ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ഏഴാം തീയതി ഇസ്രായേലില്‍ ഉണ്ടായ വന്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യ വീണ്ടും ഒരു യുദ്ധഭൂമിയായി മാറിയിരിക്കുന്നു. പാലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ 207 സുരക്ഷാ ഭടന്മാര്‍ ഉള്‍പ്പെടെ 1400ല്‍ പരം പൗരന്മാരാണ് ഇസ്രായേലിന് നഷ്ടമായത്. ഇസ്രായേലിന്റെ ചരിത്രത്തില്‍ മാത്രമല്ല, ലോകം കണ്ട ഭീകരാക്രമണങ്ങളില്‍ ഏറ്റവും വലിയ ആള്‍നാശം വിതച്ച ആക്രമണമായിരുന്നു അത്. കുട്ടികളും, സ്ത്രീകളും ഉള്‍പ്പെടെ ഹമാസ് ഭീകരര്‍ ബന്ദികളാക്കിയവരില്‍ നിരവധി വിദേശികളും ഉണ്ട്. മെച്ചപ്പെട്ട ഇന്റലിജന്‍സ് സംവിധാനം ഉള്ള ഇസ്രായേലില്‍ എല്ലാ കരുതലുകളെയും അമ്പരപ്പിച്ച് നൂറുകണക്കിന് ഭീകരരാണ് അതിര്‍ത്തി പൊളിച്ചും, പാരാഗ്ലൈഡിംഗ് സംവിധാനം ഉപയോഗിച്ചും കടന്നുകയറിയത്. ഇസ്രായേലിന്റെ ദേശീയ ഉത്സവമായ ഒരാഴ്ച നീളുന്ന സുക്കോത്ത് (Sukkot) ആഘോഷവേളയില്‍ ജനങ്ങള്‍ ആകെ മുഴുകിയ വേളയിലാണ് ഹമാസ് ഭീകാരാക്രമണം നടത്തിയത്. ഇന്റലിജന്‍സ് സാങ്കേതിക സംവിധാനത്തിന് തിരിച്ചറിയാന്‍ കഴിയാത്തതരത്തില്‍ പരമ്പരാഗത രീതിയില്‍ ആശയവിനിമയം നടത്തിയാണ് ഹമാസ് ഇത്ര വലിയ ഭീകാരാക്രമണം നടത്തിയത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഈ ഭീകരാക്രമണത്തില്‍ നിന്ന് ഏറെ പാഠങ്ങള്‍ പഠിക്കാനുണ്ട്. ആധുനിക സാങ്കേതിക വിദ്യയെ മാത്രം ആശ്രയിച്ച് ഇന്റലിജന്‍സ് സംവിധാനം ഒരുക്കിയതിനാലാണ് ഇസ്രായേല്‍ ഇവിടെ വലിയ നാശം നേരിട്ടത്.
യുദ്ധങ്ങള്‍ ശാക്തീകരിച്ച ഇസ്രായേല്‍
ഇസ്രായേല്‍ ശക്തമായ രാജ്യമായി മാറിയത് യുദ്ധങ്ങളെ അതിജീവിച്ചുകൊണ്ടാണ്. 1947 നവംബര്‍ 29ന് ഐക്യരാഷ്ട്രസംഘടന പാലസ്തീന്‍ പ്രദേശം രണ്ടായി വിഭജിച്ച് പാലസ്തീന്‍, ഇസ്രായേല്‍ എന്നീ രണ്ടു രാജ്യങ്ങള്‍ രൂപീകരിക്കാനുള്ള പ്രമേയം അംഗീകരിച്ചു. അറബ് രാജ്യങ്ങള്‍ കൂടാതെ ഇന്ത്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ഇസ്രായേല്‍ രൂപീകരണത്തെ എതിര്‍ത്തു. ഇതിനിടയില്‍ ഈജിപ്റ്റ് ജോര്‍ദ്ദാന്‍, സിറിയ, ലെബനന്‍, സൗദിഅറേബ്യ, യെമന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഒരുമിച്ച് അറബ് സംയുക്ത സേന ഇസ്രായേല്‍ രൂപീകരണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. പത്ത് മാസം നീണ്ടുനിന്ന യുദ്ധത്തില്‍ ഇസ്രായേല്‍ വിജയിച്ചു എന്നു മാത്രമല്ല പാലസ്തീന്‍ രാജ്യത്തിനായി മാറ്റിവച്ച പ്രദേശത്തിന്റെ ഏതാണ്ട് 60% ഭാഗവും ഇസ്രായേല്‍ കയ്യടക്കി. പാലസ്തീനികള്‍ അഭയാര്‍ത്ഥികളായി. 1956-ലെ രണ്ടാം ഇസ്രായേല്‍-അറബ് യുദ്ധത്തില്‍ ഈജിപ്തിന്റെ സീനായ് പ്രദേശം ഇസ്രായേല്‍ കയ്യടക്കി. 1967-ല്‍ നടന്ന മൂന്നാമത്തെ ഇസ്രായേല്‍ – അറബ് യുദ്ധത്തില്‍ ഇസ്രായേലിനെതിരെ ഈജിപ്ത്, സിറിയ, ജോര്‍ദ്ദാന്‍, ഇറാക്ക്, സൗദി അറേബ്യ, കുവൈറ്റ്, ലെബനന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് അണിനിരന്നത്. ആറുദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ ഇസ്രായേല്‍ ചരിത്രവിജയം നേടി. ഇസ്രായേല്‍ പക്ഷത്തിന് ആള്‍നാശം കുറവായിരുന്നെങ്കിലും അറബ് സഖ്യത്തിന്റെ 20,000-ല്‍ പരം സൈനികര്‍ കൊല്ലപ്പെട്ടു. പതിനായിരം പേര്‍ക്ക് പരിക്കുപറ്റി. അയ്യായിരത്തോളം ഈജിപ്റ്റ് സൈനികരെയും രണ്ടായിരത്തിലധികം സിറിയ, ഇറാക്ക്, ജോര്‍ദ്ദാന്‍ സൈനികരെയും ഇസ്രായേല്‍ ബന്ധികളാക്കി. മാത്രമല്ല ജോര്‍ദ്ദാനില്‍ നിന്ന് വെസ്റ്റ് ബാങ്ക്, ഈജിപ്റ്റില്‍ നിന്ന് ഗാസാ, സിനായ് പെനിന്‍സുല, സിറിയയില്‍ നിന്ന് ഗോലാന്‍ കുന്നുകള്‍ എന്നിവ പിടിച്ചെടുത്ത് ഇസ്രായേല്‍ വമ്പിച്ച യുദ്ധവിജയം നേടി.
1973ലെ റംസാന്‍ മാസത്തില്‍ ഇസ്രായേല്‍ യോംകിപ്പൂര്‍ (Yomkippur) ആഘോഷത്തില്‍ നില്‍ക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായി ഒക്ടോബര്‍ 6-ാം തീയതി ഈജിപ്റ്റിന്റെ നേതൃത്വത്തില്‍ സംയുക്ത അറബ് സേന മിന്നലാക്രമണം നടത്തുന്നത് (1973-ലെ യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികദിനത്തിലാണ് 2023-ല്‍ ഭീകരാക്രമണം ഹമാസ് നടത്തിയത്). അറബ്‌സേനയില്‍ ഈജിപ്റ്റ്, സിറിയ, അള്‍ജീരിയ, ജോര്‍ദ്ദാന്‍, ഇറാക്ക്, ലിബിയ, കുവൈറ്റ്, ടുണീഷ്യ, മൊറോക്കോ സൗദി അറേബ്യ കൂടാതെ ക്യൂബയും ഉത്തരകൊറിയയും പങ്കുചേര്‍ന്നു. കമ്മ്യൂണിസ്റ്റ് റഷ്യ അറബ്‌സേനയ്ക്കും, അമേരിക്ക ഇസ്രായേലിനും പിന്തുണ നല്‍കി. 1973-ലെ യുദ്ധത്തില്‍ അറബ്പക്ഷത്ത് 19,000 സൈനികര്‍ കൊല്ലപ്പെട്ടു. 35,000 പേര്‍ക്ക് പരിക്കുപറ്റി. 9,000 സൈനികരെ ഇസ്രായേല്‍ ബന്ദികളുമാക്കി. ഇസ്രായേലിനും വന്‍നാശമുണ്ടായി. 2,800 സൈനികര്‍ കൊല്ലപ്പെട്ടു. പാലസ്തീന്റെ ചരിത്രത്തില്‍ വന്‍വഴിത്തിരിവ് ഉണ്ടായ യുദ്ധമായിരുന്നു 1973-ല്‍ നടന്നത്. ഈജിപ്റ്റ് ഇസ്രായേല്‍ വിരുദ്ധ പക്ഷത്തുനിന്ന് ഇസ്രായേലിനെ അംഗീകരിക്കുന്ന 1978-ലെ ക്യാമ്പ് ഡേവിഡ് (camp devid) കരാറും, 1979-ലെ ഈജിപ്റ്റ്-ഇസ്രായേല്‍ സമാധാന കരാറും അമേരിക്കയുടെ മദ്ധ്യസ്ഥതയില്‍ ഒപ്പുവക്കുന്നത് അങ്ങനെയാണ്. തുര്‍ക്കി കഴിഞ്ഞാല്‍ ഇസ്രായേലിനെ അംഗീകരിക്കുന്ന രണ്ടാമത്തെ അറബി രാജ്യമായി ഈജിപ്റ്റ് മാറി. എന്നാല്‍ ഈജിപ്റ്റിനെ ഇസ്ലാമിക ലോകം ബഹിഷ്‌കരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കൂടാതെ 1981-ല്‍ സമാധാന കരാര്‍ ഒപ്പുവച്ച ഈജിപ്റ്റ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് ഇസ്ലാമിക ഭീകരവാദികളാല്‍ കൊല്ലപ്പെട്ടു.
ഇസ്രായേലിന്റെ നിലനില്പിനായുള്ള അഞ്ചാമത്തെ യുദ്ധം 1982 ജൂണില്‍ ആരംഭിച്ചു. ലെബനന്‍, സിറിയ കൂടാതെ പിഎല്‍ഒ, ഹിസ്ബുള്ള എന്നീ വിമോചന സേനകളും ചേര്‍ന്നാണ് ഇത്തവണ ഇസ്രായേലിനെ ആക്രമിക്കുന്നത്. 8,000-ല്‍ അധികം പേര്‍ ലെബനന്‍-പിഎല്‍ഒ പക്ഷത്ത് നിന്ന് കൊല്ലപ്പെട്ടു. മാത്രമല്ല പിഎല്‍ഒ ആസ്ഥാനം ലെബനനിലെ ബെയ്‌റൂട്ടില്‍ (Boiroot) നിന്ന് ടുണീഷ്യ (Tunisia) യിലേക്ക് മാറ്റാന്‍ നിര്‍ബ്ബന്ധിതവുമായി. 1982 ആഗസ്റ്റില്‍ പി.എല്‍.ഒ നേതാവ് യാസര്‍ അരാഫത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. എന്നിരുന്നാലും ഇസ്രായേല്‍ പടിഞ്ഞാറെ ബെയ്‌റൂട്ട് കയ്യടക്കി. 1985ല്‍ ഇസ്രായേല്‍ ലെബനനില്‍ നിന്ന് പിന്മാറി.
2006-ല്‍ ഇസ്രായേല്‍-ലെബനന്‍ യുദ്ധം വീണ്ടും ആരംഭിച്ചു. ഇസ്രായേല്‍ നേരിടുന്ന ആറാമത്തെ യുദ്ധമായിരുന്നു അത്. 1985-ല്‍ ലെബനില്‍ ഇറാന്റെ പിന്തുണയോടെ ആരംഭിച്ച ഷിയാ (Shia) തീവ്രവാദസംഘടനയായ ഹിസ്ബുള്ളയാണ് (Hezbollah) ഇസ്രായേലിനെ ആക്രമിക്കുന്നത്. 2000-ല്‍ അധികം പേര്‍ ലെബനനില്‍ കൊല്ലപ്പെട്ടു. ഇസ്രായേലിലും നിരവധി സിവിലിയന്മാര്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 2006 ആഗസ്റ്റില്‍ യുഎന്‍ഒയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. എന്നിരുന്നാലും 2013, 2014, 2015, 2019, 2020 എന്നീ വര്‍ഷങ്ങളില്‍ ഇസ്രായേലും ലബനനും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായി. എല്ലാ സംഘര്‍ഷങ്ങളിലും ലെബനനിലെ ഹിസ്ബുള്ള പോരാളികള്‍ക്ക് ഇറാന്റെ സൈനിക-സാമ്പത്തിക സഹായം ലഭിച്ചിരുന്നു.
വ്യര്‍ത്ഥമായ സമാധാന ഉടമ്പടികള്‍
അറബ്-ഇസ്രായേല്‍ യുദ്ധങ്ങളുടെ ഗതിമാറിയത് 1978-ല്‍ കേമ്പ് ഡേവിഡ് കരാര്‍ ഒപ്പുവച്ചതോടെയാണ്. 1979-ല്‍ ഇസ്രായേല്‍ – ഈജിപ്റ്റ് സമാധാനകരാര്‍ നിലവില്‍ വന്നു. കൂടാതെ ഈജിപ്റ്റ് ഇസ്രായേലിനെ അംഗീകരിക്കുകയും ചെയ്തു. ഇതോടെ പാലസ്തീന്‍ പ്രശ്‌നത്തില്‍ അറബിലോകം രണ്ടായി വിഭജിക്കപ്പെട്ടു. എന്നിരുന്നാലും പശ്ചിമേഷ്യയില്‍ സമാധാനം വരുമെന്ന് ലോകം പ്രതീക്ഷിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ആണ് ഇസ്രായേലിനെയും ഈജിപ്റ്റിനെയും സമാധാന കരാറിലേക്ക് എത്തിച്ചത്. ഈജിപ്റ്റ് പ്രസിഡന്റ് അന്‍വര്‍ സാദത്തിനും, ഇസ്രായേല്‍ പ്രധാനമന്ത്രി മീനാചെം ബെഗിനും 1978-ലെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനവും ലഭിച്ചു. നിര്‍ഭാഗ്യവശാല്‍ 1979-ല്‍ ഇറാനില്‍ ഇസ്ലാമിക വിപ്ലവം നടക്കുകയും അറബിലോകത്ത് ആദ്യത്തെ മതമൗലികവാദ സര്‍ക്കാര്‍ നിലവില്‍ വരികയും ചെയ്തതോടെയും, അതേവര്‍ഷം അഫ്ഗാനിസ്ഥാനില്‍ കമ്മ്യൂണിസ്റ്റ് റഷ്യ കടന്നു ചെന്നതോടൊപ്പം ഇസ്ലാമിക തീവ്രവാദ-ഭീകരവാദ പ്രസ്ഥാനങ്ങള്‍ അറബിലോകത്തെയും പശ്ചിമേഷ്യയുടെയും ഗതി നിര്‍ണ്ണയിക്കുന്ന അവസ്ഥയുണ്ടായി. 1980ന് ശേഷമുള്ള പശ്ചിമേഷ്യയെ ഇസ്ലാമിക മതമൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും പശ്ചാത്തലത്തില്‍ നിന്നു വേണം അവലോകനം ചെയ്യേണ്ടത്.
ഈജിപ്റ്റ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് 1982-ല്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടുവെങ്കിലും ഈജിപ്റ്റ് ഇസ്രായേലുമായി സൗഹൃദം തുടര്‍ന്നു. ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ നിന്ന് ഈജിപ്റ്റ് പൂര്‍ണ്ണമായും മാറിനിന്നു. മാത്രമല്ല ഗാസയില്‍ നിന്നും പാലസ്തീന്‍കാര്‍ക്ക് ഈജിപ്റ്റില്‍ കടന്നു ചെല്ലാന്‍ കഴിയാത്ത രീതിയില്‍ അതിര്‍ത്തിപൂര്‍ണ്ണമായും-സ്റ്റീല്‍-കോണ്‍ക്രീറ്റ് മതിലുകെട്ടി വേര്‍തിരിക്കുകയും ചെയ്തു. 1978ലെ ഈജിപ്റ്റ് – ഇസ്രായേല്‍ സമാധാനകരാറിന്റെ ഏറ്റവും വലിയ എതിരാളി പിഎല്‍ഒയുടെ അദ്ധ്യക്ഷന്‍ യാസര്‍ അരാഫത്ത് ആയിരുന്നു. പില്‍ക്കാലത്ത് പിഎല്‍ഒ ലെബനന്‍ കേന്ദ്രീകരിച്ചാണ് ഇസ്രായേലിനെതിരായ ആക്രമണങ്ങള്‍ നടത്തിയത്. അറബ്-ഇസ്രായേല്‍ സംഘര്‍ഷത്തിനുപകരം ഇസ്ലാമിക തീവ്രവാദികളും ഇസ്രായേലുമായുള്ള സംഘര്‍ഷമായി പശ്ചിമേഷ്യന്‍ സംഘര്‍ഷം ക്രമേണമാറി. ഇതിനിടയില്‍ യാസര്‍ അരാഫത്ത് അന്‍വര്‍സാദത്തിന്റെ വഴിയില്‍ സമാധാനപാതയില്‍ വരാന്‍ നീക്കങ്ങള്‍ ആരംഭിച്ചു. ഇതാണ് ഓസ്‌ലോ സമാധാന പദ്ധതി എന്നറിയപ്പെട്ടത്. 1993ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ മധ്യസ്ഥതയില്‍ യാസര്‍ അരാഫത്തും ഇസ്രായേല്‍ പ്രധാനമന്ത്രി റാബിനും ഓസ്‌ലോ സമാധാന കരാര്‍ ഒപ്പുവച്ചു. പാലസ്തീനികള്‍ക്ക് അധികാരം കൈമാറാനും, അധിനിവേശം അവസാനിപ്പിക്കാനും ഇസ്രായേല്‍ തത്വത്തില്‍ തയ്യാറായി. ഇസ്രായേലിനെ അംഗീകരിക്കാന്‍ പിഎല്‍ഒയും തയ്യാറായി. തുടര്‍ന്ന് 1996ല്‍ യാസര്‍ അരാഫത്തിന്റെ നേതൃത്വത്തില്‍ പാലസ്തീന്‍ അതോറിറ്റി സര്‍ക്കാര്‍ നിലവില്‍ വന്നു. പൂര്‍ണ്ണസ്വാതന്ത്ര്യം ലഭിച്ചില്ലെങ്കിലും ആദ്യത്തെ പാലസ്തീന്‍ രാജ്യവും ഭരണകൂടവും നിലവില്‍ വന്നു (State-of-Palestine). വെസ്റ്റ് ബാങ്കിലെ രാഹ്‌മല്ല് ആയിരുന്നു ആസ്ഥാനം. കൂടാതെ പിഎല്‍ഒ ഫത്താ (Fatah) പാര്‍ട്ടിയായി മാറി. 1994 മുതല്‍ 2004ല്‍ മരിക്കുന്നതുവരെ പാലസ്തീന്‍ സര്‍ക്കാരിന്റെ പ്രസിഡന്റായി അരാഫത്ത് തുടര്‍ന്നു. 2006ലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഹമാസ്, ഫത്താപാര്‍ട്ടിയെ അട്ടിമറിച്ച് ഗാസയില്‍ അധികാരത്തില്‍ വന്നു. 2007 മുതല്‍ പാലസ്തീന്‍ പ്രദേശം രണ്ടു സര്‍ക്കാരുകളാണ് ഭരിക്കുന്നത്. വെസ്റ്റ് ബാങ്ക് ഫത്താപാര്‍ട്ടിയും ഗാസ ഹമാസും. ഫത്താപാര്‍ട്ടിയിലെ നിരവധി അംഗങ്ങളെ ഹമാസ് കൊന്നൊടുക്കുകയുണ്ടായി. പാലസ്തീന്‍ ഭരണകൂടങ്ങള്‍ രണ്ടായി വിഭജിക്കപ്പെട്ടതോടെ പാലസ്തീന്‍ സ്വാതന്ത്ര്യം എന്നത് വീണ്ടും സ്വപ്‌നമായി മാറി. സംഘര്‍ഷങ്ങള്‍ക്ക് പുതിയ മാനം കൈവന്നു. ക്യാമ്പ് ഡേവിഡ് (1978) ഓസ്ലോ (1993) സമാധാന ഉടമ്പടികള്‍ ഇസ്ലാമിക മതമൗലികവാദികള്‍ക്കും ഭീകരര്‍ക്കും ഒരുപോലെ സ്വീകാര്യമാകാത്തതും ഇറാന്റെ ഇടപെടലും നിലനില്പിനായി ഇസ്രായേല്‍ സ്വീകരിക്കുന്ന കര്‍ശന നടപടികളും സമാധാനം ഏറെ അകലെയാക്കി. ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയിലും, ഹമാസ് ഉള്‍പ്പെടെയുള്ള പാലസ്തീന്‍ വിമോചന പ്രസ്ഥാനങ്ങള്‍ക്കും ഇസ്രായേലിന്റെ നിലനില്പിനെ കുറിച്ചും ഇസ്രായേലിനെ അംഗീകരിക്കുന്നതിലും ഇതുവരെ ഏക അഭിപ്രായം ഉണ്ടായിട്ടില്ല. പിഎല്‍ഒ ഇസ്രായേലിനെ അംഗീകരിക്കുകയും പാലസ്തീനില്‍ ‘രണ്ടു രാഷ്ട്രങ്ങള്‍’ എന്ന തത്വം (ജൂത രാഷ്ട്രവും, ഇസ്ലാമിക രാഷ്ട്രവും) അംഗീകരിക്കുകയും ചെയ്തുവെങ്കിലും ഹമാസ്, പാലസ്തീന്‍ ഇസ്ലാമിക് ജിഹാദ് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഇസ്രായേല്‍ എന്ന രാജ്യത്തെയും ‘ഇരുരാഷ്ട്രങ്ങള്‍’ എന്ന പ്രായോഗിക സമീപനത്തെയും (ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി പ്രമേയം നമ്പര്‍ 181, 1947) അംഗീകരിക്കാന്‍ തയ്യാറാകാത്തതും സമാധാനം അകലെയാക്കുന്നു. ഹമാസിന്റെ തീവ്രവാദ-ഭീകരവാദ സമീപനം പാലസ്തീനിന്റെ വിമോചനത്തെ തടയുകയാണുണ്ടായത്. ജൂതന്മാര്‍ പാലസ്തീന്‍ പ്രദേശം വിട്ടൊഴിയണമെന്ന ഹമാസിന്റെ നിലപാട് പ്രായോഗികമല്ല. ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക നിലപാടുമല്ല.

ഹമാസ്-ഹിസ്ബുള്ള-ഇറാന്‍
1993ലെ ഓമസ്‌ലോ സമാധാന ഉടമ്പടി ഇതുവരെയും പ്രായോഗികമാകാത്തതില്‍ പാലസ്തീന്‍ ഗ്രുപ്പുകളുടെ സമീപനവും പ്രശ്‌നത്തെ ആളിക്കത്തിക്കാനുള്ള ഇറാന്റെ പങ്കും എടുത്തു പറയേണ്ടതുണ്ട്. യാസര്‍ അരാഫത്തും പി.എല്‍.ഒയും 1994ല്‍ ഇസ്രായേലിനെ അംഗീകരിക്കുകയും സമാധാനകരാര്‍ ഒപ്പുവയ്ക്കുകയും പരസ്പരം അംഗീകരിക്കുകയും ചെയ്തുവെങ്കിലും, ഹമാസ് എന്ന ഭീകരപ്രസ്ഥാനത്തെ ശക്തീകരിച്ച് പാലസ്തീന്‍ വിമോചന പ്രസ്ഥാനത്തില്‍ വിഭജനം കൊണ്ടുവരികയും പിഎല്‍ഒ – ഇസ്രായേല്‍ സമാധന കരാറും, ഇരുരാഷ്ട്രങ്ങള്‍ എന്ന ആശയത്തെയും അട്ടിമറിക്കുകയും ചെയ്തത് ഇറാനാണ്. ഹമാസിന്റെയും, ഇറാന്റെയും കാഴ്ചപ്പാടില്‍ ഇസ്രായേലുകാര്‍ കുടിയേറ്റക്കാരാണ്. അതുകൊണ്ട് പൗരന്മാരായി അവരെ കാണാന്‍ കഴിയില്ല. ഇസ്രായേലിന്റെ നിലനില്പ് തന്നെ അവര്‍ക്ക് അംഗീകരിക്കാനുമാകില്ല. മുസ്ലിം ബ്രദര്‍ഹുഡിന്റെ ഭാഗമായി പിഎല്‍ഒയ്ക്ക് ബദലായി ഇറാന്റെ പിന്തുണയില്‍ 1987ല്‍ രൂപംകൊണ്ട പാലസ്തീന്‍ വിമോചന പ്രസ്ഥാനമാണ് ഹമാസ്. ഇറാനും, ഖത്തറുമാണ് സാമ്പത്തിക-സൈനിക സഹായം നല്‍കുന്നത്. ഈജിപ്റ്റ്, ജോര്‍ദ്ദാന്‍, യുഎഇ, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ ഹമാസിന്റെ മുഖ്യശത്രുക്കളാണ്. പിഎല്‍ഒയുടെ ഫത്താപാര്‍ട്ടിയും മുഹമ്മദ് അബ്ബാസിന്റെ വെസ്റ്റ് ബാങ്ക് ഭരണവും ഹമാസ് അംഗീകരിക്കുന്നില്ല. എന്നാല്‍ പാലസ്തീന്‍ ഇസ്ലാമിക് ജിഹാദ് എന്ന സംഘടന ഹമാസ് പക്ഷത്താണ്.
ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിലെ പ്രധാന പങ്കാളിയാണ് ലെബനന്‍ കേന്ദ്രമായി 1985-ല്‍ രൂപംകൊണ്ട ഷിയാ തീവ്രവാദ-സൈനിക വിഭാഗമായ ഹിസ്ബുള്ള. പൂര്‍ണ്ണമായും ഇറാന്റെ സാമ്പത്തിക-സൈനിക പിന്തുണയിലാണ് ഹമാസിനെ പോലെ ഹിസ്ബുള്ളയും നിലവില്‍ വന്നത്. ഇറാനെ കൂടാതെ ഖത്തര്‍, ഇറാക്ക്, സിറിയ, ഉത്തരകൊറിയ, റഷ്യ എന്നീ രാജ്യങ്ങള്‍ പൂര്‍ണ്ണപിന്തുണ നല്‍കുന്നു. ഹമാസിനെ പോലെ ഹിസ്ബുള്ളയും സൈനിക വിഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ന് ലെബനന്റെ ഭരണത്തെ നിയന്ത്രിക്കുന്നതും ഹിസ്ബുള്ളയാണ്. അറബ് ലീഗ്, ജിസിസി തുടങ്ങിയ സംഘടനകളിലെ ഇസ്ലാമിക രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ബഹ്‌റിന്‍ അതുപോലെ അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ജര്‍മ്മനി, ആസ്‌ത്രേലിയ തുടങ്ങിയ 26 രാജ്യങ്ങള്‍ ഹിസ്ബുള്ളയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍, ഹമാസിനും ഹിസ്ബുള്ളയ്ക്കും ഒരുപോലെ ഇറാന്റെ പിന്തുണയും സൈനിക സഹായവും ഉണ്ട്. ഖത്തര്‍ ആണ് ഈ സംഘടനകളെ ഏറ്റവും കൂടുതല്‍ സാമ്പത്തികമായി സഹായിക്കുന്നത്. ഹമാസിന്റെ നേതാക്കള്‍ ഖത്തറിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സിവിലയന്മാരെ മറയാക്കി ഇസ്രായേലിനെതിരെ നിരന്തരം നടത്തുന്ന ആക്രമണങ്ങള്‍, ഇസ്രായേല്‍ ആനുപാതികമല്ലാതെ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ ഇവ ഈ മേഖലയുടെ സമാധാനശ്രമങ്ങളെ തകര്‍ക്കുന്നു. 1993ലെ ഓസ്‌ലോ ഉടമ്പടിയുടെ പ്രധാന ശത്രുക്കളാണ് ഇറാനും, ഹമാസും, ഹിസ്ബുള്ളയും. ഇസ്രായേലിന്റെ പാലസ്തീന്‍ അധിനിവേശത്തെ ഒഴിപ്പിക്കാന്‍ നടത്തിയ അന്താരാഷ്ട്രശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടത് ഇറാന്‍-ഹമാസ്-ഹിസ്ബുള്ള നിലപാടുകള്‍ കൊണ്ടാണ്. ഇസ്രായേലിനെ പ്രകോപിപ്പിച്ച് കൂടുതല്‍ പാലസ്തീന്‍ സിവിലിയന്‍ ആള്‍നാശം വരുത്തി ഇസ്രായേലിനെതിരായി ലോകമുസ്ലിം സമൂഹത്തെ അണിനിരത്തുന്നതിനുള്ള പദ്ധതിയാണ് 1993 നുശേഷം ഇറാന്റെ ആശീര്‍വാദത്തോടെ ഈ മേഖലയില്‍ നടക്കുന്നത്. പിഎല്‍ഒ ഫത്താ പാര്‍ട്ടിക്ക് പാലസ്തീനികളിലുള്ള സ്വാധീനം നശിപ്പിക്കുന്നത് ഇവര്‍ ലക്ഷ്യമാക്കുന്നു. 2023, ഒക്‌ടോബര്‍ 7, ന് ഹമാസ് നടത്തിയ ഭീകരാക്രമണം ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണവും ദുരന്തവുമാണ്. യഥാര്‍ത്ഥത്തില്‍ ഹമാസിന്റെ ലക്ഷ്യം ഇപ്പോള്‍ ഇസ്രായേല്‍ നടത്തുന്ന ഗാസയ്‌ക്കെതിരായ ആക്രമണവും പാലസ്തീന്‍ ജനതയുടെ പലായനവുമാണ്. അതിലൂടെ ഇസ്രായേല്‍-അറബ് സൗഹൃദം തകര്‍ക്കാന്‍ ഇറാന്‍ ലക്ഷ്യമിടുന്നു. ഇസ്രായേല്‍- യുഎഇ-ബഹ്‌റിന്‍-സൗദിഅറേബ്യ-അമേരിക്ക സഹകരണം ഇറാന്‍ ഭയത്തോടെയാണ് കാണുന്നത്. അറബ് ലോകത്ത് യുദ്ധസമാനമായി വിഭജനം സൃഷ്ടിച്ച് ലോകപൊതുജനാഭിപ്രായം ഇസ്രായേലിനെതിരെ രൂപപ്പെടുത്താന്‍ ഇറാന്‍-ഹമാസ്-ഹിസ്ബുള്ള അച്ചുതണ്ട് ലക്ഷ്യമിടുന്നു. ഹമാസ് ഇസ്രായേലില്‍ വമ്പിച്ച ഭീകരാക്രമണം നടത്തിയത് ഈ പശ്ചാത്തലത്തിലാണ്. ചുരുക്കത്തില്‍, ഖത്തറിന്റെ സമ്പത്തും, ഇറാന്റെ നേതൃത്വവും സൈനിക സഹായവും ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ചാവേറുകളും ഒന്നിക്കുന്ന കാഴ്ചയും അവരുടെ ലക്ഷ്യം വിജയിക്കുന്നതുമാണ് ഇന്ന് പശ്ചിമേഷ്യയില്‍ കാണുന്നത്. ആനുപാതികമല്ലാത്ത ഇസ്രായേലിന്റെ പ്രത്യാക്രമണവും നിരപരാധികളുടെ മരണവും, പലായനവും അതു സൃഷ്ടിക്കുന്ന ഇസ്രായേല്‍ വിരുദ്ധ മുസ്ലിം വികാരവും ലക്ഷ്യമിട്ടാണ് ഇറാന്‍-ഹമാസ്-ഹിസ്ബുള്ള സഖ്യം പ്രവര്‍ത്തിക്കുന്നത്. അതില്‍ അവര്‍ വിജയിച്ചു എന്നുവേണം കരുതാന്‍. 2020-ല്‍ അമേരിക്കയുടെ സാന്നിദ്ധ്യത്തില്‍ ഇസ്രായേല്‍-യുഎഇ-ബഹ്‌റിന്‍ സൗഹൃദകരാറും സൗദി അറേബ്യ-ഇസ്രായേല്‍ സഹകരണ സാദ്ധ്യതയും ഇറാനെതിരായ അമേരിക്കയുടെ നിലപാടിന്റെ ഭാഗം കൂടിയാണ്. മൊറോക്കോ, ഈജിപ്റ്റ്, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രായേല്‍ പക്ഷത്ത് നില്‍ക്കുന്ന പശ്ചാത്തലവും ഒന്നിച്ചുവായിക്കണം. അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ നേരിട്ടു തന്നെ സംഘര്‍ഷഭൂമി സന്ദര്‍ശിച്ചത് ഈ പശ്ചാത്തലത്തിലാണ്. ഈ പശ്ചാത്തലത്തില്‍, ഒക്‌ടോബര്‍ 18ന് ഗാസ ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ 500-ല്‍ അധികം സിവിലിയന്മാര്‍ കൊല്ലപ്പെട്ടത് ‘ഇസ്ലാമിക് ജിഹാദി’ ന്റെ ഇടപെടല്‍ കൊണ്ടാകാനാണ് സാദ്ധ്യത.

കോണ്‍ഗ്രസ് -കമ്മ്യൂണിസ്റ്റ് നിലപാട്
പാലസ്തീന്‍ വിഷയത്തില്‍ രാജ്യത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് 1947 മുതല്‍ പ്രധാനമന്ത്രി നെഹ്‌റുവിന്റെ നേതൃത്വവും കോണ്‍ഗ്രസും നയങ്ങള്‍ രൂപീകരിച്ചത്. 1947ല്‍ മതാടിസ്ഥാനത്തില്‍ ഭാരതത്തെ വിഭജിക്കാന്‍ കൂട്ടുനിന്ന നെഹ്‌റുവിന്റെ നേതൃത്വം, പാലസ്തീന്‍ വിഭജിച്ച് അറബി, ജൂതരാജ്യങ്ങള്‍ രൂപീകരിക്കാനുള്ള ഐക്യരാഷ്ട്രസംഘടനാ തീരുമാനത്തിനെതിരായി 1947 നവംബറില്‍ വോട്ടു ചെയ്തു. ഏകീകൃത പാലസ്തീന്‍ എന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. തുര്‍ക്കിയെ പോലുള്ള ഇസ്ലാമിക രാജ്യം ഇസ്രായേലിനെ അംഗീകരിച്ചിട്ടും, ഇന്ത്യ അംഗീകരിക്കാന്‍ തയ്യാറായില്ല. 1992-ല്‍ നരസിംഹ റാവു സര്‍ക്കാരാണ് ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നത്. പാലസ്തീനില്‍ രണ്ടു രാജ്യങ്ങള്‍ക്കുപകരം ജൂത-മുസ്ലിം ഐക്യ ഫെഡറല്‍ സ്റ്റേറ്റ് രൂപീകരിക്കുക എന്ന ആശയമായിരുന്നു നെഹ്‌റു 1947ല്‍ മുന്നില്‍ വെച്ചത്. എന്നാല്‍ അതേവര്‍ഷം 1947 ആഗസ്റ്റിലാണ് ഇന്ത്യ വിഭജിക്കുന്നത്. ഇന്ത്യയെ വിഭജിക്കാതെ ഏകീകൃത ഇന്ത്യ എന്ന സമീപനം നെഹ്‌റു സ്വീകരിച്ചുമില്ല. പാലസ്തീനില്‍ നിന്ന് കുടിയിറങ്ങിയ മുസ്ലിങ്ങളെക്കാള്‍, വലിയൊരു വിഭാഗം ഹിന്ദു-സിഖ് മതവിഭാഗങ്ങളാ ണ് പാകിസ്ഥാനില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടത്. ഏതാണ്ട് 47 ലക്ഷം ഹിന്ദു-സിഖ് മതവിശ്വാസികള്‍ വിഭജനത്തിന്റെ ഭാഗമായി പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി എത്തിച്ചേര്‍ന്നു. ഒരേ വിഷയത്തില്‍ രണ്ടുനിലപാടാണ് നെഹ്‌റുവിന്റെ നേതൃത്വം സ്വീകരിച്ചത്. പാലസ്തീനിലെ മുസ്ലീം അഭയാര്‍ത്ഥികളോട് കാണിക്കുന്ന സമീപനമല്ല പാകിസ്ഥാനില്‍ നിന്നു വന്ന ഹിന്ദു അഭയാര്‍ത്ഥികളോട് ഇന്ത്യ സ്വീകരിച്ചത്. പില്‍ക്കാലത്ത് ഇന്ത്യ പാലസ്തീനില്‍ രണ്ടു രാഷ്ട്രങ്ങള്‍ എന്ന നയം സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതമായി.
ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികളും നെഹ്‌റുവിന്റെ നയം തന്നെയാണ് പിന്‍തുടര്‍ന്നത്. 1993ന് മുമ്പ് പിഎല്‍ഒ നടത്തിയ ഭീകരാക്രമണങ്ങളെ ഇന്ത്യ അപലപിക്കാന്‍ തയ്യാറല്ലായിരുന്നു. അറബിലോകത്തിനുപുറത്ത് പിഎല്‍ഒയെ അംഗീകരിക്കുന്ന ആദ്യരാജ്യമായിരുന്നു ഇന്ത്യ. 1974ല്‍ പിഎല്‍ഒയെ അംഗീകരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ 1988-ല്‍ പാലസ്തീന് രാജ്യം എന്ന അംഗീകാരവും നല്‍കി. എന്നാല്‍ 1994-ല്‍ മാത്രമാണ് പിഎല്‍ഒ ഇസ്രായേലിനെ അംഗീകരിക്കുന്നത്. പിഎല്‍ഒ പോരാളികള്‍ 1972ല്‍ ഒളിമ്പിക്‌സ് വില്ലേജില്‍ കയറി ഇസ്രായേല്‍ താരങ്ങളെ വധിക്കുകയും നിരവധി തവണ യാത്രാവിമാനങ്ങള്‍ തട്ടിക്കൊണ്ടു പോകുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നയിച്ച ഇന്ത്യ പിഎല്‍ഒ യെ അംഗീകരിച്ചത്. ലോകരാജ്യങ്ങള്‍ വിശേഷിച്ച് പാശ്ചാത്യരാജ്യങ്ങള്‍ ഏറെ അതിശയത്തോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പാലസ്തീന്‍ നയം നോക്കിക്കണ്ടത്. 1994നു ശേഷം ഹമാസ് നടത്തുന്ന ഭീകരാക്രമണങ്ങളെയും ഇവര്‍ തള്ളിപ്പറയുന്നില്ല. കേരളത്തിലെ മാധ്യമങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുമെല്ലാം പാലസ്തീന്‍ വിഷയത്തില്‍ എക്കാലത്തും ഇസ്രായേല്‍ വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. ഇസ്രായേലിനെതിരെ നാലുയുദ്ധങ്ങള്‍ (1948, 1956, 1967, 1973) നയിച്ച ഈജിപ്ത്, ജോര്‍ദ്ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ന് ഇസ്രായേലുമായി ഏറെ സൗഹൃദത്തിലാണ്. ഈജിപ്റ്റ് ഹമാസിനെ അംഗീകരിക്കുന്നില്ല. ഗാസ മുനമ്പില്‍ നിന്നുള്ള ഈജിപ്റ്റിലേയ്ക്കുള്ള കവാടമായ ദാഫാക്രോസിംഗ് ഇപ്പോഴത്തെ യുദ്ധം തുടങ്ങി രണ്ടാഴ്ചയായിട്ടും ഈജിപ്റ്റ് തുറക്കാന്‍ തയ്യാറായില്ല. ഗാസയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ജോര്‍ദ്ദാന്‍, ഈജിപ്ത് തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങള്‍ തയ്യാറുമല്ല. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കോണ്‍ഗ്രസ് – ഇടതുപക്ഷത്തിന്റെ ഹമാസ് അനുകൂല നിലപാടിനെ നോക്കിക്കാണണം. സിവിലിയന്മാര്‍ കൊല്ലപ്പെടുന്നതും, അഭയാര്‍ത്ഥികളോടുള്ള അനുകമ്പയുമാണ് ഇതിന് പിന്നിലുള്ളതെങ്കില്‍ നല്ലതുതന്നെ. എന്നാല്‍ ഇന്ത്യയിലും മറ്റു ലോകരാജ്യങ്ങളിലുമായി അഞ്ചുലക്ഷം ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ 1959-ല്‍ ചൈന ടിബറ്റ് കയ്യടക്കിയതു മുതല്‍ കഴിയുന്നു. ഇന്ത്യന്‍ ഇടതുപക്ഷം ഇതുവരെ ഇവരെ ശ്രദ്ധിച്ചിട്ടില്ല. 1989 മുതല്‍ ഏതാണ്ട് അഞ്ചുലക്ഷം കാശ്മീരി ഹിന്ദുപണ്ഡിറ്റുകള്‍ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളായി. കേരള മാധ്യമങ്ങള്‍ ഇതുവരെ ഇതു ചര്‍ച്ച ചെയ്തിട്ടില്ല. 1949-ല്‍ കമ്മ്യൂണിസ്റ്റ് ചൈന അതിക്രമിച്ച് കടന്ന് മുസ്ലിം രാജ്യമായിരുന്ന ഈസ്റ്റ് ടര്‍ക്കിസ്ഥാനെ കീഴടക്കി സ്വന്തം പ്രവിശ്യയാക്കി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ യാതന അനുഭവിക്കുന്ന മുസ്ലിം സമൂഹമാണ് ചൈനയിലെ ഉയ്ഗര്‍ മുസ്ലിങ്ങള്‍. ഇന്നും പത്തുലക്ഷം ഉയ്ഗര്‍ മുസ്ലിങ്ങള്‍ ചൈനയുടെ ‘പുനരധിവാസ ജയിലു’കളിലാണ്. റംസാന്‍ വ്രതം ആചരിക്കാനോ പള്ളിയില്‍ പോകാനോ, മുസ്ലിം നാമം സ്വീകരിക്കാനോ, താടിവളര്‍ത്താനോ ചൈനയിലെ ഉയ്ഗര്‍ മുസ്ലിങ്ങള്‍ക്ക് അവകാശമില്ല. കേരളത്തിലെ ഇടതുപക്ഷവും, മാധ്യമങ്ങളും ഇത് ചര്‍ച്ച ചെയ്യുന്നില്ല. അതുപോലെ ഐക്യരാഷ്ട്രസംഘടനയുടെ കണക്ക് പ്രകാരം 62 ലക്ഷം ഉക്രൈയിന്‍ പൗരന്മാര്‍ അഭയാര്‍ത്ഥികളായി കഴിയുന്നു. റഷ്യ നടത്തുന്ന ക്രൂരമായ ആക്രമണം കേരളത്തില്‍ വാര്‍ത്തയല്ലാതെയായിട്ട് വര്‍ഷം ഒന്നായി. അന്താരാഷ്ട്രവിഷയങ്ങളെപ്പോലും കേവലം കേരളത്തിലെ 28 ശതമാനം വോട്ടുള്ള ഒരുവിഭാഗത്തെ പ്രീണിപ്പിക്കുന്ന തരത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ് ‘പുരോഗമന’ കേരളത്തിന്റെ പരാജയം.
യാഥാര്‍ത്ഥ്യബോധത്തോടെ പരിഹരിക്കണം
പാലസ്തീന്‍ പ്രശ്‌നം യാഥാര്‍ത്ഥ്യബോധത്തോടെ പരിഹരിക്കേണ്ട വിഷയമാണ്. ഇസ്രായേലിനെ അംഗീകരിക്കാന്‍ അറബ് രാജ്യങ്ങള്‍ വിമുഖത കാണിച്ച് 1948-ല്‍ തന്നെ യുദ്ധത്തിനിറങ്ങി. 1948, 1956, 1967, 1973 എന്നീ നാല് അറബ്-ഇസ്രായേല്‍ യുദ്ധങ്ങളിലും ഈജിപ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന സംയുക്ത അറബ്‌സേനാ സഖ്യം ദയനീയമായി പരാജയപ്പെട്ടു. ഈ യുദ്ധങ്ങള്‍ നല്‍കിയ സന്ദേശം എന്തെന്നാല്‍, ഇസ്രായേല്‍ പാലസ്തീന്‍ മണ്ണില്‍ ഒരു യാഥാര്‍ത്ഥ്യമാണ്. ഈ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് അയല്‍രാജ്യങ്ങളായ ഈജിപ്റ്റും, ജോര്‍ദ്ദാനും മുകളില്‍ സൂചിപ്പിച്ചതുപോലെ ഇസ്രായേലിനെ അംഗീകരിക്കുകയും ഇസ്ലാമിക തീവ്രവാദികളെ തള്ളിക്കളഞ്ഞ് സമാധാനത്തിന്റെ പാതയില്‍ മുന്നോട്ടുവരികയും ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച് അതിന്റെ സൗഹൃദരാജ്യങ്ങളായി കഴിയുകയും ചെയ്യുന്നത്. ആദ്യം എതിര്‍ത്ത പിഎല്‍ഒ, 1993ല്‍ ഓസ്‌ലോ കരാറിലൂടെ ഇസ്രായേലുമായി കരാറിലെത്തി പാലസ്തീന്‍ അതോറിറ്റി രൂപീകരണം വരെ നടത്തി. എന്നാല്‍ ഹമാസിന്റെ നിലപാടുകളും ഭീകരാക്രമണങ്ങളും ഹിസ്ബുള്ളയുടെ ആക്രമണങ്ങളും പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കി. നിരായുധരായ സാധാരണ ജനങ്ങളെ കവചമാക്കി മുന്നില്‍ നിര്‍ത്തിയാണ് ഇസ്രായേലിനെതിരെ ഒളിയാക്രമണം നടത്തുന്നത്. പ്രത്യാക്രമണം വമ്പിച്ച ആള്‍നാശത്തില്‍ കലാശിക്കുന്നു. 1993ല്‍ ഓസ്‌ലോ (Oslo Accords) ഉടമ്പടിയിലൂടെ പിഎല്‍ഒ ഇസ്രായേലിനെ അംഗീകരിച്ചതിനുശേഷം പാലസ്തീന്‍ അതോറിറ്റി രൂപീകരിച്ചെങ്കിലും പാലസ്തീന് സ്വതന്ത്ര രാഷ്ട്രം എന്ന ലക്ഷ്യത്തിലേയ്ക്ക് കടക്കാന്‍ കഴിഞ്ഞില്ല. പാലസ്തീന്‍ വിമോചന പ്രസ്ഥാനങ്ങളുടെ വിയോജിപ്പും ഇസ്രായേലിനോടുള്ള സമീപനത്തിന്റെ വൈരുദ്ധ്യവുമാണ് പ്രശ്‌നം. ഈ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ്യബോധത്തോടെ പാലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പ്രയോഗിക സമീപനം താഴെ പറയുന്നു.
ഒന്ന്, 1947 നവംബറില്‍ ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച പാലസ്തീനില്‍ ഇരുരാഷ്ട്രങ്ങള്‍ (ഇസ്രായേല്‍, പാലസ്തീന്‍) എന്ന പ്രമേയം ഇസ്ലാമിക പക്ഷം അംഗീകരിക്കുക. രണ്ട്, 1978ലെ കേമ്പ് ഡേവിഡ് കരാര്‍, 1979ലെ ഈജിപ്റ്റ് – ഇസ്രായേല്‍ സമാധാനകരാര്‍, 1993ലെ ഓസ്‌ലോ ഉടമ്പടി, 1994ലെ ഇസ്രായേല്‍ – പാലസ്തീന്‍ (പിഎല്‍ഒ) സമാധനകരാര്‍ എന്നിവയിലെ വ്യവസ്ഥകള്‍ ഇരുപക്ഷവും പാലിക്കുക. മൂന്ന്, ഇസ്രായേലിനെതിരെ നാലു യുദ്ധങ്ങള്‍ നയിച്ച ഈജിപ്റ്റ്, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രായേലുമായി സമാധാന കരാര്‍ ഒപ്പുവച്ച് സൗഹൃദ അയല്‍രാജ്യങ്ങളായി കഴിയുന്നു. മറ്റു അറബ് രാജ്യങ്ങളും (Abraham Accord) അബ്രഹാം അക്കോര്‍ഡിന്റെ പാതയില്‍ മുന്നില്‍ വരിക. നാല്, 1994-ല്‍ ഇസ്രായേലും പിഎല്‍ഒയും പരസ്പരം അംഗീകരിച്ച് ഒപ്പുവച്ച സമാധാന കരാറിന്റെ പാതയില്‍ ഹമാസ് – ഇസ്രായേല്‍ സമാധാന കരാര്‍ ഒപ്പുവയ്ക്കുക. ഹമാസ് ഇസ്രായേലിനെ അംഗീകരിക്കുക. അഞ്ച്: പാലസ്തീന്‍ വിമോചന പ്രസ്ഥാനങ്ങള്‍ രണ്ടു പ്രവിശ്യകളില്‍ വിഭിന്ന ഭരണം നടത്തി (പിഎല്‍ഒ – ഫത്താപാര്‍ട്ടി വെസ്റ്റ് ബാങ്ക് (West Bank) ഹമാസ് – ഗാസാ) വിവിധ നിലപാടെടുക്കുന്നത് മാറ്റി ഒന്നായി നിലകൊള്ളുക. ആറ്, ഹമാസിനെയും ഹിസ് ബുള്ളയെയും, പാലസ്തീന്‍ ഇസ്ലാ മിക് ജിഹാദ് എന്നിവയെ മുന്‍നിര്‍ത്തി ഇറാന്‍ നയിക്കുന്ന ഇസ്രായേല്‍ വിരുദ്ധ നിഴല്‍ യുദ്ധവും ഭീകരാക്രമണങ്ങളും നിര്‍ത്തിവയ്ക്കുക. ഈ തരത്തില്‍ സമാധാനം പുനഃസ്ഥാപിച്ചില്ലെങ്കില്‍ പാലസ്തീന്‍ ഒരു പ്രശ്‌നമേഖലയായി തന്നെ തുടരും.
(കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വകലാശാലയിലെ ഗ്ലോബല്‍ സ്റ്റഡീസ് പ്രൊഫസര്‍ ആന്റ് ഡീനും മുന്‍ പ്രോ-വൈസ് ചാന്‍സലറുമാണ് ലേഖകന്‍)