസ്റ്റ് സന്ദേശ്ഖാലി പ്രദേശത്ത് ഹോളി ആഘോഷത്തിന്റെ പ്രതീതി സൃഷ്ടിച്ചു. സന്തോഷം പങ്കുവച്ച സ്ന്ദേശഖാലിയിലെ വനിതകള്‍ വന്ദേമാതര വിളിച്ചും മുഖത്ത് ഛായം പൂശിയും മധുരപലഹാരം വിതരണം ചെയ്തുമാണ് ആ വാര്‍ത്ത ആഘോഷിച്ചത്. പശ്ചിമ ബംഗാളിലെ 49 സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വലിയ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും, ജനങ്ങള്‍ നിരത്തിലിറങ്ങി ആഘോഷ പരിപാടികള്‍ നടത്തിയ ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ട് ഇന്റര്‍നെറ്റില്‍ വൈറലാവുകളും ദേശീയമാധ്യമങ്ങള്‍ ഏറ്റു പിടിക്കുകയും ചെയ്തു. 43 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അയാള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനോട് ‘അറസ്റ്റിലായ ഷാജഹാന്‍ ഷെയിഖിനോട് യാതൊരു സഹതാപവുമില്ലെന്നും നിങ്ങളെ പത്ത് കൊല്ലത്തേക്ക് തിരക്കിലാക്കിലാക്കി തരാമെന്നും’ കൊല്‍ക്കത്ത ഹൈക്കോടതി പറഞ്ഞത് ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
എന്തായാലും തങ്ങളുടെ ഉരുക്കുമുഷ്ടിയും അധികാര ദുര്‍വിനിയോഗവും കൊണ്ട് പുറംലോകത്തു നിന്നും മാധ്യമങ്ങളില്‍ നിന്നും സന്ദേശ്ഖാലിയിലെ ഹിന്ദു വേട്ടയുടെ ക്രൂരകഥകള്‍ മറച്ചു വെക്കാന്‍ ഇതുവരെ മമതാ ബാനര്‍ജിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും പാവപ്പെട്ട ആദിവാസികളുടെ അവകാശങ്ങള്‍ക്കൊപ്പം നിന്നതോടെ മമതയുടെ പിടി അയഞ്ഞു. ഷെയ്ഖ് ഷാജഹാന്റെയും മറ്റു തൃണമൂല്‍ നേതാക്കളുടെയും അക്രമങ്ങള്‍ ഒന്നൊന്നായി ദേശീയ മാധ്യമങ്ങളില്‍ക്കൂടി വെളിച്ചം കാണുമ്പോള്‍ മമതയുടെ പിടി അയയുകയാണ്. ഹിന്ദു സ്ത്രീകളുടെ മാനത്തിനും രക്തത്തിനും മുകളില്‍ ഉറപ്പിച്ച അവരുടെ സിംഹാസനം ഇളകിക്കഴിഞ്ഞു. സന്ദേശ്ഖാലിയിലെ പാവപ്പെട്ട ഹിന്ദുക്കള്‍ അനുഭവിച്ച കൊടിയ പീഡനങ്ങള്‍ മമത ഭരണത്തിന് മരണമണിയാകുക തന്നെ ചെയ്യും.