പതിനായിരക്കണക്കിന് കര്‍ഷകരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കണ്ണീര് വീണ മണ്ണിലൂടെയാണ് സംസ്ഥാനത്തെ മന്ത്രിപുംഗവന്മാര്‍ ലക്ഷ്വറി ബസ്സില്‍ പ്രയാണം ചെയ്തുകൊണ്ടിരിക്കുന്നത്. ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് വടക്കു നിന്ന് തെക്കോട്ടുള്ള ഇവരുടെ ആഭാസയാത്ര കാണുമ്പോള്‍ ഈ സര്‍ക്കാരിനെ ‘തെക്കോട്ടെടുക്കാന്‍’ സമയമായില്ലേ എന്ന് ജനങ്ങള്‍ക്ക് തോന്നിയാലും അത്ഭുതപ്പെടാനില്ല. കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ധാര്‍ഷ്ട്യത്തിന്റെയും പര്യായമായി മാറിയ ഇവരെ പടിയടച്ചു പിണ്ഡം വെച്ചാല്‍ മാത്രമേ കേരളം രക്ഷപ്പെടുകയുള്ളൂ എന്ന് പലര്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. ഇവരുടെ ദുര്‍ഭരണത്തിന്റെ കെടുതി അനുഭവിക്കുന്ന ഏറ്റവും വലിയ വിഭാഗമാണ് കേരളത്തിലെ നെല്‍ കര്‍ഷകര്‍. നെല്ല് സംഭരണത്തിന്റെ പേരില്‍ വര്‍ഷങ്ങളായി കര്‍ഷകരെ കടക്കാരാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ അവരെ ഒന്നടങ്കം ആത്മഹത്യാമുനമ്പില്‍ എത്തിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ചില കര്‍ഷകര്‍ എഴുതി വെച്ചിട്ടും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ ജനങ്ങളുടെ മുന്നില്‍ ഇരുട്ടു കൊണ്ട് ഓട്ടയടക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി പോരാടാനുള്ള കരുത്ത് പ്രതിപക്ഷത്തിനും ഇല്ലെന്നത് അവര്‍ നേരിടുന്ന പ്രതിസന്ധിയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നു.
കൃഷിനാശവും കടക്കെണിയും മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇപ്പോള്‍ കേരളത്തില്‍ നടന്നുവരുന്ന നെല്‍കര്‍ഷക ആത്മഹത്യക്ക് പൂര്‍ണ്ണമായ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. നവം.11 ന് ആത്മഹത്യ ചെയ്ത തകഴിയിലെ കെ.ജി.പ്രസാദിന്റെ ആത്മഹത്യാ കുറിപ്പില്‍ ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഭാരതീയ കിസാന്‍ സംഘിന്റെ ആലപ്പുഴ ജില്ലാ അദ്ധ്യക്ഷനായിരുന്ന പ്രസാദ് കുട്ടനാട്ടിലെ തകഴി പഞ്ചായത്തിലുള്ള അംബേദ്കര്‍ കോളനിയിലെ തന്റെ അഞ്ചു സെന്റ് സ്ഥലത്തുള്ള, ചോരുന്ന ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ വീട്ടില്‍ കുടുംബത്തോടൊപ്പം താമസിച്ചു കൊണ്ടാണ് കൃഷിയിലൂടെ ഉപജീവനത്തിന് മാര്‍ഗ്ഗം തേടിയത്. 2022-23 സീസണിലെ ഒന്നാം വിളയായി പ്രസാദില്‍ നിന്ന് 4800 കിലോഗ്രാം നെല്ല് സപ്ലൈകോ സംഭരിച്ചിരുന്നു. അതിന്റെ വിലയായ 1,38,655 രൂപ കേരള ബാങ്ക് വഴി പാഡി റസീറ്റ് ഷീറ്റ്(പി.ആര്‍.എസ്.) വായ്പയായി സര്‍ക്കാര്‍ അനുവദിച്ചതാണ് പ്രസാദിനെ കടക്കാരനാക്കിയത്. ഈ വായ്പ ഫെഡറല്‍ ബാങ്കില്‍ നിന്ന് പണമായി നല്‍കിയെങ്കിലും ബാങ്കിന് മുതലും പലിശയും സമയബന്ധിതമായി സര്‍ക്കാര്‍ കൊടുക്കാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സിബില്‍ (ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്ത്യ ലിമിറ്റഡ്) സ്‌കോര്‍ കുറയുകയും കൃഷിക്കാവശ്യമായ തുക കണ്ടെത്താന്‍ മറ്റ് വായ്പകള്‍ ബാങ്കുകള്‍ നിഷേധിക്കുകയും ചെയ്തു. 2011 ല്‍ എസ്.ബി.ഐയില്‍ നിന്നെടുത്ത കൃഷിവായ്പ 2020 ല്‍ ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ പൂര്‍ണ്ണമായും തിരിച്ചടിച്ചതിനാല്‍ പി.ആര്‍.എസ്.വായ്പയല്ലാതെ മറ്റു വായ്പകളൊന്നും പ്രസാദിന്റെ പേരിലുണ്ടായിരുന്നില്ല. അതിനാല്‍ പി.ആര്‍.എസ്. വായ്പ തന്നെയാണ് കേരളത്തിലെ നെല്‍കര്‍ഷകരെ മറ്റു ബാങ്ക് വായ്പകള്‍ കിട്ടാന്‍ കഴിയാത്ത വിധം കടക്കെണിയിലാക്കുന്നത് എന്നു വ്യക്തമാണ്. പ്രസാദിനെ പോലെ മണ്ണില്‍ കഷ്ടപ്പെട്ട് നെല്ല് ഉണ്ടാക്കി വിറ്റ നിരവധി പേര്‍ കടക്കാരായി, മറ്റു വായ്പകള്‍ എടുക്കാന്‍ കഴിയാതെ സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലുമായി ജീവിച്ചു വരുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ കാണാതിരുന്നുകൂടാ.
2021 വരെ നെല്ല് സംഭരിച്ചു കഴിഞ്ഞാല്‍ രണ്ടു മാസത്തിനകം സപ്ലൈകോ കര്‍ഷകര്‍ക്ക് വില പണമായി നല്‍കിയിരുന്നു. കോവിഡ് കാലത്ത് കിറ്റ് നല്‍കിയതിന്റെ പണം സംസ്ഥാന സര്‍ക്കാര്‍ നല്‍കാതിരുന്നതുകൊണ്ടാണ് സപ്ലൈകോ പ്രതിസന്ധിയിലായത് എന്നാണ് പറയപ്പെടുന്നത്. ഇപ്പോഴും ആയിരം കോടിയിലധികം രൂപ സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് കൊടുക്കാനുണ്ട്. കേന്ദ്രം 637.6 കോടി രൂപ നല്‍കാനുണ്ടെന്നു പറയുന്ന സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഏതാനും വര്‍ഷത്തെ നെല്ല് സംഭരണത്തിന്റെ കണക്കുകള്‍ കേന്ദ്രത്തിന് കൊടുത്തിട്ടുമില്ല. കേന്ദ്രത്തിന്റെ കണക്കുപ്രകാരം കേരളത്തിന് പണമൊന്നും നല്‍കാനില്ലെന്നു പറയുന്നത് കൊടുത്ത കണക്കിന്റെ അടിസ്ഥാനത്തിലാണ്. സപ്ലൈകോയെ പ്രതിസന്ധിയിലാക്കുകയും കേന്ദ്രത്തിന് കണക്കുകള്‍ കൊടുക്കാതിരിക്കുകയും ചെയ്ത അതേ സര്‍ക്കാരാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് നെല്ലിന്റെ വില വായ്പയായി കര്‍ഷകര്‍ക്കു കൊടുക്കുന്ന തലതിരിഞ്ഞ നയം ആവിഷ്‌ക്കരിച്ചത്. അതോടെ ഒരു കടവുമില്ലാതെ നെല്‍കൃഷി ചെയ്ത കര്‍ഷകരും കടക്കാരായി. സര്‍ക്കാര്‍ മുതലും പലിശയും അടക്കുമെന്നു പറയുന്നുണ്ടെങ്കിലും അത് സമയത്തിനു ചെയ്യാത്തതുകൊണ്ട് അവരുടെ സിബില്‍ സ്‌കോറില്‍ ഇടിവുണ്ടായി. അവര്‍ക്ക് മറ്റൊരു കടവും ലഭിക്കാത്ത അവസ്ഥയും ഉണ്ടായി. കോവിഡ് കാലത്ത് കേരളത്തിലേക്കു മടങ്ങിയ മൂന്ന് പ്രവാസികള്‍ നെല്‍കൃഷിയില്‍ ഭാഗ്യം പരീക്ഷിച്ചെങ്കിലും അവര്‍ക്ക് 20 ലക്ഷത്തിന്റെ കടമാണുണ്ടായത് എന്നത് ഈ രംഗത്തെ ദയനീയാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു.
നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താങ്ങുവില കിലോഗ്രാമിന് 35 രൂപയായി ഉയര്‍ത്തുകയും അത് കേന്ദ്രം നേരിട്ട് നല്‍കുകയും ചെയ്യണമെന്നാണ് കൃഷിക്കാര്‍ ആവശ്യപ്പെടുന്നത്. താങ്ങുവിലയില്‍ കേന്ദ്രം വരുത്തുന്ന വര്‍ദ്ധനവ് പോലും സംസ്ഥാനം കവര്‍ന്നെടുക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. 2022 ല്‍ നെല്ലിന്റെ സംഭരണവിലയായി നിശ്ചയിച്ച 28.20 രൂപയില്‍ കേന്ദ്രം 20.40 രൂപയും സംസ്ഥാനം 7.80 രൂപയുമാണ് വഹിച്ചത്. കേന്ദ്രം പലപ്പോഴായി കിലോഗ്രാമിന് 2.43 രൂപ വര്‍ദ്ധിപ്പിച്ചപ്പോള്‍ ആ തുക കര്‍ഷകര്‍ക്ക് കൊടുക്കുന്നതിനു പകരം സംസ്ഥാന വിഹിതം 7.80 രൂപയില്‍ നിന്ന് 6.37 രൂപയായി കുറയ്ക്കുകയാണ് ചെയ്തത്. ഇവരാണ് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പേരില്‍ പലപ്പോഴും മുതലക്കണ്ണീരൊഴുക്കുന്നത്. നെല്ല് സംഭരിച്ച വകയില്‍ നല്‍കാനുള്ള കുടിശ്ശിക ബാങ്ക് വഴി നല്‍കുന്നത് കര്‍ഷകര്‍ക്കു കുരുക്കും ബാദ്ധ്യതയുമാകരുതെന്ന് ഇതു സംബന്ധിച്ച ഹരജി പരിഗണിച്ചപ്പോഴെല്ലാം ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ ഓര്‍മപ്പെടുത്തിയതാണ്. ഒരു മാസത്തിനകം കുടിശിക തീര്‍ക്കണമെന്ന സപ്തംബര്‍ 20-ന്റെ കോടതി ഉത്തരവും പാലിക്കപ്പെട്ടില്ല. കുടിശികയ്ക്കു വേണ്ടി ബാങ്കിനെ സമീപിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് സപ്ലൈകോ നേരിട്ട് പണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കില്‍ സംസ്ഥാനത്ത് കടക്കെണി മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു.
ഇവിടെ കൃഷിയില്ലെങ്കില്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന് ഈയിടെ ഇടതുപക്ഷ സര്‍ക്കാരിലെ ഒരു മന്ത്രി ചോദിച്ചത് തികഞ്ഞ ധാര്‍ഷ്ട്യത്തിന്റെ ഫലമായാണ്. കേരളത്തില്‍ നെല്ലുല്പാദനം ഓരോ വര്‍ഷവും കുറഞ്ഞു വരികയാണ്. എഴുപതുകളുടെ മദ്ധ്യം വരെ ക്രമേണ വര്‍ദ്ധിച്ചു കൊണ്ടിരുന്ന നെല്‍പ്പാട വിസ്തൃതി പിന്നീട് കുറഞ്ഞ് പകുതിയോളമായി. ഇന്ന് നെല്‍കൃഷി മറ്റു വിളകള്‍ കൃഷി ചെയ്യാന്‍ സാധിക്കാത്ത ഇടങ്ങളിലായി ചുരുങ്ങിയിരിക്കുകയാണ്. കിട്ടാവുന്നിടത്തു നിന്നെല്ലാം പലിശയ്ക്കു കടം വാങ്ങിയാണ് മിക്കവാറും ഇടത്തരം ദരിദ്ര കര്‍ഷകരെല്ലാം നെല്‍കൃഷി ചെയ്യുന്നത്. മലയാളികള്‍ക്ക് അന്നം മുട്ടാതിരിക്കണമെങ്കില്‍ ഒരു വര്‍ഷം 40 ലക്ഷം ടണ്‍ അരിയാണ് വേണ്ടത്. എന്നാല്‍ ഇവിടെ ഉല്പാദിപ്പിക്കപ്പെടുന്നത് വെറും 6 ലക്ഷം ടണ്‍ മാത്രമാണ്. തമിഴ്‌നാട്, ആന്ധ്ര, ബീഹാര്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിനുവേണ്ട ബാക്കി അരി എത്തുന്നത്. അതിന്റെ തന്നെ ലഭ്യത അടുത്ത കാലത്ത് കുറഞ്ഞതു കൊണ്ടാണ് ഇവിടെ അരിവില വര്‍ദ്ധിച്ചത്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടില്ലെന്നു നടിച്ചാണ് സംസ്ഥാന സര്‍ക്കാരിലെ മന്ത്രി തന്നെ നെല്‍കര്‍ഷകരെ വെല്ലുവിളിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ‘അന്നദാതാ സുഖീ ഭവ’ എന്ന പ്രാര്‍ത്ഥനയോടെ കര്‍ഷകരുടെ സേവനത്തെ മഹനീയ കര്‍മ്മമായി കണ്ട ഒരു സംസ്‌കാരത്തിന്റെ ഉടമകളാണ് നമ്മള്‍. കൃഷിയോടുള്ള നമ്മുടെ മനോഭാവം ഒരു കാലത്തും കച്ചവടത്തിന്റേതായിരുന്നില്ല. കുടില്‍ തൊട്ട് കൊട്ടാരം വരെ എല്ലാവര്‍ക്കും വേണ്ട അന്നം കഠിനാദ്ധ്വാനത്തിലൂടെ ഉല്പാദിപ്പിക്കുന്ന കര്‍ഷകരുടെ കണ്ണീര് ഒരിക്കലും മണ്ണില്‍ വീഴാനിടയാക്കരുത്. ഇത് ഒരു മഹാദുരന്തമായി മാറാതിരിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് സത്വര നടപടികള്‍ സ്വീകരിച്ചേ മതിയാകൂ.