ഭാരതചരിത്രം വളച്ചൊടിക്കപ്പെടുന്നുവോ? ചരിത്രകാരന്മാര്‍ തങ്ങളുടെ ഭാവനയ്ക്കും യുക്തിക്കും അനുസരിച്ച് ചരിത്രം രേഖപ്പെടുത്തുകയാണോ? അവര്‍ക്ക് ഭാരതമെന്നാല്‍ വടക്കേ ഇന്ത്യ മാത്രമാണോ? വിന്ധ്യനിപ്പുറം ഒരു ഭാരതമില്ലേ? ഇംഗ്ലീഷ് ചരിത്രകാരന്മാരുടെ പാത തന്നേയാണോ ഭാരതീയചരിത്രകാരന്മാരും പിന്തുടരുന്നത്? ദക്ഷിണേന്ത്യന്‍ മഹത്വങ്ങളെ നിസ്സാരവല്‍ക്കരിക്കുകയാണ് പല ചരിത്രകാരന്മാരും ചെയ്യുന്നത്. ഭാരത സ്വാതന്ത്ര്യ സമര ചരിത്രവും ഇതുപോലെ തന്നെയാണ് എഴുതപ്പെട്ടത്.
അത്രയൊന്നും മഹാനല്ലാത്ത അശോകനെ മഹാനായ അശോകനാക്കി. 274 ബി.സി.യില്‍ ബിന്ദുസാര മഹാരാജാവ് മരണപ്പെട്ടപ്പോള്‍ കിരീടവകാശിയായ സുഷിമ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയിലായിരുന്നു. ഈ സന്ദര്‍ഭത്തില്‍ അശോകന്‍ സാമ്രാജ്യത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുത്തു. സുഷിമ, ഈ വാര്‍ത്തയറിഞ്ഞ് കൊട്ടാരത്തിലെത്തിയപ്പോള്‍ ഗ്രീക്ക് കൂലിപടയാളികള്‍ രാജകുമാരനെ വകവരുത്തുകയും കിടങ്ങിനകത്തേക്ക് എടുത്തെറിയുകയും ചെയ്തു. തുടര്‍ന്ന് നാലുവര്‍ഷം നടന്ന ആഭ്യന്തരയുദ്ധത്തില്‍ കൊട്ടാരത്തിലെ ആണ്‍തരികളേയെല്ലാം അശോകന്‍ വകവരുത്തി. അശോകന്‍ പത്ത് വര്‍ഷമായി ബുദ്ധമത അനുയായി ആയിരുന്നു. ബി. സി.270 ല്‍ ചക്രവര്‍ത്തിയായ അദ്ദേഹം ബി.സി.264 ല്‍ ബുദ്ധമതം സ്വീകരിച്ചതായി ശിലാഫലകങ്ങളില്‍ നിന്നും നമുക്കൂഹിക്കാം. ബി.സി. 262 ല്‍ മാത്രമാണ് കലിംഗയുദ്ധം നടക്കുന്നത്. ഇതേ അഭിപ്രായം തന്നെയാണ്. ഇയോളോജിസ്റ്റായ (ശിലാലിഖിത വിദഗ്ധന്‍) ചാള്‍സ് അല്ലന്‍ രേഖപ്പെടുത്തിയിട്ടള്ളത്. (The Ocean of Churns by Sanjeev sanyal)
അക്ബറെക്കുറിച്ചറിയാന്‍ ചരിത്രകാരന്മാര്‍ പ്രധാനമായും പിന്തുടരുന്നത് അബുള്‍ ഫാസ്ല്‍ എന്ന അദ്ദേഹത്തിന്റെ കൊട്ടാരം ചരിത്രകാരനെ തന്നെയാണ്. ചക്രവര്‍ത്തിയുടെ സേവകന്‍ എഴുതിയ രേഖകള്‍ പൂര്‍ണ്ണമായും സത്യസന്ധമായിരിക്കുകയില്ലായെന്ന് മനസ്സിലാക്കുവാന്‍ സാമാന്യ ബുദ്ധി മതി. രജപുത്ര കന്യകളെ വിവാഹം ചെയ്ത് മതസൗഹാര്‍ദ്ദം വളര്‍ത്തി എന്ന് അവകാശപ്പെടുന്ന അക്ബറും മഹാനായി. അദ്ദേഹം എത്ര മുസ്ലീം കന്യകളെ രജപുത്രര്‍ക്കു വിവാഹം ചെയ്തുകൊടുത്തു. റാണാ പ്രതാപനെ വനത്തിനുള്ളില്‍ കടന്നു വേട്ടയാടിക്കൊണ്ടിരുന്ന ‘മഹാനാ’യിരുന്നു അക്ബര്‍. 1576 മുതല്‍ 1585 വരെ പര്‍വതങ്ങളിലൂടേയും വനങ്ങളിലൂടേയും റാണയുടെ പുറകില്‍ ഒരു വേട്ടമൃഗത്തെപ്പോലെ അക്ബര്‍ ഓടിനടന്നു. റാണയെ പിടികൂടി വധിക്കണം എന്ന വാശിയിലായിരുന്നു അക്ബര്‍. പക്ഷെ ആ ആഗ്രഹം നടന്നില്ല. തനിക്ക് കന്യകളെ വിവാഹം ചെയ്ത് തരാത്ത രജപുത്രരെ വകവരുത്തുക എന്നതായിരുന്നു അക്ബറുടെ നയം. (മഹാറാണാ പ്രതാപ് സിങ്ങ് – മാത്യൂസ് അവന്തി)
മറാത്ത സാമ്രാജ്യത്തിന്റെ ഉദയം ഭാരതചരിത്രത്തിലെ ഒരു മഹാത്ഭുതമാണ്. വളരെ പ്രതികൂലമായ രാഷ്ട്രീയസാഹചര്യങ്ങളെ മറികടന്നാണ് അത് സാധ്യമായത്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു മറാത്ത. മറാത്ത ചരിത്രം വിശദമായി ഒരു പാഠപുസ്തകത്തിലുമില്ല. വിജ്ഞാനത്തിന്റെ അക്ഷയഖനി വിദേശീയര്‍ ഭാരതത്തില്‍നിന്നും തട്ടിയെടുക്കുകയും ആംഗലഭാഷയും വൈദേശികസംസ്‌കാരവും അടിച്ചേല്‍പ്പിക്കുകയും ചെയ്തു. നമ്മുടെ താളിയോലകളെല്ലാം ഇന്ന് ബ്രിട്ടീഷ്-ജര്‍മ്മന്‍ ചരിത്രശേഖരങ്ങളിലാണ്.
1857 ലെ മഹത്തായ വിപ്ലവത്തിനു മുമ്പ് തന്നെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ദുര്‍ഭരണത്തിനെതിരെ, ഭാരതത്തിലാകമാനം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയില്‍ ദിണ്ടിക്കല്‍ ആയിരുന്നു പ്രധാന കേന്ദ്രം. ഇവയെല്ലാം ഭരണകൂടത്തിന്റെ അവജ്ഞ, ജുഗുപ്‌സ, വിഘനം എന്നിവയുടെ ഉദീരണങ്ങളായിരുന്നു. 1800 നു ശേഷം നടന്ന ഈ പ്രക്ഷോഭണങ്ങള്‍ എല്ലാം തന്നെ അടിച്ചമര്‍ത്തപ്പെട്ടു. ഗോപാല നായ്ക്കര്‍ (ഇദ്ദേഹത്തെക്കുറിച്ച് ഈ ലേഖനത്തില്‍ വീണ്ടും പരാമര്‍ശിക്കുന്നുണ്ട്) അദ്ദേഹത്തിന്റെ മകന്‍ മുത്തുവെള്ള നായ്ക്കര്‍, മരുതു സഹോദരന്മാര്‍ തുടങ്ങി പലരേയും ഇംഗ്ലീഷ് ഭരണകൂടം തൂക്കിലേറ്റി. ചിലരെ വിചാരണ കൂടാതെ വെയ്ല്‍സ് ദ്വീപിലേക്ക് നാടുകടത്തി. വസ്തുവകകള്‍ കണ്ടുകെട്ടി. പലരേയും തടങ്കലിലാക്കി. എന്നാല്‍ ഈ പ്രക്ഷോഭണങ്ങളുടേയെല്ലാം ഫലമായി ഭരണസംവിധാനങ്ങള്‍ തകിടം മറിഞ്ഞു. (South Indian Rebellions by Dr.S.Gopal krishnan)
തിരുവിതാംകൂറില്‍, ആറ്റിങ്ങല്‍ റാണിയുടെ മാടമ്പിയായിരുന്ന, കുടമണ്‍പിള്ളയുടെ നേതൃത്വത്തില്‍, 1721 ല്‍, ഇംഗ്ലീഷുകാര്‍ക്കെതിരായി നടന്ന വിപ്‌ളവം ചരിത്രരേഖകളില്‍ പരാമര്‍ശിക്കപ്പെട്ടു കാണുന്നില്ല, ചരിത്രകാരനായ ഡോ.ടി.പി. ശങ്കരന്‍കുട്ടി നായര്‍ ഇങ്ങനെ പറയുന്നു, ”ഇംഗ്ലീഷ് ഭരണകൂടത്തിനും ക്രൈസ്തവ മേല്‍ക്കോയ്മക്കും വിദേശാധിപത്യത്തിനും എതിരേ നടന്ന 1721 വിപ്ലവവും, പ്‌ളാസി യുദ്ധത്തിനു 36 വര്‍ഷം മുമ്പും 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു 136 വര്‍ഷങ്ങള്‍ക്ക് മുമ്പും നടന്നു. ഈ സംഭവം ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഒരു മൂലയില്‍ ഒതുക്കി നിര്‍ത്തി എന്നത് അയുക്തികരവും അസംഗത്യവുമാണ് (Pre1857 Upheavals in Travancore)
1809 ല്‍ വേലുത്തമ്പിദളവ നടത്തിയ ധീരമായ പോരാട്ടം ഭാരത സ്വാതന്ത്ര്യസമര ചരിത്രത്താളുകള്‍ക്ക് ദേശാഭിമാനോജ്ജ്വലമായ ഒരു അദ്ധ്യായം പ്രദാനം ചെയ്യുന്നു.
സമ്പന്നമായ ചരിത്രസംഭവങ്ങളുടെ കലവറയാണ് ദക്ഷിണഭാരതം. ചോളന്മാരും പാണ്ഡ്യന്മാരും പല്ലവന്മാരും ചേരന്മാരും ഒരു കാലത്ത് ഭാരതത്തിലെ ഏറ്റവും പ്രഗത്ഭരായ ഭരണാധികാരികളായിരുന്നു. അവര്‍ വിദേശത്തേക്കെത്തിച്ചത് ബുദ്ധമതമായിരുന്നില്ല. ഹൈന്ദവസംസ്‌കാരമായിരുന്നു. ബാലിയും തായ്‌ലന്റും കമ്പോഡിയായും സിംഹപുരവും (സിംഗപ്പൂര്‍) ശ്രീലങ്കയിലെ അനുരാധപുരവുമെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. കൃഷ്ണദേവരായരുടെ വിജയനഗരത്തിന്റെ മഹിമ പറഞ്ഞറിയിക്കുവാന്‍ സാധിക്കുമോ?
1857-ല്‍ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചു എന്നാണ് ചരിത്രപുസ്തകങ്ങള്‍ പറയുന്നത്. ആദ്യ സ്വാതന്ത്ര്യസമര വനിതാപോരാളി ത്സാന്‍സിയിലെ റാണി ലക്ഷ്മിബായിയാണെന്നും ആണ് നാമെല്ലാം പഠിച്ചിട്ടുള്ളത്. ഇതിനൊക്കെ ഒരു നൂറു വര്‍ഷം മുമ്പെങ്കിലും സ്വാതന്ത്ര്യപോരാട്ടം ഇവിടെ ആരംഭിച്ചിട്ടുണ്ട്. 1750 ല്‍ തിരുനെല്‍വേലിയിലെ കട്ടലംകുളത്തിലെ മാവീരന്‍ അഴകുമുത്തു കോന്‍ (1710-1759) എട്ടയപുരത്തിലെ സൈനികമേധാവി ആയിരുന്നു. അതായത്, മറ്റൊരു വേലുത്തമ്പി ദളവ! 1759 ല്‍ ബ്രിട്ടീഷുകാരുമായുണ്ടായ യുദ്ധത്തില്‍ വീരമരണം വരിച്ചു. ഈ വീരനായകന് ബ്രിട്ടീഷുകാര്‍ നല്‍കിയത് ക്രൂരമായ വധശിക്ഷയായിരുന്നു. അഴകമുത്തു കോനെയും ആറ് സേനാമേധാവികളേയും 248 പടയാളികളേയും കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച് വന്യമൃഗങ്ങള്‍ക്ക് വിരുന്നൂട്ടുകയായിരുന്നു. തിരുനെല്‍വേലിയിലെ നേര്‍കാട്ടുംസേവലിലെ ഭരണാധികാരിയായിരുന്ന പുലിത്തേവര്‍. 1755 ല്‍ കേണല്‍ ഏറോന്‍, തേവരുടെ കോട്ടയെ ചുറ്റി വളഞ്ഞുനിന്നു. കപ്പം കെട്ടാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ മാതൃഭൂമിയില്‍നിന്നും നികുതി വസൂലാക്കാന്‍ വെള്ളക്കാര്‍ക്ക് യാതൊരവകാശവുമില്ല എന്ന് തീര്‍ത്തു പറഞ്ഞു. തുടര്‍ന്ന് കമ്പനിപ്പടയെ തുരത്തിയോടിച്ചു. പിന്നീട് നടന്ന കളകാട്ടി, സെയല്‍കോട്ടൈ യുദ്ധങ്ങളിലും വെള്ളക്കാരെ തോല്‍പ്പിച്ചു. 1766 ല്‍ നല്ലൂര്‍കോട്ടയില്‍വച്ച് ക്യാപ്റ്റന്‍ പെള്‍ട്‌സനെ തോല്‍പ്പിച്ചു. അടുത്ത വര്‍ഷം നടന്ന യുദ്ധത്തില്‍ പക്ഷെ, പുലിത്തേവര്‍ തോല്‍വിയടഞ്ഞു ബ്രിട്ടീഷുകാര്‍ക്ക് പിടികൊടുക്കാതെ വനത്തിനുള്ളില്‍ രക്ഷപ്പെട്ടു. കമ്പനിയുടെ പിടിയിലായ റാണി അഗ്‌നിയില്‍ ആത്മാഹൂതി ചെയ്തു. വനത്തിനുള്ളില്‍ കഴിഞ്ഞുകൊണ്ട് തന്നെ പടകൂട്ടികൊണ്ടിരിക്കുകയായിരുന്നു പുലിത്തേവര്‍. സാരഥികോട്ടയിലെ അനന്തപദ്മനാഭന്റെ ക്ഷണം സ്വീകരിച്ച് അയാളുടെ ആയുധപ്പുര സന്ദര്‍ശിക്കുന്ന അവസരത്തില്‍ അയാള്‍തന്നെ തേവരെ തടവിലാക്കി ബ്രിട്ടീഷുകാര്‍ക്ക് കൈമാറി. ശങ്കരന്‍കോവിലിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ പ്രാര്‍ത്ഥിക്കാനെന്ന രൂപേണ അമ്പലത്തില്‍ കയറി അഗ്‌നി പടര്‍ത്തി അദ്ദേഹവും ആത്മാഹൂതി ചെയ്തു. ഈ സംഭവം നടക്കുന്നത് ഏകദേശം 1767 ലാണ്.
രാമനാഥപുരത്തെ പനയൂരില്‍ ജനിച്ച മരുതനായകം പിള്ളൈ (1725 – 1764) ആദ്യം ആര്‍ക്കാട്ട് നവാബിന്റേയും പിന്നീട് ഫ്രഞ്ചുകാരുടേയും തുടര്‍ന്ന് ബ്രിട്ടീഷുകാരുടേയും സൈന്യത്തില്‍ (33ല്‍ നിന്ന്) ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. ഇടയ്ക്ക് ഇസ്ലാംമതത്തില്‍ ചേര്‍ന്ന് മൊഹമ്മദ് യൂസഫ്ഖാനായി. പിന്നീട് മധുര ഭരിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ടു. ഈ സമയത്ത് മാനസാന്തരം വന്ന അദ്ദേഹം തന്റെ കഴിവും വീര്യവും സ്വന്തം നാടിനു വേണ്ടി ആയാലെന്താണെന്ന് ആലോചിച്ചു. പിന്നീട് പല വിജയങ്ങളും നേടി. മരുതമലയുടെ തുടര്‍ച്ചയായ വിജയങ്ങളില്‍ അസൂയപ്പെട്ട ആര്‍ക്കാട്ട് നവാബ് ചതിയിലൂടെ മരുതമലയെ തടങ്കലിലാക്കി ബ്രിട്ടീഷുകാര്‍ക്ക് കൈമാറി. രണ്ടു പ്രവശ്യം തൂക്കിലേറ്റപ്പെട്ടപ്പോഴും കയര്‍ പൊട്ടി വീണ് അദ്ദേഹം രക്ഷപ്പെട്ടു. മൂന്നാമത്തെ ശ്രമത്തില്‍ മരണത്തിനു കീഴടങ്ങി. മേല്‍പ്പറഞ്ഞ സ്വാതന്ത്ര്യപ്പോരാളികളുടെ യുദ്ധങ്ങളില്‍ ആര്‍ക്കാട്ട് നവാബ് ബ്രിട്ടീഷുകാരുടെ കൂടെയായിരുന്നു.
ചില സ്വാതന്ത്ര്യസമരവീരന്മാരുടെ കഥകള്‍ പറഞ്ഞെന്നു മാത്രം. ഇവിടെ പറയാന്‍ ശ്രമിക്കുന്നത് ഭാരതസ്വാതന്ത്ര്യസമരചരിത്രത്തിലെ ആദ്യത്തെ പെണ്‍പോരാളിയെപ്പറ്റിയാണ്. അധികമാരും അറിയാത്ത ശിവഗംഗസീമയിലെ വീരാംഗന മഹാറാണി വേലു നാച്ചിയാര്‍! 1730 ല്‍ രാമനാഥപുരത്ത് രാജപുത്രിയായി ജനിച്ചു. ഒരു രാജകുമാരനെപോലെ വളര്‍ന്നു. ആയോധനവിദ്യകളില്‍ അഗ്രഗണ്യയായി. ദണ്ഡ ഉപയോഗിച്ചുള്ള ആയോധനകലയില്‍ പ്രാവീണ്യം നേടി. വളരി (ബൂമറേങ്ങ് പോലെ ഉപയോഗിക്കുന്ന വളഞ്ഞ ഒരു വാള്‍) ഉപയോഗിക്കുന്നതില്‍ അത്ഭുതാവഹമായ വേഗത കൈവരിക്കുകയും ചെയ്തു. കുതിരസവാരിയില്‍ അവരെ വെല്ലുന്നവര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല എന്നത് പരമമായ ഒരു സത്യം മാത്രമായിരുന്നു. ഒരു രാജകുമാരന്‍ അറിഞ്ഞിരിക്കേണ്ടതായ തമിഴിലും സംസ്‌കൃതത്തിലുമുള്ള അമൂല്യഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കി. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകള്‍ കൂടാതെ ഉര്‍ദുവിലും പരിജ്ഞാനം നേടി.
1746 ല്‍, ശിവഗംഗയിലെ രാജകുമാരന്‍ മുത്തു വടുകനാഥരുടെ പത്‌നിയായി. 1950 ല്‍ പട്ടമഹിഷിയായി. രാജഭരണകാര്യങ്ങളില്‍ രാജാവിന്റെ സഹായിയായി കൂടെനിന്നു.
1772 ല്‍, മതിയായ സുരക്ഷയില്ലാതെ മഹാരാജാവ് കാളയാര്‍ കോവിലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, ആര്‍ക്കാട് നവാബിന്റെ പട്ടാളം ക്ഷേത്രം വളയുകയും രാജാവിനെ വധിക്കുകയും ശിവഗംഗകോട്ട പിടിച്ചെടുക്കുകയും ചെയ്തു. സതിക്കൊരുങ്ങിയ റാണിയെ മന്ത്രി താണ്ഡവരായന്‍ പിള്ളയും സേനാനായകന്മാരായ മരുതു സഹോദരങ്ങളും തടയുകയും കോട്ട തിരിച്ചു പിടിച്ചുകൊടുക്കാമെന്നു ഉറപ്പ് കൊടുക്കുകയും ചെയതു. തുടര്‍ന്ന്, കൊല്ലംകുടിയില്‍ തങ്ങിയിരുന്ന വേലു നാച്ചിയാരേയും പുത്രി എട്ടു വയസ്സുള്ള വെള്ളച്ചിയേയും മേലൂര്‍ വഴി വിരൂപാക്ഷിപാളയത്തിലേക്ക് സുരക്ഷിതരായി എത്തിച്ചു. ദിണ്ടിക്കല്‍, വിരുപാക്ഷിപാളയം, അയ്യംപള്ളി എന്നിവടങ്ങളില്‍ മാറിമാറി ഒളിവില്‍ പാര്‍ത്തു. വിരൂപാക്ഷിപാളയത്തിലെ ഗോപാല നായക്കര്‍ റാണിക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. ഒളിവില്‍ കഴിഞ്ഞുകൊണ്ടുതന്നെ പടയൊരുക്കവും നടത്തി. വനവാസികളെ സംഘടിപ്പിച്ച് ആയോധന പരിശീലനം നല്‍കുകയും ഒളിയുദ്ധതന്ത്രങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു. ആര്‍ക്കാട്ട് നവാബിന്റെ ആളുകള്‍ റാണിയെ തിരഞ്ഞുകൊണ്ടിരുന്നു. പിടികൊടുക്കാതെ ആള്‍മാറാട്ടത്തിലൂടെ റാണി രക്ഷപ്പെട്ടുകൊണ്ടുമിരുന്നു. മരുതു സഹോദരന്മാര്‍ ആജാനബാഹുക്കളും തികഞ്ഞ അഭ്യാസികളും റാണിക്കു വേണ്ടി ജീവന്‍ വരെ കളയാന്‍ തയ്യാറുള്ളവരുമായിരുന്നു. അവരുടെ ആജ്ഞാശക്തി അപാരമായിരുന്നു. സൈനികര്‍ക്ക് അവരെ അങ്ങേയറ്റം ഭയമായിരുന്നു. ശത്രു രാജാക്കന്മാര്‍ക്കുപോലും അവരെ ഭയമായിരുന്നു എന്ന് പറയപ്പെടുന്നു.
ഇതിനിടയില്‍ റാണി മൈസൂര്‍ സുല്‍ത്താന്‍ ഹൈദരാലിയുടെ സഹായം ആവശ്യപ്പെട്ട് ഒരു കത്തയച്ചിരുന്നു. മറുപടി ഒന്നും വന്നില്ല. തുടര്‍ന്ന് മുന്ന് സൈനികര്‍, സുല്‍ത്താന്‍ ദിണ്ടിക്കലില്‍ ഉള്ള സമയം നോക്കി അങ്ങോട്ട് ചെന്നു, റാണിയുടെ എഴുത്ത് കൈമാറി. റാണി വന്നില്ലെ എന്ന് സുല്‍ത്താന്‍ ചോദിച്ചു. അപ്പോള്‍ ഒരു സൈനികന്‍ തലപ്പാവെടുത്തുമാറ്റി. അത് വേലു നാച്ചിയാരായിരുന്നു. റാണിയെ കണ്ട് സുല്‍ത്താന്‍ അമ്പരന്നു. റാണിയുടെ അനായാസമായ ഉര്‍ദു സംഭാഷണവും സ്വാതന്ത്ര്യവാഞ്ചയും കുലീനതയും പോരാട്ടവീര്യവും സുല്‍ത്താനില്‍ അതിയായ മതിപ്പുളവാക്കി. തന്റെ കൂടി ശത്രുവായ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുവാനായി റാണിക്ക് അയ്യായിരം അശ്വഭടന്മാരേയും അയ്യായിരം കാലാള്‍ഭടന്മാരേയും അനേകം തോക്കുകളും പന്ത്രണ്ട് പീരങ്കികളും സാമ്പത്തിക സഹായവും നല്‍കി.
1780 ഐപ്പസി മാസം (ചിങ്ങം) 5) തിയ്യതി വിരൂപാക്ഷിപാളയത്തിലിരുന്ന്, ശിവഗംഗ ലക്ഷ്യമാക്കി, വേലു നാച്ചിയാരുടെ പട പുറപ്പെട്ടു. വാള്‍പടകൂടാതെ വളരിപ്രയോഗത്തില്‍ വിദഗ്ദ്ധരായവരുടെ ഒരു സംഘവും കുയിലി എന്ന പെണ്‍ കമാണ്ടറുടെ നേതൃത്വത്തില്‍ ഒരു പെണ്‍ പടയും കൂടാതെ അശ്വസേനയും പീരങ്കിപ്പടയും ഉണ്ടായിരുന്നു..
വേലു നാച്ചിയാരുടെ പതിയും ശിവഗംഗ അരചനുമായിരുന്ന മുത്തു വടുകനാഥനെ ഒറ്റുകൊടുത്ത ശിവഗംഗയിലെ മല്ലാരിരായന്‍ കോച്ചടൈയില്‍ വച്ച് റാണിയെ നേരിട്ടു. ഒരു മണിക്കൂറിനുള്ളില്‍ റാണിയുടെ പട വിജയം കൈവരിച്ചു. മല്ലാരിരായന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് കമ്പനിപ്പടയുടെ ജനറല്‍ ജോസഫ് സ്മിത്തിനെ കാളയാര്‍കോവിലില്‍ വച്ച് റാണി വധിച്ചു. സൈന്യം ശിവഗംഗയിലേക്ക് പ്രവേശിച്ചു.
ശിവഗംഗയിലെ കാവല്‍ അതിശക്തമായിരുന്നു. കോട്ടയെ ചുറ്റി പീരങ്കികള്‍ വിന്യസിച്ചിരുന്നു. തോക്കുധാരികളായ ഭടന്മാര്‍ നഗരപ്രാന്തങ്ങളില്‍ അണിനിരന്നുനിന്നിരുന്നു. കിടങ്ങുകളില്‍ വെടിക്കോപ്പുകളും വെടിമരുന്നുകളും ശേഖരിച്ചുവച്ചിരുന്നു. കോട്ടയിലെക്കു കടക്കുക അത്ര എളുപ്പമായിരുന്നില്ല.
ആംഗലപ്പടയോട് നേരിട്ടൊരു യുദ്ധം നടത്തി വിജയിക്കുക അത്ര എളുപ്പമായിരുന്നില്ല. അന്തിമ യുദ്ധത്തില്‍ പരാജയപ്പെട്ടാല്‍, എല്ലാം തകരും! റാണിക്കത് ആലോചിക്കുവാന്‍ തന്നെ കഴിഞ്ഞില്ല.
കൊലുമണ്ഡപത്തിലിരുന്ന് റാണിയും സചിവന്മാരും യുദ്ധതന്ത്രം ചര്‍ച്ച ചെയ്തു. മറ്റന്നാള്‍ വിജയദശമിയാണ്. അന്ന് ബൊമ്മക്കൊലുവും ആയുധപൂജയുമുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനം. റാണി അത് തന്നെ ഒരവസരമായെടുത്തു. സൈന്യത്തെ രണ്ടായി വിഭജിച്ചു. ഒരു ദ്വിമുഖാക്രമണം നടത്തുക.
വിജയദശമിദിവസം റാണിയുടെ നേതൃത്വത്തില്‍ എല്ലാവരും ശുഭ്രവസ്ത്രമണിഞ്ഞ് കൈയ്യില്‍ പൂമാലകളും പൂജാസാധനങ്ങളുമായി ശിവഗംഗ കോട്ടയിലേക്ക് പ്രവേശിച്ചു. കാവല്‍ ഭടന്മാര്‍ക്ക് ഒരു സംശയവും തോന്നാത്ത രീതിയിലായിരുന്നു വസ്ത്രധാരണവും അവരുടെ രീതികളും. പെണ്‍ പടയെ കൂടാതെ അനേകം സ്ത്രീകളും രാജരാജേശ്വരിയമ്മന്‍ കോവിലില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയിട്ടുണ്ടായിരുന്നു.
പൂജ കഴിഞ്ഞു സ്ത്രീകള്‍ പിരിഞ്ഞുതുടങ്ങി. റാണിയും സംഘവും ഒരു നിമിഷം കൊണ്ട്, ഒരു മായാജാലം എന്നതുപോലെ, കൈകളില്‍ വാളും വളരികളുമായി ഒരു പെണ്‍പടയായി മാറി. വീരവേല്‍ വെറ്റിവേല്‍ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ട്, ഒരു മഴവെള്ളപ്പാച്ചില്‍ പോലെ കോട്ടയിലെല്ലായിടത്തും വ്യാപിച്ചു. കേണല്‍ ബോണ്‍ഷോര്‍ ചാര്‍ജ്’എന്ന് കണ്ഠം പൊട്ടുമാറുച്ചത്തില്‍ വിളിച്ചു പറഞ്ഞു. കോട്ടയ്ക്കകത്ത് ഒരാക്രമണം തീരെ പ്രതീക്ഷിച്ചിരിക്കാത്ത വെള്ളപ്പട നടുങ്ങി.
ഈസമയം മറ്റൊന്നുകൂടി സംഭവിച്ചു. കൊട്ടാര മുകളില്‍നിന്നും ഒരു അഗ്‌നിഗോളം വളരെ വേഗത്തില്‍ ഉരുണ്ട് വന്ന് ആയുധപ്പുരയില്‍ പതിച്ചു. ആയുധങ്ങളും വെടിമരുന്നുകളും പൊട്ടിത്തെറിച്ചു. പുറത്ത് സൈന്യം, തെപ്പക്കുളം കരയിലുള്ള ആര്‍ക്കാട്ട് സേനയേയും ശിവഗംഗസേനയേയും തോല്‍പ്പിച്ച് കോട്ടയിലേക്ക് കയറി. റാണി കോട്ട കീഴടക്കി. എട്ട് വര്‍ഷത്തിനുശേഷം കോട്ടയില്‍ ഹനുമാന്‍ കൊടി ഉയര്‍ന്നു.
റാണിയുടെ കണ്ണുകള്‍ ആരെയൊ തിരഞ്ഞുകൊണ്ടിരുന്നു. റാണിയുടെ നെഞ്ച് കലങ്ങിപ്പോയി. അത് കുയിലിയായിരുന്നു. അതേ! അഗ്‌നിഗോളമായി പൊട്ടിത്തെറിച്ചത് പെണ്‍പടയുടെ സേനാപതിയും റാണിയുടെ ഉറ്റമിത്രവുമായിരുന്ന കുയിലി എന്ന വീരാംഗന! കോട്ടയില്‍ പ്രവേശിച്ച ഉടനെ റാണിയുടെ മിഴികള്‍ ആയുധശേഖരത്തില്‍ ഉടക്കി നില്‍ക്കുന്നത് കുയിലിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അപ്പോള്‍ അവള്‍ ഒരു തീരുമാനം എടുത്തിരുന്നു. “”ഇത് അന്തിമപോരാട്ടമാണ്. ഇത് കഴിഞ്ഞാല്‍ ഇനി അവസരമില്ല. റാണിയുടെ ലക്ഷ്യം എങ്ങിനേയെങ്കിലും നിറവേറ്റപ്പെടണം.

കുയിലിയുടെ ജീവത്യാഗം, ഭാരത ചരിത്രത്തില്‍, അല്ല ലോകചരിത്രത്തില്‍ തന്നെ, സമാനതകളില്ലാത്ത ഒന്നാണ്. ഇതുപോലൊരു സംഭവം പിന്നീട് അരങ്ങേറുന്നത്, രണ്ടാം ലോകമഹായുദ്ധത്തില്‍, ജപ്പാന്‍ സൈന്യത്തിലാണ്. ലോകചരിത്രത്തില്‍ തന്നെ ആദ്യമായി നടന്ന മനുഷ്യ ബോംബ് സ്‌ഫോടനം അങ്ങനെ ശിവഗംഗയില്‍ അരങ്ങേറി! റാണി വേലു നാച്ചിയാര്‍ക്കും കുയിലിക്കും സമമായി അവര്‍ മാത്രം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം ഇവിടെ തുടങ്ങുന്നു. അനേകമനേകം കുയിലിമാരെ സൃഷ്ടിച്ചുകൊണ്ട്!