ജീവിതത്തിന്റെ സമസ്തമേഖലകളിലും വിവരസാങ്കേതികവിദ്യ വ്യാപിച്ചു കഴിഞ്ഞു. കമ്പ്യൂട്ടര്‍ ഇല്ലാത്ത ഒരു അവസ്ഥ ഇന്നു ചിന്തനീയമല്ല. സാങ്കേതികവിദ്യയുടെ വളര്‍ച്ചയും അതു നല്കുന്ന സേവനങ്ങളും ഭാഷകളെ എങ്ങനെ ബാധിക്കുന്നുവെന്ന് ഭാഷാചിന്തകര്‍ പഠിച്ചുകൊണ്ടിരിക്കുന്നു. ഇ-ബുക്കുകളും, ഇ-വായനകളും ഇന്ന് ഭാഷാരംഗത്ത് സജീവമാണ്. ബ്ലോഗിന്റെ സാധ്യതകളും ഏറിവരുന്ന സാഹചര്യത്തില്‍ എല്ലാ ഭാഷകളും ബ്ലോഗ് നിര്‍മ്മാണത്തിന്റെ തത്രപ്പാടിലാണ്. ഇന്റര്‍നെറ്റ് വിജ്ഞാനത്തിന്റെ മുഖ്യസ്രോതസ്സായി മൊബൈല്‍ ഫോണും, ഐപോഡും സര്‍വസാധാരണമായിക്കഴിഞ്ഞു. വിദ്യാഭ്യാസം, ഗവേഷണം, ഭരണം എന്നീ മേഖലകളില്‍ മാത്രമല്ല കലാസാംസ്‌കാരികരംഗത്തും രാഷ്ട്രീയരംഗത്തും ഇന്റര്‍നെറ്റിന്റെ സ്വാധീനം ഇന്നു വളരെ പ്രകടമാണ്. വിവരസാങ്കേതികവിദ്യകൊണ്ടുവന്ന ഈ വിപ്ലവത്തിന്റെ ആത്യന്തിക ലക്ഷ്യം ആഗോളീകരണമാണ്. ലോകം ഒറ്റ ഗ്രാമമായിത്തീരുമ്പോള്‍ വാണിജ്യവും വ്യവസായവും പുഷ്ടിപ്പെടുകയും യുദ്ധങ്ങള്‍ ഒഴിവാക്കപ്പെടുകയും ചെയ്യുമെന്നാണ് വിശ്വാസം. ഈ ആഗോളീകരണവ്യഗ്രതയില്‍ ഭാഷകളുടെ സ്ഥിതി എന്താകും?
വിവരസാങ്കേതികവിദ്യ അടുത്തും അകലങ്ങളിലും നിവസിക്കുന്ന ജനവിഭാഗങ്ങളെ തമ്മിലടുപ്പിക്കുകയും ഭൂഖണ്ഡങ്ങളുടെ സീമകള്‍ക്ക് പ്രസക്തി നഷ്ടപ്പെടുത്തുകയും ചെയ്തു. ലോകം വിരല്‍ത്തുമ്പില്‍ എന്ന വിസ്മയകരമായ അവസ്ഥ. ഓര്‍ക്കാനും ഓര്‍മ്മിച്ചെടുക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യകളാല്‍ ലോകവ്യാപ്തി ചുരുങ്ങുകയും ഒരു ആഗോളഗ്രാമമായി അത് മാറാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്തു. ഒരൊറ്റലോകം ഒരൊറ്റജനത എന്നിവ പൂര്‍വ്വികര്‍ക്ക് ഒരു സ്വപ്‌നവും മോഹവും മാത്രമായിരുന്നല്ലോ. അത് ഒരു സ്വപ്‌നമല്ല കേവല യാഥാര്‍ത്ഥ്യമാണെന്ന തോന്നലിലേക്ക് കാലം നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു. അടുപ്പത്തിന്റെയും അകല്‍ച്ചയുടെയും തോതു നിര്‍ണ്ണയിക്കുന്ന ഘടകങ്ങളില്‍ മുഖ്യം ഭൂപ്രകൃതിയും ഭാഷയുമാണ്. പ്രകൃതിക്ഷോഭങ്ങള്‍, യുദ്ധങ്ങള്‍, ഭൂഖണ്ഡാന്തരവിസ്‌ഫോടനങ്ങള്‍ തുടങ്ങിയവ ഭൂപ്രകൃതിയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും. കര കടലാകുകയും, കടല്‍ കരയാകുകയും ചെയ്യുന്നത് തികച്ചും സ്വാഭാവികം. ഭൂസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് കുടിയേറ്റങ്ങളും കുടിയിറക്കങ്ങളും ഉണ്ടാകുന്നു. ഇവയോടൊപ്പം സഞ്ചരിക്കുന്ന ഒരു പ്രതിഭാസമാണ് ഭാഷ. ജനങ്ങളോടൊപ്പം അതു സഞ്ചരിക്കുന്നു. ഭാഷകരുള്ളിടത്തോളം ഭാഷകള്‍ ജീവിക്കുന്നു. അവസാനത്തെ ഭാഷകനോടൊപ്പം ഭാഷയും മരിക്കുന്നു. അങ്ങനെ എത്രയെത്ര ഭാഷകള്‍ ഇതിനോടകം നശിച്ചിട്ടില്ല! ഏകദേശക്കണക്കനുസരിച്ച് ഇപ്പോള്‍ 7000 ത്തി നടുത്തു ഭാഷകള്‍ ലോകത്തുണ്ട്. ഈ ഭാഷകളില്‍ മരിച്ച ഭാഷകളും ഉള്‍പ്പെടും. ഭാഷകരില്ലാത്ത ചില ഭാഷകള്‍ നിലനില്ക്കുന്നത് ഒരു കാലത്ത് അവയ്ക്കുണ്ടായിരുന്ന ലിഖിതങ്ങളും സര്‍ഗ്ഗാത്മകരചനകളും മതഗ്രന്ഥങ്ങളും കൊണ്ടാണ്. ഗ്രീക്കും ലാറ്റിനും സംസ്‌കൃതവും ദൈനംദിന ഭാഷകരില്ലെങ്കിലും ജീവിച്ചുപോരുന്ന ഭാഷകളാണ്. ഭൂസ്ഥിതിപരവും ഭരണപരവും ആയി ഒറ്റപ്പെട്ട ദേശസീമകളിലാണ് ഓരോ ദേശത്തിന്റെയും ഭാഷകള്‍ രൂപംകൊള്ളുക. കുടിയേറ്റങ്ങള്‍, ദേശപകര്‍ച്ചകള്‍, അധികാരമാറ്റങ്ങള്‍ എന്നിവകൊണ്ട് ഭാഷകളില്‍ ആദാനപ്രദാനങ്ങള്‍ നടക്കുകയും തദ്വാരാ ചില ഭാഷകള്‍ പുഷ്ടിപ്പെടുകയും ചിലത് അധീശത്വശക്തിയുടെ ഭാഷാസമ്മര്‍ദ്ദത്തിനു വിധേയമായി അന്യം നില്ക്കുകയും ചെയ്യുന്നു.
ഗര്‍ഭസ്ഥശിശുവിന് ആറേഴുമാസം പ്രായമെത്തുന്നതോടെ അവനില്‍ ഭാഷാജ്ഞാനത്തിന്റെ സിരകളും പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണ് ശാസ്ത്രമതം. ഭൂമിസ്പര്‍ശം ഉണ്ടാകുന്നതുമുതല്‍ ഭാഷാജ്ഞാനസിരകള്‍ കൂടുതല്‍ സജീവമാകുകയും രണ്ട്, മൂന്ന് വയസ്സാകുമ്പോഴേക്കും ഭാഷണശബ്ദങ്ങള്‍ പുറപ്പെടുവിച്ചുതുടങ്ങുകയും ചെയ്യുന്നു. ആരുടെയും ശിക്ഷണമില്ലാതെ ശൈശവാവസ്ഥയില്‍ ആര്‍ജ്ജിക്കുന്ന ഭാഷയാണ് ‘മാതൃഭാഷ’. സാധാരണഗതിയില്‍ അമ്മയുടെ ഭാഷതന്നെയായിരിക്കും ശിശുവിന്റെ മാതൃഭാഷ. ജീവിക്കുന്ന സാഹചര്യമനുസരിച്ച് ഇതിനു മാറ്റം വരാം. ഉദാഹരണത്തിന് ഇംഗ്ലണ്ടിലോ അമേരിക്കയിലോ ജീവിക്കുന്ന മലയാളി ദമ്പതിമാരുടെ കുട്ടികളുടെ മാതൃഭാഷ മലയാളമാകണമെന്നില്ല. ദൃശ്യശ്രവ്യമാധ്യമങ്ങള്‍, ഒരു നിശ്ചിതഭാഷ സംസാരിക്കുന്നവര്‍ പാര്‍ക്കുന്ന ജീവിതസാഹചര്യം, ഡേ കെയറുകള്‍, നഴ്‌സറി സ്‌കൂളുകള്‍ എന്നിവയ്ക്ക് ഒരു കുട്ടിയുടെ മാതൃഭാഷാസൃഷ്ടിയില്‍ നിര്‍ണ്ണായകസ്ഥാനമുണ്ട്. അമ്മയില്‍ നിന്ന് നൈസര്‍ഗ്ഗികമായി കിട്ടുന്ന ഭാഷാവബോധത്തെ മാതൃഭാഷയിലേക്കെത്തിക്കുന്നത് സാഹചര്യങ്ങളാണെന്നു ചുരുക്കം.
ഒരു ഭാഷതന്നെ ദൈനംദിനാവശ്യങ്ങള്‍ക്കും ലോക വ്യവഹാരത്തിനും പൈതൃകങ്ങള്‍ സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന ജനവിഭാഗങ്ങള്‍ നിവസിക്കുന്ന ഭൂഭാഗം കര, മുറി, അംശം, ദേശം എന്നരീതിയില്‍ ദേശാധിഷ്ഠിതമായി വളര്‍ന്ന് ഒരു രാജ്യമായി വികസിക്കുന്ന ചരിത്രമാണ് ഏതൊരു ഭാഷയ്ക്കും പറയാനുള്ളത്. മാതൃഭാഷക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ദേശവിസ്തൃതിയുണ്ടാകും. ലോകഭാഷകളുടെ എണ്ണം ഏഴായിരത്തോളം വരുമെങ്കിലും ലോകരാഷ്ട്രങ്ങളുടെ എണ്ണം ഇരുന്നൂറിനടുത്തേയുള്ളു. ഒരൊറ്റ ഭാഷണഭാഷ ലോകത്തൊരിടത്തും കാണാന്‍ സാധിക്കില്ല. ഒരേ പ്രദേശത്തുതന്നെ പലഭാഷകള്‍ മാതൃഭാഷയായിട്ടുള്ളവര്‍ തൊഴില്‍ തേടിയും കൃഷി, വാണിജ്യം എന്നിവയോടുബന്ധപ്പെട്ടും വന്നുകൂടുക സ്വാഭാവികമാണ്. തന്മൂലം ലോകരാഷ്ട്രങ്ങളില്‍ ഏകദേശം അമ്പതിടത്ത് രണ്ടു ഭാഷകളെങ്കിലും ഔദ്യോഗികഭാഷകളായി അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്. രണ്ടിലേറെ ഭാഷകള്‍ക്ക് ഔദ്യോഗികാംഗീകാരമുള്ളത് ആറ് രാഷ്ട്രങ്ങളില്‍ മാത്രമാണ്. ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഒരൊറ്റ ഔദ്യോഗിക ഭാഷയേയുള്ളു. എങ്കിലും അവിടെയും ഭാഷാന്യൂനപക്ഷങ്ങള്‍ ഉണ്ടെന്നു കാണുക. അതിന്റെയര്‍ത്ഥം ഏകഭാഷിതത്വം (ാീിീഹശിഴൗമഹശാെ) ഒരു രാജ്യത്തിനും അവകാശപ്പെടാനാവില്ലെന്നതു തന്നെ. ബ്രിട്ടനില്‍ 100 ലേറെ ന്യൂനപക്ഷഭാഷകളുണ്ടെന്നാണ് കണക്ക്. അമേരിക്കന്‍ ജനസംഖ്യയില്‍ 7 ശതമാനത്തോളം പേര്‍ ഇംഗ്ലീഷിലല്ല സംസാരിക്കുന്നതെന്നോര്‍ക്കുക. ഏകഭാഷിതത്വം ജപ്പാനിലുമില്ല. ചൈനീസ്, കൊറിയന്‍ ഭാഷകള്‍ സംസാരിക്കുന്നവര്‍ അവിടെ ധാരാളമുണ്ട്. ആഫ്രിക്കയുടെ സ്ഥിതിയും വ്യത്യസ്തമല്ല. അവിടെ മിക്കരാജ്യങ്ങളിലും ഔദ്യോഗികഭാഷ ഒന്നേയുള്ളുവെങ്കിലും 80 ശതമാനത്തിനുമേല്‍ ആള്‍ക്കാര്‍ ഒന്നിലധികം ഭാഷകള്‍ ഉപയോഗിക്കുന്നു. ഈജിപ്റ്റ്, ഘാന, നൈജീരിയ എന്നിവ ഉദാഹരണം.
ഭാഷകരുടെ എണ്ണത്തിലുള്ള വൈഭിന്യം കണക്കിലെടുത്ത് ഏകഭാഷിതത്വം, ഉഭയഭാഷിതത്വം, ബഹുഭാഷിതത്വം എന്നീ പരികല്പനകള്‍ ഭാഷാശാസ്ത്രം രൂപപ്പെടുത്തിയിട്ടുണ്ട്. ഒരു ഭാഷാശാസ്ത്രമേഖലയായ ഇന്ത്യയിലും ഈ പരികല്പനകള്‍ക്ക് പ്രസക്തിയുണ്ട്. ഇന്ത്യന്‍ സംസ്ഥാനങ്ങളെല്ലാം ഭാഷാടിസ്ഥാനത്തില്‍ പുനഃക്രമീകരിച്ചിട്ടുണ്ടെങ്കിലും ഏകഭാഷിതത്വം ഒരു സംസ്ഥാനത്തും ഇല്ല. അധീശത്വഭാഷയായിരുന്ന ഇംഗ്ലീഷിന്റെയും ഇന്തോയൂറോപ്യന്‍ ഗോത്രത്തിലെ ഏറ്റവും പുരാതന വിഭാഗങ്ങളില്‍ ഒന്നില്‍പ്പെട്ട സംസ്‌കൃതഭാഷയുടെയും ഇന്ത്യന്‍ ഭാഷകളുടെ മേലുള്ള സ്വാധീനം ഇവിടെ ഉഭയഭാഷിതത്വത്തിനും ബഹുഭാഷിതത്വത്തിനും കാരണമായിട്ടുണ്ട്. സാംസ്‌കാരികം, വിദ്യാഭ്യാസപരം, സാമ്പത്തികം, പ്രകൃതിപ്രതിഭാസം എന്നിവയും ബഹുഭാഷിതത്വസ്ഥിതിക്കു കാരണമാണ്. അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും, ജോലിസാധ്യത മുന്‍ നിറുത്തിയും അന്യഭാഷ പഠിക്കുന്നവരാണ് ഉഭയഭാഷിതത്വക്കാര്‍. ഇക്കൂട്ടര്‍ വംശീയമായ ഒരു സംസ്‌കാരത്തോട് പൊരുത്തപ്പെടാന്‍ കൊതിച്ച് മറ്റു ഭാഷകള്‍ പഠിക്കുന്നു. ഇംഗ്ലീഷ് പഠനവും അഹിന്ദിപ്രദേശങ്ങളിലെ ഹിന്ദിപഠനവും ഈ പ്രവണതയ്ക്ക് ഉദാഹരണങ്ങളാണ്.
ഇങ്ങനെ ഏകഭാഷിതത്വം, ഉഭയഭാഷിതത്വം, ബഹുഭാഷിതത്വം എന്നിവ നിറഞ്ഞ ഒരു ലോക വ്യവസ്ഥയിലാണ് ആഗോളീകരണത്തിന്റെ അരങ്ങേറ്റം. വിവരസാങ്കേതിക വിദ്യയാണല്ലോ ആഗോളീകരണത്വത്തിലേക്ക് ലോകത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. കോളനിവല്കരണത്തിലൂടെ ലോകഭാഷയെന്ന ഖ്യാതി നേടിയ ഇംഗ്ലീഷ് ഭാഷയ്ക്കാണ് ഇലക്‌ട്രോണിക് വ്യവഹാരങ്ങളില്‍ മുഖ്യസ്ഥാനം. കോളനിവാഴ്ചയുണ്ടായിരുന്ന രാജ്യങ്ങളിലെല്ലാം ഇംഗ്ലീഷ് ഭാഷയ്ക്ക് ഔദ്യോഗികതലത്തില്‍ മേല്‍ക്കൈ ഉണ്ട്. ഇംഗ്ലീഷിലൂടെ ലോകപരിചയം, അധികാരസ്ഥാനങ്ങളിലെത്തല്‍, ജോലിസമ്പാദിക്കല്‍ എന്ന ലക്ഷ്യം സാധാരണക്കാരില്‍പ്പോലും ദൃശ്യമാണ്. കോളനിവാഴ്ചക്കാലത്തെക്കാള്‍ ഈ പ്രവണതയ്ക്കു ആക്കം വര്‍ദ്ധിപ്പിച്ചത് യൂറോപ്പില്‍ പിറവികൊണ്ട് ലോകമാസകലം വ്യാപിച്ച ഇലക്‌ട്രോണിക് യുഗത്തിലാണ്. വ്യാവസായിക വിപ്ലവത്തിലൂടെ കൈവന്ന ഭൗതികനേട്ടങ്ങള്‍ക്ക് ഫലാനുഭവത്തിന്റെ കാര്യത്തില്‍ ശീഘ്രഗതിയും, സമയലാഭവും, കൈപ്പിടിയിലൊതുങ്ങുംവിധമുള്ള സൂക്ഷ്മതയും നല്കാന്‍ ഇലക്‌ട്രോണിക് യുഗത്തിനു കഴിഞ്ഞു. ഇതിന്റെ ഫലമായി തൊഴിലവസരങ്ങള്‍ ഏറി, അറിവിന്റെ വ്യാപ്തിവര്‍ദ്ധിച്ചു, ജീവിതസൗകര്യങ്ങള്‍ പെരുത്തു. ലോകവ്യാപകമായി സാമൂഹികസാംസ്‌കാരികരംഗങ്ങളില്‍ ഇലക്‌ട്രോണിക് യുഗം വരുത്തിയ മാറ്റങ്ങളില്‍ മാനവരാശിക്ക് കുറെ നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.
ഭാഷകളുടെ ശോഷണവും നാശവുമാണ് ഇതില്‍ മുഖ്യം. ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായ ആദിമജനങ്ങള്‍ക്കും ഭാഷയ്ക്കും കണക്കില്ല. സഹ്യപര്‍വ്വതനിരകള്‍, ഛോട്ടാനാഗപ്പൂര്‍, സന്താളിമേഖലകള്‍ ഒരുകാലത്ത് ആദിമ നിവാസികളെക്കൊണ്ടും അവരുടെ തനതുഭാഷകള്‍കൊണ്ടും സമ്പന്നമായിരുന്നു. കേരളത്തിന്റെ കാര്യമെടുത്താല്‍ ആദിവാസി ഭാഷകള്‍ മിക്കതും നാശത്തിന്റെ വക്കിലാണ്. തൊഴില്‍ തേടി ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ജനങ്ങള്‍ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു. മലയാളത്തിനു പുറമേ 36 ഭാഷകള്‍ സംസാരിക്കുന്നവര്‍ കേരളത്തില്‍ ഇന്നുണ്ട്. മൊത്തം ജനസംഖ്യ 3 കോടി 40 ലക്ഷത്തിനടുത്ത് വരും. ഇവരുടെ സാന്നിദ്ധ്യം കൊണ്ട് നിര്‍മ്മാണമേഖലയ്ക്കും കാര്‍ഷികമേഖലയ്ക്കും ഉണര്‍വ്വുണ്ടായിട്ടുണ്ടെന്നതു നേര്. ആദാനപ്രദാനങ്ങളിലൂടെ മലയാളഭാഷയ്ക്കും നേട്ടങ്ങളുണ്ടായിട്ടുണ്ട്. മലയാളികളില്‍ 98.5 ശതമാനം പേര്‍ മലയാളം സംസാരിക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസമാധ്യമമായി മലയാളം സ്വീകരിക്കുന്നവരുടെ എണ്ണം കാണക്കാണെ കുറഞ്ഞുവരുന്നു. ഔദ്യോഗികരേഖകളിലും വിജ്ഞാപനങ്ങളിലും മലയാളം ഭരണഭാഷയും വിദ്യാഭ്യാസമാധ്യമവും ഒക്കെയാണെങ്കിലും ഇംഗ്ലീഷ്ഭാഷാധിപത്യം പ്രത്യക്ഷാനുഭവമായി നില്ക്കുന്നു.
ആഗോളഗ്രാമം യാഥാര്‍ത്ഥ്യമാകുമ്പോള്‍ മലയാളം ഉള്‍പ്പെടെയുള്ള മാതൃഭാഷകളുടെ സ്ഥിതി എന്താകും? ഭാഷകള്‍ പലതും അപ്രസക്തമായിക്കൊണ്ടിരിക്കുന്നു. പതിനായിരത്തില്‍ കുറവ് ഭാഷകരുള്ള ഭാഷകള്‍ക്കാണ് ഈ ദുര്യോഗം കൂടുതലുള്ളത്. 2011-ലെ കനേഷുമാരിയില്‍ ഇന്ത്യന്‍ഭാഷകളുടെ സ്ഥിതിവിവരക്കണക്കുകളില്‍നിന്നും 2011 ലെത്തുമ്പോള്‍ എണ്‍പതോളം ഭാഷകള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയറിയാന്‍ 2021ലെ സെന്‍സസ് റിപ്പോര്‍ട്ടു വരുന്നതുവരെ കാത്തിരിക്കണം.
മലയാളഭാഷയുടെ സ്ഥിതി ഇത്തരുണത്തില്‍ ചിന്തനീയമാണ്. മലയാളത്തിന്റെ നട്ടെല്ല് അതിശക്തമായ അക്ഷരമാലയാണ്. ഏതുഭാഷയില്‍നിന്നുള്ള ഭാഷാപരമായ അധിനിവേശങ്ങളെയും താങ്ങാനുള്ള കെല്പ് അതിനുണ്ട്. ഗംഗാപ്രവാഹത്തെ ശിരസ്സിലൊതുക്കിയ മഹേശ്വരന്റെ പ്രഭാവമാണ് മലയാളത്തിനുള്ളത്. കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി ആ ഭാഷ നിലനില്ക്കുന്നു. ദ്രാവിഡഭാഷാകുടുംബത്തിലെ ഒരംഗമായ മലയാളത്തിന്റെ വികാസപരിണാമങ്ങള്‍ വ്യക്തമാക്കുന്നത് അതിജീവനത്തിന്റെ ചരിത്രമാണ്. ഒരു സംസ്‌കാരത്തിന്റെയും കാലഗണനയുടെയും വിധാതാവാണ് ആ ഭാഷ. മുറുകിച്ചുരുങ്ങാനും വികസിച്ചു പരക്കാനും അതിന്റെ വാക്യഘടനയ്ക്കു കഴിയും. മാതൃഭാഷ എന്ന നിലയ്ക്ക് 98.5 ശതമാനം മലയാളികള്‍ സംസാരിക്കുന്ന മലയാളത്തിന് ആഗോളഗ്രാമമെന്ന ധൂസരസങ്കല്പം യാഥാര്‍ത്ഥ്യത്തിലെത്തിയാലും തലയുയര്‍ത്തിനില്ക്കാനാവും.
ആഗോളീകരണം വിഭാവന ചെയ്ത ഏകലോകം, ഏകഗ്രാമം എന്ന ആശയത്തിന് വിള്ളല്‍ വീണുതുടങ്ങിയെന്നാണ് സമീപകാലസംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കോവിഡും, യുക്രൈനും ഭക്ഷ്യ ഇന്ധന പ്രതിസന്ധികള്‍ വരുത്തിയപ്പോള്‍ ഏകലോകം ഒരു പ്രഹസനമാണെന്ന കണ്ടെത്തലിലേക്കു ലോകരാഷ്ട്രങ്ങളെ നയിച്ചിരിക്കുകയാണ്. ഒറ്റയ്ക്കുനില്പും സ്വയം പര്യാപ്തയുമാണ് ലോകരാഷ്ട്രങ്ങളുടെ ഇന്നത്തെചിന്താവിഷയം. അങ്ങനെവരുമ്പോള്‍ ഭാഷയുടെ സ്ഥിതിയും മെച്ചപ്പെട്ടേക്കാം.