‘ചില ദിവസങ്ങള്‍ അങ്ങനെയാണ് വിനോദ് … നമ്മള്‍ ഒരിക്കലും ചിന്തിക്കാത്ത രീതിയില്‍ അത് നമ്മളെ അങ്ങനെയങ്ങ് കൊണ്ടുപോകും ..’
‘അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞത്..’
‘ഞാനിന്ന് നിന്നെ കാണേണ്ടതല്ല.. മറ്റൊരു ആവശ്യത്തിനുവേണ്ടി വന്ന ഞാനെന്തിന് നിന്നെ വിളിച്ചു…. കാണേണ്ട ആളിനെ കാണാതെ ഇരുന്നപ്പോള്‍ കൂടെ പോരുന്നോ, ചുമ്മാ ഒന്ന് കറങ്ങാം എന്ന് നീയെന്തിനു പറഞ്ഞു… അങ്ങനെയുള്ള കറക്കത്തിനിടയില്‍, എന്നാല്‍ നമുക്ക് കുട്ടേട്ടനെ ഒന്ന് കണ്ടേക്കാം എന്ന് നീയെന്തിനു പറഞ്ഞു…’
‘ഞാനും ശ്രദ്ധിച്ചു… സാധാരണ കുട്ടേട്ടന്‍ ഇങ്ങനെയല്ല… നല്ല ജോളിയാണ്… ചേട്ടന്‍ അച്ഛന്റെ കാര്യം ചോദിച്ചപ്പോഴാണ് കുട്ടേട്ടന്റെ ഭാവം മാറിയത്…’
കാറില്‍ എസി പരമാവധിയിലാണ്.. എങ്കിലും രാജീവന്‍ വിയര്‍ത്തുകൊണ്ടേ ഇരുന്നു… കഷണ്ടി കയറിത്തുടങ്ങിയ നെറുകയില്‍ നിന്നും ഒലിച്ചിറങ്ങിയ വിയര്‍പ്പുചാലുകള്‍ കഴുത്തില്‍ വെച്ച് ഒന്നായി ഒരു വലിയ പ്രവാഹമായി അയാളുടെ ബനിയനെയും ഷര്‍ട്ടിനെയും കുതിര്‍ത്ത് വലിയ വലിയ അടയാളങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു… പായുന്ന കാറിന്റെ ജനാലക്കു വെളിയില്‍ കുംഭച്ചൂട് താണ്ഡവം തുടര്‍ന്നു..
ജഗദീഷ് ചന്ദ്രനെ ഒരിക്കല്‍ കണ്ടവര്‍ക്ക് പിന്നീട് മറക്കാന്‍ കഴിയില്ല.. ആറര അടി ഉയരം, ബലിഷ്ഠമായ ശരീരം, ഹൃദ്യമായ പെരുമാറ്റം, അഭിനയം, കവിത… സൂര്യന് കീഴില്‍ അറിഞ്ഞുകൂടാത്ത വിഷയങ്ങളില്ല… ഇത്രത്തോളം സുന്ദരനായ പുരുഷനെ അങ്ങനെ കാണാന്‍ കഴിയില്ല…. സ്ഥലം, കാലം ഒക്കെ പറഞ്ഞപ്പോള്‍ അച്ഛനെ അറിയാന്‍ സാധ്യതയുണ്ട് എന്നത് കൊണ്ടുമാത്രം രാജീവന്‍ വെറുതെ ചോദിച്ചതാണ്…
‘ജഗദീശ് ചന്ദ്രനെ അറിയുമോ… ഞാന്‍ മകനാണ്’
നരകയറിയ കുറ്റിത്താടി ഒരു നിമിഷമൊന്ന് ഉഴിഞ്ഞു ഷോക്കേറ്റത് പോലെ അയാള്‍ ഒന്ന് പരിഭ്രമിച്ചു… പിന്നെ ഒരു തികഞ്ഞ നടന്റെ മെയ്വഴക്കത്തോടെ കുട്ടേട്ടന്‍ സാധാരണ അവസ്ഥയിലേക്ക് വന്നു…
‘അറിയും.. നന്നായി അറിയും… ഞങ്ങള്‍ കുറെ സ്റ്റേജില്‍ ഒരുമിച്ചുണ്ടായിരുന്നു…. പിന്നെ കുറച്ച് ട്രേഡ് യൂണിയന്‍ വര്‍ക്കുകളും..’
പിന്നീട് അയാള്‍ അധികമൊന്നും സംസാരിച്ചില്ല…ഞങ്ങള്‍ എങ്ങനെയെങ്കിലും ഒന്നിറങ്ങിയാല്‍ മതി എന്ന മുഖഭാവം…ആദ്യമായാണ് അച്ഛന്റെ കാര്യം പറയുമ്പോള്‍ ഒരാള്‍ ഇങ്ങനെ അസ്വസ്ഥനായി കാണുന്നത്.
രാജീവനു അന്ന് എട്ടു വയസ്സ്.. അമ്മയുടെ വീട്ടില്‍ നിന്ന് പഠിക്കുകയാണ്… അമ്മ ദൂരെ പാലക്കാട് ജോലി, ജഗദീഷ് ചന്ദ്രന്‍ എറണാകുളത്ത്, ഒരേയൊരു പേരക്കുട്ടിയെ എപ്പോഴും കാണണം എന്ന മുത്തച്ഛന്റെ ആഗ്രഹപ്രകാരമാണ് രാജീവനെ നാട്ടിലുള്ള സ്‌കൂളില്‍ ചേര്‍ത്തത് …അമ്മക്ക് അങ്ങനെ വരാന്‍ കഴിയില്ല.. എങ്കിലും ജഗദീഷ് മകന്റെ അടുത്തേക്ക് മിക്കവാറും ആഴ്ചകളില്‍ വരും.. അവനിഷ്ടമുള്ള കളിപ്പാട്ടങ്ങള്‍, മിഠായികള്‍, പൂമ്പാറ്റ, ബാലരമ… അതിവേഗമാണ് ജഗദീഷ് ആ കുഗ്രാമത്തിലും പ്രിയങ്കരനായത്. അവിടുത്തെ സര്‍വ്വ ജനകീയ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ട അയാളുടെ മുമ്പിലായിരുന്നു നാട്ടിലെ പരാതികള്‍ പോലും തീര്‍പ്പായിരുന്നത്…
അയാള്‍ കൊണ്ടുവെച്ചിരുന്ന ജോണി വാക്കറില്‍ നിന്നും ഒരു കവിള്‍ എടുത്തു കുടിച്ച് അവശനായ മകനെയും കൊണ്ട് ഓടിയ ആ വൈകുന്നേരം ഇപ്പോഴും രാജീവന്റെ ഓര്‍മ്മയില്‍ നിന്ന് മാഞ്ഞിട്ടില്ല… അത് മാത്രമായിരുന്നു ജഗദീഷിന്റെ ഒരേയൊരു ദുശ്ശീലം… എത്ര ശ്രമിച്ചിട്ടും മാറ്റാന്‍ കഴിയാതെ പോയ ശീലം… പക്ഷെ എത്ര കുടിച്ചാലും അയാളുടെ നാവ് കുഴയില്ല, അടി പതറില്ല…
അന്നത്തെ തണുത്തുറഞ്ഞ വൃശ്ചികപ്പുലരിയിലാണ് ജഗദീഷിന്റെ അടുത്ത കൂട്ടുകാരന്‍ ആന്റണി വീട്ടിലെത്തുന്നത്… അച്ഛനോടൊപ്പം പലപ്രാവശ്യം വന്നിട്ടുള്ള ആന്റണി അങ്കിളിനെ രാജീവന് നന്നായി അറിയാം.. രാജീവിന്റെ തലയില്‍ ഒന്ന് തടവിയ ശേഷം ആന്റണി മുത്തച്ഛനുമായി രഹസ്യമായി സംസാരിച്ചു.. അതിനുശേഷം മുത്തച്ഛന്‍ രാജീവിനോട് പറഞ്ഞു…
‘റെഡിയാക്… നമുക്ക് എറണാകുളം വരെ പോകാം…’
ആന്റണി അങ്കിള്‍ കാറുമായിട്ടാണ് വന്നത്…എറണാകുളത്തേക്ക് പോവുക, അതും കാറില്‍.. രാജീവന്‍ സന്തോഷം കൊണ്ട് തുള്ളിചാടിപ്പോയി… അക്കാലത്ത് ആ പരിസരത്തെങ്ങും ഒരു കാര്‍ ഉണ്ടായിരുന്നില്ല…
രണ്ടു മണിയോടെ എറണാകുളത്ത് എത്തി… ഇടപ്പള്ളിയില്‍ നിന്ന് ഉള്ളിലേക്ക് കയറി ഒരു വലിയ പാടശേഖരത്തിന്റെ വശത്തെ വീട്ടില്‍ ധാരാളം ആളുകള്‍ കൂടിയിരിക്കുന്നു…
രാജീവനെ കണ്ടതോടെ ആളുകള്‍ അവന്റെ അടുത്തേക്ക് വരാന്‍ തുടങ്ങി… ജഗന്റെ മകനല്ലേ.. മോന്‍ ഏത് ക്‌ളാസ്സിലാ … പഠിക്കുന്നുണ്ടോ… വാ വല്ലതും കഴിക്കാം എന്ന് പറഞ്ഞു ഒരു സ്ത്രീ അടുത്ത വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി… അവനു വേണ്ടങ്കിലും ബ്രഡ്ഡും പാലും നിര്‍ബന്ധിച്ചു കഴിപ്പിച്ചു…
സമയം കടന്നുപോകുന്തോറും ആളുകള്‍ കൂടിക്കൂടി വന്നു… അവരുടെയിടയില്‍ രാജീവന്‍ ഒരു രാജകുമാരനെപ്പോലെ നടന്നു…
ഇതിനിടയില്‍ ആരോ പറയുന്നത് അവന്‍ ശ്രദ്ധിക്കാതിരുന്നില്ല…
‘ആ കുട്ടിക്ക് ഒന്നും അറിയില്ലെന്ന് തോന്നുന്നു… ശ്രീദേവി വന്നോ.. ആള് പോയിട്ടുണ്ടോ…’
രാജീവന്റെ ജീവിതത്തില്‍ ഇത്രക്ക് പരിഗണന കിട്ടിയത് ആദ്യമാണ്… അതുകൊണ്ടുതന്നെ വീടിനുള്ളിലേക്ക് പോകാനോ.. അതിനകത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയാനോ അവന്‍ ശ്രദ്ധിച്ചതേയില്ല… വരുന്നവര്‍ വരുന്നവര്‍ അവന്റെ കവിളില്‍ ഒന്ന് തൊട്ട്, അല്ലെങ്കില്‍ മുടിയിലൊന്നു വിരലോടിച്ച് കടന്നുപോയി… പക്ഷെ ആരുടേയും മുഖത്ത് സന്തോഷമില്ലായിരുന്നു എന്നത് അവന്‍ ശ്രദ്ധിച്ചു…
പകല്‍ മരിക്കാന്‍ തുടങ്ങിയ, ചുവന്ന വെയില്‍ ചെമ്പട്ടു പുതച്ച വൈകുന്നേരം ഇടവഴിയിലൂടെ കുറെ ആള്‍ക്കാര്‍ നിരന്നുവന്നപ്പോള്‍ ഭയാനകമായ ഒരു നിശ്ശബ്ദത അവിടെ തളം കെട്ടാന്‍ തുടങ്ങി.. ഏതോ ആദിമ കാലത്തിലെ മനുഷ്യരെപ്പോലെ യാന്ത്രികമായി നടന്നുവന്ന അവര്‍ ചുമന്നിരുന്ന പെട്ടിയിലെ മുഖം തൊട്ടടുത്ത് വന്ന് പെട്ടി താഴ്ത്തിയപ്പോഴാണ് രാജീവന്‍ തിരിച്ചറിഞ്ഞത്…
പിന്നില്‍ വീട്ടില്‍ നിന്നുയര്‍ന്ന കൂട്ടനിലവിളിയോ, അവിടമാകെ അലയടിച്ചു നിന്ന നെടുവീര്‍പ്പലുകളോ ഒന്നും അവന്‍ കേട്ടില്ല… അപ്പോള്‍ വന്നു നിന്ന കാറില്‍ നിന്നും ഓടിയിറങ്ങി മകനെയും കൊണ്ട് ആ പെട്ടിയിലേക്ക് ശ്രീദേവി ആര്‍ത്തലച്ചു വീണപ്പോഴും രാജീവന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി വെള്ളം പോലും പൊടിഞ്ഞില്ല…
രാജീവന്‍ പിന്നീട് ഒരിക്കലും കരഞ്ഞിട്ടില്ല… ഒരിക്കലും…
‘വിനോദേ …നീ പറഞ്ഞാല്‍ വിശ്വസിക്കില്ല…അന്ന് എനിക്കുണ്ടായ ഒരു ഷോക്കുണ്ട്… അതിപ്പോഴും മാറിയിട്ടില്ല… ഈ അന്‍പതാം വയസ്സിലും ആ രംഗം ആലോചിക്കുമ്പോള്‍ ഞാന്‍ തരിച്ചിരുന്നു പോകാറുണ്ട്… ഉറക്കം ഞെട്ടി ഉണരാറുണ്ട്… നാല്പതാം വയസ്സിലാണ് അച്ഛന്‍ മരിക്കുന്നത്… എന്റെ ഇപ്പോഴത്തെ പ്രായത്തേക്കാള്‍ പത്ത് വയസ്സ് കുറവ്… ഇന്നേക്ക് നാല്പത്തിരണ്ട് വര്‍ഷം… പക്ഷേ അച്ഛന്‍ ഇല്ല എന്നത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ എനിക്കിന്നും കഴിഞ്ഞിട്ടില്ല…’
‘ഇത്രക്ക് വലിയ അനുഭവവുമായിട്ടാണ് ചേട്ടന്‍ നടക്കുന്നത് എന്നെനിക്കറിയില്ലാരുന്നു… നിങ്ങള്‍ ഇപ്പോഴും ഹാപ്പിയാണ്… എല്ലാം അങ്ങനെതന്നെ എന്നും കരുതി… പക്ഷെ ചേട്ടാ നമ്മള്‍ കുട്ടേട്ടനെപ്പറ്റിയാണല്ലോ പറഞ്ഞത്… അതെന്താ സംഭവം…’
രാജീവന്‍ ചില്ല് താഴ്ത്തി…പകലിന്റെ ഊര്‍ധ്വശ്വാസമായി ഒരു തണുത്ത കാറ്റ് കാറിനുള്ളിലേക്ക് ഇരച്ചു വന്നു.. വികാരമറിയാത്ത ഒരു പുഞ്ചിരിയോടെ അയാള്‍ കണ്ണുകള്‍ അടച്ചു…
ജഗദീഷ് ചന്ദ്രന്റെ ബന്ധങ്ങള്‍ വിപുലമായിരുന്നു… ഏലൂരിലെ ചുമട്ടുതൊഴിലാളി മുതല്‍ വയലാര്‍ രാമവര്‍മ്മ വരെ അയാളുടെ സൗഹൃദങ്ങള്‍ വേരുനീട്ടാത്ത ഇടങ്ങള്‍ അപൂര്‍വ്വമായിരുന്നു… സൗഹൃദ സദസ്സുകളില്‍ അയാള്‍ താരമാണ്… എത്ര ഗ്ലാസ്സുകള്‍ ഒഴിഞ്ഞു നിറഞ്ഞാലും പതറാത്ത ചുവടും നാവും ഒരു അത്ഭുതം തന്നെയാണ്… നിമിഷ നേരം കൊണ്ട് രചിക്കുന്ന കവിതകള്‍ കൊണ്ട് അയാള്‍ മായാജാലം തീര്‍ത്തു.. അയാളോട് സംസാരിച്ചിരിക്കുക എന്നത് സ്ത്രീകളുടെ ഇടയില്‍ വലിയ അഭിമാനമായിരുന്നു…
അങ്ങനെയാണ് ജഗദീഷ് ചന്ദ്രന്‍ സഹപ്രവര്‍ത്തകനായിരുന്നു ജോണിയുമായി തെറ്റുന്നത്… ഒരു ക്രിസ്തുമസിന് ജോണിയുടെ വീട്ടിലെ സല്‍ക്കാരത്തിനിടയില്‍ അയാളുടെ ദേഹത്തു വീണ ചിക്കന്‍ കറിയുടെ കറ ജോണിയുടെ ഭാര്യ തുടച്ചു കൊടുത്തു… അതില്‍ നിന്ന് ഉയര്‍ന്ന ഗോസിപ്പുകള്‍ കമ്പനിയിലാകെ ഒരു തീയായി ആളാന്‍ അധികസമയം വേണ്ടിവന്നില്ല… ഇക്കാര്യം പറഞ്ഞു ജഗദീഷ് ജോണിയുമായി നേര്‍ക്ക് നേരേ ഏറ്റുമുട്ടി… മദ്യവും വാശിയും എല്ലാം ഒരുമിച്ചു ചേര്‍ന്നപ്പോള്‍ ജഗദീഷ് തമാശയോടെ പറഞ്ഞു…..
‘കെട്ടിയാല്‍ പോരടാ… കൊണ്ടുനടക്കാനും അറിയണം… അല്ലേല്‍ എനിക്ക് പണിയാകും…’
അത് കേട്ട് വിയര്‍ത്തുനിന്ന ജോണിയുടെ കണ്ണുകളില്‍ ആളിമറഞ്ഞ തീയുടെ ചൂട് ജഗദീഷിന് പുതിയ അനുഭവമായിരുന്നു……
അങ്ങനെ ജഗദീഷിന് ആദ്യമായി ഒരു പ്രഖ്യാപിത ശത്രു ജനിച്ചു… അത് അയാള്‍ക്ക് വലിയ ഒരു ആഘാതമായിരുന്നു.. ആര്‍ക്കും എന്റെ ശത്രുവാകാന്‍ കഴിയില്ല എന്നത് അയാളുടെ ഒരു വലിയ അഹങ്കാരമായിരുന്നു.. അയാളുടെ കഴിവുകളിലും പെരുമാറ്റത്തിലും അസൂയയുള്ളവര്‍ ധാരാളമുണ്ട്, അവര്‍ നിശ്ശബ്ദരാണ് എന്നതിനര്‍ത്ഥം അപകടകാരികളല്ല എന്ന അടുത്ത സുഹൃത്തുക്കളുടെ ഉപദേശം പോലും അയാള്‍ ചെവിക്കൊണ്ടില്ല… എനിക്കാരോടും ശത്രുതയുമില്ല അസൂയയുമില്ല.. അതുകൊണ്ടുതന്നെ എന്നോടും ആര്‍ക്കും അങ്ങനെ തോന്നേണ്ട കാര്യമില്ല എന്നൊരു ധാരണയായിരുന്നു അയാള്‍ക്ക്… മദ്യപാനം പോലെ, അല്ലങ്കില്‍ അതിനേക്കാള്‍ വലിയ അപകടം…
ആലപ്പുഴ ചങ്ങനാശ്ശേരി റോഡിന്റെ നേര്‍വരയിലൂടെ വിനോദ് വളരെ പതുക്കെയാണ് കാര്‍ ഡ്രൈവ് ചെയ്തത്. പാടത്തിന്റെ അങ്ങേക്കരയില്‍ പകല്‍ മരിച്ചു കഴിഞ്ഞു… ചേക്കേറാനൊരുങ്ങുന്ന ദേശാടനപ്പക്ഷികള്‍ അസ്വസ്ഥതയോടെ ഇളകിപ്പറന്നു. ത്രിസന്ധ്യയുടെ ചുവപ്പ് രാജീവന്റെ മുഖത്തേക്ക് അരിച്ചുകയറിയതും.. ഓരം ചേര്‍ന്ന് വിനോദ് വണ്ടി നിര്‍ത്തിയതും, വിനോദ് വണ്ടിയില്‍ നിന്നിറങ്ങിയതുമൊന്നും ഒന്നും അയാള്‍ അറിഞ്ഞില്ല… കാറില്‍ വെച്ചിട്ടുപോയ വിനോദിന്റെ ഫോണ്‍ അടിച്ചപ്പോഴാണ് സ്ഥലകാലബോധം കിട്ടുന്നത്… മൊബൈലില്‍ തിളങ്ങിനിന്ന കുട്ടേട്ടന്‍ എന്ന അക്ഷരങ്ങള്‍ അയാളുടെ കണ്ണുകളില്‍ തറച്ചു കയറിയപ്പോള്‍ രാജീവ് വീണ്ടും വിയര്‍ത്തു…
വിനോദ് ചായ വാങ്ങാന്‍ പോയതായിരുന്നു.. ചൂട് ബജിയും ചായയും രാജീവന് കൂടി നല്‍കി മൊബൈല്‍ വാങ്ങി അയാള്‍ തിരിച്ചുവിളിച്ചു.. വിനോദിനെ ശ്രദ്ധിക്കാതെ ചായ കുടിക്കുന്നു എന്ന മട്ടില്‍ രാജീവന്‍ മാറി നിന്നെങ്കിലും അയാളുടെ ശ്രദ്ധ വിനോദില്‍ തന്നെ ആയിരുന്നു …
‘കുട്ടേട്ടാ…എന്താ വിളിച്ചത്…’
‘എത്തിയില്ല.. കൂടെയുണ്ട്…’
‘എനിക്ക് കുട്ടേട്ടനെപ്പോലെ തന്നെയാണ് രാജീവേട്ടനും… ഒരുപാട് കാലത്തെ ബന്ധമാണ്…’
‘ഒകെ.. ഞാനൊന്നും ചോദിക്കുന്നില്ല… ശരി പിന്നെ വിളിക്കാം…’
പിന്നീട് കാറോടിച്ചത് രാജീവന്‍ ആണ്… നീണ്ടുനിവര്‍ന്നുകിടക്കുന്ന റോഡിലൂടെ കാര്‍ കുതിച്ചുപാഞ്ഞപ്പോള്‍ വിനോദ് ഒരു നിമിഷം പേടികൊണ്ട് അലറിവിളിച്ചുപോയി… പക്ഷേ രാജീവന്‍ കുലുങ്ങിയില്ല…ഏതോ അന്യഗോളത്തെ ലക്ഷ്യമാക്കി കുതിക്കുന്ന ബഹിരാകാശപേടകം പോലെ ആ കാര്‍ പാഞ്ഞുകൊണ്ടിരുന്നപ്പോള്‍ കുട്ടനാടന്‍ പാടശേഖരങ്ങള്‍ പിന്നിലേക്കല്ല, ഏതോ വിദൂര ഭൂതകാലത്തേക്ക് ഓടിമറഞ്ഞുകൊണ്ടിരുന്നു…
‘വിനോദെ.. നിനക്കോര്‍മ്മയുണ്ടോ 1979 ഡിസംബര്‍ ആറിലെ കേരള ബന്ദ് ….’
‘എങ്ങനെ ചേട്ടാ… എണ്‍പത്തഞ്ചില്‍ ജനിച്ച ഞാനെങ്ങനെ അതറിയും…’
ആ ബന്ദില്‍ കമ്പനിയിലെ ആറ് ട്രേഡ് യൂണിയനുകളും പണിമുടക്കി… സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിനെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരുന്നു… അതുകൊണ്ടുതന്നെ ജഗദീഷ് ചന്ദ്രന്‍ പണിമുടക്കിയില്ല… ഒരു ട്രേഡ് യൂണിയനിലും അംഗമല്ലെങ്കിലും എല്ലായിടത്തും അയാള്‍ക്ക് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു… അവരോടെല്ലാം കഴിയുന്ന രീതിയിലൊക്കെ അയാള്‍ സഹകരിക്കുകയും ചെയ്തിരുന്നു…
ഡ്യൂട്ടിയിലുണ്ടായിരുന്നവരെ വീട്ടിലാക്കി തിരികെ വരുമ്പോഴാണ് ജോണിയുടെ നേതൃത്വത്തില്‍ കുറച്ചുപേര്‍ വാഹനം തടഞ്ഞത്… ജഗദീഷ് ചന്ദ്രനെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിരുന്നു എങ്കിലും അക്കാരണം പറഞ്ഞുണ്ടായ സംഘര്‍ഷത്തില്‍ അയാള്‍ക്ക് മര്‍ദ്ദനമേറ്റു… ആ കൂട്ടത്തില്‍ ജോണിയെ മാത്രമേ അയാള്‍ക്ക് അറിയാമായിരുന്നുള്ളു…
ശരീരം വേദനിച്ച കോപത്തില്‍ കമ്പനിയില്‍ മടങ്ങിയെത്തിയ ജഗദീഷ് അവിടെയുണ്ടായിരുന്ന ആറു ട്രേഡ് യൂണിയനുകളുടെ കൊടികള്‍ പിഴുതെറിഞ്ഞു… വലിച്ചുകീറി നിലത്തിട്ടു ചവിട്ടിക്കൂട്ടി.. വിവരമറിഞ്ഞ യൂണിയന്‍ നേതാക്കള്‍ ഒത്തുകൂടി… നിമിഷങ്ങള്‍ക്കകം കമ്പനി പരിസരം ജനസാഗരമായി…
ജഗദീഷിന്റെ സുഹൃത്തുക്കളുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടന്നു… അപ്പോഴാണ് തനിക്കു ചുറ്റുമുണ്ടായിരുന്ന ശത്രുക്കളുടെ എണ്ണം എത്ര വലുതായിരുന്നു എന്ന് ജഗദീഷ് ചന്ദ്രന്‍ തിരിച്ചറിയുന്നത് തന്നെ.
രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും തന്റെ തീരുമാനത്തില്‍ നിന്ന് ഒരിഞ്ചുപോലും പിന്മാറാനോ മാപ്പ് പറയാനോ ജഗദീഷ് തയ്യാറായില്ല… പക്ഷേ ജഗദീഷിനെ മര്‍ദ്ദിച്ചതില്‍ ജോണി മാപ്പ് പറഞ്ഞു… തെറ്റിദ്ധാരണകള്‍ മാറിയ ജഗദീഷും ജോണിയും പരസ്പരം ആലിംഗനം ചെയ്തു… ക്ഷുഭിതരായി നിന്ന ജനക്കൂട്ടത്തിനു നടുവിലേക്ക് ജഗദീഷിനെ ചേര്‍ത്ത് പിടിച്ച് ജോണി കടന്നുവന്നു എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നതായി പ്രഖ്യാപിച്ചു…
പിറ്റേന്ന് സാധാരണപോലെ കമ്പനി തുറന്നു… തലേ ദിവസത്തെ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ പോലും അവിടെയില്ലായിരുന്നു… ഇടക്കാലത്ത് ശത്രുക്കളായി മാറിയ ജഗദീഷും ജോണിയും ഒന്നിച്ചത് വലിയ ചര്‍ച്ചയായി… അന്ന് വൈകുന്നേരം അവരുടെ സൗഹൃദം ആഘോഷിക്കാന്‍ അവര്‍ ഗസ്റ്റ് ഹൗസില്‍ ഒത്തുചേരാന്‍ തീരുമാനിച്ചു… ഒരു വലിയ പ്രായശ്ചിത്തമെന്നോണം ജഗദീഷിനെ മര്‍ദ്ദിക്കാന്‍ കൂടെയുണ്ടായിരുന്ന ജോണിയുടെ ട്രേഡ് യൂണിയന്‍ സുഹൃത്തുക്കളും എത്തി… സ്വാഭാവികമായി രാധാകൃഷ്ണനും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു… പലപ്പോഴും നാടകങ്ങളിലും മറ്റും ജഗദീഷിനോടൊപ്പം ഒരുമിച്ച് മുഖം കാണിച്ചിട്ടുള്ള അയാള്‍ ജഗദീഷിന്റെ നല്ല സുഹൃത്തുമായിരുന്നു… ബന്ദ് ദിവസം സംഭവിച്ചുപോയ തെറ്റിന് പ്രായശ്ചിത്തമായി ജഗദീഷിന്റെ ഇഷ്ട ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍ വാങ്ങിയാണ് രാധാകൃഷ്ണന്‍ പാര്‍ട്ടിക്ക് വന്നത്…
ആര്‍ക്കും തന്റെ ശത്രുവാകാന്‍ കഴിയില്ല എന്ന ജഗദീഷിന്റെ അഹങ്കാരം അന്ന് ഇരട്ടിച്ചു…. ആത്മസുഹൃത്തുക്കള്‍ അന്ന് ആഘോഷരാവിനെ മതിമറന്നു പുല്‍കി… ജഗദീഷ് പാടിയ പഴയ സിനിമാഗാനങ്ങള്‍ക്ക് രാധാകൃഷ്ണന്‍ താളമിട്ടു…
പിറ്റേന്ന് രാവിലെ ഗസ്റ്റ് ഹൗസില്‍ നിന്നും ഒരു ആംബുലന്‍സ് സൈറണ്‍ മുഴക്കി പാഞ്ഞു… മെഡിക്കല്‍ ട്രസ്റ്റ് കാഷ്വലിറ്റിയില്‍ കിടത്തിയ ജഗദീഷിന്റെ ശരീരത്തിലേക്ക് ഇഞ്ചക്ഷന്‍ സൂചികള്‍ കയറാന്‍ പാടുപെട്ടു… കുത്തിവെച്ച മരുന്ന് അതേപോലെ തിരികെ ഒഴുകി… ഉരുക്കുപോലെയുള്ള ആ ശരീരത്തില്‍ മരണത്തിന്റെ തണുപ്പ് ഒരു വിഡ്ഢിച്ചിരിയായി തങ്ങിനിന്നു…
വിനോദ് രാജീവനെ വീട്ടില്‍ ഇറക്കുമ്പോള്‍ ഇരുവരും ഒന്നും മിണ്ടിയില്ല… ഉറങ്ങാന്‍ കിടന്നെങ്കിലും രാജീവന് കണ്ണടക്കാന്‍ പോലും സാധിച്ചില്ല… അയാള്‍ വിനോദിനെ വിളിച്ചു…
‘വിനോദെ … നമുക്ക് നാളെ അയാളെ ഒന്നുകൂടി കാണാന്‍ പോകണം… രാധാകൃഷ്ണനെ…നിന്റെ കുട്ടേട്ടനെ… ഒന്നിനുമല്ല… വെറുതെ… വെറുതെ അയാളുടെ മുഖം ഒന്നൂടെ കാണാന്‍… അത്രേയുള്ളു…’
രാധാകൃഷ്ണന്റെ വീട്ടിലേക്കുള്ള വഴിയില്‍ നിറയെ വാഹനങ്ങള്‍ ആയിരുന്നതുകൊണ്ട് ദൂരെ നിര്‍ത്തി നടന്നാണ് പോയത്… വെള്ളപുതച്ച അയാളുടെ ശരീരത്തില്‍ ട്രേഡ് യൂണിയനുകളുടെ റീത്തുകള്‍ കൂമ്പാരം കൂടി കിടന്നിരുന്നു… സ്വതവേ കറുത്ത അയാളുടെ മുഖം കുറേക്കൂടി ഇരുണ്ടിരുന്നു…
കൂടി നിന്ന ആള്‍ക്കാരില്‍ നിന്നും അശരീരി പോലെ ചിലത് രാജീവനും വിനോദും കേട്ടു ..
‘എന്തിനാണയാള്‍ ഇത് ചെയ്തത് എന്നറിയില്ല… മക്കള്‍ എല്ലാവരും സെറ്റില്‍ഡ്… ഒരു ബാധ്യതയുമില്ല… സുഖ ജീവിതം… ജോണിവാക്കറില്‍ ഫ്യുറഡാന്‍ കലക്കിയാണ് കഴിച്ചത്… പത്തു നാല്പത് കൊല്ലം മുമ്പ് കുടി നിര്‍ത്തിയ മനുഷ്യന്‍ ഇന്നലെ ജോണി വാക്കര്‍, അതും ബ്‌ളാക്ക് ലേബല്‍ തന്നെ വേണമെന്നു വാശി പിടിച്ചു എന്ന്…’
തിരികെ നടക്കുമ്പോള്‍ കുംഭമാസത്തിലെ ഉച്ചവെയില്‍ രാജീവന് നല്‍കിയത് ഒരു നിലാവിന്റെ തണുപ്പായിരുന്നു…