2017 ജനുവരി 13
വാളയാര്‍ അട്ടപ്പള്ളം കോളനിയിലെ ഇരുട്ട് നിറഞ്ഞ ഒറ്റമുറി കൂരയില്‍ അമ്മുവിന് അന്നും ഏറെ തിരക്കായിരുന്നു. ‘പുറത്തായതിനാല്‍’ സ്‌കൂളില്‍ പോകേണ്ടെന്ന് പറഞ്ഞാണ് അമ്മ ജോലിക്ക് പോയത്. ‘എന്താണമ്മേ പെണ്‍കുട്ടികള്‍ മാത്രം പുറത്താവുന്നതെന്ന് ചോദ്യത്തിന് ‘കൊച്ചിന്റെ മുമ്പില്‍ വെച്ചാ ഒരു ചോദ്യം’ എന്നു മറുപടിയുമായി അമ്മ തിരക്കിലേക്ക്.
അമ്മ പണികഴിഞ്ഞ് അന്തിയാവും തിരിച്ചെത്താന്‍. അപ്പോഴേക്കും പണികളൊക്കെ തീര്‍ത്തുവെക്കണം. വെള്ളിയാഴ്ചയാണ്. ഒരാഴ്ചത്തെ തുണികളുണ്ട് അലക്കിയിടാന്‍. ”ചേച്ചീ, ആടിനെ മേക്കാന്‍ പേകണ്ടേ” എന്ന് അനിയത്തി കുറച്ച് കുറുമ്പ് കാട്ടുന്നുണ്ട്. കളിക്കാനുള്ള ഉത്സാഹമാണ് അവള്‍ക്ക്. അവളെ തനിക്ക് കൂട്ടിരുത്തി പോയതാണ് അമ്മ. ചുറ്റും കടിച്ചുകീറുന്ന വേട്ടനായ്ക്കളാണ്. പലതവണ ക്രൂരതയുടെ ആഴമറിഞ്ഞതാണ്. ഓര്‍ക്കുമ്പോള്‍ ഞെട്ടലാണ്. അറപ്പാണ്. അടങ്ങാത്ത ദേഷ്യമാണ്. പക്ഷെ അവരൊക്കെ നാട്ടിലെ വലിയ ആളുകളാണ്. അട്ടപ്പള്ളത്ത് നടക്കുന്ന പ്രകടനങ്ങളിലും പ്രസംഗവേദികളിലും അവര്‍ മുന്നിലുണ്ടാകും. എല്ലാം തീരുമാനിക്കുന്നത് അവരാണ്. ഓര്‍ക്കുമ്പോള്‍ കാലിനടിയില്‍ നിന്ന് വേദന അരിച്ചു കയറുന്നു; ഒപ്പം ദേഷ്യവും.
കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് എസ്.എഫ്.ഐ നടത്തിയ പ്രചാരണത്തിനിടയില്‍ വെച്ച് അവരിലൊരാളെ കണ്ടപ്പോള്‍ ഞെട്ടിമാറിയതെന്തിനെന്ന് ചേച്ചിമാര്‍ ചോദിച്ചിരുന്നു. ‘അവര്‍ ചീത്തയാണ്’ എന്നു പറയുമ്പോഴേക്കും ശബ്ദം തൊണ്ടയില്‍ കുടുങ്ങിയിരുന്നു. നേതാവിന്റെ നോട്ടത്തിന് മുമ്പില്‍ വിറച്ചുപോയിരുന്നു.
അതാ, ”ആടിനെ മേയ്ക്കാം, കളിക്കാം” എന്ന് പറഞ്ഞ് അവള്‍ വീണ്ടുമെത്തിയല്ലോ. മുടി ചീകിയൊതുക്കി, കണ്ണെഴുതി കുട്ടിക്കുറുമ്പിയെ സുന്ദരിക്കുട്ടിയാക്കി. അണിഞ്ഞൊരുങ്ങിയാല്‍ അവള്‍ ഒരു മാലാഖയാണ്. നന്നായി പഠിക്കും. തന്നെ കടിച്ചു കീറിയവരുടെ കണ്ണില്‍പ്പെടാതെ നോക്കണം. ”ഞാനിതാ വന്നേക്കാം. നീ പോയ്‌ക്കോ” അവളുടെ തിരക്ക് കണ്ടപ്പോള്‍ പറയാതെ വയ്യെന്നായി. അവള്‍ പൂമ്പാറ്റയെപ്പോലെ മുറ്റത്തേക്ക് പറന്നു.
പണിത്തിരക്കിനിടയിലാണ് അത് കണ്ണില്‍ പെട്ടത്. ഒറ്റയടി വഴിയിലൂടെ ആരൊക്കെയോ വരുന്നുണ്ടല്ലോ. അന്നു കണ്ട നേതാവ്, മാഷ്, ഏട്ടന്‍…. അകത്തേക്ക് കയറണോ പുറത്തേക്കോടി രക്ഷപ്പെടണോ എന്ന് ആലോചിക്കുമ്പോഴേക്കും അവരെത്തിക്കഴിഞ്ഞു. ചുറ്റിലും നോക്കി. കണ്ണെത്തും ദൂരത്ത് ആരുമില്ല. കൂരയ്ക്കുള്ളില്‍ കയറി വാതിലടക്കാന്‍ ഒരു വാതിലുപോലുമില്ലാത്ത ഒറ്റമുറി. എല്ലാവരും അകത്തേക്ക് കയറിവരികയാണ്. ‘പേടിക്കേണ്ട മോളെ’ എന്ന നേതാവിന്റെ വാക്കുകള്‍, അടക്കിപ്പിടിച്ച വര്‍ത്തമാനങ്ങള്‍; എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞിരുന്നു. ഓര്‍ക്കാന്‍ പോലും മടിച്ചിരുന്ന വേദനയുടെ ആവര്‍ത്തനം. കണ്ണില്‍ ഇരുട്ട് കയറുന്നു. ഓര്‍മ്മകള്‍ അയയുന്നു. വേദനകൊണ്ട് പുളയുമ്പോഴും ബാക്കിവെച്ചേക്കരുതെന്ന അലറല്‍ ചെവിയില്‍. കഴുത്തില്‍ കുരുക്ക് വീഴുന്നല്ലോ. ഒറ്റമുറി വീടിന്റെ കഴുക്കോല്‍ ഉയരത്തിലേക്ക് പൊങ്ങുകയാണല്ലോ. ‘ചേച്ചീ’ എന്ന് ദൂരെയെവിടെ നിന്നോ ഒരു വിളിയുടെ പാതി ചെവിയില്‍ അലക്കുന്നല്ലോ. ശ്വാസം തടയുമ്പോള്‍ എല്ലാരും ഇറങ്ങിപ്പോവുകയാണല്ലോ. ഇരുട്ടാണല്ലോ എങ്ങും….
2017 മാര്‍ച്ച് 4
പെറ്റിക്കോട്ടിന്നിടയില്‍ നിന്ന് അമ്മു ചേച്ചിയുടെ ഫോട്ടോ എടുത്ത് ഒന്നുകൂടി നോക്കി അത് വീണ്ടും നെഞ്ചിലേക്ക് തന്നെ വെച്ചു. ചേച്ചി മരിച്ചതിനുശേഷം തന്റെ നെഞ്ചില്‍ എന്നും ഈ ഫോട്ടോയുണ്ട്. വിയര്‍പ്പേറ്റ് നിറം മങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം. പുസ്തകങ്ങള്‍ അടുക്കിവെച്ച് ‘സ്വത്തു’ അകത്തിരുന്നു. വെളിയിലിറങ്ങാന്‍ പേടിയാണ്. അന്ന് ആ വെള്ളിയാഴ്ച ദിവസം ടവ്വല്‍ കൊണ്ടും കൈകൊണ്ടും മുഖംമറച്ച് ഇറങ്ങിപ്പോകുന്നവരുടെ ചിത്രം മനസ്സിലിപ്പോഴും ഉണ്ട്. ഓടിവന്നപ്പോള്‍ കണ്ടത് ചേച്ചി കഴുക്കോലില്‍ തൂങ്ങിനില്‍ക്കുന്നതാണ്. തിരിഞ്ഞുനോക്കുമ്പോള്‍ കൊല്ലുമെന്ന് ആംഗ്യംകാണിച്ച് ഓടിമറയുന്നവര്‍. അലറിവിളിച്ചപ്പോള്‍ ആരൊക്കെയോ ഓടിയെത്തി. തന്നെ സുന്ദരിക്കുട്ടിയാക്കി കളിക്കാന്‍ പറഞ്ഞയച്ച ചേച്ചിയെന്തിനാണ് കഴുക്കോലില്‍ ഊഞ്ഞാല്‍ കെട്ടിയപോലെ…. അതും തന്നെ കൂട്ടാതെ – അലറിക്കരയുന്നവരുടെ ഇടയിലൂടെ പുറത്തേക്കിറങ്ങുമ്പോള്‍ തുറിച്ചു നോക്കുന്ന കണ്ണുകള്‍. അവരില്‍ ചിലരുമുണ്ടായിരുന്നല്ലോ ഓടിപ്പോയവരില്‍ ‘എല്ലാം കഴിഞ്ഞെന്ന’ അമ്മയുടെ കരച്ചില്‍ ഇപ്പോഴും ചെവിയില്‍.
ഒറ്റക്കായിരുന്നു പിന്നീട്. കളിക്കാന്‍ ആരുമില്ല. മുടി ചീകിയൊതുക്കി പൊട്ട്‌തൊട്ട് കണ്ണെഴുതി തന്നെ സുന്ദരിയാക്കാറുള്ള ചേച്ചി ഓര്‍മ്മയായി. കറുത്ത ഇരുട്ടില്‍ ഒറ്റയ്ക്കിരിക്കാം. സ്വന്തം നിഴല്‍ അനങ്ങുന്നത് പോലും കണ്ട് ഞെട്ടുകയാണ്. പേടിയാണ് എല്ലാവരെയും എല്ലാറ്റിനെയും. ചേച്ചിയെ വലിച്ചിഴച്ച് കൊണ്ടുപോയവര്‍ തന്ന വേദന ഞെരിക്കുന്നു. സ്‌നേഹത്തോടെ അടുത്ത് കൂടുന്നവര്‍ പിന്നെ എന്തിനാണ് ഇങ്ങിനെ വേദനിപ്പിക്കുന്നത്. എല്ലാ കുട്ടികള്‍ക്കും ഇങ്ങിനെ തന്നെയാണോ കൂട്ടുകാരികളുടെ മുഖത്തെ ചിരിയും അവരുടെ കളിയും കൊഞ്ചലുമെല്ലാം കാണുമ്പോള്‍ ചിലപ്പോള്‍ അസൂയ തോന്നാറുണ്ട്. മിടുക്കിയാണെന്ന് ടീച്ചര്‍ പറയുമ്പോള്‍ പോലും ഉള്ളില്‍ കനത്ത വിങ്ങലാണ്. വേദന ആരോട് പറയാന്‍.
വാതിലടച്ചുവെന്ന് ഉറപ്പുവരുത്തി എവിടെയോ ഒളിപ്പിച്ച ചേച്ചിയുടെ വളപ്പൊട്ട് തിരയുകയായിരുന്നു. ഇന്നും നാളെയും സ്‌കൂളവധിയാണ്. ചേച്ചിയില്ലെങ്കിലും ഓര്‍മ്മയ്ക്കായി ഈ വളപ്പൊട്ടുകള്‍ കൂട്ടിനുണ്ട്. പെട്ടെന്നാണ് വാതില്‍ തള്ളിത്തുറന്ന് ചിലര്‍ അകത്തേക്ക് വന്നത്. അവര്‍ തന്നെ. മലപോലെ മുന്നില്‍ നില്‍ക്കുന്നു. മദ്യത്തിന്റെ നാറ്റം മൂക്കിലേക്ക്. അവര്‍ ഇങ്ങിനെ ചിരിക്കുന്നതെന്തിനാണെന്നറിയില്ല. ഒരാള്‍ വാതിലടക്കുന്നു. ഇരുട്ട്. ചുറ്റും, കണ്ണിലും. കഴുത്ത് പിടിച്ച് ഞെരിക്കാന്‍ തുടങ്ങുന്നവനെ തടഞ്ഞ് ഒരു ഷാള്‍ കഴുത്തിലേക്ക്. ”ഒന്നും ബാക്കിവെച്ചേക്കരുതെന്ന” ശബ്ദം ചെവിയിലേക്ക്. വേദന കുറഞ്ഞുവരുന്നു. കണ്ണില്‍ ഇരുട്ട് നിറയുന്നു. കണ്ണീരൊലിപ്പിച്ച് ചേച്ചി രണ്ടുകൈയും നീട്ടിവിളിക്കുന്നു. ഹാവൂ. ചേച്ചിയോടൊപ്പമെത്തിയല്ലോ. മല പോലെ മുന്നില്‍ വന്നു നില്‍ക്കുന്ന പിശാചുക്കളില്ലാത്തയിടത്തേക്ക് എത്തിയല്ലോ. പക്ഷെ അമ്മ വരുമ്പോള്‍, ഉണ്ണിക്കുട്ടന്‍ അവധിക്കായി വീട്ടിലെത്തുമ്പോള്‍, പണികഴിഞ്ഞ് അച്ഛന്‍ തിരിച്ചെത്തുമ്പോള്‍…..