ചൈനീസ് തീര്‍ത്ഥാടകനായ ഫാഹിയാന്‍ ഷാചിയെന്നും ഹുയാന്‍സാങ്ങ് വിശാഖമെന്നും സാകേതത്തെ പരാമര്‍ശിച്ചത് ഹിന്ദുക്കളുടെ അയോദ്ധ്യയുമായി ”ഏറ്റവും സംതൃപ്തികരമായ വിധത്തില്‍” യോജിക്കുന്നതായി സര്‍ അലക്‌സാണ്ടര്‍ കണ്ണിംഗ്ഹാം 1862-63-64-65 വര്‍ഷങ്ങളില്‍ തയ്യാറാക്കിയ തന്റെ നാല് റിപ്പോര്‍ട്ടുകളില്‍ (വാല്യം 1) സമ്മതിക്കുന്നു. ദശരഥ രാജാവിന്റെയും മക്കളുടെയും തലസ്ഥാനമായി സാകേതനഗരത്തെ വിശേഷിപ്പിക്കുന്ന രാമായണത്തിലെയും രഘുവംശത്തിലെയും ഖണ്ഡികകളുടെ അടിസ്ഥാനത്തില്‍ അയോദ്ധ്യയുടെ അസ്തിത്വത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ അവസാനിപ്പിക്കാമെന്നും കണ്ണിംഗ്ഹാം പറയുന്നു. എച്ച്.എച്ച്. വില്‍സണ്‍ തന്റെ സംസ്‌കൃത നിഘണ്ടുവിലും അയോദ്ധ്യാ നഗരത്തെ സാകേതമെന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പ്രാചീനമായ ക്ഷേത്രങ്ങളുടെ അതേ സ്ഥാനത്ത് സ്ഥിതിചെയ്യുന്ന അനേകം വിശുദ്ധ ക്ഷേത്രങ്ങള്‍ അയോദ്ധ്യയില്‍ ഉണ്ടെങ്കിലും അവയില്‍ മിക്കവയും ഇസ്ലാമിക അധിനിവേശത്തില്‍ തകര്‍ക്കപ്പെട്ടതായി കണ്ണിംഗ്ഹാം വ്യക്തമായി സൂചിപ്പിക്കുന്നു. അയോദ്ധ്യാ നഗരത്തിന്റെ കിഴക്കു ഭാഗത്തുള്ള രാംകോട്ടിന്റെയും ഹനുമാന്‍ ഗര്‍ഹിയുടെയും ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വടക്കു പടിഞ്ഞാറുള്ള രാം ഘട്ടും പാവനമാണ്. രാമന്റെ ശരീരം സംസ്‌കരിച്ച വടക്കു പടിഞ്ഞാറു ഭാഗത്ത് അശോക ബത് എന്നു വിളിക്കുന്ന ഒരു ആല്‍മരം സ്ഥിതിചെയ്യുന്നു. കണ്ണിംഗ്ഹാമിന്റെ അഭിപ്രായത്തില്‍ അയോദ്ധ്യയിലെ ആര്‍ക്കിയോളജിക്കല്‍ അവശിഷ്ടങ്ങള്‍ കിഴക്കു ഭാഗത്തുള്ള മൂന്നു മലകള്‍ മാത്രമാണ്. മണി പര്‍വ്വതം, കുബേര പര്‍വ്വതം, സുഗ്രീവ പര്‍വ്വതം എന്നിവയാണവ.
1889-91ല്‍ അലോയ്‌സ് ആന്റണ്‍ ഫഹ്‌ററുടെ നേതൃത്വത്തിലുള്ള എ.എസ്.ഐ സംഘം അയോദ്ധ്യയിലെ രണ്ടാമത്തെ സര്‍വ്വെ നടത്തി. ”ദി മോനുമെന്റല്‍ ആന്റിക്വിറ്റീസ് ആന്റ് ഇന്‍സ്‌ക്രിപ്ഷന്‍സ്: ഇന്‍ ദ നോര്‍ത്ത് – വെസ്റ്റേണ്‍ പ്രൊവിന്‍സസ് ആന്റ് ഔധ്” എന്ന ഗ്രന്ഥത്തില്‍ ഫഹ്‌റര്‍ തന്റെ കണ്ടെത്തലുകള്‍ രേഖപ്പെടുത്തി. മുസ്ലീങ്ങള്‍ തകര്‍ത്ത പ്രാചീന ക്ഷേത്രങ്ങളുടെ സ്ഥാനത്താണ് നില്‍ക്കുന്നതെങ്കിലും നഗരത്തില്‍ ഇപ്പോഴുള്ള വൈഷ്ണവ, ജൈന ക്ഷേത്രങ്ങള്‍ ആധുനികമാണെന്ന് അദ്ദേഹം എഴുതി. ഫഹ്‌ററുടെ അഭിപ്രായത്തില്‍ പൊതുവര്‍ഷം 1528ല്‍ (എ.എച്ച് 930) മീര്‍ബാഖി ജന്മസ്ഥാന്‍ ക്ഷേത്രത്തിന്റെ സ്ഥാനത്ത് ബാബറി മസ്ജിദ് നിര്‍മ്മിച്ചു. ബാബറി മസ്ജിദിന്റെ നിര്‍മ്മാണത്തിന് പഴയ ക്ഷേത്രത്തിന്റെ നിരവധി തൂണുകള്‍ മുസ്ലീങ്ങള്‍ ഉപയോഗിച്ചതായി അദ്ദേഹം പറയുന്നു.
1969-70ല്‍ പ്രൊഫ. എ.കെ. നാരായിനാണ് അയോദ്ധ്യയിലെ മൂന്നാമത്തെ ഉദ്ഖനനം നടത്തിയത്. ബി.സി. 5-ാം നൂറ്റാണ്ടിന്റെ അത്ര പഴക്കമുള്ള മനുഷ്യവാസത്തെക്കുറിച്ച് ഉദ്ഖനനം ചെയ്യപ്പെട്ട സ്ഥലങ്ങള്‍ സൂചന നല്‍കുന്നതായി നാരായിന്‍ നിരീക്ഷിക്കുന്നു. ശക്തമായ ബൗദ്ധ സാന്നിദ്ധ്യം പ്രദേശത്തുണ്ടായിരുന്നതിന്റെ തെളിവുകളെക്കുറിച്ചും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. (ഇന്ത്യന്‍ ആര്‍ക്കിയോളജി 1969-70 – എ റിവ്യു). അയോദ്ധ്യയുടെ പ്രാചീനത ബി.സി. 17-ാം നൂറ്റാണ്ടിന്റെ അത്ര പിന്നിലാണെന്ന് അദ്ദേഹം ഉറപ്പിക്കുന്നു.
എ.എസ്.ഐയുടെ മുന്‍ ഡയരക്ടര്‍ ജനറല്‍ പ്രൊഫ. ബി.ബി.ലാലിന്റെ നേതൃത്വത്തില്‍ ആര്‍ക്കിയോളജിസ്റ്റുകളുടെ ഒരു സംഘം പിന്നീട് ”ആര്‍ക്കിയോളജി ഓഫ് രാമായണ സൈറ്റ്‌സ്” എന്ന പേരിലുള്ള ഒരു പദ്ധതിയില്‍ (1975-76) പ്രവര്‍ത്തിക്കുകയും രാമായണവുമായി ബന്ധപ്പെട്ട അയോദ്ധ്യ, ഭരദ്വാജ ആശ്രമം, നന്ദിഗ്രാം, ചിത്രകൂട്, ശൃംഗവേരപുര എന്നീ അഞ്ച് കേന്ദ്രങ്ങളില്‍ ഉദ്ഖനനം നടത്തുകയും ചെയ്തു. ശൃംഗവേരപുരയിലെ ലാലിന്റെ ഉദ്ഖനനങ്ങള്‍ സ്ഥലത്തിന്റെ പ്രാചീനത ബി.സി. രണ്ടാം നൂറ്റാണ്ടിലെ കാവിനിറത്തിലുള്ള മണ്‍പാത്രങ്ങളുടെ തലംവരെ എത്തിക്കുന്നു.
കെട്ടിടത്തിനേക്കാള്‍ വലിയ ഒരു കെട്ടിടത്തിന്റെ ഭാഗമായിരുന്നു എന്നു കരുതാവുന്ന തൂണുകളുടെ അസ്ഥിവാരങ്ങളുടെ നിരകള്‍ ലാലിന്റെ സംഘം അയോദ്ധ്യയില്‍ കണ്ടെത്തി. പള്ളിയില്‍ നിന്നും ഏതാനും മീറ്റര്‍ അകലെ പുരാവസ്തു ഗവേഷണത്തിലൂടെ കണ്ടെത്തിയ ഇഷ്ടികത്തൂണുകളുടെ കരിഞ്ഞ അടിത്തറകള്‍ ബാബരി മസ്ജിദിനോടു ചേര്‍ന്ന് 11-ാം നൂറ്റാണ്ടു മുതല്‍ ഒരു വലിയ ക്ഷേത്രം നിലനിന്നതായി സൂചിപ്പിക്കുന്നുവെന്ന് പ്രൊഫ. ലാല്‍ 1990ല്‍ രേഖപ്പെടുത്തി. പള്ളിയുടെ തെക്ക് ഭാഗത്ത് 4 മീറ്റര്‍ ദൂരെയുള്ള ഒരു കിടങ്ങില്‍ ഇഷ്ടികയുടെയും കല്ലിന്റെയും തൂണുകളുടെ അടിത്തറകളുടെ സമാന്തര നിരകള്‍ കാണപ്പെട്ടതായും 1998ല്‍ അദ്ദേഹം പറഞ്ഞു.
2008ല്‍ പ്രസിദ്ധീകരിച്ച ‘രാമ: ഹിസ് ഹിസ്റ്റോറിസിറ്റി മന്ദിര്‍ ആന്റ് സേതു’ എന്ന ഗ്രന്ഥത്തില്‍ ബി.ബി.ലാല്‍ ഇങ്ങനെ നിരീക്ഷിച്ചു: ബാബറികെട്ടിടത്തിന്റെ സ്തംഭങ്ങളോടു ചേര്‍ന്ന്, ഹിന്ദു ശൈലിയിലുള്ള കൊത്തുപണികളും ശില്പവേലകളും മാത്രമല്ല ഹിന്ദു ദേവതകളുടെ ചിത്രങ്ങളും ഉള്ള പന്ത്രണ്ട് കല്‍ത്തൂണുകളുണ്ട്. ഈ തൂണുകള്‍ പള്ളിയുടെ അവിഭാജ്യ ഭാഗമല്ലെന്ന കാര്യം ഒറ്റനോട്ടത്തില്‍ വ്യക്തമാണ്.”
പ്രശസ്ത ദക്ഷിണേഷ്യന്‍ പുരാവസ്തു ശാസ്ത്രജ്ഞനായ പ്രൊഫ. ദിലീപ് ചക്രവര്‍ത്തി അയോദ്ധ്യയും ശൃംഗവേരപുരയും പോലുള്ള രാമായണ സ്ഥലങ്ങളുടെ പ്രാധാന്യം അദ്ദേഹത്തിന്റെ 1997ല്‍ പ്രസിദ്ധീകരിച്ച ”ദി ആര്‍ക്കിയോളജി ഓഫ് ആന്‍ഷ്യന്റ് ഇന്ത്യന്‍ സിറ്റീസ്” എന്ന ആധികാരിക ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യുന്നു.
1992 ജൂലായില്‍ മുന്‍ എ.എസ്.ഐ. ഡയരക്ടര്‍മാരായ ഡോ. വൈ.ഡി. ശര്‍മ്മയുടെയും ഡോ.കെ.എം. ശ്രീവാസ്തവയുടെയും നേതൃത്വത്തില്‍ എട്ട് പ്രശസ്ത പുരാവസ്തു ശാസ്ത്രജ്ഞര്‍ അലക്‌സാണ്ടര്‍ കണ്ണിംഗ്ഹാം പരാമര്‍ശിക്കുന്ന അയോദ്ധ്യയിലെ രാംകോട്ട് മലയില്‍ എത്തി. മതപരമായ കൊത്തുപണികളും വിഷ്ണുവിന്റെ ഒരു വിഗ്രഹവും അവരുടെ കണ്ടെത്തലുകളില്‍ ഉള്‍പ്പെടുന്നു. തര്‍ക്ക മന്ദിരത്തിന്റെ അറ്റത്തെ അതിരുകള്‍ ഒരു വശത്തെങ്കിലും നേരത്തെ ഉണ്ടായിരുന്ന ഒരു കെട്ടിടത്തിന്റെ ഭാഗമാണെന്നും അത് ”ഒരു പ്രാചീന ക്ഷേത്രത്തിന്റെ ഭാഗമായിരിക്കാമെന്നും” അവര്‍ പറഞ്ഞു. അവര്‍ പരിശോധിച്ച വസ്തുക്കളില്‍ കുശാന വംശത്തിന്റെ കാലത്തെ (1000-300 എ.ഡി) കളിമണ്ണിലുള്ള ഹൈന്ദവ ശില്പങ്ങളും വൈഷ്ണവ ദേവന്മാരുടെയും ശിവ-പാര്‍വ്വതിയുടെയും കൊത്തുപണി ചെയ്ത ചെങ്കല്‍ ശില്പങ്ങളും ഉള്‍പ്പെടുന്നു. നാഗര ശൈലിയിലുള്ള (900-1200 എ.ഡി.) ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാവാം ഇവയെന്നും അവര്‍ അനുമാനിച്ചു.
1992 ഡിസംബറില്‍ തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ട സമയത്ത് കല്ലിലുള്ള മൂന്ന് ലിഖിതങ്ങള്‍ കണ്ടെത്തി. 1.10 ഃ .56 മീറ്റര്‍ വലിപ്പമുള്ള സ്ലാബില്‍ 20 വരികളില്‍ രേഖപ്പെടുത്തിയ വിഷ്ണു-ഹരി ലിഖിതം (1140 ലേതെന്ന് താല്‍ക്കാലികമായി കണക്കാക്കിയത്) ആണ് ഇവയില്‍ ഏറ്റവും പ്രധാനം. ”ബാലിയെയും പത്തു തലയുള്ളവനെയും (രാവണന്‍) വധിച്ച വിഷ്ണുവിനാണ്” ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നതെന്ന് ലിഖിതം സൂചിപ്പിക്കുന്നു. പ്രൊഫ. അജയ് മിത്ര ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ലോകപ്രശസ്ത പുരാലിഖിത വായനക്കാരും സംസ്‌കൃത പണ്ഡിതരുമാണ് നാഗരിലിപിയില്‍ എഴുതപ്പെട്ട ഈ ലിഖിതം പരിശോധിച്ചത്.
ശിലാലിഖിതങ്ങളിലും സംഖ്യാശാസ്ത്രത്തിലും വിദഗ്ദ്ധനായ പ്രൊഫ. അജയ് മിത്ര ശാസ്ത്രി വിഷ്ണു – ഹരി ലിഖിതം പരിശോധിച്ചശേഷം ഇങ്ങനെ അഭിപ്രായപ്പെട്ടു. ”ചെറിയൊരു ഭാഗം ഗദ്യത്തിലാണെങ്കിലും ലിഖിതം നന്നായി ഒഴുക്കുള്ള സംസ്‌കൃത പദ്യത്തിലാണ് രചിച്ചിരിക്കുന്നത്. എ.ഡി.11-12 നൂറ്റാണ്ടുകളിലെ ആകര്‍ഷണീയമായ, മികച്ച നാഗരിക ലിപിയിലാണ് ഇത് കൊത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ നിര്‍മ്മാണമാണ് ഇതില്‍ രേഖപ്പെടുത്തിയത് എന്നതിനാല്‍ ക്ഷേത്രഭിത്തിയിലായിരിക്കണം ഇത് സ്ഥാപിച്ചിരുന്നത്. ഈ ലിഖിതത്തിലെ 15-ാമത്തെ വരി സ്പഷ്ടമായി പറയുന്നത് അനേകതരം കല്ലുകള്‍ കൊണ്ട് (ശിലാ-സംഗതി-ഗ്രഹായിസ്), മനോഹരമായ സ്വര്‍ണ്ണമകുടങ്ങളോടു കൂടി (ഹിരണ്യ-കലശ-ശ്രീസുന്ദരം), മറ്റൊന്നിനും കിടപിടിക്കാന്‍ കഴിയാത്ത ഒരു ക്ഷേത്രം പ്രാചീന രാജാക്കന്മാര്‍ (പൂര്‍വ്വൈര്‍-അപി-അകൃതം കൃതം നൃപതിഭിര്‍) ഇവിടെ നിര്‍മ്മിച്ചു എന്നാണ്. ഈ അദ്ഭുതക്ഷേത്രം (അത്യ-അദ്ഭുതം) സാകേത മണ്ഡലത്തിലുള്ള അയോദ്ധ്യയെന്ന ക്ഷേത്രനഗരിയിലാണ് (വിഭൂത്- ആലായനി) നിര്‍മ്മിച്ചിരിക്കുന്നത്. ബാലിരാജാവിനെയും പത്തുതലയുള്ളവനെയും (ദശാനന, അതായത് രാവണനെയും) വധിച്ചയാളായി മഹാവിഷ്ണുവിനെ 19-ാമത്തെ വരി വിശേഷിപ്പിക്കുന്നു. പരേതനായ ഡോ.എസ്.പി.ഗുപ്ത ഈ സാഹചര്യത്തില്‍ പുരാവസ്തു ശാസ്ത്രജ്ഞരെയും അയോദ്ധ്യയെ കുറിച്ചുള്ള അവരുടെ കണ്ടെത്തലുകളെയും ശ്രദ്ധേയമായി കൂട്ടിച്ചേര്‍ത്തു.
2003ല്‍ ഡോ.ബി.ആര്‍.മണിയും എ.എസ്.ഐയുടെ കീഴിലുള്ള അവരുടെ സംഘവും അയോദ്ധ്യയില്‍ ഉദ്ഖനനം നടത്തി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബഞ്ചിന്റെ 2003 മാര്‍ച്ച് 5-ലെ ഉത്തരവനുസരിച്ചാണ് ഡോ.ബി.ആര്‍.മണിയുടെ നേതൃത്വത്തിലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യാ സംഘം എ.ഡി. 1528 മുതല്‍ 1992 ഡിസംബര്‍ 6 വരെ ബാബരി കെട്ടിടം നിലനിന്ന ഭൂമിയില്‍ ഉദ്ഖനനം നടത്തിയത്. ഉത്തരഭാരതത്തില്‍ കാണപ്പെടുന്ന കറുപ്പു നിറത്തോടുകൂടിയ മിനുസപ്പെടുത്തിയ പാത്രങ്ങളുടെയും (1000 ബി.സി.) അയോദ്ധ്യയിലെ സുംഗ, കുശാന, ഗുപ്ത, ഗുപ്താനന്തര കാലഘട്ടങ്ങളിലെ സാംസ്‌കാരിക അവശിഷ്ടങ്ങളുടെയും വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു. തെക്കുവടക്കായി 50 മീറ്റര്‍ നീളമുള്ള ഒരു വലിയ കെട്ടിടം എഡി 11-12 നൂറ്റാണ്ടില്‍ നിലനിന്നതായും എ.എസ്.ഐ. റിപ്പോര്‍ട്ട് നിരീക്ഷിച്ചു. ഈ തലത്തിലുള്ള 50 സ്തംഭങ്ങളുടെ അടിത്തറകളില്‍ നാലെണ്ണം കണ്ടെത്തി. ചുരുങ്ങിയത് മൂന്നു നിലകളും അവയ്ക്കു മുകളില്‍ തൂണുകളില്‍ ഒരു വലിയ ഹാളും ഉള്ള കെട്ടിട സമുച്ചയമാണ് ഇവിടെ ഉണ്ടായിരുന്നത്. 1992ല്‍ തകര്‍ക്കപ്പെടുന്നതുവരെ നിലനിന്ന 16-ാം നുറ്റാണ്ടിലെ തര്‍ക്കമന്ദിരത്തിന്റെ അടിയില്‍ 10-ാം നൂറ്റാണ്ടിലെ ഒരു വലിയ ക്ഷേത്രത്തിന്റെ സവിശേഷതകള്‍ കണ്ടെത്തിയതായി ഡോ.ബി.എസ്. മണിയും സഹപ്രവര്‍ത്തകരും അവരുടെ ഉദ്ഖനന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. ഒടുവില്‍ 2003 ആഗസ്റ്റ് 25ന് അലഹബാദ് ഹൈക്കോടതിയില്‍ ഈ കണ്ടെത്തലുകളെ കുറിച്ചുള്ള പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് മുംബൈയില്‍ നടന്ന സ്‌ഫോടന പരമ്പരകളില്‍ 46 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തു. ഇത് ദുരന്തപൂര്‍ണ്ണമായ യാദൃച്ഛികതയായിരുന്നു.
2003 ജനുവരിയില്‍ കനേഡിയന്‍ ഭൂഭൗതിക ശാസ്ത്രജ്ഞനായ ക്ലോഡ് റോബില്ലാര്‍ഡ് ഭൂമിക്കടിയിലെ വസ്തുക്കള്‍ കാണാന്‍ കഴിയുന്ന റഡാര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ അയോദ്ധ്യയിലെ ഈ കെട്ടിടം സ്വതന്ത്രമായ തറയില്‍ നിര്‍മ്മിച്ചതല്ലെന്നും മറ്റൊരു കെട്ടിടത്തിന്റെ അസ്ഥിവാരത്തിനു മുകളില്‍ നിര്‍മ്മിച്ചതാണെന്നും തിരിച്ചറിഞ്ഞു. റാഡാര്‍ സര്‍വ്വെ ഇങ്ങനെ ഉപസംഹരിച്ചു. ”പള്ളിയുടെ അടിയില്‍ മറ്റൊരു കെട്ടിടത്തിന്റെ ഭാഗങ്ങളുണ്ട്. അവ 0.5 മുതല്‍ 5.5വരെ മീറ്റര്‍ ആഴത്തിലും പ്രാചീനവും സമകാലികവുമായ തൂണുകള്‍, അടിത്തറ ഭിത്തികള്‍, തറയോടുകള്‍ തുടങ്ങിയവ സ്ഥലത്തിന്റെ ഒരു വലിയ ഭാഗത്ത് വ്യാപിച്ചുകിടക്കുന്നവയുമാണ്.” പുരാവസ്തു സവിശേഷതകളുടെ കാഴ്ചപ്പാടില്‍ സ്ഥലത്തിന്റെ അടിയില്‍ വലിയ വ്യത്യാസങ്ങള്‍ കണ്ടെത്തിയതായും റോബില്ലാര്‍ഡ് പറഞ്ഞു.
ടോജോ-വികാസ് ലിമിറ്റഡ് നടത്തിയ ഭൂമിക്കടിയിലെ വസ്തുക്കള്‍ കാണുന്ന റഡാര്‍ സര്‍വ്വെയില്‍ കാണപ്പെട്ട വ്യത്യാസങ്ങള്‍ പരിശോധിക്കുന്നതിന് എ.എസ്.ഐ 90 കിടങ്ങുകളില്‍ ഉദ്ഖനനം നടത്തി. അയോദ്ധ്യയിലെ തര്‍ക്കമന്ദിരസ്ഥലത്ത് ഉത്തരദേശത്തെ കറുത്ത, മിനുസപ്പെടുത്തിയ പാത്രങ്ങള്‍ ഉപയോഗിച്ചിരുന്നവരാണ് 1000 ബിസിക്കും 300 ബിസിക്കും ഇടയില്‍ ജീവിച്ചിരുന്നതെന്നും ഈ ഉദ്ഖനനങ്ങളില്‍ നിന്നു കണ്ടെത്തി. ഈ കാലഘട്ടത്തെ കെട്ടിടഭാഗങ്ങള്‍, ഉദ്ഖനനം ചെയ്ത ചെറിയ പ്രദേശത്ത് കണ്ടെത്തിയില്ലെങ്കിലും ഭൗതിക സംസ്‌കാരം സൂചന നല്‍കുന്നത് കളിമണ്ണിലുള്ള പുരാതനമായ സ്ത്രീ ദേവതകളുടെ സവിശേഷതകളും കളിമണ്ണിലും ഗ്ലാസിലുമുള്ള ശില്പങ്ങള്‍, ചക്രങ്ങള്‍, നിവേദ്യ പാത്രങ്ങള്‍ എന്നിവയെ കുറിച്ചുമാണ്. അശോകന്റെ കാലത്തെ ബ്രാഹ്മിയില്‍ വൃത്താകൃതിയിലുള്ള ഒരു രാജമുദ്രയും പ്രധാന കണ്ടുപിടുത്തങ്ങളില്‍ ഉള്‍പ്പെടുന്നു.
1976-77ല്‍ അയോദ്ധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് പ്രദേശത്ത് ഉദ്ഖനനം നടത്തിയ രാമായണ പദ്ധതി സംഘത്തില്‍ പ്രശസ്ത ആര്‍ക്കിയോളജിസ്റ്റ് കെ.കെ. മുഹമ്മദും ഉള്‍പ്പെട്ടിരുന്നതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ മുന്‍ ഡയരക്ടര്‍ ജനറല്‍ പ്രൊഫ. ബി.ബി. ലാലും മറ്റ് മൂന്നു പേരും 2019 ഒക്‌ടോബറില്‍ വ്യക്തമാക്കി. അയോദ്ധ്യയില്‍ ഉദ്ഖനനം നടത്തിയ സംഘത്തില്‍ കെ.കെ. മുഹമ്മദ് ഉള്‍പ്പെട്ടിരുന്നില്ലെന്നു പറഞ്ഞ് അലിഗര്‍-ഇടത് ചരിത്രകാരന്മാര്‍ ഉയര്‍ത്തിയ വിവാദത്തിന് ഇതോടെ വിരാമമായി. അയോദ്ധ്യയില്‍ ബാബറി കെട്ടിടം നിര്‍മ്മിക്കുന്നതിനുമുമ്പ് വിഷ്ണുവിന്റെ ഒരു ക്ഷേത്രം നിലനിന്നിരുന്നതായി കെ.കെ. മുഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്.
എന്തായാലും സുപ്രീംകോടതിയുടെ അന്തിമ വിധിയ്ക്ക് നിര്‍ണ്ണായകമായ തെളിവുകളായത് പുരാവസ്തു അവശിഷ്ടങ്ങളാണെന്ന് നിസ്തര്‍ക്കം പറയാം.
(വിവ: സി.എം. രാമചന്ദ്രന്‍)