പ്രമേയത്തിലെ പരീക്ഷണങ്ങളും ആവിഷ്‌കാരത്തിലെ പുതുമയും കൊണ്ട് മലയാള സിനിമയ്ക്ക് മാറ്റത്തിന്റെ മുഖം നല്‍കിയ സംവിധായകനാണ് കെ.ജി.ജോര്‍ജ്ജ്. ഒരിക്കലും സ്വയം ആവര്‍ത്തിക്കാതെ വെള്ളിത്തിരയില്‍ പ്രതിഭയുടെ കയ്യൊപ്പുചാര്‍ത്തിയ സംവിധാന ജീവിതത്തിന്റെ യവനിക താഴ്ന്നു. ചലച്ചിത്ര സംവിധാനം എന്ന കലയെ അടിമുടി നവീകരിക്കുകയും നിരന്തരം പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയും വിസ്മയകരമാംവിധം വൈവിധ്യം പുലര്‍ത്തിയ സിനിമകള്‍ സമ്മാനിക്കുകയും ചെയ്ത പ്രതിഭയായിരുന്നു കെ.ജി. ജോര്‍ജ്ജ്. സിനിമ എന്ന മാധ്യമത്തില്‍ അസാമാന്യമായ കൈത്തഴകവും ശില്‍പഭദ്രതയുമുണ്ടായിരുന്ന ജോര്‍ജ് ആ അര്‍ത്ഥത്തില്‍ ചലച്ചിത്രാഖ്യാനകലയുടെ ആചാര്യന്‍ എന്ന നിലയിലാവും മലയാള സിനിമയുടെ ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടുക. സാഹിത്യരചനകളുടെ ചിത്രീകരണമാണ് മികച്ച സിനിമ എന്ന ധാരണയില്‍ നിന്ന് മലയാളത്തെ മോചിപ്പിച്ചത് കെ.ജി. ജോര്‍ജിന്റെ സിനിമകളാണ്. സ്വപ്‌നാടനം എന്ന ആദ്യ സിനിമ തന്നെ ദേശീയപുരസ്‌കാരം നേടി. മമ്മൂട്ടി എന്ന നടനെ താരമൂല്യമുള്ള നടനാക്കി മാറ്റുന്നതിനും ഭരത്‌ഗോപി, തിലകന്‍, നെടുമുടിവേണു, വേണുനാഗവള്ളി, അശോകന്‍, ഗണേഷ് തുടങ്ങിവര്‍ക്ക് മികച്ച കഥാപാത്രങ്ങള്‍ സമ്മാനിക്കുന്നതിനും അതിനായി വ്യത്യസ്തമായ പ്രമേയങ്ങള്‍ കൊണ്ടുവരാനും ജോര്‍ജ്ജിന് കഴിഞ്ഞു. വിവരണാതീതവും അനുഭൂതിദായകവുമായ ജോര്‍ജ്ജിന്റെ ചലിച്ചിത്രത്തിലെ ഗാനങ്ങളും ശ്രവണ സുഖമുള്ളവയാണ്. ‘തബലിസ്റ്റ് അയ്യപ്പന്‍’, ‘സൈക്കോപാത്തായ ബേബി’, ‘ലൈംഗിക തൊഴിലാളി കുമുദം’ മലയാള സിനിമയുടെ കുറ്റാന്വേഷണ വഴികളില്‍ ഇപ്പോഴും ഇവരുണ്ട്. മലയാള സിനിമയില്‍ ‘ഗോപി’യോളം വലിയ നടനില്ലെന്നാണ് ജോര്‍ജിന്റെ അഭിപ്രായം. അഭിനയത്തില്‍ മുഖം മാത്രമല്ല ശരീരവും പ്രധാനമാണെന്ന് ഗോപിയുടെ വേഷപ്പകര്‍ച്ചകള്‍ തെളിയിച്ചു. മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ ത്രില്ലര്‍ എന്ന് വിശേഷിക്കപ്പെടുന്ന യവനികയാവട്ടെ ഏറ്റവും മികച്ച മലയാള സിനിമകളുടെ പട്ടികയിലാണ് പെടുന്നത്. ഉള്‍ക്കടല്‍, മേള, കോലങ്ങള്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ഇരകള്‍, ഇലവങ്കോട് ദേശം തുടങ്ങി ശ്രദ്ധേയമായ ഒട്ടേറെ സിനിമകള്‍.
രാഷ്ട്രീയ രംഗത്തെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പുഴുക്കുത്തുകള്‍ ‘ആക്ഷേപഹാസ്യരൂപത്തില്‍’ ചിത്രീകരിച്ച വേളൂര്‍കൃഷ്ണന്‍കുട്ടിയുടെ പഞ്ചവടിപ്പാലം കാലാതിവര്‍ത്തിയായ ഒരു ചലച്ചിത്രശില്‍പ്പമാണ്. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന് ഇതിലും മികച്ച ഒരു മാതൃക മലയാള സിനിമാചരിത്രത്തില്‍ വേറെയില്ല. സാമൂഹികശ്രേണിയുടെ മൂന്നുതലങ്ങളില്‍പ്പെട്ട മൂന്ന് സ്ത്രീകളുടെ സംഘര്‍ഷഭരിതമായ ജീവിതത്തെ അവതരിപ്പിച്ച ‘ആദാമിന്റെ വാരിയെല്ല്’ മലയാള ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയാണ്. റസ്‌ക്യൂഹോം വിട്ടിറങ്ങി ഓടിപോകുന്ന വേലക്കാരിയായ കീഴാള പെണ്‍കുട്ടി കെ.ജി. ജോര്‍ജ്ജിനെയും ക്യാമറയെയും തട്ടിമാറ്റുന്നതാണ് അവസാനഫ്രെയിമില്‍ നാം കാണുന്നത്. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്ന ധാരണ തിരുത്തിയ ചിത്രമാണ് കോലങ്ങള്‍. യുവത്വത്തിന്റെ വിഹ്വലതകളെ പ്രതിഫലിപ്പിച്ച ജോര്‍ജ് ഓണക്കൂറിന്റെ കഥ ഉള്‍ക്കടല്‍ സ്ത്രീപുരുഷബന്ധങ്ങളുടെ പ്രണയത്തെയും ആഴത്തിലറിയാനുള്ള സര്‍ഗാത്മക ശ്രമമായിരുന്നു.
ജോര്‍ജ് മദ്രാസിലെത്തുമ്പോള്‍ ഭരതനും പത്മരാജനും മോഹനുമൊക്കെ ഉള്‍പ്പെടുന്ന അന്നത്തെ പുതുസംവിധായകര്‍ മലയാളസിനിമയിലെ പുതിയൊരു ധാരയായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. കച്ചവട മൂല്യങ്ങളില്‍ മാത്രം കുടുങ്ങിക്കിടന്ന മലയാളസിനിമയെ രക്ഷപ്പെടുത്തുക എന്ന ദൗത്യമായിരുന്നു ജോര്‍ജ്ജും അവരും ചേര്‍ന്ന് നിര്‍വഹിച്ചത്. ജനപ്രിയവും കലാമൂല്യവുമുള്ള സിനിമകളായിരുന്നു അവരുടെ ലക്ഷ്യം. സര്‍ക്കസിലെ പൊക്കം കുറഞ്ഞ കോമാളിയെ മുഴുനീള കഥാപാത്രമാക്കി ഒരുക്കിയ ‘മേള’ മുഖ്യധാരാ നായക സങ്കല്‍പ്പങ്ങളോടുള്ള കലാപമായിരുന്നു. ഈ ചിത്രത്തില്‍ മുല്ലനേഴി എഴുതിയ ഒരു ഗാനം അദ്ദേഹത്തിന്റെ സിനിമകളെ വിശദീകരിക്കാന്‍ പാകത്തിലുള്ള ഒന്നാണ്. മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു, മനുഷ്യന്‍ കാണാത്ത പാതകളില്‍.തളിരും തണലും തേടിയലയുന്ന മനുഷ്യമനസ്സിനെ ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധന്റെ സൂക്ഷ്മതയോടെ കീറി മുറിക്കുന്ന കത്രിക ജോര്‍ജിന്റെ ക്യാമറയിലുണ്ടായിരുന്നു. ലേഖയുടെ മരണം ഫ്‌ളാഷ്ബാക്ക് ചലച്ചിത്ര വ്യവസായത്തിന്റെ ആണധികാരപ്രമേയത്തെ അതിരൂക്ഷമായി വരച്ചുകാട്ടി. കേരളത്തിന്റെ നാട്ടിന്‍ പുറങ്ങളില്‍ നിന്ന് സിനിമ എന്ന മായികലോകത്തേക്ക് പറക്കാന്‍ തുനിഞ്ഞ് ഈയാംപാറ്റകളെപ്പോലെ ചിറകരിഞ്ഞു വീണ കുറെയേറെ പെണ്‍കുട്ടികളുണ്ടായിരുന്നു അക്കാലത്ത്. കോടമ്പക്കം തെരുവില്‍ ജീവിതം ഹോമിക്കപ്പെട്ട എണ്ണമറ്റ, പേരറിയാത്ത, ആ പെണ്‍കുട്ടികള്‍ക്കുള്ള സ്മരണാഞ്ജലി കൂടിയാണ് ശോഭ എന്ന നടിയുടെ ആത്മഹത്യയെ പശ്ചാത്തലമാക്കിയ ചിത്രം.
തിരുവല്ലയില്‍ കെ.ജി. സാമുവലിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച കെ.ജി. ജോര്‍ജ്ജിന്റെ ഉള്ളില്‍ കുട്ടിക്കാലം മുതല്‍ തന്നെ സിനിമയുണ്ടായിരുന്നു. സ്‌കൂള്‍ കോളേജ് പഠനകാലത്ത് തിരുവല്ലയില്‍ നിന്ന് എറണാകുളത്തും കോട്ടയത്തുമൊക്കെ പോയി ഇംഗ്ലീഷ് സിനിമകള്‍ കണ്ട് സിനിമയെ അടുത്തറിയാന്‍ ശ്രമിച്ചു. സിനിമകള്‍ കണ്ട് കണ്ട് സിനിമയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനത്തില്‍ ഡിപ്ലോമ നേടി മദ്രാസില്‍ എത്തി രാമു കാര്യാട്ടിന്റെ മായ, നെറ്റ് എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായി ചലച്ചിത്ര സംവിധാനം എന്ന കലയെ അടിമുടി നവീകരിക്കുകയും നിരന്തരം പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തുകൊണ്ട് വിസ്മയകരമായ വിധം വൈവിധ്യം പുലര്‍ത്തിയ സിനിമകള്‍ സമ്മാനിച്ച പ്രതിഭയായിരുന്നു ജോര്‍ജ്. മിസ്റ്ററി, ത്രില്ലര്‍, റൊമാന്റിക് ഡ്രാമ, കോമഡി തുടങ്ങി വിവിധ ചലച്ചിത്ര ജനുസ്സുകളെ വിജയകരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞ മലയാളത്തിലെ ഏക സംവിധായകന്‍. കെ.ജി.ജോര്‍ജ് ചലച്ചിത്രപ്രമേയങ്ങള്‍ പുറത്തുനിന്ന് കണ്ടെത്തിയതല്ല. കുടുംബത്തിനുള്ളിലേയ്ക്ക്, അതിന്റെ ചുവട്ടിലേയ്ക്ക് ക്യാമറ തിരിച്ചുവെച്ച് തീവ്രമായ ജീവിതസന്ദര്‍ഭങ്ങളെ പകര്‍ത്തുകയായിരുന്നു അദ്ദേഹം. പ്രാദേശിക ജീവിതകഥകളില്‍ നിന്ന് സാര്‍വദേശീയ പ്രമേയങ്ങള്‍ കണ്ടെത്തുന്നതിലൂടെയാണ് കെ.ജി. ജോര്‍ജ് എന്ന സംവിധായകന്‍ ചലിച്ചിത്രത്തിലെ ഒറ്റയാനാകുന്നത്. സംഗീതസാന്ദ്രമായിരുന്ന മലയാള സിനിമയ്ക്ക് പാട്ടുകളൊന്നുമില്ലാത്ത സ്വപ്‌നാടനം ഒരത്ഭുതം തന്നെയായിരുന്നു. പക്ഷേ വിഖ്യാത സിത്താര്‍വാദകനായിരുന്ന ഭാസ്‌കര്‍ ചന്ദവര്‍ക്കറുടെ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ജോര്‍ജിന്റെ ഒമ്പത് സിനിമകള്‍ക്ക് സംഗീതസംവിധാനവും മൂന്ന് സിനിമകള്‍ക്ക് പശ്ചാത്തല സംഗീതവും നിര്‍വഹിച്ചത് എം.ബി.ശ്രീനിവാസനാണ്. ഉള്‍ക്കടലില്‍ ഒഎന്‍വി – എം.ബി.എസ്. കൂട്ടുകെട്ടില്‍ പിറന്നത് അഞ്ച് ഗാനങ്ങളാണ്. നഷ്ടവസന്തത്തില്‍ തപ്തനിശ്വാസമേ… കൃഷ്ണതുളസിക്കതിരുകള്‍…, ശരദിന്തുമലര്‍ദീപനാളം നീട്ടി… ഈ ഗാനം പാടിയത് ജയചന്ദ്രനോടൊപ്പം സല്‍മയാണ്, ജോര്‍ജ്ജിന്റെ ഭാര്യ. മിഴികളില്‍ നിറകതിരായി.. കദളീവനങ്ങളില്‍ പാടുന്ന (യവനിക) എന്നിവ സിനിമയിലെ ഭാവന തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന ഗാനങ്ങളാണ്. തലമുറകളിലൂടെ ആവര്‍ത്തിക്കുന്ന സംഗീതമാണ് എം.ബി.എസും കെ.ജി.ജോര്‍ജ്ജും മലയാളത്തിന് നല്‍കിയത്.
ആദ്യകാല മലയാള നാടകവേദിയിലെ അതികായന്‍ പാപ്പുക്കുട്ടി ഭാഗവതര്‍, കേരള സൈഗാര്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മകള്‍ സെല്‍മയാണ് ജോര്‍ജ്ജിന്റെ ഭാര്യ. മലയാളികളുടെ ദൃശ്യാനുഭവത്തെ മാറ്റിയെഴുതിയ ആചാര്യനായിരുന്നു ജോര്‍ജ്ജ്. ഒട്ടേറെ, സംസ്ഥാന ദേശീയപുരസ്‌കാരങ്ങള്‍ നേടിയ അദ്ദേഹം സംസ്ഥാനത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് നേടി. കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍, മാക്ടയുടെ സ്ഥാപക പ്രസിഡന്റ്, ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. യവനിക താഴ്ന്നു! ആഖ്യാനകലയുടെ സ്വപ്‌നാടകന് ആദരവ്….