ഒരു സമൂഹത്തെ സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് പരിവര്‍ത്തനപ്പെടുത്തുക എന്നതാണ് കമ്മ്യൂണിസത്തിന്റെ ആത്യന്തിക ലക്ഷ്യമായി പറയപ്പെടുന്നത്. സമത്വസുന്ദരമായ സാമൂഹ്യവ്യവസ്ഥയെന്ന കാല്പനിക സൗകുമാര്യത്തിലേയ്ക്ക് എത്തുവാന്‍ വിപ്ലവം അനിവാര്യമാണെന്ന് കമ്യൂണിസ്റ്റുകള്‍ വിശ്വസിക്കുന്നു. വിപ്ലവമാകട്ടെ തോക്കിന്‍ കുഴലിലൂടെയാണ് മിക്കപ്പോഴുംവരുന്നത്. അങ്ങിനെ വിപ്ലവം വന്ന ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തും നാളിതുവരെ സമത്വസുന്ദര സ്വര്‍ഗ്ഗം കൈവന്നതായി അറിവില്ല. സ്വകാര്യ സ്വത്താണ് എല്ലാ സാമൂഹ്യ അസമത്വങ്ങള്‍ക്കും കാരണമെന്ന് പറഞ്ഞിരുന്ന കമ്മ്യൂണിസം വര്‍ഗ്ഗോന്മൂലന സിദ്ധാന്തത്തിലൂടെ ബൂര്‍ഷ്വാസിയെ ഇല്ലായ്മ ചെയ്ത് അധികാരത്തില്‍ കയറിയ ഇടങ്ങളിലൊക്കെ പാര്‍ട്ടി മറ്റൊരു ബൂര്‍ഷ്വാസിയായി മാറിയതായി ചരിത്രം കാട്ടിത്തരുന്നു. ആദ്യം സ്വകാര്യ സ്വത്ത് പാര്‍ട്ടിയുടെ പക്കലും ക്രമേണ അത് പാര്‍ട്ടി നേതാവിന്റെ പക്കലുമാകുന്നു. കേരളത്തില്‍ അടവുനയത്തിന്റെ ഭാഗമായി മാത്രം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ്പാര്‍ട്ടി ബുള്ളറ്റിനു പകരം ബാലറ്റിലൂടെയാണ് അധികാരത്തില്‍ വന്നത്. പാവങ്ങളുടെ പാര്‍ട്ടിയെന്നറിയപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് കേരളത്തില്‍ ഏറ്റവും സ്വകാര്യ സ്വത്തുള്ള ഒരു കോര്‍പ്പറേറ്റ് സ്ഥാപനമായി രൂപാന്തരപ്പെട്ടിരിക്കുന്നു. സ്വത്തും അധികാരവും ഒരിടത്ത് കേന്ദ്രീകരിക്കുമ്പോള്‍ അവിടെ അഴിമതി സ്വാഭാവികമാണ്. പ്രസ്ഥാനത്തിന് മേലെ നേതാക്കള്‍ വളരുകയും അവര്‍ ഏറ്റവും വലിയ സ്വകാര്യ സ്വത്തിന്റെ ഉടമസ്ഥരായി രൂപാന്തരപ്പെടുകയും ചെയ്യുക എന്നത് ലോകത്തെല്ലായിടത്തും കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയുടെ അനിവാര്യമായ പരിണാമമാണ്. ഇത്തരം പരിവര്‍ത്തനത്തിന്റെ വര്‍ത്തമാനകാല കേരളത്തിലെ ജീവിക്കുന്ന മാതൃകയായി കേരള മുഖ്യമന്ത്രി വിജയന്‍ മാറിയിരിക്കുന്നു. സോഷ്യലിസം അഴിമതിയിലൂടെ എങ്ങനെ കൊണ്ടുവരാം എന്ന പരീക്ഷണത്തിലാണ് വിജയന്‍ മുഖ്യമന്ത്രി എന്നു വേണം അനുമാനിക്കാന്‍.
തുടര്‍ഭരണത്തിന്റെ മറവില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി അഴിമതിയും സ്വജനപക്ഷപാതവുമല്ലാതെ കേരളത്തില്‍ മറ്റൊന്നും നടന്നിട്ടില്ല. സംസ്ഥാന രൂപീകരണത്തിനു ശേഷമുണ്ടായ ഗവണ്‍മെന്റുകളില്‍ അഴിമതിയുടെ കാര്യത്തില്‍ മുന്നിട്ടു നിന്നിരുന്നത് കോണ്‍ഗ്രസ് മുന്നണികളായിരുന്നു. എന്നാല്‍ അവരെ എല്ലാം നിഷ്പ്രഭരാക്കിക്കൊണ്ടാണ് വിജയന്‍ സഖാവ് അഴിമതി സാര്‍വ്വഭൗമനായി മാറിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പണ്ട് അഴിമതി നടത്തി ഉണ്ടാക്കുന്നതിന്റെ ഒരു പങ്ക് പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് പാര്‍ട്ടിയെന്നാല്‍ സഖാവ് വിജയനായതി നാല്‍ കട്ടുണ്ടാക്കുന്ന പണം കുടുംബത്തിലേയ്ക്കും ബന്ധുക്കളിലേയ്ക്കുമാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തു കേസടക്കമുള്ള കാര്യങ്ങളില്‍ സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ കേസ് മുഖ്യമന്ത്രിയിലേക്കും ബന്ധുക്കളിലേക്കും എത്തിച്ചേരുമെന്നതാണ് സ്ഥിതി. കട്ടിംങ് സൗത്ത് എന്ന വിഘടനവാദ പരിപാടി ജിഹാദി മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് എറണാകുളത്ത് നടത്തിയപ്പോള്‍ അത് ഉത്ഘാടനം ചെയ്ത മുഖ്യമന്ത്രി കാശ്മീരിയത്ത് പോലെ ഒരു വേറിട്ട കേരളീയത്വത്തെ സ്ഥാപിച്ചെടുക്കാനാണ് ഇത് കേരളമാണെന്ന് ഇടയ്ക്കിടെക്ക് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഈ കേരളീയത്വത്തെ സ്ഥാപിച്ചെടുക്കാനായി വിജയന്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ച എല്ലാ പദ്ധതികളും ശുദ്ധ അഴിമതികളുടെയും കൊള്ളകളുടെയും കേളീരംഗമായി മാറുന്നതായാണ് കണ്ടുവരുന്നത്. കെ-റെയിലാണെങ്കിലും കെ-ഫോണാണെങ്കിലും വിഘടന വാദവും അഴിമതിയും കൂടിക്കുഴഞ്ഞാണ് കിടക്കുന്നത്. ഏറ്റവും ഒടുക്കം സംസ്ഥാന, ദേശീയപാതകളില്‍ സ്ഥാപിച്ച എ.ഐ ക്യാമറകള്‍ ലോകത്തെങ്ങുമില്ലാത്തത്ര അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കുംഭകോണമായാണ് മാറിയിരിക്കുന്നത്. 232 കോടി മുടക്കി 726 നിരീക്ഷണ ക്യാമറകളാണ് കേരളത്തിന്റെ നിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഒരു എ. ഐ ക്യാമറയ്ക്ക് ശരാശരി പതിനയ്യായിരം രൂപ വിലയുള്ളപ്പോള്‍ അത് ഏതാണ്ട് പത്തുലക്ഷം രൂപയ്ക്കാണ് കേരള സര്‍ക്കാര്‍ വാങ്ങിയത്. എന്നു പറഞ്ഞാല്‍ മുപ്പത് കോടിയ്ക്ക് കിട്ടുമായിരുന്ന ക്യാമറ എണ്‍പത് കോടിയ്ക്ക് വാങ്ങി എന്നര്‍ത്ഥം.
വഴിയോരത്ത് സ്ഥാപിക്കേണ്ട ക്യാമറകള്‍ക്ക് കരാര്‍ കൊടുക്കും മുന്നെ ട്രോയ്‌സ് കമ്പനിയുടെ ക്യാമറകള്‍ വഴിയോരത്ത് സ്ഥാപിക്കപ്പെട്ടു തുടങ്ങിയിരുന്നു. ഇത് കാണിക്കുന്നത് കരാര്‍ ആര്‍ക്ക് കൊടുക്കണമെന്ന് നേരത്തെ തീരുമാനിക്കപ്പെട്ടിരുന്നു എന്നാണ്. കരാര്‍ ലഭിക്കാന്‍ പോകുന്നത് തങ്ങള്‍ക്കാണെന്ന് ഇടപാടില്‍ ഉള്‍പ്പെട്ട മറ്റൊരു കമ്പനിയായ പ്രസാഡിയോയ്ക്കും ധാരണ ഉണ്ടായിരുന്നു. ഇത് ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കരാറിലെത്തുന്നതിനു മുമ്പ് ക്യാമറകള്‍ സ്ഥാപിച്ച് വാഹന ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഒരു സ്വകാര്യ കമ്പനിക്ക് ആര് അധികാരം നല്‍കി എന്ന ചോദ്യവും ബാക്കിയാണ്. ഇത്തരം എല്ലാ ഇടപാടുകളിലും ഭീമമായ കമ്മീഷന്‍ ഭരണസാരഥ്യം വഹിക്കുന്നവരുടെ തറവാട്ടില്‍ എത്തുന്നുണ്ടെന്നാണ് അറിയുന്നത്. കരാര്‍ വിവാദത്തിലായതോടെ വ്യവസായ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരം അന്വേഷണങ്ങള്‍ ആരോപണങ്ങളില്‍ നിന്നും തല്‍ക്കാലം തടി തപ്പാനുള്ള അടവുനയമായി ഇതിനു മുമ്പും ഈ സര്‍ക്കാര്‍ പ്രയോഗിച്ചിട്ടുണ്ട്. മുമ്പു നടന്ന സ്പ്രിന്‍ ക്ലര്‍ അഴിമതിയെക്കുറിച്ച് അന്വേഷിച്ച രണ്ടംഗ സമിതിയുടെ കണ്ടെത്തലുകള്‍ക്ക് എന്തു സംഭവിച്ചു എന്നറിയുമ്പോഴാണ് അന്വേഷണ നാടകങ്ങളുടെ ചുരുളഴിയുന്നത്. കോവിഡ് വിവര വിശകലനത്തിന് സ്പിന്‍ക്ലര്‍ കമ്പനിക്ക് കരാര്‍ നല്‍കിയതും എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ആ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇതു പോലെ പകല്‍കൊള്ളയാണ് കെ- ഫോണ്‍ പദ്ധതിയുടെ പേരിലും നടന്നിട്ടുള്ളത്. പദ്ധതിക്ക് 1028 കോടി കണക്കാക്കിയ ശേഷം പദ്ധതി ചെലവ് 1531 കോടിയായി വര്‍ദ്ധിപ്പിച്ചു. പത്തു ശതമാനത്തിലേറെ തുക വര്‍ദ്ധന പാടില്ലെന്ന ധനവകുപ്പിന്റെ നിര്‍ദ്ദേശം ഗൗനിക്കുക പോലും ചെയ്തില്ല. കെ-ഫോണ്‍ പദ്ധതിയുടെ കരാര്‍ നേടിയ എസ്.ആര്‍.ഐ ടി. മുന്നൂറ്റി അറുപത്തിമൂന്ന് കോടി രൂപയുടെ ഉപകരാര്‍ അശോകയ്ക്ക് നല്‍കി. അശോക തങ്ങള്‍ക്ക് ലഭിച്ച കരാറില്‍ നിന്ന് മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ കമ്പനി എന്ന് അറിയപ്പെടുന്ന പ്രസാഡിയോയ്ക്ക് ഉപകരാര്‍ നല്‍കി. എന്നു പറഞ്ഞാല്‍ മോഷണമുതല്‍ ചേക്കു വിട്ടു പുറത്തു പോകില്ലെന്ന് ഉറപ്പു വരുത്തി എന്ന് സാരം.
ബ്രഹ്‌മപുരം മാലിന്യ സംസ്‌ക്കരണ പ്ലാന്റില്‍ തീപ്പിടുത്തമുണ്ടായപ്പോഴാണ് അവിടെ ചീഞ്ഞുനാറുന്ന കോടികളുടെ അഴിമതി കഥകള്‍ മാലോകര്‍ അറിയുന്നത്. കെ-റെയിലിന്റെ മഞ്ഞക്കുറ്റിയില്‍ ആരംഭിച്ച അഴിമതികള്‍ വന്ദേ ഭാരതിന്റെ വരവോടെ നിലച്ചുപോയതിന്റെ സങ്കടത്തിലാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍. ബന്ധു നിയമനങ്ങള്‍ക്കും അഴിമതികള്‍ക്കും കേരളത്തിലെ സര്‍വ്വകലാശാലകളെ നിരന്തരം വേദിയാക്കുന്നത് ചോദ്യം ചെയ്ത ഗവര്‍ണ്ണര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഈ സര്‍ക്കാര്‍. മലയാളിയെ പ്രബുദ്ധ മണ്ടന്‍മാരാക്കി കൊണ്ട് കമ്മ്യൂണിസ്റ്റ് പകല്‍കൊള്ള എത്ര കാലം കൂടി തുടരുമെന്നേ ഇനി അറിയേണ്ടതുള്ളൂ.