Wednesday, July 16, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

തത്വാധിഷ്ഠിതമായ ആത്മസമര്‍പ്പണം

സി.എം. രാമചന്ദ്രന്‍

Print Edition: 23 June 2023

ജൂലായ് 3 ഗുരുപൂര്‍ണ്ണിമ

പ്രശസ്ത ചരിത്രകാരനായ അര്‍ണോള്‍ഡ് ടോയന്‍ബി മാനവചരിത്രത്തെ കുറിച്ചും നാഗരികതകളെ കുറിച്ചും ആഴത്തില്‍ പഠിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ മകന്‍ ഫിലിപ്പ് ടോയന്‍ബിയും നല്ലൊരു ചിന്തകനും എഴുത്തുകാരനുമായിരുന്നു. ഒരിക്കല്‍ മകന്‍ അച്ഛനുമായി ദീര്‍ഘമായ ഒരു അഭിമുഖം നടത്തുകയുണ്ടായി. ‘കംപയറിംഗ് നോട്ട്‌സ്: എ ഡയലോഗ് എക്രോസ് എ ജനറേഷന്‍’ എന്ന പേരില്‍ ഇത് പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ അര്‍ണോള്‍ഡ് ടോയന്‍ബി മതങ്ങളെ താരതമ്യം ചെയ്തുകൊണ്ട് തന്റെ നിലപാട് ഇങ്ങനെ വ്യക്തമാക്കുന്നു : ‘ഭാരതീയ മതം എന്നില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. അതിനോട് എനിക്ക് അങ്ങേയറ്റത്തെ ആദരവാണുള്ളത്. എന്റെ അഭിപ്രായത്തില്‍ ഇത്തരത്തിലുള്ള ഒരു മതമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം.’

സങ്കുചിതമായ അര്‍ത്ഥത്തിലോ സെമിറ്റിക് മതങ്ങളുടെ കാഴ്ചപ്പാടിലോ അല്ല ടോയന്‍ബി മതം എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ വിശദീകരണങ്ങളില്‍ നിന്നു മനസ്സിലാക്കാം. സനാതനധര്‍മ്മം എന്ന വാക്കിന് തത്തുല്യമായ ഇംഗ്ലീഷ് പദമില്ലാത്തതുകൊണ്ടായിരിക്കണം ‘ഇന്ത്യന്‍ റിലിജിയന്‍’ എന്ന പദമാണ് അദ്ദേഹം ഉപയോഗിച്ചത്. ലോകത്തിലെ ഇരുപത്തഞ്ചോളം നാഗരികതകളെ കുറിച്ച് പഠിച്ച ശേഷമാണ് ടോയന്‍ബി 12 വാല്യങ്ങളുള്ള ‘എ സ്റ്റഡി ഓഫ് ഹിസ്റ്ററി’ പ്രസിദ്ധീകരിച്ചത്. ഈ നാഗരികതകളില്‍ 23 എണ്ണവും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായതായി അദ്ദേഹം കണ്ടെത്തി. ഭാരതത്തിന്റെയും ചൈനയുടെയും നാഗരികത മാത്രമാണ് കാലത്തിന്റെ കടന്നാക്രമണങ്ങളെ അതിജീവിച്ചതെന്നും ടോയന്‍ബി പറയുന്നു.

ദീര്‍ഘകാലത്തെ കമ്യൂണിസ്റ്റ് അധിനിവേശത്തിന്റെ ഫലമായി ചൈനീസ് നാഗരികത ഏറെക്കുറെ നഷ്ടപ്രായമായിരിക്കുകയാണ്. ഇന്ന് ലോകത്തിന്റെ മുന്നില്‍ വലിയൊരു പ്രകാശഗോപുരമായി ഉയര്‍ന്നു നില്‍ക്കുന്നത് ഭാരതത്തിന്റെ നാഗരികത മാത്രമാണ്. ശക്തമായ ജ്ഞാനപാരമ്പര്യവും തലമുറതലമുറയായി ഇതിനെ കൈമാറിയ ഗുരുപരമ്പരയുമാണ് നമ്മുടെ നാഗരികതയെ നാമാവശേഷമാകാതെ നിലനിര്‍ത്തിയത്. ഗുരുവിനെ പൂജിക്കുന്നതും ഗുരുദക്ഷിണ അര്‍പ്പിക്കുന്നതും വൈദിക കാലഘട്ടം മുതല്‍ ഭാരതത്തിന്റെ ദേശീയ ജീവിതത്തിന്റെ ഭാഗമായിരുന്നു. അനേകം ഗുരു പരമ്പരകള്‍ ഉണ്ടെങ്കിലും ലോകഗുരുവായ വേദവ്യാസനുമായി ബന്ധപ്പെട്ട ആഷാഢമാസത്തിലെ പൗര്‍ണമിയാണ് എല്ലാവരും ഗുരുപൂജാ ദിനമായി ആചരിക്കുന്നത്. വേദങ്ങളെ ഋക്ക്, യജുസ്സ്, സാമം, അഥര്‍വ്വം എന്നിങ്ങനെ നാലായി ചിട്ടപ്പെടുത്തിയും പതിനെട്ട് പുരാണങ്ങളും മഹാഭാരതവും രചിച്ചും ഹിന്ദു സംസ്‌കാരത്തിന്റെ അസ്ഥിവാരമുറപ്പിച്ചത് അദ്ദേഹമാണല്ലോ. ഭാരതീയ ജ്ഞാനപാരമ്പര്യത്തില്‍ ജാതീയതക്ക് ഒട്ടും പ്രസക്തിയുണ്ടായിരുന്നില്ല എന്ന സത്യത്തിലേക്കാണ് വ്യാസപൂര്‍ണിമ ഗുരുപൂജാ ദിനമായി എല്ലാവരും ആചരിക്കുന്നു എന്ന വസ്തുത വിരല്‍ ചൂണ്ടുന്നത്. വ്യാസനും വസിഷ്ഠനും വാല്മീകിയും വിദുരരും എഴുത്തച്ഛനുമൊന്നും പലരും പ്രചരിപ്പിക്കുന്നതുപോലെ ബ്രാഹ്‌മണ്യത്തിന്റെയോ സവര്‍ണ പക്ഷപാതത്തിന്റെയോ വക്താക്കളായിരുന്നില്ല. ജാതീയതയ്ക്കതീതമായ ദേശീയതയുടെ പ്രതിഫലനമാണ് ഭാരതീയ ജ്ഞാനപാരമ്പര്യത്തിലും ഗുരു പരമ്പരയിലും പ്രകടമായി കാണുന്നത്.

ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉപാദ്ധ്യായന്‍, അദ്ധ്യാപകന്‍, ആചാര്യന്‍ എന്നിങ്ങനെ മൂന്നു തരം ഗുരുക്കന്മാരുണ്ടായിരുന്നു. പുതിയ ശിഷ്യന്മാര്‍ക്ക് പാഠങ്ങള്‍ വായിച്ചു കൊടുക്കുന്ന മുതിര്‍ന്ന ശിഷ്യനെയാണ് ഉപാദ്ധ്യായന്‍ എന്നു വിളിച്ചിരുന്നത്. ഇങ്ങനെ വായിച്ചു കൊടുക്കുന്ന പാഠങ്ങളുടെ അര്‍ത്ഥം വിശദീകരിച്ചു കൊടുക്കുന്നയാളാണ് അദ്ധ്യാപകന്‍. ഇത്തരം തത്വങ്ങള്‍ ജീവിതത്തില്‍ ആചരിക്കുന്ന ഗുരുക്കന്മാരാണ് ആചാര്യന്മാര്‍. സനാതനധര്‍മ്മത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ സ്വജീവിതത്തില്‍ ആവിഷ്‌ക്കരിച്ച് സമാജത്തിന് മാതൃക കാട്ടിയവരായിരുന്നു ഇവര്‍. ഇത്തരം ഗുരുക്കന്മാരാണ് നമ്മുടെ സംസ്‌കാരത്തെ മൂല്യങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ നിലനിര്‍ത്തിയത്. തത്വത്തിനും ആചരണത്തിനുമാണ് ഇവിടെ ഊന്നല്‍. ഹരിനാമകീര്‍ത്തനത്തില്‍ എഴുത്തച്ഛന്‍ പറയുന്നത് നോക്കുക.

‘തത്വത്തിനുള്ളിലുദയം ചെയ്തിരുന്ന പൊരുള്‍
എത്തീടുവാന്‍ ഗുരു പദാന്തേ ഭജിപ്പവന്
മുക്തിക്കു തക്കൊരുപദേശം തരും, ജനനമറ്റീടുമന്നവന് നാരായണായ നമ:’

തത്വത്തിന്റെ ഉള്ളില്‍ ഉദയം ചെയ്യുന്ന ആത്യന്തികസത്യത്തെ പ്രാപിക്കുന്നതിനു വേണ്ടി തന്നെ ആശ്രയിക്കുന്നവര്‍ക്ക് ഗുരു വേണ്ട ഉപദേശം നല്‍കുകയും അങ്ങനെ മോക്ഷം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

‘നന്മ നമുക്കതേയുള്ളൂ ഗുരുകടാക്ഷം കൂടാതെ ജന്മസാഫല്യം വരുമോ ജനിച്ചാലാര്‍ക്കും’ എന്ന് രാമപുരത്തു വാര്യര്‍ കുചേലവൃത്തം വഞ്ചിപ്പാട്ടിലും പറയുന്നുണ്ട്. ഗുരുവിന്റെ മഹത്വത്തെയും ഗുരു – ശിഷ്യ ബന്ധത്തിന്റെ പവിത്രതയെയും സൂചിപ്പിക്കുന്ന നിരവധി കഥകള്‍ ഉപനിഷത്തുകളില്‍ കാണാം.
‘തത്’, ‘ത്വം’ എന്നിവ ചേര്‍ന്നാണല്ലോ തത്വം എന്ന പദം ഉണ്ടായിട്ടുള്ളത്. ‘തത്’ എന്നാല്‍ അത് എന്നും ‘ത്വം’ എന്നാല്‍ നീ എന്നുമാണ് അര്‍ത്ഥം. തത്വമസി എന്നഉപനിഷദ് വാക്യത്തിന്റെ ആശയവും ഇതു തന്നെ. ‘അത് നീയാകുന്നു’ എന്ന വാക്യത്തില്‍ ഹിന്ദു സംസ്‌കാരത്തിന്റെ എല്ലാ അന്തസ്സത്തയും അടങ്ങിയിരിക്കുന്നു. ബ്രഹ്‌മത്തെ അറിയാന്‍ ശിഷ്യന്റെ ഉള്ളില്‍ ജ്വലിച്ചു നില്‍ക്കുന്ന ജ്ഞാനതൃഷ്ണയും, ശിഷ്യനെ നേര്‍വഴിക്കു നയിച്ച് ലക്ഷ്യപ്രാപ്തിയിലെത്താന്‍ ഗുരു നടത്തുന്ന യത്‌നവുമാണ് ഭാരതീയ ജ്ഞാനപാരമ്പര്യത്തിന്റെ ആണിക്കല്ല്. അതുകൊണ്ട് ഈ ജ്ഞാനാര്‍ജ്ജന സംസ്‌കാരത്തെ അതിന്റെ തനിമയോടെ സ്വാംശീകരിക്കുന്ന സന്ന്യാസി ശ്രേഷ്ഠന്മാരെ അങ്ങേയറ്റം ആദരവോടെ ഇന്നും ഹിന്ദു സമൂഹം വീക്ഷിക്കുന്നു.

തത്വങ്ങളെ അഥവാ ആശയങ്ങളെയാണ് ഹിന്ദു സമാജം എക്കാലവും പൂജിച്ചിട്ടുള്ളത്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഉത്തമഗുണങ്ങള്‍ എത്രത്തോളം പ്രകടമാണോ അത്രത്തോളം ആ വ്യക്തി പൂജാര്‍ഹനായിത്തീരും. ഇക്കാര്യം സ്വാമി വിവേകാനന്ദന്‍ മദ്രാസില്‍ ട്രിപ്ലിക്കേന്‍ സാഹിത്യ സമാജത്തില്‍ വെച്ചു ചെയ്ത പ്രസംഗത്തില്‍ ഇങ്ങനെ വിശദീകരിക്കുന്നു ‘കൃഷ്ണനെ ശ്ലാഘ്യനാക്കിയത് അവിടുന്നു കൃഷ്ണനാണ് എന്ന വസ്തുതയല്ല; മഹാനായ ഒരു വേദാന്താചാര്യനാണ് എന്ന വസ്തുതയത്രേ. നമ്മുടെ ഭക്തി എക്കാലവും തത്വങ്ങളോടാണ്, വ്യക്തികളോടല്ല. തത്വങ്ങളുടെ മൂര്‍ത്തീഭാവങ്ങള്‍, ദൃഷ്ടാന്തങ്ങള്‍ മാത്രമാണ് വ്യക്തികള്‍. തത്വങ്ങളുണ്ടെങ്കില്‍ ആയിരവും ദശലക്ഷവും വ്യക്തികള്‍ വന്നു കൊള്ളും. തത്വങ്ങള്‍ സുരക്ഷിതമാണെങ്കില്‍, ബുദ്ധനെപ്പോലുള്ള വ്യക്തികള്‍ നൂറും ആയിരവുമായി ഉണ്ടായിക്കൊള്ളും. നമ്മുടെ മതം മാത്രമേ ഒരു വ്യക്തിയേയോ വ്യക്തികളേയോ ആശ്രയിക്കാതുള്ളൂ. അതു തത്വങ്ങളിലാണ് അടിയുറച്ചു നില്‍ക്കുന്നത്.’

ഇതേ ആശയം തന്നെ മഹര്‍ഷി അരവിന്ദന്‍ പ്രസിദ്ധമായ ഉത്തരപ്പാറ പ്രസംഗത്തിലും അവതരിപ്പിച്ചതായി കാണാം: ‘വിശ്വാസത്തിലും ദൗത്യത്തിലും മറ്റു മതങ്ങള്‍ ദൃഢബദ്ധങ്ങളായ മതങ്ങളാണ്. എന്നാല്‍ സനാതനധര്‍മ്മം ജീവിതം തന്നെയത്രേ. ജീവിക്കുന്നതില്‍ക്കൂടിയല്ലാതെ വിശ്വസിക്കുന്നതിലൂടെ വളരെയൊന്നും ചെയ്യാനില്ലാത്ത ഒന്നാണത്. പുരാതന കാലം മുതല്‍ ഈ അര്‍ദ്ധദ്വീപത്തിന്റെ ഏകാന്തതയില്‍ മാനുഷ്യകത്തിന്റെ മോക്ഷത്തിനു വേണ്ടി പരിപോഷിപ്പിക്കപ്പെട്ടു പോന്നത് ഈ ധര്‍മ്മമാണ്. ഈ മതം ദാനം ചെയ്യുന്നതിനു വേണ്ടിയാണ് ഇന്ത്യ ഉണര്‍ന്നെഴുന്നേല്‍ക്കുന്നത്.’

1925 ലെ വിജയദശമി നാളില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിനു തുടക്കം കുറിച്ചു കൊണ്ട് ഹിന്ദുരാഷ്ട്രത്തിന്റെ സ്വത്വബോധത്തിലേക്കുള്ള ഒരു മടക്കയായ്ത്രക്കാണ് പൂജനീയ ഡോക്ടര്‍ജി ശുഭാരംഭമിട്ടത്. സ്വാഭാവികമായും തത്വത്തെയും ആദര്‍ശത്തെയും പൂജിക്കുന്ന ഭാരതീയപാരമ്പര്യത്തെ പുന: സ്ഥാപിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. 1927 ജൂലായ് മാസത്തില്‍ സംഘശാഖയില്‍ ആദ്യമായി ഗുരുപൂജ ആഘോഷിക്കപ്പെട്ടപ്പോള്‍ ഒരു വ്യക്തിയെ ഗുരുവായി സങ്കല്പിക്കുന്നതിനു പകരം ആദര്‍ശത്തെ ഗുരുവായി സ്വീകരിക്കാന്‍ ഡോക്ടര്‍ജി സ്വയംസേവകര്‍ക്ക് പ്രേരണ നല്‍കി. ഭഗവധ്വജത്തെ ഗുരുവായി അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘ജീവിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയെ സംഘം ഗുരുവായി കണക്കാക്കുന്നില്ല. പരമപവിത്രമായ ഭഗവധ്വജത്തെ ഗുരുവായി കണക്കാക്കുന്നു. എത്ര തന്നെ ശ്രേഷ്ഠനും സല്‍ഗുണസമ്പന്നനുമായാലും ഒരു വ്യക്തി അവസാനംവരെ ഒരു സ്ഥാനത്തു സ്ഥിരമായുണ്ടാകുമെന്നുറപ്പില്ല. ഉത്തമനായ മനുഷ്യനില്‍ പോലും ഊനമുണ്ടാകാം. തത്വമാണ് സ്ഥാനത്തു നിന്നിളകാതെ സ്ഥിരമായി നില്‍ക്കുന്നത്. സംഘത്തിന്റെ താത്വിക ചിന്തയുടെ പ്രതീകമാണ് നമ്മുടെ ഭഗവധ്വജം. ഈ ധ്വജം കാണുമ്പോള്‍ നമ്മുടെ ദേശത്തിന്റെ ഉജ്ജ്വല ചരിത്രവും ഉല്‍കൃഷ്ട സംസ്‌കാരവും കണ്‍മുന്നിലുയരുന്നു. ദൃഷ്ടി പതിക്കുന്ന മാത്രയില്‍ അകതാരില്‍ ആവേശത്തിന്റെ അലയുളവാക്കുന്ന ഈ ഭഗവധ്വജം സംഘ സിദ്ധാന്തത്തിന്റെ പ്രതീകമാണ്. അതുകൊണ്ട് അതു തന്നെ നമുക്ക് ഗുരു. അതിനെ പൂജിക്കാം. അതിന്റെ മുന്നില്‍ ഗുരുദക്ഷിണ സമര്‍പ്പിക്കാം.’

ഗുരുദക്ഷിണ സമര്‍പ്പിക്കുന്ന ചടങ്ങിനെയും കേവലം ഒരു ആചാരമായിട്ടില്ല സംഘത്തില്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ‘രാഷ്ട്രായ സ്വാഹ.. ഇദം ന മമ’ എല്ലാം രാഷ്ട്രത്തിനു വേണ്ടി, ഒന്നും എന്റേതല്ല എന്ന കാഴ്ചപ്പാടാണ് ഗുരുദക്ഷിണാ സമര്‍പ്പണത്തിന്റെ പിന്നിലുള്ളത്. സംഘശാഖയില്‍ നടക്കുന്ന വ്യക്തിനിര്‍മ്മാണ പ്രക്രിയയിലൂടെ കടന്നുപോകുന്ന സ്വയംസേവകനിലുണ്ടാകുന്ന പരിവര്‍ത്തനത്തിനനുസരിച്ച് ശരീരം കൊണ്ടും മനസ്സുകൊണ്ടും ധനംകൊണ്ടും നടത്തുന്ന സമര്‍പ്പണത്തിന്റെ തോത് ഉയരുന്നു. ചിലര്‍ സമ്പൂര്‍ണ്ണ ജീവിതവും രാഷ്ട്രകാര്യത്തിനായി സമര്‍പ്പിക്കുന്നു. മറ്റു സംഘടനകളില്‍ നിന്നു വ്യത്യസ്തമായി, വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടു തന്നെ വളര്‍ച്ചയിലേക്കു മുന്നേറാന്‍ സംഘത്തിനു സാധിച്ചത് സ്വയംസേവകരുടെ തത്വാധിഷ്ഠിതമായ ആത്മസമര്‍പ്പണം മൂലമാണ്.

‘ശിവോഭൂത്വാ ശിവംയജേത്’എന്നു പറയാറുണ്ട്. ശിവനെ പൂജിച്ച് ശിവനായിത്തീരുക എന്നാണ് ഇതിന്റെ അര്‍ത്ഥം. ഈ ആശയത്തെ പൂജനീയ ഗുരുജി ഇങ്ങനെ വിശദീകരിക്കുന്നു. ‘നാം ഗുരുവായി കരുതിയിരിക്കുന്നതിനെ നിത്യം പൂജിക്കുകയും അതിന്റെ ഗുണങ്ങള്‍ സ്വജീവിതത്തില്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യണം. അതില്ലാതെ നമ്മുടെ കര്‍ത്തവ്യം പൂര്‍ണമാവില്ല. ഗുരുവിനോട് ഏറ്റവും താദാത്മ്യം പ്രാപിക്കുന്നയാളാണ് യഥാര്‍ത്ഥ സാധകന്‍.’

ഗുരുവിനെ പൂജിച്ചു കൊണ്ടും ഗുരുദക്ഷിണ അര്‍പ്പിച്ചു കൊണ്ടും മഹത്തായ ഹിന്ദു സംസ്‌കാരത്തെ ദൈനംദിന ജീവിതത്തിലേക്ക് പുനരാനയിക്കുകയാണ് സംഘം ചെയ്യുന്നത്. ആധുനിക ജീവിതത്തിന്റെ ഉത്തരം കാണാന്‍ കഴിയാത്ത സമസ്യകളില്‍ പെട്ടുഴലുന്ന ലോകം പ്രതീക്ഷാനിര്‍ഭരമായി ഉറ്റുനോക്കുന്നത് ഭാരതത്തിലേക്കാണ്. ഹിന്ദു സംസ്‌കാരത്തെ അതിന്റെ തനിമയോടു കൂടി ജീവിതത്തില്‍ ആവിഷ്‌ക്കരിച്ചു കൊണ്ട് സ്വയം ഉയരാനും ലോകത്തിനു വഴി കാട്ടാനും ഭാരതത്തിനു കഴിയും. സംഘത്തിന്റെ ജന്മശതാബ്ദി അടുത്തു കൊണ്ടിരിക്കുന്ന ഈ വേളയില്‍ സംഘപ്രവര്‍ത്തനത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു കൊണ്ട്, ഭാരതത്തെ വീണ്ടും വിശ്വഗുരു പദത്തിലേക്ക് എത്തിക്കേണ്ടതിന്റെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്.

സഹായകഗ്രന്ഥങ്ങള്‍:
1. ഫ്രീഡം ആന്റ് ഫ്യൂച്ചര്‍ – ഡാനിയേല്‍ അല്‍ബുക്കര്‍ക്
2. ഹരിനാമകീര്‍ത്തനം – എഴുത്തച്ഛന്‍
3. വിവേകാനന്ദ സ്വാമികളുടെ ഭാരതീയ പ്രസംഗങ്ങള്‍
4. ഉത്തരപ്പാറ പ്രസംഗം – മഹര്‍ഷി അരവിന്ദന്‍
5. സംഘകാര്യപദ്ധതിയുടെ വികാസം – ബാപുറാവു വരാഡ് പാണ്ഡെ
6. ശ്രീഗുരുജീസാഹിത്യസര്‍വസ്വം ഭാഗം 5

 

Tags: ഗുരുപൂജ
ShareTweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

ജനാധിപത്യ ധ്വംസനത്തിന് അമ്പതാണ്ട്

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies