സംസ്ഥാന വ്യാപകമായി ട്രാഫിക് നിയമലംഘകരെ പിടികൂടുന്നതിനുവേണ്ടി ഗതാഗതവകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ കേരളത്തിന്റെ രാജവീഥികളില്‍ കണ്ണുമിഴിച്ചു തുടങ്ങി. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ട ജീവനോപാധികള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന് കഴിയാത്തതിന്റെ ഫലമായി കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ തൊഴില്‍തേടി കടല്‍ കടക്കുമ്പോള്‍ ഇവിടെ അവശേഷിക്കാന്‍ പോകുന്ന വന്ദ്യവയോധികര്‍ നിയലംഘനം നടത്തുന്നത് കണ്ടുപിടിക്കാന്‍ എന്തായാലും നിര്‍മ്മിതബുദ്ധി ക്യാമറകള്‍ അത്യാവശ്യമാണ്. അഷ്ടിക്ക് വകയില്ലാത്ത കേരളത്തിലെ സര്‍ക്കാര്‍ മദ്യത്തില്‍ നിന്നും, ലോട്ടറിയില്‍ നിന്നുമുള്ള വരുമാനത്തിന്റെ ബലത്തിലാണ് മുന്നോട്ടു പോകുന്നത്. ഇപ്പോള്‍ പിഴത്തുകയിലൂടെ ജനങ്ങളില്‍നിന്ന് പണം കണ്ടെത്തേണ്ട ഗതികേടിലാണ് നമ്പര്‍ വണ്‍ കേരളം. ഈ പദ്ധതിയാകട്ടെ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുകയുമാണ്.
732 ക്യാമറകളാണ് എന്‍എച്ച് 66 ല്‍ സ്ഥാപിച്ചത്. നമ്മുടെയൊക്കെ നികുതിപ്പണത്തില്‍നിന്നും 232.25 കോടി രൂപ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനു നല്‍കിക്കൊണ്ടാണ് പദ്ധതി നടപ്പാക്കിയത്. പൊതുമേഖലാ സ്ഥാപനമായതുകൊണ്ട് എല്ലാം സുതാര്യമായിരിക്കും എന്നൊക്കെയാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ അഴിമതിയില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ഒരു പദ്ധതിയായി എ.ഐ ക്യാമറകള്‍ മാറിയിരിക്കുന്നു. അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെയും പട്ടിണിപ്പാവങ്ങളുടെയും പേരു പറഞ്ഞ് അധികാരത്തില്‍വന്ന കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിത്താണ് അധ:പതിക്കുന്നതില്‍ തെല്ലും അതിശയിക്കേണ്ടതില്ല. ലോകത്തിലെ കമ്മ്യൂണിസ്റ്റു മന്ത്രിസഭകളൊക്കെ ഇത്തരത്തിലായിരുന്നു. ചൈനയിലെ സ്ഥിതിയും വ്യത്യസ്തമല്ല. അവിടെ കമ്മ്യൂണിസ്റ്റ് നേതാക്കളൊന്നടങ്കം അഴിമതി ആരോപണം നേരിടുകയാണ്.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി 2018 ലാണ് എ ഐ ക്യാമറ സ്ഥാപിക്കുന്നതിന് വേണ്ടി കെല്‍ട്രോണ്‍ ഗതാഗത വകുപ്പിനെ സമീപിക്കുന്നത്. പദ്ധതിക്ക് 2020 ല്‍ തന്നെ അനുമതി കൊടുക്കുന്നു. കെല്‍ട്രോണ്‍ പദ്ധതി നടപ്പാക്കാന്‍ ഉപകരാര്‍ കൊടുക്കാന്‍ തീരുമാനിക്കുന്നു. അങ്ങനെ എസ്ആര്‍ഐടി എന്ന കമ്പനി 165 കോടിക്ക് കരാര്‍ ഉറപ്പിക്കുന്നു. ഉപകരാറിന് പുറത്തു എസ്ആര്‍ഐടി വീണ്ടും ഉപകരാര്‍ നല്‍കുന്നു. പദ്ധതി നടപ്പാക്കാന്‍ അല്‍ ഹിന്ദ്, പ്രസാദിയോ എന്നീ കമ്പനികള്‍ക്ക് ഉപകരാര്‍ ഉറപ്പിക്കുന്നു. അടിമുടി ചട്ടലംഘനമാണെന്നു പറഞ്ഞു ധനവകുപ്പ് ഫയലില്‍ എതിര്‍പ്പ് രേഖപ്പെടുത്തി. ഇതോടെ ഗതാഗതമന്ത്രി ആന്റണിരാജു ഫയല്‍ മന്ത്രിസഭക്ക് മുന്നിലെത്തിച്ചു. മന്ത്രിസഭയാകട്ടെ ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തി കരാറിന് അംഗീകാരം നല്‍കി. അന്ന് ഗതാഗതവകുപ്പ് സെക്രട്ടറിയായിരുന്ന സന്ധ്യ ഐപിഎസ് പ്രസ്തുത ഫയല്‍ ഒപ്പിടാതെ കൈയില്‍ വച്ചിരുന്നു. പിന്നീട് നിവൃത്തികേടുകൊണ്ടാണ് ഫയല്‍ ഒപ്പിട്ടതെന്നു സന്ധ്യക്ക് തന്നെ പറയേണ്ടിവന്നു. ഇക്കാരണം കൊണ്ടുകൂടിയാണ് സീനിയറായ സന്ധ്യയെ ഡിജിപി ആക്കാത്തതെന്നും സംശയിക്കണം.
പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ കരാറുകള്‍ എടുത്തശേഷം സ്വന്തമായി ഒന്നും ഉല്പാദിപ്പിക്കുകയോ, പ്രവര്‍ത്തനം നേരിട്ട് നടത്താതിരിക്കുകയോ ചെയ്യുന്ന കമ്പനികള്‍ ആകരുതെന്നു 2018 ല്‍ ധനവകുപ്പ് മാനദണ്ഡം ഇറക്കിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളും അക്രഡിറ്റഡ് ഏജന്‍സികളും ഒന്നുകില്‍ പ്രൊജക്റ്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായോ അല്ലെങ്കില്‍ സ്വന്തമായി സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനമായോ പ്രവര്‍ത്തിക്കണം. ഒരേസമയം രണ്ടുംകൂടി പറ്റില്ല എന്നര്‍ത്ഥം. ഇതുവഴി ഉണ്ടാകുന്ന അഴിമതിയും കമ്മീഷനും തടയാന്‍ വേണ്ടിയാണ് ഇത്തരമൊരു മാനദണ്ഡം കൊണ്ടുവന്നത്. എന്നാല്‍ ഇതൊക്കെ അട്ടിമറിക്കപ്പെട്ടു. ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്ചറിന്റെ അംഗീകൃത വില്‍പ്പനക്കാര്‍ക്ക് മാത്രമേ ടെന്‍ഡര്‍ അനുവദിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയും കാറ്റില്‍ പറത്തി. എസ്ആര്‍ഐടി ആണ് തങ്ങളുടെ അംഗീകൃത വില്പനക്കാരെന്നു ട്രോയിസ് ഇന്‍ഫോടെകും മീഡിയ ട്രോണിക്‌സും മാനുഫാക്ചര്‍ ഓതറൈസേഷന്‍ ഫോം നല്‍കി. അങ്ങനെ ഈ വ്യവസ്ഥയെ മറികടന്നു. ട്രോയിസ് എന്ന കമ്പനി 2018 ല്‍ ആണ് ആരംഭിച്ചത്. കെല്‍ട്രോണ്‍ പദ്ധതികള്‍ ഏറ്റെടുത്തു സബ് കോണ്‍ട്രാക്ട് കൊടുത്തു കമ്മീഷന്‍ വാങ്ങി പിന്നീടുള്ള തുടര്‍ പരിപാലനകരാറില്‍ നിന്നും ഒഴിഞ്ഞു നില്ക്കാന്‍ വെമ്പുന്നതും കാണാമായിരുന്നു. എന്നാല്‍ 5% തുക ഈടാക്കി അറ്റകുറ്റപ്പണി കെല്‍ട്രോണ്‍ നടത്തണമെന്നാണ് കരാര്‍. എന്നാല്‍ ഇത് 10 വര്‍ഷം ആക്കണമെന്നാണ് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടത്. അപ്പോള്‍ ശതമാനം ഇതുപോരാ 15% ആക്കണമെന്ന് കെല്‍ട്രോണ്‍ ആവശ്യപ്പെട്ടു. ഒടുവില്‍ 7% ആക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
ആരോപണങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ കെല്‍ട്രോണ്‍ മാത്രമാണ് ഇതില്‍ ഉള്ളതെന്നും ഉപകരാര്‍ കൊടുത്തിട്ടില്ല എന്നും കെല്‍ട്രോണ്‍ പത്രക്കുറിപ്പിറക്കി. പിന്നീട് സിഎംഡി തന്നെ എസ്ആര്‍ഐടി എന്ന കമ്പനിക്ക് ഉപകരാര്‍ കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞു. അങ്ങനെ ഓരോദിവസവും പുതിയ പുതിയ കഥകള്‍ വന്നുകൊണ്ടിരുന്നു. അതോടെ അഴിമതിയുടെ വ്യാപ്തിയും കൂടിക്കൂടി വന്നു. അഴിമതിപ്പണം ചെന്നു വീഴുന്ന പെട്ടികള്‍ തെളിഞ്ഞു തെളിഞ്ഞും വന്നു. ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെയോ ജനങ്ങളുടേയോ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പര്യാപ്തമല്ല എന്ന് വരുമ്പോള്‍ ഇവയൊക്കെ നിര്‍ത്തലാക്കണമോ എന്ന് ജനങ്ങള്‍ തന്നെ തീരുമാനിക്കണം. അല്ലാതെ ഇത്തരം വെള്ളാനകള്‍ വളര്‍ന്നിട്ട് എന്തുകാര്യം?
ആരാണ് എസ്ആര്‍ഐടി?
സിപിഎമ്മുമായി ബന്ധപ്പെട്ട ഊരാളുങ്കല്‍ സൊസെറ്റിയുമായി ബന്ധമുള്ള കമ്പനിയാണ് എസ്ആര്‍ഐടി എന്ന തെളിവുകള്‍ പിന്നീട് പുറത്തുവന്നു. പദ്ധതിക്ക് 75 കോടി രൂപ മാത്രമേ ചെലവ് വരികയുള്ളൂവെന്ന് പലകമ്പനികളും സര്‍ക്കാരിനെ അറിയിച്ചതാണ്. എന്നാല്‍ അതൊക്കെ സര്‍ക്കാര്‍ ബോധപൂര്‍വം കണ്ടില്ലെന്നു നടിച്ചു. പകരം പദ്ധതി നടത്തിപ്പിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കെല്‍ട്രോണ്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിനാണെന്നു പറഞ്ഞു തടിതപ്പാന്‍ നോക്കി. എന്തു ചോദിച്ചാലും വകുപ്പുമന്ത്രിയും, സെക്രട്ടറിമാരും കെല്‍ട്രോണിനോട് ചോദിക്കണം എന്നാണ് പറഞ്ഞത്. സിപിഎം നേതാക്കളാവട്ടെ ‘ചേട്ടന്റെ പീടികയില്‍ പറഞ്ഞാല്‍മതി’ എന്നൊക്കെയാണ് പ്രതികരിച്ചത്.
ഉപകരാറുകള്‍ കടന്നു വരുമ്പോഴേ കമ്മീഷന്‍ ഇനത്തില്‍ കാശുവരികയുള്ളൂ. ആരൊക്കെയാണ് ഉപകരാര്‍ നേടിയത്? പ്രധാന കരാറുകാരന്‍ എസ്ആര്‍ഐടി ആണ്. പ്രസാദിയോ, അല്‍ഹിന്ദ്, ലൈറ്റ് മാസ്റ്റര്‍ ലൈറ്റിംഗ് ഇന്ത്യ, ഈസെന്‍ട്രിക് സൊല്യൂഷന്‍സ് എന്നിവരായിരുന്നു മറ്റുള്ളവര്‍. എങ്ങനെയാണ് ഉപകരാറുകള്‍ കടന്നു വരുന്നത് എന്ന് നോക്കിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാകും. പൊതുമേഖലാസ്ഥാപനം എന്ന നിലയില്‍ കെല്‍ട്രോണിന് കരാര്‍ കിട്ടുന്നു. തൊഴിലെടുക്കാന്‍ കെല്‍ട്രോണ്‍ തയ്യാറാണോ- അല്ല. അവര്‍ വഴി കൂടിയ തുകയ്ക്ക് ഉപകരാര്‍ ഉദ്യോഗസ്ഥ- മന്ത്രിതല താത്പര്യങ്ങള്‍ക്കു നിദാനമായി വീതിച്ചുകൊടുക്കുന്നു. അവരില്‍നിന്നു കിട്ടുന്ന കമ്മീഷന്‍ എല്ലാവരും വീതിച്ചെടുക്കുന്നു. അവരില്‍ നിന്ന് കിട്ടുന്ന തുകയാണ് അവരുമായി പറഞ്ഞുറപ്പിച്ച തുക. ഇതാണ് ശരി. ഈ ഇടപാടില്‍ സുതാര്യതയില്ലെങ്കില്‍ സബ്കരാറുകാര്‍ പിന്മാറും. അങ്ങനെ പിന്മാറിയവരാണ് അല്‍ഹിന്ദ്, ലൈറ്റ് മാസ്റ്റേഴ്‌സ് എന്നീ കമ്പനികള്‍.
ഈ സബ്കരാറുകാരെ എല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകുക എന്നതാണ് പ്രസോദിയ എന്ന കമ്പനി ചെയ്യുന്നത്. ഇവര്‍ക്ക് ലാഭവിഹിതം 60% എന്നാണ് വ്യവസ്ഥ. ലൈറ്റ് മാസ്റ്റേ ഴ്‌സ് എന്ന കമ്പനിക്ക് ഉപകരണങ്ങള്‍ എല്ലാം വാങ്ങി സ്ഥാപിക്കുക എന്നതാണ് കരാര്‍. ഇവര്‍ ചെയ്യാന്‍ തയ്യാറായപ്പോഴാണ് പ്രസാദിയോയുടെ ഇടപെടല്‍ വന്നത്, ട്രോയിസിന്റെ ഉത്പന്നങ്ങള്‍ തന്നെ വാങ്ങണമെന്ന്. അപ്പോള്‍ ഇവരും പദ്ധതികളില്‍ നിന്നും പിന്മാറി. അപ്പോഴാണ് ഇസെന്‍ട്രിക് സൊല്യൂഷന്‍സ് എന്ന കമ്പനി കടന്നുവന്നത്. ഇവര്‍ 30 കോടിയുടെ ഉപകരണങ്ങള്‍ മീഡിയ ട്രോണിക്‌സില്‍ നിന്നും ട്രോയിസ്, കെല്‍ട്രോണ്‍ എന്നിവരില്‍ നിന്ന് വാങ്ങി വഴിനീളെ സ്ഥാപിച്ചു. ജില്ലാ കണ്‍ട്രോള്‍റൂമിന്റെ പ്രവര്‍ത്തനത്തിന് 146 ജീവനക്കാരെയാണ് എടുത്തിരിക്കുന്നത്. ഇതില്‍ 75 പേര്‍ ജോലി ചെയ്തു തുടങ്ങി. അങ്ങനെ പാര്‍ട്ടിക്കാര്‍ക്കും പുതിയ തൊഴില്‍ നേടിക്കൊടുത്ത് ലെവി പിരിവും തുടങ്ങി.
പ്രസാദിയോ എന്ന കമ്പനിയാണ് ഈ ഇടപാടുകള്‍ക്ക് പിന്നിലെന്നാണ് കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. ആരുടെയാണ് ഈ പ്രസാദിയോ കമ്പനി? പിണറായി വിജയന്റെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിന്റേതാണ് ഈ കമ്പനി. 2018 ല്‍ ആണ് ഈ കമ്പനി ആരംഭിക്കുന്നത്. എ.ഐ ക്യാമറ പദ്ധതിയുടെ കരാറുകാരെല്ലാം തമ്മില്‍ അഭേദ്യബന്ധമാണുള്ളത്. പ്രസോഡിയോ, ട്രോയിസ് ഇന്‍ഫോടെക് എന്നീ കമ്പനികള്‍ ഒരേ വര്‍ഷം ഒരേ സ്ഥലത്താണ് തുടങ്ങിയിരിക്കുന്നത്. 2020 ല്‍ കരാര്‍ അംഗീകരിക്കുന്നതിന് 2 വര്‍ഷം മുന്‍പ് അതായത് 2018 ല്‍ തന്നെ ട്രോയിസ് ഇന്‍ഫോടെക് കേരളത്തില്‍ പലസ്ഥലത്തും ക്യാമറകള്‍ വച്ച് പരീക്ഷണം നടത്തിയതായി തെളിവുകള്‍ പുറത്തുവന്നു. അപ്പോള്‍ ഇതൊക്കെ മുന്‍കൂട്ടി തയ്യാറാക്കിയ അഴിമതിക്കഥയുടെ തിരക്കഥയല്ലേ? തുമ്പമണ്‍കാരനായ സുരേന്ദ്രകുമാറാണ്, പ്രകാശ് ബാബുവിന് വേണ്ടി കോഴിക്കോട് പോയി കമ്പനി തുടങ്ങുന്നത്. 99.5% ശതമാനം ഷെയര്‍ സുരേന്ദ്രകുമാറിനാണ്. ഇയാള്‍ ഒമാനിലെ ഒരു വ്യവസായിയാണ്. ഈ കമ്പനി നടത്തിപ്പിനായി വച്ചിട്ടുള്ളയാളാണ് ടി.രാംജിത്. 5% ഷെയര്‍ ആണ് ഇയാള്‍ക്കു കൊടുത്തിട്ടുള്ളത്. കോഴിക്കോട് പ്രകാശ് ബാബുവിന്റെ വീടിനടുത്തുള്ള ബാങ്കിലാണ് അക്കൗണ്ട് തുടങ്ങിയിട്ടുള്ളതും. പ്രകാശ് ബാബുവും സുരേന്ദ്രകുമാറും 23 വര്‍ഷമായി സുഹൃത്തുക്കളാണ്. ഈ കമ്പനി തുടക്കത്തില്‍ പത്തു ലക്ഷം രൂപ മൂലധനവുമായാണ് തുടങ്ങുന്നത്. കമ്പനി രണ്ടോ മൂന്നോ വര്‍ഷംകൊണ്ട് കോടിക്കണക്കിനു രൂപയുടെ ഇടപാടുകള്‍ നടത്തുന്നു. 99% കരാറുകളും കേരള സര്‍ക്കാരിന്റേത്. കരാറുകാരായ ഊരാളുങ്കലിനും എസ്ആര്‍ഐടിക്കും വേണ്ടി കരാറുകള്‍ ഏകോപിപ്പിക്കുകയും മറ്റും ചെയ്യുന്നത് പ്രസാദിയോ ആണ്. ഒരു പൈസ പോലും മുതല്‍മുടക്കില്ലാതെ ബിസിനസ്സ് ചെയ്യുന്നു. ഈ പൈസ ഒക്കെ എവിടെ പോകുന്നു എന്ന് അന്വേഷിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാകും. ഇത്തരത്തിലൊരു എഐ ക്യാമറ ആശയം പോലും പ്രസാദിയോ എന്ന കമ്പനിയാണ് കെല്‍ട്രോണിന് കൊടുക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടുന്നത്.
കരാറും ഉപകരാറുകാരും ഒക്കെ ഒരേ തൂവല്‍ പക്ഷികളാണ്, ട്രോയിസിന്റെ ഡയറക്ടര്‍ ടി.ജിതേഷ് എസ്ആര്‍ഐടിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും, ഇതിനു മുന്‍പ് ഊരാളുങ്കല്‍ കമ്പനിയിലെ ഡയറക്ടറുമായിരുന്നു. ഇതൊക്കെയാണ് ഇവരൊക്കെ തമ്മിലുള്ള ബാന്ധവം. ഇവരൊക്കെ ഈ കരാര്‍ എടുക്കാന്‍ കഴിയുന്നവരാണെങ്കില്‍ എന്തുകൊണ്ട് എഐ ക്യാമറ ടെന്‍ഡറില്‍ പങ്കെടുത്തില്ല?
തുടര്‍ ഭരണത്തിന് വേണ്ടി ഫണ്ട് കണ്ടെത്തി ഉപയോഗിക്കണമെന്ന് സുരേന്ദ്രകുമാറിനോട് ടി.രാംജിത് പറഞ്ഞതായാണ് അറിയുന്നത്. അപ്പോള്‍ ഈ അഴിമതിപ്പണം ആരുടെ കൈകളില്‍ എത്തിച്ചേര്‍ന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഈ അഴിമതിക്കഥയുടെ മൂടുപടം അഴിഞ്ഞുവീണത് ലൈറ്റ് മാസ്റ്റര്‍ ലൈറ്റിംഗ് കമ്പനിയും അല്‍ഹിന്ദ് കമ്പനിയും കണ്‍സോര്‍ഷ്യത്തില്‍ നിന്നും പിന്മാറിയതോടെയാണ്. കരാര്‍ കിട്ടിയ കെല്‍ട്രോണ്‍ നമുക്ക് വേണ്ടി രേഖപ്പെടുത്തിയ തുകയാണ് താഴെയുള്ളത്. ക്യാമറകളുടെ വില നമ്മെ അദ്ഭുതപ്പെടുത്തുന്നതാണ്. 3 മെഗാ പിക്‌സല്‍ എഐ ക്യാമറ യൂണിറ്റ് കെല്‍ട്രോണ്‍ വില 9.96 ലക്ഷം. വിപണി വില 1.60 ലക്ഷം. 5 മെഗാ പിക്‌സല്‍ എഐ ക്യാമറ യൂണിറ്റിനു കെല്‍ട്രോണ്‍ വില 10.30 ലക്ഷം. വിപണി വില 2 ലക്ഷം. പിടിഎസ് ക്യാമറ യൂണിറ്റിനു കെല്‍ട്രോണ്‍ വില 9.90 ലക്ഷം. വിപണി വില 15000. ഇലക്ട്രിക് മീറ്റര്‍ ബോക്‌സ് വില പരമാവധി 2500 കെല്‍ട്രോണ്‍ വില 15000. ഇരുമ്പു പൈപ്പ് കെല്‍ട്രോണ്‍ ഇട്ട വില 20000 മാര്‍ക്കറ്റ് വില 6500. എഴുപത്തയ്യായിരം കോടി രൂപക്ക് ചെയ്യാന്‍ കഴിയുന്ന പ്രവൃത്തികളാണ് എല്ലാംകൂടി 232 കോടിയാക്കി നല്കിയത്. അങ്ങനെ കേരളത്തിലെ എല്ലാ പദ്ധതികളും അഴിമതിയില്‍ മുങ്ങുന്നു. അഴിമതിയാരോപണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തുമെന്ന ഘട്ടം വരുമ്പോഴെല്ലാം സെക്രട്ടറിയേറ്റില്‍ തീപിടിക്കും. വ്യവസായ വകുപ്പില്‍ തീപിടുത്തം ഉണ്ടായത് ഇതാണ് കാണിക്കുന്നത്. കെല്‍ട്രോണ്‍ വ്യവസായ വകുപ്പിന് കീഴിലാണ് വരുന്നത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കെല്‍ട്രോണിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു. ആ അന്വേഷണം സെക്രട്ടേറിയേറ്റിലും എത്തുമോ എന്ന് ഇക്കൂട്ടര്‍ സംശയിക്കുന്നതില്‍ തെറ്റുപറയാന്‍ പറ്റില്ലല്ലോ. അപ്പോള്‍ തീപിടുത്തമുണ്ടാകുന്നതില്‍ ജനങ്ങള്‍ സംശയിക്കുന്നതിലും തെറ്റില്ലല്ലോ.
ക്യാമറ വിവാദം വിജിലെന്‍സിനെ ഏല്പിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമവും ഒരുഭാഗത്തു നടക്കുന്നുണ്ട്. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനാണ് വകുപ്പുതല അന്വേഷണത്തിന്റെ ചുമതല. കഴിഞ്ഞ ദിവസം മുഹമ്മദ് ഹനീഷിനെ ആദ്യം റവന്യുവകുപ്പിലേക്കും, അവിടെനിന്ന് ആരോഗ്യവകുപ്പിലേക്കും സ്ഥലം മാറ്റിയതും ഒക്കെ കൂടെ കൂട്ടിവായിക്കുമ്പോള്‍ അഴിമതിയുടെ സ്വര്‍ണ്ണഗോപുരമാണ് ഇന്ന് ഈ ഗവണ്മെന്റെന്ന് തെളിയുന്നു. ഉദ്യോഗസ്ഥവൃന്ദവും മന്ത്രിമാരും ചേര്‍ന്നുള്ള തീവെട്ടിക്കൊള്ളയാണ് കേരളത്തില്‍ നടക്കുന്നത്. ലാവ്‌ലിന്‍ കേസില്‍ ഉള്‍പ്പെടെ ഇതാണ് നടന്നത്. മെട്രോ റെയില്‍ പദ്ധതി എറണാകുളത്തു നടപ്പാക്കിയപ്പോള്‍ ഡിഎംആര്‍സിയെ തൊടീക്കാതിരിക്കാന്‍ ഇ. ശ്രീധരനെ അതിന്റെ അമരക്കാരനാകാതിരിക്കാന്‍ കേരളത്തിലെ ഉപജാപകവൃന്ദം എത്രമാത്രം പണിപ്പെട്ടെന്നു നമ്മള്‍ കണ്ടതാണ്. ഡിഎംആര്‍സിയെ എടുത്തില്ലായിരുന്നെങ്കില്‍ ഇന്നും പണി തീരാതെ കിടക്കുന്ന കൊച്ചി മെട്രോ നമുക്ക് കാണാമായിരുന്നു. സ്വര്‍ണക്കടത്ത്, ബ്രഹ്‌മപുരം, കെ- റെയില്‍, കെ- ഫോണ്‍, ലൈഫ് മിഷന്‍, കോവിഡ് കാലത്തെ ആരോഗ്യ വകുപ്പ് അഴിമതി, സപ്ലൈകോ അഴിമതി, പിന്‍വാതില്‍ നിയമനം തുടങ്ങി സംസ്ഥാന സര്‍ക്കാര്‍ മൊത്തത്തില്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്. ഈ ആരോപണങ്ങളുടെയെല്ലാം മുന നീളുന്നത് ഒരേ ഓഫീസിലേക്കാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷം സര്‍ക്കാരിന് കീഴടങ്ങിയിരിക്കുന്നു. മാധ്യമങ്ങളും പലപ്പോഴും നിശബ്ദരാകുന്നു. കേരളത്തിലെ പ്രബുദ്ധ ജനങ്ങളാവട്ടെ, തങ്ങള്‍ക്കു വേണ്ടുന്ന എല്ലാ ഉപഭോഗവസ്തുക്കളും അടിക്കടി ഉയരുന്ന നികുതികള്‍ കൊടുത്ത് വാങ്ങി വമ്പും പറഞ്ഞു നടക്കുന്നു. കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാണെന്നതാണ് ഇതിന്റെ ദുരന്തഫലം.