ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍, ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനത്തോട് അനുബന്ധിച്ച് നല്‍കിയ റിട്ട് ഹരജി അനുവദിച്ചുകൊണ്ട് 2018 സപ്തംബര്‍ 28-ാം തീയതി ബഹു. സുപ്രീംകോടതിയുടെ ഒരു അഞ്ചംഗ ബഞ്ച് വിധി പ്രസ്താവിക്കുകയുണ്ടായി. കേരളത്തില്‍ ഏറെ കോളിളക്കവും കോലാഹലവും വിധിയെത്തുടര്‍ന്നുണ്ടായ കാര്യം പരക്കെ അറിയപ്പെടുന്നതാണല്ലോ. തുടര്‍ന്നാണ് പുനഃപരിശോധന ഹരജികള്‍ നല്‍കപ്പെട്ടത്.
ഇപ്പോള്‍ വിധിയുടെ സൃഷ്ടികര്‍ത്താക്കള്‍ തന്നെ ഭൂരിപക്ഷാഭിപ്രായത്തോടുകൂടി പറയുന്നു ഞങ്ങള്‍ക്കുതെറ്റു പറ്റിയെന്ന്. പരിശോധിക്കേണ്ടിയിരുന്ന പല വിഷയങ്ങളും പരിഗണിക്കാന്‍ വിട്ടുപോയെന്ന കണ്ടെത്തലുകളോടെ പുനഃപരിശോധനാ ഹരജികള്‍ ഏഴംഗബെഞ്ചിലേക്ക് റഫര്‍ ചെയ്തിരിക്കുന്നു. എന്നു പറഞ്ഞാല്‍ 2018ലെ വിധിയുടെ നിയമപ്രകാരമുള്ള നിലനില്‍പില്‍ വിധി പ്രസ്താവിച്ച ആളുകള്‍ തന്നെ സംശയം പ്രകടിപ്പിച്ചിരിക്കുന്നു.
ഇപ്പോഴുണ്ടായ പുനര്‍വിചിന്തനത്തിന് പ്രധാനകാരണം ആദ്യത്തെ വിധിയില്‍ ഒരു അഞ്ചംഗബഞ്ചിന്റെ മേല്‍ പ്രാമാണ്യമുള്ള നിലവിലുള്ള ഏഴംഗബഞ്ച് വിധി ഉണ്ടാകണമെന്നത് കൃത്യമായി കണക്കിലെടുക്കാത്തതുകൊണ്ടാണ്. ഭരണഘടനയുടെ 25-ാം അനുച്ഛേദം പ്രദാനം ചെയ്യുന്ന മതസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്റെ വ്യാപ്തിയും അതിരുകളും വ്യക്തമായും കൃത്യമായും നിര്‍വ്വചിച്ചുകൊണ്ടുള്ളതായിരുന്നു ആ വിധി. അതില്‍ ഇങ്ങനെ പറഞ്ഞിരുന്നു. ”ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ഉറപ്പ് മതസ്വാതന്ത്ര്യത്തിനോ അഭിപ്രായത്തിനോ സംരക്ഷണം നല്‍കുകമാത്രമല്ല മതാടിസ്ഥാനത്തില്‍ നടത്തുന്ന പ്രവൃത്തികള്‍ക്കുകൂടി സംരക്ഷണം നല്‍കുന്നുണ്ട്. 25-ാം അനുച്ഛേദത്തിലെ മതത്തിന്റെ അനുഷ്ഠാനം എന്ന പദപ്രയോഗത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്.”
മേല്‍പറഞ്ഞ വിധികളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ക്ഷേത്രങ്ങള്‍ക്കകത്തുള്ള ആചാരസംഹിതകള്‍ സെക്കുലര്‍ (മതേതരമായവ) എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നതിന്റെ പരിധിയില്‍ വരുന്നതല്ലെന്നും ആരാധനാ സമ്പ്രദായം, വേഷം, ഭക്ഷണം എന്നിവ മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും വ്യക്തതയോടെ പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ പ്രഗല്‍ഭനായ, ഹിന്ദുമത ധര്‍മ്മശാസ്ത്രങ്ങളില്‍ പ്രാവീണ്യം കൂടി ഉണ്ടായിരുന്ന ജസ്റ്റിസ് ടി.എല്‍ വെങ്കിട്ടരാമയ്യര്‍ അഗാധമായ പാണ്ഡിത്യ പ്രകടനത്തോടുകൂടി എഴുതിയ വിധിയാണ്.
ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്ത്രീഭക്തര്‍ ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ച് നിബന്ധന നിഷ്‌കര്‍ഷിക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക് അധികാരം കിട്ടിയത്. പുരുഷന്മാര്‍ ദര്‍ശനം നടത്തുമ്പോള്‍ ഷര്‍ട്ട് തുടങ്ങിയവ ധരിക്കരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഇത്തരം നിബന്ധനകള്‍ നിലവിലുണ്ട്. ഈ നിബന്ധനകള്‍ ഏതെങ്കിലും മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഇതുവരേയും ആരും പരാതിപ്പെട്ടിട്ടില്ല. അമൃത്‌സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ തലമൂടിക്കൊണ്ടുവേണമെന്ന് നിബന്ധനയുണ്ട്. മുസ്ലിം പള്ളികളില്‍ പ്രവേശിക്കുമ്പോള്‍ ചെരുപ്പ് ധരിക്കാന്‍ വിലക്ക് ഉണ്ടെങ്കിലും ക്രിസ്ത്യന്‍ പള്ളികളില്‍ അങ്ങനെയില്ല. ഇതില്‍ നിന്ന് വ്യക്തമാകുന്നത്, വിവിധ മതങ്ങളില്‍ പെട്ടവര്‍ വ്യത്യസ്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പുലര്‍ത്തിപ്പോരുന്നു എന്നാണ്. ഇവയൊക്കെ മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി പരിരക്ഷിക്കപ്പെട്ടിട്ടുണ്ട് നമ്മുടെ ഭരണഘടനയില്‍.
25-ാം അനുച്ഛേദത്തില്‍ പൊതുക്രമത്തിനും ആരോഗ്യത്തിനും സദാചാരത്തിനും വിധേയമായി ഒരു പൗരനുള്ള മതസ്വതന്ത്ര്യം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ആരോഗ്യകാരണങ്ങളാല്‍ പകര്‍ച്ചവ്യാധി ഉള്ളവര്‍ക്കോ ഗര്‍ഭിണികള്‍ക്കോ പ്രവേശനം നിഷേധിക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യയിലും ഇന്ത്യന്‍ എയര്‍ലെന്‍സിലും ഗര്‍ഭിണികള്‍ക്ക് യാത്ര ചെയ്യുന്നതില്‍ വിലക്കും നിയന്ത്രങ്ങളുമുണ്ട്. ഇതൊന്നും വിവേചനമായി ആരും കണക്കാക്കുന്നില്ല. ആര്‍ത്തവകാലങ്ങളില്‍ സ്ത്രീകളുടെ ദേഹസ്ഥിതിക്കും ആരോഗ്യത്തിനും മാറ്റമുണ്ടാകുന്നു എന്നാണ് പാരമ്പര്യമായി ഹിന്ദുക്കളും കേരളത്തിലെ മുസ്ലിങ്ങളുമടക്കം വിശ്വസിച്ചുപോരുന്നത്. ആ കാലങ്ങളില്‍ സാധാരണ പിന്‍തുടര്‍ന്നുവരുന്ന ജീവിതരീതിക്ക് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സമ്പ്രദായമാണ് ഹിന്ദുമതവിശ്വാസികള്‍ പിന്‍തുടരുന്നത്. ഈ പാരമ്പര്യവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചില പ്രത്യേക ദിവസങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന ആരോഗ്യപരമായ മാറ്റങ്ങള്‍ കണക്കിലെടുത്തുകൊണ്ട് പത്തുമുതല്‍ അന്‍പത് വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് ദീര്‍ഘയാത്രയും കഠിനമായ മലകയറ്റവും ഒഴിവാക്കാന്‍ പറ്റാത്ത ശബരിമല ദര്‍ശനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് മൂന്നാം ചട്ടമെന്ന പേരില്‍ ഒരു നിബന്ധന നിയമമാക്കിയത്. 25-ാം അനുച്ഛേദത്തിലെ ആരോഗ്യം എന്ന പദ പ്രയോഗത്തിന്റെ പരിധിക്കുള്ളില്‍ നിശ്ചയമായും വരുന്നതാണ് ഈ നിബന്ധന.
എന്നാല്‍ ആരോഗ്യം എന്ന ഭരണഘടന ഉപയോഗിക്കുന്ന പദത്തിന്റെ വ്യാപ്തി പോലും പരിശോധിക്കാതെ ആര്‍ത്തവം ഒരു അശുദ്ധിയല്ലെന്നും സ്ത്രീയുടെ വിശുദ്ധിക്ക് ആ സമയങ്ങളില്‍ ഒരു കുറവും വരുന്നില്ലെന്നും അതുകൊണ്ട് ആ കാരണം പറഞ്ഞുകൊണ്ട് സ്ത്രീപ്രവേശനം നിഷേധിക്കുന്നത് 15-ാം അനുച്ഛേദത്തിന്റെ ലംഘനമാകുമെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണ് മേല്‍ സൂചിപ്പിച്ച 3-ാം ചട്ടം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചത്. പക്ഷെ പ്രഖ്യാപനം നടത്തിയതല്ലാതെ തങ്ങളുടെ വിധി നടപ്പാക്കണമെന്നോ ആരാണ് നടപ്പാക്കേണ്ടത് എന്നോ വിധിയില്‍ നിര്‍ദ്ദേശങ്ങളില്ല. വിധി ശിരസ്സാവഹിച്ചുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതുസംബന്ധിച്ച് സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ എടുത്ത് മാറ്റുകയും ചെയ്തു.
സ്ത്രീപ്രവേശനം നിര്‍ബന്ധമായും നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കുകയും അതങ്ങിനെയല്ല എന്നു പറഞ്ഞ് പ്രതിഷേധിച്ചവരെ തല്ലിച്ചതക്കുകയും കള്ളക്കേസ്സില്‍ കുടുക്കുകയും ചെയ്തു. ഇപ്പോള്‍ പുനഃപരിശോധനാ ഹരജികളില്‍ വിശദമായ വാദം കേട്ടപ്പോഴാണ് 25-ാം അനുച്ഛേദത്തെക്കുറിച്ച് പ്രബലമായ ഒരു ഏഴംഗ ബഞ്ചിന്റെ വിധിയുടെ പ്രാധാന്യത്തെക്കുറിച്ചും മതാനുഷ്ഠാനങ്ങളുടേയും ആചാരാനുഷ്ഠാനങ്ങളുടേയും പരിരക്ഷ ആ അനുച്ഛേദം നല്‍കുന്നതിനെക്കുറിച്ചും നമ്മുടെ ബഹുമാനപ്പെട്ട സുപ്രീംകോടതിക്ക് കൂടുതല്‍ വെളിച്ചം നല്‍കിയത്. തങ്ങള്‍ ആദ്യം പുറപ്പെടുവിച്ച വിധി 15-ാം അനുച്ഛേദം 25-ാം അനുച്ഛേദത്തേക്കാള്‍ മുന്‍ഗണ അര്‍ഹിക്കുന്നുവെന്ന തോന്നലുണ്ടാക്കി എന്ന് ഇപ്പോള്‍ സുപ്രീം കോടതിക്ക് ബോധ്യമായിരിക്കുന്നു. 15 ഉം 25 ഉം അനുച്ഛേദങ്ങള്‍ തമ്മിലിടപെടല്‍ അത് അര്‍ഹിക്കുന്ന രീതിയില്‍ പരിശോധിക്കാന്‍ വിട്ടുപോയി എന്ന് ഇപ്പോള്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് ബോധ്യമായിരിക്കുന്നു. തെറ്റായ ധാരണയുടേയും നിഗമനങ്ങളുടേയും അടിസ്ഥാനത്തിലൂന്നി പുറപ്പെടുവിച്ച ആദ്യവിധി അതോടെ ക്രമരഹിതമാണെന്ന് കോടതിക്ക് ബോധ്യം വന്നിരിക്കുന്നു. പുനഃപരിശോധനാ ഹരജികള്‍ സമാനമായ മറ്റ് മത വിഭാഗങ്ങളെക്കൂടി സ്പര്‍ശിക്കുന്ന വിഷയങ്ങള്‍ പരിഗണിക്കുന്ന ഏഴംഗബഞ്ചിലെത്തിയത് അങ്ങിനെയാണ്.
വലിയ ഒരു വിഭാഗം ജനങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഭരണഘടനയുടെ അംഗീകാരം കിട്ടുമെന്ന പ്രതീക്ഷയിലാണ് അവര്‍.
കൂട്ടത്തില്‍ പറഞ്ഞുകൊള്ളട്ടെ ജഡ്ജിപദത്തിനു പുറമേ പാഴ്‌സി മതപുരോഹിതന്‍ കുടിയായ ജസ്റ്റിസ് നരിമാന് പാര്‍സികള്‍ക്കിടയിലുള്ള വിചിത്രമായ പല അനുഷ്ഠാനങ്ങളെക്കുറിച്ചും അഭിപ്രായം പറയാന്‍ സൗകര്യം ലഭിക്കും. പക്ഷെ മറ്റു മതങ്ങള്‍ മൃതശരീരങ്ങളെപോലും ആദരിക്കുമ്പോള്‍ ശവശരീരം കഴുകനിട്ട് കൊടുക്കുന്ന പാഴ്‌സികളുടെ രീതി ഭാഗ്യവശാല്‍ കോടതിയുടെ പരിഗണനക്ക് വരുന്നില്ല.