”അപ്പൂ, റാവുത്തരുടെ കടേന്ന് പഞ്ചസാര വാങ്ങിക്കൊണ്ടുവാ, അപ്പൂ, പൈക്കള്‍ക്ക് വൈക്കോലിട്ടു കൊടുക്ക്” ഇങ്ങനെ ഓരോ പണി പറയും അമ്മ ഓരോ നേരത്ത്. സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ പറയാനുമില്ല. തൊടിയിലും പാടത്തും ചുറ്റിനടക്കാനും, വെ റുതേയിരുന്ന് മനോരാജ്യം കാണാനും, മുത്തശ്ശിയോടൊട്ടിയിരുന്ന് കഥകള്‍ കേള്‍ക്കാനുമായിരുന്നു എനിക്കിഷ്ടം.
അമ്മ എന്തു പണി പറഞ്ഞാലും ഞാന്‍ കേട്ടതായി നടിക്കില്ല. നല്ല വാക്ക് പറഞ്ഞ് പറഞ്ഞ് അമ്മയ്ക്കു മടുക്കും. അപ്പോഴമ്മ വടിയെടുക്കും. അമ്മയേക്കാള്‍ ശൗര്യമുണ്ട് മുത്തശ്ശിക്കെങ്കിലും എന്നോട ് മുത്തശ്ശി ദേഷ്യപ്പെടുകയേ ചെയ്യില്ല. മുത്തശ്ശി എന്നെ അടുത്തു പിടിച്ചിരുത്തി ഉപദേശിക്കും:
”മടി നന്നല്ലാ കുട്ട്യോള്‍ക്ക്. ചൊല്ലുവിളി വേണം. പറഞ്ഞാ കേക്കാത്തേന്റെ ലക്ഷണം എന്താ അപ്പൂ?”
ഞാന്‍ മറുപടി പറയില്ല.
”പറഞ്ഞാ കേക്കാത്തേന്റെ ലക്ഷണം വിളിച്ചാല്‍ മിണ്ടായ”. ”മിണ്ട്യാ മിണ്ട്യോര് പ്ലാവില കൊണ്ടുവരട്ടെ. ആ കഥ കേക്കണോ അപ്പൂന്?”.
”വേണം മുത്തശ്ശി”. എനിക്കുത്സാഹമായി. ഏട്ടാനിയന്മാര് മൂന്നാള്. ഉണ്ണാനും ഉടുക്കാനും വകയില്ല. മണ്ണുകുഴച്ചുണ്ടാക്കിയ ഒരു ചെറിയവീട.് വര്‍ഷാവര്‍ഷം കെട്ടിമേച്ചിലില്ല. വീട് ചോര്‍ന്നൊലിച്ച് എപ്പോ വേണമെങ്കിലും നിലംപൊത്താന്‍ പാകത്തിലാണ് നില്‍പ്പ്. മൂന്നു ചെക്കന്മാരും പണിക്കു പോവില്ല. അമ്മ കൂലിപ്പണിയെടുത്തിട്ടു വേണം അടുപ്പു പുകയാന്‍. കാലത്തു പോകുമ്പോള്‍ അമ്മ പഴഞ്ചോറു വിളമ്പിവെച്ചുകൊടുക്കും.
പഴഞ്ചോറും കഴിച്ച് മൂന്നുമടിയന്മാരും സന്ധ്യക്ക് അമ്മ വരുന്നതും കാത്തിരിക്കും. അമ്മ വരുമ്പോള്‍ അരി കൊണ്ടുവരും. എന്നിട്ടുവേണം അത്താഴക്കഞ്ഞി വെക്കാന്‍. അങ്ങനെയിരിക്കേ ഒരു ദിവസം അമ്മ മരിച്ചു. അയല്‍പക്കത്തുള്ളവര്‍ അമ്മയെ തെക്കേവളപ്പില്‍ കുഴിച്ചിട്ടു. ഏട്ടാനിയന്മാര് മൂന്നാളും രണ്ടുദിവസം ചുരുണ്ടു കൂടിക്കിടന്നു. അപ്പോഴേക്കും വിശപ്പു സഹിക്കാന്‍ വയ്യാതായി. പാത്രത്തില്‍ അരിയുണ്ടാവും. കഞ്ഞി വെച്ചാലോ.
‘നീ എണീറ്റു നോക്ക്. ഏട്ടന്‍ എണീറ്റു നോക്ക്.’ ഇങ്ങനെ തര്‍ക്കിച്ച് പിന്നേയും കഴിഞ്ഞൂ ഒരുദിവസം. ഒടുവില്‍ മൂന്നുപേരും കൂടി അടുക്കളയില്‍ ചെന്നുനോക്കാം എന്നായി. എഴുന്നേറ്റപ്പോള്‍ ക്ഷീണംകൊണ്ട് നില്‍ക്കാന്‍ വയ്യ. ഏട്ടന്‍ ഒടുവിലത്തോന്റെ തോളത്തു പിടിച്ചു. മറ്റേ അനിയന്‍ മൂത്ത ഏട്ടന്റെ തോളത്തു കയ്യിട്ടു. അടുക്കളയില്‍ ചെന്നു നോക്കുമ്പോള്‍ അരിപ്പാത്രത്തില്‍ അരിയുണ്ട്. കഞ്ഞിക്കലം അമ്മ കഴുകി കമഴ്ത്തിവെച്ചിട്ടുണ്ട്. വെള്ളം കോരി വെച്ചിട്ടുണ്ട്. വിറകില്ല. ആര് വിറകു കൊണ്ടുവരും!
വിറകിന് മൂന്നുപേരും പോകാമെന്ന് തീരുമാനമായി. അങ്ങനെ മൂന്നാളും കൂടി കഞ്ഞി വെക്കാന്‍ വിറകു കൊണ്ടുവന്നു. കഞ്ഞി വെച്ചു. അപ്പോഴും പ്രശ്‌നം. കഞ്ഞി കുടിക്കാന്‍ പ്ലാവില വേണ്ടേ. ആര് പ്ലാവില കൊണ്ടുവരും? ‘അനിയന്‍ പ്ലാവില കൊണ്ടുവാ. ഏട്ടന്‍ കൊണ്ടുവാ. മറ്റേ അനിയന്‍ പ്ലാവില കൊണ്ടു വാ.’ തര്‍ക്കം നീണ്ടു പോയി. കഞ്ഞി ആറിത്തണുത്തു. ആരും പ്ലാവില കൊണ്ടു വന്നില്ല. ഒടുവില്‍ അതിനും ഒരു തീരുമാനമായി.
‘മിണ്ട്യാമിണ്ട്യോര് പ്ലാവില കൊണ്ടുവരണം.’ ആദ്യം മിണ്ടുന്നത ്ആരായാലും അവന്‍ വേണം പ്ലാവില കൊണ്ടുവരാന്‍. ഏട്ടന്‍ മിണ്ടിയോ, മിണ്ടിയില്ല. ഒടുവിലത്തെ അനിയന്‍ മിണ്ടിയോ, മിണ്ടിയില്ല. നടുവിലത്തവന്‍ മിണ്ടിയോ, മിണ്ടിയില്ല. അങ്ങനെ കഴിഞ്ഞൂ മൂന്നുദിവസം. മൂന്നുദിവസമായിട്ടും ആ വീട്ടില്‍നിന്ന് അനക്കമൊന്നും കേള്‍ക്കാതായപ്പോള്‍ ഒരു അയല്‍വാസി വന്ന് എത്തി നോക്കി. അടുക്കളയില്‍ മൂന്നു ചെക്കന്മാരും ചത്തുകിടക്കുന്നു. ഒറ്റക്കുഴി കുത്തി അതിലിട്ടുമൂടാം മൂന്നെണ്ണത്തിനേയുമെന്ന് നാട്ടുകാര് നിശ്ചയിച്ചു. കുഴികുത്താന്‍ കൈക്കോട്ടും പിക്കാസും കൊണ്ടുവന്നു.
കുഴികുത്തി. ആദ്യം ഏട്ടനെ കുഴിയില്‍ കൊണ്ടുവന്നു കിടത്തി. അതിന്റെ മീതെ രണ്ടാമത്തെ അനിയനെ. അതിനും മീതെ മൂന്നാമത്തോനെ. മണ്ണിട്ടു മൂടാന്‍ തുടങ്ങിയ നേരത്ത് മീതേ കിടക്കുന്നവന്റെ കാല് കുഴിയില്‍നിന്ന് കുറച്ച് പൊന്തിനില്‍ക്കുന്നു. കാല് നിവര്‍ത്തിക്കിട്ടണം. ഒരു ശ്രമക്കാരന്‍ കൈക്കോട്ടിന്റെ മൂടുകൊണ്ട് ഒരു കൊട്ടുകൊടുത്തു. അയ്യോ അമ്മേ! അടികിട്ടിയ അനിയന്‍ ഒറ്റ നിലവിളി. അടിയില്‍ക്കിടക്കുന്ന ഏട്ടന്‍ അപ്പോള്‍ വിളിച്ചുപറയുകയാണ്:
”നീ മിണ്ടി. നീ പ്ലാവില കൊണ്ടുവാ.” ചിരിയും കരച്ചിലും വന്നു മുത്തശ്ശിയുടെ കഥ കേട്ടപ്പോള്‍. അവരെപ്പോലെ മടിയനാണോ ഞാനും! ഇനി മേലില്‍ മടി കാണിക്കില്ലെന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു. മുത്തശ്ശി ഒരു പഴയ ചൊല്ലുകൂടി പറഞ്ഞു: ”ഏട്ടന്‍ കൊതിയന്‍ ഇലക്കു പോയി; എനിക്കിവിടെത്തന്നെ വിളമ്പിക്കോ”
”എവിടേ മുത്തശ്ശീ?” വെറും നിലത്ത്. ഇല കൊണ്ടുവരാന്‍ കൂടി അനിയനു വയ്യ. അത്ര മടി. ‘മടിയന്‍ മല ചുമക്കും. അങ്ങനേയും പറയും പണ്ടുള്ളോര്’
”അതെന്താ മുത്തശ്ശീ”
”ചെയ്യേണ്ട പണി ചെയ്യേണ്ട സമയത്ത് ചെയ്യാതെ കൂട്ടിവെക്കും മടിയന്‍. അവസാനം എല്ലാംകൂടി ചെയ്യേണ്ടി വരും. അന്നന്ന് പഠിക്കാനുള്ള പാഠങ്ങള്‍ പഠിക്കാതെ പരീക്ഷക്കാലത്ത് ഉറക്ക മൊഴിച്ച് അപ്പു പഠിക്കാറില്ലെ? അതു തന്നെ. വേറെന്താ വഴി. പരീക്ഷ പാ സ്സാവണ്ടെ. അപ്പൊ മല ചുമക്ക്‌ന്നെ.”