രാമന്‍മൂത്താശാരി മരിച്ച വിവരം ശങ്കരനാണ് മുത്തശ്ശിയോടു വന്നു പറഞ്ഞത്.
”എപ്പഴായിരുന്നു ശങ്കരാ?”
”ഇന്ന് വെളുപ്പിനാ വല്യമ്രാളെ”
”നന്നായി.”
കോലായില്‍ കാലു നീട്ടിയിരിക്കുന്ന മുത്തശ്ശിയോടു ചേര്‍ന്നിരിക്കുകയായിരുന്നു ഞാന്‍.
”കഷ്ടായി എന്നല്ലെ മുത്തശ്ശീ പറയ്ാ”
”മൂത്താശാരി ‘മരിച്ചതല്ലാ അപ്പൂ. ജനിച്ചതാ’. പക്ഷവാതം പിടിച്ചു കെടക്കായിരുന്നില്ലേ മൂത്താശാരി. ഒരു മകനുണ്ട്, ശ്രീധരന്‍. ഒരു പ്രയോജനോല്ല്യ. അവന് അച്ഛനെ നോക്കാന്‍ നേരല്ല്യ. അനങ്ങാന്‍ വയ്യാതെ കിടക്കുന്ന ആളെ തിരിച്ചും മറിച്ചും കിടത്തണം. തുണി മാറ്റണം. തുണി നനച്ച് ദേഹം തുടച്ചു കൊടുക്കണം. ആരെങ്കിലും വേണ്ടെ?
അവന്റെ കെട്ട്യോളാണെങ്കില്‍ സമയാസമയം ഭക്ഷണം കൊടുക്കില്ലാന്നാ കേട്ടത്. കിടക്കപ്പുണ്ണും വന്നൂത്രെ”
”കഷ്ടല്ലേ മുത്തശ്ശീ”
” ‘മുത്തപ്പന് കുത്തിയ പാള അപ്പന്’. അതെങ്കിലും ഓര്‍ക്കണ്ടെ ശ്രീധരന്‍?”
ആ കഥ പറയുകയായിരുന്നു മുത്തശ്ശി.
പണ്ടൊരു വീട്ടില്‍ വയസ്സേറെച്ചെന്ന ഒരു മുത്തശ്ശനുണ്ടായിരുന്നു. ആയകാലത്ത് പണിയെടുത്ത് കുടുംബം പോറ്റി. മക്കളെ വളര്‍ത്തി വലുതാക്കി. പണിക്കു പോകാന്‍ വയ്യാതായപ്പോള്‍ വീട്ടിലിരിപ്പായി. തള്ള നേരത്തേ പോയി. മക്കള്‍ക്ക് അപ്പനെ വേണ്ട. എവിടേയെങ്കിലും കൊണ്ടുപോയി കളയാനും വയ്യ. നാട്ടുകാരെന്തു പറയും!
കുടുംബത്ത് പാവം മുത്തശ്ശന്‍ അധികപ്പറ്റായി. കിണ്ണത്തിലൊന്നും മുത്തശ്ശന് കഞ്ഞി കൊടുക്കില്ല. കവുങ്ങിന്റെ പാള മുറിച്ച് അതുകൊണ്ടൊരു പാത്രമുണ്ടാക്കി അതിലാണ് കഞ്ഞി വിളമ്പുന്നത്.
ഒരു ദിവസം മുത്തശ്ശന്‍ മരിച്ചു. മുത്തശ്ശന്റെ കട്ടിലിന്റെ അടിയില്‍ വെച്ച പാളക്കിണ്ണം തൊടിയിലേക്കു വലിച്ചെറിയാന്‍ തുടങ്ങുകയായിരുന്നു മകന്‍. മകന്റെ മകന്‍ അതു കണ്ടു.
”അപ്പാ, മുത്തപ്പന്റെ പാളയല്ലെ. കളയണ്ട. സൂക്ഷിച്ചു വെച്ചോ”
”എന്തിനാടാ?”
”ഈ പാള അപ്പനാണ്. വയസ്സുകാലത്ത് കഞ്ഞി കുടിക്കാന്‍”.