കുടുംബാന്തരീക്ഷത്തില്‍ കുട്ടിക്കാലത്തു തന്നെ സ്ത്രീകളെ ആദരിക്കുന്നതിനുള്ള പരിശീലനം ആരംഭിക്കുന്നതായി നമുക്കെല്ലാവര്‍ക്കും അറിയാം. ഇന്നത്തെ അണുകുടുംബങ്ങളില്‍ ഇതിന്റെ അഭാവം പ്രകടമാണ്. പുതിയ തലമുറയില്‍ വളര്‍ന്നുവരുന്ന മയക്കുമരുന്നിനോടുള്ള ആസക്തി ഇതിന്റെ മറ്റൊരു ഭയാനകമായ സൂചനയാണ്. ചൈനയെ പോലുള്ള സാംസ്‌കാരികമായി സമ്പന്നമായ രാഷ്ട്രത്തിലെ യുവാക്കള്‍ പോലും വൈദേശിക ശക്തികളുടെ ശ്രമത്താല്‍ മയക്കുമരുന്നിന് അടിമപ്പെട്ട് ആത്മാവില്ലാത്തവരായിത്തീര്‍ന്ന ഒരു കാലമുണ്ടായിരുന്നു. നമ്മുടെ കുടുംബങ്ങള്‍, മയക്കുമരുന്നുകളോടുള്ള ആകര്‍ഷണത്തില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള ശക്തമായ മാനസികാവസ്ഥയും സദാചാര ജീവിതത്തോടുള്ള താല്പര്യവും വളര്‍ത്തിയെടുക്കുന്നില്ലെങ്കില്‍ ഈ സാമൂഹ്യതിന്മയുടെ ദുരന്തഫലങ്ങളെ തടയാന്‍ വളരെ പ്രയാസമായിരിക്കും. ഇക്കാര്യത്തില്‍ സംഘസ്വയംസേവകര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ രക്ഷിതാക്കളും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
സാംസ്‌കാരിക നിലവാരത്തകര്‍ച്ചയില്‍ നിന്നാണ് വമ്പിച്ച സാമ്പത്തിക അഴിമതിയും സ്വഭാവദൂഷ്യങ്ങളും സമൂഹത്തില്‍ ഉടലെടുക്കുന്നത്. സമയാസമയങ്ങളില്‍ നിയമങ്ങള്‍ നിര്‍മ്മിച്ചും അഴിമതിക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കിയും ഇതിനെ തടയേണ്ടതുണ്ട്. ഉന്നതതലങ്ങളില്‍ ആരോഗ്യകരമായ മെച്ചപ്പെട്ട തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും താഴ്ന്ന തലങ്ങളില്‍ അഴിമതി തുടര്‍ന്നുവരികയാണ്. കടുത്ത നടപടികള്‍ തുടരുന്നുണ്ടെങ്കിലും അഴിമതി വളരുകയാണ്. കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പങ്ങളില്‍ പെട്ട് സത്യസന്ധരായ വ്യക്തികള്‍ ദുരിതമനുഭവിക്കുമ്പോള്‍ നിയമത്തെയോ സദാചാരത്തെയോ മാനിക്കാത്തവരും ലജ്ജയില്ലാത്തവരുമായ അഴിമതിക്കാര്‍ വ്യവസ്ഥിതിയെ മറികടക്കുകയാണ്. അഴിമതി ഇല്ലാതാക്കല്‍ സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല. അധികം കഷ്ടപ്പെടാതെ അര്‍ഹതയില്ലാത്തതിനെ വാരിക്കൂട്ടാനുള്ള അത്യാഗ്രഹം മനസ്സിനെ കീഴടക്കുന്നതും അതിലൂടെയുണ്ടാകുന്ന വക്രബുദ്ധിയുമാണ് അഴിമതിയുടെ മൂലകാരണം. വീടുകളില്‍ ആദര്‍ശാത്മക ഉദാഹരണങ്ങളും സമൂഹത്തില്‍ ജാഗ്രതയോടുകൂടിയ പരിവര്‍ത്തനങ്ങളും സൃഷ്ടിക്കേണ്ടത് രാജ്യത്തിന്റെ ആരോഗ്യകരമായ വ്യവസ്ഥിതി നിലനിര്‍ത്താന്‍ അനിവാര്യമാണ്.
സമൂഹത്തെ ഉണര്‍ത്തുന്നതിലും ആരോഗ്യകരമായ സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും മാധ്യമങ്ങള്‍ക്ക് മുഖ്യമായ പങ്ക് വഹിക്കാനുണ്ട്. കച്ചവട ലക്ഷ്യത്തോടുകൂടി വൈകാരികവും അനഭിലഷണീയവുമായ വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന അവസ്ഥയില്‍ നിന്ന് പുറത്തുവന്ന് ക്രിയാത്മക സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കാന്‍ മാധ്യമങ്ങളും പങ്കുചേരുകയാണെങ്കില്‍ ഈ യത്‌നത്തിന്റെ ഗതിവേഗം വര്‍ദ്ധിക്കും.
സമൂഹത്തിലെ ഇന്നത്തെ അന്തരീക്ഷം കൂടുതല്‍ ജാഗ്രതയോടു കൂടിയ പ്രവര്‍ത്തനത്തിന് അടിവരയിടുന്നതുപോലെ മുഴുവന്‍ ലോകത്തിലെയും ബാഹ്യമായ അന്തരീക്ഷവും മനുഷ്യ സമൂഹത്തിന്റെ വിശാലമായ ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ട്. ആരോഗ്യകരമായ ഒരു പരിസ്ഥിതി സൃഷ്ടിക്കത്തക്ക വിധം സ്വന്തം പാരിസ്ഥിതിക നയങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താനുള്ള ശ്രമം എല്ലാ രാജ്യങ്ങളും നടത്തിവരുന്നുണ്ട്. ഒപ്പം ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമവും ഈ ഇടപെടലിനെ കാര്യക്ഷമാക്കും. ഈ മേഖലയില്‍ സംഘസ്വയംസേവകര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരം എല്ലാ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ചിട്ടയോടെ നടപ്പാക്കുന്നതിന് ‘പര്യാവരണ്‍ ഗതിവിധി’ എന്ന പേരില്‍ ഒരു സാമൂഹ്യ പദ്ധതി ആരംഭിച്ചിട്ടുണ്ട്.
സമൂഹത്തില്‍ ഏകാത്മതയും സദ്ഭാവനയും സദാചാരവും സദ്‌വ്യവഹാരവും (നല്ല പെരുമാറ്റം) സൃഷ്ടിച്ച് യഥാര്‍ത്ഥ രാഷ്ട്ര ഭാവനയും രാഷ്ട്രഭക്തിയും വളര്‍ത്താന്‍ കഴിഞ്ഞ ഒന്‍പതു ദശകങ്ങളായി രാഷ്ട്രീയ സ്വയംസേവക സംഘം പരിശ്രമിച്ചുവരുന്നു. സ്വയംസേവകരുടെ സമര്‍പ്പണ മനോഭാവവും സേവനസന്നദ്ധതയും രാജ്യത്തുടനീളം അവരുടെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എങ്കിലും സംഘവുമായി ബന്ധത്തില്‍ വരാത്ത ജനങ്ങള്‍ക്കിടയില്‍ അവിശ്വാസവും ഭയവും അസഹിഷ്ണുതയും സൃഷ്ടിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഹിന്ദുസമൂഹത്തെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനമാണ് സംഘം നടത്തിവരുന്നത്. അതുകൊണ്ടുതന്നെ ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് സ്വയം ഹിന്ദുക്കളെന്ന് കരുതാത്ത ജനവിഭാഗങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ സംഘം അവര്‍ക്കെതിരാണെന്ന് നിരന്തരം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഹിന്ദുസമൂഹത്തെയും ഹിന്ദുത്വത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള സംഘടിത പരിശ്രമങ്ങളും നടന്നുവരുന്നുണ്ട്. നമ്മുടെ സമൂഹത്തെ എന്നും വിഘടിപ്പിച്ചു നിര്‍ത്തി, നിക്ഷിപ്ത താല്പര്യങ്ങള്‍ക്കുവേണ്ടി ഇതിനെ ഉപയോഗിക്കാനുള്ള ഒരു ചിന്താപദ്ധതിയാണ് ഈ കുത്സിത പ്രവൃത്തിക്കു പിന്നിലുള്ളത്. ബോധപൂര്‍വ്വം കണ്ണടച്ചിരിക്കുന്നവര്‍ക്കു മാത്രമാണ് ഈ സത്യം കാണാന്‍ കഴിയാത്തത്.
ഭാരതത്തിന്റെ അസ്തിത്വത്തെയും നമ്മുടെ മുഴുവന്‍ പേരുടെയും സാമൂഹ്യ അസ്തിത്വത്തെയും രാജ്യത്തിന്റെ സ്വഭാവത്തെയും സംബന്ധിച്ച സംഘത്തിന്റെ ദര്‍ശനവും പ്രഖ്യാപനവും സ്പഷ്ടവും സുചിന്തിതവും ഉറച്ചതുമാണ്. ഇത് ഹിന്ദുസ്ഥാനാണ്, ഹിന്ദുരാഷ്ട്രമാണ്. സംഘത്തിന്റെ കാഴ്ചപ്പാടില്‍ ഹിന്ദുവെന്ന പദം സ്വയം ഹിന്ദുക്കളെന്നു വിളിക്കുന്നവര്‍ക്കുമാത്രം ബാധകമായ ഒന്നല്ല. ഭാരതത്തിന്റെ സ്വന്തമെന്നു പറയാവുന്ന, ഭാരതീയ പൂര്‍വ്വികരുടെ പിന്തുടര്‍ച്ചക്കാരായ, രാഷ്ട്രത്തിന്റെ ആത്യന്തിക വൈഭവത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന, പരസ്പരം ഇടപഴകിയും സ്വീകരിച്ചും സമാധാനമുണ്ടാക്കാന്‍ കൈകോര്‍ക്കുന്ന, എല്ലാ വൈവിധ്യങ്ങളെയും ആദരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന എല്ലാ ഭാരതീയരും ഹിന്ദുക്കളാണ്. അവരുടെ ആരാധനാരീതി, ഭാഷ, ഭക്ഷണരീതി, ജീവിതരീതി, ജന്മദേശം എന്നിവ എന്തൊക്കെയായാലും ഇക്കാര്യത്തിനു മാറ്റമില്ല. ശക്തിയുള്ള വ്യക്തിയും സമൂഹവും ഭയരഹിതമായിരിക്കും. അത്തരം ശക്തരായ, കളങ്കമില്ലാത്ത വ്യക്തികള്‍ ആരെയും ഭയപ്പെടുകയില്ല. ദുര്‍ബ്ബലരായ, സുരക്ഷിതത്വബോധക്കുറവില്‍ നിന്നു ജനിക്കുന്ന ഭയമുള്ളവര്‍ മറ്റുള്ളവരെ ഭയപ്പെടും. ദുര്‍ബ്ബലരെയും ഭയപ്പെടുന്നവരെയും സംരക്ഷിച്ച് ആരെയും ഭയപ്പെടാത്തതും ആരെയും ഭയപ്പെടുത്താത്തതുമായ, ശക്തവും ഗുണശാലിയും ദയാലുവുമായ തരത്തില്‍ മുഴുവന്‍ ഹിന്ദു സമാജത്തെയും മാറ്റുക എന്ന ദൗത്യമാണ് സംഘം ചെയ്തുകൊണ്ടിരിക്കുന്നത്.
ഹിന്ദുവെന്ന പദത്തെ ആശയക്കുഴപ്പത്തിലാക്കുന്ന, മതത്തിന്റെ ചട്ടക്കൂടിലാക്കുന്ന തരത്തില്‍ നമ്മുടെ ബുദ്ധിയില്‍ വ്യതിയാനമുണ്ടാക്കുന്ന പതിവ് ബ്രിട്ടീഷുകാരുടെ കാലം മുതലുള്ളതാണ്. ഈ പദം സ്വീകരിക്കാത്ത ഒരു വിഭാഗം ജനങ്ങളുണ്ട്. അവര്‍ സ്വയം ‘ഭാരതീയ’ എന്നാണ് ഉപയോഗിക്കുന്നത്. ഭാരതീയ പ്രകൃതിയുടെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനത്തിലുള്ള നാഗരികതകളെ ഇംഗ്ലീഷില്‍ ‘ഇന്‍ഡിക്’ എന്നു പറയുന്നതുപോലെ ചിലര്‍ വിശേഷിപ്പിക്കുന്നു. ഭയം കൊണ്ടോ ആശയക്കുഴപ്പം കൊണ്ടോ ‘ഹിന്ദു’ ശബ്ദത്തെ നിഷേധിച്ച് സ്വയം പകരം പദങ്ങള്‍ ഉപയോഗിക്കുന്നവരും സംഘത്തിന് സ്വീകാര്യരാണ്.
വാക്കുകളും ജീവിതരീതിയും ആരാധനാരീതിയും ഭക്ഷണരീതിയും ജന്മദേശവും വ്യത്യസ്തമായിരിക്കും. പക്ഷെ ഇവര്‍ ആരെയും നാം പരസ്പരം വേറിട്ടുനില്‍ക്കുന്നവരായി കരുതുന്നില്ല. ഇവരെല്ലാവരെയും നമ്മുടെ സ്വന്തമെന്നു കരുതി സ്വീകരിച്ചുകൊണ്ടാണ് സംഘപ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്. സ്വന്തമെന്ന വിചാരവും പരസ്പര അടുപ്പവും രാഷ്ട്രത്തിന്റെ ചേതനയിലുള്ളതാണ്. ഇതാണ് ഹിന്ദുത്വം. നമ്മുടെ പ്രാചീന രാഷ്ട്രത്തിന്റെ സര്‍വ്വാംഗീണമായ വികാസമെന്ന പാവനലക്ഷ്യവും നമ്മുടെ സംസ്‌കാരത്തെയും ധര്‍മ്മ സങ്കല്പത്തെയും സംരക്ഷിച്ച് പോഷിപ്പിക്കുക എന്നതും ഈ മമത്വത്തിന്റെ അന്തസ്സത്തയും ലക്ഷ്യവുമാണ്.
ലോകത്തെ സംബന്ധിച്ചിടത്തോളം ഭാരതം മൗലികമായ ഒരു അനിവാര്യതയാണ്. രാഷ്ട്രത്തെ സംബന്ധിച്ച സ്പഷ്ടമായ ഈ ആശയത്തോടെ, മനസ്സില്‍ അഭിമാനം കാത്തുസൂക്ഷിച്ചുകൊണ്ട്, സന്മനോഭാവവും സദാചാരവും സമരസതയും മുഴുവന്‍ സമാജത്തിലും ശക്തമാക്കേണ്ടതുണ്ട്. ഇത് വിജയിപ്പിക്കുന്നതിന് ഉപയോഗപ്രദമായ പദ്ധതികളില്‍ സംഘസ്വയംസേവകര്‍ വ്യാപൃതരാണ്. കാലത്തിന്റെ വെല്ലുവിളികള്‍ സ്വീകരിച്ചുകൊണ്ട് ഓരോ സ്വയംസേവകനും ഇതിനുവേണ്ടി പ്രവര്‍ത്തിക്കണം.
മുഴുവന്‍ ഉത്തരവാദിത്തവും വ്യക്തികള്‍ക്കോ സംഘടനയ്‌ക്കോ നല്‍കി, വെറും കാഴ്ചക്കാരായി നില്‍ക്കുന്ന മാനസികാവസ്ഥ നാം ഉപേക്ഷിച്ചാലേ കാലത്തിന്റെ ഈ ആവശ്യം പൂര്‍ത്തീകരിക്കാന്‍ കഴിയൂ. രാഷ്ട്രപുരോഗതി നേടുക, സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക, പ്രതിസന്ധികളെ നേരിടുക എന്നിവയെല്ലാം ആരെയെങ്കിലും ഏല്പിക്കാനാവില്ല. കാലാകാലങ്ങളില്‍ നയിക്കുന്ന ചുമതല ആരെങ്കിലും ഏറ്റെടുത്തേക്കാം. പക്ഷെ പൂര്‍ണ്ണവും അനശ്വരവുമായ വിജയം നേടണമെങ്കില്‍ മുഴുവന്‍ സമൂഹവും ഉണര്‍ന്ന്, സ്പഷ്ടമായ ധാരണയോടെ, നിസ്വാര്‍ത്ഥരായി, അഭേദ്യമായ ഐക്യത്തോടെ ശക്തമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകണം.
ഈ പ്രവര്‍ത്തനത്തിനുവേണ്ട അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തകരെയാണ് സംഘം വളര്‍ത്തിയെടുക്കുന്നത്. ഈ പ്രവര്‍ത്തകര്‍ സമൂഹത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും അവയുടെ സ്വാധീനവും നമ്മെയും കുടുംബത്തെയും രാജ്യത്തെയും ലോകത്തെയും സന്തോഷത്തോടെ നിലനിര്‍ത്താനുള്ള ശരിയായ വഴിയാണെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.
കാലത്തിന്റെ ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ട് പാവനമായ ഈ ദൗത്യത്തില്‍ നമുക്ക് ഒന്നിച്ചു പങ്കുചേരാം.
‘യുഗപരിവര്‍ത്തനവേളയില്‍
നമ്മള്‍-
ക്കൊന്നിച്ചൊന്നായ് മുന്നേറാം
രാഷ്ട്രധര്‍മ്മം സംരക്ഷിക്കാന്‍
ഒന്നിച്ചൊന്നായ് മുന്നേറാം.’
(അവസാനിച്ചു)
വിവര്‍ത്തനം- സി.എം.രാമചന്ദ്രന്‍