നിരവധിയാളുകള്‍ ജീവനും രക്തവും സമര്‍പ്പിച്ച പോരാട്ടത്തിന്റെ ചരിത്രമാണ് അയോധ്യയുടേത്. മുഗളന്മാര്‍ രാമക്ഷേത്രം തകര്‍ത്തപ്പോഴും ബ്രീട്ടിഷ് ഭരണകാലത്ത് ക്ഷേത്രം പുനര്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചപ്പോഴും ഹൈന്ദവ രക്തം രാമജന്മഭൂമിയില്‍ ഒഴുകി. ഭാരതം സ്വതന്ത്രയായതിനുശേഷവും അയോധ്യയില്‍ രാമക്ഷേത്രം എന്ന ആവശ്യത്തിനായി പോരാട്ടം തുടര്‍ന്നു. 1949ല്‍ ചുതമലയേറ്റ ഫൈസാബാദിലെ ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്‌ട്രേറ്റുമായിരുന്ന മലയാളി കെ.കെ.നായര്‍ അയോധ്യാ പ്രശ്‌നം അന്വേഷിക്കാനും ഗ്രൗണ്ട് റിപ്പോര്‍ട്ട് അവതരിപ്പിക്കാനും ഉദ്യോഗസ്ഥനായ ഗുരുദത്ത് സിംഗിനെ ചുമതലപ്പെടുത്തി. 1949 ഒക്‌ടോബര്‍ 10ന് സമര്‍പ്പിച്ച സിങ്ങിന്റെ റിപ്പോര്‍ട്ട്, തര്‍ക്കഭൂമിയില്‍ ഒരു മഹത്തായ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അസന്ദിഗ്ധമായി ശുപാര്‍ശ ചെയ്തു. 1949ല്‍ ഗോരഖ്‌നാഥ് മഠത്തിലെ സന്ത് ദിഗ്‌വിജയ് നാഥ് തര്‍ക്ക മന്ദിരത്തില്‍ രാമചരിത മാനസ് പാരായണം സംഘടിപ്പിച്ചു. അതിന്റെ അവസാനം രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വിഗ്രഹങ്ങള്‍ നീക്കം ചെയ്യണമെന്ന് ശഠിച്ചു. 1949 ഡിസംബര്‍ 22ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ക്ഷേത്രത്തില്‍ നിന്ന് ഹിന്ദുക്കളെ പുറത്താക്കാന്‍ ഉത്തരവിട്ടു. വര്‍ഗീയ കലാപത്തിന് കാരണമാകുമെന്ന് പറഞ്ഞ് ഉത്തരവ് നടപ്പിലാക്കാന്‍ കെ.കെ.നായര്‍ വിസമ്മതിച്ചു. പൊതുജനങ്ങള്‍ക്ക് (ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും) പ്രവേശിക്കാന്‍ കഴിയാത്തവിധം പോലീസ് ഗേറ്റുകള്‍ പൂട്ടി. എന്നിരുന്നാലും, വിഗ്രഹങ്ങള്‍ അകത്ത് തന്നെ തുടരുകയും പുരോഹിതര്‍ക്ക് ദൈനംദിന ആരാധന നടത്താന്‍ പ്രവേശനം അനുവദിക്കുകയും ചെയ്തു. ഫലത്തില്‍ തര്‍ക്കമന്ദിരം യഥാര്‍ത്ഥ ക്ഷേത്രമായി മാറ്റപ്പെട്ടു. ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് സ്ഥലത്തിന് അവകാശവാദമുന്നയിച്ച് പ്രാദേശിക കോടതിയെ സമീപിച്ചു. കോടതി ഭൂമി തര്‍ക്കത്തിലാണെന്ന് പ്രഖ്യാപിക്കുകയും ഗേറ്റുകള്‍ പൂട്ടുകയും ചെയ്തു. പിന്നീട് മൂന്നര പതിറ്റാണ്ടോളം നിയമ പോരാട്ടം തുടര്‍ന്നു.
1983 ല്‍ രാമജന്മഭൂമിയില്‍ ഭവ്യമായ ഒരു രാമക്ഷേത്രം പണിയുക തന്നെ ചെയ്യും എന്ന പ്രഖ്യാപനത്തോടെ വിശ്വഹിന്ദു പരിഷത്ത് സമരരംഗത്ത് ഇറങ്ങിയതോടെ അയോധ്യ വീണ്ടും രാജ്യത്തിന്റെ കേന്ദ്രബിന്ദുവായി. കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കുന്നു. എല്ലാ ചരിത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും കമ്മ്യൂണിസ്റ്റുകള്‍ കൈയ്യടക്കി വെച്ചിരിക്കുന്നു. ഖാലിസ്ഥാന്‍ പ്രചോദിതമായ തീവ്രവാദം പഞ്ചാബിലും പരിസരത്തും കൊടുമുടിയിലെത്തിയ കാലം. ഉത്തരേന്ത്യയിലെ ഹിന്ദുക്കളില്‍ ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും നിരാശയുടെയും വികാരം പടര്‍ന്നിരുന്നു. നാനൂറു വര്‍ഷം പഴക്കമുള്ള തര്‍ക്കമന്ദിരത്തിന്റെ സ്ഥാനത്ത് രാമക്ഷേത്രം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ വിശ്വഹിന്ദു പരിഷത്തിനെ പ്രേരിപ്പിച്ച സാഹചര്യം അതായിരുന്നു. രാജ്യമെമ്പാടുമുള്ള സന്യാസിവര്യന്മാരെ അണിനിരത്തിക്കൊണ്ടായിരുന്നു വിശ്വഹിന്ദു പരിഷത്തിന്റെ ശ്രമങ്ങള്‍. കുംഭമേളയിലും മറ്റും അവര്‍ ഒത്തുചേര്‍ന്ന് അയോധ്യ പ്രശ്‌നം ഉയര്‍ത്തി. ധര്‍മ്മാചാര്യന്മാര്‍ പറയുന്നതനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുക എന്നതായി ക്ഷേത്ര നിര്‍മാണ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന വിഎച്ച്പിയുടെയും രാമജന്മഭൂമി ന്യാസിന്റെയും തീരുമാനം.
ഹിമാലയന്‍ പാരമ്പര്യത്തിന്റെ വിവിധ ശാഖകളുടെ ദേശീയ സന്യാസിമാരുടെയും ധര്‍മ്മാചാര്യരുടെയും ദേശീയ പാര്‍ലമെന്റ് എന്നു വിശേഷിപ്പിക്കപ്പെട്ട പ്രഥമ ധര്‍മ്മ സന്‍സദ് 1984 ഏപ്രിലില്‍ ന്യൂദല്‍ഹിയില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ചു. യോഗത്തിലെ പ്രധാന തീരുമാനം അയോധ്യ തിരിച്ചുപിടിക്കാനും രാജ്യത്തുടനീളം സമ്പര്‍ക്ക പ്രചാരണ പരിപാടി നടത്താനും ആയിരുന്നു.
1984 ഒക്ടോബറില്‍ ബഹുജന ഉണര്‍വ്വിനായി സീതയുടെ ജന്മസ്ഥലമായ ബീഹാറിലെ സീതാമാര്‍ഹില്‍ നിന്ന് ശ്രീരാമ ജന്മസ്ഥലമായ ഉത്തര്‍പ്രദേശിലെ അയോധ്യയിലെ സരയൂ നദിയുടെ തീരത്തേക്ക് ‘രാം ജാനകി രഥയാത്ര’നടത്തി. ഇന്ദിരാഗാന്ധിയുടെ മരണത്തെതുടര്‍ന്ന് രഥയാത്ര പിന്‍വലിച്ചു. എങ്കിലും രാമജന്മഭൂമി പ്രശ്‌നത്തെ രാജ്യത്തിന്റെ മുഴുവന്‍ സജീവ ശ്രദ്ധയിലെത്തിക്കാന്‍ അത് സഹായകരമായി. തുടര്‍ന്നുള്ള പൊതുതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് എക്കാലത്തെയും മികച്ച വിധിയാണ് സമ്മാനിച്ചത്. രാജീവ് ഗാന്ധി അധികാരത്തിലെത്തി.
1985 ഒക്ടോബറില്‍ രഥയാത്രകള്‍ പുനരാരംഭിച്ചു.രാഷ്ട്രീയമായ സ്വാധീനങ്ങള്‍ക്കപ്പുറം സാമൂഹ്യമായ ചലനങ്ങള്‍ക്ക് അയോധ്യാ പ്രക്ഷോഭം വഴിതുറന്നു. പിന്നീട് പലപ്പോഴും ദൃശ്യമായ ഹൈന്ദവദേശീയ മുന്നേറ്റത്തിന്റെ അടിത്തറയായി ശ്രീരാമ ഭക്തി മാറി.
1986 ജനുവരിയില്‍ നടന്ന ഹിന്ദു സമ്മേളനം മറ്റൊരു ആവശ്യം സര്‍ക്കാരിന് മുന്നില്‍ വച്ചു. അയോധ്യയിലെ തര്‍ക്ക മന്ദിരത്തിന്റെ താഴ് തുറന്നുകൊടുക്കണം, അവിടെ പൂജയ്ക്ക് അവസരമൊരുക്കണം. അതല്ലെങ്കില്‍ അടുത്ത ശിവരാത്രി നാള്‍ (മാര്‍ച്ച് എട്ട്) ഹിന്ദുക്കള്‍ താഴ് തല്ലിപ്പൊളിക്കും എന്നു പ്രഖ്യാപിച്ചു. അയോധ്യാ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസ്സും രാജീവ് ഗാന്ധിയും തീരുമാനിച്ചു. ഹിന്ദു വോട്ട് ബാങ്ക് സുരക്ഷിതമായി നിലനിര്‍ത്താനുള്ള ആസൂത്രിതമായ നീക്കമായിരുന്നു അത്. ഷാബാനോ കേസിലെ സുപ്രീം കോടതി വിധി വന്നപ്പോഴുണ്ടായ മുസ്ലിം പ്രതിഷേധം തണുപ്പിക്കാന്‍ നിയമനിര്‍മാണത്തിന് കോണ്‍ഗ്രസ് തയാറായി. അതുകൊണ്ട് ഹിന്ദു സമൂഹത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു എന്ന ചീത്തപ്പേര് മാറ്റുന്നതിന് എന്തുവേണം എന്ന ചിന്തയാണ് കോണ്‍ഗ്രസ്സിനെ അയോധ്യയില്‍ എത്തിച്ചത്. തര്‍ക്കമന്ദിരത്തിലെ താഴ് തുറന്നുകൊടുത്ത തീരുമാനമുണ്ടായതും അതിന്റെ ഭാഗമായിട്ടാണ്. അന്ന് യുപി ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴ് തുറന്നുകൊടുക്കാന്‍ അനുമതി തേടി കോടതിയിലെത്തി. ക്രമസമാധാന പ്രശ്‌നം ഉണ്ടാവില്ല എന്ന് സര്‍ക്കാര്‍ കൊടുത്ത ഉറപ്പ് മുഖവിലയ്‌ക്കെടുത്ത്് രാമവിഗ്രഹം ഇരുന്നിരുന്ന ഭാഗത്തെ വാതിലുകള്‍ തുറക്കാന്‍ 1986 ഫെബ്രുവരി ഒന്നിന് ഫൈസാബാദിലെ ജില്ലാ ജഡ്ജി ഉത്തരവിട്ടു. രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ ചരിത്രത്തിലെ വലിയ വഴിത്തിരിവായിരുന്നു അത്.
1989 മെയ് മാസം വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്രം പണിയുന്നതിനായി രാജ്യവ്യാപകമായി ശിലകള്‍ സമാഹരിക്കാന്‍ തീരുമാനിച്ചു. ഭാരതത്തില്‍ നിന്നും വിദേശത്തുനിന്നും രാമശിലകള്‍ അയോധ്യയിലെത്തി. രാജ്യം മുഴുവന്‍ രാമമന്ത്രം കൊടുങ്കാറ്റുപോലെ ആഞ്ഞുവീശി.. കോടാനുകോടി ജനങ്ങളെ രാമക്ഷേത്ര നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെടുത്താന്‍ സാധിച്ചു. മാസങ്ങളുടെ തയാറെടുപ്പുകള്‍, രാജ്യമെമ്പാടുമുള്ള ഒരുക്കങ്ങള്‍, ഗ്രാമഗ്രാമാന്തരങ്ങളില്‍ സംഘടിപ്പിച്ച വിവിധ പരിപാടികള്‍, ഓരോ വീടും അയോധ്യയായി മാറി. സ്വാതന്ത്ര്യ സമരകാലത്തേതിനുശേഷം ഉണ്ടായ ഏറ്റവും വലിയ ബഹുജന മുന്നേറ്റം. ഹിന്ദു സമൂഹത്തെ ഒരു ചരടില്‍ കോര്‍ക്കാന്‍ രാമജന്മഭൂമി പ്രസ്ഥാനത്തിന് സാധിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അത് വലിയ മാറ്റം തന്നെയായിരുന്നു.
ബിജെപി രാഷ്ട്രീയമായി ഈ പ്രക്ഷോഭ പരിപാടികളില്‍ അണിനിരന്നിരുന്നില്ല. ബിജെപി നേതാക്കളായ രാജാമാതാ വിജയരാജെ സിന്ധ്യ, വിനയ് കത്യാര്‍ തുടങ്ങിയവര്‍ വ്യക്തികള്‍ എന്ന നിലയില്‍ അയോധ്യ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരൊക്കെ രാമജന്മഭൂമി മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു. പാലംപൂരില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയമാണ് ബിജെപിയുടെ നിലപാടില്‍ വഴിത്തിരിവായത്. രാമജന്മഭൂമി വീണ്ടെടുത്ത് ഹിന്ദുക്കള്‍ക്ക് കൈമാറണം, അവിടെ സോമനാഥില്‍ നെഹ്‌റു സര്‍ക്കാര്‍ ചെയ്തത് പോലെ മഹാക്ഷേത്രം സര്‍ക്കാര്‍ തന്നെ നിര്‍മ്മിക്കണം എന്നതായിരുന്നു പ്രമേയത്തിന്റെ അന്തസ്സത്ത.
രാഷ്ട്രീയമായി വന്‍ തിരിച്ചടി ഉണ്ടാകുമെന്ന് മനസ്സിലാക്കിയ പ്രധാനമന്ത്രി രാജീവ് ഗാന്ധി കോണ്‍ഗ്രസിലെ പ്രധാന നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. നവംബറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു വരുന്നതിനാല്‍ അതുവരെ അയോധ്യ സമരം എങ്ങനെ തണുപ്പിച്ചു നിര്‍ത്താം എന്നതായിരുന്നു പ്രധാന വിഷയം. സന്യാസിമാരെ കൊണ്ട് പറയിപ്പിച്ചാല്‍ കാര്യം നടക്കുമെന്ന അഭിപ്രായം വന്നു. യോഗത്തിലുണ്ടായിരുന്ന കെ.കരുണാകരനാണ് കാഞ്ചി പരമാചാര്യ ചന്ദ്രശേഖര സരസ്വതി പറഞ്ഞാല്‍ വിശ്വഹിന്ദു പരിഷത്ത് അനുസരിച്ചേക്കും എന്ന നിര്‍ദ്ദേശം വെച്ചത്. പ്രമുഖ സന്യാസിമാരില്‍ കോണ്‍ഗ്രസുമായി അടുപ്പം പുലര്‍ത്തുന്ന സന്യാസിയും അദ്ദേഹമാണ്. കൈപ്പത്തി ചിഹ്നം കോണ്‍ഗ്രസ് സ്വീകരിച്ചത് ചന്ദ്രശേഖര സരസ്വതി നിര്‍ദ്ദേശിച്ചതനുസരിച്ചാണെന്നു പോലും പറഞ്ഞിരുന്നു.
ചന്ദ്രശേഖര സരസ്വതിയെ കാര്യം ബോധ്യപ്പെടുത്താനുള്ള ചുമതല കരുണാകരനെ തന്നെ രാജീവ് ഗാന്ധി ഏല്‍പിച്ചു. സ്വാമിയുമായി കരുണാകന് നല്ല ബന്ധമാണുണ്ടായിരുന്നത്. മഠത്തിലേയക്ക് രണ്ട് ആനകളേയും കരുണാകരന്‍ മുന്‍കൈ എടുത്ത് നല്‍കിയിരുന്നു. രാഷ്ട്രീയ വിവാദം ഭയന്ന് കരുണാകരന് കാഞ്ചി ആശ്രമത്തിലെത്തി സ്വാമിയെ കണ്ട് കാര്യം പറയാന്‍ പ്രയാസം. ശങ്കരാചാര്യരുടെ പരമ ഭക്തനായ റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനെയാണ് കരുണാകരന്‍ ദൂതനായി ഉപയോഗിച്ചത്. ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലത്തിന്റെ സെക്രട്ടറിയും റവന്യൂ സെക്രട്ടറിയുമൊക്കെയായിരുന്ന ഡോ.ടി.വി സ്വാമിനാഥനെ ചെന്നൈയ്ക്ക് അയച്ചു.
സ്വാമിനാഥന്‍ മഠത്തില്‍ ചെല്ലുമ്പോള്‍, ശങ്കരാചാര്യരെ കാണാന്‍ ‘വിഐപി’ വന്നിട്ടുണ്ടെന്നും കുറച്ചു സമയം കാത്തിരിക്കണം എന്നുമുള്ള മറുപടിയാണ് ലഭിച്ചത്. അരമണിക്കൂറിനകം ‘വിഐപി’ പുറത്തേക്കുവന്നു. കയ്യില്‍ പട്ടില്‍ പൊതിഞ്ഞ ഒരു ശിലയും ഉണ്ടായിരുന്നു. സ്വാമിനാഥന് പെട്ടെന്ന് ആളെ പിടികിട്ടി. വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അശോക് സിംഗാള്‍. ശിലാപൂജയക്ക് ശങ്കരാചാര്യരുടെ അനുഗ്രഹം വാങ്ങി മടങ്ങുകയാണ്. ശങ്കരാചാര്യരുടെ മുന്നിലെത്തിയപ്പോള്‍ കരുണാകരന്‍ പറഞ്ഞയച്ചതാണെന്ന കാര്യം പറയാന്‍ പോലും സ്വാമിനാഥനും കഴിഞ്ഞില്ല. വെറുതെ കാണാന്‍ എത്തി എന്നു പറഞ്ഞൊഴിഞ്ഞ അദ്ദേഹത്തെ ഞെട്ടിച്ചുകൊണ്ട് ശങ്കരാചാര്യരുടെ ചോദ്യം ‘അയോധ്യ സമരം മാറ്റിവെക്കണമെന്ന് സൂചിപ്പിക്കാനല്ലല്ലോ വന്നത്’ എന്ന്. അയോധ്യ പ്രക്ഷോഭം തണുപ്പിക്കാന്‍ കെ.കരുണാകരനെ കൂട്ടു പിടിച്ച് രാജീവ് ഗാന്ധി നടത്തിയ ശ്രമം അവിടെ പൊളിഞ്ഞു.
തിരഞ്ഞെടുപ്പില്‍ അയോധ്യയുടെ പേരില്‍ ഹിന്ദുകാര്‍ഡ് കളിക്കാനായിരുന്നു പിന്നീട് കോണ്‍ഗ്രസിന്റെ നീക്കം. 1989 നവംബര്‍ അവസാനം തിരഞ്ഞെടുപ്പ് വരുമെന്നതിനാല്‍ നവംബര്‍ 9ന് അന്നത്തെ സര്‍ക്കാരിന്റെ അനുമതിയോടെ രാമക്ഷേത്രത്തിന്റെ ശിലാ സ്ഥാപനം നടന്നു. കോണ്‍ഗ്രസ് നേതാവ് എന്‍.ഡി.തിവാരിയായിരുന്നു അന്ന് യുപി മുഖ്യമന്ത്രി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയും. സന്യാസി സമൂഹവും, മഹാരഥന്മാരും അണിനിരന്ന ശിലാന്യാസ വേദിയില്‍ രാമക്ഷേത്രത്തിന്റെ അടിസ്ഥാനശില പാകിയത് ബീഹാറില്‍ നിന്നുള്ള കാമേശ്വര്‍ ചൗപ്പാല്‍ എന്ന ദളിത യുവാവായിരുന്നു. രാമരാജ്യം എന്ന മഹാലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഹിന്ദുസമാജത്തില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങളുടെ ഉന്മൂലനം എന്ന ലക്ഷ്യം കൂടിയുണ്ട് എന്ന വലിയ സന്ദേശം കൂടിയായിരുന്നു അതിലൂടെ സമൂഹത്തിനു നല്‍കിയത്.
1989 ലെ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചരണം രാജീവ് ഗാന്ധി ആരംഭിച്ചതും അയോദ്ധ്യയില്‍ നിന്നാണ്. രാമനാമത്തിന്റെ സ്വാധീനവും കരുത്തും തിരിച്ചറിഞ്ഞു നടത്തിയ കോണ്‍ഗ്രസ്സിന്റെ ആ നീക്കം പരാജയപ്പെട്ടു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റുതുന്നം പാടി. രാമനോടുള്ള ആത്മാര്‍ത്ഥതയല്ല പകരം വെറും രാഷ്ട്രീയ നേട്ടം മാത്രമായിരുന്നു രാജീവിന്റെ ലക്ഷ്യം എന്ന് തിരിച്ചറിഞ്ഞ പൊതുജനം അന്ന് കോണ്‍ഗ്രസ്സിനെ യുപി രാഷ്ട്രീയത്തില്‍ നിന്നും പടിയിറക്കി വിട്ടു.
1989ലെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് മുംബൈയിലും ഒരു യോഗം ചേര്‍ന്നിരുന്നു. എക്‌സ്പ്രസ് ടവേഴ്‌സില്‍ ചേര്‍ന്ന യോഗത്തിന് വഴിയൊരുക്കിയത് രാംനാഥ് ഗോയങ്ക.. ആര്‍എസ്എസ് നേതാക്കളായ ഭാവുറാവു ദേവറസ്, പ്രൊഫ. രാജേന്ദ്ര സിംഗ്, ബിജെപി നേതാവ് എല്‍.കെ. അദ്വാനി, എസ്. ഗുരുമൂര്‍ത്തി എന്നിവരെക്കൂടാതെ വി.പി. സിംഗും യോഗത്തിലുണ്ട്. അധികാരത്തിലേറിയാല്‍ അയോധ്യ പ്രശ്‌നം നാലു മാസത്തിനകം പരിഹരിക്കാം എന്നതായിരുന്നു വി.പി. സിംഗ് നല്‍കിയ ഉറപ്പ്. ‘മസ്ജിദ് ഇപ്പോള്‍ എവിടെയാണ്, അതിപ്പോള്‍ത്തന്നെ ഒരു ക്ഷേത്രമാണ്. ആ കെട്ടിടം തകര്‍ന്ന ഒന്നാണ്, ഒന്ന് ഉന്തിയാല്‍ താഴെ വീഴും.’ എന്നായിരുന്നു യോഗത്തില്‍ വി.പി.സിംഗ് പറഞ്ഞത്. അയോധ്യ നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് വി.പി.സിംഗ് സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കാന്‍ ബിജെപി തീരുമാനിച്ചത്. കേന്ദ്രത്തില്‍ അധികാരത്തിലേറിയാല്‍ അയോധ്യയില്‍ രാമക്ഷേത്ര പുനര്‍നിര്‍മാണത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യും എന്ന് പിന്നീട് പ്രകടനപത്രികയില്‍ ബിജെപി വ്യക്തമാക്കുകയും ചെയ്തു. 1984 ല്‍ ലോകസഭയില്‍ രണ്ടു സീറ്റുമാത്രം ഉണ്ടായിരുന്ന ബിജെപി 85 സീറ്റു നേടി വലിയ രാഷ്ടീയ മുന്നേറ്റം 1989 ലെ തിരഞ്ഞെടുപ്പില്‍ നടത്തി. ബിജെപിയുടേയും ഇടതുപക്ഷത്തിന്റേയും പിന്തുണയോടെ വി. പി.സിംഗ് അധികാരത്തിലെത്തി.
1990 ജൂണ്‍ 24ന് പ്രയാഗ് രാജിലെ അശോക് സിംഗാളിന്റെ വസതിയില്‍ ചേര്‍ന്ന യോഗം ദേവോത്തനി ഏകാദശി (1990 ഒക്‌ടോബര്‍ 30) മുതല്‍ ക്ഷേത്രനിര്‍മ്മാണം ആരംഭിക്കുന്നതിനായി കര്‍സേവ ആരംഭിക്കാന്‍ തീരുമാനിച്ചു. രജ്ജു ഭയ്യ, ഡോ. മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, സുബ്രഹ്‌മണ്യ സ്വാമി, ഉമാഭാരതി, സാധ്വി ഋതംബര, വിനയ് കത്യാര്‍ തുടങ്ങി പ്രമുഖ നേതാക്കളും സംന്യാസിമാരും യോഗത്തില്‍ പങ്കെടുത്തു.
1990 സപ്തംബര്‍ 25ന് ബിജെപി ദേശീയ അധ്യക്ഷനായിരുന്ന ലാല്‍കൃഷ്ണ അദ്വാനി ഗുജറാത്തിലെ സോമനാഥില്‍ നിന്നും അയോധ്യയിലേക്ക് നടത്തിയ രാമരഥയാത്രയാണ് അയോധ്യ പ്രക്ഷോഭത്തില്‍ പ്രധാന വഴിത്തിരിവായത്. ഹിന്ദു ദേശീയവാദികള്‍ രഥയാത്രയ്‌ക്കൊപ്പം അണിനിരന്നു. അയോധ്യയില്‍ രാമക്ഷേത്രം ഉയരുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. നിരവധി കര്‍സേവകരും രാമഭക്തരും രഥയാത്രയെ അനുഗമിച്ചു. ദിവസം ഏകദേശം 300 കിലോമീറ്ററുകള്‍ താണ്ടി. ആറ് പൊതുറാലികളെ അഭിസംബോധന ചെയ്തു. നൂറ് കണക്കിന് ഗ്രാമങ്ങളും നഗരങ്ങളും പിന്നിട്ട യാത്രയിലൂടെ അയോധ്യയ്ക്ക് അനുകൂലമായി പൊതുവികാരം ഉണര്‍ത്താന്‍ സാധിച്ചു. സ്വതന്ത്ര ഭാരതം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ബഹുജന പ്രക്ഷോഭമായി അത് മാറി. പ്രമോദ് മഹാജന്‍, ഉമാഭാരതി, വിനയ് കത്യാര്‍, കല്യാണ്‍ സിങ്, ഡോ. മുരളി മനോഹര്‍ ജോഷി, നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങി പ്രമുഖരുടെ നിരതന്നെ അദ്വാനിയെ അനുഗമിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കടന്ന് യാത്ര ബീഹാറിലെത്തി. വന്‍ വിജയം കണ്ട യാത്ര, ഒക്ടോബര്‍ 23ന് ബീഹാറിലെ സമസ്തിപൂരില്‍ വച്ച് ലാലുപ്രസാദ് യാദവിന്റെ പോലീസ് തടഞ്ഞു. അദ്വാനിയെ അറസ്റ്റ് ചെയ്തു. രാജ്യത്ത് ബിജെപിക്ക് ശക്തമായ അടിത്തറ പടുത്തുയര്‍ത്താന്‍ അദ്വാനിയുടെ രഥയാത്രയ്ക്ക് സാധിച്ചു. രാമക്ഷേത്രം അവഗണിക്കാനാവാത്ത പ്രശ്‌നമാക്കി മാറ്റി. ഈ നൂറ്റാണ്ടില്‍ ഭാരത രാഷ്ട്രീയത്തെ മാറ്റി മറിച്ച സുപ്രധാന സംഭവം എന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല.

1990 ഒക്ടോബര്‍ 30ന് മുലായം സിങ്ങിന്റെ നേതൃത്വത്തിലുള്ള അന്നത്തെ യുപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരവധി തടസ്സങ്ങള്‍ മറികടന്ന് ആയിരക്കണക്കിന് രാമഭക്തര്‍ കര്‍സേവയ്ക്കായി അയോധ്യയില്‍ പ്രവേശിച്ചു, തര്‍ക്ക കെട്ടിടത്തിന് മുകളില്‍ കാവി പതാക ഉയര്‍ത്തി. നവംബര്‍ 2 ന് യുപി മുഖ്യമന്ത്രി മുലായം സിംഗ് യാദവ് കര്‍സേവകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ഉത്തരവിട്ടു, നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മുഖ്യമന്ത്രി മുലായം സിംഗ് രാജിവച്ചു. കേന്ദ്രത്തില്‍ വി.പി സിംഗിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു. നവംബര്‍ 10 ന് അദ്ദേഹം രാജിവെച്ചു. പകരം കോണ്‍ഗ്രസ് പിന്തുണയോടെ ചന്ദ്രശേഖര്‍ പ്രധാനമന്ത്രി ആയെങ്കിലും ഏഴുമാസത്തിനകം രാജിവെച്ച് പൊതു തിരഞ്ഞെടുപ്പിലേയ്ക്ക് കടന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ രാജീവ്ഗാന്ധി കൊല്ലപ്പെട്ട സഹതാപതരംഗത്തിന്റെ കൂടി പിന്തുണയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തി. പ്രധാനമന്ത്രിയായ പി.വി. നരസിംഹറാവു അയോധ്യ പ്രശ്‌നം പരിഹരിക്കാന്‍ ചില ഇടപെടലുകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.

1992 സപ്തംബറില്‍ എല്ലാ ഗ്രാമങ്ങളിലും ശ്രീരാമപാദുക പൂജ സംഘടിപ്പിക്കുകയും ഗീതാജയന്തി ദിനത്തില്‍ (ഡിസംബര്‍ 6, 1992) അയോധ്യയിലെത്താന്‍ ഭക്തര്‍ക്ക് ആഹ്വാനം നല്‍കുകയും ചെയ്തു. ദശലക്ഷക്കണക്കിന് ആളുകള്‍ കര്‍സേവയ്ക്കായി എത്തി. തര്‍ക്ക മന്ദിരം തകര്‍ന്നു വീണു. കെട്ടിടം പൊളിക്കുന്നതിന് മുമ്പ് ശ്രീരാംലല്ല ഇരുന്ന അതേ സ്ഥലത്ത് കര്‍സേവകര്‍ ടാര്‍പോളിനോടുകൂടിയ താല്‍ക്കാലിക ക്ഷേത്രം സ്ഥാപിച്ചു. ശ്രീരാംലല്ലയെ സംരക്ഷിക്കാനെന്ന പേരില്‍ പി.വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വഴി ഏകദേശം 67 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. ഈ ഓര്‍ഡിനന്‍സ് നിയമത്തിലൂടെ പാര്‍ലമെന്റ് അംഗീകരിച്ചു. ശ്രീരാംലല്ലയുടെ പതിവ് സേവാ പൂജയ്ക്ക് അലഹബാദ് ഹൈക്കോടതി ഭക്തര്‍ക്ക് അനുമതിയും നല്‍കി. ഡിസംബര്‍ ആറിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നരസിംഹ റാവു സര്‍ക്കാര്‍ രാജ്യത്തെ എല്ലാ ബിജെപി സംസ്ഥാന സര്‍ക്കാരുകളെയും പിരിച്ചുവിട്ടു. ആര്‍എസ്എസിനെ നിരോധിച്ചു. വാജ്‌പേയി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ അയോധ്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കുറെയേറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. അവസാനം സുപ്രീംകോടതി വിധിയിലൂടെ അയോധ്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം വന്നപ്പോള്‍ ഒരു രാഷ്ട്രീയ കോളിളക്കവും രാജ്യത്തുണ്ടായില്ല. പ്രതിഷേധ സ്വരം പോലും ഉയരാതെ കോടതിവിധി നടപ്പിലാക്കുന്നതില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വിജയിച്ചു.