ഭൂവനേശ്വര്‍ (ഒഡീഷ): സേവാപ്രവര്‍ത്തനങ്ങളില്‍ പുതുചരിത്രം രചിച്ചുകൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തനപദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നു. ഒക്‌ടോ. 16 മുതല്‍ 18 വരെ നടന്ന അഖില ഭാരതീയ കാര്യകാരി മണ്ഡലാണ് രാജ്യവ്യാപകമായി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് സേവന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കിയത്.
രാജ്യത്ത് ഒന്നരലക്ഷം സേവാപദ്ധതികള്‍ ആര്‍.എസ്.എസ്. ഇപ്പോള്‍ നടത്തിവരുന്നുണ്ടെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച സര്‍കാര്യവാഹ് ഭയ്യാജി ജോഷി വ്യക്തമാക്കി.
സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത് ഭാരതാംബയുടെ ചിത്രത്തിന് മുമ്പില്‍ വിളക്ക് തെളിയിച്ചു കൊണ്ടാണ് കാര്യകാരി മണ്ഡലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
രാജ്യം നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. 20 വന്‍ചാരിറ്റബിള്‍ ആശുപത്രികളും 15 രക്തബാങ്കുകളും സേവനപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആര്‍.എസ്.എസ് നടത്തിവരുന്നുണ്ടെന്ന് യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. 1989 മുതല്‍ സംഘപ്രവര്‍ത്തനത്തിന്റെ ദിശ സേവനരംഗത്തേക്കും തിരിച്ചുവിട്ടിട്ടുണ്ട്. രാജ്യത്ത് പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോഴെല്ലാം സേവനത്തിന്റെ കൈത്തിരികളുമായി ആര്‍.എസ്.എസ്. രംഗത്ത് വന്നിട്ടുണ്ട്. ഓരോ വര്‍ഷവും മൂന്ന്, നാല് ലക്ഷം നേത്രദാനങ്ങള്‍ നടത്തിവരുന്നുണ്ട്. ഗ്രാമപുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സ്വയംസേവകര്‍ സക്രിയമായി ഇടപെട്ടുവരുന്നു.
250 ഗ്രാമങ്ങള്‍ ഇതിനകം മാതൃകാ ഗ്രാമങ്ങളായി സ്വയംസേവകരുടെ പ്രവര്‍ത്തനത്തില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഗ്രാമവാസികള്‍ തന്നെ പ്രവര്‍ ത്തിച്ച് സ്വയംപര്യാപ്തത നേടുകയും അവര്‍ക്കുള്ള സഹായങ്ങള്‍ സംഘപ്രവര്‍ത്തകര്‍ ചെയ്യുകയുമാണ് ചെയ്യുക. ഒരു ലക്ഷം ഗ്രാമങ്ങളിലെ ജനങ്ങള്‍ സേവാപ്രവര്‍ത്തനങ്ങളെ ഇതിനകം അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
16-17നും ഇടയില്‍ പ്രായമുള്ള അഞ്ച്‌ലക്ഷം പ്രവര്‍ത്തകര്‍ ദൈനംദിനശാഖാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. 59,000 മണ്ഡലങ്ങളില്‍ 30,000 ഇടങ്ങളില്‍ ഇപ്പോള്‍ തന്നെ സംഘപ്രവര്‍ ത്തനം സജീവമായി നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1585 ദൈനംദിനശാഖകളും 1879 സാപ്താഹിക് ശാഖകളും ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ 57,411 ദൈനംദിന ശാഖകളും 18,923 സാപ്താഹിക് ശാഖകളുമുണ്ട്.
ഒക്.18ന് നടത്തിയ പത്രസമ്മേളനത്തില്‍ കാര്യകാരി തീരുമാനങ്ങള്‍ സര്‍കാര്യവാഹ് ഭയ്യാജി ജോഷി വിശദീകരിച്ചു. രാമക്ഷേത്രം രാഷ്ട്രീയ പ്രശ്‌നമല്ലെന്നും ഹിന്ദുസമാജത്തിന്റെ വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും ഒരു ചോദ്യത്തിന്നുത്തരമായി അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്ത് മുഴുവനുമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ബാധകമാംവിധമാണ് ഏകസിവില്‍കോഡ് എല്ലായിടത്തും നടപ്പാക്കിയത്. ഭാരതത്തില്‍ ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാശ്മീരി ഹിന്ദുക്കള്‍ക്ക് എത്രയും വേഗം അവരവരുടെ വീടുകളിലേക്ക് തിരിച്ച് വരാനുള്ള സാഹചര്യം ഉണ്ടാവണമെന്നും ഭയ്യാജി പറഞ്ഞു.