കോഴിക്കോട്: ഭാരതീയ വിദ്യാനികേതനും ചിന്മയ വിദ്യാലയവും സംയുക്തമായി ദേശീയ വിദ്യാഭ്യാസ നയം 2019 – കേരളത്തെ അധികരിച്ച് ഒരു പഠനം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കേന്ദ്ര മാനവവിഭവശേഷി വകുപ്പ് ദേശീയ വിദ്യാഭ്യാസ മോണിറ്ററിംഗ് കമ്മറ്റി അംഗം എ.വിനോദ് ഉദ്ഘാടനം ചെയ്തു.
എന്തു പഠിച്ചു എന്നതിനൊപ്പം എങ്ങനെ പഠിച്ചു എന്നതും പ്രധാനമാണെന്നും അതുകൊണ്ട് പഠനഭാരം കുറയ്ക്കാനും കുട്ടികളില്‍ യുക്തിചിന്തയും പ്രശ്‌നാപഗ്രഥന- പ്രശ്‌നപരിഹാരശേഷി വര്‍ദ്ധിപ്പിക്കാനുമാണ് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതെന്നും ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സമഗ്രവും ഏകാത്മകവുമായ ബോധന സമീപനം ഉണ്ടാവണം. അത് ആനന്ദപ്രദം ആയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 16ന് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ ഡോ.സി.സി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ഡോ.എം.വി.നടേശന്‍, ഡോ. രാജേശ്വരി കുഞ്ഞമ്മ, ഡോ.ടി.വി. മുരളിവല്ലഭന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.സുമതി ഹരിദാസ്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, പി. നന്ദനന്‍, എം. മാധവന്‍, നീലേശ്വരം ഭാസ്‌കരന്‍, ബാലഗോപാലന്‍ പായിച്ചേരി, സി.പി.ജി. രാജഗോപാല്‍, അഡ്വ.പി. ജയഭാനു എന്നിവര്‍ സംസാരിച്ചു.