ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ അറിയപ്പെടുന്ന ഒരു വിപ്ലവകാരിയാണ് രാം പ്രസാദ് ബിസ്മില്‍. കാക്കോരിയില്‍ വെച്ചു ഒരു തീവണ്ടി കൊള്ളയടിച്ചതിന്റെ പേരിലാണ് അദ്ദേഹം ബ്രിട്ടീഷുകാരുടെ പിടിയിലായത്. രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിച്ചു. അദ്ദേഹം തൂക്കിലേറ്റപ്പെടേണ്ട ദിവസം പുലര്‍ച്ചെ ജയില്‍ മുറിയില്‍ ചെന്ന ജയിലര്‍ അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. അന്നേദിവസവും അദ്ദേഹം വ്യായാമം ചെയ്യുന്ന കാഴ്ചയായിരുന്നു അത്. തൂക്കുമരത്തില്‍ കയറേണ്ട ദിവസവും അദ്ദേഹം തന്റെ നിത്യവ്യായാമം മുടക്കിയില്ല. കുറച്ചു സമയം കൂടി കഴിഞ്ഞാല്‍ മരിക്കാന്‍ പോകുന്ന താങ്കളെന്തിനാണ് ഇപ്പോള്‍ വ്യായാമം ചെയ്യുന്നതെന്ന് ജയിലര്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു, ”നോക്കൂ, വളരെ കഷ്ടതകളും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു എന്റെ ജീവിതം. ഇവയെ അതിജീവിക്കാന്‍ എന്നെ ശക്തനാക്കിയത് എന്റെ വ്യായാമശീലമാണ്. അതുകൊണ്ട് ഒരു പരിതസ്ഥിതിയിലും അതുപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല. ഈ ജീവന്‍ നഷ്ടമായാലും, ശീലം നഷ്ടമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അടുത്ത ജന്മത്തിലും ഈ ശീലം എന്നോടൊപ്പം ഉണ്ടാവണം.” ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതായത്, ജീവിതവും സാഹചര്യങ്ങളും മാറിമറിയും, എന്നാല്‍ സാധന മാറ്റമില്ലാതെ തുടരണം. അതേ ഗുണകരമാവൂ.