കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഹരിയേട്ടനെപ്പറ്റി സംസാരിക്കാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ല. വീട്ടിലായാലും ക്ലാസിലായാലും വിഷയമേതായാലും അതില്‍ എവിടെയെങ്കിലും ഹരിയേട്ടനോ അദ്ദേഹം പറഞ്ഞ വാക്കുകളോ സ്വാഭാവികമായി കയറി വരിക പതിവാണ്. ഒരു വ്യക്തി നമ്മളെ ആഴത്തില്‍ സ്വാധീനിക്കുമ്പോള്‍ നമ്മുടെ സംസാരത്തില്‍ അറിഞ്ഞോ അറിയാതെയോ അവര്‍ കയറിവരുന്നത് സ്വാഭാവികമാണല്ലോ. എന്റെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഹരിയേട്ടന്‍ സുപരിചിതനാണ്. അവരെ സംബന്ധിച്ച് അവരുടെ ടീച്ചറുടെ മുത്തച്ഛനാണ് അദ്ദേഹം. മനപ്പൂര്‍വം തന്നെ ആ ധാരണ തിരുത്താന്‍ ഞാനും നിന്നിട്ടില്ല. അവരില്‍ പലരും ഹരിയേട്ടനില്‍ നിന്ന് നേരിട്ട് അനുഗ്രഹം ലഭിക്കുവാന്‍ ഭാഗ്യം ചെയ്തവരാണ്. എന്നെപ്പോലെ തന്നെ ആ വാത്സല്യം നേരിട്ട് അനുഭവിച്ചവരാണ്. അമ്മൂമ്മ എന്ന പുണ്യാത്മാവിന്റെ (ഹരിയേട്ടന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ലക്ഷ്മിക്കുട്ടിയമ്മ എന്ന ആല്‍മരത്തിന്റെ) തണലില്‍ ഞങ്ങള്‍ക്ക് ലഭിച്ച അപ്പൂപ്പന്‍ ആണ് അദ്ദേഹം.
ഹരിയേട്ടന്‍ കോട്ടയം ഭാഗത്ത് പ്രചാരകനല്ലാതിരുന്നത് കൊണ്ട് കുട്ടിക്കാലത്ത് അദ്ദേഹത്തെ അടുത്തറിയാനുള്ള അവസരം കിട്ടിയിട്ടില്ല. പല പൊതുവേദികളിലും ക്യാമ്പുകളിലും കണ്ട് സുപരിചിതമായ മുഖമായിരുന്നുവെങ്കിലും ഒരിക്കലും നേരിട്ട് പരിചയപ്പെട്ടിട്ടില്ല. എറണാകുളത്ത് ഭാസ്‌കരീയത്തില്‍ വച്ച് നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രതിനിധിസഭയില്‍ രാഷ്ട്രസേവികാസമിതി പ്രമുഖ സഞ്ചാലിക മാന്യ ശാന്താക്കയുടെ പ്രബന്ധികയായി പോകുവാന്‍ എനിക്ക് അവസരം ലഭിച്ചു. അന്ന് ശാന്താക്കയ്ക്കു താമസം നിശ്ചയിച്ചിരുന്ന സംഘവീട്ടില്‍ വച്ച് ഹരിയേട്ടന്‍ നല്‍കിയ ഒരു അഭിമുഖത്തിനിടയിലാണ് ആദ്യമായി അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടാന്‍ അവസരം ലഭിച്ചത്. അഭിമുഖം കഴിഞ്ഞപ്പോള്‍ എന്നെ അടുത്ത് വിളിച്ച് പേരും വിവരങ്ങളും ചോദിച്ചു. പതിവുപോലെ അമ്മൂമ്മയുടെ പേര് പറഞ്ഞു ഞാന്‍. ആ പേരിന്റെ മാന്ത്രികതയാവാം പിന്നീടുള്ള 15 മിനിറ്റ് അദ്ദേഹം എന്നോട് നിര്‍ത്താതെ സംസാരിച്ചു. ആ 15 മിനിറ്റ് കൊണ്ട് അദ്ദേഹത്തിന് ഒരു സംഘകുടുംബത്തോടുള്ള സ്‌നേഹവും, അവിടുത്തെ പെണ്‍കുട്ടിയോടുള്ള വാത്സല്യവും അനുഭവിച്ചറിയുക മാത്രമല്ല, മറിച്ച് കുറെ അറിവുകളും പകര്‍ന്നു കിട്ടി. അങ്ങനെയാണ് ഹരിയേട്ടന്‍…. നമ്മള്‍ വെറുതെ അദ്ദേഹത്തോട് സംസാരിച്ചിരുന്നാല്‍ തന്നെ നാം പോലും അറിയാതെ കുറെ അറിവുകള്‍ നമ്മളിലേക്ക് എത്തിച്ചേരും. ഈ പെണ്‍കുട്ടി ആരാണ്, നല്ല മുഖ പരിചയം ഉണ്ടല്ലോ എന്ന് അദ്ദേഹം അവിടെ ആരോടോ ചോദിച്ചു എന്ന് പിന്നീട് അറിഞ്ഞു. അദ്ദേഹം പ്രചാരകന്‍ പോലും അല്ലാതിരുന്ന ഒരു നാട്ടിലെ സംഘകുടുംബത്തിലെ ഒരു കുട്ടിയെ ആദ്യമായി കണ്ടപ്പോള്‍ അവളെ എനിക്ക് നല്ല പരിചയം ഉള്ള പോലെ എന്നു പറയുക. കേട്ടപ്പോള്‍ തന്നെ അത്ഭുതം തോന്നി. പിന്നീട് അനിയത്തി ലാവണ്യയുടെ വിവാഹത്തിന് വന്നപ്പോള്‍ ഹരിയേട്ടന്‍ പറഞ്ഞത് ഓര്‍ക്കുന്നു. നാലു തലമുറയെ ഒന്നിച്ചു കാണാനാണ് ഞാന്‍ വന്നത് എന്ന്.
പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു നൃത്തനാടകത്തിന്റെ ആവിഷ്‌കാരത്തിനായി ചില വിവരങ്ങള്‍ അന്വേഷിച്ച് നടന്നപ്പോള്‍ നന്ദേട്ടന്‍ (ശ്രീ ജെ. നന്ദകുമാര്‍) ആണ് പറഞ്ഞത് നീ ഹരിയേട്ടനെ വിളിക്കൂ, കാര്യം നടക്കും. എനിക്ക് നേരിട്ട് അത്ര പരിചയമില്ല, നന്ദേട്ടന്‍ ഒന്ന് വിളിച്ച് ഞാന്‍ ഇങ്ങനെ ഒരു ആവശ്യത്തിനായി വിളിക്കും എന്നു പറയുമോ എന്ന് ചോദിച്ചപ്പോള്‍ നന്ദേട്ടന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു, ഹരിയേട്ടനെ വിളിക്കാന്‍ ശുപാര്‍ശയുടെ ആവശ്യം ഒന്നുമില്ല, നീ ധൈര്യമായി വിളിക്കുക. രണ്ടും കല്‍പ്പിച്ചു വിളിച്ചു. ഒരു മിനിറ്റ് പോലും വേണ്ടിവന്നില്ല സ്വയം പരിചയപ്പെടുത്താന്‍. അമ്മൂമ്മയുടെ പേര് പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം ഇങ്ങോട്ട്, നമ്മള്‍ എറണാകുളത്ത് വച്ച് കണ്ടതല്ലേ എന്ന് പറഞ്ഞു. അപ്പോഴാണ് ഓര്‍ത്തത് ഞാന്‍ ഇത് ആരോടാണ് ചോദിക്കുന്നത്. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ കുട്ടികളെ പോലും ഓര്‍ത്തിരിക്കുന്ന ഹരിയേട്ടനോടല്ലേയെന്ന്. പല ഭാഷയിലുള്ള ഒരു നൃത്തനാടകം ആയതുകൊണ്ട് തന്നെ ഫലം എന്താവുമെന്ന് ഒരു രൂപവും ഇല്ലാതെയാണ് കാര്യം അവതരിപ്പിച്ചത്. അപ്പോഴല്ലേ മനസ്സിലായത് ഒരു സിംഹത്തിന്റെ മടയിലാണ് പെട്ടതെന്ന്. ഗീതങ്ങള്‍ ബുക്കും പേജ് നമ്പറും സഹിതമാണ് പറഞ്ഞുതന്നത്. നിന്റെ കയ്യില്‍ ഇതൊന്നും ഉണ്ടാവില്ലെന്ന് അറിയാം, ഞാന്‍ തന്നെ അയച്ചുതരാം എന്ന് ഒരു കളിയാക്കലും. കൂടെയുണ്ടായിരുന്ന ആളുടെ ഫോണില്‍ നിന്നും ഹരിയേട്ടന്‍ അയച്ചുതന്ന പേജുകള്‍ ഇന്നും മൊബൈലില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് ആ നൃത്തരചന റാഞ്ചിയില്‍ ലോകമന്ഥന്‍ പരിപാടിയില്‍ അവതരിപ്പിച്ചപ്പോള്‍ നിറഞ്ഞ സദസ്സില്‍ അദ്ദേഹവും ഉണ്ടായിരുന്നു. നൃത്തനാടകം ആദ്യമായി സംവിധാനം ചെയ്ത ഞാന്‍ തെല്ലൊരു ആശങ്കയോടെയാണ് വേദിയില്‍ നിന്നിറങ്ങി അദ്ദേഹത്തിന്റെ മുമ്പില്‍ ചെന്നത്. ‘പ്രസ്തുതിയില്‍ മൂന്നിടങ്ങളില്‍ എന്റെ കണ്ണുനിറഞ്ഞു’ എന്ന ഹരിയേട്ടന്റെ അന്നത്തെ വാക്കുകളാണ് ഒരു നര്‍ത്തകി എന്ന നിലയില്‍ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അംഗീകാരം. പിന്നീടങ്ങോട്ട് എന്റെ സംശയനിവാരകനായിരുന്നു ഹരിയേട്ടന്‍. ഒരൊറ്റ ഫോണ്‍ വിളിക്കപ്പുറം ഏത് ചോദ്യത്തിനുള്ള ഉത്തരവും അവിടെ ഉണ്ടായിരുന്നു.
ഹരിയേട്ടന്റെ മരണത്തിന് ഏതാനും ദിവസങ്ങള്‍ മുമ്പ് ദല്‍ഹിയില്‍ വച്ച് നടന്ന അദ്ദേഹം രചിച്ച പൃഥ്വീസൂക്ത പുസ്തകപ്രകാശനത്തില്‍ അതെപ്പറ്റി ഒരു നൃത്തം ചെയ്യണമെന്ന് നന്ദേട്ടന്‍ പറഞ്ഞപ്പോള്‍ അതിയായ സന്തോഷം തോന്നി. അതിനായി ഗൂഗിള്‍, യൂട്യൂബ് എന്ന് വേണ്ട സകലയിടങ്ങളും തേടിയപ്പോള്‍ ഓര്‍ത്തു, ഹരിയേട്ടന്‍ ആരോഗ്യവാന്‍ ആയിരുന്നുവെങ്കില്‍ ഒരു ഫോണ്‍ വിളിക്കപ്പുറം എല്ലാ സംശയത്തിനും ഉത്തരം ഉണ്ടായിരുന്നേനെ എന്ന്. ഹരിയേട്ടന്റെ മരണം സൃഷ്ടിച്ച ഒരു ശൂന്യത കൂടിയാണത്. ചോദ്യങ്ങളും സംശയങ്ങളും ചോദിക്കാന്‍ ഇനി ഒരാളില്ല. ഇങ്ങനെ ഒരു ദിവസം ഉണ്ടാകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. എല്ലാവരും പറയും പോലെ ‘He was our lifeline”.’.
വിവാഹത്തിനുമുമ്പ് അനുഗ്രഹത്തിനായി തണലില്‍ ചെന്നപ്പോഴും അധികം സംസാരിക്കരുത് എന്ന ഡോക്ടറുടെ നിര്‍ദ്ദേശം വകവയ്ക്കാതെ ഹരിയേട്ടന്‍ അച്ഛനോടും അമ്മയോടും ചിറ്റയോടും ചേട്ടനോടും ഒക്കെ ഒരുപാട് സംസാരിച്ചു. വരന്റെ പേരു പറഞ്ഞപ്പോള്‍ ആ പേരിന്റെ അര്‍ത്ഥവും വ്യാപ്തിയും പറഞ്ഞു തന്നു. അദ്ദേഹം പറഞ്ഞുതന്നത് പേരിന്റെ അര്‍ത്ഥം മാത്രമല്ല, അതിലൂടെ കുടുംബജീവിതം ആത്മാര്‍ത്ഥതയോടെ നയിക്കണമെന്ന സന്ദേശം കൂടിയാണെന്നു തോന്നി. ഹരിയേട്ടന്‍ അവസാനമായി എഴുതിയത് ഞങ്ങള്‍ക്കുള്ള വിവാഹാശംസയാണെന്ന് അത് സമ്മാനിച്ച സുഹൃത്ത് പിന്നീട് പറഞ്ഞു. അവസാനമായി എന്ന വാക്ക് ഒരുപാട് വേദനിപ്പിച്ചുവെങ്കിലും ആ അനുഗ്രഹക്കുറിപ്പ് ഒരു നിധിയായി കാത്തുസൂക്ഷിക്കുന്നു. ജീവിതത്തില്‍ പാലിക്കാനുള്ള ഒരുപാട് മൂല്യങ്ങള്‍ പകര്‍ന്നുതന്നിട്ട്, ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യത ബാക്കിയാക്കി, ഹരിയേട്ടന്‍ യാത്രയായി. ഹരിയേട്ടന്‍ ആഗ്രഹിച്ചത് പോലെ ഇനിയും അദ്ദേഹം ഈ കര്‍മ്മമണ്ഡലത്തില്‍ ജനിക്കുകയാണെങ്കില്‍ ഒരിക്കല്‍കൂടി ആ വാത്സല്യം അനുഭവിക്കുവാന്‍ സാധിക്കണമേയെന്നു ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.
(ഗ്വാളിയോറിലെ രാജാ മാന്‍ സിംഗ് തോമര്‍ മ്യൂസിക് ആന്റ് ആര്‍ട്‌സ് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)