അടുത്തിടെ തുടര്‍ച്ചയായി ഉണ്ടായ വന്യജീവി ആക്രമണങ്ങളുടെ പേരിലാണ് വയനാട് ജില്ല വാര്‍ത്തകളില്‍ ഇടംപിടിച്ചത്. എന്നാല്‍ വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാമ്പസിലെ രണ്ടാം വര്‍ഷ ബിവിഎസ്‌സി വിദ്യാര്‍ത്ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ജെ.എസ്. സിദ്ധാര്‍ത്ഥന്റെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് നാല്‍ക്കാലി മൃഗങ്ങള്‍ക്കു പകരം മാര്‍ക്‌സിസ്റ്റു മൃഗങ്ങളാണെന്നതാണ് വ്യത്യാസം. ‘മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗം. മൃഗം അധ:പതിച്ചാല്‍ കമ്മ്യൂണിസ്റ്റ്’ എന്നു കേരളത്തിലെ ഒരു പ്രമുഖ ചിന്തകന്‍ മുന്‍പ് പറഞ്ഞ വാക്കുകള്‍ ഈ കൊലപാതകത്തിലൂടെ ഒരിക്കല്‍കൂടി സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് ഉച്ചയ്ക്ക് ഒന്നരയോടെയാണു സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ക്രൂരമര്‍ദ്ദനമേറ്റതിന്റെ നിരവധി തെളിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള ഒട്ടേറെ പോറലുകളും തലയിലും താടിയെല്ലിലും മുതുകിലും ക്ഷതമേറ്റതിന്റെ പാടുകളും കഴുത്തില്‍ കുരുക്കു മുറുകിയ ഭാഗത്തു കണ്ടെത്തിയ അസ്വാഭാവികമായ മുറിവുമൊക്ക തുടക്കം മുതല്‍ തന്നെ കൊലപാതക സാധ്യതയിലേക്ക് വിരല്‍ചൂണ്ടിയിരുന്നു. ക്യാമ്പസില്‍ നടന്ന വാലന്റൈന്‍സ് ഡേ പരിപാടിക്കിടെ നടന്ന ചില സംഭവങ്ങളുടെ പേരില്‍ സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളുമടക്കമുള്ളവര്‍ സിദ്ധാര്‍ത്ഥനെ മര്‍ദ്ദിക്കുകയും പരസ്യവിചാരണ നടത്തുകയും മറ്റു വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കെ വിവസ്ത്രനാക്കി ഭക്ഷണവും വെള്ളവും പോലും നിഷേധിച്ച് വന്യജീവികളെ പോലും നാണിപ്പിക്കുംവിധത്തില്‍ ക്രൂരമായി വേട്ടയാടുകയായിരുന്നുവെന്ന് ഇതിനോടകം തന്നെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് നില്‍ക്കുന്ന 18 പേര്‍ വൈകിയാണെങ്കിലും കോളജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും പോലീസ് പിടിയിലാവുകയും ചെയ്തിട്ടുണ്ട്. കോളേജ് യൂണിയന്‍ പ്രസിഡന്റ്, യൂണിയന്‍ അംഗം, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി എന്നിവരുള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രധാന പ്രതികള്‍. ഇതില്‍ നിന്നു തന്നെ സിദ്ധാര്‍ത്ഥന്റെ ദാരുണമരണത്തില്‍ എസ്എഫ്‌ഐയുടെ സജീവ പങ്കാളിത്തം വെളിപ്പെടുന്നു. തുടക്കം മുതല്‍ പ്രതികളെ സംരക്ഷിക്കാന്‍ കോളേജ് അധികൃതരും പൊലീസും ചേര്‍ന്ന് ശ്രമം നടത്തുന്നതായി പരാതി ഉയര്‍ന്നതിനു കാരണം പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലവും സ്വാധീനവും തന്നെയാണ്.
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ ഒരു കൊലപാതകം ഉണ്ടായിട്ടും പ്രതികളുടെ ഉന്നത രാഷ്ട്രീയ ബന്ധത്തിന്റെ ദു:സ്വാധീനത്തില്‍ പെട്ട് ഇരയുടെ കുടുംബത്തിന് നീതി നിഷേധിക്കാനുള്ള നീക്കമാണ് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. സംഭവത്തിനു മുന്‍പും ശേഷവും സര്‍വകലാശാല അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവം പരിഗണിച്ച് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലറെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെട്ടു സസ്‌പെന്റ് ചെയ്തു. വിദ്യാര്‍ത്ഥിയുടെ മരണത്തിന്റെ ഉത്തരവാദിത്തം ആരോപിച്ചാണ് വൈസ് ചാന്‍സലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥിനെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള അസാധാരണമായ നടപടി ഗവര്‍ണര്‍ കൈക്കൊണ്ടത്. സംഭവത്തില്‍ ഔദ്യോഗികമായ വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്നും ഡീനിന്റ പണി സെക്യൂരിറ്റി സര്‍വീസ് അല്ലെന്നുമാണ് പൂക്കോട് വെറ്ററിനറി കോളേജ് ഡീന്‍ എം.കെ. നാരായണന്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. ഒടുവില്‍ ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
ഒരാളെ പരസ്യവിചാരണ നടത്തിയും നഗ്‌നനാക്കിയും കൊലപ്പെടുത്തുന്ന കാടത്തരീതി പൊതുവെ ഐഎസ് പോലുള്ള മതഭീകരസംഘടനകളാണ് അനുവര്‍ത്തിച്ചുപോരുന്നത്. എസ്എഫ്‌ഐയുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചും കേരളത്തിലെ കലാലയങ്ങളില്‍ നിലനില്‍ക്കുന്ന എസ്എഫ്‌ഐ-പിഎഫ്‌ഐ കൂട്ടുകെട്ടിനെക്കുറിച്ചുമുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആശങ്ക അവഗണിച്ചു തള്ളേണ്ടതല്ല. മതഭീകരരെ പ്രീതിപ്പെടുത്താനാണ് അടുത്തിടെ കേരള സര്‍വകലാശാലാ കലോത്സവത്തിന് ‘ഇന്‍തിഫാദ’ എന്നു പേരു നല്‍കിയത്. തീവ്രവാദവുമായി ബന്ധപ്പെട്ട പേരാണ് ഇതെന്ന് വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. അതോടൊപ്പം എന്‍ഐടി കാലിക്കറ്റും സ്പിക് മക്കെ കോഴിക്കോട് ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ‘വിരാസത്’ മേളയെ വീര്‍ സാവര്‍ക്കര്‍ മേളയെന്ന് തെറ്റിദ്ധരിപ്പിച്ച് സിപിഎം വലിയ പ്രചാരണങ്ങള്‍ നടത്തിയതും ഇസ്ലാമിക ഭീകരവാദികളെ പ്രീണിപ്പിക്കാന്‍ തന്നെയാണ്. സിപിഎം ഭരണത്തിലിരിക്കുമ്പോള്‍ പോലും പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രതിസ്ഥാനത്തുള്ള മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോവുകയുണ്ടായില്ല. കലാലയങ്ങളെ കലാപഭൂമിയാക്കാന്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേരത്തെ മുതല്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. സിദ്ധാര്‍ത്ഥന്റെ മരണത്തിലും, അതിനു മുന്നോടിയായി ക്യാമ്പസില്‍ നടന്ന അനിഷ്ട സംഭവങ്ങളിലും എസ്എഫ്‌ഐയോടൊപ്പം മതവിധ്വംസകരുടെയും ഇടപെടലുകളുണ്ടായിട്ടുണ്ടോയെന്നു ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.
കലാലയങ്ങളെ അക്രമങ്ങളുടെയും അരാജകത്വത്തിന്റെയും വിളനിലമാക്കി അവിടങ്ങളിലെ ജനാധിപത്യ അന്തരീക്ഷത്തെ സമഗ്രാധിപത്യവും മൃഗാധിപത്യവുമാക്കി അധ:പതിപ്പിക്കാനാണ് എസ്എഫ്‌ഐ ഏറെക്കാലമായി പരിശ്രമിച്ചു വരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരുമലയില്‍ എബിവിപി പ്രവര്‍ത്തകരായ മൂന്ന് വിദ്യാര്‍ത്ഥികളെ പമ്പയാറ്റില്‍ കല്ലെറിഞ്ഞു കൊന്ന സംഭവം എസ്എഫ്‌ഐയുടെ കിരാത രാഷ്ട്രീയത്തിന്റെ ക്രൂരമുഖം വെളിവാക്കുന്നതായിരുന്നു. ഇപ്പോള്‍ ഭരണകക്ഷിയുടെ പിന്തുണയുള്ള വിദ്യാര്‍ത്ഥിസംഘടനയെന്ന സവിശേഷാധികാരം ഉപയോഗിച്ച് എസ്എഫ്‌ഐ നിയമപാലകരെപ്പോലും ഭയപ്പെടുത്തുന്ന കാഴ്ച അടുത്തിടെ കേരളത്തിന്റെ തെരുവുകളില്‍ ദൃശ്യമായിരുന്നു. എസ്എഫ്‌ഐക്കാര്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയും പരീക്ഷ എഴുതാതെ തന്നെ ഉന്നതവിദ്യാഭ്യാസ യോഗ്യത കരസ്ഥമാക്കുകയും പിന്‍വാതിലിലൂടെ നിയമനങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത ഒട്ടേറെ ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്.
എസ്എഫ്‌ഐയുടെ സമഗ്രാധിപത്യം നിലനില്‍ക്കുന്ന തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ് ഉള്‍പ്പെടെയുള്ള കലാലയങ്ങളില്‍ സദാസജ്ജമായിരിക്കുന്ന ‘ഇടിമുറികളെ’ക്കുറിച്ച് വിദ്യാര്‍ത്ഥിസമൂഹം എത്രയോ തവണ ചര്‍ച്ചചെയ്തതാണ്. എറണാകുളത്തെ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചതും പാലക്കാട് വിക്‌ടോറിയ കോളേജില്‍ അധ്യാപികയ്ക്ക് കുഴിമാടം ഒരുക്കിയതുമെല്ലാം എസ്എഫ്‌ഐയുടെ അസഹിഷ്ണുതയുടേയും അരാജകത്വത്തിന്റെയും ദൃഷ്ടാന്തങ്ങളാണ്. വിദേശകാര്യ നയതന്ത്ര വിദഗ്ധനും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനുമായ ടി.പി. ശ്രീനിവാസനെ പരസ്യമായി തല്ലിയതും അടുത്തിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്‌ഐക്കാര്‍ തെരുവില്‍ ആക്രമിക്കാന്‍ ശ്രമിച്ചതുമൊക്കെ കേരളം കണ്ടതാണല്ലോ. മാര്‍ക്‌സിസ്റ്റ് മസ്തിഷ്‌കം പേറുന്ന രാഷ്ട്രീയ കിരാതന്മാരുടെ മൃഗയാവിനോദത്തിന്റെ ഒടുവിലത്തെ ഇര മാത്രമാണ് സിദ്ധാര്‍ത്ഥ്. സംസ്ഥാനത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായി വിശ്വനാഥനും അട്ടപ്പാടിയിലെ മധുവും കൊലചെയ്യപ്പെട്ടതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പരസ്യവിചാരണയ്‌ക്കൊടുവില്‍ സിദ്ധാര്‍ത്ഥനെയും കൊലചെയ്തിരിക്കുന്നത്. കേരളം അഭിമാനം കൊള്ളുന്ന സാംസ്‌കാരിക പ്രബുദ്ധതയെന്ന അവകാശവാദം കൂടിയാണ് ഇത്തരം കൊലപാതകങ്ങളിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. ക്ലാസ്മുറികളില്‍ കഴുമരങ്ങളൊരുക്കി കലാലയങ്ങളെ മൃഗാധിപത്യത്തിന്റെ മേച്ചില്‍പ്പുറങ്ങളാക്കുന്ന എസ്എഫ്‌ഐയുടെ രാഷ്ട്രീയ നൃശംസതയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്.