കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി തമിഴ്‌നാട്ടില്‍ ഭരണം കയ്യാളി അവിടത്തെ ജനങ്ങളുടെ ഭാഗധേയം നിര്‍ണയിച്ചു പോരുന്നത് ദ്രാവിഡ കക്ഷികള്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ മുതലായ രാജനൈതിക സംഘടനകളാണ്. ജാതീയത, ഉച്ചനീചത്വം, ജാതിയുടെയും മറ്റും പേരില്‍ നടക്കുന്ന വിവേചനം എന്നിവയെ ഇല്ലായ്മ ചെയ്ത് എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുകയാണ് ഈ കക്ഷികളുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍, നീണ്ട ആറു പതിറ്റാണ്ടുകാലത്തെ തുടര്‍ച്ചയായ ഭരണം കൊണ്ട് അവര്‍ക്ക് ഈ ലക്ഷ്യം എത്രത്തോളം സാക്ഷാത്കരിക്കാനായി എന്നത് വസ്തുതാപരമായ യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോഴാണ് ഈ വിഷയത്തില്‍ അവരുടെ കാപട്യം നമുക്ക് ബോധ്യപ്പെടുക.
2023 ഫെബ്രുവരി 13-ന് ഇപ്പോഴത്തെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ ഈ വിഷയത്തെക്കുറിച്ച് വ്യക്തമാക്കിയ കാര്യങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രം പ്രസിദ്ധീകരിച്ചത് ഇപ്രകാരമാണ് ”സാമൂഹ്യമായ വിവേചനത്തിന്റെ കാര്യത്തില്‍ നാം ചെയ്തത് എന്താണ്? ഇവിടെ നാം സാമൂഹ്യനീതിയെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോള്‍ തന്നെ ദിവസേനയെന്നോണം ദളിതര്‍ നേരിടുന്ന അതിക്രൂരമായ പീഡനങ്ങളുടെ വാര്‍ത്തകളാണ് പുറത്തു വരുന്നത്. ദളിതര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ കാര്യത്തില്‍ പോലീസും ക്രിമിനല്‍ നീതി വ്യവസ്ഥയും തികഞ്ഞ അലംഭാവമാണ് പ്രകടിപ്പിക്കുന്നത്. ആ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് നേരേയുണ്ടാകുന്ന ലൈംഗികാതിക്രമണങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ ശതമാനം കേവലം 7 ആണ്.”
ഒരു സര്‍ക്കാരേതര സന്നദ്ധസേവന സംഘടന (എന്‍.ജി.ഒ) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 2023 ജൂലായ് 16ന് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യം ഇപ്രകാരമാണ്: ”2022 നവംബര്‍ തൊട്ട് 2023 ജനുവരി മാസം വരെ സംസ്ഥാനത്ത് ദളിതര്‍ക്കെതിരെ ഉണ്ടായ അതിക്രമങ്ങളുടെ എണ്ണം ഭയാനകമായി വര്‍ദ്ധിച്ചിട്ടുണ്ട്. പട്ടികജാതി – പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം ഏകദേശം 450 കേസുകളാണ് ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
2023 ആഗസ്റ്റ് 9ന് ആണ് തിരുനല്‍വേലിയിലെ നാങ്കുനേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത 7 സഹപാഠികള്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ചിന്നദുരൈ, 14 വയസ്സുള്ള അയാളുടെ സഹോദരി എന്നിവരെ രാത്രി അവരുടെ വീട്ടില്‍ ചെന്ന് ആക്രമിച്ചത്. ജാതിപ്പേര് പറഞ്ഞ് ചിന്നദുരൈയെ നിരന്തരം അവഹേളിച്ചതിന്റെ പേരില്‍ അയാളുടെ അമ്മ ക്ലാസ് ടീച്ചറോട് പരാതിപ്പെട്ടത്തിന്റെ പേരിലായിരുന്നു ഈ അതിക്രമം. തമിഴ്‌നാട്ടില്‍ ജാതിയുടെ പേരിലുള്ള വിവേചനത്തിന്റെയും അതിക്രമങ്ങളുടെയും പട്ടിക വളരെ നീണ്ടതാണ്. ഇതിലൂടെ പ്രകടമാകുന്നത് അവിടത്തെ സര്‍ക്കാരിന്റെ തികഞ്ഞ പരാജയമാണ്.
ഇനി നമുക്ക് രാഷ്ട്രീയ സ്വയംസേവക സംഘം മറ്റെല്ലായിടങ്ങളിലുമെന്നപോലെ തമിഴ്‌നാട്ടില്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന രണ്ട് ഉദാഹരണങ്ങള്‍ മാത്രം നോക്കാം.
1981ല്‍ തമിഴ്‌നാട്ടിലെ മീനാക്ഷീപുരത്ത് നടന്ന കൂട്ട മതംമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ അവിടത്തെ സര്‍ക്കാര്‍ സംസ്ഥാനത്തെ 5000 ക്ഷേത്രങ്ങളില്‍ എല്ലാ ജാതിയിലും പെട്ട ഹിന്ദുക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ജാതിയുടെ പേരിലുള്ള വിവേചനം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മിശ്രഭോജനം ഏര്‍പ്പാടാക്കി. എന്നാല്‍ ഇത് സര്‍ക്കാരിന്റെ ഒരു തട്ടിപ്പാണെന്ന് കരുതി പലയിടങ്ങളിലും ഹരിജനങ്ങള്‍ ഈ മിശ്രഭോജനത്തില്‍ സംബന്ധിച്ചില്ല. അവസാനം, സംഘസ്വയംസേവകര്‍ മുന്നിട്ടിറങ്ങിയാണ് അവരെ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുകയും പരിപാടി വിജയിപ്പിക്കുകയും ചെയ്തത്. തമിഴ്‌നാട്ടിലെ നോര്‍ത്ത് ആര്‍ക്കോട്ട് ജില്ലയിലെ മാടപ്പള്ളി എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഘത്തിന്റെ സായം ശാഖയില്‍ ഒരു ദിവസം അവിടത്തെ ദ്രാവിഡ കഴകത്തിന്റെ നേതാവ് സ്വയംസേവകര്‍ക്ക് വിതരണം ചെയ്യാന്‍ കുറെ മധുരപലഹാരങ്ങളുമായി എത്തി. ഇത് സ്വയംസേവകരെ അമ്പരപ്പിച്ചു. ഏതായാലും, ശാഖ അവസാനിച്ച ശേഷം കാര്യവാഹ് സ്വയംസേവകരെയെല്ലാം ഒരുമിച്ച് കൂട്ടി. ഈ സന്ദര്‍ഭത്തില്‍, താനെന്തുകൊണ്ട് മധുരപലഹാരങ്ങളുമായി ശാഖയിലെത്തി എന്നതിനെക്കുറിച്ച് ആ നേതാവ് വിശദീകരിച്ചത് ഇപ്രകാരമായിരുന്നു.
”ഞാന്‍ വളരെ നാളുകളായി നിങ്ങളുടെ പരിപാടി നിരീക്ഷിക്കുന്നു. ഞങ്ങളുടെ നേതാവായ, പെരിയാര്‍ ഇ.വി.രാമസ്വാമി നായ്ക്കരുടെ സ്വപ്‌നമാണ് നിങ്ങളിവിടെ സാക്ഷാത്ക്കരിക്കുന്നത്.” ഇത് കേട്ടപ്പോള്‍ സ്വയംസേവകരുടെ ആശ്ചര്യം വര്‍ദ്ധിച്ചു. അദ്ദേഹം തുടര്‍ന്നു: ”പെരിയാര്‍ ദ്രാവിഡ കഴകം ആരംഭിച്ചത് ജാതിചിന്തയെ അകറ്റി ജാതിരഹിത സമൂഹത്തെ സൃഷ്ടിക്കാനാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ ജാതിയുടെ പേരിലുള്ള വെറുപ്പും വിദ്വേഷവും അനുദിനം കൂടിവരികയാണ്. ഈ രോഗം ദ്രാവിഡ കഴകത്തെപ്പോലും ബാധിക്കുകയും അത് ശൈഥില്യത്തെ നേരിട്ടുകൊണ്ടിരിക്കുകയുമാണ്. എന്നാല്‍, നിങ്ങളുടെ ശാഖയില്‍ ബ്രാഹ്‌മണ അഗ്രഹാരങ്ങളില്‍ നിന്നെത്തുന്ന കുട്ടികള്‍ ചേരിപ്രദേശത്ത് താമസിക്കുന്ന അധഃസ്ഥിത വിഭാഗത്തിലെ കുട്ടികളോടൊപ്പം ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഒരുമിച്ച് കളിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍, പെരിയാര്‍ ആഗ്രഹിച്ചതും ഈ കാഴ്ച കാണുവാനാണ്!”