ഭാരതത്തിന്റെ യശസ് ലോകത്തിന്റെ ഉച്ചിയില്‍ പാറിച്ച സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. 1893 സെപ്തംബര്‍ 11 ന് അമേരിക്കയില്‍ ആരംഭിച്ച ചിക്കാഗോ മത മഹാസമ്മേളനം ഇന്നും അനുസ്മരിക്കപ്പെടുന്നതു പോലും സ്വാമി വിവേകാനന്ദന്റെ വിശ്വവിഖ്യാതമായ പ്രസംഗത്തിന്റെ പേരിലാണ്. പാശ്ചാത്യ ലോകത്ത് ഭാരതത്തിന്റെ അദ്ധ്യാത്മിക കരുത്ത് വിളംബരം ചെയ്യുവാന്‍ അന്ന് സ്വാമി വിവേകാനന്ദന് കഴിഞ്ഞെങ്കില്‍ ഇന്ന് ചരിത്രം ഒരുവട്ടം കൂടി ആവര്‍ത്തിച്ചിരിക്കുകയാണ്. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ ദിവസം നടത്തിയ അമേരിക്കന്‍ സന്ദര്‍ശനം അക്ഷരാര്‍ത്ഥത്തില്‍ ഒരു രണ്ടാം ദിഗ്‌വിജയമായി കലാശിച്ചിരിക്കുന്നു. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം കുറച്ച് ദിവസങ്ങളായി അമേരിക്കന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുക തന്നെയായിരുന്നു. ഒരു മൂന്നാം ലോക വികസ്വര രാഷ്ട്രമെന്ന പരിവേഷത്തില്‍ നിന്ന് വികസിത രാഷ്ട്രത്തിന്റെ കരുത്താര്‍ജ്ജിക്കുന്നതില്‍ ഭാരതം വിജയിച്ചു എന്ന് ലോകത്തോട് വിളിച്ചു പറയുന്നതായിരുന്നു ഈ സന്ദര്‍ശനം. അന്താരാഷ്ട്ര ബലതന്ത്രത്തില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്ന അമേരിക്കയെ പോലൊരു രാജ്യം ഭാരതത്തിന്റെ ഗാഢമായ സൗഹൃദം ആഗ്രഹിക്കുന്ന കാലം വന്നിരിക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍. ലോകം സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടിരിക്കുന്ന ഇക്കാലത്തും സുസ്ഥിരമായ സാമ്പത്തിക കുതിപ്പ് കാണിക്കുന്ന ഭാരതത്തിന്റെ സ്ഥിതി ഭാവി ഭാരതത്തിന്റെ സാധ്യതകളെ ലോകത്തിന് ബോധ്യപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. മോദി ബൈഡന്‍ കൂടിക്കാഴ്ച ഭാരതത്തിന്റെ രാഷ്ട്രീയ സാമ്പത്തിക പ്രഭാവം വിളിച്ചറിയിക്കുന്ന ഒന്നായി മാറി. യു.എസ്. പ്രസിഡന്റ് ജോ ബൈഡനുമായുള്ള ഉഭയകക്ഷി ചര്‍ച്ച, യു.എസ്. കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യല്‍, വൈറ്റ് ഹൗസിലെ അത്താഴ വിരുന്ന് എന്നിവയായിരുന്നു സന്ദര്‍ശനത്തിലെ പ്രധാന പരിപാടികള്‍. ഇതു കൂടാതെ അമേരിക്കയിലെ പ്രമുഖ ഭാരതീയരുമായി സംവദിക്കുവാനും ഭാരതത്തിന്റെ വികസനക്കുതിപ്പിന് അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും നരേന്ദ്ര മോദിക്കായി.
ഇതിനോടകം ലോകത്തിലെ പ്രമുഖ സൈനിക ശക്തികളിലൊന്നെന്ന് തെളിയിക്കപ്പെട്ട ഭാരതവുമായി കൂടുതല്‍ സൈനിക സഹകരണങ്ങള്‍ക്ക് അമേരിക്ക തയ്യാറായത് ആഗോള സൈനിക ബലതന്ത്രത്തില്‍ ഭാവിയില്‍ വരാന്‍ പോകുന്ന മാറ്റത്തിന്റെ സൂചനയായി. റഷ്യയുടെ ആഗോള സൈനിക സാമ്പത്തിക വിലപേശല്‍ശേഷി പ്രതിദിനം കുറഞ്ഞു വരുകയും തല്‍സ്ഥാനത്തേക്ക് ലോകസമാധാനത്തിന് ഭീഷണിയായി ചൈന കടന്നു വരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഏഷ്യയിലെ അമേരിക്കയുടെ വിശ്വസ്ത സുഹൃത്തായി ഭാരതം മാറിയിരിക്കുന്നു എന്നു വേണം പുതിയ നീക്കങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍. ചേരിചേരായ്മയുടെ പേരുപറഞ്ഞ് കാലങ്ങളോളം റഷ്യന്‍ ചേരിയില്‍ തളച്ചിടപ്പെട്ട ഭാരതം സ്വന്തം ചേരി സൃഷ്ടിക്കുന്ന കാലത്താണ് പ്രധാനമന്ത്രിയുടെ വിജയകരമായ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പ്രസക്തി. പ്രതിരോധ കരാറുകള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും അവയിലെല്ലാം അമേരിക്കന്‍ മേധാവിത്വവും കാണാചരടുകളും ഉണ്ടായിരുന്നു. ഇപ്പോള്‍ തുല്യശക്തികള്‍ തമ്മില്‍ ഇരുകൂട്ടര്‍ക്കും പ്രയോജനകരമാകുന്ന വിധത്തിലുള്ള കരാറുകള്‍ ഉണ്ടായി എന്നതാണ് മോദി നയതന്ത്രത്തിന്റെ വിജയം. മുന്‍ കരാറുകളൊന്നും സംയുക്ത ഉത്പാദനം, ഗവേഷണം, പരീക്ഷണം, സാങ്കേതിക വിദ്യയുടെ കൈമാറ്റം എന്നിവയിലേക്ക് കടന്നിരുന്നില്ല. ഭാരതം സ്വന്തമായി വികസിപ്പിച്ച ഭാരം കുറഞ്ഞ യുദ്ധവിമാനങ്ങളിലൊന്നായ തേജസിന് കരുത്തു പകര്‍ന്ന എഞ്ചിന്‍ അമേരിക്കയിലെ ജി.ഇ.എയ്‌റോസ്‌പേസ് എന്ന കമ്പനിയുടേതായിരുന്നു. ഇനി മുതല്‍ ഈ എഞ്ചിന്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി ചേര്‍ന്ന് ഭാരതത്തില്‍ നാസിക്കിലെ ഫാക്ടറിയില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ ധാരണയായിരിക്കുകയാണ്. എന്നു മാത്രമല്ല എഫ്-414 എന്ന വിമാന എഞ്ചിന്റെ സാങ്കേതിക വിദ്യയും കൈമാറാന്‍ ധാരണയായിരിക്കുന്നു. ഭാവിയില്‍ യുദ്ധവിമാനങ്ങളുടെ എഞ്ചിന്‍ നിര്‍മ്മാണത്തില്‍ ഭാരതം സ്വയംപര്യാപ്തമാകും എന്നതാണ് ഈ കരാറിന്റെ നേട്ടം. ജി.ഇ.എയ്‌റോസ്‌പേസിന്റെ എഞ്ചിന്‍ ഉപയോഗിച്ച് ആധുനിക യുദ്ധവിമാനത്തിന്റെ പ്രോട്ടോ ടൈപ്പ് വികസനം, ടെസ്റ്റിംഗ് സര്‍ട്ടിഫിക്കേഷന്‍ എന്നിവയും കരാറിന്റെ ഭാഗമാണ്.
ഭാരതത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് കരുത്തു പകര്‍ന്ന ക്രയോജനിക് എഞ്ചിന്‍ നാം സ്വയം വികസിപ്പിച്ചതോടെ ഈ മേഖലയില്‍ അമേരിക്ക അടക്കം ഒരു ശക്തിക്കും നമ്മെ തടയാനാവാത്ത അവസ്ഥയാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണങ്ങളിലേയ്ക്ക് കടന്ന ഭാരതവുമായി സഹകരിക്കുന്നത് ഈ രംഗത്ത് ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകും. ബഹിരാകാശ രംഗത്തും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മേഖലയിലും സഹകരണത്തിന്റെ പുതിയ പന്ഥാവുകള്‍ വെട്ടിത്തുറക്കാന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് കഴിഞ്ഞിരിക്കുകയാണ്. ഭാരതത്തിലെ സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് അമേരിക്കന്‍ കമ്പനികള്‍ക്ക് ഭാരതത്തില്‍ വമ്പന്‍ നിര്‍മ്മാണ പദ്ധതികള്‍ തുടങ്ങാന്‍ വഴി തുറക്കുന്ന കരാറുകളില്‍ ഒപ്പുവയ്ക്കപ്പെട്ടിരിക്കുകയാണ്. ഇത് ഭാരതത്തിലെ ചെറുപ്പക്കാര്‍ക്ക് വലിയ തൊഴില്‍ സാധ്യതകളാണ് തുറക്കുന്നത്. ഗൂഗിളും ഇ-കൊമേഴ്‌സ് ഭീമനായ ആമസോണും രണ്ടു ലക്ഷം കോടിയാണ് ഭാരതത്തില്‍ നിക്ഷേപിക്കാന്‍ പോകുന്നത്. പ്രതിവര്‍ഷം ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യാന്‍ ഇതിലൂടെയാവും.
യു.എസ് കോണ്‍ഗ്രസിന്റെ ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ രണ്ടു തവണ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞ ഏക ഭാരത പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറിയിരിക്കുകയാണ്. ഐതിഹാസികമായി മാറിയ അദ്ദേഹത്തിന്റെ ഭാഷണം വര്‍ത്തമാന ഭാരതത്തിന്റെ വിജയക്കുതിപ്പിന്റെ ആത്മവിശ്വാസ പൂര്‍ണ്ണമായ വിവരണങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. ഭാരതം ജനാധിപത്യത്തിന്റെ മാതാവാണെന്നും യാതൊരു തരത്തിലുള്ള വിവേചനങ്ങള്‍ക്കും ഇവിടെ സ്ഥാനമില്ലെന്നും അദ്ദേഹം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചു. 2014ല്‍ താന്‍ അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ ഭാരതം ലോകത്തിലെ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്നെങ്കില്‍ 2023 ല്‍ അഞ്ചാമത്തെ ശക്തിയായി മാറിയിരിക്കുന്നു എന്നും ഉടന്‍ തന്നെ മൂന്നാമത്തെ ശക്തിയായി മാറുമെന്നും പ്രധാനമന്ത്രി ആത്മ വിശ്വാസത്തോടെ പ്രഖ്യാപിക്കുക ഉണ്ടായി. കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഓരോ 100 തത്സമയ ഡിജിറ്റല്‍ പണമിടപാടുകളില്‍ 46 എണ്ണം ഭാരതത്തിലാണെന്ന് പ്രസംഗ മദ്ധ്യേ പ്രധാനമന്ത്രി പറഞ്ഞത് ഡിജിറ്റലൈസേഷനില്‍ ഭാരതം എത്രത്തോളം മുന്നേറിയിരിക്കുന്നു എന്ന് ലോകത്തോട് വിളംബരം ചെയ്യുന്നതു പോലെയായി. കുതിച്ച് മുന്നേറുന്ന ഭാരതത്തിന്റെ നേര്‍ ചിത്രം ലോകസമക്ഷം അവതരിപ്പിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഓരോ വാക്കും. വന്‍ശക്തി രാഷ്ട്രങ്ങള്‍ക്കിടയിലേക്ക് തുല്യ തലപ്പൊക്കത്തോടെ കടന്നിരിക്കുന്ന ഒരു ഭാരതത്തെയാണ് ലോകം അമേരിക്കയില്‍ കണ്ടത്.