2018ല്‍ തമിഴ് നടന്‍ വിശാല്‍ നായകനായ ‘ഇരുമ്പ്തിരൈ’ എന്നൊരു സിനിമ പുറത്തിറങ്ങിയിരുന്നു. സഹോദരിയുടെ വിവാഹ ആവശ്യത്തിനായി ഒരു സ്വകാര്യ ബാങ്കില്‍ നിന്നു പണം കടമെടുക്കുന്നതും, അതിനെ തുടര്‍ന്നുണ്ടാകുന്ന സൈബര്‍ തട്ടിപ്പുകളും ഒക്കെയാണ് സിനിമയുടെ ആധാരം. 2020 ല്‍ നെറ്റ്ഫ്‌ലിക്‌സില്‍ ഖമാവേമൃമ ടമയസമ ചൗായലൃ മമ്യലഴമ എന്നൊരു സീരീസ് റീലീസ് ചെയ്തിരുന്നു. നമ്മള്‍ വളരെ വ്യാപകമായി കേട്ടിട്ടുള്ള, നമ്മുടെ ഫോണില്‍ വരുന്ന ഒടിപി (OTP) പറഞ്ഞു കൊടുത്തു പണം നഷ്ടപ്പെടുന്ന തട്ടിപ്പിനെ പരിചയപ്പെടുത്തുന്ന- ഒരുപരിധി വരെ സത്യസന്ധമായ ഒരു സീരീസ് ആയിരുന്നു അത്.
ഈ രണ്ടു കാര്യങ്ങള്‍ ആമുഖമായി പറഞ്ഞത്, ഓണ്‍ലൈന്‍ തട്ടിപ്പ് എന്നത് പുതിയ ഒരു കാര്യമല്ല എന്നു സൂചിപ്പിക്കാനാണ്. അത് വളരെ സാധാരണമായ ഒന്നായി മാറുകയും, സിനിമയ്ക്കും സീരീസിനും ഒക്കെ വിഷയമായി മാറുകയും ചെയ്തതിനുശേഷമാണ് അത് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍, അതുവഴി ലോണ്‍ എടുത്തവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വ്യാപകമായി പുറത്തു വന്നിട്ടും വീണ്ടും വീണ്ടും പലഭാവങ്ങളില്‍ പലരീതികളില്‍ പലരൂപത്തില്‍ ഇത്തരം തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുകയും ലക്ഷക്കണക്കിന് ആളുകള്‍ ഇതിന്റെ ഇരകളാവുകയും ചെയ്യുന്നു. അതില്‍ സാധാരണക്കാര്‍ മാത്രമല്ല സമൂഹത്തിന്റെ എല്ലാ മേഖലയില്‍ നിന്നുള്ളവരും ഉണ്ട്.
കഴിഞ്ഞ ആഴ്ച എറണാകുളം കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യ ചെയ്ത ദാരുണ സംഭവം ശരിക്കും ഞെട്ടിക്കുന്നതാണ്. ഓണ്‍ലൈന്‍ വായ്പാ ആപ്പില്‍ നിന്നു പണം എടുത്തശേഷം തിരിച്ചടവ് മുടങ്ങിയതിന് ഭീഷണിപ്പെടുത്തുകയും, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതില്‍ മനംനൊന്താണ് ആ കുടുംബം ആത്മഹത്യ ചെയ്തത്. അവര്‍ മരിച്ചു മണിക്കൂറുകള്‍ക്കു ശേഷവും അവരുടെ ഫോണിലുള്ള മറ്റുള്ളവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട മെസ്സേജുകള്‍, ചിത്രങ്ങള്‍ എന്നിവ വരുന്നുണ്ടായിരുന്നു. നിയമസംവിധാനത്തെയും അന്വേഷണ എജന്‍സികളെയും എവിടെയോ ഇരുന്നു വെല്ലുവിളിക്കുന്ന കാഴചയാണ് ഇവിടെ കാണുന്നത്.
നേരത്തെ വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ആളുകള്‍ ആത്മഹത്യ ചെയ്യുന്ന അവസ്ഥകള്‍ ഒരുപാട് നമ്മള്‍ കണ്ടിട്ടുണ്ട്. അതിലും ഭീകരമായ ഒരു സാഹചര്യത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. ഇതു കേവലം ഒരു കുടുംബത്തിന്റെ മാത്രം പ്രശ്നമല്ല, നിരവധി പേര്‍ ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങി ജീവിതം വഴിമുട്ടിനില്‍പ്പുണ്ട്. സൈബര്‍ സെല്ലിന് ഈ വര്‍ഷം ഇതുവരെ പതിനഞ്ചായിരത്തോളം പരാതികളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ടു ലഭിച്ചത്.
തട്ടിപ്പിന്റെ രീതി
നമ്മുടെ നാട്ടില്‍ ധാരാളം ബാങ്കുകള്‍, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഒക്കെ ഉണ്ടായിട്ടും, എന്തുകൊണ്ടാണ് ആളുകള്‍ ഓണ്‍ലൈന്‍ വായ്പാ ആപ്പുകളെ ആശ്രയിക്കുന്നത് എന്നു ചിന്തിക്കുമ്പോഴാണ് ഇതിന്റെ കാരണം മനസ്സിലാകുന്നത്. കേരളത്തില്‍ ഏകദേശം എല്ലാ പഞ്ചായത്തിലും ഒരു ബാങ്കോ, അംഗീകൃത ധനകാര്യ സ്ഥാപനമോ ഉണ്ടാകും. അപ്പോഴും സാധാരണക്കാരനെ സംബന്ധിച്ച് അവരുടെ പെട്ടെന്നുള്ള ഒരു ആവശ്യത്തിന് ഒരു തരത്തിലുമുള്ള നൂലാമാലകള്‍ ഇല്ലാതെ പണം ലഭ്യമാകാന്‍ പലിശക്കാര്‍ വഴിയും ഇത്തരം ഓണ്‍ലൈന്‍ വായ്പ ആപ്പുകള്‍ വഴിയും കഴിയും എന്നിടത്താണ് ഇതിന്റെ വ്യാപനം സാധ്യമാകുന്നത്.
1000 രൂപ മുതല്‍ ഇത്തരം വായ്പ ആപ്പുകളില്‍ ലോണ്‍ ലഭ്യമാണ്. ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് അതില്‍ നമ്മുടെ വ്യക്തി വിവരങ്ങള്‍, ആധാര്‍, പാന്‍കാര്‍ഡ് എന്നിവ കൊടുക്കുമ്പോള്‍ നിമിഷങ്ങള്‍ കൊണ്ട് തന്നെ ലോണ്‍ ലഭ്യമാകുന്നു. സിബില്‍ സ്‌കോര്‍, സാലറി സര്‍ട്ടിഫിക്കറ്റ്, വരുമാനത്തിന്റെ രേഖകള്‍ ഒന്നും ആവശ്യമില്ല. നമ്മുടെ ഫോണില്‍ നമ്മുടെ സൗകര്യത്തിന്, ആവശ്യമുള്ള പണം ലഭ്യമാകുന്നു എന്നതാണ് ഇതിന്റെ ആകര്‍ഷണീയത. ഏഴ് ദിവസം മുതല്‍ വര്‍ഷങ്ങള്‍ വരെ തിരിച്ചടവ് കാലവധിയും ലഭ്യമാകുന്നു. അപ്പോള്‍ പെട്ടെന്ന് ഒരു 10,000 രൂപ വേണം, 7 ദിവസം കൊണ്ടു തിരിച്ചടയ്ക്കാം എന്നു വിചാരിക്കുന്ന ഒരാള്‍ക്ക് വളരെ പെട്ടെന്ന് പണം അക്കൗണ്ടില്‍ വരുന്നു.
എന്നാല്‍ കേള്‍ക്കുന്ന പോലെ അത്ര സുഖകരമല്ല കാര്യങ്ങള്‍. 10,000 രൂപ ലോണിന് അപേക്ഷിക്കുന്നവര്‍ക്ക് ലഭിക്കുന്നത് 8000 രൂപയാകും, ബാക്കി പ്രോസസ്സിംഗ് ഫീസായി നല്‍കണം. 8,000 രൂപ കിട്ടുന്നവര്‍ 80,000 രൂപ തിരിച്ചടച്ചാലും ലോണ്‍ തീരില്ല. നിലവില്‍ ലോണ്‍ എടുത്ത ആപ് തന്നെ ഈ ലോണ്‍ തീര്‍ക്കാന്‍ മറ്റൊരു ആപ് പരിചയപ്പെടുത്തും, അപ്പോള്‍ ഈ ലോണ്‍ തീര്‍ക്കാന്‍ പുതിയതില്‍ നിന്നു ലോണ്‍ എടുക്കും, അതിന്റെ തീര്‍ക്കാന്‍ അടുത്തതില്‍ നിന്ന്. അങ്ങനെ അങ്ങനെ ആപ്പുകളുടെ എണ്ണം കൂടും. അങ്ങനെ 4000 എടുത്തവര്‍ 1,60,000 രൂപ വരെ തിരിച്ചടച്ചിട്ടും തീരാത്ത വായ്പ്പകള്‍ നിലവിലുണ്ട്. ഒരു ആപ്പില്‍ നിന്നു തുടങ്ങി 12 ല്‍ അധികം ആപ്പ് വരെ എത്തിയവരും ഉണ്ട്. അമ്പത് ശതമാനത്തിലധികമാണ് ഏറ്റവും കുറഞ്ഞ പലിശ.
തിരിച്ചടവ് മുടങ്ങുമ്പോള്‍ ഭീഷണി, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുക, ഫോണ്‍ ലിസ്റ്റിലുള്ള മറ്റുള്ളവര്‍ക്ക് മെസ്സേജുകള്‍ അയക്കുക, ഇത്തരം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അവര്‍ക്ക് അയച്ചു കൊടുക്കുക പോലുള്ള രീതികള്‍ ഉപയോഗിക്കുന്നു. കാരണം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ എന്താണ് വ്യവസ്ഥകള്‍ എന്നു പോലും നോക്കാതെ ആണ് നമ്മള്‍ ഓരോന്നിനും – അനുവാദം (allow) കൊടുക്കുന്നത്. അതോടെ നമ്മുടെ ഫോണ്‍ അവരുടെ നിയന്ത്രണത്തില്‍ ആകുന്നു. മുന്‍പ് ഒടിപി ഉപയോഗിച്ചു പണം തട്ടുന്ന തട്ടിപ്പിലും, ഇത്തരത്തില്‍ നമ്മുടെ ഫോണ്‍ ഹാക്ക് ചെയ്തു ഫോണിലെ മെസ്സേജില്‍ നിന്നു ഒടിപി എടുക്കുന്ന രീതിയുണ്ടായിരുന്നു. ഇന്ന് ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ സര്‍വ്വ സന്നാഹങ്ങളുമായാണ് തട്ടിപ്പുകാര്‍ തയ്യാറെടുത്തു കാത്തിരിക്കുന്നത്. ഖമാമേൃമ എന്നു മുന്‍പ് സൂചിപ്പിച്ച സീരീസ് കാണുകയാണെങ്കില്‍ ഇക്കാര്യത്തില്‍ ഒരു പരിധിവരെയുള്ള കാര്യങ്ങള്‍ നമ്മള്‍ക്ക് മനസ്സിലാകും.
ഇതു കേവലം ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ വഴി മാത്രമല്ല, ചില ഗെയിമിംഗ് ആപ്പുകള്‍ – ഉദാ: ഓണ്‍ലൈന്‍ റമ്മി – കുട്ടികള്‍ ഉപയോഗിക്കുന്ന ചില ഗെയിമിംഗ് ആപ്പുകള്‍ ഒക്കെ ഇത്തരത്തില്‍ പണം തട്ടുന്നുണ്ട്. കൂടാതെ ജോലി നല്‍കാം എന്ന് ഉറപ്പു കൊടുത്തുകൊണ്ടുള്ള തട്ടിപ്പുകളും വ്യാപകമാണ്. അതിനു വേണ്ടി ആദ്യമേ പണം വാങ്ങി പറ്റിക്കുന്നതും, 2000 രൂപ നല്‍കിയാല്‍ 2 കോടി രൂപയുടെ ലോട്ടറി കാത്തിരിക്കുന്നത് പോലെ ഉള്ള മെസ്സേജുകള്‍, ഫേസ്ബുക്ക്, വാട്‌സ്ആപ് വഴിയൊക്കെ സുഹൃത്തുക്കളുടെ പേരില്‍ പണം ആവശ്യപ്പെടുക ഒക്കെ തട്ടിപ്പിന്റെ പല മുഖങ്ങള്‍ ആണ്.
Happy wallet, Kartha loan, Easy Credit, Cash Bus New, Sharp എന്നിങ്ങനെ പതിനായിരത്തോളം ആപ്പുകള്‍ ആണ് ഓണ്‍ലൈനായി ഇത്തരം തട്ടിപ്പുകള്‍ നടത്താനായി പ്ലേസ്റ്റോറിലും (Playstore), അതല്ലാതെ direct link ആയും നിലവില്‍ ഉള്ളത്. ഒന്നു നിരോധിക്കുമ്പോള്‍ പേരു മാറ്റി മറ്റൊന്നായി വീണ്ടും വരുന്നു. മിക്കതിനും ഒഫീഷ്യല്‍ വെബ്‌സൈറ്റ് പോലും ഉണ്ടാവില്ല. മിക്കതിന്റെയും കേന്ദ്രം ഭാരതം പോലും ആകണമെന്നില്ല. ചൈന, കംബോഡിയ, നേപ്പാള്‍, ദുബായ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. അതുകൊണ്ടു തന്നെ ഇതിന്റെ അന്വേഷണവും പല തരത്തിലും പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരുന്നു. കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും അന്താരാഷ്ട്ര ഏജന്‍സികളും സംയുക്തമായി ശ്രമിച്ചാല്‍ മാത്രമേ ഒരു പരിധിവരെ ഇതിന്റെ ഉറവിടം കണ്ടെത്താനും കുറ്റക്കാരെ ശിക്ഷിക്കാനും സാധിക്കുകയുള്ളൂ.
ദേശസാല്‍കൃത ബാങ്കുകള്‍, മറ്റു scheduled ബാങ്കുകള്‍, സ്വകാ ര്യ ബാങ്കുകളില്‍ ഒക്കെ തിരിച്ചടവിനെയും, വരുമാനത്തിന്റെ സ്രോതസിനെയും, CIBIL സ്‌കോറിനെയും ഒക്കെ ആധാരമാക്കിയാണ് ലോണ്‍ നല്‍കുന്നത്. അതു കൃത്യമായി ഉള്ളവര്‍ക്ക് ലോണ്‍ ലഭിക്കാന്‍ ബുദ്ധിമുട്ടും ഇല്ല. പക്ഷെ അതില്ലാത്തവരെ സംബന്ധിച്ച് അവരുടെ ആവശ്യങ്ങള്‍ക്ക് ലോണ്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. പൊതുവില്‍ ഇപ്പോള്‍ കാണുന്നത് ആവശ്യമില്ലെങ്കിലും ലോണ്‍ എടുക്കുക, അതിനായി ആവശ്യങ്ങള്‍ ഉണ്ടാക്കുക എന്നതാണ്. കടം എടുക്കാനുള്ള മാനസികാവസ്ഥ കൂടുകയാണ്. തിരിച്ചടയ്ക്കാനുള്ള സാഹചര്യമുണ്ടോ എന്ന് നോക്കാതെയുള്ള കടമെടുപ്പ് ദോഷകരമാകും എന്ന് നല്ലൊരു ശതമാനവും ചിന്തിക്കില്ല. ഇത്തരം വായ്പാ ആപ്പുകള്‍ വഴി മാത്രമല്ല, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു കൊണ്ടുള്ള EMI ലോണുകള്‍, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ EMI ലോണ്‍, കാര്‍ഡുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള ഇടപാടുകള്‍ ഒക്കെ ഇന്ന് വര്‍ധിക്കുകയാണ്. ആഗസ്റ്റ് മാസത്തെ കണക്കനുസരിച്ച് രാജ്യത്ത് 148000/ കോടി രൂപയുടെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളാണ് നടന്നത്. അപ്പോള്‍ ഈ ഒരു ട്രെന്‍ഡ് വായ്പാ ആപ്പുകള്‍ക്കും സഹായകരമാണ്. അവരുടെ വലയിലേക്ക് പെട്ടെന്ന് വീഴാന്‍ ഈ ഒരു ട്രെന്‍ഡ് സഹായിക്കുന്നു.
തട്ടിപ്പിന്റെ ഒരു വഴി കണ്ടെത്തി അടച്ചാല്‍ മറ്റൊരു വഴിയില്‍ അതു വീണ്ടും വരും. അതുകൊണ്ട് സുതാര്യമല്ലാത്ത ഇത്തരം ആപ്പുകള്‍ വഴി, അതല്ലെങ്കില്‍ മറ്റു ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി കടം വാങ്ങരുത് എന്ന അവബോധം സൃഷ്ടിക്കുക എന്നത് മാത്രമാണ് ഇതിനുള്ള ഏക പരിഹാരം. നമ്മള്‍ ഇന്ന് ചര്‍ച്ച ചെയ്യുന്ന പല ഓണ്‍ ലൈന്‍ തട്ടിപ്പുകളും വര്‍ഷങ്ങളായി നിലവിലുള്ളതാണ്. എന്നിട്ടും നമ്മള്‍ വീണ്ടും അവരുടെ കെണിയില്‍ വീഴുന്നത് ഒരു പരിധി വരെ നമ്മുടെ അശ്രദ്ധ കൊണ്ട് കൂടി തന്നെയാണ്.
ആര്‍ബിഐ, സര്‍ക്കാര്‍ സംവിധാനങ്ങള്‍, പോലീസ്, നിലവിലുള്ള ബാങ്കിങ്- ധനകാര്യ സ്ഥാപനങ്ങള്‍ ഒക്കെ അവരാല്‍ കഴിയുന്ന തരത്തില്‍ പരമാവധി അവബോധം ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. നമ്മള്‍ ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ സുതാര്യമാണോ, അതിനു അംഗീകൃത വെബ്‌സൈറ്റ് ഉണ്ടോ, ആര്‍ബിഐ അംഗീകാരമുണ്ടോ എന്നൊക്കെ നമ്മള്‍ പരിശോധിക്കണം. ഏറ്റവും കുറഞ്ഞത് അതിന്റെ റേറ്റിംഗ്, റിവ്യൂ എങ്കിലും പരിശോധിക്കണം.
2022 ല്‍ playstoreല്‍ 3000 ത്തി ലധികം ഇത്തരം അനധികൃത തട്ടിപ്പ് ആപ്പുകള്‍ സര്‍ക്കാര്‍ ഇടപെട്ടു ഒഴിവാക്കിയിരുന്നു. ഒരു വര്‍ഷം മുന്‍പ് തന്നെ ഇത്തരത്തില്‍ ഉള്ള ചൈനീസ് തട്ടിപ്പ് ലോണ്‍ ആപ്പുകള്‍ നിരോധിക്കുകയും നീക്കം ചെയ്യുകയും ചെയ്തിരുന്നു, ഇവ മറ്റു പേരുകളില്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് വീണ്ടും വന്നു. ഓരോ ആപ്പുകള്‍ നമ്മുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോളും നമ്മള്‍ ശ്രദ്ധിക്കണം. അതു വായ്പാ ആപ്പുകള്‍ മാത്രമല്ല. ഏതൊരു ആപ്പും. അതിന്റെ വിവരങ്ങള്‍ പ്ലേ സ്റ്റോറില്‍ നോക്കിയതിനുശേഷം മാത്രം ഉപയോഗിക്കുക.
നിലവിലുള്ള ബാങ്കുകള്‍ വഴി തന്നെ വളരെ സുതാര്യമായ ഓണ്‍ലൈന്‍ വായ്പാ സംവിധാനം നിലവിലുണ്ട്. നമ്മള്‍ അത് ഉപയോഗിക്കുക. ലോണിന് ആവശ്യം ഉണ്ടെങ്കില്‍ അംഗീകൃതവും വ്യവസ്ഥാപിതവുമായ സംവിധാനങ്ങള്‍ മാത്രം ഉപയോഗിക്കുക. നമ്മുടെ സമ്പാദ്യം നിക്ഷേപിക്കുമ്പോഴും അതു ശ്രദ്ധിക്കുക. ചെറിയ കാലയളവില്‍ വലിയ വര്‍ദ്ധ നവ് കിട്ടും എന്നുള്ള വാഗ്ദാനങ്ങളില്‍ വീഴാതെ ഇരിക്കുക. നമ്മുടെ സമ്പാദ്യത്തിന്റെ സുരക്ഷിതത്വത്തിന് മുന്‍ഗണന കൊടുക്കുക.
ഇത്തരം വിഷയങ്ങളില്‍ ഏറ്റവും പ്രധാനമായി വേണ്ടത്, തട്ടിപ്പിന് ഇരയായാല്‍, അല്ലെങ്കില്‍ അത്തരം ശ്രമങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ അതു റിപ്പോര്‍ട്ട് ചെയ്യുക, പരാതിപ്പെടുക എന്നതാണ്. തട്ടിപ്പിന് ഇരയായാല്‍ ഉറപ്പായും അതിനെതിരെ പരാതി കൊടുക്കണം. അതിനു മടിയും നാണക്കേടും വിചാരിക്കരുത്. പലരും പരാതിയുമായി മുന്നോട്ടു പോകാത്തത് കൊണ്ടാണ് തട്ടിപ്പുകള്‍ കൂടുന്നത്. നമ്മുടെ പരാതി നേരിട്ടു പോലീസിലോ, സൈബര്‍ പോലീസിലോ, അതല്ലെങ്കില്‍ National Cyber Crimes reporting പോര്‍ട്ടലായ – cybercrime.gov.in എന്ന വെബ്‌സൈറ്റിലോ പരാതി കൊടുക്കുക. അതല്ല എങ്കില്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കുക, അതുമല്ല എങ്കില്‍ കേരള പോലീസിന്റെ – 9497980900 എന്ന നമ്പറില്‍ മെസേജായി അറിയിക്കുക.
പ്രായോഗിക തലത്തില്‍ നമ്മുടെ പോലീസ് സംവിധാനത്തിന് ഇത്തരം ആപ്പുകളുടെ ഉറവിടം കണ്ടെത്തി നടപടി എടുക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും, കൂട്ടായ പരിശ്രമമുണ്ടെങ്കില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ ഒരു പരിധിവരെ സാധിക്കും. കേന്ദ്ര – സംസ്ഥാന സേനകള്‍, സൈബര്‍ വിദഗ്ധര്‍, ബാങ്കിങ് വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍, അന്താരാഷ്ട്ര ഏജന്‍സികള്‍ അങ്ങനെ ഇതുമായി ബന്ധപ്പെട്ടവര്‍ എല്ലാം കൂടി ചേര്‍ന്നുള്ള ഒരു സംവിധാനം രൂപപ്പെടുത്തുകയും കൂട്ടായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഇതിനെ തടയിടാന്‍ സാധിക്കും. നിലവിലെ നമ്മുടെ നിയമ സംവിധാനങ്ങള്‍ ഒരു പരിധിവരെ ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തിയാല്‍ അതു നിയന്ത്രിക്കാനും ശിക്ഷിക്കാനും പര്യാപ്തമാണ്. പക്ഷെ അപ്പോഴും ഇത്തരം തട്ടിപ്പുകളില്‍ പെടില്ലെന്നും, ഏറ്റവും കുറഞ്ഞത് ഫോണിലെ ഒടിപി ആര്‍ക്കും കൈമാറില്ല എന്നും തീരുമാനമെടുക്കേണ്ടത് ജനങ്ങളാണ്.