ഹിന്ദുത്വ ദേശീയ വാദം മുഖമുദ്രയാക്കിയ ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ആഗോളതലത്തില്‍ ഭാരതം ഒറ്റപ്പെട്ടു പോകുമെന്ന് പ്രചരിപ്പിച്ചവരില്‍ കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഒക്കെ ഉണ്ടായിരുന്നു. പശ്ചിമേഷ്യയിലെ മുസ്ലീം രാജ്യങ്ങള്‍ ഭാരതത്തോട് പിണങ്ങുമെന്നും രാജ്യത്തിന് എണ്ണ നിഷേധിക്കുമെന്നും ഒക്കെ പ്രചരിപ്പിച്ചവരുമുണ്ടായിരുന്നു. ഇന്ധന ക്ഷാമം മൂലമുണ്ടാകുന്ന വിലക്കയറ്റത്തില്‍ പട്ടിണിയും പരിവട്ടവുമായി രാജ്യം നശിക്കുന്നത് സ്വപ്‌നം കണ്ടവര്‍ പോലുമുണ്ട്. എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും കേന്ദ്രത്തില്‍ വിജയകരമായി ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ വിദേശ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ നയതന്ത്രബന്ധം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉജ്വലകാലഘട്ടത്തിലൂടെ കടന്നുപോകുന്നതായി കാണാന്‍ കഴിയും. അതിനു കാരണം ആരാലും സ്വാധീനിക്കപ്പെടാത്ത ഉറച്ച നിലപാടുകളുമായി മുന്നോട്ടു പോകുന്ന ഒരു വന്‍ശക്തിയായി ഭാരതം രൂപാന്തരപ്പെട്ടു എന്നതാണ്. മുന്‍ കാലങ്ങളില്‍ ചേരിചേരായ്മയുടെ അപ്പോസ്തലനായി മേനി നടിക്കുകയും റഷ്യന്‍ ചേരിയില്‍ നില്‍ക്കുകയും ചെയ്യുക എന്ന കാപട്യമായിരുന്നു നയതന്ത്ര രംഗത്ത് ഭാരതം പിന്‍തുടര്‍ന്നിരുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഭാരതത്തിന്റെ വിദേശനയം അടിമുടി മാറിയെന്ന് കാണാം. ഭാരതം സൈനികമായും സാമ്പത്തികമായും വന്‍ശക്തിയായി മാറുന്ന വര്‍ത്തമാനകാലത്ത് ഭാരതത്തിന്റെ ശബ്ദത്തിന് വേറിട്ട അര്‍ത്ഥവും മാനവും കൈവന്നിരിക്കുകയാണ്. ഏഷ്യാ വന്‍കരയിലെ ഏറ്റവും വിശ്വസ്തനായ കൂട്ടുകാരനായി അമേരിക്കയടക്കം നിരവധി യൂറോപ്യന്‍ വന്‍ ശക്തിരാജ്യങ്ങള്‍ കാണുന്നത് ഭാരതത്തെയാണ്. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി നടത്തിയ വിദേശപര്യടനങ്ങളെ പരിഹസിച്ചിരുന്നവരൊക്കെ എന്തിനായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരങ്ങള്‍ എന്ന് ഇന്ന് തിരിച്ചറിയുന്നുണ്ട്. ഇന്ന് ഭാരതത്തിന്റെ സൗഹൃദം കാംക്ഷിക്കാത്ത ഒറ്റ വിദേശ രാജ്യം പോലും ഇല്ല എന്നതാണ് വസ്തുത. ഈ സാഹചര്യത്തില്‍ വേണം ഖത്തര്‍ വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുന്‍ ഭാരത നാവികസേനാ ഉദ്യോഗസ്ഥരെ നിരുപാധികം വിട്ടയച്ച സംഭവത്തെ വിലയിരുത്താന്‍.
ഭാരത നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം ഖത്തറിന്റെ ചില പ്രതിരോധ സംരംഭങ്ങളില്‍ ജോലി ചെയ്യുമ്പോഴാണ് എട്ട് ഭാരതീയര്‍ ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റിലാവുന്നത്. ഖത്തറിനു വേണ്ടി ഇറ്റാലിയന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മിഡ്‌ജെറ്റ് അന്തര്‍വാഹിനികളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരെയാണ് ചാരവൃത്തി ആരോപിച്ച് ഖത്തറിന്റെ രഹസ്യാന്വേഷണ വിഭാഗം 2022 ആഗസ്റ്റില്‍ അറസ്റ്റു ചെയ്തത്. അന്തര്‍വാഹിനിയുടെ രഹസ്യങ്ങള്‍ ഇസ്രായേലിന് ചോര്‍ത്തിക്കൊടുത്തു എന്നാണ് സംശയിച്ചിരുന്നത്. ഇത് പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം ആസൂത്രണം ചെയ്ത് കെട്ടിച്ചമച്ച കേസാണെന്ന ആരോപണം ആദ്യം മുതല്‍ക്കു തന്നെ ഉണ്ടായിരുന്നു. എന്തായാലും 2023 മാര്‍ച്ചില്‍ നടന്ന വിചാരണക്കൊടുവില്‍ ഒക്ടോബര്‍ 26 ന് എട്ട് നാവികര്‍ക്കും ഖത്തര്‍ കോടതി വധശിക്ഷ വിധിച്ചു. ഈ സംഭവത്തെ ഭാരതത്തിലെ പ്രതിപക്ഷ കക്ഷികള്‍ പതിവുപോലെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രയോഗിക്കാവുന്ന ഒരു രാഷ്ട്രീയ ആയുധമായി മാത്രമാണ് കണ്ടത്. ഭാരതത്തിന്റെ നയതന്ത്ര രംഗത്തെ വലിയ വീഴ്ചയായി സംഭവത്തെ ഉയര്‍ത്തിക്കാട്ടാന്‍ ചില മോദി വിരുദ്ധമാധ്യമങ്ങളും കൊണ്ടുപിടിച്ച് ശ്രമിക്കാതിരുന്നില്ല. ഒരു വിദേശരാജ്യത്തു നടന്ന സംഭവമായതിനാല്‍ അവരുടെ നിയമ വ്യവസ്ഥയെ മാനിച്ചുകൊണ്ട് പ്രശ്‌നം പരിഹരിക്കാനാണ് ഭാരതം ശ്രമിച്ചത്. അതോടൊപ്പം തന്നെ ഭരണതലത്തില്‍ രാഷ്ട്രീയ ഇടപെടലും നയതന്ത്രനീക്കവുമെന്ന ദ്വിമുഖതന്ത്രമാണ് ഭാരതം അവലംബിച്ചത്. എന്തായാലും നവംബര്‍ 23ന് ഭാരതത്തിന്റെ അപ്പീല്‍ അംഗീകരിച്ചതായി ഖത്തര്‍ അറിയിച്ചു. ഒന്നര വര്‍ഷത്തെ അതിശക്തമായ നയതന്ത്രനീക്കങ്ങള്‍ക്കു പിന്നില്‍ ചുക്കാന്‍ പിടിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും സംയുക്തമായിട്ടായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാവിക ഉദ്യോഗസ്ഥരുടെ ബന്ധുക്കളുമായി കൃത്യമായ ഇടവേളകളില്‍ വിദേശകാര്യ മന്ത്രി ആശയവിനിമയം നടത്തിക്കൊണ്ടിരുന്നു. എട്ടു ലക്ഷം ഭാരതീയര്‍ വസിക്കുന്ന ഖത്തറിന് ഭാരതത്തിന്റെ അതിശക്തരായ ദേശീയ നേതൃത്വത്തെ അവഗണിച്ചു കൊണ്ട് മുന്നോട്ടു പോകുവാനാകുമായിരുന്നില്ല. എന്നു മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹൃദ്യമായ സൗഹൃദം വച്ചു പുലര്‍ത്തുന്ന ഒരു നേതൃത്വമാണ് ഖത്തറിലുള്ളത്. ദുബായില്‍ വച്ച് നടന്ന കോപ്-28 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി മോദിജി നടത്തിയ കൂടിക്കാഴ്ച്ച ഭാരതത്തിന് അനുകൂലമായ തീരുമാനമെടുക്കാന്‍ ഖത്തറിനെ പ്രേരിപ്പിച്ചു എന്നു വേണം അനുമാനിക്കാന്‍. എന്തായാലും ഈ അടുത്ത കാലത്തുണ്ടായ ഭാരതത്തിന്റെ ഏറ്റവും വലിയ നയതന്ത്ര വിജയമായി മാറി, ഖത്തറില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട എട്ട് ഭാരതീയര്‍ സുരക്ഷിതരായി നാട്ടില്‍ മടങ്ങി എത്തിയത്.
2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ യുഎഇ സന്ദര്‍ശന സമയത്ത് പ്രവാസി ഭാരതീയര്‍ക്ക് ആരാധനയ്ക്കായി ഒരു ക്ഷേത്രം വേണമെന്ന ആശയം മുന്നോട്ട് വച്ചിരുന്നു. അപ്പോള്‍ തന്നെ യുഎഇ പ്രസിഡന്റ് അത് അംഗീകരിക്കുകയും അബുദാബിയില്‍ ക്ഷേത്രത്തിനായി സ്ഥലം അനുവദിക്കുകയും ചെയ്തു. തന്റെ ഏഴാമത്തെ യുഎഇ സന്ദര്‍ശനത്തില്‍ ശിലാ നിര്‍മ്മിതമായ മഹാക്ഷേത്രത്തെ ലോകത്തിന് സമര്‍പ്പിക്കാനുള്ള ഭാഗ്യവും നരേന്ദ്ര മോദിക്കുണ്ടായി. സ്വാമി നാരായണ പ്രസ്ഥാനം നിര്‍മ്മിച്ച ഈ ക്ഷേത്രം അറേബ്യന്‍ നാട്ടിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമെന്നതിലുപരി രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തിന്റെ മകുടോദാഹരണമായി മാറിയിരിക്കുന്നു. ക്ഷേത്രസമര്‍പ്പണത്തോടനുബന്ധിച്ച് അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ അഹ്‌ലന്‍ മോദി എന്ന പേരില്‍ നടന്ന മഹാസമ്മേളനത്തില്‍ അര ലക്ഷത്തിലധികം ആള്‍ക്കാരാണ് പങ്കെടുത്തത്. 2022-23 കാലത്ത് യുഎഇയുമായി നടന്ന ഭാരതത്തിന്റെ വ്യാപാര ഇടപാടുകളില്‍ 16% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022-23 കാലത്ത് ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ പ്രത്യക്ഷ വിദേശ നിക്ഷേപം നടത്തിയിട്ടുള്ള നാലു രാജ്യങ്ങളില്‍ ഒന്ന് യുഎഇ ആണ്. അതുകൊണ്ടൊക്കെയാണ് ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍ എത്തിയപ്പോള്‍ എല്ലാ പ്രോട്ടോക്കോളും മാറ്റി വച്ച് യുഎഇ പ്രസിഡന്റ് തന്നെ വിമാനത്താവളത്തില്‍ നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചത്. എല്ലാ നയതന്ത്ര സൗഹാര്‍ദ്ദങ്ങളുടെയും അടിസ്ഥാനം ശക്തിയാണ്. ഇന്ന് ഭാരതം സുശക്തമായ ഒരു രാഷ്ട്രമാണെന്ന സന്ദേശം ലോകത്തിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഖത്തറിലടക്കം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഭാരതത്തിനുണ്ടായിട്ടുള്ള നയതന്ത്ര വിജയം മാറുന്ന ഭാരതത്തിന്റെ ദിശാസൂചനയായി കണക്കാക്കാം.