മൂത്തവരോതും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നത് പഴഞ്ചൊല്ലാണെങ്കിലും നെല്ലിക്കയുടെ സ്വഭാവത്തെ വ്യക്തമാക്കുന്ന ശൈലിയാണിത്. മധുരം നല്‍കി നശിപ്പിക്കുന്നതിനേക്കാള്‍ ഭേദം കയ്പ്പ് നല്‍കി മധുരതരമായി ആരോഗ്യത്തെ കാക്കുന്നതാണല്ലോ. വിറ്റാമിന്‍ സി യുടെ കലവറയായ നെല്ലിക്ക രണ്ടുവീതം ദിവസവും
കഴിച്ചാല്‍ ആരോഗ്യവും സൗന്ദര്യവും താനേ ഉണ്ടായിക്കൊള്ളും. ഇതിലെ കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, നാരുകള്‍ എന്നിവ ആരോഗ്യത്തേയും ത്വക്കിനേയും സംരക്ഷിക്കും.
നെല്ലിക്കനീരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ ക്യാന്‍സറിനെ നിയന്ത്രിക്കാം. പ്രമേഹരോഗികള്‍ക്ക് അത്ഭുതകരമായ മാറ്റം സൃഷ്ടിക്കുന്ന കനിയാണ് നെല്ലിക്ക.
നെല്ലിയെ പ്രദക്ഷിണം വയ്ക്കുന്നതും നനയ്ക്കുന്നതും നെല്ലിക്ക തിന്നുന്നതും കലിബാധയേല്‍ക്കാതിരിക്കാന്‍ സഹായിക്കും എന്നത് പരമ്പരാഗത വിശ്വാസമാണ്. ജരയ്ക്കും നരയ്ക്കും ഉഷ്ണത്തിനും വിഷത്തിനും ത്രിദോഷത്തിനും ഇത് ശമനമുണ്ടാക്കും. നെല്ലിയുടെ തടി പലകയാക്കി കിണറിന്റെ അടിയിലിട്ടാല്‍ ജലത്തെ ശുദ്ധമാക്കി സംരക്ഷിക്കും. നെല്ലിപ്പലക കണ്ടു എന്നു പറഞ്ഞാല്‍ വെള്ളത്തിന്റെ അടിഭാഗം കണ്ടു എന്നാണ്. കിണറുകള്‍ക്കടിയില്‍ പണ്ടുകാലത്ത് നെല്ലിയുടെ പലകകള്‍ നിരത്തിയിരുന്നു.
ആമലകം എന്ന പേരില്‍ നിന്നാണ് കരതലാമലകം എന്ന പ്രയോഗം
വന്നത്. ഉള്ളം കയ്യിലെ നെല്ലിയ്ക്കപോലെ എന്നാണിതിനര്‍ത്ഥം. ഗുണങ്ങളെ അഥവാ അറിവിനെ ധരിക്കുന്നത് എന്ന ആശയം ലഭിക്കുന്ന പദമാണിത്. നെല്ലിക്ക മാത്രം കഴിച്ചു നടത്തുന്ന വ്രതം ആമലകവ്രതം എന്നറിയപ്പെടുന്നു. തിരുനെല്ലിക്ഷേത്ര നാമം നെല്ലിയുമായി ബന്ധപ്പെട്ടാണ് രൂപപ്പെട്ടത്. ഭരണി നക്ഷത്രക്കാരുടെ ഇഷ്ട വൃക്ഷമാണ് നെല്ലി.
നെല്ലി Phyllanthus Emblica എന്ന ശാസ്ത്രീയ നാമത്തിലും ഇന്ത്യന്‍ എംബ്ലിക്ക ഗൂസ്സ്ബറി എന്നീ ഇംഗ്ലീഷ് നാമങ്ങളിലും അറിയപ്പെടുന്നു. അമൃത, ആമലകി, തിഷ്യഫല, വയസ്ഥ എന്നീ പര്യായങ്ങള്‍ ഈ മരത്തിനുണ്ട്. പല വലുപ്പത്തിലുള്ള ഇനങ്ങളായ ചമ്പക്കാട് നീണ്ടത്, ബനാറസി, കൃഷ്ണ, കാഞ്ചന്‍ എന്നീ ഇനങ്ങള്‍ നെല്ലിക്കയെ ധന്യമാക്കുന്നു. 8 മീറ്റര്‍ ചുറ്റളവില്‍ വേര് പോകുന്നതിനാല്‍ മരങ്ങള്‍ തമ്മിലുള്ള അകലം 8 മീറ്റര്‍ നല്‍കണം. മഞ്ഞപ്പിത്ത രോഗികള്‍ നെല്ലിക്കനീരും കരിമ്പിന്‍നീരും സമം ചേര്‍ത്ത് കഴിച്ചാല്‍ മാറ്റമുണ്ടാകും. കുട്ടികള്‍ മുലപ്പാല്‍ കുടിക്കാതെവന്നാല്‍ നെല്ലിക്ക, ഇന്ദുപ്പ്, കടുക്ക എന്നീവ സമം പൊടിച്ചെടുത്ത് തേനും നെയ്യും ചേര്‍ത്തരച്ച് ശിശുവിന്റെ നാവില്‍ തേക്കുക അതിനുശേഷം മുലപ്പാല്‍ നല്‍കിയാല്‍ കുട്ടികള്‍ മടികൂടാതെ കുടിക്കും.
രക്തപിത്തം, തളര്‍ച്ച, ചുട്ടുനീറ്റല്‍, മൂത്രതടസ്സം എന്നീ പ്രശ്‌നങ്ങളുള്ളവര്‍ക്ക് നെല്ലിക്കാതോട് പൊടിച്ച് ശര്‍ക്കരയില്‍ കുഴച്ച് സേവിച്ചാല്‍ രോഗം മാറും. ഉണക്ക നെല്ലിക്കായുടെ അരിപൊടിച്ചത് മൂന്നു ഗ്രാം തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ മൂത്രത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സാധിക്കും. അതേപോലെ 30 മില്ലി ലിറ്റര്‍ നെല്ലിക്ക നീരും 10 മില്ലിലിറ്റര്‍ തേനും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കഴിച്ചാലും മൂത്രത്തിലെ പഞ്ചസാരയെ നിര്‍വീര്യമാക്കാവുന്നതാണ്. നെല്ലിക്ക കുത്തിപ്പിഴിഞ്ഞ നീരോ, നെല്ലിക്ക ചമ്മന്തിയോ
കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാന്‍ കഴിയും. പ്രമേഹരോഗികള്‍ക്ക് നെല്ലിക്കാനീരും പച്ചമഞ്ഞള്‍ നീരും 30 മില്ലിലിറ്റര്‍ വീതം ദിവസവും കഴിക്കുന്നത് ഉത്തമമാണ്. 50 മില്ലിലിറ്റര്‍ നെല്ലിക്കാനീര് ദിവസവും രാവിലെ കഴിച്ചാല്‍ ഷുഗര്‍ എപ്പോഴും പരിധി കടക്കാതെ നിയന്ത്രണവിധേയമാകും.
നെല്ലിക്ക ഒന്നര കിലോഗ്രാമും അരക്കിലോ ശര്‍ക്കരയും ചേര്‍ത്ത് ഭരണിയില്‍ കെട്ടിവയ്ക്കുക. ഒരു മാസത്തിനുശേഷം ഒരു ടീസ്പൂണ്‍ വീതം കഴിച്ചാല്‍ ദഹനത്തേയും രക്തശുദ്ധിയേയും വര്‍ദ്ധിപ്പിക്കും. ഇതിനെ നെല്ലിക്ക അരിഷ്ടം എന്നു പറയുന്നു. നെല്ലിക്ക അരിഷ്ടം ജലദോഷമുണ്ടാകാതിരിക്കാനും ഉത്തമമാണ്. നെല്ലിക്കനീരും ഇന്ദുപ്പും, പശുവിന്‍ നെയ്യും ചേര്‍ത്ത് കൊടുത്താല്‍ ഛര്‍ദ്ദി ശമിക്കുന്നതാണ്. നെല്ലിക്കയും ചന്ദനവും മുലപ്പാലിലരച്ച് നെറ്റിയിലിട്ടാല്‍ തലവേദന ശമിയ്ക്കും. നെല്ലിക്കനീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ വിളര്‍ച്ചയും പിത്തവും മാറി ആരോഗ്യവാനായിത്തീരും. നെല്ലിയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ മാറും.
കുരുകളഞ്ഞ നെല്ലിക്ക പാലിലരച്ച് കഴിച്ചാല്‍ പീനസം ശമിക്കും. നെല്ലിക്കനീര് പഞ്ചസാര, നെയ്യ് എന്നിവ ദിവസേന സേവിക്കുകയും പഥ്യാഹാരം കഴിക്കുകയും
ചെയ്താല്‍ ജരാനരയില്ലാതെ ദീര്‍ഘകാലം ജീവിക്കാന്‍ സാധിക്കും. നെല്ലിക്കനീരും ചിറ്റമൃത്‌നീരും 10 മില്ലിലിറ്റര്‍ വീതം കലര്‍ത്തി 1 ഗ്രാം പച്ചമഞ്ഞള്‍ അരച്ച് ചേര്‍ത്ത് പതിവായി കഴിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാം. പച്ച നെല്ലിക്കനീരും തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കഴിക്കുന്നത് പ്രമേഹത്തിനെതിരെയുള്ള ഉത്തമ ഔഷധമാണ്.
ആഹാരം വിധിച്ചു തന്ന പ്രകൃതി ഔഷധവും തന്നിട്ടുണ്ട്. അതുപോലെ ആഹാരം തന്നെ, ഔഷധവും ആരോഗ്യവും പ്രദാനം ചെയ്യുന്നു എന്നുള്ളതാണ് നെല്ലിക്കയുടെ മഹത്വം. അന്നമയ കോശങ്ങളെയും പ്രാണമയ കോശങ്ങളെയും സംരക്ഷിച്ചു നിര്‍ത്തുന്നതിനാല്‍ നെല്ലിക്കയുടെ സ്ഥാനം വളരെ വലുതാണ്. ആയുര്‍വേദ ശാസ്ത്രത്തില്‍ അരിഷ്ടമായും
ആസവമായും ലേഹ്യമായും പ്രമേഹരോഗ പ്രതിരോധ മരുന്നായും നെല്ലിക്ക നമ്മെ സഹായിച്ചു കൊണ്ടേയിരിക്കുന്നു. നെല്ലിയുടെ പേരില്‍ നെല്ലിയാംപതിയും നെല്ലിയോടും നെല്ലിമൂടും തിരുനെല്ലിയുമൊക്കെ അറിയപ്പെടുന്നു. നെല്ലി നട്ടുവളര്‍ത്തി മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് കാവലാളാകാന്‍ നമുക്ക് കഴിയേണ്ടിയിരിക്കുന്നു.
കീടരോഗങ്ങള്‍ കുറവായതിനാല്‍ കീടനാശിനി രഹിതമായ ഭക്ഷണമാണ് നെല്ലിക്ക എന്നുള്ളതും ഈ ഫലത്തെ വ്യത്യസ്തമാക്കുന്നു.