കാക്കൂര്‍ ശ്രീധരന്‍മാഷുടെ വീട്ടില്‍ ചര്‍ച്ചയിലാണ് ഞാന്‍.
മാഷ് പഴയ സോഷ്യലിസ്റ്റ് ആണെന്നറിഞ്ഞുകൊണ്ടു തന്നെയാണ് സബ് ആള്‍ട്ടണ്‍ ചര്‍ച്ചയില്‍ പോയിരുന്നുവോ എന്ന് ചോദിച്ചത്.
‘ഇല്ല എനിക്കതിനെപ്പറ്റി ഒന്നുമറിയില്ല.’ മാഷ് നിഷ്‌ക്കളങ്കനായി പറഞ്ഞു.
ആഗോള അടിസ്ഥാനത്തില്‍ കമ്മ്യൂണിസം പൊളിഞ്ഞു. സോഷ്യലിസ്റ്റ് ലോകം ആശയങ്ങള്‍ എന്നേ ഉപേക്ഷിച്ചു. ചില ആളുകളുടെ ഉള്ളില്‍ മാത്രമേ ഇന്ന് അതുള്ളൂ. അതിനെ ആഗോള അടിസ്ഥാനത്തില്‍ കുത്തിപ്പൊക്കി കൊണ്ടുവരാനുള്ള ശ്രമമാണ് ‘വോക്കിസം’, ‘പോസ്റ്റ് കൊളോണിയലിസം’, ‘സബ് ആള്‍ട്ടേണ്‍’ എന്ന് തുടങ്ങിയ പാശ്ചാത്യ ഇടത് പ്രത്യയശാസ്ത്ര അഭ്യാസങ്ങള്‍. അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ ആരംഭിച്ച അത് ഭാരതത്തിലും എത്തിയിട്ടുണ്ട്. കേരളത്തിലും അതിന്റെ അനക്കങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.’
‘കേരളത്തില്‍ കമ്മ്യൂണിസം അതിന്റെ ശവക്കുഴി സ്വയം തോണ്ടിക്കൊണ്ടിരിക്കയല്ലേ?’
‘അതെ. ഇസ്ലാമിക തീവ്രവാദത്തിന്റെ ഉഗ്രതയില്‍ ശക്തിയോടെ തിരിച്ചു വരാം എന്നാണ് അവര്‍ കരുതുന്നത്.’
‘മൂര്‍ഖര്‍! തത്വചിന്താപുസ്തകങ്ങള്‍ എല്ലാം എടുത്ത് അട്ടത്ത് വെച്ച് പ്രാകൃത മതനിയമങ്ങളെ പുല്‍കുന്ന വരായി മാറി കമ്മ്യൂണിസ്റ്റുകള്‍. ഇപ്പോഴത്തെ പോക്ക് കണ്ടാല്‍ ഫ്യൂഡലിസ്റ്റുകളും ഫാസിസ്റ്റുകളും എല്ലാം അവര്‍ തന്നെ.’
‘മാഷ് ശരിക്കും കാര്യങ്ങള്‍ അറിയുന്നുണ്ടല്ലേ?’
‘പക്ഷെ ഈ പുതിയ അടവുകള്‍, സംരംഭങ്ങള്‍ എന്തൊക്കെയാണ്? അറിയില്ല.’
‘വോക്കിസം Woke ഉണര്‍ന്നു, wake up എന്ന വാക്കില്‍ നിന്ന് ഉണ്ടായതാണ്. (ഉത്തിഷ്ഠത ജാഗ്രത,) ഉയര്‍ത്തെഴുന്നേല്‍ക്കുക എന്നൊക്കെ അര്‍ത്ഥം. ആഫ്രിക്കന്‍ അമേരിക്കന്‍ വെര്‍ണാകുലര്‍ ഇംഗ്ലീഷ് (AAVE) ഭാഷയിലെ ചില പ്രയോഗങ്ങള്‍ പുതിയ കുറെ വാക്കുകള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. BLM (Black Lives Matter)അവര്‍ ഉണ്ടാക്കിയതാണ്. വര്‍ണവെറിയ്ക്കെതിരായ പ്രതിരോധം. പക്ഷെ ഇപ്പോള്‍ ഈ പ്രതിരോധം കൂടി കൂടി കടന്നുകയറ്റമായിട്ടുണ്ട്. ആവശ്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കാത്തവരെയെല്ലാം വര്‍ണവെറിയന്മാരായി ചിത്രീകരിക്കുക. ആരിലും ഏതിലും എപ്പോഴും വര്‍ണ്ണ വെറി ആരോപിക്കുക. ജോലി പ്രൊമോഷന്‍, ശമ്പള വര്‍ദ്ധന തുടങ്ങിയവ ലഭിച്ചില്ലെങ്കില്‍ ഉടനെ വര്‍ണ്ണവെറി, റേസിസമാണെന്ന് കുറ്റപ്പെടുത്തുക. അങ്ങനെ അത്തരം മാനുഷിക അനീതികള്‍ ഇല്ലെങ്കിലും സങ്കല്‍പ്പിച്ച് ഉണ്ടാക്കി ജനങ്ങളെ രണ്ട് തട്ടിലാക്കി സമരാഹ്വാനം നടത്തുക. ഇത് നമ്മുടെ നാട്ടില്‍ പതുക്കെ നാം അറിയാതെ തല പൊക്കുന്നുണ്ട്. അവര്‍ണ്ണരോട് വിശിഷ്യാ ദളിതരോട് കാട്ടുന്ന അനീതിയായി സവര്‍ണ്ണ ജാതിക്കുശുമ്പായി ചില കാര്യങ്ങള്‍ ചിത്രീകരിക്കുക. പറഞ്ഞ് ഇളക്കുക. പഴയിടം സംഭവം ഉദാഹരണം. അതില്‍ ഇസ്ലാമിസ്റ്റുകളും കൂടി ചേര്‍ന്നാല്‍ നല്ല മസാലയായി.’
ശ്രീധരന്‍ മാഷ്‌ക്ക് ഒരു സംശയം.
‘അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് സംവരണം ഇല്ലേ?’
‘ഇല്ല. പണ്ട് ബ്ലാക്ക് ലീഡേഴ്സ് സംവരണം വേണ്ട എന്ന് പറഞ്ഞു. കാരണമായി അവര്‍ പറഞ്ഞത് ഞങ്ങളുടെ മക്കള്‍ സംവരണം കിട്ടി പഠിച്ചാല്‍ വില കുറഞ്ഞ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ആവും. തുല്യത ആരും കല്പിക്കില്ല അത് ഞങ്ങള്‍ക്കു സഹിക്കാന്‍ സാധിക്കില്ല എന്നായിരുന്നു. ആയതിനാല്‍ ഒരേപോലെ കഷ്ടപ്പെട്ട് പഠിച്ച് അവര്‍ നല്ല ഡോക്ടര്‍മാരും മറ്റ് ഉദ്യോഗസ്ഥന്മാരുമായി. എല്ലാവരും അവരെ വില വെയ്ക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് വര്‍ണ്ണവെറി വര്‍ദ്ധിച്ചു വരികയാണെന്നാണ് വലിയൊരു വിഭാഗം കറുത്ത വര്‍ഗ്ഗക്കാരുടെ അഭിപ്രായം. ഇപ്പോള്‍ ബൈഡന്‍ ഗവണ്‍മെന്റ് കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. പല പോളിസികളിലും മാറ്റം വരുന്നു. അതില്‍ മറ്റു സമൂഹങ്ങളില്‍ അതൃപ്തിയുമുണ്ട്. ഈ വിയോജിപ്പുകള്‍ ഊതിപെരുപ്പിച്ച് അതില്‍ നിന്ന് മുതലെടുക്കുകയാണ് ഇടതു ലിബറലുകള്‍.’
‘നമ്മുടെ നാട്ടില്‍ ജാതി വെറി കഥകള്‍ ഏശില്ല. മാത്രമല്ല സംവരണത്തിലൂടെ സാമ്പത്തിക നിലയും ബോധവല്‍ക്കരണത്തിലൂടെ മറ്റ് സാമൂഹ്യ അനീതികളും ഏറെക്കുറെ ഇല്ലാതായിട്ടുണ്ട്’
‘ശരിയാണ്… മധു, വാളയാര്‍ പെണ്‍കുട്ടികള്‍, വണ്ടിപ്പെരിയാര്‍ സംഭവം… ഇവിടെ മര്‍ദ്ദകര്‍ പലപ്പോഴും ഇടതന്മാരാണ്. എന്നിരുന്നാലും നട്ടാല്‍ മുളക്കാത്ത നങ്ങേലിക്കഥ ഇവിടെ പ്രചാരം നേടിയില്ലേ? ഇവിടെ വോക്കിസം ഓടില്ല അതാണ് സബ് ആള്‍ട്ടേണ്‍ കൊണ്ട് വരുന്നത്. ജനതയെ രണ്ടു വിഭാഗമാക്കുക. മര്‍ദ്ദകരും മര്‍ദ്ദിതരും. അമേരിക്കയില്‍ ഇത് നല്ല പോലെ ഓടി. യൂണിവേഴ്‌സിറ്റികള്‍ മുഴുവന്‍ ഇടത് ലിബറലുകള്‍ കയ്യിലെടുത്തു. മര്‍ദ്ദിതരില്‍ ബ്ലാക്‌സ്, മുസ്ലിംസ്, കുടിയേറ്റക്കാര്‍, പാലസ്തീനികള്‍, ഭിന്നലിംഗക്കാര്‍, സ്വവര്‍ഗ്ഗ പ്രേമികള്‍ തുടങ്ങിയവര്‍. മറുവശത്ത് മര്‍ദ്ദകര്‍ ജൂതന്മാരും തങ്ങളോടൊപ്പം ചേരാത്ത വെള്ളക്കാരും. ഇത് വിദ്യാര്‍ത്ഥികളെ പലസ്തീന്‍ അനുകൂലികളാക്കി മാറ്റി. പ്രോപഗണ്ടയില്‍ മയങ്ങി തെറ്റും ശരിയും തിരിച്ചറിയാത്തവരായി. ഇസ്രായേല്‍ പ്രതിക്കൂട്ടിലും ഹമാസ് വെള്ളരിപ്രാവുകളും ആയി. ജാഥകളില്‍ അരാജകത്വം നടമാടി. ഈ യുവാക്കള്‍ പലരും ട്രമ്പിന് എതിരും ഡെമോക്രാറ്റുകളുടെ പിന്തുണക്കാരുമായതിനാല്‍ സര്‍ക്കാര്‍ നടപടി നാമമാത്രമായി. പോലീസ് ദൃക് സാക്ഷിയായി.’
‘ഭാരതത്തില്‍ സബ് ആള്‍ട്ടേണ്‍ ആയി കണക്കാക്കുന്നത് ആരെയൊക്കെയാണ്.?’
‘വിക്കിപീഡിയ പറയുന്നത് ശൂദ്രര്‍, സ്ത്രീകള്‍, ദളിതുകള്‍ എന്ന്..! മതന്യൂനപക്ഷങ്ങള്‍ ഇല്ല ഭാഗ്യം. സ്വവര്‍ഗ്ഗക്കാരും ഭിന്നലിംഗക്കാരും ഭാരതത്തില്‍ ഇല്ലെന്നും കരുതിക്കാണും’.
‘ശൂദ്രര്‍ എന്നൊക്കെ വായിച്ച് കേട്ട് മനുസ്മൃതി അങ്ങനെ തന്നെ അക്ഷരംപ്രതി ഇവിടെ നടപ്പാക്കി വരുന്നുണ്ടെന്ന് കരുതിക്കാണും.’
‘ഹ..ഹ.. ഇവിടെ ഇടയ്‌ക്കൊക്കെ ‘മനുസ്മൃതി’ കത്തിക്കണം എന്നൊക്കെ പറയുമ്പോള്‍ സ്വാഭാവികമായും അവര്‍ അത് നമ്മുടെ ഭരണഘടനയാണെന്നു കരുതുമല്ലോ. കൂടാതെ ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്ന് വായിച്ച് അര്‍ത്ഥം പറഞ്ഞു കൊടുക്കുന്നവരുമുണ്ട്.’
‘ലോകത്ത് കമ്മ്യൂണിസം ചുരുങ്ങി ചുരുങ്ങി വരികയാണല്ലോ, അപ്പൊ ഇത് പോലെ ചിലതാണ് അവരെ ചൊടിപ്പിച്ച് നിര്‍ത്തുന്നത്. മുറിവേറ്റ നാഗങ്ങളെപ്പോലെ വല്ല വിള്ളലുകളിലൂടെയും പഴുതുകളിലൂടെയും കയറിപ്പറ്റാന്‍ നോക്കുകയാണ്. ‘വ്രണിത നാഗങ്ങളുടെ നുഴഞ്ഞു കയറ്റം അല്ലേ?’
‘കമ്മ്യൂണിസവും സോഷ്യലിസവും എവിടെയും വിജയിച്ചില്ല.’ മാഷ് കുറച്ചു നിരാശനായ പോലെ പറഞ്ഞു.
‘സത്യമാണ് മാഷേ. കമ്മ്യൂണിസത്തിന്റെ ഏഴ് അദ്ഭുതങ്ങള്‍ എന്നൊരു ലേഖനം വായിച്ചതോര്‍ക്കുന്നു. തമാശയാണ്. ഞാന്‍ ചുരുക്കി പറയാം:
1. ഏവര്‍ക്കും തൊഴില്‍. തൊഴിലില്ലായ്മ എന്നൊന്നില്ല.
2. എല്ലാവര്‍ക്കും തൊഴിലുണ്ടെങ്കിലും ആരും മര്യാദയ്ക്ക് പണിയെടുക്കില്ല.
3. ആരും പണിയെടുത്തില്ലെങ്കിലും എല്ലാ പദ്ധതികളും നൂറു ശതമാനം വിജയിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിക്കും.
4. പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയായെങ്കിലും ഉല്‍പ്പാദനമില്ല. ഉല്പന്നമില്ല. കടകള്‍ അടഞ്ഞു കിടക്കും.
5. കടകള്‍ കാലിയാണെങ്കിലും എല്ലാവര്‍ക്കും എല്ലാം ലഭിച്ചിരിക്കും. ഒന്നിനും ക്ഷാമമില്ലെന്നു സര്‍ക്കാര്‍ പ്രഖ്യാപിക്കും.
6. എല്ലാവരുടെയും കയ്യില്‍ എല്ലാം ഇരിക്കെ എല്ലാവരും കള്ളന്മാരായി തീരും.
7. കളവു സാര്‍വ്വത്രികമാണെങ്കിലും ആര്‍ക്കും ഒന്നും നഷ്ടപ്പെടില്ല.’
‘ഹ..ഹ..’ മാഷ് ചിരിച്ചിട്ട് പറഞ്ഞു ‘ഉത്തരകൊറിയയില്‍ ഇത് എന്തായാലും പ്രാക്ടിക്കലായി നടപ്പിലാവുന്നുണ്ടാവും.’
‘കളവു തൊഴിലാക്കിയവര്‍ പരാതിപ്പെടും. കള്ളനെ പിടിക്കുന്നവനെ സ്വേച്ഛാധിപതി എന്ന് പഴിക്കും. പാര്‍ ലമെന്റിനുമുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തും.’
‘മാത്രമോ ചൗക്കിദാര്‍ ചോര്‍ ഹൈ എന്ന് പറയും.’
ഹിന്ദിയില്‍ ഒരു ചൊല്ലുണ്ട് ‘ഉള്‍ട്ടാ ചോര്‍ കോട്ട് വാല്‍ കോ ഡാട്ടേ’ എന്ന്.
‘അതിന്റെ അര്‍ത്ഥം എന്താ?’
‘പഴയ ഹിന്ദിയില്‍ കോട്ട് വാല്‍ പൊലീസാണ്. വെളഞ്ഞ കള്ളന്‍ പോലീസിനെ ചീത്ത പറയും ന്ന്.’
മാഷ് ചിരിച്ചു. ‘ഇവിടെ എസ്എഫ്‌ഐ ചെക്കന്മാര്‍ പോലീസിനോട് കക്കൂസ് കഴുകിപ്പിക്കും എന്നൊക്കെ പറയുന്നത് കേട്ടു’
‘എങ്ങനെ പറയാതിരിക്കും? അവന്മാരുടെ നേതാവ് പോലീസിന്റെ ഏമാനാണ്.’
‘ശരിയാണ്..’
‘ഛോട്ടാ ചോര്‍ ഡാട്ടെ തോ… ബഡാ ചോര്‍..ക്യാ ക്യാ നഹി കരേഗാ?’
‘ഹ..ഹ.ഹ..’ മാഷ്‌ക്ക് മനസ്സിലായിട്ടോ എന്തോ നല്ലോണം ചിരിച്ചു.
അപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞ് എഴുന്നേറ്റു.