കേരളത്തിന്റെ സമഗ്രവികാസത്തിന് ഇടയാക്കുമെന്നു കരുതപ്പെടുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമായതിനു പിന്നില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയും വികസനത്തോടുള്ള പ്രതിബദ്ധതയുമാണുള്ളത്. കേന്ദ്രത്തിലും സംസ്ഥാനത്തിലും കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്ത് ഒച്ചിന്റെ വേഗതയില്‍ ഇഴഞ്ഞിരുന്ന പദ്ധതി വിജയം കാണുമ്പോള്‍ അതിന്റെ പിതൃത്വം അവകാശപ്പെടാന്‍ അവര്‍ക്ക് യാതൊരു അര്‍ഹതയുമില്ല. 10 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന യു.പി.എ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിനു വേണ്ടി യാതൊന്നും ചെയ്തിരുന്നില്ല. അതുപോലെ പ്രതിപക്ഷത്തായിരുന്നപ്പോഴൊക്കെ ഈ പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ വിജയത്തില്‍ എന്തെങ്കിലും പങ്ക് അവകാശപ്പെടാനാവില്ല. പദ്ധതിയെ തകര്‍ക്കാന്‍ ചില വിദേശ ശക്തികളും അവരുടെ പാവകളായ മതഭീകര ശക്തികളും പരസ്യമായി രംഗത്തുവന്നപ്പോള്‍ അവരെ എതിര്‍ക്കാന്‍ പോലും തയ്യാറാകാത്തവരാണിവര്‍. 2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് വിഴിഞ്ഞം പദ്ധതിക്കു ജീവന്‍ വെച്ചത്. എല്ലാ പ്രതിബന്ധങ്ങളെയും തട്ടി മാറ്റി അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതും മോദിസര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ളതുകൊണ്ടു മാത്രമാണ്.
വിഴിഞ്ഞത്ത് ഒരു വലിയ തുറുമുഖം വേണമെന്ന ആശയത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ടെങ്കിലും അത് യാഥാര്‍ത്ഥ്യമാക്കാന്‍ കേരളത്തില്‍ മാറി മാറി അധികാരത്തിലിരുന്ന ഇടത് – വലത് മുന്നണികള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തറക്കല്ലിട്ടതെങ്കിലും അയ്യായിരം കോടി രൂപയുടെ അഴിമതി ആരോപണം വന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടു. വിഴിഞ്ഞം ഒരു അന്താരാഷ്ട്ര തുറമുഖമായി മാറുന്നത് സ്വന്തം താല്പര്യങ്ങള്‍ക്ക് എതിരാവുമെന്നു കണ്ട ചൈന അടക്കമുള്ള വിദേശ രാജ്യങ്ങള്‍ ഈ പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഒരു മതവിഭാഗത്തെ പദ്ധതിക്കെതിരാക്കി അവരെ കൊണ്ട് സമരം ചെയ്യിച്ചതിനു പിന്നില്‍ രാജ്യാന്തര ഗൂഢാലോചന നടന്നതായി സംശയിക്കപ്പെടുന്നുണ്ട്. മതവിഭാഗത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയിരുന്ന സമരം വിഴിഞ്ഞത്തേക്കു മാറ്റുകയും പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു തകര്‍ക്കുകയും ചെയ്തിട്ടും അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഇടത് സര്‍ക്കാര്‍ തയ്യാറായില്ല.
എത്രയും വേഗം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ ശ്രമമാണ് ഇന്ന് വിജയം കാണുന്നതിലേക്ക് വിഴിഞ്ഞത്തെ എത്തിച്ചത്.
തിരുവനന്തപുരം നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലത്തില്‍ ദേശീയ പാതക്കും രാജ്യാന്തര വിമാനത്താവളത്തിനും സമീപത്തായി സ്ഥിതിചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന് രാജ്യാന്തര കപ്പല്‍ പാതയുമായി 10 നോട്ടിക്കല്‍ മൈല്‍ ദൂരം മാത്രമാണുള്ളത്. 2 കിലോമീറ്റര്‍ നീളമുള്ള ബര്‍ത്തും 3.2 കിലോമീറ്റര്‍ ദൂരമുള്ള പുലിമുട്ടും ഉള്‍പ്പെടെ 7700 കോടി രൂപയുടെ പദ്ധതിയാണിത്. 60 ശതമാനം വിഹിതം തുറമുഖം നിര്‍മ്മിക്കുന്ന അദാനി ഗ്രൂപ്പും 20 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വഹിക്കുന്ന വിധത്തില്‍ ഒരു പൊതു-സ്വകാര്യ സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരതത്തിലെ ഏറ്റവും വലിയ ആഴക്കടല്‍ തുറമുഖമായ ഇവിടെ ലോകത്തിലെ ഏതു വലിയ കപ്പലുകള്‍ക്കും നങ്കൂരമിടാന്‍ കഴിയും. മുന്‍കാലങ്ങളില്‍ 5 തവണ ടെന്‍ഡര്‍ നടപടികള്‍ ഉണ്ടായെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഒരു ചൈനീസ് കണ്‍സോര്‍ഷ്യത്തെ തുറമുഖത്തിന്റെ പണി ഏല്പിക്കാന്‍ ശ്രമം നടന്നിരുന്നു. തന്ത്രപ്രധാനമായ സ്ഥലത്ത് ചൈനീസ് സാന്നിദ്ധ്യമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ രാജ്യരക്ഷാ വകുപ്പിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അതു നടക്കാതെ പോയത്. 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ടെന്‍ഡര്‍ നടപടികള്‍ സുഗമമാക്കുകയും പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പ്രഖ്യാപിക്കുകയും ചെയ്തതാണ് പദ്ധതിയെ വിജയത്തിലെത്തിച്ചത്.
തമിഴ്‌നാട്ടിലെ കൂടംകുളം താപനിലയത്തിന്റെ അനുഭവവും മോദി സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 ല്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കേന്ദ്രവുമായി സഹകരിച്ചാണ് ആ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. അതിനെതിരെ നിക്ഷിപ്ത താല്പര്യക്കാര്‍ ശക്തമായ സമരം നടത്തിയിരുന്നു. ഈ പദ്ധതിയെ അട്ടിമറിക്കാന്‍ അച്യുതാനന്ദനെ പോലുള്ള സി.പി.എം നേതാക്കള്‍ അവിടെ പോയി സമരം നടത്തുന്നവര്‍ക്ക് പിന്തുണ നല്‍കിയിരുന്നു. കേരളത്തിലെ ചില മാധ്യമങ്ങളും കൂടംകുളം താപനിലയത്തിന് എതിരായിരുന്നു. എന്നാല്‍ ഇന്ന് അവിടെ ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 30 % മുതല്‍ 40% വരെ ഉപയോഗിക്കുന്നത് കേരളമാണ്. കേരളത്തില്‍ പതിവായിരുന്ന പവര്‍കട്ടും ലോഡ് ഷെഡ്ഡിങ്ങും ഇല്ലാതായതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ വിഴിഞ്ഞം തുറമുഖം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുന്നതോടെ കേരളത്തിന് അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുമെന്നത് തീര്‍ച്ചയാണ്. നികുതിയിനത്തില്‍ മാത്രം സംസ്ഥാന സര്‍ക്കാരിന് 400 കോടിയോളം രൂപ പ്രതിവര്‍ഷം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2027 ല്‍ പ്രവര്‍ത്തനം പൂര്‍ണ്ണ സജ്ജമാകുന്നതോടെ തുറമുഖത്തിന് 2500 കോടി രൂപ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അടിസ്ഥാന വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്. വിഴിഞ്ഞം സീ പോര്‍ട്ടിന്റെ മാനേജിംഗ് ഡയരക്ടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 338 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ 16 കോടി രൂപമാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. അതും 6 മാസം കാത്തിരുന്ന ശേഷമാണ് അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വിഴിഞ്ഞത്തെ ബാധിക്കാതിരിക്കാന്‍ പ്രത്യേക പരിശ്രമം ആവശ്യമാണ്. രാഷ്ട്രീയ താല്പര്യങ്ങള്‍ മാറ്റിവെച്ച് വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കുകയാണ് സംസ്ഥാനം ചെയ്യേണ്ടത് എന്ന പാഠമാണ് വിഴിഞ്ഞം നല്‍കുന്നത്.