Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

തിരക്കഥയുടെ പെരുന്തച്ചന്‍

വിജയകൃഷ്ണൻവിജയകൃഷ്ണൻ
1 September 2023

മലയാളസിനിമയുടെ സാഹിത്യബന്ധം മൂര്‍ദ്ധന്യത്തിലെത്തിയ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ മദ്ധ്യത്തില്‍ യുവകഥാകൃത്തുക്കളില്‍ ഏറ്റവും പ്രശസ്തനായിരുന്ന എം.ടി.വാസുദേവന്‍ നായരെക്കൊണ്ട് ഒരു തിരക്കഥയെഴുതിക്കാന്‍ നിര്‍മ്മാതാവും സഹൃദയനുമായിരുന്ന ശോഭനാ പരമേശ്വരന്‍ നായര്‍ തീരുമാനിച്ചു. എം.ടി.യുടെ ‘സ്‌നേഹത്തിന്റെ മുഖങ്ങള്‍’ എന്ന ചെറുകഥയാണ് ചലച്ചിത്രനിര്‍മ്മിതിക്കായി അദ്ദേഹം തിരഞ്ഞെടുത്തത്. ആശയാനുവാദത്തിനായി തിരഞ്ഞെടുക്കുന്ന കൃതിയുടെ കര്‍ത്താവിനെക്കൊണ്ടുതന്നെ തിരക്കഥയെഴുതിക്കുകയായിരുന്നു അന്നത്തെ രീതി.

Google NewsAdd Kesari Weekly as a preferred source on Google

‘രണ്ടിടങ്ങഴി’ക്ക് തകഴിയും ‘ഭാര്‍ഗ്ഗവീനിലയ’ത്തിന് ബഷീറും ‘പാടാത്ത പൈങ്കിളി’ക്ക് മുട്ടത്തു വര്‍ക്കിയും ‘മുടിയനായ പുത്ര’ന് തോപ്പില്‍ ഭാസിയും’ ‘നിണമണിഞ്ഞ കാല്പാടുകള്‍’, ‘ആദ്യകിരണങ്ങള്‍’ എന്നീ നോവലുകള്‍ക്ക് പാറപ്പുറത്തും തിരക്കഥ എഴുതിയ കാലം. പതിവനുസരിച്ച് പരമേശ്വരന്‍ നായര്‍ എം.ടി.യോട് പറഞ്ഞു, തിരക്കഥയെഴുതാന്‍. എം.ടി.ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. പരമേശ്വരന്‍ നായര്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തു. നോവലിന് അദ്ധ്യായങ്ങളെന്നപോലെ സീനുകള്‍ തിരിച്ചെഴുതിയാല്‍ മതി. നാടകത്തിലെന്നപോലെ സംഭാഷണങ്ങള്‍ കൂടി എഴുതിയാല്‍ തിരക്കഥയായി. എല്ലാ എഴുത്തുകാര്‍ക്കും ചെയ്യാവുന്ന കാര്യം. പ്രത്യേകിച്ച് ഒരു പരിശ്രമത്തിന്റെ ആവശ്യമില്ല. എം.ടി.ക്ക് അതൊട്ടും ബോദ്ധ്യമായില്ല. അദ്ദേഹം തിരക്കഥയെക്കുറിച്ച് എഴുതപ്പെട്ട ഇംഗ്ലീഷ് പുസ്തകങ്ങള്‍ തിരഞ്ഞുപിടിച്ചു വായിച്ചു.

മലയാളത്തില്‍ അതിനുമുന്‍പ് ഒറ്റ തിരക്കഥ മാത്രമേ പുസ്തകരൂപത്തില്‍ പുറത്തുവന്നിരുന്നുള്ളൂ. അതും ചിത്രീകരിക്കപ്പെടാത്ത ഒരു സിനിമയുടെ തിരക്കഥ. എന്‍.പി.ചെല്ലപ്പന്‍ നായര്‍ രചിച്ച ‘മാര്‍ത്താണ്ഡവര്‍മ്മ’. അതുകൊണ്ട് തിരക്കഥാകൃതികള്‍ക്കു വേണ്ടിയും അദ്ദേഹം ഇംഗ്ലീഷില്‍ത്തന്നെ തിരഞ്ഞു. അങ്ങനെ തിരക്കഥാപുസ്തകങ്ങളും തിരക്കഥാരചനയെപ്പറ്റി രചിക്കപ്പെട്ട പുസ്തകങ്ങളും പഠിച്ച് തയാറെടുപ്പോടെയാണ് അദ്ദേഹം തിരക്കഥയെഴുതാന്‍ തുടങ്ങിയത്. അതാകട്ടെ, മലയാളസിനിമയുടെ സുകൃതവുമായി. അന്നോളം മലയാളത്തിലുണ്ടായ തിരക്കഥകളില്‍ നിന്നുള്ള ദിശാമാറ്റമായിരുന്നു അത്.

ADVERTISEMENT

‘മുറപ്പെണ്ണി’നുമുന്‍പ് തിരക്കഥയെഴുതിയ സാഹിത്യകാരന്മാര്‍ക്കെന്തു സംഭവിച്ചു എന്ന് കൂടി നോക്കാം. ‘രണ്ടിടങ്ങഴി’ക്കു തിരക്കഥയെഴുതിയ തകഴി പിന്നീട് തിരക്കഥയെഴുതിയതേയില്ല. ‘ചെമ്മീനിന്റെ’ സമയത്ത് രാമു കാര്യാട്ട് ആവോളം നിര്‍ബന്ധിച്ചിട്ടും താന്‍ തിരക്കഥ എഴുതുകയില്ലെന്ന തീരുമാനത്തില്‍ അദ്ദേഹം ഉറച്ചു നിന്നു. ‘ഭാര്‍ഗ്ഗവീനിലയം’ എഴുതിയ ബഷീര്‍ ‘ബാല്യകാലസഖി’യുടെ ദയനീയമായി പരാജയപ്പെട്ട ചലച്ചിത്രാവിഷ്‌കരണത്തിന് തിരക്കഥയെഴുതിയതോടെ രംഗം വിട്ടു. പാറപ്പുറത്തും മുട്ടത്തു വര്‍ക്കിയും തോപ്പില്‍ ഭാസിയും തങ്ങളുടെ രീതികളില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതെ വര്‍ദ്ധിതവീര്യത്തോടെ തിരക്കഥാരചന തുടര്‍ന്നു.

എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥകളെ പലതരത്തില്‍ വര്‍ഗീകരിക്കാവുന്നതാണ്. ഏറ്റവും പ്രധാനം തനിക്ക് സംവിധാനം ചെയ്യാന്‍ വേണ്ടി എഴുതിയവയും മറ്റുള്ളവര്‍ക്ക് വേണ്ടി എഴുതിയവയും എന്നതാണ്. പിന്നെ, സ്വന്തം കഥകളെ ആശ്രയിച്ചെഴുതിയതും അന്യരുടെ കഥകളെ അവലംബിച്ചെഴുതിയതും എന്ന തരത്തിലും അവയെ വര്‍ഗീകരിക്കാവുന്നതാണ്.പ്രസിദ്ധീകരിക്കപ്പെട്ട കൃതികളെ അവലംബിച്ചുള്ളതെന്നും സിനിമയ്ക്ക് വേണ്ടി നേരിട്ടെഴുതിയത് എന്ന നിലയിലുമുള്ള വര്‍ഗ്ഗീകരണവും സാദ്ധ്യമാണ്.

സംവിധായകരായ തിരക്കഥാകൃത്തുക്കള്‍ രണ്ടുതരത്തിലുണ്ട്. തങ്ങള്‍ക്ക് സംവിധാനം ചെയ്യാന്‍ വേണ്ടി എഴുതുമ്പോള്‍ ഒരു പ്രത്യേക സ്വഭാവം പുലര്‍ത്തുകയും അന്യര്‍ക്ക് വേണ്ടി എഴുതുമ്പോള്‍ അവരുടെ ശൈലിക്ക് അനുസൃതമായി എഴുതുകയും ചെയ്യുന്നവരാണ് ഒരു കൂട്ടര്‍. മലയാളത്തില്‍ അതിനുള്ള ഏറ്റവും മികച്ച ഉദാഹരണം പി.പദ്മരാജനാണ്. അതുകൊണ്ടുതന്നെ ആ തിരക്കഥകള്‍ സംവിധാനം ചെയ്യുന്നവര്‍ക്ക് തങ്ങളുടെ രചനാരീതിയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുവാന്‍ കഴിയാറുണ്ട്. ഇവിടെ തിരക്കഥാകൃത്ത് സംവിധായകന്റെ കലയാണ് സിനിമ എന്ന വിശ്വാസത്തിലൂന്നിയാണ് രചന നിര്‍വഹിക്കുന്നത്.

പദ്മരാജന്‍ മറ്റുള്ള സംവിധായകര്‍ക്കുവേണ്ടി രചന നിര്‍വഹിച്ച ചിത്രങ്ങള്‍ നോക്കിയാല്‍ ഇത് മനസ്സിലാവും. ഭരതനുവേണ്ടി എഴുതുമ്പോള്‍ ദൃശ്യാത്മകതയ്ക്കും ലൈംഗികതയ്ക്കുമൊക്കെ പ്രാധാന്യം നല്‍കപ്പെടുന്നു. ഐ.വി.ശശിക്ക് വേണ്ടിയാകുമ്പോള്‍ പ്രതികാരത്തിന്റെയും സംഘര്‍ഷങ്ങളുടെയും കഥകളാണ് ഉരുത്തിരിയുന്നത്. ജോഷിക്കുവേണ്ടി എഴുതിയപ്പോള്‍ ക്രൈമാണ് അടിസ്ഥാനധാരയായി വരുന്നത്. അത്രയും വ്യത്യാസം എം.ടി.യുടെ ഈ രണ്ടുതരം തിരക്കഥകള്‍ തമ്മിലില്ല. എം.ടി. താന്‍ എന്ന സംവിധായകന്റെ കാഴ്ചപ്പാടിലൂടെയാണ് ആര്‍ക്കുവേണ്ടിയും തിരക്കഥയെഴുതുന്നത്. ഈ തിരക്കഥകളില്‍ സംവിധായകര്‍ മാറ്റം വരുത്തുന്നത് ഇഷ്ടപ്പെടാത്ത ആളാണദ്ദേഹം. അതുകൊണ്ട് സംവിധാനം ചെയ്യുന്നത് ആരായാലും, എം.ടി. തിരക്കഥയെഴുതുന്ന ചിത്രങ്ങള്‍ പൊതുവെ എം.ടി.ചിത്രങ്ങളായി മാറുകയാണ്. ഇത് ബോധ്യപ്പെടാന്‍ എം.ടി. തിരക്കഥയെഴുതിയ അന്യസംവിധായകരുടെ ചിത്രങ്ങളിലൂടെ കടന്നുപോകുകയേ വേണ്ടൂ.

പദ്മരാജന്‍ തിരക്കഥകള്‍ അവലംബിച്ച് ഭരതന്‍, ഐ.വി.ശശി, ജോഷി, മോഹന്‍ തുടങ്ങിയവര്‍ ചെയ്ത ചിത്രങ്ങള്‍ അവരുടെ മികച്ച ചിത്രങ്ങളാണെങ്കിലും അവരുടെ തനതായ സിനിമാരീതികളില്‍ നിന്ന് മാറുന്നില്ല. അതേസമയം, എം.ടി.യുടെ തിരക്കഥകള്‍ അവലംബമാക്കി പി.എന്‍.മേനോന്‍, വിന്‍സന്റ് പി.ഭാസ്‌കരന്‍, സേതുമാധവന്‍, ഐ.വി.ശശി, ഹരിഹരന്‍ തുടങ്ങിയവര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ അവരുടെ ഇതരചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി നിലകൊള്ളുന്നു. തിരക്കഥാകൃത്ത് എന്നതിനപ്പുറമുള്ള തിരക്കഥാകൃത്തിന്റെ സാന്നിധ്യം ഈ ചിത്രങ്ങള്‍ അനുഭവപ്പെടുത്തുന്നു. അതിനാല്‍, എം.ടി. സ്വയം സംവിധാനം ചെയ്ത ചിത്രങ്ങളുടെ തിരക്കഥകളും മറ്റുള്ളവര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്ക് വേണ്ടി രചിക്കപ്പെട്ട തിരക്കഥകളും തമ്മിലുള്ള അതിര്‍വരമ്പുകള്‍ അത്യന്തം ലോലമത്രേ.

എം.ടി. തിരക്കഥകളുടെ ബഹുഭൂരിഭാഗവും സ്വന്തം കൃതികളെ അവലംബിച്ചുള്ളവ തന്നെ. ഉത്തരം, കടവ്, ഒരു ചെറുപുഞ്ചിരി, വെള്ളം എന്നിവയാണ് അന്യരുടെ കഥാവസ്തുക്കളെ അവലംബമാക്കി അദ്ദേഹം രചിച്ചിട്ടുള്ള തിരക്കഥകള്‍. ഇവയൊന്നും എം.ടി.യുടെ ഏറ്റവും മികച്ച തിരക്കഥകളില്‍ പെടുന്നില്ല. എം.ടി.യുടെ സ്വന്തമായ അന്തരീക്ഷഘടന ഈ ചിത്രങ്ങളിലില്ല. ദാഫ്‌നെ ദു മോറിയെ എന്ന എഴുത്തുകാരിയുടെ രചനാലോകത്തില്‍ എം.ടി.യുമായി സാധര്‍മ്യമുള്ള ഒരു ഘടകവുമില്ല. ‘റബേക്ക’യടക്കമുള്ള അവരുടെ ചില നോവലുകള്‍ ഹിച്ച്‌കോക്ക് സിനിമയാക്കിയിരുന്നു എന്ന് പറയുമ്പോള്‍ ഏതു ജനുസ്സിലുള്ള എഴുത്തുകാരിയാണ് ദു മോറിയെ എന്ന് മനസ്സിലാവുമല്ലോ. ‘ഉത്തര’ത്തിനു വേണ്ടി അവരുടെ ഒരു കഥയാണ് എം.ടി. അവലംബിച്ചത്. എം.ടി തിരക്കഥകളുടെ സ്വഭാവവിശേഷങ്ങളുമായി വിദൂരസാമ്യം പോലും അതിനുണ്ടായിരുന്നില്ല. ‘കടവും’ ‘ഒരു ചെറുപുഞ്ചിരി’യും എം.ടി. തന്നെ സംവിധാനം ചെയ്ത ചിത്രങ്ങളത്രേ. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളില്‍ മെച്ചപ്പെട്ടവയുടെ കൂട്ടത്തില്‍ ഇടം നേടാന്‍ ‘കടവി’നായിട്ടുണ്ട്.അന്യരചയിതാക്കളുടെ കഥകള്‍ക്ക് തിരക്കഥാരൂപം നല്കുമ്പോള്‍ മാത്രമല്ല ‘എം.ടിയന്‍’ അന്തരീക്ഷത്തില്‍ ശൈഥില്യമുണ്ടാകുന്നത്.

മറ്റെവിടെനിന്നെങ്കിലും പ്രചോദനം ഉള്‍ക്കൊള്ളുന്ന രചനകളിലും ഇത് സംഭവിക്കുന്നുണ്ട്. എം.ടി.ക്കെതിരെ ഇടയ്ക്കിടെ ചില ചോരണാരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇവയില്‍ കഴമ്പുള്ളവയും ഇല്ലാത്തവയുമുണ്ട്. ‘മഞ്ഞി’ന് നിര്‍മ്മല്‍ വര്‍മ്മയുടെ ‘പറവകളു’മായുള്ള സാമ്യം അനിഷേദ്ധ്യമത്രെ. അതിനെ ആസ്പദമാക്കി എം.ടി.രചിച്ച തിരക്കഥയിലും അദ്ദേഹം തന്നെ നിര്‍വഹിച്ച ചലച്ചിത്രാവിഷ്‌കാരത്തിലും എം.ടി.ശൈലി കണ്ടെത്തുക ശ്രമകരമാണ്. ‘കോണ്‍ക്വറേഴ്‌സ് ഓഫ് ദി ഗോള്‍ഡന്‍ സിറ്റി’ എന്ന ടര്‍ക്കിഷ് ചിത്രത്തോട് ‘നഗരമേ നന്ദി’ക്കുള്ള ആധമര്‍ണ്യവും തര്‍ക്കമറ്റതാണ്. മിഗുല്‍ ലിറ്റിന്റെ ‘ദി ജക്കാള്‍ ഓഫ് നഹുല്‍ തോറോ’യും ‘സദയ’വും തമ്മിലുള്ള ബന്ധത്തെയും നാഭീനാളബന്ധം എന്ന് തന്നെ വിശേഷിപ്പിക്കണം. എം.ടി.ഇങ്ങനെയുമെഴുതുമോ എന്ന് പലര്‍ക്കും സന്ദേഹമുണ്ടായതിന്റെ കാരണവും മറ്റൊന്നല്ല.

പൊതുവില്‍പ്പറഞ്ഞാല്‍, തന്റെ രചനാജീവിതത്തിന് മണ്ണും വളവും നല്കിയ നാലുകെട്ടില്‍ നിന്ന് പുറത്തേക്കുവരുമ്പോഴൊക്കെ അദ്ദേഹത്തിന്റെ രചനകളില്‍ സൂക്ഷ്മമായ പരാശ്രിതത്വത്തിന്റെ രേഖകള്‍ ലഭ്യമാണ്. ‘അറബിപ്പൊന്ന്’എഴുതുമ്പോള്‍ തനിക്കറിയാത്ത ജീവിതമേഖലകള്‍ ആലേഖനം ചെയ്യുന്നതിന് മറ്റൊരെഴുത്തുകാരനെക്കൂടി പങ്കാളിയാക്കാനുള്ള ആര്‍ജ്ജവം അദ്ദേഹം കാട്ടുകയുണ്ടായി.

എം.ടി.യുടെ ഏറ്റവും മികച്ച തിരക്കഥകള്‍ ‘ഇരുട്ടിന്റെ ആത്മാവ്’, ‘ഓളവും തീരവും’, ‘നിര്‍മ്മാല്യം’ എന്നിവയത്രേ. ജീവിതയാഥാര്‍ഥ്യങ്ങളുടെ തീക്ഷ്ണ ചിത്രീകരണം കൊണ്ടും കഥാപാത്രസൃഷ്ടിയുടെ ഔല്‍കൃഷ്ട്യം കൊണ്ടും വൈകാരികമുഹൂര്‍ത്തങ്ങളുടെ തിരയടികള്‍ കൊണ്ടും കലാപരമായ ധ്വനനശേഷിയുടെ സമ്പന്നത കൊണ്ടും അനിഷേധ്യമായ ഇടം നേടിയവയാണ് ഈ തിരക്കഥകള്‍. ഇവയ്ക്കുതാഴെ നിലവാരത്തിന്റെ ഭിന്നമേഖലകളില്‍ സ്ഥിതി ചെയ്യുന്നവയാണ് മറ്റു തിരക്കഥകള്‍. എങ്കിലും എല്ലാ കാലത്തും എം.ടി.എന്നത് മലയാളതിരക്കഥാരംഗത്ത് ഒരു മിനിമം ഗാരന്റി ഉറപ്പു നല്കുന്ന നാമധേയമാണ്. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരാണ് എക്കാലത്തും അദ്ദേഹത്തിന്റെ തിരക്കഥകള്‍ ദൃശ്യസാക്ഷാല്‍ക്കാരത്തിനായി തിരഞ്ഞെടുത്തത്.

‘മുറപ്പെണ്ണി’ലൂടെ ഇദം പ്രഥമമായി എം.ടി.യുടെ തിരക്കഥയ്ക്ക് ദൃശ്യസാക്ഷാല്‍ക്കാരം നല്കിയ വിന്‍സന്റ് അതിനുശേഷം ‘നഗരമേ നന്ദി’, ‘അസുരവിത്ത്’, ‘നിഴലാട്ടം’, ‘കൊച്ചുതെമ്മാടി’ എന്നീ എം.ടി.തിരക്കഥകള്‍ കൂടി ചലച്ചിത്രത്തിലേക്കു പകര്‍ത്തി. ‘നഗരമേ നന്ദി’യൊഴികെ മറ്റൊന്നും നിലവാരമേന്മ പുലര്‍ത്തി എന്ന് പറഞ്ഞുകൂടാ. ‘അസുരവിത്ത്’ എം.ടി.യുടെ മികച്ച നോവലുകളില്‍ ഒന്നാണെങ്കിലും തിരക്കഥയ്ക്ക് ആ ഔജ്വല്യം സിദ്ധിച്ചില്ല. ‘നിഴലാട്ടം’ എം.ടി.പലപ്പോഴും കൈകാര്യം ചെയ്തിട്ടുള്ള ബന്ധപരിണാമങ്ങളുടെ ആവര്‍ത്തനം ഉള്‍ക്കൊണ്ടിരുന്നു

. പി.ഭാസ്‌കരന്‍ സംവിധാനം ചെയ്ത ഏറ്റവും മികച്ച ചിത്രമായ ‘ഇരുട്ടിന്റെ ആത്മാവാ’ണ് അദ്ദേഹം ആദ്യമായി കൈകാര്യം ചെയ്ത എം.ടി.തിരക്കഥ. പിന്നീട് ‘വിത്തുകള്‍’എന്ന ഒരൊറ്റ എം.ടി.രചന മാത്രമേ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂ. അതാകട്ടെ, എം.ടി.യില്‍ ആവര്‍ത്തിച്ചുവരാറുള്ള മുഹൂര്‍ത്തങ്ങള്‍ കാരണം അംഗീകാരം നേടിയതുമില്ല. എം.ടി.തിരക്കഥയെ ആസ്പദമാക്കി താന്‍ ആദ്യം സംവിധാനം ചെയ്ത ചിത്രം തന്നെയാണ് പി.എന്‍.മേനോന്റെ ഏറ്റവും മികച്ച ചിത്രം-. ‘ഓളവും തീരവും’. അതിനേക്കാള്‍ മികച്ച കഥയായിട്ടും വെള്ളിത്തിരയില്‍ ‘കുട്ട്യേടത്തി’ അത്രതന്നെ ശോഭിച്ചില്ല. പിന്നൊരു എം.ടി.തിരക്കഥ കൂടി മാത്രമാണ് മേനോന്‍ സംവിധാനം ചെയ്തത്- ‘മാപ്പുസാക്ഷി’. അതാകട്ടെ, എം.ടി.യുടെയോ മേനോന്റെയോ മികച്ച രചന ആയതുമില്ല. കെ.എസ്.സേതുമാധവന്‍ എം.ടി.യുടെ മൂന്നു തിരക്കഥകള്‍ക്ക് ചലച്ചിത്രരൂപം നല്കി. അവയില്‍ ‘കന്യാകുമാരി’യും ‘ഓപ്പോളും’ മികച്ചുനിന്നു. എന്നാല്‍, സേതുമാധവന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഇവ പെടുന്നില്ല.

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകള്‍ക്കുശേഷം എം.ടി.വാണിജ്യസിനിമയുടെ അവിഭാജ്യ ഘടകമായി മാറി. അദ്ദേഹത്തിന്റെ തിരക്കഥ ഒരു വിജയഫോര്‍മുലയായി. ആ തിരക്കഥകള്‍ക്കുവേണ്ടി മുഖ്യധാരയിലെ സംവിധായകര്‍ ക്യൂ നില്‍ക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. അദ്ദേഹത്തിന്റെ തിരക്കഥയുണ്ടെങ്കില്‍ സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് ഉറപ്പാണെന്ന വിശ്വാസവും സിനിമാക്കാര്‍ക്കിടയിലുണ്ടായി. തിരക്കഥാകൃത്തിന് വമ്പിച്ച വിപണിമൂല്യം ലഭിച്ച കാലഘട്ടം കൂടിയായിരുന്നു അത്. ഏറ്ററ്വും കൂടുതല്‍ എം.ടി. തിരക്കഥകള്‍ കൈകാര്യം ചെയ്യാനുള്ള നിയോഗം ലഭിച്ചത് ഐ.വി.ശശിക്കും ഹരിഹരനുമാണ്. ഒന്ന് സമ്മതിക്കാതെ തരമില്ല. ഈ സംവിധായകരുടെ ഏറ്റവും മികച്ച ചിത്രങ്ങള്‍ എം.ടി.യുടെ തിരക്കഥകള്‍ ആധാരമാക്കി നിര്‍മ്മിക്കപ്പെട്ടവ തന്നെയാണ്.

പത്തു തിരക്കഥകളാണ് എം.ടി.യില്‍ നിന്ന് ശശിക്ക് ലഭിച്ചത്. ഇവയില്‍ ‘രംഗം’, ‘തൃഷ്ണ’, ‘ആരൂഢം’, ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’, അടിയൊഴുക്കുകള്‍ എന്നിവ മികച്ചുനില്ക്കുന്നു. ഏറ്റവും കൂടുതല്‍ എം.ടി തിരക്കഥകള്‍ സംവിധാനം ചെയ്തയാളെന്ന ബഹുമതി ഹരിഹരന് സ്വന്തം. എം.ടിയുടെ പതിമൂന്ന് തിരക്കഥകളാണ് ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തുവന്നത്. നേരമ്പോക്ക് പടങ്ങള്‍ സംവിധാനം ചെയ്തുകൊണ്ടിരുന്ന ഹരിഹരന്‍ ആദ്യമായി ഒരു എം.ടി. തിരക്കഥ- ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച- സംവിധാനം ചെയ്തതോടെയാണ് ഗൗരവമുള്ള സംവിധായകരുടെ നിരയിലേക്കു വന്നത്. ‘പഞ്ചാഗ്‌നി’, ‘നഖക്ഷതങ്ങള്‍’, ‘പരിണയം’ എന്നിവ ഹരിഹരന്റെ പ്രധാനചിത്രങ്ങളില്‍ പെടുന്നു. എം.ടി. രചിച്ച രണ്ടു ചരിത്രകഥകള്‍ സംവിധാനം ചെയ്യാനുള്ള അവസരം ലഭിച്ചതും ഹരിഹരനാണ്. ‘ഒരു വടക്കന്‍ വീരഗാഥ’, ‘കേരളവര്‍മ്മ പഴശ്ശിരാജാ’ എന്നീ രണ്ടു ചിത്രങ്ങളും ഹരിഹരന് അംഗീകാരത്തിന്റെ പൊന്‍ തൂവലുകള്‍ നല്കി.

‘എവിടെയോ ഒരു ശത്രു’ എന്ന പേരില്‍ എം. ടി. രചിച്ച ഒരു തിരക്കഥ 1982-ല്‍ ഹരിഹരന്‍ ചലച്ചിത്രത്തിലേക്കു പകര്‍ത്തിയിരുന്നു. ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം പുറത്തുവരികയുണ്ടായില്ല. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ‘ഏഴാമത്തെ വരവ്’ എന്ന പേരില്‍ ഹരിഹരന്‍ വീണ്ടുമത് ചിത്രമാക്കുകയുണ്ടായി. അത് എം. ടി. യുടെയും ഹരിഹരന്റെയും പരാജയചിത്രമായി മാറി. അതിലെ ക്ലൈമാക്‌സ് മാറ്റങ്ങളൊന്നുമില്ലാതെ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ‘ഉയരങ്ങളില്‍’എന്ന ചിത്രത്തില്‍ എം.ടി. ഉപയോഗിച്ചുകഴിഞ്ഞിരുന്നു. പൗരാണികകഥകളും ഐതിഹ്യകഥകളും എം.ടി.യുടെ കൈയില്‍ തിളക്കമാര്‍ജിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് ‘വൈശാലി’യും ‘പെരുന്തച്ചനും’. ‘വൈശാലി’യില്‍ എം.ടി.യുടെ തിരക്കഥാമേന്മയ്‌ക്കൊപ്പം ഭരതന്റെ വിഖ്യാതമായ ദൃശ്യപരിചരണ സാമര്‍ത്ഥ്യവും ഒത്തുചേരുന്നു. അറബിക്കഥയെ അടിസ്ഥാനമാക്കി എം.ടി രചിച്ച ‘ദയ’യ്ക്ക് അത്രതന്നെ ആകര്‍ഷകത്വം അവകാശപ്പെടാനില്ല.

‘ആത്യന്തികവിശകലനത്തില്‍ സംവിധായകന്റെ കലയാണെങ്കില്‍ക്കൂടി, സാഹിത്യം കൊണ്ട് മറ്റൊരാഴം നല്കുക എന്നതാണ് എഴുത്തുകാരന്‍ ചെയ്യുന്ന ജോലി’ എന്ന് എം.ടി. തന്നെ എഴുതിയിട്ടുണ്ട്. ഈ അവബോധത്തോടുകൂടി തിരക്കഥയെ സമീപിച്ച ആദ്യതിരക്കഥാകൃത്താണ് എം.ടി. തിരക്കഥയെപ്പറ്റി വ്യത്യസ്ത കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന പ്രതിഭാശാലികളായ സംവിധായകര്‍ പില്‍ക്കാലത്ത് മലയാളത്തിലുണ്ടായിട്ടുണ്ട്. ഉദാഹരണമായി, അരവിന്ദന്‍ സാമ്പ്രദായികമായ തിരക്കഥയുടെ അടിത്തറയില്‍ നിന്നല്ല ചലച്ചിത്രം സൃഷ്ടിക്കുന്നത്. അദ്ദേഹത്തിന് പണിക്കുറ തീര്‍ത്ത തിരക്കഥകള്‍ ആവശ്യമില്ല. നിര്‍മ്മിതിക്ക് സഹായകമായ ചില കുറിപ്പുകളിലൊതുങ്ങുന്നു അദ്ദേഹത്തിന്റെ ലിഖിത സാഹിത്യം. അതുകൊണ്ടാണ് അരവിന്ദന്റെ സിനിമകള്‍ മികച്ച മാതൃകകളായി ഉയര്‍ത്തിക്കാട്ടുമ്പോഴും അദ്ദേഹത്തിന്റെ തിരക്കഥകള്‍ പഠനവിധേയമാകാഞ്ഞത്.

എന്നാല്‍, അടൂര്‍ ഗോപാലകൃഷ്ണനാവട്ടെ, ലക്ഷണയുക്തമായ ഒരു തിരക്കഥ രൂപപ്പെടുത്തിയശേഷം മാത്രമാണ് ചിത്രീകരണത്തിലേക്കു നീങ്ങുന്നത്. അതുകൊണ്ട് അദ്ദേഹം മികച്ച സംവിധായകന്‍ എന്ന പോലെ തന്നെ മികച്ച തിരക്കഥാകൃത്തുമായിരിക്കുന്നു. അടൂര്‍ തന്റെ ചിത്രങ്ങള്‍ക്കുവേണ്ടി മാത്രമേ തിരക്കഥകള്‍ രചിച്ചിട്ടുള്ളൂ. എന്നാല്‍, പദ്മരാജനെപ്പോലെ എം.ടിയും തിരക്കഥാരചന തങ്ങളുടെ സൃഷ്ടികളില്‍ ഒതുക്കിനിര്‍ത്തിയില്ല. പഴയ കാലത്ത് മലയാളസിനിമകളില്‍ കഥയും സംഭാഷണവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരക്കഥ അതില്‍ കൂട്ടിച്ചേര്‍ത്തത് എം.ടി.വാസുദേവന്‍ നായരാണ്. അതിനാല്‍, തിരക്കഥാരംഗത്തെ പരിവര്‍ത്തനസ്രഷ്ടാവാണ് എം.ടി.എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല.

Tags: M T Vasudevan NairM Tഎം ടി
Share
Tweet
SendShare

Related Posts

തപസ്യ ഒരു ഈശ്വരലാസ്യം

തപസ്യ ഒരു ഈശ്വരലാസ്യം

സാംസ്‌കാരിക നായകര്‍ തപസ്യയോടൊപ്പം 

സാംസ്‌കാരിക നായകര്‍ തപസ്യയോടൊപ്പം 

വികസിത ഭാരതത്തിനായി… ശാസ്ത്രസാങ്കേതിക വഴിയിലെ കുതിച്ചു ചാട്ടങ്ങള്‍

വികസിത ഭാരതത്തിനായി… ശാസ്ത്രസാങ്കേതിക വഴിയിലെ കുതിച്ചു ചാട്ടങ്ങള്‍

പാറ്റ സമരത്തിന് പിന്നിലാര് ?

പാറ്റ സമരത്തിന് പിന്നിലാര് ?

പാറ്റാ സമരത്തിന്റെ ഗുണഭോക്താവ് ആര്?

പാറ്റാ സമരത്തിന്റെ ഗുണഭോക്താവ് ആര്?

ലോകം ആഗോള മാന്ദ്യത്തിലേക്കോ?

ലോകം ആഗോള മാന്ദ്യത്തിലേക്കോ?

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies