മലയാള ചലച്ചിത്രഗാനങ്ങളില്‍ എക്കാലത്തെയും ഹിറ്റുകളിലൊന്നാണ് ‘രവിവര്‍മ്മച്ചിത്രത്തിന്‍ രതിഭാവമേ’ എന്ന ഗാനം. ചലച്ചിത്രഗാനചരിത്രത്തിലെ ഏറ്റവും മികച്ച നൂറുപാട്ടുകളെടുത്താല്‍ അതില്‍ മികച്ചതെന്ന് സഹൃദയലോകം വാഴ്ത്തുന്ന ഈ ഗാനത്തിന്റെ രചയിതാവാണ് ആര്‍.കെ.ദാമോദരന്‍. മലയാള ഗാനശാഖയുടെ പുണ്യകവി. എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദപഠനകാലഘട്ടത്തിലാണ് ആര്‍.കെ. ഈ ഗാനം രചിച്ചതെന്നറിയുമ്പോള്‍ ആരുമൊന്ന് വിസ്മയിക്കും. അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രഗാനവും രവിവര്‍മ്മച്ചിത്രമായിരുന്നു. ആദ്യഗാനം തന്നെ എക്കാലത്തെയും ഹിറ്റായി മാറുക. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മാസ്മരശബ്ദത്തില്‍ ആദ്യഗാനത്തിന് ജീവന്‍വെക്കുക. കലാലയ ജീവിതകാലത്തുതന്നെ ഇത്തരമൊരു സൗഭാഗ്യം കൈവരുക. പിന്നീട് 3600ല്‍പ്പരം ഗാനങ്ങള്‍ രചിക്കുക. എണ്ണം പറഞ്ഞ 118 സിനിമാഗാനങ്ങളില്‍ ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍, എം.എസ്. വിശ്വനാഥന്‍, ഇളയരാജ, അര്‍ജ്ജുനന്‍ മാസ്റ്റര്‍, ജോണ്‍സണ്‍, രവീന്ദ്രന്‍, ശ്യാം, എസ്.പി.വെങ്കിടേഷ്, വിദ്യാധരന്‍ തുടങ്ങി പുതിയ തലമുറയിലെ എം.ജയചന്ദ്രന്‍, ദീപക് ദേവ് തുടങ്ങിയ അതിപ്രശസ്തരും പ്രതിഭാധനരുമായ സംഗീതസംവിധായകര്‍ക്കുവേണ്ടി ഗാനങ്ങള്‍ രചിക്കുക. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് മുതല്‍ ഇരുപത്തിയേഴ് പ്രമുഖ അവാര്‍ഡുകള്‍ എന്നിങ്ങനെ അപൂര്‍വ്വതകളില്‍ അപൂര്‍വ്വതകളാല്‍ സമ്പന്നമാണ് ആര്‍.കെ.ദാമോദരന്റെ ജീവിതം. സപ്തതിയിലെത്തിയ അദ്ദേഹത്തിന്റെ അനുഗൃഹീത ജീവിതത്തിന്റെ ഏടുകളിലേക്കുള്ള ഒരു തിരനോട്ടമാണ് ഈ അഭിമുഖം
സര്‍ഗ്ഗാത്മക പാരമ്പര്യമുള്ള കുടുംബാന്തരീക്ഷം താങ്കളിലെ പ്രതിഭയെ രൂപപ്പെടുത്താന്‍ സഹായിച്ചുവെന്ന് പറയുന്നുണ്ട്. അതിനെക്കുറിച്ച് വിശദമാക്കാമോ?
♠പാലക്കാട് ജില്ലയിലെ മഞ്ഞപ്രയില്‍ കളത്തില്‍ രാമന്‍കുട്ടിനായരുടെയും പുത്തന്‍വീട്ടില്‍ കല്ല്യാണിക്കുട്ടിയമ്മയുടെയും മകനായി 1953 കര്‍ക്കിടകമാസത്തിലെ രേവതി നക്ഷത്രത്തിലാണ് (ആഗസ്റ്റ് 1) എന്റെ ജനനം. രേവതി കര്‍ണ്ണാടകസംഗീതത്തിലെ ഒരു രാഗത്തിന്റെ പേരുകൂടിയാണ്. എന്റെ ജന്മഗ്രാമം പാലക്കാടാണെന്ന് പറഞ്ഞല്ലോ. പാലക്കാട് നിരവധി സംഗീതജ്ഞന്മാരുടെ നാടുകൂടിയാണ്. എന്റെ രക്തത്തിലലിഞ്ഞുചേര്‍ന്നൊരു താളമുണ്ട്. അത് എന്റെ കുടുംബാന്തരീക്ഷത്തില്‍ നിന്നും നാട്ടുനന്മയില്‍ നിന്നും ലഭിച്ചതാണ്. കൃഷിയും പത്തായപ്പുരയുമൊക്കെയുള്ള വലിയ തറവാടായിരുന്നു എന്റെത്. എം.ഡി. രാമനാഥന്‍ എന്ന സംഗീതജ്ഞന്റെ നാടാണ് മഞ്ഞപ്ര. പാലക്കാട് പാട്ടിന്റെയും കൊട്ടിന്റെയും പൊട്ടിന്റെയും നാടാണ്. എന്റെ മുത്തച്ഛന്‍ കേരള ഹൈക്കോടതിയിലായിരുന്നു. ജനിച്ചത് പാലക്കാടാണെങ്കിലും എറണാകുളത്തേക്ക് പറിച്ചുനടപ്പെട്ട കുടുംബമാണ്. എന്നാലും വേലയും പൂരവുമൊക്കെയുള്ള പാലക്കാടന്‍ ഗ്രാമത്തിലാണ് എന്റെ ആത്മാവ് മുഴുവന്‍ കിടക്കുന്നത്. എന്റെ അച്ഛന് ഒരു തറവാട്ടമ്പലമുണ്ടായിരുന്നു. കുറുമാലിക്കാവ് എന്നാണ് പേര്. പാലക്കാട് ജില്ലയിലെ ഏറ്റവും ചെറിയ വേലയാണ് കുറുമാലിക്കാവ് വേല. എന്റെ അച്ഛന്റെ പേര് രാമന്‍കുട്ടിനായര്‍ എന്നാണെങ്കിലും കുട്ടേട്ടന്‍ എന്നാണ് നാട്ടുകാര്‍ വിളിക്കുക. അച്ഛനായിരുന്നു അന്ന് വേല നടത്തിയിരുന്നത്. അച്ഛന് കൊട്ടിലും വലിയ കമ്പമായിരുന്നു. അന്ന് പല്ലാവൂര്‍ അപ്പുമാരാര് തുടങ്ങിയ മേളക്കാരും വാദ്യക്കാരുമൊക്കെ വന്നുകഴിഞ്ഞാല്‍ ഞങ്ങളുടെ വീട്ടിലാണ് താമസിക്കുക. കാരണം മഞ്ഞപ്ര ഒരു കുഗ്രാമമായിരുന്നു. ഗ്രാമത്തില്‍ താമസസൗകര്യമുള്ള ഒരു വീട് ഞങ്ങളുടെതായതുകൊണ്ടാണ് ഇവരെയൊക്കെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. ഉത്സവക്കാലത്ത് രാത്രി പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ ഊണൊക്കെ കഴിഞ്ഞ് അച്ഛന്‍ മേളക്കാരെ അമ്പലത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ ഞാനും ഒരുമിച്ചുപോകും. അങ്ങനെ പാലക്കാടന്‍ സമ്പ്രദായത്തിലെ കൊട്ടിന്റെ താളം ജൈവമായി എന്റെ മനസ്സില്‍ കുടിയേറിയതിന്റെ ഫലമായാണെന്ന് തോന്നുന്നു, എന്നില്‍ ജന്മസിദ്ധമായൊരു താളബോധമുണ്ട്. അതുകൊണ്ട് ഞാനെന്തെഴുതിയാലും അതിലൊരു താളമുണ്ടാകും. അതിന് ഏറ്റവും വലിയൊരുദാഹരണമാണ് 1981-ല്‍ ഞാന്‍ ദേവരാജന്‍ മാസ്റ്റരുടെ കൂടെ ‘അനുഭവങ്ങളേ നന്ദി’ എന്ന പടത്തില്‍ പാട്ടെഴുതാന്‍ പോയപ്പോള്‍ ഒരുപാട്ടെഴുതിക്കൊടുത്തപ്പോള്‍ അതില്‍ ഒരക്ഷരം മാറ്റാതെ മാഷ് ട്യൂണ്‍ ചെയ്‌തെടുത്തത്. അതായത് എഴുതിക്കഴിഞ്ഞാല്‍ അതിനകത്ത് താളമുണ്ടാകും. എന്റെ മനസ്സിലുള്ളതാണത്. സാങ്കേതികമായി ഞാന്‍ പഠിച്ചതൊന്നുമല്ല. ജൈവമായി എന്റെ മനസ്സില്‍ പാട്ടിന്റെയും കൊട്ടിന്റെയും ബീജമുണ്ട്. ഞങ്ങളുടെ തറവാട്ടിലൊക്കെ പെണ്‍കുട്ടികളുടെ വിവാഹനിശ്ചയമാകുമ്പോള്‍ അവസാനമായൊരു ചോദ്യമുണ്ട്. പാട്ടുണ്ടോ കുട്ടിക്ക് എന്ന്. ആ കാലത്ത് അവിടെയൊക്കെ കല്യാണകൃഷ്ണഭാഗവതരെപ്പോലുള്ളവര്‍ വീടുകളില്‍ വന്ന് സംഗീതം പഠിപ്പിക്കുമായിരുന്നു. എന്റെ അച്ഛന്റെ കസിന്‍സെല്ലാം വീണയിലൊക്കെ കച്ചേരി നടത്തുന്നവരാണ്. ഞാന്‍ സാങ്കേതികമായി പാട്ടുപഠിക്കാനൊന്നും പോയിട്ടില്ല. അത് ജൈവമായി വന്നുചേര്‍ന്നതാണ്. പിന്നെ എന്റെ മുത്തച്ഛനുണ്ട്. പണ്ടത്തെക്കാലത്ത് മുത്തച്ഛന്മാരുടെ പേരാണല്ലോ കുട്ടികള്‍ക്കിടുക. അദ്ദേഹത്തിന്റെ പേര് ദാമോദരന്‍ നായരെന്നായിരുന്നു. അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ ജനിക്കുന്നതിനുമുമ്പേ മരിച്ചുപോയിരുന്നു. എനിക്ക് സാഹിത്യത്തില്‍ എങ്ങനെ കമ്പം വന്നുവെന്ന് ചോദിച്ചാല്‍ എന്റെ മുത്തച്ഛന്‍ ചെറുതായി ശ്ലോകങ്ങളൊക്കെ എഴുതുമായിരുന്നു. അതിന്റെയൊരു പാരമ്പര്യമായിരിക്കാം ഭാഷയിലുളവായ കൗതുകം. കവിതയിലേക്കാളുമുപരിയായി ഞാന്‍ പാട്ടിന്റെ മേഖലയിലേക്ക് വന്നത് താളത്തിന്റെതായൊരു സ്വാധീനം കാരണമാണ്. എന്തുകിട്ടിയാലും പാട്ടിന്റെ താളത്തില്‍ ചിട്ടപ്പെടുത്തിനോക്കുകയെന്നത് ഒരുശീലമായിരുന്നു.
കുടുംബാന്തരീക്ഷവും ജന്മഗ്രാമവും മാത്രമാവില്ലല്ലോ, വിദ്യാലയങ്ങളും സര്‍ഗ്ഗാത്മകതയ്ക്ക് കൂട്ടായിട്ടുണ്ടാവുമല്ലോ. വിദ്യാഭ്യാസകാലഘട്ടത്തിലെ സാഹചര്യം എങ്ങനെയായിരുന്നു?
♠എം. കൃഷ്ണന്‍ നായര്‍ സാറായിരുന്നു എന്റെ പ്രൊഫസര്‍. എം. ലീലാവതി ടീച്ചര്‍ രണ്ടാമതായിരുന്നു. എം. അച്ച്യുതന്‍, എം.കെ. സാനു, തോമസ് മാത്യു ഇങ്ങനെയുള്ള പ്രഗത്ഭരുടെ കീഴിലായിരുന്നു കോളേജ് വിദ്യാഭ്യാസം. അങ്ങനെ മേളവും സംഗീതവുമൊക്കെയായി വളക്കൂറുള്ള ജൈവമണ്ണില്‍ നിന്നും മലയാളഭാഷ പഠിക്കാന്‍ എത്തിയപ്പോള്‍ മഹാരാജാസിലെ അന്തരീക്ഷം എന്റെ പോഷണത്തിന് സഹായിച്ചു. എന്റെ അച്ഛന് ഒരു ആദ്ധ്യാത്മിക ജീവിതമുള്ള ആളായിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് ഭൗതികമായ താത്പര്യങ്ങളില്‍ നിന്നുമുപരിയായി ഒരു ആദ്ധ്യാത്മിക താത്പര്യമുണ്ടായിവന്നു. ഭാരതത്തില്‍ ജീവിച്ച ഏതൊരാള്‍ക്കും ഈയൊരു ആദ്ധ്യാത്മിക ജീവിതമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ആത്മീയ സാഹിത്യം, ഭാരതീയമായ ക്ലാസിക്കുകള്‍ എന്നിങ്ങനെ. എനിക്ക് ഇപ്പോഴും മൂന്നുമണിക്കൂര്‍ ജപം തന്നെയുണ്ട്. ഏഴ് സഹസ്രനാമങ്ങള്‍, ലളിതാസഹസ്രനാമം തൊട്ട് സൂര്യസഹസ്രനാമം വരെ. ഭാഗ്യസൂക്തം, പുരുഷസൂക്തം ഒക്കെ ജപിക്കും.
ആത്മീയ സാഹിത്യത്തിന്റെ സ്വാധീനം താങ്കളില്‍ എങ്ങിനെയാണ് ഉണ്ടായത്?
♠അക്കിത്തം പോലെയുള്ള മഹാകവികളുമൊക്കെയായി എനിക്ക് സഹവസിക്കാന്‍ കഴിഞ്ഞുവെന്നതാണ് അതിന് കാരണം. വൈലോപ്പിള്ളി എന്റെ തൊട്ടടുത്തായിരുന്നു. എഴുത്തച്ഛനും പൂന്താനവും ആശാനുമൊക്കെ സ്വാധീനം ചെലുത്തിയിരുന്നെങ്കിലും എനിക്ക് സഹവസിക്കാന്‍ കഴിഞ്ഞ കവി അക്കിത്തമാണ്. അദ്ദേഹമാണ് ശേഷം ഏറ്റവും അവസാനമായി ഇദം നഃ മമഃ എന്നു മനസ്സിലായിക്കഴിഞ്ഞാല്‍പ്പിന്നെ എല്ലാം കഴിഞ്ഞു എന്ന് പറഞ്ഞുതന്നത്. ഋഗ്വേദത്തിലെ സംവാദസൂക്തം, സോഷ്യലിസത്തിന്റെ ബീജം അതിലാണ് കിടക്കുന്നത് എന്നൊക്കെ. ഞാന്‍ ഏറ്റവും കൂടുതല്‍ എഴുതിയിരിക്കുന്നത് ഭക്തിഗാനങ്ങളാണ്.
മഹാരാജാസില്‍ രണ്ടാം വര്‍ഷ ബിരുദകാലത്താണ് താങ്കളുടെ ആദ്യ സിനിമാഗാനം പുറത്തുവരുന്നതെന്ന് കേട്ടിട്ടുണ്ട്. എങ്ങനെയാണ് അത് സംഭവിച്ചത്?
♠അതിനുപിന്നിലൊരു കഥയുണ്ട്. ഞാന്‍ ആദ്യം പഠിച്ചത് മഹാരാജാസിലായിരുന്നില്ല. സേക്രഡ് ഹാര്‍ട്ട് കോളേജിലായിരുന്നു. ബി.എക്കൊക്കെ പഠിക്കുക മണ്ടന്മാരാണെന്നൊരു ധാരണയുണ്ടായിരുന്നു അന്ന്. അച്ഛന്‍ കേന്ദ്രസര്‍ക്കാരിനുകീഴില്‍ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നതുകൊണ്ട് ഞാന്‍ ബി.എസ്.സി.യൊക്കെ പഠിച്ചുകഴിഞ്ഞാല്‍ ഒരു ജോലി തരപ്പെടുത്താന്‍ കഴിയുമെന്ന വിശ്വാസമായിരുന്നതുകൊണ്ട് എന്നെ സേക്രഡ് ഹാര്‍ട്ട് കോളേജില്‍ ചേര്‍ക്കുകയും മൂന്നുവര്‍ഷം കെമിസ്ട്രി പഠിക്കുകയും ചെയ്തു. മൂന്നാം വര്‍ഷം പഠിക്കുമ്പോഴും കെമിസ്ട്രി എനിക്ക് വളരെ ദുരൂഹമായിരുന്നു. ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നൊരു വാതകമുണ്ട്. അതിന് റോട്ടന്‍ എഗ് സ്‌മെല്‍ എന്നാണ് പറയുക. ചീമുട്ടയുടെ മണം. അതുപോലെ വിരസമായിരുന്നു എനിക്ക് കെമിസ്ട്രി. അപ്പോഴാണ് ഞാനൊരു നാടകം കളിച്ച് ഒന്നാം സ്ഥാനം വാങ്ങിയത്. എസ്.എച്ചില്‍ അങ്ങനെ പതിവില്ല. അന്ന് ബി.എ.ക്കാരൊക്കെയാണ് നാടകമൊക്കെ കളിക്കുക. അപ്പോള്‍ത്തന്നെ പ്രൊഫസര്‍ വര്‍ഗ്ഗീസ് സാര്‍ കെ.വി. തോമസ് സാര്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ ഞാനൊരു മോശം കുട്ടിയായി മാറി. പ്രതിഷേധമായി ഞാന്‍ വര്‍ഗ്ഗീസ് സാറിന്റെ ക്ലാസിലിരുന്ന് ഒരു കവിതയെഴുതി. രസതന്ത്രമാണ് പഠിക്കുന്നതെങ്കിലും’തീരെ രസമില്ല, പിന്നെ തന്ത്രമൊന്നുവേണമിപ്പരീക്ഷയ്ക്കിരിക്കുവാന്‍/ഇന്ന് പാസാകുവാന്‍ എന്നെഴുതി, കടലാസ് കുട്ടികള്‍ക്കിടയില്‍ പാസ് ചെയ്തപ്പോള്‍ ക്ലാസില്‍ കൂട്ടച്ചിരിയായി. വര്‍ഗ്ഗീസ് സാര്‍ ഓര്‍ഗ്ഗാനിക് കെമിസ്ട്രി എടുക്കുമ്പോഴാണീ വികൃതി. അദ്ദേഹം കടലാസ് പിടിച്ചു. എന്നെ പുറത്താക്കിയിട്ട് പറഞ്ഞു, അഞ്ച് റെക്കോഡെഴുതാനും ലാബില്‍ കയറാനും പാടില്ല. റെക്കോഡെഴുതിയാല്‍ അന്ന് അമ്പതുമാര്‍ക്കുണ്ട്. അതൊക്കെയില്ലാതായി. പരീക്ഷയെഴുതി പാസാകാനുള്ള വഴിയുമടഞ്ഞു. അങ്ങനെ ഞാന്‍ നേരെ മഹാരാജാസിലെത്തി ലീലാവതി ടീച്ചറെപ്പോലുള്ളവരെ കണ്ട് കാര്യം പറഞ്ഞു. അവരെനിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്‌പെഷ്യല്‍ സാങ്ഷന്‍ വാങ്ങി സെക്കന്റ് ഇയര്‍ ബി.എ.ക്ക് അഡ്മിഷന്‍ തന്നു. അങ്ങനെയാണ് മഹാരാജാസില്‍ വരുന്നത്. അന്ന് ഞാന്‍ കെമിസ്ട്രി പഠിച്ചിരുന്നുവെങ്കില്‍ തോറ്റുതൊപ്പിയിട്ടുനടക്കുന്ന ഒരാളായി മാറിപ്പോയേനെ. ഇപ്പോഴത്തെ മാതാപിതാക്കളൊക്കെ മക്കളെ ഡോക്ടറും എഞ്ചിനീയറുമാക്കണമെന്ന താത്പര്യക്കാരാണല്ലോ. അന്നത്തെക്കാലത്ത് അതിനെക്കാളും ഭയങ്കരമായിരുന്നു. അങ്ങനെ കെമിസ്ട്രി ക്ലാസില്‍ കവിതയെഴുതി പുറത്താക്കപ്പെട്ട് മലയാളസാഹിത്യത്തിന്റെ അകത്തേക്കുകയറിയൊരു മനുഷ്യനാണ് ഞാന്‍.
ആ കാലത്താണല്ലോ ‘രവിവര്‍മ്മ ചിത്രത്തിന്‍ രതിഭാവമേ’ എന്ന എക്കാലത്തെയും ഹിറ്റ് ഗാനം പിറക്കുന്നത്?
♠അതെ. എന്റെ അച്ഛന്റെ കൂട്ടുകാരനായിരുന്നു സിനിമാനടന്‍ കൊച്ചിന്‍ ഹനീഫയുടെ വാപ്പ. അയല്‍വാസികളാണ് ഞങ്ങള്‍. ഹനീഫയും ഞാനും സ്‌കൂള്‍ മേറ്റ്‌സ് ആണ്. പക്ഷെ എന്നേക്കാള്‍ സീനിയറായിരുന്നു അദ്ദേഹം. ഞങ്ങളുടെ കോമണ്‍ സുഹൃത്തായിരുന്ന പ്രസന്നന്‍ എന്നൊരാളുണ്ടായിരുന്നു. ഞാനിങ്ങനെ ആനുകാലികങ്ങളിലൊക്കെ ചെറിയ കവിതകളും പാട്ടുകളുമൊക്കെ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ പ്രസന്നന്‍ ഹനീഫയോട് നിരന്തരമായി ആവശ്യപ്പെടും, എടോ ഇയാള്‍ക്കൊരു ചാന്‍സ് വാങ്ങിക്കൊടുക്ക് എന്ന്. അങ്ങനെ ഒരുദിവസം എനിക്ക് ഇന്‍ലന്റില്‍ ഹനീഫയുടെ ഒരു കത്തുവരികയാണ്. ശ്രീസായി പ്രൊഡക്ഷന്റെ രാജു റഹിം എന്ന സിനിമയില്‍ ഒരു പാട്ടിന് അവസരമുണ്ട്, ഇതാണ് സിറ്റുവേഷന്‍, അതില്‍ ഭരണിക്കാവ് ശിവകുമാര്‍ എന്ന എസ്റ്റാബ്ലിഷ്ഡായൊരു ഗാനരചയിതാവാണ് എഴുതുന്നത്, ഒരു പാട്ട് നിങ്ങള്‍ക്കായി മാറ്റിവെക്കുന്നു, എഴുതിയത് നല്ലതാണെങ്കില്‍ എടുക്കും ഇല്ലെങ്കില്‍ എടുക്കില്ല. എനിക്കത് അത്ഭുതമായിരുന്നു. യേശുദാസ് പാടാന്‍ പോകുന്ന സോളോ സോങ്ങാണ്. ഞാനാണെങ്കില്‍ സിനിമയില്‍ ഒരുപാട്ടുപോലും അതേവരെ എഴുതിയിട്ടില്ല. അതില്‍ അഭിനയിക്കുന്നതാകട്ടെ പ്രേം നസീര്‍ ആണ്. ഈ കടലാസ് വായിച്ച് എന്റെ കൈവിറക്കുകയായിരുന്നു. ഞാനിപ്പോള്‍ സ്വപ്നലോകത്താണോ, സ്വര്‍ഗ്ഗലോകത്താണോ എന്നൊരവസ്ഥയിലാണ്. എറണാകുളം വിട്ട് യാത്രചെയ്തിട്ടില്ലാത്ത മനുഷ്യനാണ് ഞാന്‍. രണ്ടുദിവസം കൊണ്ട് ഈ പാട്ടെഴുതി മദിരാശിയിലെത്താനാണ് പറയുന്നത്. അച്ഛനൊന്നും ആദ്യം സമ്മതിച്ചില്ല. അമ്മാവനെക്കൊണ്ട് പറയിപ്പിച്ച് സമ്മതിപ്പിച്ച് പൈസ കടം വാങ്ങി, മദിരാശിയിലേക്ക് തിരിക്കുകയായിരുന്നു ഞാന്‍. അത് 1977 നവംബര്‍ രണ്ട് ബുധനാഴ്ച എ.വി.എം. തിയേറ്ററില്‍ റെക്കോര്‍ഡ് ചെയ്തു. അതിന് പ്രേം നസീര്‍ സാക്ഷ്യം വഹിച്ചിരുന്നു. യേശുദാസ് എന്ന വലിയൊരു ലജന്റ് അത് പാടി, അങ്ങനെയാണ് എനിക്ക് സിനിമയിലേക്ക് സ്വപ്നസമാനമായൊരു പ്രവേശനം ലഭിക്കുന്നത്.
അപ്പോള്‍ കോളേജില്‍ രണ്ടാംവര്‍ഷ ബിരുദത്തിന് പഠിക്കുന്നൊരു കുട്ടി സിനിമയില്‍ ഗാനമെഴുതുകയെന്നതും അത് ഏറ്റവും വലിയ ഹിറ്റാവുകയെന്നതുമൊക്കെ വലിയൊരു സംഭവമായിരിക്കുമല്ലേ അക്കാലത്ത്? എല്ലാവരുടെയും മുന്നില്‍ താരമായിക്കാണുമല്ലോ?
♠മഹാരാജാസ് എന്നാല്‍ ചങ്ങമ്പുഴയെന്ന മഹാകവി പഠിച്ച കോളേജാണ്. പി. ഭാസ്‌കരനെന്ന ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ ആള്‍ പഠിച്ച കോളേജാണ്. പക്ഷെ പി. ഭാസ്‌കരന് പോലും പഠനമൊക്കെ കഴിഞ്ഞ് പിന്നീടാണ് സിനിമയില്‍ പാട്ടെഴുതാനുള്ള ഭാഗ്യമുണ്ടാകുന്നത്. എനിക്ക് പഠനകാലത്തുതന്നെ എഴുതാന്‍ കഴിഞ്ഞുവെന്നത് വലിയൊരു ഭാഗ്യമാണ്. മൂകാംബികയുടെ അനുഗ്രഹമാണ്. മമ്മൂട്ടി അവിടെ പഠിച്ചയാളാണ്. മമ്മൂട്ടിക്കും അവിടെ പഠിക്കുന്ന സമയത്ത് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടില്ല. ദിലീപും സലിം കുമാറുമൊക്കെ അവിടെ പഠിച്ചവരാണ്. പക്ഷെ പഠിക്കുന്ന കാലത്ത് ലീലാവതി ടീച്ചറുടെയും കൃഷ്ണന്‍ നായര്‍ സാറിന്റെയുമൊക്കെ കുട്ടിയായ എനിക്ക് സിനിമയില്‍ പാട്ടെഴുതാന്‍ അവസരം ലഭിച്ചത് വലിയ കാര്യമാണ്. അന്ന് ഇന്നത്തെപ്പോലെ ആര്‍ക്കും പാട്ടെഴുതാനും സംഗീതം നല്‍കാനും ഒക്കെ കഴിയുന്ന കാലമായിരുന്നില്ല. മോണോപ്പോളിയെന്നത് വലിയ ഒന്നായിരുന്നു. അഭിനയിക്കാനാണെങ്കില്‍ പ്രേം നസീര്‍ കഴിഞ്ഞാല്‍ പിന്നെ മധു. അല്ലെങ്കില്‍ സത്യന്‍. അങ്ങനെയായിരുന്നു.
പാട്ട് കേട്ടിട്ട് അദ്ധ്യാപകരുടെയും സഹപാഠികളുടെയും പ്രതികരണമെങ്ങനെയായിരുന്നു?
♠ഞാന്‍ പാട്ട് റെക്കോര്‍ഡിംഗ് കഴിഞ്ഞ്, കാസറ്റിലാക്കി ഒരു റേഡിയോ പോലുള്ള പാനസോണിക് മ്യൂസിക് പ്ലെയര്‍ ആരില്‍ നിന്നോ കടം വാങ്ങി മഹാരാജാസില്‍ കൊണ്ടുവന്ന് മലയാളം ഡിപ്പാര്‍ട്ടുമെന്റില്‍ ലീലാവതി ടീച്ചറെയും സാനുമാഷിനെയും അച്ച്യുതന്‍ മാഷിനെയും കൃഷ്ണന്‍നായര്‍ മാഷിനെയും തോമസ് മാഷിനെയുമൊക്കെ കേള്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ വലിയ അഭിനന്ദനമൊക്കെ കിട്ടി. കൃഷ്ണന്‍നായര്‍ സാര്‍ മാത്രം ഇങ്ങനെ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ കണ്ണടയുടെ ഉള്ളില്‍ക്കൂടെയുള്ളൊരു നോട്ടത്തോടെ, ദാമോദരന്‍ കവിതയില്‍ ശ്രദ്ധിക്കണം എന്നു പറഞ്ഞു.
രവിവര്‍മ്മ ചിത്രത്തില്‍ അക്കാലത്തെ സൂപ്പര്‍ ഹിറ്റ് പാട്ടാണല്ലോ അല്ലേ?
♠അന്നത്തെയും ഇന്നത്തെയും എന്നത്തെയും സൂപ്പര്‍ ഹിറ്റ് പാട്ടാണ്. മാതൃഭൂമി ഈയിടെ മലയാളസിനിമയുടെ ചരിത്രത്തില്‍ ഇന്നേവരെയുണ്ടായ നാല്‍പ്പത്തിയെണ്ണായിരം പാട്ടുകളില്‍ നൂറെണ്ണം തെരഞ്ഞെടുക്കാന്‍ അഞ്ച് സാഹിത്യകാരന്മാര്‍ക്ക് കൊടുത്തു. അവര്‍ തെരഞ്ഞെടുത്ത നൂറെണ്ണത്തില്‍ ഒരെണ്ണം രവിവര്‍മ്മ ചിത്രമാണ് എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനമാണ്.
ആര്‍.കെ.യുടെ കൂടുതല്‍ പാട്ടുകളും പാടിയിരിക്കുന്നത് യേശുദാസാണ്. മലയാളത്തിലെ മറ്റധികം എഴുത്തുകാര്‍ക്കും ലഭിക്കാത്തൊരു അംഗീകാരമാണതെന്ന് തോന്നുന്നു. ഗാനഗന്ധര്‍വ്വന്‍ യേശുദാസുമായുള്ള ബന്ധം എങ്ങിനെയാണ്?
♠യേശുദാസ് എന്ന ലജന്റ് എന്റെ ആദ്യഗാനം പാടിയെന്നത് വലിയ ഭാഗ്യമാണ്. അന്ന് 1977 നവംബറിലാണ് യേശുദാസിനെ നേരിട്ട് പരിചയപ്പെടുന്നത്. അര്‍ജ്ജുനന്‍ മാഷാണ് പരിചയപ്പെടുത്തിത്തന്നത്. അന്നുതൊട്ടുള്ള ബന്ധമാണ് ഇന്നുമുള്ളത്. അദ്ദേഹം എന്റെ വീട്ടില്‍ വരും, ഞങ്ങള്‍ സംസാരിക്കും വ്യക്തിപരമായിട്ടുള്ളവയും കുടുംബപരമായിട്ടുള്ളവയും എല്ലാം. എന്നെയദ്ദേഹം ഒരു സഹോദരനെപ്പോലെ കാണുന്നു. അത് വലിയൊരനുഗ്രഹമാണ്. ഈയൊരനുഗ്രഹം എല്ലാവര്‍ക്കും ലഭിച്ചിട്ടില്ല. അന്നത്തെക്കാലത്ത് വയലാറും ഭാസ്‌കരന്‍ മാഷും ഒ.എന്‍.വി.യും പോലുള്ളവരാണ് എഴുതുന്നത്. ശ്രീകുമാരന്‍ തമ്പിക്കും യൂസഫലി കേച്ചേരിക്കുമൊക്കെ അന്ന് പാട്ടുകള്‍ കുറവാണ്. ദേവരാജന്‍മാഷ്, ദക്ഷിണാമൂര്‍ത്തിസ്വാമി, രാഘവന്‍മാഷ് അങ്ങനെ നാലഞ്ചുപേരേയുള്ളൂ സംഗീതസംവിധാനത്തില്‍. എഴുത്തിലും അത്രയൊക്കെയേയുള്ളൂ. ആ സമയത്ത് ഭാഗ്യമെന്നതിനപ്പുറം ദൈവത്തിന്റെ അനുഗ്രഹം, കടാക്ഷം കിട്ടിയതുകൊണ്ട് എനിക്കത് അന്ന് ചെയ്യാന്‍ കഴിഞ്ഞുവെന്നേയുള്ളൂ. കലാകാരന് എന്താവാനും ഈ ദൈവികാനുഗ്രഹമുണ്ടാകണം എന്നാണെന്റെ വിശ്വാസം. എന്റെ നക്ഷത്രമായ രേവതി നക്ഷത്രം പോലും ഒരു രാഗനക്ഷത്രമാണ്. ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ രാഗത്തിന്റെ പേരുള്ളത് രേവതി നാള്‍ മാത്രമാണ്. ആ രാഗത്തില്‍ എന്റെയൊരു പാട്ടുമുണ്ട്. ‘ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും ചകോര യുവമിഥുനങ്ങള്‍’ എന്ന ഗാനം. കുടജാദ്രിയില്‍ എന്ന പാട്ട് രേവതി രാഗത്തിലുള്ളതാണ്. ആ രാഗം എന്റെ ജന്മനക്ഷത്രമായി വന്നു. അതോടൊപ്പം പാലക്കാടിന്റെ സംഗീതപാരമ്പര്യം, അക്കിത്തത്തെപ്പോലുള്ള മഹാകവിയുമായുള്ള സംസര്‍ഗ്ഗം ഇതൊക്കെയാണ് എന്നെയിവിടെവരെയെത്തിച്ചത്.
സംസ്‌കൃതഭാഷയില്‍ അങ്ങ് ആഴത്തില്‍ അറിവുനേടിയിട്ടുണ്ട്. ഭാരതീയവിദ്യാഭവനില്‍ നിന്നുമാണ് സംസ്‌കൃതം പഠിച്ചതെന്നും കേട്ടിട്ടുണ്ട്. ആ സാഹചര്യം പറയാമോ?
♠ഏത് ഭാഷയില്‍ എഴുതണമെങ്കിലും അതിലെ ക്ലാസിക്കുകളിലൂടെ കടന്നുപോകാതെ എഴുത്തിന് ഒരു ബലം കിട്ടില്ല. കാളിദാസസാഹിത്യമാണെങ്കിലും വേദസാഹിത്യമാണെങ്കിലും എനിക്ക് മനസ്സിലാക്കാന്‍ കഴിയണമെങ്കില്‍ അതിന്റെ അടിസ്ഥാനമറിയണം. ഭാഷയറിയണം. അതിനായി എന്റെ മഹാരാജാസിന് തൊട്ടടുത്തുള്ള കൊച്ചുകുട്ടികള്‍ പഠിക്കുന്ന ഭാരതീയവിദ്യാഭവനില്‍ പോയി സംസ്‌കൃതം പഠിക്കുകയായിരുന്നു. പ്രഥമ, പരിചയ്, പ്രവേശ്, കോവിദ് തുടങ്ങിയ കോഴ്‌സുകളുണ്ട്. കോവിദ് എന്ന പരീക്ഷയിലുള്‍പ്പെടെ എനിക്ക് റാങ്ക് നേടാന്‍ കഴിഞ്ഞു. ആ കാലത്ത് ഞാന്‍ സംസ്‌കൃതത്തില്‍ എഴുതുമായിരുന്നു. പഠനത്തിന്റെ ഭാഗമായി അത് ചെയ്യണമായിരുന്നു. ക്ലാസിക്കുകളുടെ പാരമ്പര്യമില്ലാതെ ഒരു ഭാഷയിലേക്കും പ്രവേശനം ലഭിക്കില്ല.
ഇന്നത്തെ പാട്ടുകളില്‍ ഈയൊരു ക്ലാസിക് പാരമ്പര്യം എത്രത്തോളമുണ്ടെന്നാണ് തോന്നിയത്?
♠നമ്മുടെ ഭാഷയുടെ ക്ലാസിക് പാരമ്പര്യങ്ങളിലൂടെ കടന്നുവരാത്തതിന്റെതായ കുഴപ്പങ്ങളുണ്ട്. പലരും ഇംഗ്ലീഷിനോട് അമിതപ്രണയം കാണിക്കുന്നത് കാണുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയുടെ കുഴപ്പമാണെന്നല്ല പറയുന്നത്. നമ്മുടെ ഭാഷയുടെ പാരമ്പര്യത്തെയും ക്ലാസിക്കുകളുടെ പഠനത്തെയും അവഗണിക്കുന്നതിന്റെതായ ദോഷങ്ങള്‍ കാണാനാവുന്നുണ്ട് എന്നതേയുള്ളൂ. ഒരു കവി, ‘നൂറുസഹോദരരെ കൊന്നുഞാന്‍, അഞ്ചുപേര്‍ കുരുക്ഷേത്രം ജയിക്കാന്‍’ എന്ന് എഴുതിയിട്ടുണ്ട്. എന്റെ ദര്‍ശനപ്രകാരം അതില്‍ ഒരു അനൗചിത്യമുള്ളതായി ഞാന്‍ കാണുന്നു. ആ കവി ഒരു ഭൗതിക ആശയമായ കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തില്‍ വ്യാപരിക്കുന്നതുകൊണ്ട് സംഭവിച്ചതാണത്. അദ്ദേഹത്തിന്റെ ഭാഷയിലും ദര്‍ശനത്തിലും ആ ഒരു സ്വാധീനം വന്നതാണ്. ധര്‍മ്മപക്ഷത്ത് ന്യൂനപക്ഷമാണെങ്കില്‍ പോലും അതിനായിരിക്കും വിജയം എന്ന ദര്‍ശനമാണുള്ളത്. എണ്ണമല്ല അവിടെയുള്ളത്. ഭൗതികമായ ധനതത്വങ്ങള്‍ക്കോ ആശയങ്ങള്‍ക്കോ വിശദീകരിക്കാനാവുന്നതല്ല അത്. ധര്‍മ്മത്തിനാണ് വിജയം എന്ന ഭാരതീയദര്‍ശനമാണത്. അതുകൊണ്ടാണ് മഹാത്മാഗാന്ധി ഭാരത സ്വാതന്ത്ര്യസമരഘട്ടത്തില്‍ എപ്പോഴൊക്കെ ഹിംസ ഉണ്ടായി ധര്‍മ്മഭ്രംശമുണ്ടാകുമ്പോഴും ആശ്രമത്തില്‍ വന്ന് മൗനം ദീക്ഷിച്ചിരുന്നത്. നമ്മുടെ ഭാഷയുടെ ക്ലാസിക് അടിത്തറയില്ലാതെ മറ്റെന്തു കെട്ടിപ്പൊക്കിയാലും അത് തകര്‍ന്നുപോകും. ഫെബ്രുവരി പതിനാലിന് ഇപ്പോള്‍ കുട്ടികള്‍ വാലന്റൈന്‍സ് ഡേ എന്നുപറഞ്ഞ് ആഘോഷിക്കുന്നത് ഈ ഭൗതികതയുടെ അതിപ്രസരം കാരണമാണ്. ബ്രിട്ടീഷുകാര്‍ നമ്മുടെ ഭൂമി കയ്യടക്കിയതിനേക്കാള്‍ വലിയ അധിനിവേശമാണ് ചിന്താപരമായി നടത്തിയത്. കാളിദാസന്റെ പ്രണയത്തെക്കുറിച്ച് നമ്മുടെ പുതിയ തലമുറ മറന്നുപോകുന്നത് അതുകൊണ്ടാണ്. ഉണ്ണായിവാര്യരുടെ പ്രണയത്തിന്റെ നളചരിതം നാലുദിവസം കൊണ്ടാടിയ നാടാണിത്. എന്തൊക്കെ പറഞ്ഞാലും മുഗളനായ ഷാജഹാന്‍ നിര്‍മ്മിച്ച താജ്മഹല്‍, സപ്താത്ഭുതങ്ങളില്‍ ഒന്നായ പ്രണയത്തിന്റെ സ്മാരകമായി നിലനില്‍ക്കുന്നത് ഇന്ത്യയിലാണ്. ഇവിടേക്ക് വാലന്റൈസ് ഡേ പോലുള്ള കൃത്രിമങ്ങള്‍ കൊണ്ടുവരുമ്പോള്‍ അതങ്ങനെത്തന്നെ വിഴുങ്ങുന്ന തലമുറയുണ്ടാകുന്നത് ഭൗതികതയുടെ പിന്നാലെ പോയതിന്റെ പാര്‍ശ്വഫലമാണ്.
മലയാളത്തിലെ മിക്കവാറും ലജന്റ് സംഗീതസംവിധായകര്‍ക്കുമൊപ്പം അങ്ങ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യമായി ജോണ്‍സണ്‍മാഷ് സംഗീതം നല്‍കിയത് ആര്‍.കെ.യുടെ ഗാനത്തിനാണല്ലോ. അതിന്റെ പശ്ചാത്തലം വിശദമാക്കാമോ?
♠ജോണ്‍സണ്‍ ദേവരാജന്‍മാഷുടെ ശിഷ്യനായിരുന്നു, അസിസ്റ്റന്റ് ആയിരുന്നു. അങ്ങനെയിരിക്കെയാണ് എനിക്ക് ‘ഇണയെത്തേടി’ എന്നൊരു പടം ചെയ്യാന്‍ അവസരം വരുന്നത്. ചെറിയൊരു ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയായിരുന്നു. ആദ്യമായി സില്‍ക്ക് സ്മിത എന്ന നടി അഭിനയിക്കുന്നത് ആ സിനിമയിലാണ്. പക്ഷെ അത് ആ പേരിലൊന്നുമായിരുന്നില്ല. അതിലൊരു ടൈറ്റില്‍ സോങ്ങ് ഞാന്‍ എഴുതിയിരുന്നു. അതിന് സംഗീതം നല്‍കാനായി ഞാനും കലൂര്‍ ഡെനീസും ദേവരാജന്‍ മാഷെ തേടിപ്പോയതായിരുന്നു. അന്നദ്ദേഹത്തിന് വലിയ തിരക്കായിരുന്നതുകൊണ്ട് ആറുമാസത്തേക്ക് എനിക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. അപ്പോള്‍ത്തന്നെ അദ്ദേഹം ജോണ്‍സണെ വിളിച്ച് വരാന്‍ പറഞ്ഞു. ജോണ്‍സണ്‍ അന്ന് ഉമാ ലോഡ്ജില്‍ താമസിക്കുകയാണ്. ഇത് ഉടനെ ചെയ്തുകൊടുക്കാന്‍ പറഞ്ഞു. ജോണ്‍സണ്‍ന്റെ കഴിവില്‍ അത്രയും വിശ്വാസമുള്ളതുകൊണ്ടാണ് അന്നങ്ങനെയദ്ദേഹം കൊടുക്കുന്നത്. അല്ലെങ്കില്‍ ആരെയുമങ്ങനെ അടുപ്പിക്കാത്തയാളാണ്. അങ്ങനെയത് രാത്രിക്ക് രാത്രി ഞങ്ങള്‍ ട്യൂണ്‍ ചെയ്‌തെടുത്തു. യേശുദാസിനെക്കൊണ്ട് പാടിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. പക്ഷെ യേശുദാസ് അന്ന് അമേരിക്കയിലോ മറ്റോ ആയിരുന്നതുകൊണ്ടും പെട്ടെന്ന് ചെയ്യണമെന്നുള്ളതുകൊണ്ടും പിറ്റേദിവസം ജയചന്ദ്രനെ വിളിച്ചുവരുത്തുകയും റെക്കോര്‍ഡുചെയ്യുകയും അങ്ങനെ ജോണ്‍സണ്‍ ആദ്യമായി ട്യൂണ്‍ ചെയ്തത് എന്റെ ‘വിപിനവാടിക കുയില്‍ തേടി’ എന്ന ഗാനമായി മാറുകയും ചെയ്തു. അതിന് നിമിത്തമായത് ദേവരാജന്‍ മാഷാണ്. ദേവരാജന്‍ മാഷിന് ജോണ്‍സണിലുള്ള വിശ്വാസമാണ്. ആ വിശ്വാസം പിന്നീടദ്ദേഹം തെളിയിച്ചു. മിടുമിടുക്കനായി. കേരളത്തിലെ സംഗീതസംവിധായകരില്‍ ദേവരാജന്‍ മാഷിനുശേഷം ആ തലമുറയില്‍ നമ്പര്‍ വണ്‍ ആണെന്ന് തെളിയിക്കാനും ജോണ്‍സണ് സാധിച്ചു.
ഇളയരാജയുമായി ആര്‍.കെ.യ്ക്ക് നല്ല ബന്ധമായിരുന്നല്ലോ. ആ പ്രതിഭയെക്കുറിച്ച് എങ്ങനെയാണ് ഓര്‍ക്കുന്നത്?
♠സിദ്ദിഖ് എന്ന സംവിധായകനാണ് അതിന് കാരണക്കാരന്‍. ഒരുദിവസം രാത്രിയില്‍ ഞങ്ങളുടെ കാറ് തകരാറിലായതുകൊണ്ട് ഞാനും ഭാര്യയും വീട്ടിലേക്ക് നടന്നുവരികയായിരുന്നു. ഒരു മനുഷ്യന്‍ പിന്നില്‍ വന്ന് ഹോണടിച്ചു. ശല്യമായി തിരിഞ്ഞുനോക്കിയപ്പോള്‍ സിദ്ദിഖായിരുന്നു. അദ്ദേഹം ഞങ്ങളെ കാറില്‍ ഞങ്ങളുടെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി. ഞങ്ങള്‍ അടുത്തടുത്താണ് താമസം. വീട്ടിലെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു. വണ്ടിയിലൊക്കെ നിങ്ങളെനിക്ക് സീറ്റ് തന്നു. പക്ഷെ ഇത്രയും സിനിമ ചെയ്തിട്ട് പാട്ടെഴുതാന്‍ എനിക്കൊരവസരം തന്നിട്ടില്ലെന്ന്. അദ്ദേഹം പറഞ്ഞു, ഇപ്പോള്‍ ചെയ്യുന്ന പടത്തില്‍ ബിച്ചു തിരുമലയാണ് എഴുതുന്നത്, ഒരു പാട്ട് ബാക്കിയുണ്ട്, വേണമെങ്കില്‍ തരാം, അല്ലെങ്കില്‍ അടുത്ത പടം ഉടനെ ചെയ്യുന്നുണ്ട് അതിലാണെങ്കിലും ആവാമെന്ന് പറഞ്ഞു. സിനിമാക്കാര്‍ അങ്ങനെ പല ഒഴിവുകഴിവുകളും പറയുമല്ലോ, അങ്ങനെയെന്നേ ഞാന്‍ കരുതിയുള്ളൂ. പക്ഷെ അങ്ങനെയായിരുന്നില്ല. വളരെ പതിഞ്ഞുസംസാരിക്കുന്ന, ചിരിച്ചുകൊണ്ടിരിക്കുന്ന മുഖമുള്ള മനുഷ്യനാണ് സിദ്ദിഖ്. ഒന്നരക്കൊല്ലം കഴിഞ്ഞ് എനിക്കൊരു ഫോണ്‍ വന്നു, ആര്‍.കെ, നമുക്കൊരു പടം ചെയ്യേണ്ടേ എന്നു ചോദിച്ചുകൊണ്ട്. ഇളയരാജയുടെ പാട്ടുണ്ട്, എല്ലാം ട്യൂണ്‍ ചെയ്തുകൊണ്ടുവന്നിട്ടുണ്ട്, എന്റെ ഫ്‌ളാറ്റില്‍ വന്നു കേള്‍ക്കുക, കേട്ടിട്ട് അതിലിഷ്ടമുള്ള മൂന്നെണ്ണം ആര്‍.കെ. തിരഞ്ഞെടുക്കുക, മറ്റു മൂന്നുപാട്ടുകള്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കാണ് എന്ന് പറഞ്ഞു. ഇളയരാജയുടെ പാട്ടെഴുതുക വലിയ ഭാഗ്യമുള്ള കാര്യമാണ്. ഞാന്‍ ചെന്നു, ട്യൂണ്‍ കേട്ടു, എഴുതിക്കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ സിദ്ദിഖ് വിളിച്ച് പറഞ്ഞു. മറ്റന്നാളാണ് റെക്കോര്‍ഡിംഗ്. മദ്രാസില്‍ പോകണം. പൂജയ്ക്ക് ഞങ്ങളുടെ റെപ്രസന്റേറ്റീവായി നിങ്ങളാണ് പോകേണ്ടതെന്ന്. എനിക്കാണെങ്കില്‍ അന്നേദിവസം മൂകാംബികയില്‍ ഭജനമിരിക്കാന്‍ പോകാനുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം മൂകാംബികയിലെ ദര്‍ശനവും ഭജനയുമാണ്. ധര്‍മ്മസങ്കടത്തിലായി. ഞാന്‍ കാര്യം പറഞ്ഞു. മൂകാംബികയിലെ ഭജന മാറ്റിവെക്കാനാവില്ല. പാട്ടുപോകുന്നെങ്കില്‍ പോയിക്കോട്ടെ എന്നു പറഞ്ഞു. പടത്തിന്റെ പൂജ കൂടെയായതുകൊണ്ട് ആരെങ്കിലും പോയേ മതിയാകുമായിരുന്നുള്ളൂ. അവസാനം അവര്‍ ഗത്യന്തരമില്ലാതെ ഇളയരാജയോട് കാര്യം പറഞ്ഞു. സാധാരണനിലയക്ക് ഇങ്ങനെ കേട്ടാല്‍ ഇളയരാജയെപ്പോലെയുള്ള പാട്ടുകാര്‍ പാട്ട് വേറെയാര്‍ക്കെങ്കിലും കൊടുക്കാമെന്നേ പറയുള്ളൂ. പക്ഷെ ഇളയരാജ മൂകാംബികയുടെ അതീവ ഭക്തനായിരുന്നു. അദ്ദേഹം പറഞ്ഞു, ഭജന മാറ്റിവെക്കരുത്, അത് കഴിഞ്ഞ് നേരിട്ടിങ്ങോട്ടുവരൂ എന്ന്. അപ്പോഴാണ് സിദ്ദിഖിന് മൂകാംബിക ദര്‍ശനത്തിന്റെ ഗൗരവം മനസ്സിലായത്. മൂകാംബികയില്‍ ഞാന്‍ പോയി, ദര്‍ശനം കഴിഞ്ഞ് മദ്രാസിലേക്ക് ചെന്നു. ഒരു ജനുവരി ഒന്നിനാണ് റെക്കോര്‍ഡിംഗ് നടന്നത്. ആ വര്‍ഷത്തെ ഇളയരാജയുടെ ആദ്യത്തെ റെക്കോര്‍ഡിംഗ് എന്റെ ഗാനമായി മാറി. എല്ലാ ന്യൂ ഇയറിനും അദ്ദേഹം എല്ലാവര്‍ക്കും ദക്ഷിണ കൊടുക്കും. ഒരു നൂറിന്റെ നോട്ടില്‍ എനിക്ക് ‘ഇരൈവന്‍ കാപ്പാക്കട്ടും – ഇളയരാജ’ എന്ന് എഴുതി ദക്ഷിണ തന്നു. അത് ഞാന്‍ ലാമിനേറ്റ് ചെയ്തുവെച്ചിട്ടുണ്ട്. നമ്മള്‍ പരമമായൊരു ശക്തിയില്‍ വിശ്വസിച്ചാല്‍ അത് ഏത് വലിയ ആളാണെങ്കിലും ആ വിശ്വാസത്തിലേക്ക് വരും എന്നാണ് എന്റെ അനുഭവം. സ്റ്റുഡിയോയില്‍ നിന്നും ഞാന്‍ ദക്ഷിണവാങ്ങി പുറത്തിറങ്ങിയപ്പോള്‍ കണ്ടത് എസ്.പി. ബാലസുബ്രഹ്‌മണ്യം, ചിത്ര തുടങ്ങിയ വലിയ പാട്ടുകാരൊക്കെ ഇളയരാജയില്‍ നിന്നും കൈനീട്ടം വാങ്ങാനായി ബൊക്കെയൊക്കെ പിടിച്ച് ക്യൂവായി കാത്തുനില്‍ക്കുന്നതാണ്. ‘സംഗീതമപി സാഹിത്യം സരസ്വത്യാസ്തനദ്വയം, ഏകമാപാദമധുരം അന്യദാലോചനാമൃതം’ എന്നാണ് ഞാന്‍ മൂകാംബികാദേവിയുടെ നടയില്‍ പ്രാര്‍ത്ഥിച്ചത്. സംഗീതവും സാഹിത്യവും എല്ലാം അമ്മയാണ്. ‘ഇദം ന മമ’ എന്ന് അക്കിത്തം തിരുമേനി എന്നോട് ഉപദേശിച്ചതുപോലെ സര്‍വ്വം ഈശ്വരനില്‍ അര്‍പ്പിച്ച് ഒരു കര്‍മ്മം ചെയ്തുനോക്കൂ, ഇന്നല്ലെങ്കില്‍ നാളെയതിന് ഫലം ഉറപ്പാണ്. അതിന് തെളിവാണ് ഇത്.
അപ്പോള്‍ ഈശ്വരചിന്തയും അര്‍പ്പണവുമാണ് സര്‍വ്വപ്രധാനവും എന്നാണോ അര്‍ത്ഥമാക്കുന്നത്?
♠അതെ. അതാണെന്റെ അനുഭവം. ഞാന്‍ വലിയ പണ്ഡിതനൊന്നുമല്ലല്ലോ. സംസ്‌കൃതത്തിലോ ഭാഷയിലോ ഒന്നുമെനിക്ക് വലിയ പാണ്ഡിത്യമൊന്നുമില്ല. സരസ്വതീദേവിയുടെ കടാക്ഷമാണ് എന്നിലുള്ളതെല്ലാം. ആ കടാക്ഷത്തിന്റെ ഫലമാണ് ഈ സപ്തതിയിലെത്തിനില്‍ക്കുന്ന ഞാന്‍. ആദ്ധ്യാത്മികചിന്തയില്‍ നിന്നുമാണ് എന്റെ സാഹിത്യവും ചിന്തയും പാട്ടുമെല്ലാം ഉണ്ടായിരിക്കുന്നത്. ‘കൃഷ്ണദാമോദരം വാസുദേവം ഭജേ’ എന്നാണ് നമ്മളെപ്പോഴും ചൊല്ലുക. കൃഷ്ണനോട് ഒട്ടിനില്‍ക്കുന്ന നാമം ദാമോദരം എന്നാണ്. അങ്ങനെ ഭഗവാനോട് ഒട്ടിനില്‍ക്കുമ്പോള്‍ തരുന്നതെല്ലാം വാങ്ങിച്ചെടുക്കുക എന്നുമാത്രം. അല്ലാതെ മറ്റൊന്നുമില്ല. അക്കിത്തം തിരുമേനി എഴുതിയിട്ടുള്ളത് ‘എന്റെയല്ലെന്റെയല്ലീക്കൊമ്പനാനകള്‍, എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ’ എന്നാണ്. അതേപോലെ വിഷ്ണുനാരായണന്‍ നമ്പൂതിരി എഴുതിയത് ‘തന്റേതായൊന്നുമില്ലെന്ന തന്റേടം കയ്യടക്കുവിന്‍ എഴുന്നുനിന്നേ ശീലിക്ക എങ്ങുമെത്താതിരിക്കിലും’ എന്നാണ്. എനിക്ക് എന്റെ ദര്‍ശനമാണ്, എന്റെ ഭജനയാണ് വലുത് എന്ന് പറഞ്ഞ് ഞാന്‍ എഴുന്നുനിന്നപ്പോഴാണ് പാട്ട് എന്നെ തേടി വന്നത്. കവിത നിങ്ങള്‍ക്ക് എങ്ങനെയുമെഴുതാം. അക്കാദമിക്കായി പഠിച്ചിട്ടോ, വൃത്തം പഠിച്ചിട്ടോ കാല്പനികമായോ എങ്ങനെ വേണമെങ്കിലുമാകാം. അതിനുമപ്പുറം മനുഷ്യന്റെ സനാതനമായ ദര്‍ശനമുള്ള സത്യമുള്ളതെഴുതണമെങ്കില്‍ ഈശ്വരാനുഗ്രവും വേണം. ‘അന്യജീവനുതകില്‍ സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍’ എന്ന് കുമാരനാശാന്‍ എഴുതിയിട്ടുണ്ടെങ്കില്‍ അത് ശ്രീനാരായണഗുരുവില്‍ നിന്നും ആദ്ധ്യാത്മിക ജ്ഞാനം ആവാഹിക്കുന്നതില്‍ നിന്നുമാണ്. കുമാരനാശാന്‍ ‘വീണപൂവില്‍’ ‘ ശ്രീഭൂവിലസ്ഥിരമസംശയമിന്നുനിന്റെ ആഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍’ എന്നുപറയുന്നത് മനുഷ്യന്റെ ജീവിതദര്‍ശനത്തെക്കുറിച്ചുതന്നെയാണ്.
നാല് പുസ്തകങ്ങള്‍ ഉണ്ടല്ലോ അങ്ങയുടെതായിട്ട്, രണ്ട് കവിതാസമാഹാരങ്ങളും ഭക്തിഗാനസമാഹാരങ്ങളും. എഴുത്തിനെക്കുറിച്ച് എന്താണ് നിലപാട്?
♠എന്റെ കവിതാപുസ്തകത്തിന് ആമുഖമെഴുതിയത് അക്കിത്തമാണ്. കഥ രാവണീയം എന്ന കവിതാപുസ്തകം മാതൃഭൂമിയാണ് പ്രസിദ്ധീകരിച്ചത്. ദാമോദരനില്‍ ഇങ്ങനെയൊരു കവിയുണ്ട് എന്ന് അക്കിത്തം ആമുഖത്തില്‍ പറയുന്നുണ്ട്. എന്റെ ദര്‍ശനത്തിനനുസരിച്ചാണ് ഞാനെഴുതിയതെല്ലാം. എന്റെ പുസ്തകങ്ങളും അതുപോലെത്തന്നെ. സ്വന്തം ഭൂമിയില്‍ ചവിട്ടിനിന്നേ എന്തും എനിക്ക് ചെയ്യാനാകൂ എന്നതിനാലാണത്. എം.ടി. പറഞ്ഞിട്ടുണ്ട് മഹാസമുദ്രങ്ങളെക്കാളുമെനിക്കിഷ്ടം എന്റെ നിളയാണെന്ന്. നിളനിലാവിലലിഞ്ഞെഴുതാനാണ് പി. കുഞ്ഞിരാമന്‍ നായര്‍ ശ്രമിച്ചിട്ടുള്ളത്. കുഞ്ഞിരാമന്‍ നായരാണോ വേഡ്‌സ്‌വര്‍ത്താണോ വലിയതെന്നുചോദിച്ചാല്‍ കുഞ്ഞിരാമന്‍ നായരിലൂടെയേ എനിക്ക് വേഡ്‌സ്‌വര്‍ത്തിനെ കാണാന്‍ കഴിയുള്ളൂ എന്നാണുത്തരം. ഓണത്തെക്കുറിച്ച് നമ്മള്‍ ഒരു ഇംഗ്ലീഷുകാരനെ പറഞ്ഞുമനസ്സിലാക്കാന്‍ അതൊരു ഫെസ്റ്റിവെലാണെന്ന് വിശദീകരിക്കും. അയാള്‍ അതിനെ ഇംഗ്ലണ്ടിലെ ഏതെങ്കിലും ഒരു ഫെസ്റ്റിവെലുമായി സമീകരിച്ച് മനസ്സിലാക്കും. പക്ഷെ അതല്ലല്ലോ ഓണം. നമ്മുടെ പുലികളിയും മാവേലിയും ആറന്മുള വള്ളംകളിയുമൊക്കെ അയാള്‍ക്ക് സങ്കല്പ്പിക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് നമ്മുടെ സ്വത്വത്തിലൂന്നിയതാകണം നമ്മുടെ എഴുത്ത്.
കവിതകളെക്കാള്‍ കൂടുതല്‍ ഗാനങ്ങളാണല്ലോ എഴുതിയിട്ടുള്ളത്?
♠അതെ. താളത്തോടെയേ എനിക്ക് എഴുതാനാകൂ. സിനിമാഗാനങ്ങളെക്കാള്‍ കൂടുതല്‍ ഭക്തിഗാനങ്ങളാണ് ഞാനെഴുതിയിട്ടുള്ളത്. ഭക്തിയില്ലാതെ സംഗീതമില്ലെന്നാണ് ത്യാഗരാജസ്വാമികള്‍ പറഞ്ഞിട്ടുള്ളത്. എഴുപത്തിരണ്ട് പ്രാവശ്യം നമ്മുടെ ഹൃദയമിടിച്ചില്ലെങ്കില്‍ നമ്മള്‍ മരിച്ചുവെന്നാണ് പറയുന്നത്. ക്ലിനിക്കലി ഡെഡ്. ആ സ്പന്ദനം താളമാണ്. അപ്പോള്‍ മനുഷ്യന്‍ തന്നെ ഒരു ജൈവതാളമാണ്. അതുകൊണ്ടാണ് ഒരു താളം കേള്‍ക്കുമ്പോള്‍ നമ്മള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. എഴുപത്തിരണ്ട് മേളകര്‍ത്താരാഗങ്ങളാണ് സംഗീതത്തില്‍. ഇപ്പോള്‍ രാമായണമാസമാണല്ലോ. കാവ്യം സുഗേയം എന്നാണ്. രാമായണം ലവനും കുശനും പാടിനടന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. പാടിനടക്കണമെങ്കില്‍ അതിലൊരു താളമുണ്ടാകണം. തുഞ്ചത്ത് എഴുത്തച്ഛന്റെത് കിളിപ്പാട്ട് എന്നാണ് പറയുക. ചെറുശ്ശേരിയുടെ കൃഷണഗാഥയെ കൃഷ്ണപ്പാട്ട് എന്നും പറയാറുണ്ട്. പൂന്താനത്തിന്റെത് ജ്ഞാനപ്പാനയാണ്. പാന എന്നാല്‍ പാട്ട് എന്നാണര്‍ത്ഥം. അറിവിന്റെ പാട്ടാണത്. അതില്‍ വലിയ ഫിലോസഫിയുണ്ട്.
അതിനിടയില്‍ ചെണ്ടമേളം പഠിച്ചിട്ടുണ്ട് അങ്ങ്. അതും ഇതേ താളബോധത്താല്‍ പ്രചോദിതമായായിരിക്കുമല്ലോ?
♠അതെ. തീര്‍ച്ചയായും. കോഴിക്കോട് മാതൃഭൂമിയിലായിരിക്കുമ്പോഴാണത്. ഞാനും കെ.സി. നാരായണനും കൂടി പോയിട്ടാണ് കാഞ്ഞിലശ്ശേരി ബാബു എന്ന മേളവിദ്വാന്റെയടുത്തു നിന്നും മേളം പഠിച്ചത്. കെ.സി. നാരായണന്‍ അന്ന് വാരാന്തപ്പതിപ്പിലാണ്. ഞാനും മേളങ്ങളെക്കുറിച്ച് വാരാന്തപ്പതിപ്പിലെഴുതാറുണ്ട്. മട്ടന്നൂരിനെപ്പറ്റിയും കല്ലൂര്‍ രാമന്‍കുട്ടിയെക്കുറിച്ചും കുട്ടന്‍മാരാരെപ്പറ്റിയുമൊക്കെ നിരന്തരം മാതൃഭൂമിയില്‍ ലേഖനങ്ങളെഴുതിയിരുന്നു. മട്ടന്നൂരിനെക്കുറിച്ച് മാതൃഭൂമിയില്‍ വന്ന ആദ്യലേഖനം എന്റെതാണ്. ‘ഉരുട്ടുചെണ്ടയുടെ ഉപാസകന്‍’ എന്നായിരുന്നു തലക്കെട്ട്. കല്ലൂര്‍ രാമന്‍കുട്ടിയുടെ അറുപതാം പിറന്നാളിന് മാതൃഭൂമിയില്‍ ഞാനെഴുതിയ ലേഖനത്തിന്റെ തലക്കെട്ട് കല്ലൂര്‍ രാവണന്‍ കുട്ടി എന്നാണ്. കനമുള്ള രൗദ്രതാളമുണ്ട് അദ്ദേഹത്തിന്റെ കൊട്ടില്‍. അതാണ് അര്‍ത്ഥമാക്കിയത്.
കവി എസ്. രമേശന്‍ നായരുമായി നല്ല അടുപ്പമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ചുള്ള നേരനുഭവം എന്താണ്?
♠തീര്‍ച്ചയായും. വളരെ വലിയൊരു മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തിനുമുന്നില്‍ ഞാനൊന്നും ഒരെഴുത്തുകാരനേയല്ല. അദ്ദേഹത്തിന് കിട്ടേണ്ടതായിരുന്ന അംഗീകാരങ്ങളൊന്നും കേരളക്കാര്‍ കൊടുത്തില്ലെന്നൊരു പരാതിയുണ്ടെനിക്ക്. മലയാളഭാഷയ്ക്കുവേണ്ടി തമിഴ് സാഹിത്യത്തില്‍ നിന്നും കമ്പരാമായണവും തിരുക്കുറലും ചിലപ്പതികാരവുമൊക്കെ വിവര്‍ത്തനം ചെയ്യുകയെന്നാല്‍ ചില്ലറക്കാര്യമല്ല. ഞാനാണ് യേശുദാസിന്റെ ഏറ്റവും കൂടുതല്‍ അയ്യപ്പഗാനങ്ങളെഴുതിയിരിക്കുന്നതെങ്കില്‍ രമേശന്‍ നായരാണ് ഏറ്റവും കൂടുതല്‍ ഗുരുവായൂരപ്പകീര്‍ത്തനങ്ങളെഴുതിയിരിക്കുന്നത്. ഒരുദിവസം യേശുദാസിന്റെ തരംഗിണിയില്‍ നിന്നും ഗുരുവായൂരപ്പന്റെ ഭക്തിഗാനമെഴുതാന്‍ ക്ഷണം വന്നപ്പോള്‍ രമേശന്‍നായരുടെ വനമാലയും മയില്‍പ്പീലിയുമൊക്കെ കേട്ട് പേടിച്ചിട്ട് അതെഴുതാനുള്ള ഓഫര്‍ ഞാന്‍ നിരസിച്ചു. അതിനുവേണ്ടി ഞാനദ്ദേഹത്തോട് ഒരു നുണ പറഞ്ഞു. ഒരുവര്‍ഷം തരംഗിണിക്കുവേണ്ടി പാട്ടെഴുതിയാല്‍ മറ്റാര്‍ക്കുവേണ്ടിയും എഴുതാന്‍ പാടില്ലെന്നൊരു കരാറുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ മറ്റൊരാള്‍ക്കുവേണ്ടി ആ വര്‍ഷം ഗുരുവായൂരപ്പന്റെ പാട്ടെഴുതിയിട്ടുണ്ട,് ഈവര്‍ഷം വിട്ട് വേറൊരിക്കല്‍ എഴുതാമെന്ന് വിളിച്ചുപറഞ്ഞു. അത് നുണയായിരുന്നു. മയില്‍പ്പീലിയെക്കാളും വനമാലയെക്കാളും അതിന്റെ ഭാവനയെ ഉല്ലംഘിക്കുന്നൊരു ഗാനമെഴുതാനെനിക്ക് ധൈര്യമില്ലാത്തതുകൊണ്ട് ഞാന്‍ നുണപറഞ്ഞതാണ്. പിന്നീട് ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടേ ഞാനതിന് മുതിര്‍ന്നിട്ടുള്ളൂ. അക്കിത്തത്തിന്റെ ഭാഗവതത്തിന്റെ പ്രൂഫ് നോക്കാനായിരുന്നു എനിക്ക് കോഴിക്കോട് മാതൃഭൂമിയില്‍ ചെന്നപ്പോള്‍ ആദ്യം കിട്ടിയ ജോലി. അന്നുവരെ ഭാഗവതം ഒരുവട്ടം പൂര്‍ണ്ണമായും വായിച്ചിട്ടില്ലാത്തയാളാണ് ഞാന്‍. പ്രൂഫ് തരുമ്പോള്‍ ഇദ്ദേഹത്തിന്റെത് വായിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണമെന്ന് ഉത്തമക്കുറുപ്പ് പറഞ്ഞു. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അക്കിത്തവുമായി നിരന്തരം ബന്ധപ്പെടാനും പറഞ്ഞു. ഭാഗവതം വായിച്ചപ്പോള്‍ എനിക്ക് നിറയെ ഇമേജറികള്‍ കിട്ടി. അപ്പോഴെനിക്ക് ധൈര്യമായി. ഭഗവാന്‍ എന്നോട് പറഞ്ഞതായിരിക്കും, എന്നെക്കുറിച്ച് എഴുതാന്‍ പോകുന്നതിന് മുമ്പ് ആദ്യം എന്നെയൊന്ന് പൂര്‍ണ്ണമായും വായിക്കെടാ എന്ന്. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനുശേഷം ഞാന്‍ ‘അഗ്രേപശ്യാമി’ എന്ന ഗാനം എഴുതി. കവിതയില്‍ രാവിലെ രണ്ടുമണിക്കെഴുന്നേറ്റ് എല്ലാദിവസവും രമേശന്‍ നായര്‍ ശ്ലോകങ്ങളെഴുതും. ഇന്നത്തെ ഒരു കവിക്കുമങ്ങനെ ചെയ്യാന്‍ സാധിക്കില്ല. എഴുത്തൊരു ദിനചര്യയാക്കിയ മനുഷ്യനാണ്. ചിലപ്പതികാരത്തിലെയും തിരുക്കുറലിലെയുമൊക്കെ ക്ലാസിക്കിനെ നമുക്ക് കാണിച്ചുതരികയായിരുന്നു അദ്ദേഹം. അത് സിനിമാപ്പാട്ടെഴുതുന്നതുപോലുള്ള തക്കിട തരികിട പരിപാടിയല്ല. അങ്ങനെയുള്ളൊരു കവിയെ മലയാളം ആദരിച്ചില്ല. സാഹിത്യത്തിലുള്ള രാഷ്ട്രീയത്തിന്റെ അതിപ്രസരമാണതിന് കാരണം. രമേശന്‍ നായരുടെ അറിവിനും കാവ്യപാരമ്പര്യത്തിനും എഴുത്തിലും ഒന്നിലും അദ്ദേഹത്തിന്റെ മുന്നില്‍ ഞാനൊന്നുമല്ല. അതെവിടെയും ഞാന്‍ സമ്മതിക്കും.
അങ്ങ് കേവലം നൂറ്റിപ്പതിനെട്ട് സിനിമാഗാനങ്ങളേ എഴുതിയിട്ടുള്ളൂ. അതില്‍ക്കൂടുതലുമെഴുതിയ എത്രയോ പേരുണ്ട്. പക്ഷെ താങ്കളുടെ പാട്ടുകളെല്ലാം പാടിയിരിക്കുന്നത് കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, പി. ജയചന്ദ്രന്‍, എസ്. ജാനകി, പി. സുശീല, എം.ജി. ശ്രീകുമാര്‍, സുജാത തുടങ്ങിയ പ്രമുഖര്‍ മാത്രമാണ്. സംഗീതസംവിധാനം ദക്ഷിണാമൂര്‍ത്തി, ഇളയരാജ, എം.എസ്. വിശ്വനാഥന്‍, ദേവരാജന്‍ മാസ്റ്റര്‍ തുടങ്ങിയ ലജന്റുകളും. അങ്ങനെ സെസലക്ടീവ് ആയിരുന്നോ പാട്ടെഴുത്ത്?
♠സെലക്ടീവ് എന്നൊന്നും പറയാനാവില്ല. അതങ്ങനെ സംഭവിച്ചതാണ്. എന്റെ ഗുരുത്വമാണതിന് നിമിത്തമാകുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു സംഭവകഥ പറയാം. പാലക്കാട്ട് ഒരിടത്ത്, ചെമ്പൈയുടെ കച്ചേരി കഴിഞ്ഞ് ആ സദസ്സിലൊരാള്‍ നില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ ചെമ്പൈയുടെ അടുത്തുചെന്നു. സ്വാമീ ഒരു സംശയം ചോദിക്കട്ടെയെന്ന്. ചോദിക്കൂവെന്നു പറഞ്ഞപ്പോള്‍ അയാള്‍ പേടിച്ചുപേടിച്ചു ചോദിച്ചു. അങ്ങയുടെ കച്ചേരി വളരെ ഗംഭീരമായിരുന്നു. പക്ഷെ നമ്മുടെ നാട്ടിലെ മുണ്ടായ രാമഭാഗവതര്‍ എന്ന അതിഗംഭീരനായ ഒരു സംഗീതജ്ഞന്‍ ഉണ്ടല്ലോ ഈ കാലഘട്ടത്തില്‍. എങ്കിലും അദ്ദേഹത്തിനെന്താണ് അങ്ങയോളം പ്രചാരവും പുകഴും ഒന്നുമില്ലാത്തത്? ചെമ്പൈ അതിനുകൊടുത്ത ഉത്തരം, രാമനേക്കാളും തലയിലെഴുത്തും കൊഞ്ചം ഗുരുത്വവും കൂടുതല്‍ എനിക്കുണ്ടെന്നു കരുതിക്കോളൂ അല്ലാതെ മറ്റൊന്നുമായിരിക്കില്ല. പാണ്ഡിത്യമല്ല ഗുരുത്വമാണ്, ഗുരുത്വമാണ് വേണ്ടതെന്ന് പറയാതെ പറയുന്നുണ്ടിവിടെ. കവിതയെന്ന മൂന്നക്ഷരത്തിലും ഗുരുത്വം വളരെ പ്രധാനമാണ്. ഗുരു എന്നുപറയുന്നത് വളരെ വലിയ എന്ന അര്‍ത്ഥത്തില്‍ കൂടിയാണ്. ഭക്തിഗാനങ്ങള്‍ കുറേയധികം എഴുതിയിട്ടുണ്ടെങ്കിലും ഞാന്‍ കേവലം 118 ഗാനങ്ങളേ സിനിമാഗാനങ്ങളായി എഴുതിയിട്ടുള്ളൂവെന്നത് സത്യമാണ്. എന്റെ കടലാസില്‍ നിന്നും വരുന്നത് നിങ്ങളുടെ കരളിലേക്ക് കയറാന്‍ കഴിയണം. അത് എളുപ്പത്തില്‍ സംഭവിക്കുന്നതല്ല. അത് സംഭവിക്കുന്നത് എന്റെ പാണ്ഡിത്യം കാരണവുമല്ല, എന്റെ ഗുരുത്വം കാരണമാണ്. ഒരു പാട്ടില്‍ പറയുന്നുണ്ട്, എല്ലാ ഗ്രഹങ്ങളും നിങ്ങള്‍ക്കെതിരെ നിന്നാലും നിങ്ങള്‍ക്കൊരനുഗ്രഹമുണ്ടെങ്കില്‍ എല്ലാം നടക്കും എന്നാണത്. അത് ദൈവത്തിന്റെതായാലും ഗുരുവിന്റെതായാലും മറ്റാരുടെതായാലും. എനിക്ക് ആ അനുഗ്രഹമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതാണ് എന്റെ ജീവിതം.