മാനേജ്‌മെന്റ് രംഗത്തും വ്യവസായ മേഖലയിലും പ്രത്യക്ഷമായും പരോക്ഷമായും നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന വാക്കാണ് ഹോളിസ്റ്റിക് അപ്രോച്ച് (Holistic Approach) അഥവാ സമഗ്രസമീപനം. അദ്ധ്യയനവിഷയങ്ങളിലും രീതികളിലും ഹോളിസ്റ്റിക് അപ്രോച്ച് ഉണ്ടായാല്‍ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടും എന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം. തൊഴിലിടങ്ങളില്‍ ജീവനക്കാരുടെ അര്‍പ്പണബോധവും കാര്യക്ഷമതയും പങ്കാളിത്തവും വര്‍ദ്ധിപ്പിക്കാന്‍ ഹോളിസ്റ്റിക് അപ്രോച്ച് സഹായകമാകുമെന്ന് മാനവ വിഭവശേഷി മേഖലയിലെ പ്രഗത്ഭരും അവകാശപ്പെടുന്നു.
എന്താണ് ഹോളിസ്റ്റിക് അപ്രോച്ച് എന്ന് വിളിക്കുന്ന സമഗ്ര സമീപനം?
ഒറ്റവാക്കില്‍ നിര്‍വ്വചിക്കാനാവില്ലെങ്കിലും ഒരു വ്യക്തിയുടെ സര്‍വ്വോന്മുഖമായ വ്യക്തിത്വവികാസത്തിന് സഹായകരമാകുന്ന പ്രവര്‍ത്തനമാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് നിസ്സംശയം പറയാം.
നമുക്കു മുന്നില്‍ ഒരു ലക്ഷ്യം ഉണ്ടാകുക; ലക്ഷ്യപ്രാപ്തി കൈവരിക്കാന്‍ നമ്മുടെ പ്രയത്‌നം മാത്രമല്ല മനസ്സും ബുദ്ധിയും ഒറ്റ ബിന്ദുവില്‍ ഏകീകരിച്ച് പ്രവര്‍ത്തിക്കുകയാണ് ഹോളിസ്റ്റിക് അപ്രോച്ച് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഉദാഹരണത്തിന് ഒരു വ്യവസായ കോര്‍പ്പറേറ്റ് ഒരു വലിയ ലക്ഷ്യം കൈവരിക്കാന്‍ ഉദ്ദേശിക്കുന്നു. കോര്‍പ്പറേറ്റിന് കീഴിലുള്ള വിവിധ തൊഴില്‍ ശാലകളും വകുപ്പുകളും ഓരോ ജീവനക്കാരനും കോര്‍പ്പറേറ്റ് ലക്ഷ്യം മനസ്സിലേറ്റുന്നു. അതിനായി അക്ഷീണം പ്രവര്‍ത്തിക്കുക മാത്രമല്ല സ്വന്തം വ്യക്തിപരമായ ലക്ഷ്യമായി അതിനെ കാണുന്നു.
നാനാമനസ്സുകള്‍ ഏകമനസ്സായി പ്രയത്‌നം അര്‍പ്പിക്കുന്ന ഉന്നതമായ കാഴ്ചപ്പാടാണ് ഹോളിസ്റ്റിക് അപ്രോച്ച് കൊണ്ട് പ്രാവര്‍ത്തികമാകുന്നത്. നാനാത്വത്തില്‍ ഏകത്വം എന്ന ചിന്താധാരയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
പാശ്ചാത്യ തരംഗങ്ങള്‍
ദക്ഷിണാഫ്രിക്കന്‍ വംശജനായ ജന്‍ സ്മട്‌സ് (Jan Smuts) ആണ് ഹോളിസ്റ്റിക് അപ്രോച്ചിനെ കുറിച്ച് ആദ്യമായി പരാമര്‍ശിച്ചതെന്ന് പാശ്ചാത്യ മാനേജ്‌മെന്റ് അവകാശപ്പെടുന്നു. സ്മട്‌സ് 1920 ല്‍ പ്രസിദ്ധീകരിച്ച Holism and Evolution എന്ന പുസ്തകത്തിലാണ് പ്രപഞ്ചത്തില്‍ കാണുന്നതെല്ലാം ഒരുവലിയ ഏകരൂപത്തിന്റെ (Whole) ഘടകങ്ങളും തന്മാത്രകളുമാണെന്ന് എഴുതിയത്. മാത്രമല്ല, ഇവയെല്ലാം വേറിട്ട് നില്‍ക്കാതെ പരസ്പരം ബന്ധപ്പെട്ട് ഹാരത്തില്‍ മുത്തുകള്‍ പോലെ ഒന്നില്‍ നിലനില്‍ക്കുന്നു. അതാകട്ടെ, വെറും ഒന്നല്ല. പ്രപഞ്ചം മുഴുവനും നിറഞ്ഞു നില്‍ക്കുന്ന ഒരു വലിയ ഒന്നാണ്. മറ്റൊന്നുകൂടി സ്മട്‌സ് രേഖപ്പെടുത്തി. പ്രപഞ്ചം നിശ്ചലമല്ല. സദാ ചലിച്ചുകൊണ്ടിക്കുകയും പുതിയ സൃഷ്ടികള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
സ്മട്‌സിനു ശേഷം ഹാരിസണ്‍, ബ്രൗണ്‍ തുടങ്ങിയ പരിസ്ഥിതി ശാസ്ത്രജ്ഞന്‍മാരും മാനേജ്‌മെന്റ്റ് വിദഗ്ദ്ധരും ഹോളിസ്റ്റിക് അപ്രോച്ച് എന്ന സമഗ്ര സമീപനത്തെ വിവിധ രീതിയില്‍ നിര്‍വ്വചിക്കുകയും അവരവരുടേതായ നിഗമനത്തില്‍ എത്തുകയും ചെയ്തു.
പീറ്റര്‍ ഡ്രക്കര്‍ എന്ന ലോകപ്രസിദ്ധ മാനേജ്‌മെന്റ് വിദഗ്ദ്ധന്‍ നാനാത്വത്തിലെ ഏകത്വത്തെ വ്യവസായരംഗവും പ്രചോദനവുമായി ബന്ധിപ്പിക്കുകയും എം ബി ഒ (MbO) എന്ന തത്വസംഹിതക്ക് രൂപം നല്‍കുകയും ചെയ്തു. ലക്ഷ്യവും പ്രവര്‍ത്തനവും ഏകോപിപ്പിച്ച് മുകള്‍തട്ടുമുതല്‍ താഴെ വരെ ഒരേ മനസ്സോടെ നടന്ന് ലക്ഷ്യപ്രാപ്തിയിലെത്തുകയാണ് എം ബി ഒ കൊണ്ട് ഉദ്ദേശിക്കുന്നത്.


ഭാരതീയ ചിന്തകളിലെ സമഗ്ര സമീപനം
ഹോളിസ്റ്റിക് അപ്രോച്ച് എന്ന നാനാത്വത്തില്‍ ഏകത്വം നിറഞ്ഞ പ്രപഞ്ചസത്യത്തെ കുറിച്ച് ആദ്യം പറഞ്ഞത് ഭാരതീയ ആചാര്യന്മാരാണ്.
പ്രപഞ്ചവും മനസ്സും കര്‍മ്മവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതായും ആലസ്യം, അശ്രദ്ധ, അര്‍പ്പണബോധമില്ലായ്മ തുടങ്ങിയ വിഘ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഓം ശാന്തി എന്ന് മൂന്നു തവണ ഉരുവിടുന്നത് നന്നായിരിക്കുമെന്നും അവര്‍ നിഷ്‌കര്‍ഷിച്ചു. അവര്‍ തങ്ങളുടെ തത്വപ്രഖ്യാപനങ്ങളുടെ കര്‍ത്തൃത്വമോ അവകാശവാദമോ ഉന്നയിച്ചില്ല. മനുഷ്യന്റെ സര്‍വ്വോന്മുഖമായ പുരോഗതിയും ശാന്തിയും മാത്രമായിരുന്നു അവരുടെ ലക്ഷ്യം. കഠോപനിഷത്തിലെ ശ്ലോകം ശ്രദ്ധിക്കുക.
അഗ്‌നിര്യഥൈകോ ഭുവനം പ്രവിഷ്ടോ
രൂപം രൂപം പ്രതിരുപോ ബഭൂവ
ഏകസ്തഥാ സര്‍വ്വഭൂതാന്തരാത്മാ
രൂപം രൂപം പ്രതിരുപോ ബഹിശ്ച
ഏകമായ അഗ്‌നി എപ്രകാരം വിവിധ രൂപങ്ങള്‍ എടുക്കുന്നുവോ അപ്രകാരം എല്ലാ ജീവജാലങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന പ്രപഞ്ചശക്തി ഒന്നുതന്നെയാണ്. അഗ്‌നി കത്തിക്കുന്ന വസ്തുവിന്റെ രൂപം എടുക്കുന്നതുപോലെ പരമാത്മാവ് പ്രവേശിക്കുന്ന സ്ഥൂലശരീരത്തിനനുസരിച്ച് ഓരോ രൂപം എടുക്കുന്നു. എല്ലാം ഒന്നുതന്നെയാണ്.
ഇതിലും മനോഹരമായി ഹോളിസ്റ്റിക് അപ്രോച്ചിനെ വര്‍ണ്ണിക്കുവാന്‍ ഒരു മാനേജ്‌മെന്റ് വിദഗ്ദ്ധനും ഇന്നേവരെ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
പ്രപഞ്ചത്തിന്റെ പ്രഭവകേന്ദ്രമായ ഊര്‍ജ്ജം ഒന്നുംതന്നെ ആണെങ്കിലും അത് വ്യത്യസ്തരൂപങ്ങളെ പ്രകാശിപ്പിക്കുന്നു. അതായത് ഭിന്നരൂപങ്ങളില്‍ കാണുന്ന ആത്മചൈതന്യം ഒന്നുതന്നെയാണ്.
ഇവിടെ ആചാര്യന്‍ മറ്റൊന്നുകൂടി സൂചിപ്പിക്കുന്നുണ്ട്. സര്‍വ്വ ചരാചരങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന പ്രപഞ്ചശക്തി ഒന്നാണെങ്കിലും വിവിധ ചേതന വസ്തുക്കളില്‍ പ്രവേശിക്കുമ്പോള്‍ വ്യത്യസ്തമായ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. പക്ഷെ മനസ്സും ശരീരവും ഭിന്നമായി നിലകൊള്ളുമ്പോഴും അവയില്‍ അന്തര്‍ലീനമായിരിക്കുന്നത് ഒരേ ആത്മാവ് തന്നെയാണ്.
ഹോളിസ്റ്റിക് അപ്രോച്ച് ലക്ഷ്യമിടുന്ന സര്‍വ്വോന്മുഖമായ മാനവ വികസനത്തിന്റെ പ്രത്യേകത നോക്കാം.
പാശ്ചാത്യപൗരസ്ത്യ മാനേജ്‌മെന്റ്റു തത്വസംഹിതകള്‍ തമ്മിലുള്ള വ്യത്യാസം പ്രകടമായി കാണുന്നത് അവയുടെ സമീപനത്തിലാണ്. ജീവനക്കാരുടെ പ്രചോദനവും അര്‍പ്പണബോധവും കാര്യക്ഷമതയും വര്‍ദ്ധിപ്പിച്ച് അതുവഴി ഉയര്‍ന്ന പ്രയത്‌നവും ലാഭവുമാണ് പാശ്ചാത്യ മാനേജ്‌മെന്റ് ലക്ഷ്യമിടുന്നതെന്നതെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രചോദനഗ്രന്ഥമായ ഭഗവദ്ഗീത പറയുന്നത് നോക്കുക.
‘യോഗ: കര്‍മ്മസു കൗശലം’ കര്‍മ്മകുശലതയാണ് യോഗ.
ലളിതമായി പറഞ്ഞാല്‍ ഒരു കര്‍മം ഏറ്റവും മികവോടെ ചെയ്യണമെങ്കില്‍ കാര്യനിര്‍വ്വഹണസമയത്ത് മനസ്സ് അര്‍പ്പിക്കണം. മനസ്സ് ഒരു ഹോമം ചെയ്യുന്നതുപോലെ ഏകാഗ്രമായിരിക്കണം. അപ്പോഴാണ് മികച്ച ഫലം ലഭ്യമാകുന്നത്. എല്ലാ കര്‍മ്മത്തിനും ഏതെങ്കിലും തരത്തിലുള്ള ഫലം ഉണ്ടാകും. എന്നാല്‍ ഫലകാംക്ഷയോടെ കര്‍മ്മം ചെയ്താല്‍ കര്‍മ്മത്തില്‍ ശ്രദ്ധിക്കാനാവില്ല. അപ്പോള്‍ ഫലത്തിന് വളരെ മികവ് (Excellence)ഉണ്ടാവില്ല. കര്‍മ്മഫലം (Result of the work) ഉജ്ജ്വലം ആകണമെങ്കില്‍ ‘സര്‍വ്വാണി കര്‍മ്മാണി മയി സംന്യസ്യ’ എന്ന് ഗീതയില്‍ പറയുന്നത് തന്നെയാണ് ഹോളിസ്റ്റിക് അപ്രോച്ചിലൂടെ ഇന്ന് ലോകം പ്രചരിപ്പിക്കുന്നത്. എല്ലാ കര്‍മ്മങ്ങളും എന്നില്‍ അര്‍പ്പിച്ചുകൊണ്ട് അദ്ധ്യാത്മചേതസാ പ്രവര്‍ത്തിക്കുക എന്ന് പറയുമ്പോള്‍ ജോലിയില്‍ മനസ്സിന്റെ ശ്രദ്ധ തന്നെയാണ് ലക്ഷ്യമിടുന്നത്.
മികവുറ്റ പ്രവര്‍ത്തനത്തിന്കര്‍മ്മത്തേയും ജ്ഞാനത്തേയും ബന്ധിപ്പിച്ചുകൊണ്ട് ഗീതാചാര്യന്‍ നിര്‍ദ്ദേശിക്കുന്ന വഴി ലോകത്തിന് മുഴുവന്‍ അനുകരണീയമാണ്.
മികവിന്റെ മാര്‍ഗ്ഗരേഖ
(Route Map of Excellence)
ബുദ്ധിയെ ഉത്തേജിപ്പിച്ച്, ലക്ഷ്യത്തില്‍ മനസ്സുറപ്പിച്ച്, നിരന്തരം പ്രയത്‌നിക്കലാണ് മികവിലേക്കുള്ള വഴിയെന്ന് ഭാരതീയ ആചാര്യന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഫലാസക്തി കൂടാതെ കര്‍മ്മം ചെയ്യുക എന്ന് പറയുമ്പോള്‍ മനസ് പൂര്‍ണ്ണമായും കര്‍മ്മത്തില്‍ അര്‍പ്പിക്കുക എന്നാണ് ആചാര്യന്മാര്‍ ഉദ്ദേശിക്കുന്നത്.
തൊഴിലില്‍ അര്‍പ്പണബോധം ഉണ്ടാകണമെന്നും (Be committed to your work) മനസ്സ് ജോലിയില്‍ ലയിപ്പിക്കണമെന്നും (Give your mind to your work) ആധുനിക മാനേജ്‌മെന്റ് പറയുമ്പോള്‍ ഭാരതീയ സംസ്‌കൃതിയുടെ അടയാളപ്പെടുത്തലാണത്.
ഭാരതീയ ആചാര്യന്മാര്‍ ആവര്‍ത്തിച്ചു പറഞ്ഞ മികവിന്റെ സിദ്ധാന്തം (Formula for Excellence) ഇതാണ്. യജ്ഞം (ജ്ഞാനം നേടുക) + യാഗം (നിരന്തര പരിശീലനം) + ഹോമം (മനസ്സ് അര്‍പ്പിച്ച പ്രയത്‌നം = ലോകോത്തര മികവ്.
കര്‍മ്മത്തിന്റെ യജ്ഞം
അജ്ഞത പലപ്പോഴും കര്‍മ്മവിമുഖരാക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് ജ്ഞാനമാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച് കര്‍മ്മം ചെയ്യണമെന്ന് പറയുന്നത്. യജ്ഞത്തിന്റെ അര്‍ത്ഥം തന്നെ പ്രയത്‌നം എന്നാണ്. ഇവിടെ സ്വന്തം തൊഴില്‍ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പഠിക്കുകയാണ് ഉദ്ദേശിക്കുന്നത്. ജോലി കാര്യക്ഷമതയോടെ ചെയ്യാന്‍ അറിയാത്തവര്‍ക്ക് മികവുറ്റ ഫലം പ്രതീക്ഷിക്കാനാവില്ല. യജ്ഞത്തിലൂടെ വിവിധ ദിശകളില്‍ നിന്നും അറിവുകള്‍ മനസ്സിലേക്ക് പ്രവഹിക്കുന്നു. job content മനസ്സിലാക്കുന്ന ജോലിയാണിത്.
കര്‍മ്മത്തിന്റെ യാഗം
പരിശീലിക്കപ്പെടേണ്ടതാണ് കര്‍മ്മം. ഒരു തൊഴില്‍ ചെയ്യാനുള്ള സാങ്കേതിക ജ്ഞാനം ആര്‍ജ്ജിച്ചാല്‍ പിന്നെ അടുത്ത പടി പരിശീലനം എന്ന പ്രായോഗിക ജ്ഞാനം നേടുകയാണ്. ഒരു തൊഴില്‍ ഫലപ്രദമായി ചെയ്യാന്‍ ഒന്നിലധികം മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവാം. അതില്‍ ഏറ്റവും സൗകര്യപ്രദമായ രീതി തിരഞ്ഞെടുക്കുകയും ആ മാര്‍ഗ്ഗത്തിലൂടെ തന്റെ ജോലി ഏറ്റവും മികച്ചതാക്കാനുള്ള സാധ്യത കണ്ടെത്തുകയുമാണ് യാഗത്തിലൂടെ പരിശീലിക്കുന്നത്.
കര്‍മ്മത്തിന്റെ ഹോമം
ഭയാശങ്കകളില്ലാതെ മനസ്സും ബുദ്ധിയും ചേര്‍ത്ത് വച്ച് ജോലി നിര്‍വ്വഹിച്ച് മികവും കാര്യക്ഷമതയും കരസ്ഥമാക്കുകയാണ് ഹോമത്തില്‍ സംഭവ്യമാകുന്നത്.
ജോലിയില്‍ മനസ്സിന്റെ പ്രശാന്തിയെ ഊന്നിപറയുന്നതിന് കാരണമുണ്ട്. സമചിത്തതയോടെ ജോലി ചെയ്യുമ്പോഴാണ് യജ്ഞയാഗങ്ങളില്‍ നിന്നും നേടിയെടുത്ത വിലയേറിയ ജ്ഞാനം പ്രായോഗികമാക്കാന്‍ കഴിയുന്നത്. സമത്വം യോഗ: ഉച്യതേ എന്ന് പറയുന്നതിന്റെ അര്‍ത്ഥവും ഇതുതന്നെയാണ്.
കര്‍മ്മം ജ്ഞാനത്തിലേക്ക് നയിക്കുകയും ജ്ഞാനം യാഗത്തിലൂടെ വിക്ഷേപങ്ങള്‍ അടങ്ങിയ മനസ്സിലെത്തി ഹോമത്തിന്റെ പരിശുദ്ധിയോടെ പ്രവര്‍ത്തനം ചെയ്യുകയുമാണ് മികവുറ്റ ഫലപ്രാപ്തിക്ക് ആധാരമെന്ന് ഗീത പറയുന്നു. തൊഴിലില്‍ മികവ് പുലര്‍ത്തണമെങ്കില്‍ പ്രതിബദ്ധതയും അര്‍പ്പണബോധവും ഉണ്ടാകണമെന്ന് ആധുനിക മാനേജ്‌മെന്റും പറയുന്നു.
വ്യത്യസ്ത സംസ്‌കാരങ്ങള്‍ കൊണ്ട് വീക്ഷണങ്ങളില്‍ വ്യത്യാസം ഉണ്ടെങ്കിലും ഇന്ന് ഭാരതീയ തത്വസംഹിതകള്‍ പാശ്ചാത്യ മാനേജ്‌മെന്റ്റ് അനുകരണീയമായി കരുതുന്നു.
മാനേജ്‌മെന്റ് വിദഗ്ദ്ധനായ സ്റ്റീഫന്‍ റോബിന്‍സിന്റെ ‘തൊഴിലാളികളുടെ ജോലിനിര്‍വ്വഹണപ്രചോദനം വര്‍ദ്ധിപ്പിക്കുന്ന അതിപ്രചോദനം എന്ന പ്രക്രിയ’ യില്‍ നിന്നും ജീവിതത്തെക്കുറിച്ച് ഉയര്‍ന്ന വീക്ഷണവും ലക്ഷ്യങ്ങളും വച്ച് പുലര്‍ത്തുന്ന സംതൃപ്തനായ വ്യക്തിയിലേക്കുള്ള പ്രയാണം ലക്ഷ്യമിടുന്നത് ഈ മാറ്റത്തിന്റെ ചുവടുവെപ്പു തന്നെയാണ്.
കര്‍മ്മഫലം ത്യക്ത്വാ എന്ന് ഗീതയില്‍ പറയുന്നതുപോലെ മനസ്സിനെ അസ്വസ്ഥമാക്കുന്ന ഫലാകാംക്ഷയില്‍ നിന്ന് മോചിതനായ നിശ്ചലബുദ്ധിയുള്ള കര്‍മ്മയോഗിയെയാണ് ഇന്ന് ലോകം ഉറ്റുനോക്കുന്നത്. ഹോളിസ്റ്റിക് അപ്രോച്ച് എന്ന തത്വസംഹിതയുടെ ലക്ഷ്യവും മറ്റൊന്നല്ല.