കാലചക്രങ്ങള്‍ പുറകോട്ടു നീക്കി ഞാന്‍
കാണുകയാണെന്റെ ബാല്യകാലങ്ങളെ,
കാടും മലകളും മേടും പുഴകളും
കാവ്യാനുഭൂതി പകര്‍ന്നതാം നാളുകള്‍,
കാണുന്ന വസ്തുവില്‍ ദിവ്യാനുഭൂതിതന്‍
മായിക ശക്തി പകര്‍ന്നതാം നാളുകള്‍,
വാനവും ഭൂമിയും ചക്രവാളങ്ങളും
വാര്‍മഴവില്ലിന്റെ ശോഭാതിരേകവും
കോരിച്ചൊരിയുന്ന പേമാരിയും, തുലാ-
മിന്നല്‍ പിണറും ഇടിയുടെ നാദവും
തീപോലെപൊള്ളും വെയിലും ശരത്തിന്റെ
കോരിത്തരിക്കും തണുപ്പും, നിലാവിന്റെ
ശോഭപരത്തിയരാവും തുരുതുരാ
വന്നെന്റെയോര്മയില് മങ്ങാതെ നില്ക്കവേ,
കാണുകയാണു ഞാന്‍ ബാല്യകാലങ്ങളെ
കാലം ചവുട്ടിമെതിച്ച വഴികളെ
പൊയ്പ്പോയ നാളിന് വഴിയിലൂടക്കാല
പുഷ്ടിപ്രകൃതിയെ ചര്‍വ്വണം ചെയ്യുവാന്‍,
ചൊല്ലുകയാണെന് മനമെന്നോടു
പൊയ്പ്പോയകാലമേ, നീ വിടര്ന്നീടുക.