രാമരാജ്യം എന്ന മാതൃകാ വ്യവസ്ഥിതി ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരുന്നു മഹാത്മാഗാന്ധി ഭാരത സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേയ്ക്ക് ജനകോടികളെ ആകര്‍ഷിച്ചിരുന്നത്. ഭാരതത്തിന്റെ അദ്ധ്യാത്മിക മനസ്സ് തിരിച്ചറിഞ്ഞിരുന്ന ഗാന്ധിജി സന്ന്യാസതുല്യമായ ഒരു ജീവിതം അവരുടെ മുന്നില്‍ നയിച്ചു. പ്രാര്‍ത്ഥനാ യോഗങ്ങളില്‍ രാംധുന്‍ പാടി തന്റെ ആശ്രമ ജീവിത ശൈലി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നിട്ടു. ആത്മപീഢയുടെ ഉപവാസ സത്യഗ്രഹ സമരശൈലികള്‍ ജനങ്ങളോട് ആത്മീയമായി സംവദിക്കാന്‍ ഗാന്ധിജിയെ പ്രാപ്തനാക്കി. അടിമത്തത്തില്‍ നിന്നും ഒരു നാടിനെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതില്‍ ഗാന്ധിജി സ്വീകരിച്ച സമരതന്ത്രം ആത്മീയതയുടെ മേമ്പൊടി ചേര്‍ത്തതായിരുന്നു. ജനകോടികള്‍ നിരക്ഷരരായിരിക്കുമ്പോഴും രാമായണ കഥാകഥനങ്ങളിലൂടെ അവര്‍ സാംസ്‌കാരിക സാക്ഷരത നേടിയിരുന്നു. പരസ്പരം അഭിസംബോധന ചെയ്യുമ്പോള്‍ പോലും രാമനാമം ഉപയോഗിക്കുന്ന ഒരു ജനതയെ രാമരാജ്യം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഗാന്ധിജി രാഷ്ട്രീയ പ്രബുദ്ധരാക്കിയത്. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഭാരതം ഗാന്ധിജിയേയും ശ്രീരാമനേയും ഭാരതത്തിന്റെ ആത്മാവുറങ്ങുന്ന ഗ്രാമങ്ങളെയും വിസ്മരിച്ച് പരാനുകരണത്തിന്റെ വഴികളില്‍ മുടന്തി നടക്കാന്‍ പരിശ്രമിച്ചു. പൈതൃകത്തിന്റെ ആഴങ്ങളില്‍ നിന്നും ഊര്‍ജ്ജം സ്വീകരിക്കേണ്ട വേരുകളെ പ്രബലമാക്കേണ്ടതിനു പകരം മാനസിക അടിമത്തം നിലനിര്‍ത്തുന്ന പാശ്ചാത്യ ചിന്തകള്‍ക്കു പിന്നാലെ ഭരണകൂടങ്ങള്‍ ജനങ്ങളെ ആട്ടിത്തെളിച്ചു. രാഷ്ട്രീയ സ്വാതന്ത്ര്യം സ്വത്വ സ്വാതന്ത്ര്യത്തിലേക്ക് പുരോഗമിച്ചില്ലെന്നു മാത്രമല്ല ജനതയുടെ സാംസ്‌കാരിക വേരുകള്‍ അറുത്തുമാറ്റുന്ന പാശ്ചാത്യവല്‍ക്കരണം ബോധപൂര്‍വ്വം നടത്താന്‍ ശ്രമിക്കുകയും ഉണ്ടായി. ഭാരതത്തിന്റെ ദേശീയ വീരപുരുഷന്മാര്‍ മത വര്‍ഗ്ഗീയതയുടെ അധമ ബിംബങ്ങളാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമമുണ്ടായി. അധിനിവേശ ശക്തികള്‍ തകര്‍ത്തെറിഞ്ഞ രാമന്റെയും കൃഷ്ണന്റെയും ജന്മഗേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ജനങ്ങളുടെ പരിശ്രമങ്ങളെ വര്‍ഗ്ഗീയ പിന്‍തിരിപ്പന്‍ ആശയങ്ങളായി ചിത്രീകരിക്കുന്ന കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് പ്രചരണങ്ങള്‍ ദേശീയ വാദികളുടെ മനസ്സില്‍ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ വിത്തുപാകി. അങ്ങിനെ രാമജന്മഭൂമി വിമോചന സമരം മറ്റൊരു സ്വാതന്ത്ര്യ സമരത്തിന്റെ കാഹളമായി മാറി.
‘പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്തെക്കാള്‍ മഹത്തരമെന്നു’ പറഞ്ഞ ഭാരതത്തിന്റെ സാംസ്‌കാരിക ദേശീയതയുടെ പ്രതീകമായ ശ്രീരാമന്‍ ജനിച്ചു വീണ അയോദ്ധ്യയിലെ മന്ദിരസമുച്ചയം പുനര്‍നിര്‍മ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തോട് അനുഭാവം പുലര്‍ത്തിയ ഭാരതീയ ജനതാ പാര്‍ട്ടിയ്ക്ക് ജനങ്ങള്‍ വോട്ടു നല്‍കുകയും വിജയിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. രാമജന്മഭൂമി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനും അപമാനിക്കാനും ശ്രമിച്ച പ്രസ്ഥാനങ്ങളും വ്യക്തികളും സാമൂഹ്യ മണ്ഡലത്തില്‍ നിന്നും തിരസ്‌കൃതമാകുന്ന കാലം വന്നിരിക്കുന്നു. എ.ഡി. 1528 ല്‍ ബാബര്‍ എന്ന വിദേശ അക്രമിയുടെ നിര്‍ദ്ദേശപ്രകാരം അയാളുടെ സേനാനായകന്‍ മീര്‍ ബാഖി തകര്‍ത്ത രാമജന്മഭൂമി ക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യത്തിനെതിരെ നിലപാടെടുത്തവരെ എല്ലാം ഇന്ന് ചരിത്രം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ് കഴിഞ്ഞിരിക്കുന്നു. പുരാതന ക്ഷേത്രം തകര്‍ത്ത് അതിന്റെ പതിനാലു തൂണുകള്‍ക്കു മേല്‍ ഒരു മുസ്ലീം വാസ്തു ഘടന ഉണ്ടാക്കി വച്ചതിനെ ബാബറി മസ്ജിദ് എന്ന് കൊണ്ടാടിയവര്‍ക്കെല്ലാം ചരിത്രം മാപ്പില്ലാതെ ശിക്ഷ നല്‍കി കഴിഞ്ഞു. എ.ഡി. 1528 മുതല്‍ 1949 വരെ എഴുപത്താറ് യുദ്ധങ്ങള്‍ ശ്രീരാമജന്മഭൂമിയുടെ വിമോചനത്തിന് വേണ്ടി നടന്നിട്ടുണ്ട്. മൂന്നു ലക്ഷത്തില്‍പരം ഭക്തര്‍ രാമജന്മഭൂമിയുടെ വിമോചനത്തിനായി പൊരുതി മരിച്ചു. വിശ്വഹിന്ദു പരിഷത്തു പോലുള്ള ഒരു സംഘടന രാമജന്മഭൂമി വിമോചന പ്രക്ഷോഭത്തിന്റെ മുന്‍ നിരയിലേക്ക് വന്നതോടെ നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന പോരാട്ടത്തിന്റെ രൂപവും ഭാവവും മാറി. ക്ഷേത്രം നിര്‍മ്മിക്കാനുള്ള രാമ ശിലകളെ ഭാരതത്തിന്റെ 2.75 ലക്ഷം ഗ്രാമങ്ങളില്‍ നിന്ന് പൂജിച്ച് ആനയിച്ചതോടെ പ്രക്ഷോഭം ജനകീയ മുഖം കൈവരിച്ചു കഴിഞ്ഞിരുന്നു. 6.25 കോടി ജനങ്ങളാണ് രാമ ശിലാപൂജകളില്‍ പങ്കെടുത്തത്. ഭാരതീയ ജനതാ പാര്‍ട്ടി രാമജന്മഭൂമി പ്രക്ഷോഭത്തിന് പിന്‍തുണ പ്രഖ്യാപിച്ചതോടെ പ്രക്ഷോഭത്തിന് രാഷ്ട്രീയ മുഖവും കൈവന്നു. ശ്രീരാമ ക്ഷേത്ര നിര്‍മ്മാണം പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത ബി.ജെ.പിയെ ജനങ്ങള്‍ തിരഞ്ഞെടുത്ത് രാജ്യത്തിന്റെ അധികാരം ഏല്‍പ്പിക്കുന്ന കാലം വന്നു. രാമജന്മഭൂമി പ്രശ്‌നം കോടതിയുടെ മുന്നില്‍ എത്തിയിട്ട് കാലങ്ങളായെങ്കിലും തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭാരത രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മ ഭരണഘടന 143 (എ) വകുപ്പ് പ്രകാരം സുപ്രീം കോടതിയില്‍ ചോദ്യം ഉന്നയിച്ചതോടെ എ.ഡി. 1528 ന് മുമ്പ് ജന്മഭൂമിയില്‍ ക്ഷേത്രം ഉണ്ടായിരുന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. തര്‍ക്കങ്ങളുടെ എല്ലാം തീര്‍പ്പ് ഈ തെളിവുകളുടെ അടിസ്ഥാനത്തിലാകണമെന്ന് സുപ്രീം കോടതി അലഹബാദ് ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചു. 2003 മാര്‍ച്ച് 12 മുതല്‍ ആഗസ്റ്റ് 7 വരെ രാമജന്മഭൂമിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നടത്തിയ ഉല്‍ഘനനത്തില്‍ നിരവധി ക്ഷേത്രാവശിഷ്ടങ്ങള്‍ ലഭിച്ചു. പുരാവസ്തു രേഖകളുടെ അടിസ്ഥാനത്തില്‍ അലഹബാദ് ഹൈക്കോടതി 2010 സപ്തംബര്‍ 30 ശ്രീരാമ ജന്മഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തു. പലരും പറയും പോലെ വിശ്വാസമല്ല പുരാവസ്തുരേഖകളും തെളിവുകളുമാണ് രാമജന്മഭൂമി കേസിന്റെ വിധിക്കാധാരം.
2024 ജനുവരി 22 ന് രാമജന്മഭൂമിയില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുകയാണ്. സുദീര്‍ഘമായ കൊളോണിയല്‍ വാഴ്ചയുടെ അടിമത്തത്തിന്റെ അവസാനം കൂടിയാണ് അന്ന് നടക്കാന്‍ പോകുന്നത്. വിശ്വാസവും വികസനവും എങ്ങിനെ പരസ്പര പൂരകമാകുന്നുവെന്നതിന്റെ ആധുനിക കാല ഉദാഹരണം കൂടി അയോധ്യയില്‍ കാണാം. ശരിക്കുള്ള രാമരാജ്യത്തിലേക്കുള്ള പ്രയാണം ഭാരതം അയോധ്യയില്‍ നിന്നും ആരംഭിക്കുകയാണ്. മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം, അയോധ്യ ധാം റെയില്‍വെ സ്റ്റേഷന്‍ തുടങ്ങി 17500 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി അയോധ്യയില്‍ നിര്‍വഹിച്ച് കഴിഞ്ഞിരിക്കുകയാണ്. അമ്പലം മാത്രമല്ല മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളും കൂടി പരിഗണിക്കുമ്പോഴെ രാജ്യം മുന്നോട്ടു പോകൂ എന്ന സന്ദേശമാണ് അയോധ്യയില്‍ നിന്ന് മുഴങ്ങി കേള്‍ക്കുന്നത്. സത്യത്തില്‍ ജനുവരി 22 ന് നവീന രാമരാജ്യത്തിന്റെ ഉദ്ഘാടനമാണ് അയോധ്യയില്‍ നടക്കാന്‍ പോകുന്നത്.