‘ട്രിനിഡാഡില്‍ ആരും എന്റെ പുസ്തകങ്ങള്‍ വായിക്കാറില്ല. അതിനെക്കാള്‍ മഹത്തരമാണ് ചെണ്ടകൊട്ടല്‍. അത് കൂടുതല്‍ സംതൃപ്തി പകരുന്ന കാര്യമാണ്.’ ഒരിക്കല്‍ പത്രപ്രവര്‍ത്തകനായ ദിലീപ് പഡ്ഗാംവ്കര്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ ലോകപ്രശസ്ത എഴുത്തുകാരന്‍ വി.എസ്. നയ്‌പോള്‍ പറഞ്ഞ വാക്കുകളാണിവ. കേരളത്തില്‍, വോട്ടു പിടിക്കാന്‍ വേണ്ടി മതന്യൂനപക്ഷങ്ങള്‍ക്ക് പിന്നാലെ ചെണ്ടകൊട്ടി പരക്കം പായുന്ന, മതേതരപട്ടം സ്വയം എടുത്തണിഞ്ഞ് നഗ്നമായ പ്രീണനരാഷ്ട്രീയം കളിക്കുന്നവരുടെയും അവസ്ഥ ഇതാണ്. അവരെ സംബന്ധിച്ച് ന്യൂനപക്ഷങ്ങളെ പാട്ടിലാക്കി അവരുടെ വോട്ടുകള്‍ കൈക്കലാക്കാന്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തെ സ്ഥാനത്തും അസ്ഥാനത്തും കുറ്റം പറഞ്ഞേ തീരൂ. ഈ വിഷയത്തില്‍ നിരന്തരമായി മത്സരിക്കുന്നു കേരളത്തിലെ ഇടതും വലതും രാഷ്ട്രീയ മുന്നണികള്‍. അവര്‍ക്ക് ഇതുപോലെ ചെണ്ടകൊട്ടി നടക്കാനാണ് വിധി എന്നു കരുതി ആശ്വസിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാന്‍!
സ്ഥിതിസമത്വം തോക്കിന്‍ കുഴലിലൂടെ നേടാനാകും എന്ന ഉറച്ച വിശ്വാസത്തോടെ ഒരു പതിറ്റാണ്ടിലേറെ കാലം നക്‌സല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരനായി പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായ കെ.വേണു അവസാനം എഴുതിയ പുസ്തകത്തിന്റെ പേര് ‘മാര്‍ക്‌സിസം: ഉത്ഭവവും വികാസവും പരാജയവും’ എന്നാണ്. കമ്മ്യൂണിസം ഇപ്പോള്‍ എത്തിനില്‍ക്കുന്ന ദയനീയമായ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കാന്‍ ആ പുസ്തകം വായിച്ചാല്‍ മതിയാകും. ലോകത്താകമാനം കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും തകര്‍ന്നു തരിപ്പണമായ സാഹചര്യം എന്തെന്ന് മനസ്സിലാക്കാന്‍ അത് ധാരാളം!
എന്നാല്‍ ഈ സംഭവവികാസങ്ങളൊന്നും സത്യമല്ലെന്ന് സ്വയം വിശ്വസിച്ച്, അഥവാ അങ്ങനെ നടിച്ച് ഉദരപൂരണത്തിനുവേണ്ടി മാര്‍ക്‌സിയന്‍ തത്ത്വശാസ്ത്രത്തെ മുറുകെപിടിച്ചു കഴിയുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍, മാര്‍ക്‌സിന്റെ കൃതികള്‍ വായിക്കുക യും പഠിക്കുകയും ചെയ്തവരാണെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് തികച്ചും തെറ്റാണ്. അവര്‍ക്ക് മാര്‍ക്‌സിസത്തെക്കുറിച്ചെന്നല്ല ഒരു കാര്യത്തെക്കുറിച്ചും യാതൊരു പരിജ്ഞാനവുമില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് അമേരിക്കന്‍ ബോക്‌സറായ മുഹമ്മദലി അന്തരിച്ചപ്പോള്‍ അപ്പോഴത്തെ കേരളത്തിലെ മന്ത്രി നടത്തിയ പ്രതികരണം! കോണ്‍ഗ്രസ്സുകാരുടെ അവസ്ഥയും മറ്റൊന്നല്ല. മഹാത്മാഗാന്ധിജിയുടെ ശിഷ്യത്വം സ്വീകരിച്ച അവരിലെത്രപേര്‍ ഗാന്ധിയുടെ ജീവിതത്തെയോ, അദ്ദേഹത്തിന്റെ കൃതികളെയോ ഭാരതചരിത്രത്തെയോ, ഭാരത സ്വാതന്ത്ര്യ സമരചരിത്രത്തെയോ കുറിച്ച് വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്വേഷിച്ചാല്‍ കിട്ടുന്ന മറുപടി തികച്ചും നിരാശാജനകമായിരിക്കും. സ്വന്തം താത്വികാചാര്യന്മാരുടെ കൃതികള്‍ വായിക്കാത്ത ഇക്കൂട്ടര്‍ ശ്രീ ഗുരുജിയുടെ ചിന്തകളുടെ സമാഹാരമായ ‘വിചാരധാര’യോ, ‘ശ്രീ ഗുരുജി സമഗ്ര’യോ പൂര്‍ണ്ണമായി വായിച്ചു മനസ്സിലാക്കിയാണ് അദ്ദേഹത്തെ വിമര്‍ശിക്കുന്നത് എന്ന് ധരിക്കുന്നത് മൗഢ്യമാണ്. മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്താന്‍ പരസ്പരം മത്സരിക്കുന്ന രണ്ടു വിഭാഗവും ശ്രീഗുരുജിയുടെ ചിന്തകളെ സ്വന്തം താല്പര്യങ്ങള്‍ക്ക് അനുസൃതമായി വളച്ചൊടിച്ചോ, വികലമാക്കിയോ അവതരിപ്പിച്ച് സംതൃപ്തിയടയുകയാണ്. ‘സത്യമേവ ജയതേ’ എന്ന വേദവിധി പ്രകാരം നോക്കുമ്പോള്‍, സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ അവരാരംഭിച്ച ഈ അപഥസഞ്ചാരം ഇപ്പോള്‍ അവരെ എവിടെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു എന്ന് ‘അരിയാഹാരം കഴിക്കുന്ന’ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് അവരുടെ ജല്പനങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ് ബുദ്ധി. ലാറ്റിന്‍ അമേരിക്കയിലെ ചിലിയില്‍ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തില്‍ എത്തിയ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സാല്‍വദോര്‍ അല്ലേന്‍ഡെ. ”ചിലിയിലെ ജനങ്ങള്‍ ഉത്തരവാദിത്തബോധം ഇല്ലാത്തവരായതിന്റെ പേരില്‍ ആ രാജ്യത്തെ മാര്‍ക്‌സിയന്‍ ചേരിയില്‍ പോകാന്‍ നാമെന്തിന് അനുവദിക്കണം?” എന്നായിരുന്നു അപ്പോഴത്തെ അമേരിക്കയിലെ നിക്‌സണ്‍ ഭരണകൂടത്തിലെ വിദേശകാര്യ സെക്രട്ടറിയായ ഹെന്റി കിസിഞ്ജറുടെ നിലപാട്. അങ്ങനെ, അമേരിക്കയുടെ അകമഴിഞ്ഞ സഹായത്തോടെ ചിലിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ അവിടത്തെ വ്യോമസേന ബോംബാക്രമണം നടത്തുകയും ഗത്യന്തരമില്ലാതെ 1973 സപ്തംബര്‍ 11ന് അല്ലേന്‍ഡെ സ്വന്തം ജീവനൊടുക്കുകയും ചെയ്തു. എന്നാല്‍ കേരളത്തില്‍ ആ സംഭവം ഒരു കോളിളക്കവും ഉണ്ടാക്കിയില്ല. അതിന്റെ പേരില്‍ കമ്മ്യൂണിസ്റ്റുകാര്‍ പോലും മുറവിളി കൂട്ടിയില്ല!
സാല്‍വദോര്‍ അല്ലേന്‍ഡെ

കമ്മ്യൂണിസത്തെ ഇറാഖില്‍ നിന്നും പൂര്‍ണമായും തുടച്ചുനീക്കിയ സ്വേച്ഛാധിപതിയായിരുന്നു സദ്ദാം ഹുസൈന്‍. അദ്ദേഹത്തെ അമേരിക്കന്‍ ഭരണകൂടം ഭരണത്തില്‍ നിന്ന് നിഷ്‌ക്കാസിതനാക്കി കാരാഗൃഹത്തിലടച്ചത് കേരളത്തില്‍ വലിയ കോളിളക്കത്തിന് കാരണമായി. 2006 ഡിസംബര്‍ 30-നാണ് കോടതിവിധി പ്രകാരം അദ്ദേഹത്തെ തൂക്കിലേറ്റിയത്. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിന് എത്രയോ മുമ്പ് തന്നെ കേരളത്തില്‍ അദ്ദേഹത്തിന് വീരപുരുഷന്റെ പരിവേഷം ലഭിച്ചിരുന്നു. ഇതേക്കുറിച്ച് ‘ദി ഇക്കണോമിക് ടൈംസ്’ 2006 നവംബര്‍ 7-ന് എഴുതിയത് ഇതാണ്: ”ഒരുപക്ഷെ, സദ്ദാം ഹുസൈന്‍ തൂക്കുകയറില്‍ നിന്ന് രക്ഷപ്പെട്ട് വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിന് കേരളം തിരഞ്ഞെടുക്കുന്നതാകും നല്ലത്… രാജനൈതിക ദൃഷ്ടിയില്‍ ഐക്യജനാധിപത്യ മുന്നണി, ഇടതു ജനാധിപത്യമുന്നണി എന്നിങ്ങനെ രാഷ്ട്രീയമായി നടുവെ പിളര്‍ന്നു നില്‍ക്കുന്ന ഈ സംസ്ഥാനത്ത് അവര്‍ക്കിടയില്‍ അസാധാരണമായ മാനസിക ഐക്യമാണ് കാണാനാവുന്നത്.” ഇതിന്റെ കാരണം പകല്‍ വെളിച്ചം പോലെ വ്യക്തമാണല്ലൊ. ”വര്‍ഗ്ഗശത്രുവായ സദ്ദാം ഹുസൈനോട് കേരളത്തിലെ ഇടതുപക്ഷ കക്ഷികള്‍ പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യം സമാനതകളില്ലാത്തതും ആരേയും അമ്പരപ്പിക്കുന്നതുമാണ്! വിചാരധാരയുടെ കാര്യത്തിലും ഒരു പുകമറ സൃഷ്ടിച്ച് സംഘത്തെയും ശ്രീഗുരുജിയെയും ന്യൂനപക്ഷ വിരോധികളാക്കി മുദ്രകുത്താന്‍ അവര്‍ മത്സരബുദ്ധിയോടെ വ്യഥാവ്യായാമത്തില്‍ ഏര്‍പ്പെടുന്നതിന്റെയും കാരണം മറ്റൊന്നല്ല. അതായത്, ഹീനമായ വോട്ട്ബാങ്ക് രാഷ്ട്രീയം! അദമ്യമായ മതേതര ബോധമാണ് 1989ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍, നിലവിലുള്ള പാഠ്യപദ്ധതി മാറ്റി ക്രിസ്തീയ മൂല്യങ്ങളും മിസോ സംസ്‌കാരവും ഉള്‍ക്കൊള്ളിച്ചുള്ള പുതിയ സ്‌കൂള്‍ പാഠ്യപദ്ധതി നടപ്പാക്കാമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഉറപ്പു നല്‍കിയതും, പള്ളിതര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനാവാതെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നിന്ന് വട്ടം കറങ്ങുന്നതും!
മഹാഭാരതത്തില്‍ ഭീഷ്മപിതാമഹന്റെ ഒരു വാക്യമുണ്ട്:
”അര്‍ത്ഥസ്യ പുരുഷോ ദാസോ ദാസസ്ത്വര്‍ത്ഥോന കസ്യചിത്”
അതായത്, മനുഷ്യന്‍ പണത്തിന് അടിമയാണ്. പണമാകട്ടെ ആര്‍ക്കും അടിമയല്ലതാനും. (ഭീഷ്മപര്‍വ്വം: അദ്ധ്യായം 43)
നമ്മുടെ ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ എന്തൊക്കെ വീരസ്യം പറഞ്ഞാലും, അവരുടെ അവസ്ഥയും ഇതാണ്. ഒരു ചെറിയ ഉദാഹരണം പറയാം. പ്രശസ്ത സാഹിത്യകാരന്‍ ഒ.വി. വിജയന്‍ ഇസ്രയേലി പ്രശ്‌നത്തെക്കുറിച്ചുള്ള തന്റെ ഒരു ലേഖനം പല പ്രമുഖ മലയാള വാരികകള്‍ക്കും പ്രസിദ്ധീകരിക്കാന്‍ വേണ്ടി അയച്ചുകൊടുത്തു. അവരാരും അത് പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഒരു വാരികയുടെ പത്രാധിപര്‍ ക്ഷമാപണത്തോടെയുള്ള ഒരു നിരസനക്കുറിപ്പ് അദ്ദേഹത്തിന് അയക്കാനുള്ള സൗമനസ്യം കാണിച്ചു. ലേഖനം പ്രസിദ്ധീകരിച്ചാല്‍ തങ്ങളുടെ മാധ്യമസ്ഥാപനത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ ഗള്‍ഫ് നാടുകളില്‍ പരക്കെ നിരോധിക്കപ്പെടാന്‍ സാധ്യത ഉണ്ട് എന്നതായിരുന്നു അവരുടെ ഭയം. (ഒ.വി. വിജയന്റെ ലേഖനങ്ങള്‍: പുറം 594). ഇവിടെ, സ്ഥാലീപുലാക ന്യായമുസരിച്ച് കേരളത്തിലെയെങ്കിലും മാധ്യമങ്ങളെ സംബന്ധിച്ച് സംഘവും, ശ്രീ ഗുരുജിയും മറ്റും ‘അസ്പൃശ്യരും’ എതിര്‍ക്കപ്പെടേണ്ടവരുമായിത്തീരുന്നതിന്റെ കാരണവും ഭീഷ്മര്‍ പറഞ്ഞതായ അര്‍ത്ഥദാസ്യം അല്ലാതെ മറ്റൊന്നുമല്ല. അങ്ങനെ നോക്കുമ്പോള്‍ കേരളത്തിലെ സംഘത്തിന്റെ അവസ്ഥ സംഘം വേഴ്‌സസ് ഓള്‍ അദേര്‍സ് എന്നതാണ്. ഈ സാഹചര്യത്തിലും സംഘം കേരളത്തില്‍ അനുദിനം ശക്തിപ്പെട്ടുവരുന്നത് സംഘപ്രാര്‍ത്ഥനയില്‍ പറയുന്നത് പോലെ ‘സംഘകാര്യം ഈശ്വരീയ കാര്യ’മാണെന്നതും സ്വയംസേവകരുടെ നിശ്ചയദാര്‍ഢ്യവുമാണ്.
”കാര്യകര്‍ത്താവ്” എന്ന ദത്തോപന്ത് ഠേംഗ്ഡിജിയുടെ പുസ്തകത്തിന്റെ വിഷയപ്രവേശം എന്ന അദ്ധ്യായത്തില്‍ അദ്ദേഹം പറയുന്നു: ”വാസ്തവത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം എന്താണ്? അതിന്റെ അടിസ്ഥാന സിദ്ധാന്തമെന്ത്? അന്തിമ ലക്ഷ്യമെന്ത്? എന്നതിനെക്കുറിച്ചെല്ലാം നമുക്ക് സ്വാഭാവികമായും അറിവുണ്ടെന്നതിനാല്‍ അതേക്കുറിച്ച് ആവര്‍ത്തിച്ചു പറയേണ്ടതില്ല. എന്നാല്‍, ”ഒരു വിഷയത്തെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞു കഴിഞ്ഞാല്‍ അതേക്കുറിച്ച് വ്യക്തത കൈവരുമെങ്കിലും, പിന്നീട് സാഹചര്യങ്ങളും പരിണാമരൂപിയായ മനസ്സിന്റെ അവസ്ഥയും മാറി വരുമ്പോള്‍ നേരത്തെ ഉണ്ടായിരുന്ന വ്യക്തതക്ക് മങ്ങലേല്‍ക്കുകയും പുതിയ ചില സംശയങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍, മനസ്സിന്റെ സ്ഥിരത വീണ്ടെടുക്കാന്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കേണ്ടിവരും എന്ന സമര്‍ത്ഥ രാമദാസ സ്വാമികളുടെ ഉക്തിയനുസരിച്ചാണ് മുമ്പ് പറഞ്ഞ കാര്യം തന്നെ ഇവിടെ വീണ്ടും ആവര്‍ത്തിക്കുന്നത്.” ഈ ലേഖനമെഴുതാനുണ്ടായ പ്രേരണയും മറ്റൊന്നല്ല.
ശ്രീ ഗുരുജിയെ സംബന്ധിച്ച് ദേശത്തിന്റെ ഐക്യം അലംഘനീയമായ വിശ്വാസപ്രമാണമായിരുന്നു. ഐക്യത്തെക്കുറിച്ചുള്ള ഹൈന്ദവ സങ്കല്പം ഒത്തൊരുമ എന്നതാണ്. അതൊരിക്കലും ഏകരൂപത (uniformity) അല്ല. ദേശീയതയുടെ അടിസ്ഥാനത്തില്‍, ഒരു വ്യക്തി ഒരു ഹിന്ദുവാണെന്നതോടൊപ്പം സനാതനിയോ, ആര്യസമാജക്കാരനോ, മുസ്ലീമോ, ക്രിസ്ത്യാനിയോ, സിഖ്കാരനോ, ബൗദ്ധനോ ആകാം. ശ്രീ ഗുരുജിയുടെ ഹൈന്ദവ സങ്കല്പത്തില്‍ യേശുക്രിസ്തുവിനും, പ്രവാചകനായ മുഹമ്മദിനും, ജരദുഷ്ട്രനും, മോശക്കും സ്ഥാനമുണ്ട്. ഭാരതീയരായ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും, മറ്റെല്ലാവര്‍ക്കും ഉള്ള അവകാശങ്ങള്‍ തുല്യമായി ഉണ്ടാവണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മതത്തിന്റെ പേരില്‍ ആരോടും വിവേചനം കാണിക്കുന്നതിനോട് അദ്ദേഹം ഒരിക്കലും യോജിച്ചിരുന്നില്ല. ”ഇവിടെ അധിവസിക്കുന്ന അഹിന്ദുക്കള്‍ക്ക് (മതപരമായ ദൃഷ്ടിയില്‍) അനുഷ്ഠിക്കാന്‍ ഒരു രാഷ്ട്രധര്‍മ്മം (ദേശീയ കര്‍ത്തവ്യം) ഉണ്ട്, ഒരു സമാജധര്‍മ്മം (സാമൂഹികമായ കര്‍ത്തവ്യം) ഉണ്ട്. ഒരു കുലധര്‍മ്മം (പൂര്‍വ്വികരോടുള്ള കര്‍ത്തവ്യം) ഉണ്ട്, ഒരു വ്യക്തി ധര്‍മ്മവും (വൈയ്യക്തികമായ മതവിശ്വാസം) ഉണ്ട്. ഇവയില്‍ വൈയ്യക്തികമായ മതവിശ്വാസം തന്റെ ആദ്ധ്യാത്മികമായ ലക്ഷ്യം നിറവേറ്റാന്‍ പാകത്തില്‍ വ്യക്തിക്ക് യഥേഷ്ടം തിരഞ്ഞെടുക്കാവുന്നതാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, തന്റെ ദേശീയവും, സാമൂഹ്യവും, കുലപരവുമായ ധര്‍മ്മം നിറവേറ്റിക്കഴിഞ്ഞാല്‍, തന്റെ ആദ്ധ്യാത്മികമായ തൃഷ്ണ ശമിപ്പിക്കാന്‍ ഒരാള്‍ക്ക് ഖുര്‍ആനേയോ ബൈബിളിനേയോ പിന്തുടരണമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അപ്രകാരം ചെയ്യാം.
മുസ്ലീങ്ങളോടും ക്രിസ്ത്യാനികളോടും സഹിഷ്ണുത പുലര്‍ത്തുന്നതിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് ശ്രീ ഗുരുജി നല്‍കിയ മറുപടി ഇതിന്റെ വ്യക്തമായ തെളിവാണ്. ”ഞാന്‍ അവരോട് കേവലം സഹിഷ്ണുത പുലര്‍ത്തുകയല്ല, അവരെ ആദരിക്കുക കൂടി ചെയ്യുന്നു’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം, മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും പ്രഥമമായ വിധേയത്വം അവരവരുടെ മതത്തോടും, അതിനുശേഷം രാഷ്ട്രത്തോടും എന്ന നിലപാട് അദ്ദേഹത്തിന് ഒരിക്കലും സ്വീകാര്യമായിരുന്നില്ല. മാത്രമല്ല, ഹിന്ദുക്കളോടു പോലും അദ്ദേഹം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സ്വീകരിച്ചത് ഇതേ കര്‍ശനമായ നിലപാടായിരുന്നു. 1971 ജനുവരി 30-ന് ഡോ.സൈഫുദ്ദീന്‍ ജിലാനിയുമായി കൊല്‍ക്കത്തയില്‍ നടന്ന സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞ കാര്യം ഇത് വ്യക്തമാക്കുന്നുണ്ട്. ”സമ്പൂര്‍ണ ദേശത്തേയും കുറിച്ചു ചിന്തിക്കുന്നതു കൊണ്ടാണ് ഞാന്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഒരുപക്ഷെ, നാളെ ഹിന്ദുക്കള്‍ രാഷ്ട്രഹിതത്തിന് വിരുദ്ധമായി നീങ്ങിയാല്‍ അവരുടെ കാര്യത്തില്‍ പിന്നെ എനിക്ക് എന്ത് താല്പര്യമാണുണ്ടാവുക?” (ശ്രീ ഗുരുജി സമഗ്ര ദര്‍ശന്‍: വാല്യം 6, പുറം 236)
ഈ അവസരത്തില്‍, ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഡോ. ബാബാ സാഹബ് അംബേദ്കര്‍ നടത്തിയ ഒരു നിരീക്ഷണം ഉദ്ധരിക്കുന്നത് അത്യന്തം സംഗതമാണ്. അദ്ദേഹം പറഞ്ഞു: ”ചരിത്രം ആവര്‍ത്തിക്കപ്പെടുമോ എന്ന ചിന്തയാണ് എന്നെയലട്ടുന്നത്. ജാതിയുടെയും മതവിശ്വാസങ്ങളുടെയും പേരില്‍ ഇപ്പോള്‍ തന്നെയുള്ള ശത്രുക്കള്‍ക്ക് പുറമെ, പരസ്പരം ശത്രുത പുലര്‍ത്തുന്ന വിവിധ ചിന്താധാരകളോടു കൂടിയ അനേകം രാഷ്ട്രീയ കക്ഷികള്‍ ഇവിടെ നിലവില്‍ വരും. ഭാരതീയന്‍ രാജ്യത്തിനോ തന്റെ രാജനൈതിക സിദ്ധാന്തത്തിനോ പ്രഥമ പരിഗണന നല്‍കാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് എനിക്ക് പറയാനാവില്ല. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ തങ്ങളുടെ രാജനൈതിക സിദ്ധാന്തത്തിന് രാജ്യത്തെക്കാളധികം പ്രാമുഖ്യം നല്‍കുന്ന സാഹചര്യത്തില്‍ നമ്മുടെ സ്വാതന്ത്ര്യം അപകടത്തിലാവുകയും ഒരു പക്ഷെ എന്നന്നേക്കുമായി നഷ്ടപ്പെടുകയുമായിരിക്കും ഫലം. ഇതിനെയാണ് നാം ഒറ്റക്കെട്ടായി തടയേണ്ടത്. നമ്മുടെ അവസാനത്തെ തുള്ളി രക്തം പോലും നല്‍കി നമ്മുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ നാം ഉറച്ചു തീരുമാനിക്കണം” (ഭരണഘടനാ നിര്‍മ്മാണ സഭാ രേഖകള്‍ 11.165.320).
വാസ്തവത്തില്‍, വിചാരധാര ഉള്‍പ്പെടെ 11 വാള്യങ്ങളായി പ്രസിദ്ധീകരിച്ച ശ്രീ ഗുരുജിയുടെ വാങ്മയത്തില്‍ (12-ാമത്തെ വാള്യം സ്മരണാഞ്ജലിയാണ്) അദ്ദേഹം പറഞ്ഞതിന്റെ രത്‌നച്ചുരുക്കം ഇതുതന്നെയായിരുന്നു. അതായത്, അദ്ദേഹം പറഞ്ഞതെല്ലാം രാഷ്ട്രത്തെക്കുറിച്ചും രാഷ്ട്രത്തിനുവേണ്ടിയുമാണ്.
ഡോ.ജിലാനിയുമായുള്ള സംഭാഷണത്തില്‍ ശ്രീ ഗുരുജി പറഞ്ഞ മറ്റൊരു കാര്യം ചിന്തോദ്ദീപകമാണ്. അദ്ദേഹം പറഞ്ഞു: ”പാണിനിയുടെ 5-ാം ജന്മ സഹസ്രാബ്ദി പാകിസ്ഥാന്‍ ആഘോഷിക്കുകയുണ്ടായി. അതിന്റെ കാരണം എന്തായിരുന്നു? അതിന്റെ കാരണം ഇപ്പോള്‍ പാകിസ്ഥാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലത്തായിരുന്നു പാണിനി ജനിച്ചത്. പാകിസ്ഥാന്‍ ജനതക്ക് പാണിനിയെ തങ്ങളുടെ പൂര്‍വ്വികന്മാരില്‍ ഒരാളായി കാണാമെങ്കില്‍, ഭാരതത്തിലെ ഹിന്ദു-മുസല്‍മാനും (ഞാന്‍ അവരെ ഹിന്ദു-മുസല്‍മാന്‍ എന്നാണ് പറയുന്നത്) പാണിനിയേയും, വ്യാസനേയും, രാമനേയും കൃഷ്ണനേയും മറ്റും എന്തുകൊണ്ട് തങ്ങളുടെ പൂര്‍വ്വകരായി അഭിമാനപൂര്‍വ്വം കരുതിക്കൂടാ? രാമനേയും കൃഷ്ണനേയും മറ്റും ഭഗവാന്റെ രൂപത്തില്‍ അംഗീകരിക്കാത്ത ധാരാളം ഹിന്ദുക്കളുണ്ട്. പക്ഷെ, അവര്‍ മഹാപുരുഷന്മാരാണെന്നും അനുകരണീയരാണെന്നും അവര്‍ കരുതുന്നു. അതുകൊണ്ട്, മുസല്‍മാന്മാര്‍ അവരെ അവതാരപുരുഷന്മാരെന്ന് കരുതുന്നില്ലെങ്കില്‍ അതില്‍ യാതൊരു കുഴപ്പവുമില്ല. പക്ഷെ, അവരെ അവര്‍ രാഷ്ട്രപുരുഷന്മാരായി അംഗീകരിക്കേണ്ടതല്ലെ? (അതേ പുസ്തകം: പുറം 266-267).
എല്ലാ മതങ്ങളുടെയും വിശുദ്ധിയെ, ഒന്നിനെയും മറ്റൊന്നിനെക്കാള്‍ മികച്ചതെന്ന് പരിഗണിക്കാതെ, ഭാരത ഭരണഘടന അംഗീകരിക്കുന്നു. ”ഏകം സത് വിപ്രാ ബഹുധാ വദന്തി എന്ന ഭാരതീയ സംസ്‌കാരത്തിന്റെ ധര്‍മ്മ ചിന്ത പ്രതിഫലിപ്പിക്കുക എന്നതാണ് അതിലൂടെ അത് ചെയ്തത്. ഈ ഒരു അര്‍ത്ഥത്തില്‍ മാത്രമാണ് ‘മതേതരം’ എന്ന വാക്ക് ഭാരതത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ സംഗതമാകുന്നത്” എന്നാണ് ചിന്തകനും സ്വാതന്ത്ര്യസമരസേനായിയുമായ അച്യുത് പട്‌വര്‍ദ്ധന്‍ പറഞ്ഞത് (മന്ഥന്‍: വാല്യം 13. നമ്പര്‍ 10-12, പുറം 6).
ഭാരതീയ മതങ്ങളും തത്ത്വശാസ്ത്രവും ഒരു ഹിന്ദുവിനെയെന്നപോലെ ഒരു മുസ്ലീമിനേയും ക്രിസ്ത്യാനിയേയും നല്ലവനെന്നു തന്നെയാണ് കരുതുന്നത്. മാത്രമല്ല, ഈശ്വരസാക്ഷാത്ക്കാരം ഹിന്ദുവിനു മാത്രമേ ലഭിക്കൂ എന്നും നാമൊരിക്കലും കരുതുന്നില്ല. എല്ലാവര്‍ക്കും അവനവന് ഇഷ്ടപ്പെട്ട പാത തിരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ഈ വിഷയത്തെക്കുറിച്ച് ശ്രീ ഗുരുജി പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘ശൃംഗേരി മഠത്തിലെ പൂര്‍വ്വ ശങ്കരാചാര്യര്‍ ശ്രീ ചന്ദ്രശേഖര ഭാരതി സ്വാമികളുടെ ഒരു ഉദാഹരണം ഞാന്‍ പറയാം. ഒരു അമേരിക്കക്കാരന്‍ തനിക്ക് ഹിന്ദുമതം സ്വീകരിക്കണമെന്ന ആവശ്യവുമായി സ്വാമികളെ സമീപിച്ചു. സ്വാമികള്‍ അതിന്റെ കാരണത്തെക്കുറിച്ച് ആരാഞ്ഞു. ക്രിസ്തുമതത്തില്‍ താന്‍ സംതൃപ്തനല്ലെന്നായിരുന്നു അമേരിക്കക്കാരന്റെ മറുപടി. ‘അതെന്റെ ആദ്ധ്യാത്മിക ദാഹത്തെ ശമിപ്പിക്കുന്നില്ല’ എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. ”നിങ്ങള്‍ ആത്മാര്‍ത്ഥതയോടെ ക്രിസ്തുമതത്തെ ആചരിച്ചിട്ടുണ്ടോ. ആദ്യം അപ്രകാരം ചെയ്യൂ. എന്നിട്ടും നിങ്ങള്‍ക്ക് സംതൃപ്തി ലഭിക്കുന്നില്ലെങ്കില്‍, അപ്പോള്‍ എന്നെ സമീപിക്കൂ” എന്നായിരുന്നു സ്വാമികള്‍ അയാള്‍ക്ക് നല്‍കിയ ഉപദേശം. നമ്മുടേത് മതപരിവര്‍ത്തനത്തില്‍ വിശ്വസിക്കാത്ത ധര്‍മ്മമാണ്. മതപരിവര്‍ത്തനത്തിന്റെ പിന്നിലുള്ള പ്രേരണ മിക്കവാറും രാജനൈതികതയോ അതുപോലെത്തെ മറ്റെന്തെങ്കിലും നേട്ടമോ ആയിരിക്കും. നാമതിനെ നിരാകരിക്കുന്നു.” (സ്‌പോട്ട്‌ലൈറ്റ്‌സ്: പുറം 51-52).
മതപരിവര്‍ത്തനം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. മതപ്രചരണം നടത്താനുള്ള ഭരണഘടനാപരമായ അവകാശം മതപരിവര്‍ത്തനം നടത്താനുള്ള ലൈസന്‍സാണെന്ന് കരുതുന്നത് തെറ്റാണ്. ഈ കാര്യം നമ്മുടെ സുപ്രീം കോടതിതന്നെ അര്‍ത്ഥശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയതുമാണ്. 1968ല്‍ മദ്ധ്യപ്രദേശിലെയും ഒറീസ്സയിലെയും സര്‍ക്കാരുകള്‍ മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ആക്ഷേപകരമായ രീതികള്‍ നിയന്ത്രിക്കാന്‍ ‘മത സ്വാതന്ത്ര്യ നിയമം’ നടപ്പാക്കിയപ്പോള്‍, ക്രിസ്ത്യന്‍ മിഷണറിമാര്‍ അവിടങ്ങളിലെ ഹൈക്കോടതികളില്‍ ഇതിനെ ചോദ്യം ചെയ്ത് ഹര്‍ജികള്‍ നല്‍കി. ഹൈക്കോടതികളില്‍ പരാജയപ്പെട്ടപ്പോള്‍ അവര്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ മതപ്രചരണം നടത്താനുള്ള അവകാശം മതപരിവര്‍ത്തനം നടത്താനുള്ള അവകാശമാണെന്നുള്ള അവരുടെ വാദം തള്ളിക്കളഞ്ഞ കോടതി, മദ്ധ്യപ്രദേശ്, ഒറീസ്സാ സര്‍ക്കാരുകള്‍ നടപ്പാക്കിയ ‘മതസ്വാതന്ത്ര്യനിയമം’ ഭരണഘടനാപരമാണെന്ന് വിധിക്കുകയും ചെയ്തു.
ഭരണഘടനാ വിരുദ്ധമായ മതപരിവര്‍ത്തനത്തിന് ക്രിസ്ത്യന്‍ മിഷനുകള്‍ ഉപയോഗിക്കുന്നത് വിദേശത്ത് നിന്നും ഈ ആവശ്യത്തിന് കൊണ്ടുവരുന്ന പണമാണെന്നതാണ് മറ്റൊരു കാര്യം. കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് വിദേശത്ത് നിന്നും ധനസഹായം ലഭിക്കുന്ന സന്നദ്ധസംഘടനകളില്‍ 80%വും ഫലത്തില്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ക്രിസ്ത്യന്‍ സംഘടനകളാണെന്നാണ്.
ക്രിസ്തുമതത്തിന്റെ പേരില്‍ ഗോവയില്‍ നടന്ന അതിക്രമങ്ങളും നരമേധവും ആരുടെയും മനഃസാക്ഷിയെ മരവിപ്പിക്കുന്നതാണ്. നാഗാലാന്റിന്റെ രൂപീകരണത്തിനുവേണ്ടി അവിടെ നടന്ന അതിക്രമങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ക്രിസ്ത്യന്‍ പാതിരിമാരാണെന്നത് പ്രധാനമന്ത്രിയായ നെഹ്‌റു പോലും അംഗീകരിച്ച വസ്തുതയാണ്. അവിടെ ഭാരത സൈനികരെ അവര്‍ നേരിട്ടത് വിദേശ നിര്‍മ്മിത ആയുധങ്ങള്‍ ഉപയോഗിച്ചാണ്. കേരളത്തില്‍ ശബരിമലയിലെ തീവെപ്പിനു പിന്നിലാരായിരുന്നു? നിലയ്ക്കല്‍ മഹാക്ഷേത്രഭൂമിയില്‍ കുരിശ് നട്ടതാരായിരുന്നു? ഇതിന്റെയെല്ലാം പിന്നിലെ ലക്ഷ്യം എന്തായിരുന്നു?
ഉത്തരഭാരതത്തില്‍ ആക്രമണകാരികളായി എത്തിയ മുസ്ലിങ്ങള്‍ വിതച്ച നാശത്തിന്റെ ചരിത്രം പറഞ്ഞാല്‍ തീരാത്തത്രയുണ്ട്. 1921ല്‍ മലബാറിലെ മാപ്പിള ലഹളയില്‍ ഹിന്ദുക്കള്‍ അനുഭവിച്ച യാതനകളെക്കുറിച്ച് പറഞ്ഞാല്‍ തീരുമോ? ഇത്തരം ചരിത്ര വസ്തുതകളെ ആവശ്യമെങ്കില്‍ മറക്കാനും പൊറുക്കാനും കഴിഞ്ഞെന്നു വരാം. എന്നാല്‍ ഈ ചരിത്ര വസ്തുതകളെ കാലത്തിന്റെ ഏടുകളില്‍ നിന്ന് മായ്ച്ചു കളയാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് മൗഢ്യമാണ്. ഈ ചരിത്രസത്യങ്ങളെക്കുറിച്ച് സത്യസന്ധമായി വിവരിക്കുകയാണ് തന്റെ വാങ്മയത്തിലുടനീളം രാഷ്ട്രഋഷിയായ ശ്രീ ഗുരുജി ചെയ്തത്. അതിന്റെ പിന്നില്‍ ആരോടെങ്കിലുമുള്ള വിദ്വേഷത്തിന്റെ, വെറുപ്പിന്റെ ചെറിയൊരു കണികപോലും കാണാനാവില്ല. കാരണം, ”സര്‍വേഷാം അവിരോധേന” (ഭഗവദ് ഗീത: അദ്ധ്യായം1, ശ്ലോകം 25) – ആരോടും വിരോധം കൂടാതെ – എന്നതായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തേയും ആദര്‍ശം.
1962ലെ ഭാരത-ചൈനാ യുദ്ധകാലത്ത്, മനസ്സുകൊണ്ട് കമ്മ്യൂണിസത്തോട് എപ്പോഴും സഹാനുഭൂതി കാട്ടിയ, മാധവ ഗോഡ്‌ബോലെ തന്റെ പുസ്തകത്തില്‍ ഏീറ ണവീ എമശഹലറ (പരാജയപ്പെട്ട ദൈവം) എന്ന് വിശേഷിപ്പിച്ച ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി, ഭാരതത്തിലെ സകലമാന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെയും പിടിച്ച് തുറുങ്കിലടച്ചത്, അവര്‍ ദേശപ്രേമം മൂത്ത് യുദ്ധരംഗത്തെത്തി ഒന്നടങ്കം വീരമൃത്യു വരിച്ചാല്‍ ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേതാക്കളുടെ അഭാവത്തില്‍ അനാഥമായിത്തീരുമെന്ന ആശങ്കകൊണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ? അങ്ങനെയായിരുന്നില്ലെങ്കില്‍ നെഹ്‌റു അവരെ എന്തിന് ജയിലിലടച്ചു? കുറഞ്ഞപക്ഷം ഈ വിഷയത്തിലെങ്കിലും ഞാന്‍ പിന്തുടരാനാഗ്രഹിക്കുന്നത് നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ‘നികൃഷ്ടജീവിയെ, നികൃഷ്ട ജീവിയെന്നല്ലാതെ എന്ത് പറയാന്‍? എന്ന ‘അമൃത’ വചനമാണ്.
2020-ല്‍ ഒരു കമാന്റിങ്ങ് ഓഫീസര്‍ ഉള്‍പ്പെടെ നമ്മുടെ 20 വീരജവാന്മാര്‍ ഗാല്‍വാനില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്റെ ആര്‍മിയുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സംഭവത്തെക്കുറിച്ച് ഇവിടത്തെ കമ്മ്യൂണിസ്റ്റുകളുടെ പ്രതികരണം എന്തായിരുന്നു? ജമ്മു-കാശ്മീരിന്റെ പുനഃസംഘടന, അമേരിക്കയുടെ ഇന്‍ഡോ-പെസഫിക് തന്ത്രത്തിന്റെ ഭാഗമാകാനുള്ള ഭാരതത്തിന്റെ തീരുമാനം, കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ ചൈനയെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമത്തില്‍ ഭാരതം അമേരിക്കയുടെ പക്ഷം പിടിച്ചത് – ഇവയെല്ലാം ചൈനയെ പ്രകോപിപ്പിക്കാന്‍ കാരണമായി എന്നെല്ലാമായിരുന്നു അവരുടെ പ്രചാരണം. മാത്രമല്ല, 2020 ജൂലായ് 1-ന് ചൈന, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം സ്ഥാപനദിനം ആചരിക്കുന്നതിന്റെ ഭാഗമായി, ഭാരതത്തിലെ ചൈനീസ് സ്ഥാനപതി നടത്തിയ വെര്‍ച്ച്വല്‍ സെമിനാറില്‍ സീ താരാം യെച്ചൂരിയും സി.പി.ഐയെ പ്രതിനിധീകരിച്ച് ഡി.രാജയും, ഫോര്‍വേഡ് ബ്ലോക്കിന്റെ കേന്ദ്രസമിതി സെക്രട്ടറി ജി.ദേവരാജനും പങ്കെടുക്കുകയും ചെയ്തു. ഇതാണവരുടെ ദേശഭക്തി! ശ്രീ ഗുരുജി, നേരത്തെ സൂചിപ്പിച്ചപോലെ, ആരേയും വിരോധികളായി കണ്ടിരുന്നില്ലെന്ന് മാത്രമല്ല, ഓരോ വിഷയത്തിലും വസ്തുനിഷ്ഠമായ നിലപാടും സ്വീകരിച്ചിരുന്നു.
കമ്മ്യൂണിസ്റ്റുകാര്‍ക്ക് അവരുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കാത്തവരെല്ലാം വര്‍ഗ്ഗശത്രുക്കളാണ്. ഈ കാര്യം അവര്‍ തുറന്നു പറയാറുമുണ്ട്. കേരള സംസ്ഥാനം രൂപീകൃതമായ ശേഷം ഭരണത്തില്‍ വന്ന ഇ.എം.എസ്. നയിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ 1959ല്‍ പ്രതിപക്ഷകക്ഷികളും ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്മാരും ചില സമുദായിക സംഘടനകളും ‘വിമോചന സമരം’ എന്ന പേരില്‍ പ്രക്ഷോഭം നടത്തിയപ്പോള്‍, അതിനെക്കുറിച്ച് ശ്രീ ഗുരുജി 1959 ജൂണ്‍ 29ന് ലഖ്‌നൗവിലെ ദേവേന്ദ്രജിക്ക് അയച്ച കത്തില്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു.
”ഒരു കാര്യം വ്യക്തമാണ്. ജനാധിപത്യ വ്യവസ്ഥയും അതിന്റെ അടിസ്ഥാനശിലയായ ഭരണഘടനയും അംഗീകരിക്കുന്നുവെങ്കില്‍, ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം ന്യായീകരിക്കാന്‍ പറ്റുന്നതാണെന്ന് തോന്നുന്നില്ല. സത്യഗ്രഹം മുതലായ സമരമുറകളിലൂടെയാണെങ്കില്‍ പോലും, ഭരണത്തിലിരിക്കുന്ന കക്ഷിയെ നിഷ്‌ക്കാസിതരാക്കി സ്വയം ഭരണം കൈക്കലാക്കുന്നത് ഉചിതമാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍, അത് തീര്‍ച്ചയായും ഭരണഘടനയോട് കാണിക്കുന്ന അനാദരവാണ്. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന ചിന്ത ജീവിത സിദ്ധാന്തമായി കാണുന്നവരുടെ കാഴ്ചപ്പാടില്‍ ഇത്തരം ചെയ്തികള്‍ ശരിയാണെന്ന് തോന്നിയേക്കാം. ഇപ്പോള്‍ കേരളത്തില്‍ ഭരണത്തിലിരിക്കുന്ന കക്ഷി ദേശവിരുദ്ധമാണെന്ന് അസന്നിഗ്ദ്ധമായി കേന്ദ്രസര്‍ക്കാരും ഭരണഘടനയും പ്രഖ്യാപിക്കുന്നതു വരെ, ഭരണഘടനയില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ക്ക് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.’ (പത്രരൂപ് ഗുരുജി: പുറം 309)
സംഘത്തെ മുച്ചൂടും നശിപ്പിക്കാന്‍ വ്രതമെടുത്ത വ്യക്തിയായിരുന്നു നമ്മുടെ പ്രധാനമന്ത്രി നെഹ്‌റു. തന്റെ പ്രധാനമന്ത്രിപദം പോലും ഈ കാര്യത്തിനു വേണ്ടി അദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ നെഹ്‌റുവിന്റെ ലണ്ടന്‍ സന്ദര്‍ശന സമയത്ത് അവിടത്തെ ഭാരതീയര്‍ കരിങ്കൊടിയേന്തി ‘നെഹ്‌റു മുര്‍ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത് ശ്രീ ഗുരുജിക്ക് അംഗീകരിക്കാനായില്ല. ”നാം തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ വിദേശ രാജ്യങ്ങളില്‍ ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നത് ഉചിതമല്ല” എന്നാണ് അദ്ദേഹം പറഞ്ഞത്.
സ്വതന്ത്ര നാഗാലാന്റിനു വേണ്ടി നിലകൊണ്ട ഫിസോവിന്റെ അനുയായികള്‍ നെഹ്‌റു പങ്കെടുത്ത ഒരു യോഗത്തില്‍ വെച്ച്, അവരുടെ യോഗ്യമല്ലാത്ത പെരുമാറ്റത്തിന്റെ പേരില്‍ നെഹ്‌റു അവരെ ശകാരിച്ചതിനെ തുടര്‍ന്ന്, ഒന്നടങ്കം യോഗം ബഹിഷ്‌കരിച്ചു പുറത്തിറങ്ങി. അങ്ങനെ, യോഗസ്ഥലത്ത് നെഹ്‌റുവും ഒപ്പമെത്തിയവരും മാത്രമായി. ഈ വിവരം അറിഞ്ഞതോടെ അസ്വസ്ഥനായ ശ്രീ ഗുരുജി അതീവ ദുഃഖത്തോടെ പറഞ്ഞത് ഇതായിരുന്നു. ”നടപടി ഭാരതപ്രധാനമന്ത്രിയെ മാത്രമല്ല, രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതാണ്. അദ്ദേഹത്തെ യോഗസ്ഥലത്ത് ഒറ്റക്കാക്കി മറ്റുള്ളവര്‍ യോഗം ബഹിഷ്‌ക്കരിച്ച നടപടി ആര്‍ക്കാണ് അംഗീകരിക്കാനാവുക?’ (ശ്രീ ഗുരുജി ജീവന്‍ പ്രസംഗ്: വാള്യം 1, പുറം 189) രാഷ്ട്രീയതിമിരം ബാധിച്ച് അന്ധരായി തീരാത്തവര്‍, ഗുരുജിയെക്കുറിച്ച് മനസ്സിലാക്കുമ്പോള്‍, അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് അറിയുമ്പോള്‍, അദ്ദേഹത്തിന്റെ ചിന്തയുടെ ഒരംശമെങ്കിലും വായിക്കാനിടവരുമ്പോള്‍ അദ്ദേഹത്തിന്റെ ആരാധകരായി മാറിയ ധാരാളം സംഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ഒരനുഭവം വിവരിക്കാം.
ശ്രീ ഗുരുജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേസരിവാരികയില്‍ ഒരു വര്‍ഷക്കാലത്തേക്ക് എല്ലാ ലക്കങ്ങളിലും ‘വിചാരസുധ’ എന്ന പംക്തി ആരംഭിക്കാനും അദ്ദേഹത്തിന്റെ അമൃതവചനങ്ങള്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. 2006 മെയ്മാസം 14-ാം തീയതിയിലെ ലക്കത്തില്‍ കൊടുത്ത അമൃതവചനം ഇതായിരുന്നു.
”പൊളിറ്റിക്കല്‍ഹിന്ദു ആവാതിരിക്കൂ
‘ആത്മ വിസ്മൃതിയാണ് ഇന്ന് നമ്മുടെ ഏറ്റവും വലിയദോഷം. നാം യഥാര്‍ത്ഥ ദേശീയതയെ വിസ്മരിച്ചിരിക്കുന്നു. താന്‍ തീവ്രഹിന്ദുവാണെന്ന് അവകാശപ്പെടുന്നവരുടെ പോലും വികാരത്തെ വിശ്ലേഷണം ചെയ്താല്‍ വളരെ വിചിത്രമായ സ്ഥിതിയാണ് നമുക്ക് കാണുവാനാകുക. ഹിന്ദു എന്നത് നമ്മുടെ ഉപനാമം മാത്രമായിത്തീര്‍ന്നിരിക്കുന്നു. ഹിന്ദു എന്നാല്‍ പൊളിറ്റിക്കല്‍ ഹിന്ദു, മുസ്ലിങ്ങള്‍ക്കെതിരായി സംസാരിക്കുന്ന ഹിന്ദു, ക്രിസ്ത്യന്‍ വിരോധം പ്രചരിപ്പിക്കുന്ന ഹിന്ദു-ഇതായിരിക്കുന്നു സ്ഥിതി. ഈ നിഷേധാത്മകത ശരിയല്ല. ഹിന്ദുത്വത്തിന്റെ അനുഭൂതി ഉണ്ടാവേണ്ടത് നമ്മുടെ ആത്മാവില്‍ നിന്നുമാണ്. പ്രതിക്രിയാത്മക ഹിന്ദുത്വംകൊണ്ട് യാതൊരു ഉപയോഗവുമുണ്ടാവില്ല. പൊളിറ്റിക്കല്‍ ഹിന്ദുവിന്റെ ശ്രദ്ധ കേവലം ധനപരമായ നേട്ടങ്ങളിലും അധികാരത്തിലുമായിരിക്കും. ഹിന്ദുത്വം സ്വാര്‍ത്ഥലാഭത്തിലധിഷ്ഠിതമാവരുത്. ഞാന്‍ ഹിന്ദുവാണെന്ന് പറയുന്നതിന്റെ അര്‍ത്ഥം എന്റെ ഉള്ളില്‍ അസാമാന്യ ഗുണങ്ങളുണ്ട്, എനിക്ക് തനതായ ഒരു പാരമ്പര്യമുണ്ട്, എന്റെ ജീവിതദര്‍ശനം ഹിന്ദുത്വത്തിന് അനുഗുണമാണ് എന്നെല്ലാമാണ്. നമ്മുടെ ബോധം ഇപ്രകാരം ഭാവാത്മകവും രചനാത്മകവും ക്രിയാത്മകവുമാവണം. ഒരിക്കലും പ്രതിക്രിയാത്മകമാവരുത്.’ (ഉദ്ധരണി ശ്രീഗുരുജി സമഗ്ര വാള്യം 3, പുറം 135ല്‍ നിന്നെടുത്തത്)
ഈ അമൃതവചനം വായിച്ച് ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്‍ പാഠഭേദം എന്ന മാസികയില്‍ ‘രാഷ്ട്രീയ ഹിന്ദുഃ ഗോള്‍വള്‍ക്കര്‍ എതിരായിരുന്നോ?’ എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പ്രസ്തുത അമൃതവചനം പൂര്‍ണമായും കൊടുത്തിട്ടുണ്ട്. ലേഖനത്തില്‍ ശ്രീഗുരുജിയെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്. ”മുസ്ലിം-ക്രിസ്ത്യന്‍ വിരോധത്തിന്റെ അജണ്ട നിഷേധാത്മകമാണെന്ന് കരുതുന്ന ഗുരുജി ഒരാള്‍ ഹിന്ദുവാകുന്നത് ഉള്ളില്‍ അസാമാന്യ ഗുണങ്ങള്‍ ഉള്ളതുകൊണ്ടും തനതായ ഒരു പാരമ്പര്യ ജീവിത ദര്‍ശനമുള്ളതുകൊണ്ടും ആവണമെന്ന് സൂചിപ്പിക്കുന്നു. ഇത് വിവേകാനന്ദനെ ഓര്‍മ്മിപ്പിക്കുന്ന സങ്കല്പങ്ങളാണ്. ഈ വശം ഗോള്‍വള്‍ക്കര്‍ തന്റെ എഴുത്തുകളില്‍ കൂടുതല്‍ വിശദമാക്കിയിട്ടുണ്ടോ എന്നെനിക്കറിഞ്ഞു കൂടാ. അദ്ദേഹത്തിന്റെ എഴുത്തുകളുമായി പരിചയമുള്ളവര്‍ ഇക്കാര്യം പരിശോധിക്കേണ്ടതാണ്. ജാതി വ്യവസ്ഥയെയും ബ്രാഹ്‌മണാധിപത്യത്തെയും അംഗീകരിക്കുന്ന നിലപാടാണോ ഗുരുജി സ്വീകരിച്ചത്? അതൊക്കെ പാരമ്പര്യത്തിന്റെ ഭാഗമായതുകൊണ്ട് അതും സ്വീകാര്യമാണ് എന്ന നിലപാട് ഗുരുജി സ്വീകരിച്ചുവോ? ഇതൊന്നും വ്യക്തമല്ല. ഗുരുജിയുടെ ഹിന്ദുത്വ സങ്കല്പത്തിന്റെ ഗുണാത്മക വശങ്ങള്‍ തിരിച്ചറിഞ്ഞ് അവയ്ക്ക് പ്രാമുഖ്യം നല്‍കേണ്ടതുണ്ട്.”
ഡോ. ഗംഗാധരന്റെ മേല്‍പ്രതികരണത്തിലൂടെ നമുക്ക് കാണാനാകുന്നത് അദ്ദേഹത്തിന്റെ തികഞ്ഞ ആത്മാര്‍ത്ഥതയും, ബൗദ്ധികമായ സത്യസന്ധതയും മുന്‍ധാരണകള്‍ കൂടാതെ കാര്യങ്ങളെ സമീപിക്കുന്ന ശൈലിയുമാണ്. അദ്ദേഹം ശ്രീ ഗുരുജിയുടെ സമ്പൂര്‍ണ വാങ്മയം വായിക്കാന്‍ ഇടവന്നിരുന്നെങ്കില്‍ തന്റെ പ്രതികരണത്തിന്റെ അവസാന ഭാഗത്ത് ഉന്നയിച്ച സംശയങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്തി ഒരു പക്ഷെ ശ്രീ ഗുരുജിയുടെ തികഞ്ഞ ആരാധകനായി തീരുമായിരുന്നെന്ന് ഞാന്‍ ന്യായമായും കരുതുന്നു.