ചാന്ദ്രയാന്‍-3 ഭാരതത്തിന്റെ ബഹിരാകാശദൗത്യത്തിലെ ഒരു സുപ്രധാന ചുവടുവെയ്പാണ്. വിക്ഷേപണത്തിന്റെ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ണ്ണമായ സന്ദര്‍ഭത്തില്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്.സോമനാഥ് കേസരിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖം.
ചാന്ദ്രയാന്‍ – 3 വിക്ഷേപണത്തിന് തയ്യാറായിരിക്കുകയാണ്. രാജ്യവും ലോകവും ഉറ്റുനോക്കുന്ന, 2019 ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ ആ മഹാനേട്ടം തിരിച്ചുപിടിക്കാനൊരുങ്ങുമ്പോള്‍ അങ്ങയുടെ ഒരു മാനസികവികാരം എന്താണ് ? ആകാംക്ഷ ഉണ്ടോ ?
♠ആകാംക്ഷയൊന്നുമില്ല, കാരണം കഴിഞ്ഞപ്രാവശ്യം എന്താണ് സംഭവിച്ചത്, എവിടെയാണ് പിഴച്ചത് എന്ന് ഞങ്ങള്‍ രണ്ടു വര്‍ഷം സമയമെടുത്ത് പഠിച്ചു. നിങ്ങള്‍ക്കറിയാമല്ലോ, സംഭവിച്ചത് ചന്ദ്രനില്‍വെച്ചാണ്, പേടകത്തില്‍ നിന്ന് ലഭിക്കുന്ന ഡാറ്റ വിശകലനം ചെയ്തു പഠിക്കാനേ സാധിക്കൂ. എന്തുകൊണ്ട് അന്നത്തെ സോഫ്റ്റ് ലാന്‍ഡിംഗ് പെര്‍ഫെക്റ്റ് ആയില്ല എന്ന് ഞങ്ങള്‍ ഡാറ്റ വിശദമായി വിശകലനം ചെയ്തു പഠിച്ചു. അതുപ്രകാരം ഈ ദൗത്യത്തില്‍ വേണ്ട തിരുത്തലുകള്‍ നടത്തി. സത്യത്തില്‍ ഇനി ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ പോലും കണക്കുകൂട്ടിയുള്ള കാര്യങ്ങളാണ് ചെയ്തിരിക്കുന്നത്. അതിനാല്‍ ചാന്ദ്രയാന്‍-3 നെപ്പറ്റി എനിക്ക് യാതൊരുവിധ ആശങ്കയുമില്ല.
2019 ല്‍ അവസാനനിമിഷങ്ങളിലുണ്ടായ എല്ലാ സാങ്കേതിക തകരാറുകളും പരിഹരിച്ചാണല്ലോ ഇപ്പോള്‍ വികസിപ്പിക്കുന്നത്. അന്നത്തേതില്‍ നിന്നും പുതിയ പേടകത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ എന്തൊക്കെയാണ് ?
♠ആ കാര്യങ്ങള്‍ കുറെയധികം സാങ്കേതികമാണ്. കഴിയുന്നതും ലളിതമായി പറയാം. ഈ ലാന്‍ഡിംഗ് നടക്കുന്ന ചന്ദ്രനില്‍ അന്തരീക്ഷം ഇല്ല. അവിടുത്തെ ഗുരുത്വാകര്‍ഷണം ഭൂമിയുടെ ആറിലൊന്നു മാത്രമാണ്. അതുകൊണ്ടുതന്നെ അവിടെ ലാന്‍ഡ് ചെയ്യുന്നത് എഞ്ചിന്‍ പിന്നിലേക്ക് ജ്വലിപ്പിച്ചാണ്. സാധാരണഗതിയില്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നത് മുന്നോട്ട് ചലിപ്പിക്കാനാണ് എങ്കില്‍ ഇവിടെ വേഗത കുറച്ച് താഴേക്കിറങ്ങാന്‍ ആണ് ചെയ്യുന്നത്. അതൊരു – deacceleration landing demonstration ആണ്. ഇത് നടക്കുന്നത് പേടകത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്ന ഒരു സോഫ്ട്‌വെയറും അല്‍ഗോരിതവും ഉപയോഗിച്ചാണ്. അതാണ് ഗൈഡന്‍സ് അല്‍ഗോരിതം. ഈ അല്‍ഗോരിതത്തില്‍ ആ സമയത്ത് ഒരുപാട് കണക്കുകൂട്ടലുകള്‍ നടക്കും. താഴേക്കുള്ള എഞ്ചിന്റെ ത്രസ്റ്റ് എല്ലാം കണക്കാക്കുന്നത് ഈ സോഫ്ട്‌വെയര്‍ അല്‍ഗോരിതമാണ്. അവിടെ ഈ എഞ്ചിന്റെ ത്രസ്റ്റ് വിചാരിച്ചതിലും കൂടിപ്പോയി. അത് കൂടിയപ്പോള്‍, പേടകം ഇറങ്ങേണ്ട സമയം കണക്കാക്കുന്നതില്‍ കമ്പ്യൂട്ടറിനു പിഴച്ചു. കൃത്യമായ സമയവും അതിനനുസരിച്ചുള്ള എഞ്ചിന്‍ ത്രസ്റ്റും വേഗതയും തമ്മിലുള്ള കോ-ഓര്‍ഡിനേഷന്‍ അങ്ങനെ തെറ്റിപ്പോയി. അപ്പോള്‍ പേടകത്തിന്റെ ബാലന്‍സിനെ എല്ലാം അത് ബാധിച്ചു. അതാണ് അന്ന് സംഭവിച്ചത്.
അതായത് ഒരു സോഫ്ട്‌വെയര്‍ ബഗ് എന്ന് പറയാമോ?
♠അതും കാരണമാണ്, പ്രധാനമായി സമയം കണക്കാക്കുന്നതിലുള്ള കൃത്യത ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടറിനു നഷ്ടപ്പെട്ടു. അതുകൂടാതെ മൊത്തം പേടകത്തിനെ തിരിക്കുന്ന റേറ്റ് ആര്‍ട്ടിഫിഷ്യല്‍ ആയി ലിമിറ്റ് ചെയ്തു വെച്ചിരുന്നു. അങ്ങനെ പല കാരണങ്ങള്‍ എല്ലാം കൂടി ചേര്‍ന്നാണ് അന്നത്തെ പരാജയത്തിന് കാരണമായത്.
ബഹിരാകാശം എന്നത് വന്‍ശക്തികള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള മേഖലയാണ്. കോടികള്‍ മുടക്കിയുള്ള ബഹിരാകാശ ഗവേഷണം ജനകോടികള്‍ പട്ടിണികിടക്കുന്ന നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം അനാവശ്യമായ ധൂര്‍ത്താണ് എന്നിങ്ങനെയുള്ള വാദങ്ങള്‍ പണ്ടും ഇന്നും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വലിയ വിശദീകരണം ആവശ്യമായ ഒരു ചോദ്യമല്ലേ അത്?
♠താങ്കള്‍ പറഞ്ഞതുപോലെ ഇത് വളരെ പ്രസക്തമായ ചോദ്യമാണ്.നമ്മള്‍ സ്‌പേസ് പ്രോഗ്രാം തുടങ്ങിയ കാലം മുതല്‍ ഇവിടെ ഉള്ള ചോദ്യവുമാണിത്.എന്തുകൊണ്ട് ഇന്ത്യ സ്‌പേസില്‍ വരണം, എന്തുകൊണ്ട് ഇതില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം എന്നതൊക്കെയാണ് പറയാനുള്ളത്. നമ്മള്‍ എന്നും ശ്രമിച്ചത്, ഇപ്പോഴും ശ്രമിക്കുന്നത് സ്‌പേസ് എങ്ങനെ സാധാരണജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്താം എന്നതാണ്.അത് പിന്നീട് കാലം തെളിയിക്കുകയും ചെയ്തു. നമ്മുടെ ടെലി കമ്മ്യൂണിക്കേഷന്‍, റിമോട്ട് സെന്‍സിംഗ്, കാലാവസ്ഥാ പ്രവചനം, പ്രകൃതിദുരന്തങ്ങളെ മുന്‍കൂട്ടി കാണല്‍, പ്രകൃതി വിഭവങ്ങളെപ്പറ്റിയുള്ള സര്‍വേ അങ്ങനെയങ്ങനെ സാധാരണ മനുഷ്യരുടെ ജീവിതത്തെ സ്വാധീനിക്കുന്ന മേഖലകളില്‍ നമ്മുടെ ബഹിരാകാശഗവേഷണം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
പക്ഷേ ഇന്ന് സ്‌പേസിന്റെ ഉപയോഗം മറ്റൊരു തലത്തിലേക്ക് വളര്‍ന്നിട്ടുണ്ട്.എന്തുകൊണ്ട് ഇന്ത്യ ഈ മേഖലയില്‍ ശക്തമായി നില്‍ക്കണം എന്നതിന് പല കാരണങ്ങളുണ്ട്.ഒരു പൂര്‍ണ്ണ വികസിത രാജ്യം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്ന ഇന്ത്യക്ക് സ്‌പേസ് ഒരു വളരെ തന്ത്രപ്രധാനമായ അവിഭാജ്യമായ ഘടകമാണ്.ടെക്‌നോളജിയിലുള്ള കഴിവ് വളരെ പ്രധാനമാണ്. ഞാന്‍ തന്ത്രപ്രധാനം എന്ന് പറഞ്ഞത് പല രീതിയില്‍ മനസിലാക്കാം. അതിനു സൈനികവും സാമ്പത്തികവുമായുള്ള പ്രാധാന്യമുണ്ട്. കൂടാതെ മറ്റ് പല മേഖലകളിലും നിര്‍ണ്ണായക സ്വാധീനമുള്ള മേഖലയായും സ്‌പേസിനെ കണക്കാക്കാം.
സത്യത്തില്‍ നമ്മള്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതുപോലെ, വിമാനത്താവളങ്ങളും തുറമുഖങ്ങളും എന്ന പോലെതന്നെയാണ് നമ്മുടെ സ്‌പേസ് അസറ്റുകളും ഉണ്ടാക്കേണ്ടത്. നമുക്ക് കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റുകള്‍ ഉണ്ട്, അതുപോലെ പല ആവശ്യങ്ങള്‍ക്കുള്ള പലവിധത്തിലുള്ള ഉപഗ്രഹങ്ങളും അതിനനുസരിച്ചുള്ള വിക്ഷേപണവാഹനങ്ങളും ഉണ്ട്. ഉപഗ്രഹങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ച് സ്വന്തമായി വിക്ഷേപിക്കുക എന്നത് വളരെ പ്രധാനമാണ്. സ്വന്തമായി വിക്ഷേപണശേഷി ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍ അത് അഭിമുഖീകരിക്കുമ്പോള്‍ മാത്രമേ മനസ്സിലാകൂ.
ഞാന്‍ പറയുന്നത് സ്വന്തമായി റോക്കറ്റുകള്‍ ഉണ്ടാക്കാനുള്ള ശേഷിയാണ് ഏറ്റവും പ്രധാനം എന്നതാണ്. ആ സാങ്കേതികവൈദഗ്ധ്യം ശക്തമായ ഒരു രാഷ്ട്രത്തിനു മാത്രമേ സാധിക്കൂ. ശക്തിയുള്ളവനെ മാത്രമേ മറ്റുള്ളവര്‍ ബഹുമാനിക്കുകയുള്ളു. അങ്ങനെ നോക്കുമ്പോള്‍ സ്‌പേസ് മാത്രമല്ല, മറ്റെല്ലാ സാങ്കേതിക മേഖലകളും ഇതുപോലെ പ്രധാനം തന്നെയാണ്.
അപ്പോളോ, ലൂണ ദൗത്യങ്ങളിലൂടെ ചന്ദ്രന്റെ ഏതാണ്ട് നൂറു ശതമാനം പ്രതലവും മാപ്പ് ചെയ്യപ്പെട്ടതാണ്. ചന്ദ്രന്റെ ഘടനയെക്കുറിച്ചും നമുക്കിപ്പോള്‍ നന്നായി അറിയാം. രണ്ടു വന്‍ശക്തികളും ചന്ദ്രപദ്ധതികള്‍ എഴുപതുകളില്‍ തന്നെ അവസാനിപ്പിക്കുകയും ചെയ്തു. അങ്ങനെയുള്ള അവസരത്തില്‍ ഇപ്പോള്‍ കോടികള്‍ മുടക്കി വീണ്ടും നമ്മള്‍ ചന്ദ്രനിലേക്ക് പോകുന്നതിന് ഒരു ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ എന്നതിനപ്പുറം എന്ത് പ്രാധാന്യമാണുള്ളത്?
♠ ഈ ചോദ്യത്തോട് എനിക്ക് പൂര്‍ണ്ണമായി യോജിപ്പില്ല. കാരണം ചന്ദ്രനെപ്പറ്റി നമ്മള്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയിട്ടില്ല. നാം ജീവിക്കുന്ന ഭൂമിയെപ്പറ്റിപ്പോലും ഇതുവരെ പൂര്‍ണ്ണമായ അറിവ് നമുക്കില്ല. ഒരു ഉദാഹരണം ഞാന്‍ പറയാം. ചാന്ദ്രയാന്‍ 1 ആണ് ചന്ദ്രനില്‍ ജലം ഉണ്ടെന്ന് കണ്ടെത്തിയത്. എത്രയോ മിഷനുകള്‍ അമേരിക്കയും റഷ്യയുമൊക്കെ എത്രയോ വര്‍ഷങ്ങളായി നടത്തിയതിനു ശേഷമാണ് ചാന്ദ്രയാന്‍ 1 അത് കണ്ടെത്തിയത്. ചാന്ദ്രയാന്‍-2 അത് കൂടുതല്‍ ഉറപ്പിക്കുകയും പിന്നീട് ചൈനയുടെയും മറ്റും മിഷനുകള്‍ അത് സ്ഥിരീകരിക്കുകയും ചെയ്തു. അങ്ങനെ എന്തെല്ലാം ഇനിയും കണ്ടെത്താനുണ്ടാകും. അതായത് അറിവുകളും കണ്ടെത്തലുകളും ഒരിക്കലും അവസാനിക്കുന്നില്ല.
നമ്മള്‍ ഇത്തവണ ചാന്ദ്രയാന്‍ 3 ഉപയോഗിച്ച് പഠിക്കാന്‍ ശ്രമിക്കുന്നത് വളരെ സവിശേഷമായ ആയ കാര്യങ്ങളാണ്. അത് നമ്മെ സംബന്ധിടത്തോളം വളരെ പ്രധാനവുമാണ്. നമ്മള്‍ താല്പര്യത്തോടെ നോക്കിക്കാണേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഈ അടുത്ത കാലത്ത് പല രാജ്യങ്ങളും ചന്ദ്രനിലേക്ക് മിഷനുകള്‍ അയക്കാന്‍ തയ്യാറെടുക്കുന്നു എന്നതാണ്. അമേരിക്ക അവരുടെ ആര്‍ട്ടെമിസ് മിഷനിലൂടെ വീണ്ടും അവിടേക്ക് മനുഷ്യരെ അയക്കാന്‍ പോവുകയാണ്. അവരുടെ ഉദ്ദേശ്യം ചന്ദ്രന് ചുറ്റും കറങ്ങുന്ന ഒരു സ്‌പേസ് സ്റ്റേഷന്‍ ഉണ്ടാക്കുക, റെഗുലര്‍ ആയി ചന്ദ്രനിലേക്ക് ലാന്‍ഡ് ചെയ്യാനും മടങ്ങിവരാനുമുള്ള ഒരു ഗേറ്റ് വേ ഉണ്ടാക്കുക എന്നതൊക്കെയാണ്.ആ ഗേറ്റ്‌വേയിലൂടെ ചൊവ്വയിലേക്ക് പോകാനും വരാനുമുള്ള പദ്ധതികള്‍ ഒക്കെ ഉള്ള ഒരു വലിയ സ്‌കെയില്‍ പ്രോഗ്രാം ആണ് അമേരിക്കയുടേത്.
എന്തുകൊണ്ടാണ് അവര്‍ ഇതൊക്കെ ചെയ്യുന്നത്? ആ ചോദ്യങ്ങള്‍ക്ക് ഉത്തരം , നമ്മള്‍ ഭൂമിയിലാണ് ജീവിക്കുന്നത് എങ്കിലും സ്‌പേസ് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ നിന്ന് ഒരുപാട് പുതിയ സാങ്കേതികവിദ്യകള്‍ ലഭിച്ചിട്ടുമുണ്ട്. ഇനി അതിനപ്പുറത്തേക്ക് വളരണം. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്റെ പരിമിതികളില്‍ നിന്ന് മാറി ചന്ദ്രന്‍ ഒരു വലിയ താവളമാകണം. അതുവഴി ചൊവ്വയിലേക്കുള്ള ഒരു ബേസ് സ്റ്റേഷന്‍ തന്നെ ആയി ചന്ദ്രന്‍ മാറണം എന്നതൊക്കയാണത്. അവിടെ ഇന്ധനങ്ങളും റോക്കറ്റുകളുമൊക്കെ നിര്‍മ്മിച്ച് ലോഞ്ച് ചെയ്യാനായാല്‍ കുറഞ്ഞ ചെലവില്‍ ചൊവ്വയിലേക്ക് പോകാനും വരാനുമൊക്കെ കഴിയും.
നമ്മുടെ ഉദ്ദേശ്യം തല്‍ക്കാലം അതൊന്നുമല്ല. നമ്മള്‍ പോകുന്നത് ചന്ദ്രന്റെ ജിയോ ഫിസിക്കല്‍ ആയ കാര്യങ്ങളെപ്പറ്റി പഠിക്കാനാണ്. ചന്ദ്രന്റെ ഉപരിതലത്തിലെ പൊടി, അതിനു റഗോലിത്ത് എന്നാണ് പറയുക. അത് വളരെ നേര്‍ത്തതാണ്.അത് ചൂടിനെ അകത്തേക്ക് കടത്തിവിടാത്തതാണ്.അതിനു ഒരു പ്രത്യേകതരം കണ്ടക്റ്റിവിറ്റിയും ഇലക്ട്രോണ്‍ ഡെന്‍സിറ്റിയും കാന്തിക പ്രഭാവവുമുണ്ട്. അതേപ്പറ്റിയും ചന്ദ്രനിലെ കമ്പനങ്ങള്‍ ഒക്കെ പഠിക്കുക എന്നതാണ് ഉദ്ദേശ്യം. അതിനുള്ള സീസ്മിക് ഉപകരണങ്ങള്‍ ഈ പേടകത്തില്‍ ഉണ്ട്.
അതുപോലെ ഭൂമിയെപ്പറ്റി പഠിക്കാനുള്ള ചില ഉപകരണങ്ങളും ഉണ്ട്. ജലവും ജീവജാലങ്ങളുമെല്ലാമുള്ള ഭൂമിയില്‍ നിന്നുള്ള വികിരണങ്ങള്‍ ഒരു ഡാറ്റയാക്കി സൂക്ഷിച്ച് മറ്റേതെങ്കിലും ഗോളങ്ങളില്‍ ജീവനുണ്ടോ എന്ന് താരതമ്യം ചെയ്തു പഠിക്കാന്‍ വേണ്ടിയുള്ള ഉപകരണങ്ങളും ഈ ദൗത്യത്തില്‍ അയക്കുന്നുണ്ട്. ഇതുപോലുള്ള വളരെ സ്‌പെസിഫിക് ആയ ലക്ഷ്യങ്ങളുമായാണ് ചാന്ദ്രയാന്‍-3 അയക്കുന്നത്.

ചാന്ദ്രയാന്‍ 2 ന്റെ സമയത്ത്, ഭൂമിയിലെ ട്രയലുകള്‍ക്ക് വേണ്ടി ചന്ദ്രനിലെ മണ്ണ്, ലൂണാര്‍ റഗോലിത്ത് ചോദിച്ചപ്പോള്‍ അമേരിക്ക താങ്ങാന്‍ സാധിക്കാത്ത വില പറഞ്ഞെന്നും, ഒടുവില്‍ തമിഴ്‌നാട്ടില്‍ ഒരിടത്ത് നിന്നും നാമത് സംഘടിപ്പിച്ചു എന്നും വായിച്ചിരുന്നു. അതൊന്ന് വിശദീകരിക്കാമോ?
♠അത് ശരിയാണ്…ഞാന്‍ പറഞ്ഞല്ലോ, ലൂണാര്‍ റഗോലിത് എന്ന ചന്ദ്രോപരിതലത്തിലെ ഒരുപാട് പ്രത്യേകതകളുള്ള പൊടിയാണിത്. അറുപതുകളില്‍ അമേരിക്ക പല പ്രാവശ്യം അവിടെ പോയി ശേഖരിച്ചുകൊണ്ടുവന്ന അതിന്റെ പ്രത്യേകതകള്‍ പഠിച്ച് അവര്‍ അത് നിര്‍മ്മിക്കുന്നതില്‍ മാസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചാന്ദ്രപദ്ധതികളില്‍ ഈ റഗോലിത്തിന്റെ പ്രാധാന്യം വളരെയധികമാണ്. പേടകം അവിടെ ഇറങ്ങുമ്പോള്‍ പിന്നീട് അയക്കുന്ന റോവര്‍ ഈ പൊടിയിലൂടെ ഉരുളുമ്പോള്‍ ആ പ്രതലം എങ്ങനെയൊക്കെ പെരുമാറും എന്നൊക്കെ പറയാന്‍ പറ്റില്ല. അതുകൊണ്ട് അങ്ങനെയുള്ള ട്രയലുകള്‍ ഇവിടെ നടത്തണമെങ്കില്‍ ലൂണാര്‍ റഗോലിത്ത് അത്യാവശ്യമാണ്.
നമുക്ക് ശാസ്ത്രലേഖനങ്ങളില്‍ കൂടി മാത്രമേ ഇതിന്റെ വിവരങ്ങള്‍ അറിയൂ. അങ്ങനെയിരിക്കുമ്പോഴാണ് തമിഴ്‌നാട്ടില്‍ ഒരിടത്തെ പാറ പൊടിച്ചുണ്ടാക്കുന്ന പൊടിക്ക് ഈ പ്രത്യേകതകള്‍ ഉണ്ടെന്ന് കണ്ടെത്തുന്നതും നമ്മള്‍ അതിലേക്ക് തിരിയുന്നതും. ആ പ്രക്രിയ കൂടുതല്‍ നന്നാക്കി, ആ പാറയുടെ ധാതുവില്‍ നിന്നുതന്നെ നാം ലൂണാര്‍ റഗോലിത്ത് എന്ന ലൂണാര്‍ സോയില്‍ ഉണ്ടാക്കിയെടുത്തു.
ചാന്ദ്രയാന്‍-3 നു പിന്നാലെ കൂടുതല്‍ ലൂണാര്‍ പ്രോജക്റ്റുകള്‍ പ്ലാന്‍ ചെയ്യുന്നുണ്ടോ? ഭാവിയില്‍ മനുഷ്യരെ അയക്കുന്നതുപോലെ എന്തെങ്കിലും?
♠നമ്മള്‍ മാത്രമല്ല, ധാരാളം രാജ്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ചൈന, അമേരിക്ക, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി തുടങ്ങിയ സ്‌പേസ് ടെക്‌നോളജി ഉള്ള രാജ്യങ്ങളെല്ലാം വലിയ ലൂണാര്‍ പദ്ധതികള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. നമ്മള്‍ ജപ്പാനുമായി ചേര്‍ന്ന് ഒരു ചാന്ദ്രപദ്ധതി പ്ലാന്‍ ചെയ്തിട്ടുണ്ട്.അതിന്റെ പ്രാരംഭപ്രവൃത്തികള്‍ തുടങ്ങിക്കഴിഞ്ഞു. ലുപെക്‌സ് എന്ന ആ പദ്ധതിയുടെ ചര്‍ച്ചകളിലാണ് ഇപ്പോള്‍. ജപ്പാന്‍ നിര്‍മ്മിക്കുന്ന ഒരു ലാന്‍ഡര്‍ നമ്മുടെ റോക്കറ്റും ഓര്‍ബിറ്ററും ഉപയോഗിച്ച് ചന്ദ്രനില്‍ എത്തിക്കുക എന്നതാണ് ഈ പദ്ധതി.
ലോകത്തെ അമ്പരപ്പിച്ച നമ്മുടെ ഒരു പദ്ധതിയായിരുന്നു മംഗള്‍യാന്‍. ഒരു ഗ്രഹാന്തരദൗത്യം ആദ്യശ്രമത്തില്‍ തന്നെ വിജയിപ്പിച്ച ഏക രാജ്യമായി ഭാരതം മാറിയത് ഇതിലൂടെയാണല്ലോ. മംഗള്‍യാനു തുടര്‍ച്ചയായി പുതിയ പദ്ധതികള്‍ ഉണ്ടോ?
♠മംഗള്‍യാനില്‍ പത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പരീക്ഷണങ്ങള്‍ നടത്തിയത്. അത് ചാന്ദ്രയാന്‍-1 നെപ്പോലെ ചൊവ്വക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന ഒരു ഓര്‍ബിറ്റര്‍ വാഹനം മാത്രമായിരുന്നു അത്. ആ ദൗത്യത്തില്‍ ചൊവ്വയുടെ പ്രതലത്തിലേക്ക് ഇറങ്ങാനുള്ള ഒരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല. ചൊവ്വയുടെ അന്തരീക്ഷം ഭൂമിയെ അപേക്ഷിച്ച് വളരെ നേര്‍ത്തതാണ്.മാത്രമല്ല ചൊവ്വയുടെ ഉപരിതലത്തില്‍ വലിയ താപവ്യതിയാനങ്ങള്‍ ഉണ്ട്. ഇതെല്ലം കണക്കിലെടുത്ത് ചൊവ്വയില്‍ സോഫ്റ്റ്‌ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന ഒരു ദൗത്യം നമ്മള്‍ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. മുഴുവന്‍ സയന്റിഫിക് കമ്മ്യൂണിറ്റിയെയും ഉള്‍പ്പെടുത്തിവേണം ഇതിനാവശ്യമായ ടെക്‌നോളജികള്‍ വികസിപ്പിക്കാന്‍.അങ്ങനെ മംഗള്‍യാന്‍ – 2 എന്ന പദ്ധതി പ്ലാന്‍ ചെയ്തിട്ടുണ്ട്. വളരെവലിയ പങ്കാളിത്തത്തോടുകൂടി മാത്രമേ ഇതുപോലുള്ള വലിയ പദ്ധതികള്‍ നടത്താന്‍ കഴിയൂ. കുറച്ചു സമയം ആവശ്യമുള്ള പദ്ധതിയാണിത്.
ചാന്ദ്രയാന്‍ – 3 നു ശേഷം രാജ്യം ഉറ്റുനോക്കുന്ന പദ്ധതിയാണ് നമ്മുടെ ആദ്യത്തെ മനുഷ്യദൗത്യം, ഗഗന്‍യാന്‍. അമേരിക്ക, റഷ്യ, ചൈന എന്നിവര്‍ക്ക് ശേഷം മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന രാജ്യമായി നമ്മള്‍ മാറുകയാണ്. അതിന്റെ പുരോഗതി ഒന്ന് വിശദീകരിക്കാമോ?
♠ മംഗള്‍യാനു വേണ്ടി നമ്മള്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ടുമൂന്ന് കൊല്ലങ്ങളിലായി നടത്തിക്കഴിഞ്ഞു.അതിലേറ്റവും പ്രധാനം നമ്മുടെ LVM3 റോക്കറ്റിനെ ഹ്യൂമന്‍ റേറ്റ് ചെയ്യുക എന്നതാണ്. ഹ്യൂമന്‍ റേറ്റ് റോക്കറ്റ് എന്നാല്‍ മനുഷ്യന്‍ കയറിയ പേടകം സുരക്ഷിതമായി വിക്ഷേപിക്കാന്‍ ശേഷിയുള്ളത് എന്നാണ്. അതിനുവേണ്ടി അതിലെ സുരക്ഷിത സംവിധാനങ്ങള്‍ പല മടങ്ങ് വര്‍ദ്ധിപ്പിക്കണം.പാലങ്ങളോ കെട്ടിടങ്ങളോ ഉണ്ടാക്കുന്നതുപോലെയല്ല റോക്കറ്റ് ഉണ്ടാക്കുക എന്നത്. ഇത്ര ഭാരം വരെ താങ്ങും എന്നുള്ള ഒരു പാലത്തില്‍ അതിന്റെ ഇരട്ടിയിലധികം ഭാരം താങ്ങാന്‍ കഴിഞ്ഞേക്കും. എന്നാല്‍ നൂറു കിലോ കയറ്റാവുന്ന ഒരു റോക്കറ്റില്‍ സാധിക്കുക പരമാവധി നൂറ്റിപ്പത്ത് കിലോ ആയിരിക്കും. അതില്‍ കൂടുതല്‍ ആയാല്‍ അത് തകര്‍ന്നുപോകും. ഈ പരിമിതിയില്‍ നിന്നാണ് നാം ഇതെല്ലം ചെയ്യേണ്ടത്. അപ്പോള്‍ ഒരു റോക്കറ്റില്‍ കയറ്റാവുന്ന ലോഡ്, അത് പറക്കുന്ന കണ്ടീഷനുകള്‍ എന്നിവയെപ്പറ്റിയൊക്കെയുള്ള നമ്മുടെ അറിവ് ഇവിടെ പ്രധാനമാണ്. ആ അറിവ് തെറ്റിയാല്‍ എല്ലാം തെറ്റിപ്പോകും. വിക്ഷേപണവേളയില്‍ എന്തെങ്കിലും അപകടം ഉണ്ടായാല്‍ യാത്രക്കാര്‍ കയറിയ ഭാഗം സുരക്ഷിതമായി മാറ്റാന്‍ കഴിയുന്ന എസ്‌കേപ്പ് സംവിധാനം വേണം. റോക്കറ്റിലെയോ പേടകത്തിലെയോ ഏതെങ്കിലും ഭാഗം പ്രവര്‍ത്തിക്കാതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്താല്‍ ഉടന്‍ മറ്റൊരു സംവിധാനം ആ ഉത്തരവാദിത്വം ഏറ്റെടുക്കണം. അത് പരാജയപ്പെട്ടാല്‍ മറ്റൊന്ന്. അങ്ങനെ അതില്‍ എപ്പോഴും പ്ലാന്‍ ബി യും പ്ലാന്‍ സി യുമൊക്കെ ഉണ്ടായിരിക്കണം. ഇതെല്ലാം ഒരു കമ്പ്യൂട്ടര്‍ കൃത്യമായി നിയന്ത്രിക്കണം. ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുമ്പോഴുള്ള വലിയ ചൂട് താങ്ങാന്‍ പറ്റിയ ഹീറ്റ് ഷീല്‍ഡ് വേണം. ഇതെല്ലാം പലപ്രാവശ്യം ട്രയലുകള്‍ നടത്തി പരീക്ഷിച്ച് ഉറപ്പുവരുത്തണം. ഇതിനുപയോഗിക്കുന്ന മെറ്റീരിയലുകള്‍, അതിന്റെ നിര്‍മ്മാണ പ്രക്രിയ എന്നതിനൊക്കെ കൃത്യമായ പ്രോട്ടോക്കോള്‍ ഉണ്ട്. അവയൊക്കെ ഡോക്ക്യുമെന്റ് ചെയ്യണം. ഇതെല്ലം ചേര്‍ന്നതാണ് ഹ്യൂമന്‍ റേറ്റിങ് എന്ന് പറയുന്നത്. ഇങ്ങനെ ഒരുപാട് സാങ്കേതിക കാര്യങ്ങള്‍ ഉണ്ട്. നാമതെല്ലാം ഒന്നൊന്നായി ചെയ്തുവരികയാണ്.

സത്യത്തില്‍ LVM3 നമ്മുടെ മറ്റ് റോക്കറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഇതുവരെ പരാജയമറിയാത്ത ഒരു വിക്ഷേപണ വാഹനമാണ്. ഏറ്റവും വിശ്വസ്തമായ റോക്കറ്റ് ആണ് LVM3 എന്നുതന്നെ പറയാമോ?
♠ഇതുവരെയുള്ള ഒരു വിക്ഷേപണങ്ങളിലും LVM3 പൂര്‍ണ്ണവിജയം തന്നെയായിരുന്നു. നമ്മുടെ മറ്റെല്ലാ റോക്കറ്റുകളും പരാജയം അറിഞ്ഞിട്ടുണ്ട്. എങ്കിലും ഇതുവരെ പരാജയപ്പെട്ടിട്ടില്ല എന്നേ പറയാന്‍ കഴിയൂ.റോക്കറ്റ് എന്ന അതിസങ്കീര്‍ണ്ണമായ സംവിധാനം എപ്പോള്‍ വേണമെങ്കില്‍ പരാജയപ്പെടാം. എങ്കിലും ഘങഢ3 യുടെ ഇതുവരെയുള്ള പെര്‍ഫോമന്‍സ് വിശ്വസ്തമായ റോക്കറ്റ് എന്നതിലേക്ക് ഒരു വലിയ സൂചനയാണ്.
ഗഗന്‍യാന്റെ ഫോളോഅപ്പ് ആയി നമ്മുടെ ഭാവി പദ്ധതികള്‍ എന്തൊക്കെയാണ്. സ്‌പേസ് സ്റ്റേഷന്‍ തുടങ്ങിയവ പദ്ധതിയിലുണ്ടോ
♠ഞാനിത് ഒരു ചോദ്യമായി പൊതുജനങ്ങളുടെ മുമ്പില്‍ വെയ്ക്കുകയാണ്. നമ്മളിത് ചെയ്യണോ വേണ്ടയോ? തീര്‍ച്ചയായും വേണം എന്നുതന്നെയാവും ഉത്തരം. അങ്ങനെയെങ്കില്‍ അത് തീരുമാനിക്കേണ്ടത് ISRO അല്ല. ഈ രാജ്യമാണത് തീരുമാനിക്കേണ്ടത്. ISRO പ്രതിഫലിപ്പിക്കുന്നത് ഈ രാജ്യത്തിന്റെ ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയുമാണ്. ഇക്കാര്യങ്ങള്‍ ഞാന്‍ പൊതുവെ സംവദിക്കുന്നുണ്ട്, തീരുമാനങ്ങളെടുക്കുന്ന രാഷ്ട്രീയനേതൃത്വത്തോട് സംവദിക്കുന്നുണ്ട്. എല്ലാവരും പറയുന്നത് ISRO എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന ഒരു ഓര്‍ഗനൈസേഷന്‍ ആണെന്നാണ്. ഞങ്ങള്‍ ചെയ്യുന്നതെല്ലാം ഈ രാജ്യത്തിനുവേണ്ടിയാണ്. ഗഗന്‍യാന്‍ പോലുള്ള പദ്ധതികള്‍ രാജ്യത്തിന് നല്‍കുന്ന മുന്നേറ്റങ്ങള്‍ വളരെ വലുതാണ്. ഇതെല്ലാം മനസ്സിലാക്കിവേണം നമ്മള്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത്. അതുകൊണ്ടുതന്നെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള നമ്മുടെ പദ്ധതിക്ക് തീര്‍ച്ചയായും ഫോളോ അപ്പുകള്‍ വേണം കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം.സ്‌പേസ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കണം.
പക്ഷേ ഇതെല്ലാം ചെയ്യുമ്പോഴും നമ്മള്‍ പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കണം. ഇതുകൊണ്ട് നമുക്കെന്ത് പ്രയോജനം എന്നതാണത്.ഞങ്ങളും എപ്പോഴും ഈ ചോദ്യം ഞങ്ങളോട് തന്നെ ചോദിക്കുന്നുണ്ട്. ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്ന മനുഷ്യദൗത്യം കൊണ്ട്, ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമൊക്കെ ദൗത്യങ്ങള്‍ നടത്തുന്നത് കൊണ്ട്, സ്‌പേസ് സ്റ്റേഷനുകള്‍ ഉണ്ടാക്കുന്നതുകൊണ്ട് എന്ത് പ്രയോജനം എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. ഞങ്ങള്‍ക്ക്, ശാസ്ത്രസമൂഹത്തിനു ഇതിനെല്ലാം വ്യക്തമായ ഉത്തരമുണ്ട്. അത് പൊതുജനങ്ങളുടെയും കൂടി ഉത്തരമായി മാറണം. അപ്പോഴാണ് സര്‍ക്കാര്‍ അത് അംഗീകരിക്കുന്നത്.
ബഹിരാകാശ ഗവേഷണത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ എല്ലാം ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂടുതല്‍ പേലോഡ് ശേഷിയുള്ള വലിയ റോക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ ആണ്. നമ്മളും വലിയ റോക്കറ്റുകളില്‍ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ അതേ പ്രാധാന്യത്തോടെ SSLV പോലുള്ള ചെറിയ പെലോഡ് കപ്പാസിറ്റി ഉള്ള റോക്കറ്റുകളും നമ്മള്‍ ഗൗരവത്തോടെ വികസിപ്പിക്കുന്നു. അതെന്തുകൊണ്ടാണ്?
♠ഇപ്പോഴുള്ള ഉപഗ്രഹങ്ങളില്‍ എഴുപത് ശതമാനവും ഇരുന്നൂറും മുന്നൂറും കിലോ ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങള്‍ ആണ്. ഭാവിയിലും ഇങ്ങനെയായിരിക്കും. ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള മാര്‍ക്കറ്റ് വളരെ വലുതാണ്. നമ്മുടെ തന്നെ PSLV, GSLV ഒക്കെ ഒരു വിക്ഷേപണത്തിന് വേണ്ടി നിര്‍മ്മിച്ചെടുക്കാന്‍ ഒരുപാട് സമയം ആവശ്യമുണ്ട്. ചെലവും കൂടുതലാണ്. എന്നാല്‍ SSLV അസംബിള്‍ ചെയ്യാന്‍ ഏതാനും ദിവസങ്ങള്‍ മതി. അത് ഉണ്ടാക്കി സൂക്ഷിക്കാം. ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാം. അങ്ങനെ ഒരുപാട് ഗുണങ്ങള്‍ ചെറിയ റോക്കറ്റിനുണ്ട്.
ഒരു ഉദാഹരണം പറയാം… SSLVഒന്നുരണ്ട് പരീക്ഷണങ്ങള്‍ കൂടി കഴിഞ്ഞതിനു ശേഷമേ അതിന്റെ വ്യാവസായിക വിക്ഷേപണം തുടങ്ങുകയുള്ളൂ. ഇപ്പോള്‍ തന്നെ പതിനഞ്ച് വിക്ഷേപണങ്ങള്‍ പൂര്‍ണ്ണമായും ബുക്കിങ് ആയിക്കഴിഞ്ഞു. ടടഘഢ വലിയൊരു വിജയം ആണെന്നുള്ളതിന്റെ തെളിവാണിത്.
നമുക്ക് ഇപ്പോഴും സാറ്റേണ്‍ പോലെ, ഏരിയന്‍ പോലെ, ഫാല്‍ക്കണ്‍ പോലെ ഒക്കെയുള്ള ഒരു ഹെവി ലിഫ്റ്റ് റോക്കറ്റ് ഇല്ല. LVM3 യുടെ പോലും LEO യിലേക്കുള്ള പരമാവധി പെലോഡ് കപ്പാസിറ്റി 10 ടണ്‍ ആണ്. ഹെവി ലിഫ്റ്റ് റോക്കറ്റുകള്‍ ഇല്ലെങ്കില്‍ വന്‍ പദ്ധതികള്‍ക്ക് അതൊരു തടസ്സമല്ലേ. എന്താണ് ഇതില്‍ നമ്മുടെ പ്ലാന്‍?
♠തീര്‍ച്ചയായും നമുക്കിത് പ്ലാന്‍ ചെയ്യാം. പക്ഷെ മുന്‍പ് പറഞ്ഞത് പോലെ, എന്തിന് എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഇപ്പോള്‍ ഒരു സ്‌പേസ് സ്റ്റേഷന്‍ നിര്‍മ്മിക്കണമെങ്കില്‍ ഒരു ഹെവി ലിഫ്റ്റ് റോക്കറ്റ് ആവശ്യമാണ്.അപ്പോള്‍ ഒരു സ്‌പേസ് സ്റ്റേഷന്‍ വേണം എന്നുള്ള തീരുമാനമെടുത്താല്‍ നമ്മള്‍ തീര്‍ച്ചയായും ഹെവി ലിഫ്റ്റ് റോക്കറ്റിനുള്ള വര്‍ക്ക് തുടങ്ങും. ഇപ്പോള്‍ അഞ്ചോ ആറോ ടണ്‍ സുഖമായി വിക്ഷേപിക്കാനാവശ്യമായ റോക്കറ്റ് നമുക്കുണ്ട്. ഇനി അമ്പതോ അറുപതോ ടണ്‍ പേലോഡ് കപ്പാസിറ്റിയുള്ള റോക്കറ്റ് നിര്‍മ്മിക്കണമെങ്കില്‍ അതിനാവശ്യമായ ടെക്‌നോളജിയും അനുഭവസമ്പത്തും നമുക്കുണ്ട്. പക്ഷേ അതിന് ഒരു 25000 കോടി രൂപയുടെ ഇന്‍വെസ്റ്റ്‌മെന്റ് വേണം, പത്തു വര്‍ഷത്തെ സമയം വേണം. ഇങ്ങനെയുള്ള ചില തടസ്സങ്ങളാണ് നമ്മെക്കൊണ്ട് പല കാര്യങ്ങളും ചെയ്യിക്കാതിരിക്കുന്നത്.
ഇത് നമുക്ക് സാമ്പത്തികമായി ഗുണമുള്ളതാകണം അല്ലാതെ വെറുമൊരു പൊങ്ങച്ചം കാണിക്കല്‍ ആകരുത്. ആരുടേയും കൈയ്യില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാനല്ലല്ലോ ഇതൊക്കെ ചെയ്യുന്നത്. നമുക്ക് എപ്പോഴാണോ ആവശ്യം വരിക അപ്പോള്‍ നാമത് ഉണ്ടാക്കുക തന്നെ ചെയ്യും. അതിനുള്ള എല്ലാ സാഹചര്യവും ഇപ്പോള്‍ നമുക്കുണ്ട്.
NGLV (New Generation Launch Vehicle) എന്ന ഒരു പദ്ധതി പുരോഗതിയില്‍ ആണ്, അത് റീ യൂസബിള്‍ റോക്കറ്റ് ആയിരിക്കും കൂടുതല്‍ പേലോഡ് കപ്പാസിറ്റി ഉണ്ടായിരിക്കും എന്നൊക്കെ വായിച്ചിരുന്നു. വിശദീകരിക്കാമോ?
♠ന്യൂ ജെനെറേഷന്‍ ലോഞ്ച് വെഹിക്കിള്‍ വലിയ ഒരു ആശയമാണ്. അത് വികസനഘട്ടത്തിലാണ്. ഇതിന് ചില പ്രത്യേകതകള്‍ ഉണ്ട്. ഇവ പുനരുപയോഗിക്കാവുന്ന റോക്കറ്റുകള്‍ ആണ്. മാത്രമല്ല, ഈ റോക്കറ്റ് വികസിപ്പിക്കുന്നതും നിര്‍മ്മിക്കുന്നതും ISRO തനിച്ചല്ല. പല ടെക്‌നോളജികളില്‍ പ്രാവീണ്യം നേടിയ സ്വകാര്യ കമ്പനികളുടെ കൂടി പങ്കാളിത്തം ഈ പദ്ധതിയിലുണ്ട്.
പുനരുപയോഗിക്കാവുന്ന റോക്കറ്റ് എന്ന് പറയുമ്പോള്‍ സ്‌പേസ് എക്‌സിന്റെ ഒന്നാം ഘട്ടം തിരിച്ചിറക്കി വീണ്ടും ഉപയോഗിക്കുന്നത് പോലെ ആണോ?
♠അതെ, ഒന്നാം ഘട്ടം മാത്രമല്ല വേണ്ടിവന്നാല്‍ രണ്ടാം ഘട്ടവും തിരിച്ചിറക്കി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. പ്രത്യേകത എന്തെന്നാല്‍, കടഞഛ വികസിപ്പിക്കുന്നതിന് ശേഷം സാങ്കേതികവിദ്യ കൈമാറി പ്രൈവറ്റ് കമ്പനികളെക്കൊണ്ട് ഉണ്ടാക്കിക്കുക എന്ന രീതിയല്ല, പകരം തുടക്കം മുതല്‍ അവരെ പങ്കാളികളാക്കിക്കൊണ്ട് ചെയ്യിക്കുക എന്നതാണ്. അവരുടെ കൂടി മുതല്‍ മുടക്ക് തുടക്കം മുതല്‍ ഉണ്ടാകും. ഇത് പൂര്‍ണ്ണമായും വ്യാവസായിക അടിസ്ഥാനത്തില്‍ തന്നെയാണ് ചെയ്യുക.ഇതിന്റെ ഡിസൈന്‍, എഞ്ചിന്‍, ഡോക്ക്യുമെന്റേഷന്‍ തുടങ്ങിയുള്ള പ്രാരംഭഘട്ടങ്ങളെല്ലാം കടഞഛയില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
അറുപതുകളിലും എഴുപതുകളിലുമൊക്കെ അപ്പോളോ എ പദ്ധതികളില്‍ ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന് ഇന്നത്തെ ഒരു സാധാരണ മൊബൈല്‍ ഫോണിന്റെ നൂറിലൊന്നു ശേഷിയേ ഉണ്ടായിരുന്നുള്ളൂ എന്നത് വളരെ കൗതുകകരമായ ഒരു വാസ്തവമാണല്ലോ. അന്ന് വികസിപ്പിച്ച മിക്ക ടെക്‌നോളജികളും പിന്നീട് സാധാരണക്കാരന്റെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. അതുപോലെ ISROവികസിപ്പിച്ച ടെക്‌നോളജികള്‍ മറ്റ് മേഖലകളില്‍ പ്രയോജനപ്പെട്ടിട്ടുണ്ടോ?
♠അത് വലിയൊരു കഥയാണ്. ഞങ്ങള്‍ റോക്കറ്റുകള്‍ നിര്‍മ്മിച്ചുതുടങ്ങിയ എഴുപതുകളില്‍ ഇത്തരം ജോലികള്‍ ചെയ്യുന്ന ഒരു വ്യവസായവും ഇന്ത്യയിലില്ല. അപ്പോള്‍ ഞങ്ങളുടെ ശാസ്ത്രജ്ഞര്‍ പല ഇന്‍ഡസ്ട്രികളില്‍ പോയി അവരെക്കൊണ്ട് നമുക്കാവശ്യമുള്ള കാര്യങ്ങള്‍ പറഞ്ഞുകൊടുത്ത് ചെയ്യിച്ചു.അങ്ങനെ പല വ്യവസായങ്ങളുടെയും ശേഷി വര്‍ദ്ധിച്ചു.ഞാനൊരു ഉദാഹരണം പറയാം.ബോംബെയില്‍ ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ അഥവാ L&T എന്ന പ്രസിദ്ധമായ ഒരു കമ്പനിയുണ്ട്. അവരാണ് ISROയ്ക്ക് വേണ്ടി സ്റ്റീല്‍ റോക്കറ്റ് കെയ്‌സുകള്‍ ഉണ്ടാക്കുന്നത്. മറാജിങ് സ്റ്റീല്‍ എന്ന ഏറ്റവും ശക്തമായ സ്റ്റീല്‍ ആണ് റോക്കറ്റ് കെയ്‌സുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. പണ്ടുകാലത്ത് ഈ സ്റ്റീല്‍ കൈകാര്യം ചെയ്യാനും വെല്‍ഡ് ചെയ്യാനുമൊന്നും കഴിയുന്ന കമ്പനികള്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ ഞങ്ങളുടെ എഞ്ചിനീയര്‍മാര്‍ അവരുടെ ഒപ്പം നിന്ന് ആ വെല്‍ഡിങ് ടെക്‌നോളജി വികസിപ്പിച്ചു. ഇപ്പോള്‍ അവരതില്‍ വമ്പന്മാരാണ്. അവരാണ് ഇന്നും ഭീമാകാരമായ റോക്കറ്റ് കെയ്‌സുകള്‍ ഉണ്ടാക്കുന്നത്.
അതുകൊണ്ടുണ്ടായ മറ്റൊരു ഗുണമുണ്ട്. ഈ ടെക്‌നോളജി ഉപയോഗിച്ചുകൊണ്ടാണ് അവര്‍ ഇന്ന് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്. അവര്‍ മാത്രമാണ് ഇന്ന് ഇന്ത്യയില്‍ അന്തര്‍വാഹിനിക്കപ്പലുകള്‍ നിര്‍മ്മിക്കുന്ന ഒരേയൊരു പ്രൈവറ്റ് കമ്പനി. അവരാണ് മാസഗോണ്‍ ഡോക്കിലും വിശാഖപട്ടണത്തും ഒക്കെ നേവിക്ക് വേണ്ടി കൂറ്റന്‍ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്. ആ ടെക്‌നോളജി അവര്‍ക്ക് ലഭിച്ചത് കടഞഛയില്‍ നിന്നുള്ള സഹകരണത്തിലൂടെയാണ്. മറാജിങ് സ്റ്റീല്‍ എങ്ങനെ വെല്‍ഡ് ചെയ്യാം എങ്ങനെ പ്രോസസ്സ് ചെയ്യാം എന്നൊക്കെ അറിയാവുന്നതുകൊണ്ടാണ് അവര്‍ക്ക് നമ്മുടെ മിലിട്ടറി ആവശ്യങ്ങളില്‍ വരെ സംഭാവന നല്‍കാന്‍ കഴിയുന്നത്.
മറ്റൊരു ഉദാഹരണം പറയാം. നമ്മള്‍ സാധാരണ ഉപയോഗിക്കാറുള്ള സാധനങ്ങളാണല്ലോ നട്ട്,ബോള്‍ട്ട്, സ്‌ക്രൂ എന്നതൊക്കെ. എന്നാല്‍ നമ്മള്‍ സാധാരണ കാണുന്ന ഈ നട്ട്, ബോള്‍ട്ട് ഒന്നും റോക്കറ്റില്‍ ഉപയോഗിക്കാന്‍ കഴിയില്ല. അതുകൊണ്ട് ആദ്യകാലത്ത് ഇവയെല്ലാം വിദേശങ്ങളില്‍ നിന്ന് വാങ്ങുകയായിരുന്നു. ഞാന്‍ ഒരു എഞ്ചിനിയര്‍ ആയി വരുന്ന കാലത്ത് റോക്കറ്റില്‍ ഉപയോഗിക്കാവുന്ന ഒരു ബോള്‍ട്ട് പോലും ഇന്ത്യയില്‍ നിര്‍മ്മിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഒരു പത്തിരുപത് വര്‍ഷമായി ഈ നട്ടും ബോള്‍ട്ടുമെല്ലാം നൂറു ശതമാനവും ഞങ്ങള്‍ വാങ്ങുന്നത് ഇന്ത്യയില്‍ നിന്നുതന്നെയാണ്. ഇന്ന് ഇന്ത്യയിലെ മൂന്ന് കമ്പനികള്‍ എയ്‌റോ സ്‌പേസ് ക്വാളിറ്റി സ്‌ക്രൂകള്‍ ഉണ്ടാക്കുന്നു, അവ എയര്‍ ബസിനും ബോയിങ്ങിനും ഒക്കെ കയറ്റുമതി ചെയ്യുന്നു. ഇത് സാധിച്ചതും, മുമ്പ് പറഞ്ഞതുപോലെ ഞങ്ങളുടെ എഞ്ചിനീയര്‍മാര്‍ അവരുടെ ഒപ്പം നിന്ന്, അതിനാവശ്യമായ അലോയ്, മെറ്റലര്‍ജി ഒക്കെ പഠിപ്പിച്ചത് കൊണ്ടാണ്. ഇതുപോലെ ഇലക്ട്രിക്കല്‍ കണക്റ്ററുകള്‍, കേബിളുകള്‍, കമ്പോണന്റുകള്‍, ചിപ്പുകള്‍ എല്ലാം ഇന്ന് പൂര്‍ണ്ണമായി ഇവിടെ ഉണ്ടാക്കുന്നു.
റോക്കറ്റില്‍ ആവശ്യമായ ഇലക്‌ട്രോണിക്‌സ് സാധാരണ റേഡിയോയിലും മൊബൈല്‍ ഫോണിലും കാണുന്നത് പോലെ അല്ല. അതിനു വലിയ താപവ്യതിയാനങ്ങള്‍ താങ്ങാന്‍ കഴിയണം. വലിയ കമ്പനങ്ങള്‍ താങ്ങാന്‍ കഴിയണം. അവയെല്ലാം ഇന്ന് രാജ്യത്തെ വിവിധ കമ്പനികള്‍ ഉണ്ടാക്കി ഞങ്ങള്‍ക്ക് തരുന്നുണ്ട്.നമ്മുടെയൊപ്പം നിന്ന് പ്രവര്‍ത്തിച്ച കമ്പനികളാണ് ഇന്ന് ഇലക്ട്രോണിക്‌സ് ഉല്പാദനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത്. ഡാറ്റ പാറ്റേണ്‍, അനന്ത് ടെക്‌നോളജീസ്, നൂറു ശതമാനം കയറ്റുമതി ചെയ്യുന്ന സെന്റം എന്നതൊക്കെ ചില ഉദാഹരണങ്ങളാണ്. ഇവരൊക്കെ ഈ നിലയിലെത്തിയത് ISROക്ക് ഒപ്പം പ്രവര്‍ത്തിച്ചത് കൊണ്ടാണ്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വെര്‍ണര്‍ വോണ്‍ ബ്രൗണിനെപ്പോലുള്ള പ്രതിഭാശാലികളായ അനേകം ജര്‍മ്മന്‍ ശാസ്ത്രജ്ഞന്മാരെ ഓപ്പറേഷന്‍ പേപ്പര്‍ ക്ലിപ്പിലൂടെ അമേരിക്ക സ്വന്തമാക്കി. അതുപോലെ സോവിയറ്റ് യൂണിയനും. ഇങ്ങനെ തട്ടിയെടുക്കപ്പെട്ട പ്രതിഭയും പണക്കൊഴുപ്പും ഉപയോഗിച്ചാണ് വന്‍ ശക്തികള്‍ ബഹിരാകാശത്ത് ആധിപത്യം സ്ഥാപിച്ചത്. നമുക്ക് ഈ ആനുകൂല്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതായത് നമ്മുടെ നേട്ടങ്ങള്‍ നമ്മള്‍ പൂജ്യത്തില്‍ നിന്നും ആരംഭിച്ച് ഉണ്ടാക്കിയെടുത്തതാണ്. ഇതില്‍ അങ്ങയുടെ കാഴ്ചപ്പാട് എന്താണ്?
♠അറിവുകളുടെ കാര്യത്തില്‍ അങ്ങനെ പറയേണ്ട കാര്യമില്ല.അങ്ങനെയൊരു മിഥ്യാഭിമാനത്തിന്റെ ആവശ്യവുമില്ല. നമ്മള്‍ സ്‌പേസ് പ്രോഗ്രാം തുടങ്ങിയ കാലത്ത് ഈ പറഞ്ഞ വന്‍ ശക്തികള്‍ തന്നെയാണ് നമുക്ക് എല്ലാ പിന്തുണയും തന്നത്.അറുപതുകളില്‍ നമ്മള്‍ തുമ്പയില്‍ നിന്നും ആദ്യം വിക്ഷേപിച്ച അപ്പാച്ചെ റോക്കറ്റ് നല്‍കിയത് അമേരിക്കയാണ്.അതിലെ കമ്പ്യൂട്ടര്‍ സിസ്റ്റം നല്‍കിയത് റഷ്യയാണ്. അതിലെ റഡാര്‍ നല്‍കിയത് ഫ്രാന്‍സ് ആണ്. ഈ മൂന്ന് രാജ്യങ്ങളുടെ പിന്തുണയോടെ ആണ് വിക്രം സാരാഭായ് നമ്മുടെ ആദ്യറോക്കറ്റ് തുമ്പയില്‍ നിന്ന് വിക്ഷേപിച്ചത്.നമ്മുടെ ഒരു സമീപനം എന്നത് എല്ലാ രാജ്യങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ്. ഏത് മേഖലയും ആദ്യ കാലത്ത് തുടങ്ങിക്കിട്ടണമെങ്കില്‍ ടെക്‌നോളജിയുടെ അഭാവമുണ്ടാകും. അറുപതുകളില്‍ നമ്മള്‍ റോക്കറ്റ് നിര്‍മ്മിക്കാന്‍ തുടങ്ങുമ്പോള്‍ അമേരിക്ക ചന്ദ്രനില്‍ പോയിക്കഴിഞ്ഞിരുന്നു. നമ്മള്‍ വളരെ പിന്നിലായിരുന്നു. അതിനു ശേഷം നമ്മുടെ അമ്പതോളം ആള്‍ക്കാര്‍ ഫ്രാന്‍സില്‍ പോയി. അഞ്ചു വര്‍ഷം അവിടെ താമസിച്ച് അവരുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. അങ്ങനെ ISROയും ഫ്രാന്‍സും ചേര്‍ന്ന് വികസിപ്പിച്ചതാണ് വൈക്കിങ് എഞ്ചിന്‍. ആ എഞ്ചിനാണ് നമ്മുടെ വലിയ റോക്കറ്റുകളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വികാസ് എഞ്ചിന്‍. പിന്നീട് റഷ്യയില്‍ നിന്നും ക്രയോജനിക് എഞ്ചിനുള്ള സപ്പോര്‍ട്ട് ലഭിച്ചു. അതുകൊണ്ട് എല്ലാം നമ്മള്‍ ഉണ്ടാക്കിയതാണ് എന്ന് പറയുന്നത് നന്ദികേടാകും.
ഈ സഹകരണങ്ങള്‍ കൊണ്ടുകൂടിയാണ് നമ്മള്‍ വളര്‍ന്നത്. എന്നാല്‍ എന്നും നമുക്ക് മറ്റുള്ളവരെ ആശ്രയിച്ച് കഴിയാനും പറ്റില്ല. ജപ്പാന്റെ കാര്യം നോക്കുക. രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള ജപ്പാന്‍ സാങ്കേതികമായി വളരെ പിന്നിലായിരുന്നു. അവര്‍ അപ്പോള്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളെ തങ്ങള്‍ക്കാവശ്യമുള്ള രീതിയില്‍ കണ്‍വെര്‍ട്ട് ചെയ്യാന്‍ തുടങ്ങി. അങ്ങനെ ടെക്‌നോളജികളില്‍ അവര്‍ മാസ്റ്റര്‍ ചെയ്തു. ഇന്ന് ജപ്പാന്‍ അമേരിക്കയെ വെല്ലുവിളിക്കുന്ന ഒരു സാങ്കേതിക വ്യാവസായിക ശക്തിയായി മാറി. പറഞ്ഞുവന്നത് മറ്റുള്ളവരില്‍ നിന്നും കടമെടുക്കുക, പഠിക്കുക എന്നത് തെറ്റായ കാര്യമല്ല. ഒരു അറിവിനും അതിരുകളില്ല. അപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് എങ്ങനെ അടുത്ത ലെവലിലേക്ക് എത്താന്‍ കഴിയും എന്നാണ്. ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാനാകും. കഴിഞ്ഞ പത്തു വര്‍ഷമായി നമ്മള്‍ ടെക്‌നോളജികള്‍ എങ്ങുനിന്നും വാങ്ങാറില്ല. വേണ്ട ടെക്‌നോളജികള്‍ എല്ലാം ഇവിടെത്തന്നെ ഡെവലപ്പ് ചെയ്യാന്‍ കഴിയുന്നുണ്ട്. നമ്മുടെ പുതിയ ക്രയോജനിക് എഞ്ചിന്‍ ഇ25 ഇവിടെത്തന്നെ ഡിസൈന്‍ ചെയ്ത് ഡെവലപ്പ് ചെയ്ത് നിര്‍മ്മിച്ചതാണ്. നമ്മുടെ LMV3 റോക്കറ്റ് പൂര്‍ണ്ണമായും ഇവിടെ ഡെവലപ്പ് ചെയ്തു നിര്‍മ്മിച്ചതാണ്.അതില്‍ ഒരു വിദേശ ടെക്‌നോളജികളും ഇല്ല. നമ്മള്‍ ഇന്ന് നിര്‍മ്മിക്കുന്ന എല്ലാ ഉപഗ്രഹങ്ങളും പൂര്‍ണ്ണമായും നമ്മള്‍ ഡെവലപ്പ് ചെയ്ത് നിര്‍മ്മിച്ചതാണ്. ആദ്യ കിക്ക് സ്റ്റാര്‍ട്ടിന് വേണ്ടി പലപ്പോഴും പലയിടത്തുനിന്നും സഹായങ്ങള്‍ നമ്മള്‍ സ്വീകരിച്ചിട്ടുണ്ട് എന്നതും യാഥാര്‍ഥ്യമാണ്.
ക്രയോജനിക് എഞ്ചിനെക്കുറിച്ച് പറഞ്ഞതുകൊണ്ട് ചോദിക്കട്ടെ C25 ലെ 25 എന്നത് അതിന്റെ ത്രസ്റ്റ് ആണോ.ആദ്യത്തെ നമ്മുടെ ക്രയോ എഞ്ചിന്‍ ഇ 9.5 ആയിരുന്നല്ലോ? കൂടുതല്‍ കപ്പാസിറ്റിയുള്ള എഞ്ചിനുകള്‍ക്ക് പ്ലാന്‍ ഉണ്ടോ?
♠ഇതിലെ 25, അല്ലെങ്കില്‍ 9 എന്നത് ഇന്ധനത്തിന്റെ അളവാണ്. ഇ 25ന്റെ ത്രസ്റ്റ് എന്നത് ഇരുപത് ടണ്‍ ആണ്. അതുപോലെ കൂടുതല്‍ കപ്പാസിറ്റിയുള്ള എഞ്ചിനുകള്‍ ഇപ്പോള്‍ ട്രയല്‍ ഘട്ടത്തിലാണ്. അത് പ്രധാനമായും സെമി ക്രയോജനിക് എഞ്ചിന്‍ ആണ്. ഫുള്‍ ക്രയോജനിക് എഞ്ചിന്‍ നമ്മള്‍ 20 ടണ്ണില്‍ നിര്‍ത്തുകയാണ്. എന്നാല്‍ സെമി ക്രയോജനിക് എഞ്ചിന്റെ കപ്പാസിറ്റി 200 ടണ്‍ ആയിരിക്കും.
ക്രയോജനിക് ടെക്‌നോളജിയില്‍ മാസ്റ്റര്‍ ചെയ്തുകഴിഞ്ഞ സ്ഥിതിക്ക് എന്തിനാണ് ഒരു സെമി ക്രയോജനിക് എഞ്ചിന്‍ ?
♠അത് സെമി ക്രയോജനിക് എന്ന വാക്ക് ഉണ്ടാക്കുന്ന ആശയക്കുഴപ്പമാണ്. സെമി ക്രയോ എഞ്ചിന്‍ എന്നത് കരുതുന്ന പോലെ അത്ര നിസ്സാരനല്ല. ക്രയോജനിക് എഞ്ചിന്‍ പോലെത്തന്നെ വളരെ സങ്കീര്‍ണ്ണമാണത്. സോവിയറ്റ് യൂണിയന്‍ നടത്തിയ എല്ലാ പ്രൊജക്റ്റുകളും സെമി ക്രയോ എഞ്ചിന്‍ കൊണ്ടാണ്. അപ്പോളോ മിഷനില്‍ ഉപയോഗിച്ച സാറ്റേണ്‍ റോക്കറ്റിന്റെ ഒന്നാം ഘട്ടത്തിലും ഉണ്ടായിരുന്നത് സെമി ക്രയോജനിക് എഞ്ചിനുകള്‍ ആണ്. അതിന്റെ പ്രത്യേകത എന്തെന്നാല്‍ അതിന്റെ ത്രസ്റ്റ് വളരെ കൂടുതലായിരിക്കും. പൂര്‍ണ്ണ ക്രയോജനിക് എഞ്ചിനില്‍ ഉപയോഗിക്കുന്നത് ദ്രവ ഹൈഡ്രജനും ഓക്‌സിജനുമാണ്. അതിനു നല്ല ത്രസ്റ്റ് നല്‍കാന്‍ കഴിയും. പക്ഷെ വലിയ ത്രസ്റ്റ് ആവശ്യമുള്ളപ്പോള്‍, അതായത് ഒരു 1000 ടണ്‍ നല്‍കാന്‍ കഴിയുന്ന ഒരു ക്രയോജനിക് എഞ്ചിന്‍ ഉണ്ടാക്കാന്‍ സാധ്യമല്ല. കാരണം അത്രയധികം ഹൈഡ്രജന്‍ ഒരു റോക്കറ്റില്‍ സ്റ്റോര്‍ ചെയ്യാനും കൈകാര്യം ചെയ്യാനും കഴിയില്ല. ഹൈഡ്രജന്‍ കൈകാര്യം ചെയ്യാന്‍ വളരെ പ്രയാസമുള്ള ഒരു ഇന്ധനമാണ്.
എന്നാല്‍ സെമി ക്രയോജെനിക്കില്‍ ഹൈഡ്രജന് പകരം ഉപയോഗിക്കുന്നത് ശുദ്ധീകരിച്ച മണ്ണെണ്ണയും ദ്രവ ഓക്‌സിജനും ആണ്. ഇവിടെ ഡെന്‍സിറ്റി ഇമ്പള്‍സ് അഥവാ ഇത്ര ഭാരം ഇന്ധനത്തിന് നല്‍കാന്‍ കഴിയുന്ന ത്രസ്റ്റ് വളരെ കൂടുതലായിരിക്കും. അതുകൊണ്ട് അത് വളരെ കോസ്റ്റ് എഫക്റ്റിവ് ആയിരിക്കും. റോക്കറ്റിന്റെ വലിപ്പം കുറക്കാന്‍ സാധിക്കും. അതൊക്കെയാണ് സെമി ക്രയോജനിക് എഞ്ചിന്റെ പ്രാധാന്യം. അതെ സമയം ക്രയോജനിക് എഞ്ചിന്റെ പ്രവര്‍ത്തനശേഷി വളരെ വലുതാണ്. അതുകൊണ്ട് റോക്കറ്റിന്റെ ഉയര്‍ന്ന ഘട്ടങ്ങളില്‍ ക്രയോജെനിക്കും ആദ്യഘട്ടത്തില്‍ സെമി ക്രയോജെനിക്കും ഉപയോഗിക്കുക എന്നതാണ് നമ്മള്‍ ചെയ്യാന്‍ പോകുന്നത്.
സത്യത്തില്‍ സോവിയറ്റ് യൂണിയന്‍ ക്രയോജനിക് എഞ്ചിന്‍ ഉണ്ടാക്കുന്നത് തന്നെ എണ്‍പതുകളുടെ അവസാനം ആണ്. അവര്‍ അവരുടെ വലിയ നേട്ടങ്ങളെല്ലാം നേടിയത് സെമി ക്രയോജനിക് എഞ്ചിനുകള്‍ ഉപയോഗിച്ചാണ്.
അടുത്ത കാലത്ത് നമ്മള്‍ പുനരുപയോഗിക്കാവുന്ന RLV യുടെ ലാന്‍ഡിംഗ് വിജയകരമായി പരീക്ഷിച്ചു. അമേരിക്കയുടെ സ്‌പേസ് ഷട്ടിലിനോട് ഇതിന് ഏറെ സാമ്യമുണ്ട്. ഇതിനെ നമ്മുടെ സ്‌പേസ് ഷട്ടില്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയുമോ?
♠അങ്ങനെയല്ല. RLV എന്നത് സ്‌പേസ് ഷട്ടിലിന്റെ കോപ്പിയല്ല. അതിന്റെ ഉദ്ദേശ്യവും വ്യത്യസ്തമാണ്. സ്‌പേസ് ഷട്ടില്‍ എന്നത് അമേരിക്ക എണ്‍പതുകളില്‍ നിര്‍മ്മിച്ച, മനുഷ്യരെ സ്‌പേസിലേക്കയച്ച് തിരികെ കൊണ്ടുവരാവുന്ന പുനരുപയോഗിക്കുന്ന വലിയ വാഹനമാണ്. അമേരിക്ക ഷട്ടില്‍ പ്രോഗ്രാം നിര്‍ത്തിയിട്ടു പത്തുവര്‍ഷം കഴിഞ്ഞു. അതിന് കാരണവുമുണ്ട്. ഒരു പ്രാവശ്യം പോയിവന്നു കഴിഞ്ഞാല്‍ ഒരു ഷട്ടിലില്‍ അതിന്റെ നിര്‍മ്മാണച്ചെലവിനേക്കാള്‍ അധികം അറ്റകുറ്റപ്പണികള്‍ നടത്തിയാലേ അടുത്ത ലോഞ്ച് ചെയ്യാന്‍ കഴിയൂ. അതായത് സ്‌പേസ് ഷട്ടില്‍ പേരിനു മാത്രം റീയൂസബിള്‍ എന്ന് പറയാമെന്ന് മാത്രമേ ഉള്ളൂ. അത് മനസ്സിലാക്കി തന്നെയാണ് അമേരിക്ക ഷട്ടില്‍ പ്രോഗ്രാം നിര്‍ത്തിയിട്ട് പരമ്പരാഗത റോക്കറ്റുകളിലേക്ക് മടങ്ങിയത്.
പക്ഷെ അവര്‍ ഇപ്പോഴും ഞഘഢ യെപ്പോലുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കുകയും വിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. ബോയിങ് ആണത് ചെയ്യുന്നത്. ഇത് ആളില്ലാത്ത വാഹനങ്ങളാണ്. ആളില്ലാത്ത വാഹനങ്ങള്‍ വളരെ ചെറുതാണ്. അതിന്റെ മെയിന്റനന്‍സ് ചെലവ് വളരെ കുറവാണ്. അത് പെട്ടെന്ന് തയ്യാറാക്കാനും ലോഞ്ച് ചെയ്യാനും സാധിക്കും. ഉപഗ്രഹ വിക്ഷേപണങ്ങളെക്കാള്‍ അതിന്റെ പ്രധാന ഉദ്ദേശ്യം ശാസ്ത്രീയ പഠനങ്ങളും നിരീക്ഷണങ്ങളുമാണ്. അതില്‍ നമുക്ക് ഉപകരണങ്ങള്‍ സ്‌പേസില്‍ കൊണ്ടുപോകാം കേടുകൂടാതെ തിരികെ കൊണ്ടുവരാം, അതുപോലെ ആയുധം കൊണ്ടുപോകാം, തിരികെ കൊണ്ടുവരാം. സാധാരണഗതിയില്‍ വിക്ഷേപിക്കുന്ന ഒരു ഉപഗ്രഹം ഇങ്ങനെ കൊണ്ടുവരാന്‍ സാധിക്കില്ല. അടുത്ത കാലത്ത് അമേരിക്ക ഇങ്ങനെ ഒരു ലോഞ്ച് നടത്തി മാസങ്ങള്‍ക്ക് ശേഷം തിരിച്ചുകൊണ്ടുവന്നു. ചൈനയും ഇതുപോലെയുള്ള വാഹനം വിക്ഷേപിച്ചു തിരികെ കൊണ്ടുവന്നിട്ടുണ്ട്. ഇത് ഇനിയുള്ള കാലത്ത് ബഹിരാകാശത്തിന്റെ തന്ത്രപ്രധാനമായ ഉപയോഗങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കുന്നതാണ്.
ശ്രീഹരിക്കോട്ടയ്ക്ക് പുറമെ തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്തില്‍ മറ്റൊരു സ്‌പേസ് പോര്‍ട്ട് ഒരുങ്ങുന്നു എന്ന് വായിച്ചിരുന്നു. അതിന്റെ പ്രസക്തി എന്താണ്? ആ സ്റ്റേഷന്‍ എപ്പോഴേക്ക് തയ്യാറാകും?
♠ശ്രീഹരിക്കോട്ടയ്ക്ക് ഒരു പ്രശ്‌നമുണ്ട്. അവിടെനിന്നും തെക്കോട്ടുള്ള വിക്ഷേപണങ്ങള്‍ക്ക് പ്രയാസമുണ്ട്. നേരേ തെക്കോട്ട് ലോഞ്ച് ചെയ്താല്‍ അവിടെ ശ്രീലങ്കയുണ്ട്. ധ്രുവങ്ങളെ വലം വെയ്ക്കുന്ന പോളാര്‍ സാറ്റലൈറ്റുകള്‍ തെക്കോട്ടു തന്നെ വിക്ഷേപിക്കുകയും വേണം. അതുകൊണ്ട് ഇപ്പോള്‍ ചെയ്യുന്നത് ആദ്യം കിഴക്കോട്ട് ലോഞ്ച് ചെയ്തിട്ട് റോക്കറ്റിനെ തെക്കോട്ട് തിരിക്കും. ഇങ്ങനെ റോക്കറ്റ് തിരിക്കുന്നതിന് വളരെയധികം ഇന്ധനം ചെലവാകും. അത്രയും കൂടുതല്‍ ഇന്ധനം റോക്കറ്റില്‍ കരുതണം. അപ്പോള്‍ റോക്കറ്റിനു വഹിക്കാവുന്ന ഉപഗ്രഹത്തിന്റെ ഭാരം കുറയും.
ഈ പരിമിതി മറികടക്കാന്‍ ആണ് തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്തില്‍ നമ്മള്‍ പുതിയ ഒരു വിക്ഷേപണകേന്ദ്രം ഒരുക്കുന്നത്. ഇവിടുത്തെ പ്രത്യേകത എന്തെന്നാല്‍ അവിടെ നിന്നും നേരെ തെക്കോട്ട് ലോഞ്ച് ചെയ്യാന്‍ കഴിയും. അവിടെനിന്നും ഒരു വരവരച്ചാല്‍ അന്റാര്‍ട്ടിക്ക വരെ കര ഇല്ല. പോളാര്‍ സാറ്റലൈറ്റുകള്‍ ഏറ്റവും ചെലവ് കുറച്ച് ഇവിടെനിന്നും വിക്ഷേപിക്കാം. ഇവിടെനിന്നും തെക്കോട്ട് മാത്രമേ വിക്ഷേപിക്കാന്‍ കഴിയൂ. കിഴക്കോട്ട് വിക്ഷേപിച്ചാല്‍ അവിടെ ശ്രീലങ്കയുണ്ട്. അതുകൊണ്ട് ഈ സ്‌പേസ് പോര്‍ട്ട് പൂര്‍ണ്ണമായും പോളാര്‍ സാറ്റലൈറ്റുകള്‍ക്ക് വേണ്ടി മാത്രമാണ്. കിഴക്കോട്ട് വിക്ഷേപിക്കേണ്ട ഉപഗ്രഹങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിക്കും. ഒരേ സമയം രണ്ടു സ്‌പേസ് പോര്‍ട്ടുകളും നമ്മള്‍ ഉപയോഗിക്കും.
നമ്മള്‍ ഇപ്പോള്‍ ധാരാളം വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നുണ്ട്? ഏറെയും ചെറു ഉപഗ്രഹങ്ങള്‍ ആണ്. വലിയ ഭാരമുള്ള ജിയോ സിങ്ക്രണൈസ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ വേണ്ടി ഏതെങ്കിലും വിദേശ രാജ്യം നമ്മെ സമീപിച്ചിട്ടുണ്ടോ ? ശരിക്കും അതല്ലേ വലിയ മാര്‍ക്കറ്റ്?
♠ നമ്മള്‍ വലിയ വിദേശ ഉപഗ്രഹങ്ങള്‍ PSLV ഉപയോഗിച്ച് വിക്ഷേപിച്ചിട്ടുണ്ട്.
ഞാന്‍ ചോദിച്ചത് ജിയോ സിംക്രണൈസ് ഓര്‍ബിറ്റിലേക്ക് വലിയ കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റുകള്‍ വിദേശ രാജ്യങ്ങള്‍ക്ക് വേണ്ടി വിക്ഷേപിക്കാന്‍ കരാര്‍ ഉണ്ടോ?
♠ തീര്‍ച്ചയായും ചെയ്യാന്‍ കഴിയും. അതിനു തടസ്സമൊന്നുമില്ല. പക്ഷെ നിരീക്ഷിച്ചാല്‍ മനസ്സിലാക്കാവുന്ന ഒരു കാര്യമുണ്ട്. ഇപ്പോഴത്തെ കമ്മ്യൂണിക്കേഷന്‍ രംഗം ചെറിയ സാറ്റലൈറ്റുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.ഇപ്പോള്‍ നിര്‍മ്മിക്കപ്പെടുന്നതില്‍ തൊണ്ണൂറു ശതമാനവും ചെറിയ ഉപഗ്രഹങ്ങളാണ്. അപ്പോള്‍ നമ്മുടെ മാര്‍ക്കറ്റും ബിസിനസ്സും അവിടെയാണ്. ജിയോ സിംക്രണൈസ് സാറ്റലൈറ്റുകളുടെ എണ്ണവും പൊട്ടന്‍ഷ്യലും കുറവായത് കൊണ്ട് അതില്‍ അധികം ഫോക്കസ് ചെയ്യേണ്ടതില്ല എന്നാണു എനിക്ക് തോന്നുന്നത്.
ജിയോ സിംക്രണൈസ് സാറ്റലൈറ്റുകളുടെ പൊട്ടന്‍ഷ്യല്‍ കുറവാണ് എന്നാണോ അങ്ങ് പറയുന്നത്? അപ്പോള്‍ കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റുകള്‍?
♠അതെ കുറവാണ്. നോക്കൂ, ഈയടുത്ത് സ്റ്റാര്‍ലിങ്ക് എന്ന കമ്പനി അയ്യായിരം ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. അതെല്ലാം 250 കിലോ മാത്രം ഭാരമുള്ള, താഴ്ന്ന ഭ്രമണപഥങ്ങളില്‍ ഉള്ള ഉപഗ്രഹങ്ങളാണ്.അങ്ങനെയുള്ള ഉപഗ്രഹങ്ങളാണ് ഇനി നിങ്ങള്‍ക്ക് മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ നല്‍കുന്നത്.ജിയോ സിംക്രണൈസ് ഉപഗ്രഹങ്ങള്‍ അല്ല. അതുപോലെ ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് കൊടുക്കുന്ന വണ്‍ വെബ് വിക്ഷേപിച്ചത് അറുനൂറ് ഉപഗ്രഹങ്ങളാണ്. അതില്‍ 72 എണ്ണം നമ്മളാണ് വിക്ഷേപിച്ചത്.
അതായത് വലിയ ജിയോ സിംക്രണൈസ് ഉപഗ്രഹങ്ങളുടെ കാലം കഴിഞ്ഞു എന്നാണോ?
♠ എന്ന് ഞാന്‍ പറയുന്നില്ല.ചെറിയ രാജ്യങ്ങളില്‍ സ്‌പോട്ട് ബീമുകള്‍ കൊടുക്കാന്‍ ജിയോ സിംക്രണൈസ് ഉപഗ്രഹങ്ങള്‍ തന്നെ വേണം. വണ്‍ വെബ്ബ് പോലെയോ സ്റ്റാര്‍ ലിങ്ക് പോലെയോ ഉള്ള ഗ്ലോബല്‍ കമ്പനികള്‍ക്ക് ചെറിയ ഉപഗ്രഹങ്ങള്‍ അടങ്ങിയ കോണ്‍സ്റ്റലേഷന്‍ പ്രയോജനപ്പെടും. എന്നാല്‍ നമ്മുടെ രാജ്യത്തിന് മാത്രമായി ഒരു കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് വേണമെങ്കില്‍ ജിയോ സിംക്രണൈസ് തന്നെ വേണം.
ബഹിരാകാശത്തിന്റെ വ്യാവസായിക ഉപയോഗത്തിലും ആ മാര്‍ക്കറ്റ് എക്‌സ്‌പ്ലോര്‍ ചെയ്യുന്ന കാര്യത്തിലും നമ്മുടെ ഭാവിപദ്ധതികള്‍ എങ്ങനെയാണ്?
♠നമ്മുടെ ഇനിയുള്ള ലക്ഷ്യം എന്നത് എക്കോ സിസ്റ്റത്തെ പരമാവധി ശേഷിയില്‍ ഉപയോഗിക്കുക എന്നതാണ്.നമ്മുടെ രാജ്യത്ത് സര്‍ക്കാര്‍ പണം മുടക്കിയിട്ടാണ് സ്‌പേസ് പ്രോഗ്രാമുകള്‍ നടത്തുന്നത്.അത് ഏകദേശം ഒരു കൊല്ലം 13000 കോടിയോളം വരും.അതുപയോഗിച്ചാണ് നമ്മള്‍ റോക്കറ്റുകള്‍ നിര്‍മ്മിക്കുകയും പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്യുന്നത്.ഇത് വര്‍ഷങ്ങളായി ഏകദേശം ഇങ്ങനെ തന്നെ തുടരുകയാണ്. ഈ തുക നാലോ പത്തോ ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ ഇന്നത്തെ സ്ഥിതിയില്‍ സാധിക്കില്ല. അവിടെയാണ് സ്വകാര്യ നിക്ഷേപങ്ങളുടെ പ്രാധാന്യമുള്ളത്. ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളും സാധ്യതകളും എല്ലാം ഉണ്ട്.അവിടേക്ക് സ്വകാര്യ നിക്ഷേപം കൂടി വരുമ്പോള്‍ സ്‌പേസിന്റെ സാധ്യതകള്‍ വലിയ തോതില്‍ വളരും. അതിനുവേണ്ടി ഈ മേഖല സ്വകാര്യനിക്ഷേപങ്ങള്‍ക്ക് വേണ്ടി തുറക്കണം. അത് അടുത്തകാലത്ത് സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. നമുക്കറിയാം, ടെലികമ്യുണിക്കേഷനില്‍ സ്വകാര്യസംരംഭങ്ങള്‍ വന്നപ്പോള്‍ ആ മേഖലയില്‍ ഉണ്ടായ കുതിപ്പും വളര്‍ച്ചയും എത്ര വലുതാണ്. അതുകൊണ്ട് റോക്കറ്റ് നിര്‍മ്മാണത്തിലും, ഉപഗ്രഹനിര്‍മ്മാണത്തിലും വിക്ഷേപണത്തിലും എല്ലാം സ്വകാര്യ നിക്ഷേപവും വിദേശ നിക്ഷേപവുമെല്ലാം വരുമ്പോള്‍ ആ മേഖലയില്‍ വലിയ വളര്‍ച്ചയും തൊഴില്‍ സാധ്യതകളും ഉണ്ടാകും. അപ്പോള്‍ സര്‍ക്കാരിന്റെ ശ്രദ്ധ ഗവേഷണത്തില്‍ മാത്രമാകും. അപ്പോള്‍ ഇതിന്റെ വളര്‍ച്ച ഇപ്പോള്‍ കാണുന്നതിന്റെ പത്തോ ഇരുപതോ ഒക്കെ ഇരട്ടിയായിരിക്കും.
ഇന്ത്യക്ക് ഇവിടെ സാദ്ധ്യതകള്‍ വളരെയധികമാണ്. കാരണം നമുക്ക് ഈ കാര്യങ്ങളെല്ലാം വളരെ ചെലവുകുറച്ച് ചെയ്യാന്‍ സാധിക്കും. നല്ല ടെക്‌നോളജിക്കല്‍ സ്‌കില്‍ ഉള്ള ധാരാളം കമ്പനികളുമുണ്ട്. അപ്പോള്‍ വിദേശ ഏജന്‍സികളുമായി സഹകരിച്ച് വലിയ ബിസിനസ്സുകള്‍ നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ സാധിക്കും.
അടുത്ത കാലത്ത് സ്‌കൈറൂട്ടിന്റെ വിക്രം റോക്കറ്റ് വിക്ഷേപിച്ചിരുന്നു. സ്‌കൈറൂട്ട് പോലെ ഇനിയും സ്വകാര്യസംരംഭകര്‍ വിക്ഷേപണ മേഖലയിലേക്ക് വരുന്നുണ്ടോ. അതൊരു വലിയ സാധ്യതയല്ലേ. സ്‌കൈറൂട്ട് പോലെ തുടങ്ങിയ ഒന്നാണല്ലോ എലോണ്‍ മാസ്‌കിന്റെ സ്‌പേസ് എക്‌സ്?
♠ ഇന്ന് എനിക്കറിയാവിന്നിടത്തോളം മൂന്നുനാല് കമ്പനികള്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. സ്‌കൈറൂട്ട്, അഗ്‌നികുല്‍ അങ്ങനെ ഏതാനും കമ്പനികള്‍. ഇവരെല്ലാം ഡെവലപ്പ് ചെയ്യാന്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ആദ്യകാല, ചെറിയ റോക്കറ്റുകള്‍ ആണ്. എലോണ്‍ മസ്‌ക് സ്‌പേസ് എക്‌സ് തുടങ്ങുമ്പോള്‍ തന്നെ ശ്രമിച്ചത് വലിയ റോക്കറ്റുകള്‍ക്കാണ്. അവര്‍ തുടക്കത്തില്‍ ടെക്‌നോളജി സോഴ്‌സ് ചെയ്തത് നാസയില്‍ നിന്നാണ്. അദ്ദേഹം നാസയില്‍ നിന്ന് എഞ്ചിനുകള്‍ വാങ്ങി, ടെക്‌നോളജികള്‍ക്ക് നാസ അവരെ സപ്പോര്‍ട്ട് ചെയ്തു. ഇതേ കാര്യമാണ് നമ്മള്‍ ഇവിടെ ചെയ്യുന്നതും. ഇപ്പോള്‍ ഇവിടെ ഈ ടെക്‌നോളജികള്‍ കടഞഛ യ്ക്ക് മാത്രമേ ഉള്ളൂ. ഈ മേഖലയോട് താല്പര്യവും സമര്‍പ്പണവുമുള്ളവര്‍ വരികയാണെങ്കില്‍ അവരെ ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്യും. അവര്‍ക്ക് ടെക്‌നോളജികള്‍ നല്‍കും, പരിശീലനം കൊടുക്കും, ഞങ്ങളുടെ ഫെസിലിറ്റികള്‍ ഉപയോഗിക്കാന്‍ അനുവദിക്കും. ഒരുപക്ഷേ അവരില്‍ നിന്നാകും നൂതനമായ ആശയങ്ങളും ടെക്‌നൊളജികളുമൊക്കെ ഉരുത്തിരിഞ്ഞു വരുന്നത്.
വലിയ ഉദാഹരണം സ്‌പേസ് എക്‌സ് തന്നെയാണ്. നാസക്ക് സാധിക്കാതിരുന്ന പലതും ഇപ്പോള്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. റോക്കറ്റിന്റെ ആദ്യഘട്ടം തിരിച്ചിറക്കി വീണ്ടും ഉപയോഗിക്കാവുന്ന ടെക്‌നോളജി വികസിപ്പിച്ചത് അവരാണ്. അതില്‍ നാസയുടെ ടെക്‌നോളജികളും ഉണ്ടെങ്കിലും അവിടെ ഒരു പ്രതിഭാശാലിയുടെ കാഴ്ചപ്പാടും കഠിനാധ്വാനവും കൂടി ചേര്‍ന്നപ്പോള്‍ വലിയ അദ്ഭുതങ്ങള്‍ ഉണ്ടായി. അതുമല്ല സ്വകാര്യ സംരംഭകര്‍ റിസ്‌കെടുത്ത് പുതിയ പരീക്ഷണങ്ങള്‍ നടത്തും. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന് അങ്ങനെ റിസ്‌ക് എടുക്കാന്‍ കഴിയില്ല.
സ്‌പേസ് ടൂറിസം വളര്‍ന്നുവരുന്ന ഒരു മേഖലയാണല്ലോ. നാം അതിലേക്ക് ശ്രദ്ധിക്കുന്നുണ്ടോ?
♠നാം അത് ചെയ്യുന്നുണ്ട്. അതിനുള്ള റോക്കറ്റ് ഉടനെ വിക്ഷേപിക്കും. നമ്മുടെ ഗഗന്‍യാന്‍ പ്രോഗ്രാമിലെ ക്യാപ്‌സൂള്‍ ഉപയോഗിച്ച് നൂറു കിലോമീറ്റര്‍ വരെ ഉയരത്തില്‍ എത്തിച്ച് തിരികെ കൊണ്ടുവരുന്ന പദ്ധതിയാണിത്. ഇത് ISRO നേരിട്ട് ചെയ്യുന്നില്ല. എല്ലാ ടെക്‌നോളജികളും സൗകര്യങ്ങളും ഞങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. താല്പര്യമുള്ള കമ്പനികള്‍ക്ക് ഇത് ഏറ്റെടുക്കാം നടത്താം.
എന്റെ അറിവില്‍ പെട്ടിടത്തോളം ISROയിലെ ശാസ്ത്രജ്ഞന്മാരില്‍ അങ്ങടക്കം മഹാഭൂരിപക്ഷവും രാജ്യത്തെ സാധാരണ എഞ്ചിനിയറിങ് കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ്. നിങ്ങളെപ്പോലുള്ളവരാണ് നമ്മെ മഹാനേട്ടങ്ങളുടെ ആകാശങ്ങളിലേക്ക് നയിച്ചത്. രാജ്യത്തെ പ്രീമിയം ഇന്‍സ്റ്റിറ്റ്യൂട്ടുകളായ ഐഐടി, എന്‍ഐടി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നവരുടെ സേവനം ഇസ്രോയ്ക്ക് ലഭിക്കുന്നില്ല. ഇതൊരു പോരായ്മയായി തോന്നാറുണ്ടോ?
♠അതിന് പല കാരണങ്ങളുണ്ട്. ISROഒരു സര്‍ക്കാര്‍ സ്ഥാപനമാണ്. ഒരു സര്‍ക്കാര്‍ ജോലിയില്‍ ലഭിക്കുന്ന ശമ്പളം മാത്രമേ ഇവിടെ ലഭിക്കുകയുള്ളൂ. ഒരിക്കലും ഒരു വലിയ കോര്‍പ്പറേറ്റ് കമ്പനിയില്‍ ലഭിക്കുന്ന വളര്‍ച്ചയും വരുമാനവുമൊന്നും ഇവിടെ ലഭിക്കില്ല. ശരിക്കും സയന്റിഫിക് കമ്മ്യൂണിറ്റിയില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അവരുടേതായ ചില ഗ്യാരണ്ടികള്‍ വേണം. അത് ഒരു കോര്‍പ്പറേറ്റ് ലോകത്ത് ജീവിക്കുന്നവര്‍ക്ക് മറ്റൊരു തലത്തിലേക്ക് മാറും. ഇവിടെ അതിന് പരിമിതിയുണ്ട്. അതായത് ഇവിടെ ബിസിനസ്സ് സമീപനത്തോടെ വരുന്നവര്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. പാഷനോട് കൂടി വരുന്നവര്‍ക്കേ കടഞഛ പോലുള്ള ഒരു സ്ഥാപനത്തില്‍ വര്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളു.
ഐ.ഐ.ടികളില്‍ നിന്നുള്ളവര്‍ പോകുന്നത് വളരെ വലിയ ശമ്പളം ലഭിക്കുന്ന കോര്‍പ്പറേറ്റ് മേഖലകളിലേക്കാണ്. നിങ്ങളിപ്പോള്‍ അമേരിക്കയിലൊക്കെ പോയി നോക്കിയാല്‍ അവിടുത്തെ ശാസ്ത്രജ്ഞര്‍ക്ക് ISROചെയര്‍മാന് ലഭിക്കുന്നതിന്റെ എത്രയോ ഇരട്ടി വരുമാനമുണ്ട്. അവര്‍ക്ക് കോര്‍പ്പറേറ്റ് ഷെയറുകളും ഇന്‍വെസ്റ്റ്‌മെന്റുകളും അതില്‍ നിന്നൊക്കെയുള്ള വരുമാനവും സാമ്പത്തികസുരക്ഷിതത്വവും ഉണ്ടാകും. അവര്‍ക്ക് സ്വന്തമായി കമ്പനികള്‍ തുടങ്ങാന്‍ കഴിയും.അതൊന്നും ഇവിടെ നടക്കില്ല.അതായത് ISRO വരുന്നത് നല്ലൊരു പരിധിവരെ സേവന മനോഭാവത്തോടുകൂടിയാണ്. അവര്‍ ബുദ്ധിയോ കഴിവോ ഇല്ലാത്തവരല്ല. പല കാരണങ്ങള്‍കൊണ്ട് ഐ.ഐ.ടി കളില്‍ പഠിക്കാന്‍ സാധിക്കാത്തവര്‍ ആണ്. മറ്റൊന്ന് അവരുടെ സമര്‍പ്പണമാണ്. അടുത്തത് അവരുടെ ഗോള്‍ ആണ്. അവരൊക്കെ സാധാരണക്കാരായ ജനിച്ച് വളരെ സാധാരണക്കാരായി ജീവിച്ചവരാണ്. അവരുടെ ഏറ്റവും വലിയ ആഗ്രഹം അവരുടെ മാതാപിതാക്കളുടെ മക്കളെക്കുറിച്ചുള്ള സ്വപ്‌ന സാക്ഷാത്കാരമാണ്. അവരെ സംബന്ധിച്ചിടത്തോളം ISROയിലെ ജോലി എന്നാല്‍ ഏറ്റവും വലിയ അഭിമാനമാണ്. അവര്‍ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറുള്ളവരാണ്, സമര്‍പ്പണമുള്ളവരാണ്. ഞങ്ങള്‍ക്ക് വേണ്ടതും ഇങ്ങനെയുള്ളവരെ ആണ്.
ഐ.ഐ.ടിക്കാരെ കിട്ടിയാല്‍ അത് നല്ലത് തന്നെയാണ്. പക്ഷേ അവര്‍ പ്രതീക്ഷിക്കുന്ന വരുമാനം ഇവിടെനിന്ന് കൊടുക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കഴിയില്ല. ഈ സാഹചര്യം മാറേണ്ടതുണ്ട് എന്നുതന്നെയാണ് എന്റെ അഭിപ്രായം. വലിയ പ്രതിഭകളെ ആകര്‍ഷിക്കണമെങ്കില്‍ അതിനനുസരിച്ചുള്ള ശമ്പളം കൊടുക്കുകതന്നെ വേണം. അങ്ങനെ ടാലന്റുകള്‍ക്ക് അതിനനുസരിച്ചുള്ള പ്രതിഫലവും അന്തരീക്ഷവും ഇന്ത്യയില്‍ ഉണ്ടായേ പറ്റൂ. അതുകൂടി വന്നാലേ നമ്മളൊക്കെ ആഗ്രഹിക്കുന്നത് പോലെ ഇന്ത്യ ഒരു വലിയ ടെക്‌നോളജി രാജ്യം ആവുകയുള്ളൂ.
നമ്മുടെ തലമുറകളുടെ കമ്മിറ്റ്‌മെന്റ് ലെവലും ഒരു പ്രശ്‌നമല്ലേ?
♠നോക്കൂ. കമ്മിറ്റ്‌മെന്റുകള്‍ വര്‍ക്ക് ചെയ്യുന്നതിന് ഒരു പരിധിയുണ്ട്. അതുവരെയെ അതിനു പ്രവര്‍ത്തിക്കാന്‍ കഴിയൂ. നമുക്കിപ്പോള്‍ ലോകത്തെ നമ്പര്‍ വണ്‍ രാജ്യമാകണമെങ്കില്‍ നമ്പര്‍ വണ്‍ നിലവാരത്തിലുള്ള സാഹചര്യങ്ങളും അന്തരീക്ഷവും ഉണ്ടായേ പറ്റൂ.
ഈയടുത്ത കാലത്ത് വേദ വിജ്ഞാനങ്ങളെപ്പറ്റിയുള്ള അങ്ങയുടെ പരാമര്‍ശങ്ങളെച്ചൊല്ലി കേരളത്തില്‍ വലിയ വിവാദങ്ങളുണ്ടായി. ശാസ്ത്രജ്ഞന്മാരുടെ സയന്റിഫിക് ടെമ്പര്‍ ഇന്ത്യയില്‍ കുറവാണ്, ഏറെ പേരും അന്ധവിശ്വാസങ്ങള്‍ക്ക് അടിമകളാണ്, റോക്കറ്റ് വിക്ഷേപിക്കുന്നതിനു മുമ്പ് പൂജയും ഗണപതിഹോമവും നടത്തുന്നു എന്ന രീതിയിലുള്ള നരേറ്റീവുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇതില്‍ അങ്ങയുടെ നിലപാട് എന്താണ്?
♠എന്റെ പ്രഭാഷണത്തെക്കുറിച്ചല്ല ഞാനിപ്പോള്‍ പറയേണ്ടത് എന്നെനിക്ക് തോന്നുന്നു. ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യവുമില്ല. ഓരോരുത്തരും അവരവര്‍ക്ക് ശരിയെന്നു തോന്നുന്നത് പറയുന്നു. ഞാന്‍ എനിക്ക് ശരിയെന്നു തോന്നിയ കാര്യങ്ങള്‍ പറഞ്ഞു. ഒരു കാര്യം ഞാന്‍ പറയാം. കടഞഛ ഒരു ശാസ്ത്ര സ്ഥാപനമാണ്. അവിടെ പ്രവര്‍ത്തിക്കുന്നവര്‍ എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരും തന്നെയാണ്. അവിടെ നടക്കുന്നത് അന്ധവിശ്വാസജടിലമായ റിസേര്‍ച്ച് അല്ല. അവരുടെ സംഭാവനകള്‍ ടെക്‌നോളജികളും നേട്ടങ്ങളുമായി നമ്മുടെ കണ്‍മുമ്പില്‍ തന്നെയുണ്ട്. അതിന് വേറെ ഒരു സര്‍ട്ടിഫിക്കറ്റും ആവശ്യവുമില്ല.
പിന്നെ നമ്മളൊക്കെ ഒരു സമൂഹത്തിലാണ് ജീവിക്കുന്നത്. ആ സമൂഹത്തില്‍ പല യാഥാര്‍ഥ്യങ്ങളുമുണ്ട്. അവിടെനിന്നും സയന്‍സിനെ മാത്രം അടര്‍ത്തിമാറ്റി ജീവിക്കാനാവില്ല. നമ്മള്‍ ജനിച്ചുവളര്‍ന്ന സമൂഹത്തിന്റെ പ്രത്യേകതകള്‍, ഭാഷ, നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം, അന്യരോട് കാണിക്കുന്ന ബഹുമാനം ഇതെല്ലം നമ്മുടെ ഒരു ഭാഗമാണ്. അഥവാ ഇതെല്ലം കൂടി ചേരുന്നതാണ് നാം. ഇങ്ങനെ പല കാരണങ്ങളാല്‍ ആണ് സമൂഹം നിയന്ത്രിക്കപ്പെടുന്നത്. വളരെ സമൃദ്ധമായ സംസ്‌കാരമുള്ള ഒരു രാജ്യമാണ് ഭാരതം. അങ്ങനെ ഒരു വലിയ ആദ്ധ്യാത്മികമായ യാത്രയുടെ ഭാഗമാണ് നാം ഓരോരുത്തരും. നമ്മള്‍ ഏത് മതവിശ്വാസിയായാലും ആ സംസ്‌കാരത്തിന്റെ ഭാഗമാണ്. ആ സംസ്‌കാരത്തിന്റെ പ്രതിഫലനം നമ്മില്‍ എല്ലാവരിലുമുണ്ടാകും. അങ്ങനെ നമ്മെയെല്ലാം സ്വാംശീകരിച്ചിരിക്കുന്ന അടിസ്ഥാനപരമായ സംസ്‌കൃതിയുടെ പ്രതിഫലനം നാം ഇടപെടുന്ന എല്ലായിടത്തും കണ്ടുകൊണ്ടിരിക്കും. അത് ഞങ്ങളുടെ പ്രധാന പ്രവര്‍ത്തന മേഖലയായ ശാസ്ത്രീയ ഗവേഷണങ്ങളെ ബാധിക്കുന്നുണ്ട് എന്നിവര്‍ പറഞ്ഞാലും അങ്ങനെയൊന്നുമില്ലെന്നു എനിക്കറിയാം. ചിന്തിക്കുന്ന ആര്‍ക്കും അറിയാം. അതുകൊണ്ട് ഇങ്ങനെയുള്ള ആരോപണങ്ങള്‍ക്ക് നമ്മള്‍ ഉത്തരം കൊടുക്കാനോ അതിന്റെ പിറകെ പോകാനോ തയ്യാറാകേണ്ടതില്ല.
ഇങ്ങനെ ആരോപിക്കുന്ന ചിലരോട്, നാസയില്‍ ഓരോ ലോഞ്ചിനും മുമ്പ് മിഷന്‍ കണ്‍ട്രോളിലുള്ളവര്‍ കടല തിന്നുന്ന കാര്യം ഞാന്‍ പറയാറുണ്ട്. അതും ഏറ്റവും സയന്റിഫിക് ടെമ്പര്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന അമേരിക്കയില്‍, നാസയില്‍. ഏറ്റവും രസകരം ഇങ്ങനെയുള്ള ആരോപണങ്ങള്‍ ഏറ്റവുമധികം ഉണ്ടാകുന്നത് കേരളത്തില്‍ ആണെന്നുള്ളതാണ്?
♠അതെ അങ്ങനെയൊരു കസ്റ്റം അവിടെയുണ്ട്. നാസയില്‍ പോയപ്പോള്‍ എനിക്കും കടലയുടെ ഒരു ബോട്ടില്‍ ലഭിച്ചിട്ടുണ്ട്. പിന്നെ ഞാന്‍ പറഞ്ഞല്ലോ.ഇതിനൊന്നും മറുപടി പറയേണ്ട ആവശ്യമേയില്ല. പറയുന്നവര്‍ പറയട്ടെ, ജോലി ചെയ്യുന്നവര്‍ അത് ചെയ്യട്ടെ.
പൊതുവെ ഏതാണ്ടെല്ലാ ലോഞ്ചുകളും മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ഞാന്‍ കാണാറുണ്ട്. ലോഞ്ച് സീക്വന്‍സ് കഴിയുന്നതുവരെയുള്ള മിഷന്‍ കണ്‍ട്രോളിലെ ഓരോരുത്തരുടെയും ആശങ്കയും പിരിമുറുക്കവും ശ്രദ്ധിക്കാറുണ്ട്. പക്ഷേ ഈ ആശങ്കയുടെ നിമിഷങ്ങളിലും വളരെ കൂള്‍ ആയാണ് കാണപ്പെടുന്നത്. ഞാനത് ഏറ്റവുമധികം നോട്ട് ചെയ്തത് കഴിഞ്ഞ ഒക്ടോബറില്‍ വണ്‍ വെബ്ബിന്റെ ലോഞ്ച് സമയത്താണ്. ഇതെങ്ങനെ സാധിക്കുന്നു?
♠നമ്മള്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് നമുക്കറിവുണ്ടങ്കില്‍ സ്വാഭാവികമായിത്തന്നെ നമ്മള്‍ കൂള്‍ ആകും.നമുക്ക് പൂര്‍ണ്ണമായി ധാരണയില്ലാത്ത ഒരു കാര്യം ചെയ്യുമ്പോഴാണല്ലോ ടെന്‍ഷന്‍ വരുന്നത്. ഇപ്പോള്‍ ഇരുട്ടുനിറഞ്ഞ ഒരു വഴിയിലൂടെ പോകുമ്പോള്‍ നമുക്ക് ടെന്‍ഷന്‍ തോന്നാം.വഴിയില്‍ കാത്തിരിക്കുന്നത് സിംഹമോ പുലിയോ ഒക്കെ ആകാം എന്നാലോചിച്ച് ഭയം തോന്നാം.എന്നാല്‍ എനിക്ക് അറിയാവുന്ന ഒരു വഴിയിലൂടെ പോകുമ്പോള്‍ എന്തിനു ഭയം തോന്നണം? ഇവിടെ നമ്മുടെ വഴിയെക്കുറിച്ചും ചെയ്തിരിക്കുന്ന പ്രവൃത്തികളെക്കുറിച്ചും എനിക്ക് പൂര്‍ണ്ണമായ ഗ്രാഹ്യമുണ്ട്, അറിവുണ്ട്. ആ അറിവാണ് നമുക്ക് ആത്മവിശ്വാസം നല്‍കുന്നത്.
ചിലപ്പോള്‍ പരാജയങ്ങളുണ്ടാകും. അത് നമ്മുടെ നിയന്ത്രണത്തിനും അറിവിനും അപ്പുറത്തുള്ള കാരണങ്ങള്‍കൊണ്ടാണ്. അങ്ങനെ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെട്ടിട്ട് എന്ത് കാര്യം? ഇവിടെ ചെയ്യേണ്ടത് രണ്ടു ചോദ്യങ്ങള്‍ ചോദിക്കലാണ്. നിങ്ങള്‍ ചെയ്യാനുള്ളത് മുഴുവന്‍ ചെയ്തിട്ടുണ്ടോ? ചെയ്യാനുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായും തൃപ്തിയാകുന്ന ലെവലില്‍ തന്നെ ചെയ്തിട്ടുണ്ടോ? ഈ ചോദ്യങ്ങള്‍ ഞങ്ങളുടെ പ്രോസസ്സിന്റെ ഭാഗമായി ഞങ്ങള്‍ ഓരോരുത്തരും പല പ്രാവശ്യം ചോദിച്ച് ഉറപ്പുവരുത്തുന്നുണ്ട്. ഈ റിവ്യൂ ഞങ്ങള്‍ സ്ഥിരമായി നടത്താറുണ്ട്. പല ലെവലുകളില്‍ ഈ റിവ്യൂ നടത്തി ഉറപ്പുവരുത്തിയാണ് അവസാനം ലോഞ്ചിലേക്ക് എത്തുന്നത്.
അതായത് വേണ്ട ചോദ്യങ്ങളെല്ലാം ചോദിച്ചിട്ടുണ്ട്, ഉത്തരങ്ങളെല്ലാം വന്നിട്ടുണ്ട്, ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. പിന്നെ നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അവിടെ നമ്മള്‍ ടെന്‍ഷനടിച്ചിട്ട് എന്ത് കാര്യം. ഞാനിവിടെ ടെന്‍ഷനടിച്ചാല്‍ അത് ആ റോക്കറ്റിന് അറിയുകയുമില്ല. പിന്നെ ചെയ്യാനുള്ളത് ആ നിമിഷങ്ങളെ നന്നായി ആസ്വദിക്കുക എന്നതാണ്.