കലാപങ്ങളിലൂടെയും കൊലപാതകങ്ങളിലൂടെയും ഭരണകൂടത്തെയും രാഷ്ട്രസുരക്ഷയെയും അട്ടിമറിക്കുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുക എന്നത് വിധ്വംസക ശക്തികളുടെ വളരെക്കാലമായുള്ള പ്രവര്‍ത്തന പദ്ധതിയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദത്തിലേക്കുള്ള നരേന്ദ്രമോദിയുടെ മൂന്നാമൂഴത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് അസ്വസ്ഥതകളും അരാജകത്വവും സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഭാരതത്തിന് അകത്തും പുറത്തുമുള്ള രാഷ്ട്രവിരുദ്ധ ശക്തികള്‍ ഏറെക്കാലമായി അണിയറയില്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. ശ്രാവണപൂജാ യാത്രയ്ക്കുനേരെ ഹരിയാനയിലെ നൂഹ് ജില്ലയില്‍ നടന്ന മതഭീകരവാദികളുടെ ആക്രമണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
ഹരിയാനയില്‍ ശ്രാവണപൂജാ യാത്ര ആരംഭിച്ച ഉടന്‍ തന്നെ ഭക്തജനങ്ങള്‍ക്കുനേരെ മതഭീകരവാദികള്‍ ഏകപക്ഷീയമായി ആക്രമണം നടത്തുകയായിരുന്നു. ക്ഷേത്രങ്ങള്‍ ആക്രമിക്കുകയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വെടിയുതിര്‍ക്കുകയും ഭക്തരുടെ വാഹനങ്ങളും പോലീസ് ഔട്ട്‌പോസ്റ്റുകളും ഉള്‍പ്പെടെ തകര്‍ക്കുകയും ചെയ്തത് സംഭവത്തിന്റെ ഭീകരസ്വഭാവത്തിലേക്കും ആസൂത്രണത്തിന്റെ ആഴങ്ങളിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തി അടുത്തുള്ള രാമക്ഷേത്രത്തില്‍ എത്തിച്ച നാല്‍പ്പതോളം വരുന്ന ഭക്തന്മാരെ അഞ്ഞൂറോളം വരുന്ന ആക്രമണകാരികള്‍ മണിക്കൂറുകളോളം ബന്ദികളാക്കി വെച്ചു. രണ്ട് ഹോംഗാര്‍ഡുകള്‍ ഉള്‍പ്പെടെ ആറ് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ തീര്‍ത്ഥാടകനായ ഒരാളെ വെടിവച്ചു വീഴ്ത്തിയശേഷം തലയറുത്തു കൊലപ്പെടുത്തുകയായിരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നാല്‍പ്പതിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും നൂറിലേറെപ്പേര്‍ അറസ്റ്റിലാവുകയും ചെയ്തു. 2002 ല്‍ ഗുജറാത്തിലെ ഗോധ്രയില്‍ നടന്ന കൂട്ടക്കൊലയ്ക്കു സമാനമായ മുന്നൊരുക്കങ്ങളാണ് ഹരിയാനയില്‍ മതഭീകരവാദികള്‍ നടത്തിയത്. ഹരിയാനയിലെയും കേന്ദ്രത്തിലെയും ബിജെപി സര്‍ക്കാരുകളെ അട്ടിമറിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. ബിജെപിയെ തുടര്‍ച്ചയായി വോട്ട് ചെയ്ത് അധികാരത്തിലെത്തിക്കുന്നതിന്റെ പകപോക്കല്‍ കൂടിയാണ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഹിന്ദു വിരുദ്ധ കലാപങ്ങളിലൂടെ മതഭീകരര്‍ ലക്ഷ്യമിടുന്നത്.
അടുത്ത കാലത്തായി രാജ്യത്ത് ഹിന്ദുക്കളുടെ ആചാരപരമായ ഘോഷയാത്രകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമെതിരെ സംഘടിതമായ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ രാമനവമി ഘോഷയാത്രയ്ക്കു നേരെ ബംഗാളിലും ബിഹാറിലും വ്യാപകമായ ആക്രമണം നടന്നു. 2022 ല്‍ ബംഗാളിലും ഗുജറാത്തിലും ഉള്‍പ്പെടെ സമാനമായ ആക്രമണങ്ങള്‍ അരങ്ങേറി. ദല്‍ഹിയില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്ര ആക്രമിക്കപ്പെട്ടു. 2021 ല്‍ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ ആസൂത്രിതമായ കലാപമുണ്ടായി. ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമൊക്കെ സമാനമായ രീതിയില്‍ കലാപമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ അരങ്ങേറി. ചാനല്‍ ചര്‍ച്ചയില്‍ പ്രവാചക നിന്ദ നടത്തി എന്നാരോപിച്ച് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ വ്യാപകമായ ഭീഷണികള്‍ ഉയര്‍ത്തി. ഈ വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിലെ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ രാജസ്ഥാനില്‍ മതമൗലികവാദികള്‍ ഒരു യുവാവിനെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവമുണ്ടായി. കര്‍ഷക സമരത്തിന്റെയും പൗരത്വ പ്രക്ഷോഭത്തിന്റെയും മറവില്‍ പോലും രാജ്യത്ത് അസ്വസ്ഥതയും അരാജകത്വവും സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടന്നത്.
രാജ്യവിരുദ്ധമായ ഭീകര പ്രവര്‍ത്തനങ്ങളുടെ പേരിലാണ് 2022 സപ്തംബര്‍ 22 ന് പോപ്പുലര്‍ ഫ്രണ്ടിനുമേല്‍ കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. അതിനുശേഷം ഭീകരശൃംഖലയുടെ കണ്ണികള്‍ ഒന്നൊന്നായി അന്വേഷണ ഏജന്‍സികള്‍ അറുത്തു മാറ്റിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാനപ്പെട്ട കേന്ദ്രമായ ഗ്രീന്‍വാലി അടുത്തിടെ ദേശീയ അന്വേഷണ ഏജന്‍സി കണ്ടുകെട്ടിയിരുന്നു. അതോടൊപ്പം പിഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള മൂന്നാറിലെ റിസോര്‍ട്ടും കണ്ടുകെട്ടിയിട്ടുണ്ട്. ഭീകരസംഘടനകള്‍ക്കുമേല്‍ കേന്ദ്രസര്‍ക്കാര്‍ കുരുക്ക് മുറുക്കുമ്പോള്‍ അതിനോടുള്ള പ്രതികാരമെന്ന നിലയില്‍ അവരുടെ സ്ലീപ്പര്‍ സെല്ലുകള്‍ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം കോഴിക്കോട് എലത്തൂരിലും പിന്നീട് കണ്ണൂരിലും നടന്ന ട്രെയിന്‍ കത്തിക്കലിന്റെയും, ഒഡീഷയില്‍ നടന്ന ട്രെയിന്‍ അട്ടിമറിയുടെയുമെല്ലാം ഭീകരബന്ധങ്ങളെക്കുറിച്ച് ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. അത് ഇപ്പോഴും അന്വേഷണപരിധിയില്‍ നില്‍ക്കുന്ന കാര്യവുമാണ്. കേരളത്തില്‍ ‘കട്ടിംഗ് സൗത്ത്’ എന്ന പേരിലുള്ള മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചതിന്റെയും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയപ്പോള്‍ ‘ബിജെപി മുക്ത ദക്ഷിണേന്ത്യ’ എന്ന നിലയില്‍ പ്രചാരണം നടത്തിയതിന്റെയും പിന്നില്‍ ഭീകരസംഘടനകളുടെ ബുദ്ധികേന്ദ്രങ്ങളുണ്ടെന്ന് സംശയിക്കുന്നവരുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം കേരളത്തില്‍ പലരും മതഭീകരരുടെ ജിഹ്വകളായി രൂപാന്തരപ്പെടുന്നതായും ആരോപണമുണ്ട്. കേരളത്തില്‍ ഗണേശോത്സവ ഘോഷയാത്രകള്‍ നടക്കാന്‍ പോവുന്നതിന് തൊട്ടുമുമ്പ് തന്നെ ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തിയായ ഗണപതിയെ അധിക്ഷേപിച്ചുകൊണ്ട് നിയമസഭാ സ്പീക്കര്‍ പ്രസംഗം നടത്തിയതും ആ നിലപാടിനെ പിന്താങ്ങിക്കൊണ്ടും അതില്‍ നിന്നു പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടും സിപിഎം നിലപാടെടുക്കുകയും ചെയ്യുന്നത് മതഭീകരവാദികളെ പ്രീണിപ്പിക്കാനാണെന്ന് പകല്‍പോലെ വ്യക്തമാണ്. പോപ്പുലര്‍ ഫ്രണ്ടുകാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള കോടതി നിര്‍ദ്ദേശത്തോട് ഉദാസീനത പുലര്‍ത്തിയ കേരള പോലീസ് ഗണപതി നിന്ദയ്‌ക്കെതിരെ നാമജപം നടത്തിയ വിശ്വാസികള്‍ക്കെതിരെ നിര്‍ബാധം കേസെടുക്കുകയാണ്. 1985ല്‍ ഷാബാനു കേസിലെ സുപ്രീംകോടതിയുടെ വിധിന്യായം പുറത്തു വന്നപ്പോള്‍ ശരിഅത്ത് നിയമത്തിനെതിരെ രംഗത്ത് വന്ന സിപിഎം ഇപ്പോള്‍ ഏകീകൃത സിവില്‍കോഡിനെ നഖശിഖാന്തം എതിര്‍ക്കുന്നതും ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. ഹരിയാനയില്‍ ശ്രാവണപൂജാ യാത്രയ്ക്കിടെ ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം നടത്തുന്നവരിലൂടെയും കേരളത്തില്‍ ഗണപതി നിന്ദയിലൂടെ ഹിന്ദുക്കളെ അവഹേളിക്കുന്നവരിലൂടെയും വെളിവാകുന്നത് ഒരേ മനോഭാവത്തിന്റെ തന്നെ ബഹിര്‍സ്ഫുരണമാണ്. ചരിത്രത്തില്‍, ഇന്ത്യയെ രണ്ടായി വിഭജിച്ചവരും പതിനാറായി വിഭജിക്കണമെന്ന് പ്രമേയം പാസ്സാക്കിയവരുമൊക്കെ ഇപ്പോള്‍ ‘ഇന്ത്യ’ എന്ന പേരില്‍ ദേശീയ തലത്തില്‍ ബിജെപിക്കെതിരെ ഒരൊറ്റ മുന്നണിയായി അണിനിരക്കുകയാണ്. ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള അവരുടെ അധികാരാരോഹണത്തിനുവേണ്ടി മതഭീകരവാദികള്‍ രാജ്യവ്യാപകമായി ഹിന്ദു വിരുദ്ധ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണ്. അതിന് അനുഗുണമായി ഹൈന്ദവ വിശ്വാസങ്ങളെ നിന്ദ്യമായി അവഹേളിക്കുന്നത് കലാപങ്ങള്‍ക്കുള്ള കാഹളം മുഴക്കലായി മാത്രമേ കാണാനാവൂ. മതഭീകരവാദികളെ താലോലിക്കുകയും അവരുടെ വാദങ്ങളെ ഏറ്റെടുക്കുകയുമാണ് ‘ഇന്ത്യ’ മുന്നണിക്കാര്‍ ഇപ്പോള്‍ ചെയ്തുവരുന്നത്. അതുകൊണ്ടാണ് മണിപ്പൂരില്‍ ഗോത്ര വിഭാഗങ്ങള്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തെ അവര്‍ മതപരമായ കലാപമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ഹരിയാനയില്‍ നടന്ന ഹിന്ദു വിരുദ്ധ കലാപത്തെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നതും. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും ഇന്ത്യയാണ് ഇതെന്ന പ്രധാനമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനം പ്രസക്തമാവുന്നതും അവിടെയാണ്. ഭാരതം അതിന്റെ നഷ്ടപ്രതാപം വീണ്ടെടുത്തുകൊണ്ടിരിക്കുന്നതില്‍ അസ്വസ്ഥരാകുന്ന രാഷ്ട്രവിരുദ്ധ ശക്തികള്‍ രാജ്യത്ത് കലാപത്തിന്റെ കാഹളം മുഴക്കുന്നതിനെ ഭരണകൂടവും ജനസമൂഹവും കൂടുതല്‍ ജാഗ്രതയോടെ കരുതിയിരിക്കേണ്ടതുണ്ട്.