ഭാരതത്തിന്റെ സംസ്‌കൃതിയുമായി ബന്ധപ്പെട്ട പൗരാണിക അറിവ് തേടുന്ന അന്വേഷണമായിരുന്നു സപ്തം. 21, 22 തീയതികളില്‍ നടന്ന സംസ്‌കൃതി പാഠശാല. മഴുവഞ്ചേരി മഹാദേവക്ഷേത്രം ഹാളില്‍ നടന്ന പാഠശാല പൗരാണികവും ആധുനികവുമായ ശാസ്ത്ര വി ജ്ഞാനത്തോടൊപ്പം ആര്‍ഷ സം സ്‌കൃതി ആര്‍ജ്ജിക്കുകയും അമൂല്യമായ അറിവുകള്‍ പഠിതാക്കള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്തുകൊണ്ടാണ് സമാപിച്ചത്. ഭാരതീയ വിചാരകേന്ദ്രം തൃശ്ശിവപേരൂര്‍ ജില്ലാ സമിതിയാണ് ദ്വിദിന സംസ്‌കൃതി പാഠശാല സംഘടിപ്പിച്ചത്. പാഠശാലയുടെ ഉദ്ഘാടനം സിനിമാതാരം ഉണ്ണി മുകുന്ദന്‍ നിര്‍വ്വഹിച്ചു. മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
ആദ്യദിവസം ‘പുണ്യഭൂമി ഭാരതം: നമ്മുടെ മാതൃഭൂമി’ എന്ന വിഷയം കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു അവതരിപ്പിച്ചു. ഭാരതത്തിന്റെ ഏകീകൃത സാസ്‌കാരിക ഭൂപടം ഓരോ പഠിതാവിന്റെയും മനസ്സില്‍ നിവര്‍ത്തിവെച്ച് അദ്ദേഹം അവരെ ഹിമാലയ സാനുക്കളിലൂടെയും വിന്ധ്യനിലൂടെയും സഹ്യനിലൂടെയും കൈപിടിച്ചു നടത്തിക്കൊണ്ടുപോകുകയായിരുന്നു. ഗാന്ധാരത്തിലൂടെ, സൈന്ധവത്തിലൂടെ, ഗംഗാ തടാകത്തിലൂടെ, മഹാകവി കാളിദാസന്‍ വര്‍ണ്ണിച്ച ഭാരത ഭൂപ്രദേശങ്ങളിലൂടെ, ഇതിഹാസ ഭൂമികയിലൂടെ, മറാത്താ സമാമ്രാജ്യത്തിലൂടെ, ചന്ദ്രഗുപ്തന്റെയും, സമുദ്രഗുപ്തന്റെയും, റാണാപ്രതാപന്റെയും ചരിത്രം പഠിക്കാന്‍ ഇതിലൂടെ പാഠശാലാംഗങ്ങള്‍ക്ക് സാധിച്ചു.
തുടര്‍ന്ന് ഭാരതത്തിന്റെ ‘ധൈഷണിക പാരമ്പര്യം’ എന്ന വിഷയം ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് സംസ്‌കൃത വിഭാഗം മേധാവി ഡോ.ലക്ഷ്മി ശങ്കര്‍ അവതരിപ്പിച്ചു. ഭാരതത്തിന്റെ ഋഷിപരമ്പരയും അവര്‍ മുന്നോട്ട് വെച്ച ആദര്‍ശാത്മക വീക്ഷണത്തെയും വിദ്യയെയും കുറിച്ചു അവര്‍ പ്രതിപാദിച്ചു.
വിചാരകേന്ദ്രം ജില്ലാ ജോ. സെക്രട്ടറിയും സംസ്‌കൃതി പാഠശാലാ കണ്‍വീനറുമായ ടി.കെ.സുരേഷ് ബാബു നമ്മുടെ സാഹിത്യവും ദര്‍ശനവും എന്ന വിഷയത്തില്‍ അടിസ്ഥാന അറിവുകളുടെ സാമാന്യ വിവരണം നല്‍കി.
പിന്നീട് ഭക്തിപ്രസ്ഥാനവും നവോത്ഥാനവും എന്ന വിഷയം ജി.പിയൂഷ് അവതരിപ്പിച്ചു. പഴയത് നിഷേധിക്കാതെ സന്ദര്‍ഭോചിതമായും, കാലാനുസൃതമായും പരിഹാരങ്ങളിലൂടെ പരിവര്‍ത്തനം ചെയ്ത് മുന്നോട്ട് പോകുന്ന സ്വാംശീകരണ പ്രക്രിയയാണ് നവോത്ഥാനം എന്നദ്ദേഹം ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് ഭാരതീയ ചിത്രകലയെക്കുറിച്ച് ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്രപഠനകേന്ദ്രം പ്രിന്‍സിപ്പല്‍ കെ.യു. കൃഷ്ണകുമാര്‍ വിഷയാവതരണം നടത്തി. കേരളത്തിലൊഴികെ ഭാരതത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഗോത്രവര്‍ഗ്ഗ ചിത്രകലാപാരമ്പര്യവും ചിത്രകലാ സങ്കേതങ്ങളും ഇന്നും നിലനില്‍ക്കുന്നുവെന്നദ്ദേഹം വ്യക്തമാക്കി. ചാണകവും, അരിമാവും ഉപയോഗിച്ചുള്ള ചിത്രരചനാരീതിയും രണ്ടായിരം വര്‍ഷം മുമ്പ് സില്‍ക്ക് തുണിയില്‍ വരച്ച ചിത്രവും ഒക്കെ സോദാഹരണസഹിതം കൃഷ്ണകുമാര്‍ ചൂണ്ടിക്കാണിച്ചു.
സംസ്‌കൃതി പാഠശാല ഡയറക്ടറും ഇന്റര്‍നാഷണല്‍ ഹെറിറ്റേജ് യോഗ സെന്ററിലെ മുഖ്യ പരിശീലകനുമായ ഷാജി വരവൂര്‍ രണ്ടാം ദിനം യോഗശാസ്ത്രം ആസനം പ്രാണായാമം ധ്യാനം എന്നിവയില്‍ പ്രാരംഭ പരിശീലനം നല്‍കി. തുടര്‍ന്ന് ഭാരതീയ നാട്യശാസ്ത്രം എന്ന വിഷയത്തില്‍ കുച്ചിപ്പുടി റിസര്‍ച്ച് സ്‌കോളറും സിനിമാ സീരിയല്‍ താരവും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടി ക്ലാസെടുത്തു. ഋഗ്വേദത്തില്‍നിന്ന് പാഠവും യജുര്‍വേദത്തില്‍ നിന്ന് അഭിനയവും സാമവേദത്തില്‍ നിന്ന് സംഗീതവും അഥര്‍വ്വവേദത്തില്‍ നിന്ന് രസവും ചേര്‍ന്നാണ് നാട്യവേദം രൂപപ്പെട്ടതും 36 അദ്ധ്യായങ്ങളുള്ള നാട്യശാസ്ത്രം ഉണ്ടായതും എന്ന് രചന നാരായണന്‍കുട്ടി പറഞ്ഞു.
ഹിന്ദുധര്‍മ്മം സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തില്‍ ബ്രഹ്മസങ്കല്‍പ്പത്തിലൂന്നിക്കൊണ്ട് ഗുരുവായൂര്‍ ദേവസ്വം അസി. മാനേജര്‍ കെ. ബിനു സംസാരിച്ചു.
ഭാരതത്തിന് നേരെയുണ്ടായ ആയിരം വര്‍ഷത്തെ കടന്നാക്രമണവും ധീരദേശാഭിമാനികളുടെ ചെറുത്തുനില്‍പ്പും സ്വാതന്ത്ര്യ സമരനായകരുടെ ത്യാഗപൂര്‍ണ്ണമായ ജീവചരിത്രവും സംസ്‌കൃതി പാഠശാല ജോ. ഡയറക്ടര്‍ സുനില്‍ മാസ്റ്റര്‍ പ്രതിപാദിച്ചു.
സമാപന സഭയില്‍ കൊടുവായൂര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജ് പ്രിന്‍സിപ്പലായ ഡോ.സി.എ. ഗീത അദ്ധ്യക്ഷത വഹിച്ചു. സി.പി.രഞ്ജിത്ത് നന്ദി പറഞ്ഞു.
രാഷ്ട്രവിരുദ്ധചിന്തയ്ക്ക് തടയിടാനും പുതുതലമുറക്ക് മാര്‍ഗ്ഗനിര്‍ദ്ദേശമാകാനും സംസ്‌കൃതി പാഠശാല ആശയത്തിലൂടെ വിചാരകേന്ദ്രത്തിന് സാധിതമായി.