രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഭാരതത്തിലെ തന്നെ മുതിര്‍ന്ന പ്രചാരകന്മാരിലൊരാളാണ് ആര്‍.ഹരി എന്ന ഹരിയേട്ടന്‍. സംഘത്തിന്റെ ശാഖാ തലം മുതല്‍ അഖിലഭാരതീയ തലം വരെയുള്ള വിവിധ ചുമതലകള്‍ നിര്‍വ്വഹിച്ചിട്ടുള്ള അദ്ദേഹം ദീര്‍ഘകാലം സംഘത്തിന്റെ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖായിരുന്നു. ചിന്തകന്‍, എഴുത്തുകാരന്‍, സംഘാടകന്‍, വാഗ്മി, ബഹുഭാഷാ പണ്ഡിതന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ അദ്ദേഹം ദേശീയവും സാംസ്‌കാരികവുമായ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഹിന്ദിയില്‍ ശ്രീഗുരുജിയുടെ സാഹിത്യസര്‍വ്വസ്വം സമാഹരിക്കുകയും സമഗ്രജീവചരിത്രം രചിക്കുകയും ചെയ്ത ഹരിയേട്ടന്‍ ശ്രീഗുരുജിയുടെ ജീവിതവുമായും അദ്ദേഹത്തിന്റെ വിചാരധാരയുമായും ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് കേസരി സഹപത്രാധിപര്‍ സായന്ത് അമ്പലത്തില്‍ നടത്തിയ അഭിമുഖത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുന്നു.
ശ്രീഗുരുജി നിര്യാതനായിട്ട് അമ്പത് വര്‍ഷം തികയുകയാണല്ലോ. എന്നാല്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചാവിഷയമാണ്. ഇതിന് കാരണമെന്താണ്?
ശ്രീഗുരുജി അന്തരിച്ചിട്ട് ഈ വര്‍ഷം അമ്പതാണ്ടുകള്‍ തികയുകയാണ്. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ രാഷ്ട്രത്തിനു വേണ്ടി സമര്‍പ്പിച്ചതായിരുന്നു എന്നതാണ് മൗലികമായ ഒരു കാര്യം. അതിനാല്‍ തന്നെ സംഘത്തിന്റെ പൂജനീയ സര്‍സംഘചാലകനായതു മുതല്‍ അവസാനം വരെയും അദ്ദേഹത്തിന്റെ വാക്കുകള്‍ രാഷ്ട്രത്തെക്കുറിച്ചും സമാജത്തെ സംഘടിപ്പിക്കുന്നതിനെക്കുറിച്ചുമുള്ളതായിരുന്നു. അതുകൊണ്ട് തന്നെ അത് അന്നും ഇന്നും ഒരുപോലെ പ്രസക്തമാണ്. രാഷ്ട്രീയ നേതാക്കന്മാരെ പോലെ പൂജനീയ ഗുരുജിയും അതതു കാലത്ത് നിലവിലുള്ള പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതികരിച്ചതായിരുന്നു എങ്കില്‍ അവയ്ക്ക് ഇന്ന് പ്രസക്തി ഉണ്ടാവില്ല. എന്നാല്‍ മാറുന്ന സമൂഹത്തിലെ മാറാത്ത ശാശ്വത മൂല്യങ്ങളെക്കുറിച്ചായിരുന്നു ഗുരുജി പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ എക്കാലവും പ്രസക്തമായിരിക്കും.
ശ്രീഗുരുജിയുടെ ‘വിചാരധാര’ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ പശ്ചാത്തലം എന്തായിരുന്നു?
1966ല്‍ പരംപൂജനീയ ഗുരുജിയുടെ അറുപതാം പിറന്നാളായിരുന്നു. അന്ന് ശ്രീഗുരുജിയുടെ ഇംഗ്ലീഷിലും ഹിന്ദിയിലും അതുവരെ ലഭ്യമായ എല്ലാ പ്രഭാഷണങ്ങളും വിഷയാടിസ്ഥാനത്തില്‍ തരംതിരിച്ചുചേര്‍ത്ത് ഒരു ഗ്രന്ഥമുണ്ടാക്കണം എന്ന് എച്ച്.വി. ശേഷാദ്രിജി തീരുമാനിച്ചു. അങ്ങനെ അദ്ദേഹം ഭാരതത്തിന്റെ സങ്കല്പം, സംഘടനയുടെ ആവശ്യം, പ്രവര്‍ത്തകരുടെ ഗുണം, ദേശം നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ രീതിയില്‍ വിഷയങ്ങള്‍ തരംതിരിച്ച് അത് തയ്യാറാക്കി. അതിനുശേഷം അതിന്റെ പേര് ‘Bunch of Thoughts’ എന്നാണ് നല്‍കിയിരിക്കുന്നത്. അതായത് പൂജനീയ ഗുരുജിയുടെ ചിന്തകളുടെ ഒരു പൂങ്കുലയാണത്. എല്ലാമല്ല. 1966 വരെ ലഭ്യമായ എല്ലാറ്റിനെയും അതില്‍ ഒരുമിച്ച് ചേര്‍ത്തു. ഗുരുജിയുടെ അറുപതാം പിറന്നാളില്‍ അത് പ്രസിദ്ധീകരിച്ചു. കൂടുതല്‍ ചിന്തിക്കുമ്പോള്‍ 1966 ല്‍ അത് പ്രസിദ്ധീകരിക്കണമെങ്കില്‍ 1965 ല്‍ എങ്കിലും അതിന്റെ പണി തുടങ്ങിയിട്ടുണ്ടാവണം. അതായത് 1965 വരെയുള്ള ഗുരുജിയുടെ പ്രസംഗങ്ങളും ബൈഠക്കുകളും ഒക്കെയാണ് അതിലുള്ളതെന്നു വരുന്നു. അതായത് ഗുരുജി സര്‍സംഘചാലകനായ ശേഷമുള്ള 25 വര്‍ഷത്തെ കാര്യങ്ങള്‍. അതിനു ശേഷവും എട്ടു വര്‍ഷം ശ്രീഗുരുജി ജീവിച്ചു. റെക്കോര്‍ഡിംഗ് സംവിധാനങ്ങള്‍ ഒന്നും ഇല്ലാത്ത കാലത്ത് ആളുകള്‍ എഴുതിയെടുത്ത ഗുരുജിയുടെ പ്രസംഗങ്ങളുടെ റിപ്പോര്‍ട്ടുകള്‍ എല്ലാം കൂട്ടിച്ചേര്‍ത്തു തയ്യാറാക്കിയതാണത്. രാഷ്ട്രത്തിന്റെ അന്നത്തെ പ്രശ്‌നങ്ങളും അതില്‍ തരംതിരിച്ചു ചേര്‍ത്തു. അങ്ങനെയാണ് വിചാരധാര പുറത്തുവന്നത്.
വിചാരധാരയെ മുന്‍നിര്‍ത്തി ശ്രീഗുരുജിയെ വിമര്‍ശിക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു?
വിചാരധാരയെ മുന്‍നിര്‍ത്തി ശ്രീഗുരുജിയെ വിമര്‍ശിക്കുന്നതില്‍ എനിക്ക് യാതൊരു അത്ഭുതവും തോന്നുന്നില്ല. കാരണം സംഘത്തെ താത്വികമായോ സംഘടനാപരമായോ എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കാരണം ആവശ്യമാണ്. ഇന്ന് ഗുരുജിയെ അവര്‍ക്ക് ഒരു നിമിത്തമായിട്ടു കിട്ടി എന്നുമാത്രം. സംഘത്തിന്റെ പ്രാരംഭ കാലത്ത് തന്നെ സംഘം വര്‍ഗ്ഗീയമാണ് എന്ന വിമര്‍ശനം ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ പൂജനീയ ഡോക്ടര്‍ജിയുടെ കാലത്ത് തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നതിനെ അന്നത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ വിലക്കിയിരുന്നു. അന്നത്തെ വിമര്‍ശനം എന്തായിരുന്നു? സംഘം മുസ്ലിങ്ങള്‍ക്ക് വിരുദ്ധമാണ്, വര്‍ഗീയമാണ് എന്ന് തന്നെ. പിന്നീട് അവര്‍ക്ക് ഗാന്ധിജിയുടെ ഹത്യ വീണുകിട്ടി. അപ്പോള്‍ പിന്നെ വിമര്‍ശനങ്ങളുടെ കൂട്ടത്തില്‍ അവര്‍ അത് കൂടി കൂട്ടിച്ചേര്‍ത്തു. പിന്നിട് അതേക്കുറിച്ച് മാത്രം പറയാന്‍ തുടങ്ങി. ആ സമയത്തൊന്നും ഇക്കൂട്ടര്‍ ഗുരുജിയെ അരങ്ങില്‍ കയറ്റിയില്ല. നേരിട്ട് സംഘത്തെ ആയിരുന്നു ലക്ഷ്യമിട്ടത്. രസാവഹമായ ഒരു സംഗതി എന്തെന്നാല്‍ തുടക്കം മുതല്‍ ഇവരെ തീര്‍ത്തും അവഗണിച്ചു കൊണ്ട് സംഘം മുന്നോട്ടുപോയിരുന്നു. അന്ന് സംഘത്തിനു മറ്റു വക്താക്കള്‍ ഉണ്ടായിരുന്നില്ല. ഗുരുജി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഗുരുജിയുടെ ഒരൊറ്റ പ്രസംഗത്തിലോ പത്രസമ്മേളനത്തിലോ ഈ വക ചോദ്യങ്ങള്‍ ഉള്ളതായി പോലും അദ്ദേഹം നടിച്ചില്ല. അതിലെല്ലാം പരാജയപ്പെട്ടപ്പോള്‍ സംഘത്തെയും രാഷ്ട്രീയ കാഴ്ചപ്പാട് വെച്ച് ഭാരതീയ ജനതാ പാര്‍ട്ടിയെയും എതിര്‍ക്കാന്‍ വേണ്ടി ഇപ്പോള്‍ ചില വാദങ്ങള്‍ ഉയര്‍ത്തുകയാണ്. അങ്ങനെ നോക്കുമ്പോള്‍ അവരുടെ ഇപ്പോഴത്തെ വിമര്‍ശനം സംഘത്തേക്കാള്‍ ‘സംഘപരിവാറി’നെയാണ്. ബിജെപി വലിയ രാഷ്ട്രീയ എതിരാളിയായി വളര്‍ന്നു വന്നപ്പോള്‍ അത് കൂടി മനസ്സില്‍ വെച്ചുകൊണ്ട് ഈ ശക്തികള്‍ക്ക് സമുദായ സ്പര്‍ധ വളര്‍ത്തി ചില സമുദായങ്ങളെ തങ്ങളുടെ വോട്ട് ബാങ്ക് ആയി കൂടെ നിര്‍ത്തേണ്ടത് ആവശ്യമായി. ഇപ്പോള്‍ അവര്‍ പൂജനീയ ഗുരുജിയെ രംഗത്തിറക്കാന്‍ കാരണം അതാണ്. 1965 വരെ ദേശത്തെ സംബന്ധിച്ച വിപത്തുകള്‍ കണ്ടപ്പോള്‍ ശ്രീഗുരുജി പ്രസംഗങ്ങളില്‍ വിമര്‍ശിച്ചവയാണ് അവ. അതിനു ശേഷമുള്ളതല്ല.
1965 വരെ ഒരു നാഴികക്കല്ലായി (Milestone) എടുത്ത് അതുവരെയുള്ള പ്രശ്‌നങ്ങള്‍ വിചാരധാരയില്‍ വരുന്നുണ്ട്. അതില്‍ സ്വാഭാവികമായും മതപരിവര്‍ത്തനവാദികളെക്കുറിച്ചുണ്ട്. അത് വിശേഷിച്ചും ക്രിസ്തുമതത്തില്‍പ്പെട്ട പാതിരിസമൂഹത്തെയാണ്. അവര്‍ മൂലമുണ്ടായ പ്രശ്‌നം ഗൗരവാവഹമായിരുന്നു. ഇത് സംഘം മാത്രല്ല ചൂണ്ടിക്കാട്ടിയത്. അന്ന് ഈ പ്രശ്‌നം പഠിക്കാന്‍ നിയോഗി കമ്മീഷനെ നിയോഗിച്ചത് മദ്ധ്യപ്രവിശ്യയിലെ മുഖ്യമന്ത്രിയായിരുന്ന രവിശങ്കര്‍ ശുക്ലയാണ്. അദ്ദേഹം ഒന്നാംതരം കോണ്‍ഗ്രസ്സുകാരനായിരുന്നു. അസം കഴിഞ്ഞാല്‍ അവിടെ ആയിരുന്നു ഈ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അന്ന് അത് വിപത്തായിരുന്നു എന്ന് സംഘത്തിനും തോന്നി. അത് തടയാനായിട്ടുള്ള ശക്തി നമുക്ക് വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നും തോന്നി. അതിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ പൂജനീയ ഗുരുജി ഭാരതം മുഴുവന്‍ യാത്ര ചെയ്യുമ്പോഴുള്ള തന്റെ അനുഭവങ്ങളും കൂടി കൂട്ടിച്ചേര്‍ത്തു. എന്നിട്ട് അദ്ദേഹം ദേശത്തിനും ദേശീയതയ്ക്കും ഇതൊരു ഭീഷണി ആണെന്നും പറഞ്ഞു. എന്നാല്‍ മതപരിവര്‍ത്തനവാദികളേക്കുറിച്ചാണ് വിമര്‍ശനമെങ്കിലും അത് മുഴുവന്‍ ക്രിസ്ത്യന്‍ സമൂഹത്തിനും ബാധകമാണെന്ന് ചിലര്‍ പിന്നീട് ആരോപിക്കാന്‍ തുടങ്ങി. മതപരിവര്‍ത്തനവാദത്തെ സംഘത്തേക്കാള്‍ ശക്തമായി എതിര്‍ക്കുന്ന ഒരു വിഭാഗം ക്രിസ്ത്യന്‍ സമൂഹത്തിനകത്ത് തന്നെയുണ്ട്. ഉദാഹരണത്തിന് കാനാ സമൂഹം. അവര്‍ ഒരു തരത്തിലും മതപരിവര്‍ത്തനത്തെ അംഗീകരിക്കുന്നില്ല. ഗുരുജി അവിടെ കൃത്യമായി എടുത്തു കാണിച്ചിരിക്കുന്നത് മതപരിവര്‍ത്തനവാദികളെയാണ് മറിച്ച് ക്രിസ്ത്യന്‍ സമൂഹത്തെയല്ല.
ഇതുപോലെയാണ് മുസ്ലിം വിഷയവും. അവര്‍ ക്രിസ്ത്യന്‍ സമൂഹത്തേക്കാള്‍ കെട്ടുറപ്പുള്ള സമൂഹമാണ്. അവരുടെ മതപരമായ നിര്‍ബന്ധങ്ങള്‍ കാരണം മറ്റു മതങ്ങളെക്കള്‍ മതപരമായ മുറുക്കിപ്പിടുത്തം അവര്‍ക്കുണ്ട്. 1966 ന് മുന്‍പ് ഹൈദരാബാദില്‍ ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്ന പാരമ്പര്യം ഖാക്‌സാര്‍ എന്ന സംഘടനയ്ക്കുണ്ടായിരുന്നു. അതിനെ വളര്‍ത്തിയത് ഹൈദരാബാദ് നൈസാമാണ്. മറ്റു നാട്ടുരാജാക്കന്മാരെ പോലെ രാഷ്ട്രീയമായി താനും ഇന്ത്യന്‍ യൂണിയനില്‍ ചേരേണ്ടി വരും എന്ന ചിന്തയായിരുന്നു ഇതിനു കാരണം. ഇത് അന്ന് തീര്‍ച്ചയായും ദേശീയതയ്ക്ക് ഭീഷണി ആയിരുന്നു. ശ്രീഗുരുജി മറ്റ് ചില ഉദാഹരണങ്ങളും കൂടി ഇതുമായി ബന്ധപ്പെട്ട് പറഞ്ഞിട്ടുണ്ട്. അവയെല്ലാം മതമൗലികവാദികള്‍ക്ക് എതിരായ വിമര്‍ശനമാണ്. മറിച്ച് മുസ്ലിം സമൂഹത്തിന് എതിരായിട്ടുള്ളതല്ല. ഇത് പല മുസ്ലിങ്ങള്‍ക്കും മുസ്ലിം നേതൃത്വത്തിനും മനസ്സിലായിട്ടുണ്ട്. ഉദാഹരണത്തിന് കല്‍ക്കട്ടയില്‍ വെച്ച് പ്രശസ്ത പത്രപ്രവര്‍ത്തകനായ സൈഫുദീന്‍ ജിലാനി ഗുരുജിയുമായി ദീര്‍ഘമായ അഭിമുഖം നടത്തി. അതില്‍ ഈ വിഷയം അദ്ദേഹം എടുത്തു ചോദിക്കുന്നു. ഗുരുജി അതിനു വിശദമായി മറുപടി പറഞ്ഞ ശേഷം ഇത് ദേശീയമായ ഒരു പ്രശ്‌നമാണെന്ന് വിശദീകരിക്കുന്നു. ആ അഭിമുഖത്തില്‍ അദ്ദേഹം ശ്രദ്ധേയമായ ഒരു പരാമര്‍ശം നടത്തിയിട്ടുണ്ട്. ഹിന്ദുക്കള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ഞാന്‍ അതിനെയും എതിര്‍ക്കും എന്ന്. അതായത് ഗുരുജിയുടെ വാക്കുകള്‍ ഹിന്ദുക്കള്‍ ആയതുകൊണ്ട് ഹിന്ദുക്കള്‍ക്ക് അനുകൂലമോ, മുസ്‌ലിങ്ങള്‍ ആയതുകൊണ്ട് മുസ്‌ലിങ്ങള്‍ക്ക് വിരുദ്ധമോ ആയിരുന്നില്ല. ആരുടെ പ്രവര്‍ത്തനമാണോ ദേശത്തിന് വിരുദ്ധം, ദേശീയ സമുദ്ഗ്രഥനത്തിന് വിരുദ്ധം, ദേശ വിച്ഛന്നവാസനയ്ക്ക് അനുകൂലം, ദേശീയ ഐക്യത്തിന് തടസ്സം ഇതൊക്കെ അതായിരുന്നു ഗുരുജിയുടെ വിമര്‍ശനത്തിന്റെ മാനദണ്ഡം.
മൂന്നാമതായി ഗുരുജി പറഞ്ഞത് കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചാണ്. അതിനെക്കുറിച്ച് ഞാന്‍ കൂടുതല്‍ പറയേണ്ട ആവശ്യം തന്നെയില്ല. പ്രശസ്ത പത്രപ്രവര്‍ത്തകനായ അരുണ്‍ ഷൂരി അവരെക്കുറിച്ച് ഒന്നാന്തരം പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം എല്ലാം തെളിച്ചു കാണിക്കുന്നു. പി.സി. ജോഷി അണ്ടര്‍ഗ്രൗണ്ടില്‍ ഇരുന്ന് ഞങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ യുദ്ധത്തിന് അനുകൂലമായി സഹായിക്കാം എന്ന് പറഞ്ഞ പ്രസ്താവനയുടെ കോപ്പി ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഘം മാത്രമല്ല ഇതേക്കുറിച്ച് പറഞ്ഞത്. കൂടാതെ ചൈനീസ് ആക്രമണത്തിന് ശേഷം ഇഎംഎസ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റുകാരെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിലുള്ളതായിരുന്നു അവരെ സംബന്ധിച്ച പ്രശ്‌നം. കമ്മ്യൂണിസം ഒരു പ്രത്യയശാസ്ത്രം എന്ന നിലയില്‍ ഒരിക്കലും ദേശീയതയെ പരിഗണിച്ചിരുന്നില്ല. ഇന്നും അത് അങ്ങനെ തന്നെയാണ്. ദേശീയതയും അന്തര്‍ദേശീയതയും ഒരിക്കലും ഒരുമിച്ചു പോകുകയില്ല എന്ന് അവര്‍ ഇപ്പോഴും താത്വികമായി സിദ്ധാന്തിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ കമ്മ്യൂണിസ്റ്റുകാരന്‍ ജന്മനാ ദേശീയതയ്ക്ക് വിരുദ്ധനാണ് എന്നല്ലേ മനസ്സിലാക്കേണ്ടത്? ഇക്കാര്യം 1965 വരെ തുടര്‍ച്ചയായി അവരുടെ പ്രവര്‍ത്തനത്തിലൂടെ തന്നെ പുറത്തു വന്നു. ഞാന്‍ നേരത്തേ ഖാക്‌സാര്‍മാരെക്കുറിച്ച് പറഞ്ഞു. ഹൈദരാബാദില്‍ അവരെ വളരെ സജീവമായി പിന്തുണച്ചത് കോണ്‍ഗ്രസുകാര്‍ പോലുമല്ല, കമ്മ്യൂണിസ്റ്റുകാരാണ്. അതായത് കമ്മ്യൂണിസ്റ്റുകാരുടെ പാരമ്പര്യം രാജ്യവിരുദ്ധതയുടെയും ദേശത്തെ വെട്ടിമുറിക്കണമെന്ന് വാദിക്കുന്നതിന്റെയും ആയിരുന്നു. അത് പറയാന്‍ പൂജനീയ ഗുരുജി മടിച്ചിട്ടേയില്ല. ദേശീയതയ്‌ക്കെതിരായ കമ്മ്യൂണിസ്റ്റുകാരുടെ താത്വികമായ എതിര്‍പ്പ്, പെരുമാറ്റത്തിലെ എതിര്‍പ്പ്, അനുഭവത്തിലൂടെ പ്രകടമായ എതിര്‍പ്പ് ഇവ മൂന്നും ഗുരുജി പരിഗണിച്ചിട്ടുണ്ട്. അതായത് മതപരിവര്‍ത്തനവാദികള്‍, മതമൗലികവാദികള്‍, ജന്മനാ ദേശീയതയുടെ ശത്രുക്കളായ കമ്മ്യൂണിസ്റ്റുകാര്‍ ഈ മൂന്ന് കൂട്ടരെക്കുറിച്ചുമാണ് വിചാരധാരയിലെ ആഭ്യന്തരഭീഷണികള്‍ എന്ന അദ്ധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
ഇപ്പോള്‍ ഇത് ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് കാരണം തികച്ചും രാഷ്ട്രീയമാണ്. ഒരു സമൂഹമെന്ന നിലയില്‍ ഇപ്പോള്‍ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് എതിരല്ല. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ മുസ്‌ലിം ആണ്. കഴിഞ്ഞ കേന്ദ്രമന്ത്രി സഭയില്‍ നഖ്‌വി എന്നൊരു മന്ത്രി തന്നെ ഉണ്ടായിരുന്നു. മുംബൈയില്‍ മുന്‍പ് മുസഫര്‍ ഹുസൈന്‍ എന്നൊരു മികച്ച പത്രപ്രവര്‍ത്തകന്‍ ഉണ്ടായിരുന്നു. അദ്ദേഹം എപ്പോഴും ബിജെപിക്കാരനായിട്ടാണ് എഴുതിക്കൊണ്ടിരുന്നത്. എം.സി. ഛഗ്ലയെപ്പോലെ ധാരാളം പേര്‍ ഉണ്ടായിരുന്നു. ഇവരൊക്കെ ആര്‍എസ്എസുകാരല്ലെങ്കിലും ഭാരതീയ ജനതാപാര്‍ട്ടിയില്‍ ചേര്‍ന്നവരായിരുന്നു. അതുകൊണ്ട് തന്നെ ഒരിക്കലും മുസ്‌ലിം സമൂഹത്തെ മൊത്തത്തില്‍ അവര്‍ ഹിന്ദു വിരുദ്ധരോ രാഷ്ട്രവിരുദ്ധരോ ആണെന്ന് പറയുക സാധ്യമല്ല. പക്ഷേ അവരുടെ മനസ്സില്‍ സാമൂഹികസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ചില രാഷ്ട്രീയക്കാര്‍ ഗുരുജിയുടെ വാക്കുകള്‍ ഉപയോഗിച്ച് അത് മുസ്‌ലിം സമൂഹത്തിനെതിരാണ് എന്ന് പറയുന്നു എന്നുമാത്രം.
ക്രിസ്ത്യന്‍ സമൂഹത്തെ സംബന്ധിച്ചെടുത്തോളം ശ്രീഗുരുജി നിര്യാതനായ ശേഷവും ആ സംവാദം നല്ല പോലെ തുടര്‍ന്നിരുന്നു. ബാലാസാഹേബ് ദേവറസ്ജിയുടെ കാലത്തും കെ.എസ്. സുദര്‍ശന്‍ജിയുടെ കാലത്തും ഇന്നും അത് തുടരുന്നു. അതിന് ഒരു കാരണം കൂടിയുണ്ട്. ഏതാണ്ട് ഹിന്ദു മതത്തിലെ ജാതി പോലെ ക്രിസ്തു മതത്തില്‍ റോമന്‍ കത്തോലിക്കര്‍, പ്രസ്ബിറ്റേറിയന്‍സ് (Presbetarians) തുടങ്ങി നിരവധി അവാന്തരവിഭാഗങ്ങളുണ്ട്. അവര്‍ മറ്റാരാളുടെ പള്ളിയില്‍ പോലും പോകില്ല. ക്രൈസ്തവ വിഭാഗത്തില്‍ രണ്ട് തരം പള്ളികള്‍ ഉണ്ട്. ഒന്ന് ഭാരതത്തിന് പുറമേ ആഭിമുഖ്യമുള്ളവര്‍, ഉദാഹരണത്തിന് റോമന്‍ കാത്തലിക് വിഭാഗം. അവര്‍ നമ്മള്‍ ഇന്ന് പറയുന്നത് പോലെ ദേശീയ ചര്‍ച്ചല്ല. പോപ്പാണ് അതിന്റെ തലവന്‍. അതേസമയം മാര്‍ത്തോമാ വിഭാഗം, അവരുടെ എല്ലാം പോപ്പിന് തുല്യമായ ആള്‍ വരെ ദേശീയമാണ് എന്ന് പറയുന്നതിനേക്കാള്‍ കേരളീയം കൂടിയാണ്. ഇക്കാര്യം മനസ്സിലാക്കി ബിജെപി നേതൃത്വം ക്രൈസ്തവ സഭകളുമായി ചര്‍ച്ച നടത്തുമ്പോള്‍ അതിനെ എതിര്‍ക്കാനും തങ്ങളുടെ നേട്ടത്തിന് വേണ്ടി ക്രിസ്ത്യന്‍ സമൂഹത്തെ പൊതുവെ വര്‍ഗീയ കൊടിക്കീഴില്‍ അണിനിരത്താനും വേണ്ടി രാഷ്ട്രീയക്കാര്‍ അവരുടെ സ്വാര്‍ത്ഥ ആവശ്യത്തിന് വേണ്ടി വിചാരധാരയെ ഉപയോഗിക്കുന്നു എന്ന് മാത്രം. വിചാരധാരയെ മുന്‍നിര്‍ത്തിയുള്ള ഇപ്പോഴത്തെ വിമര്‍ശനത്തിന് പിന്നില്‍ വര്‍ഗീയ രാഷ്ട്രീയവും വര്‍ഗീയ വോട്ട് ബാങ്കും മാത്രമാണ്.
വിചാരധാരയില്‍ പറയുന്ന ആന്തരികഭീഷണികള്‍ ഇപ്പോഴും പ്രസക്തമാണോ?
വാസ്തവത്തില്‍ ആഭ്യന്തരഭീഷണികള്‍ ഇന്നത്തെ കാലത്ത് കൂടുതല്‍ പ്രസക്തമാണ് എന്ന് പറയേണ്ടി വരും. കാരണം ഒന്ന് ശാസ്ത്രത്തിന്റെ വികാസമാണ്. ഇതുവഴി മറ്റാരും അറിയാതെ നിങ്ങള്‍ക്ക് ആരുമായും കമ്മ്യൂണിക്കേറ്റ് ചെയ്യാം. ഈ അനുകൂല്യങ്ങള്‍ മതമൗലികവാദികളുടെ കയ്യില്‍ പെടുമ്പോള്‍ അത് കുരങ്ങന് ഏണിവെച്ച് കൊടുത്തത് പോലെയാണ്. ഇതുവഴി ഭീകരവാദികള്‍ ഇന്റിപെന്‍ഡന്റ് സീക്രട്ട് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം (Independent secret communication system) ഉണ്ടാക്കുന്നു. അതുകൊണ്ട് ഇന്ന് ഭീകരതയെ പണ്ടത്തേക്കാളും കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും. പണ്ട് ബാങ്ക് കൊള്ളയടിക്കാന്‍ ബാങ്കിനുള്ളിലേക്ക് കടക്കേണ്ടിയിരുന്നു. എന്നാല്‍ ഇന്ന് എടിഎം കൊള്ളയടിച്ചാല്‍ മതി. അതായത് ഭീഷണികള്‍ ഇന്ന് കൂടുതല്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അത് നമ്മള്‍ മാത്രമല്ല ലോകം മുഴുവന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും. അതുകൊണ്ടല്ലേ സൈബര്‍ ക്രൈംസ് എന്ന വാക്ക് തന്നെ ഇപ്പോള്‍ ഉണ്ടാവാന്‍ കാരണം. അപ്പോള്‍ ശാസ്ത്രത്തിന്റെ വികാസം കൂടി കണക്കിലെടുത്ത് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗരൂകത വേണ്ടിവരും. അതുകൊണ്ട് രാഷ്ട്ര സുരക്ഷയെ സംബന്ധിച്ച ഭീഷണികള്‍ കുറഞ്ഞു എന്ന് പറയാന്‍ സാധ്യമല്ല.
ഭാരത വിഭജനകാലത്തെ ശ്രീഗുരുജിയുടെ ഇടപെടലുകള്‍ എങ്ങനെയായിരുന്നു?
പഞ്ചാബ്, ദില്ലി, ആസാം, ബംഗാള്‍ എന്നിവിടങ്ങളില്‍ വിഭജനം ഉയര്‍ത്തിവിട്ട പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ പ്രധാനം ഹിന്ദു അഭയാര്‍ഥി പ്രവാഹം, ഹിന്ദു കൂട്ടക്കൊല എന്നിവയായിരുന്നു. മേല്പറഞ്ഞ പ്രദേശങ്ങളില്‍ ക്ഷേത്ര ധ്വംസനം, ആര്യസമാജ ഗ്രന്ഥാലയങ്ങളുടെ തീവെപ്പ് എന്നിവയും നടന്നു. എത്ര വലിയ ത്യാഗം സഹിച്ചും ഇവിടങ്ങളില്‍ ഉള്ളവര്‍ക്ക് സഹായം എത്തിക്കണം എന്നതായിരുന്നു ശ്രീഗുരുജിയുടെ ഉറച്ച നിലപാട്. അന്നത്തെ പരിതസ്ഥിതിയില്‍ കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റുകള്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ശ്രീഗുരുജി അവിടെ വിഭജനത്തെ കുറ്റം പറഞ്ഞതേയില്ല. തെറ്റാണെങ്കിലും അല്ലെങ്കിലും രാജ്യം വിഭജിക്കപ്പെട്ടു കഴിഞ്ഞല്ലോ. ഇനി ജനങ്ങളെ രക്ഷിക്കുകയായിരുന്നു വേണ്ടത്. അക്കാര്യം നന്നായി ചെയ്തു. അന്ന് തെക്കേ ഇന്ത്യയിലെ കാലാവസ്ഥ വേറെയായിരുന്നു. 1942 ലാണ് കേരളത്തില്‍ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. വിഭജന കാലത്ത് കേരളത്തില്‍ ഇരുപത്തഞ്ചില്‍ കുറവ് ശാഖകളേ ഉണ്ടായിരുന്നുള്ളൂ. സ്വയംസേവകരില്‍ ഭൂരിഭാഗവും ഇരുപത്തഞ്ചു വയസ്സില്‍ താഴെ ഉള്ളവരായിരുന്നു. ഇവര്‍ക്ക് സമൂഹത്തില്‍ എന്ത് സ്വാധീനമായിരിക്കും എന്നും ചിന്തിക്കണം. ഇത് തന്നെയായിരുന്നു തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും സ്ഥിതി. വിഭജനകാലത്ത് തെക്കേ ഇന്ത്യയില്‍ സംഘപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു എങ്കിലും സംഘം ശൈശവ ദശയിലായിരുന്നു. അവിടെ ഗുരുജിയുടെ പ്രസംഗങ്ങള്‍ പ്രോത്സാഹനം കൊടുക്കുന്നതായിരുന്നു. ആളുകളില്‍ നിരാശ വളര്‍ത്താത്തതായിരുന്നു. ഇപ്പോള്‍ നിലവിലുള്ള ഭാരതത്തെ സ്‌നേഹിക്കേണ്ടി വരും എന്ന തരത്തില്‍ അദ്ദേഹം ഉദ്‌ബോധനങ്ങള്‍ നടത്തി. അതുകൊണ്ട് തന്നെ ഭാരതത്തിന്റെ രണ്ടു ദിക്കിലും ഗുരുജി ഒരുപോലെ സ്വീകാര്യനായി.
സംഘത്തെയും രാഷ്ട്രത്തെയും സംബന്ധിച്ചെടുത്തോളം തികച്ചും കലുഷിതമായ ഒരു കാലത്താണ് ശ്രീഗുരുജി സര്‍സംഘചാലകനായത്. ആദ്യസംഘനിരോധനം ഉള്‍പ്പെടെയുള്ള ധാരാളം വെല്ലുവിളികള്‍ അക്കാലത്തുണ്ടായി. ഇതിനെയെല്ലാം അതിജീവിക്കാന്‍ ശ്രീഗുരുജിയുടെ നേതൃത്വം എത്രത്തോളം സംഘത്തെ സഹായിച്ചിട്ടുണ്ട്?
രാഷ്ട്രത്തെ സംബന്ധിച്ച് അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങള്‍ വന്നുകൊണ്ടിരിക്കും. കാലഘട്ടം തിരിച്ചു നോക്കുമ്പോള്‍ ഓരോ കാലഘട്ടവും കലുഷിതമാണ്. അതുകൊണ്ട് ഗുരുജിയുടെ കാലഘട്ടവും കലുഷിതമാണ്. അതനുസരിച്ച് നേതൃത്വം കൊടുക്കുന്നതിലാണ് വിശേഷത. കലുഷിതമായ കാലത്തും അന്തരീക്ഷം വഷളാക്കാതെ, അന്തരീക്ഷത്തില്‍ നിന്ന് ഓടിയോളിക്കാതെ, അനുയായി വൃന്തത്തിലേക്ക് ആത്മവിശ്വാസം നല്‍കലാണ് ശരിയായ നേതൃത്വം. അതില്‍ ശ്രീഗുരുജി വളരെ നല്ലപോലെ വിജയിച്ചു. 1962 ല്‍ കമ്മ്യൂണിസ്റ്റ് ചൈനയുടെ ആക്രമണം കാരണം അന്തരീക്ഷം വളരെ കലുഷിതമായിരുന്നു. അക്കാലത്ത് ദേശാഭിമാന വിജൃംഭിതമായ മനസ്സോടെ ശ്രീഗുരുജി പെരുമാറി.
ആദ്യ സംഘ നിരോധനകാലത്തെക്കുറിച്ച് പറയണമെങ്കില്‍ അന്ന് ജവഹര്‍ലാല്‍ നെഹ്‌റു, രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ പട്ടേല്‍, കെ.എം. മുന്‍ഷി തുടങ്ങിയവരെല്ലാം രാഷ്ട്രീയ മര്യാദകള്‍ പാലിക്കും എന്ന് നമ്മള്‍ പ്രതീക്ഷിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. ആദ്യം തന്നെ ശ്രീഗുരുജി ഗാന്ധിജിയുടെ ഹത്യയെ ശക്തമായ ഭാഷയില്‍ തള്ളിപ്പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായി പതിമൂന്നു ദിവസം സംഘത്തിന്റെ ശാഖകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി. പക്ഷെ പ്രതീക്ഷയ്ക്ക് തികച്ചും വിരുദ്ധമായിരുന്നു കാര്യങ്ങള്‍. മഹാരാഷ്ട്രയില്‍ പ്രത്യേകിച്ചും മധ്യപ്രദേശിലും തല്പരകക്ഷികള്‍ സംഘത്തിനെതിരെ ഒരു വിരോധക്കൊടുങ്കാറ്റ് തന്നെ ഇളക്കിവിട്ടു. ഗുരുജിയുടെ ജീവന് പോലും ഭീഷണി നേരിടേണ്ടിവന്നു. മറുവശത്ത് സംഘത്തെ അമര്‍ച്ച ചെയ്യാനുള്ള അവസരം ഇതാണെന്ന് കരുതി സര്‍ക്കാര്‍ സംഘത്തിന്റെ അധികാരികളെയെല്ലാം തടവിലിട്ടു. അങ്ങനെ ഗുരുജിയും തടവിലായി. ഇതായിരുന്നു ആദ്യഘട്ടം.
അന്ന് സംഘടനാപരമായി പ്രവര്‍ത്തകരുടെ ദൈനംദിന കൂടിച്ചേരലുകള്‍ നിലച്ചു പോവാതിരിക്കാന്‍ ഫുട്‌ബോള്‍ ക്ലബ്, വോളിബോള്‍ ക്ലബ് തുടങ്ങിയ ക്ലബുകളുടെ പേരില്‍ സ്വയംസേവകര്‍ കൂടിച്ചേര്‍ന്നുകൊണ്ടിരുന്നു. അതുകൊണ്ട് സംഘടനാപരമായി വലിയ ദോഷം വന്നില്ല. പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും പ്രവര്‍ത്തകരെ നിലനിര്‍ത്താന്‍ സാധിച്ചു. ‘പ്രിവന്റീവ് ഡിറ്റെന്‍ഷന്‍’ ആറ് മാസമായിരുന്നു അനുവദിക്കപ്പെട്ടിരുന്നത്. ഈ സമയത്ത് ചെയ്യേണ്ട എഴുത്തുകുത്തുകളെല്ലാം ഗുരുജി അതിനകം പൂര്‍ത്തിയാക്കി. ഗുരുജി സര്‍ക്കാരുമായും എഴുത്തുകുത്തുകള്‍ നടത്താന്‍ തുടങ്ങി. അതിലെ സൂക്ഷ്മമായിട്ടുള്ള ഒരു കാര്യം, നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ തന്നെ അദ്ദേഹം സംഘം പിരിച്ചുവിട്ടിരുന്നല്ലോ അപ്പോള്‍ പട്ടേലിനും നെഹ്രുവിനും കത്തുകള്‍ എഴുതുമ്പോള്‍ അദ്ദേഹം ‘I and my former coworkers’ എന്നാണ് എഴുതിയിരുന്നത്. ഞാനും എന്റെ മുന്‍പത്തെ സഹപ്രവര്‍ത്തകരും എന്ന്. മൂന്നാമതായി നമ്മള്‍ ശക്തി കാണിക്കേണ്ട ഘട്ടം വന്നു. അങ്ങനെ സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചു. മറുവശത്ത് സര്‍ക്കാര്‍ സംഘത്തിനു ഭരണഘടനയില്ല എന്ന് വാദിച്ചു. സംഘം അതിനെ എതിര്‍ക്കാതെ സംഘടനയില്‍ നടക്കുന്ന കാര്യങ്ങള്‍ എഴുതിത്തരാം എന്ന് പറഞ്ഞു. ഇതായിരുന്നു അടുത്ത ഘട്ടം. അപ്പോഴേക്കും ഒന്നര വര്‍ഷം പിന്നിട്ടു. ഗുരുജിയുടെ നേതൃത്വവും അണ്ടര്‍ ഗ്രൗണ്ട് നേതൃത്വവും ആസൂത്രണത്തോടെ പൂര്‍ണ സഹകരണത്തില്‍ ആയിരുന്നു.
ശ്രീഗുരുജിയുടെ സാഹിത്യസര്‍വ്വസ്വം ഹിന്ദിയില്‍ സമാഹരിച്ചത് അങ്ങാണല്ലോ. അത് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?
ശ്രീഗുരുജിയുടെ സാഹിത്യസര്‍വ്വസ്വം തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതിന് ഒരു പ്രത്യേക നിമിത്തമുണ്ടായിരുന്നു. 2006 ല്‍ ശ്രീഗുരുജിയുടെ ജന്മശതാബ്ദി ആയിരുന്നു. അത് ആഘോഷപൂര്‍വ്വം കൊണ്ടാടാന്‍ തീരുമാനിച്ചു. അതിനു മുന്‍പ് ഗുരുജിയുടെ സമ്പൂര്‍ണ കൃതികള്‍ സമാഹരിച്ചു പ്രസിദ്ധീകരിക്കാനും സംഘം തീരുമാനിച്ചു. വലിയൊരു പ്രവര്‍ത്തനമായിരുന്നു അത്. അന്ന് സംഘത്തിന്റെ ബൗദ്ധിക് വിഭാഗിന്റെ അഖിലഭാരതീയ ചുമതല എനിക്കായത് കൊണ്ട് അക്കാര്യം ചെയ്യാന്‍ എന്നെ നിശ്ചയിച്ചു. അങ്ങനെ എന്റെ മേല്‍നോട്ടത്തിലുള്ള ഒരു ടീമാണ് ‘ഗുരുജി സമഗ്ര്’ സങ്കലനം ചെയ്തത്. അത് ഞാന്‍ ഒറ്റയ്ക്കല്ല. ആ ടീമില്‍ ഞാനും പെടും. അങ്ങനെ ആ പ്രവര്‍ത്തനം ഓരോരുത്തര്‍ക്കും വിഭജിച്ചു നല്‍കി. കൂട്ടായ ഒരു പരിശ്രമത്തിന്റെ ഭാഗമായി പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ആ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. അക്കാര്യത്തില്‍ വെല്ലുവിളികളോ അസൗകര്യങ്ങളോ അധികമുണ്ടായിട്ടില്ല. അസൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അത് ആന്തരികമായിരുന്നു. കാരണം സംഘത്തിന്റെ പ്രവര്‍ത്തനശൈലി പണ്ടുമുതലേ പ്രസിദ്ധീകരണങ്ങളുടെ പിന്നാലെ പോകുന്നതായിരുന്നില്ല. ഗുരുജിയുടെ അപൂര്‍വ്വം ചില പ്രസംഗങ്ങളും ചില അഭിമുഖങ്ങളും മാത്രമായിരുന്നു റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നത്. ഭൂരിഭാഗം പ്രസംഗങ്ങളും റെക്കോര്‍ഡ് ചെയ്തിരുന്നില്ല. എന്നാല്‍ അതിന്റെ കുറിപ്പുകള്‍ സംഘശിക്ഷാവര്‍ഗ്ഗിന്റെ റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു. അതുപോലെ ഗുരുജിയുടെ വിജയദശമി ബൗദ്ധിക്കുകള്‍ മിക്കവാറും നാഗപ്പൂരിലെ തരുണ്‍ ഭാരത് (മറാത്തി), റായ്പൂരിലെ യുഗധര്‍മ (ഹിന്ദി) എന്നിവ പ്രസിദ്ധീകരിച്ചിരുന്നു. അവയെല്ലാം കണ്ടെടുത്തു സമയാനുകൂലമായി തരംതിരിച്ച് ആവര്‍ത്തനം ഒഴിവാക്കിയാണ് സമാഹരണത്തില്‍ ചേര്‍ത്തത്. നാഗ്പൂര്‍ കേന്ദ്രമാക്കിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്തത്. കാരണം ഗുരുജിയുടെ ബൈഠക്കുകളിലും ബൗദ്ധിക്കുകളുമെല്ലാം നേരിട്ട് പങ്കെടുത്ത ഇരുനൂറില്‍പ്പരം ആളുകള്‍ അവിടെ ഉണ്ടായിരുന്നു. അവരെയെല്ലാം കാണേണ്ടിയിരുന്നു. അതെല്ലാം കാരണം പ്രവര്‍ത്തന കേന്ദ്രം നാഗ്പൂരാക്കി. ഞാനും എന്റെ സഹായത്തിനു വേണ്ടി മൂന്നു സംഘപ്രചാരകന്മാരും പിന്നെ ആ ടീമില്‍ ഏതാണ്ട് ഒരു എട്ടുപേരും കൂടി ഉണ്ടായിരുന്നു. ആ ടീമാണ് ഇത് മുഴുവനും സമാഹരിച്ചത്. വളരെ നല്ല സഹകരണത്തോടെയാണ് ഇക്കാര്യം നടന്നത്. അതില്‍ വലിയ വെല്ലുവിളികളൊന്നും ഉണ്ടായിട്ടില്ല.
ശ്രീഗുരുജിയുടെ ജീവചരിത്രം തയ്യാറാക്കിയ അനുഭവം ഒന്ന് വിശദീകരിക്കാമോ?
ഒരു തരത്തില്‍ അതൊരു നീണ്ടകഥയാണ്. ഞാനത് ചുരുക്കിപ്പറയാം. ശ്രീഗുരുജി സമഗ്ര് തയ്യാറാക്കാന്‍ വേണ്ടി ഇരുന്നപ്പോള്‍ അദ്ദേഹത്തെ സംബന്ധിച്ചുള്ള ധാരാളം വിവരങ്ങളും ഫോട്ടോകളും എനിക്ക് കിട്ടി. വിശേഷിച്ച് നാഗപ്പൂരിലെ അനവധി ആളുകളെ വീട്ടില്‍ പോയി സമ്പര്‍ക്കം നടത്തി. അതിലൂടെ കടന്നുപോയപ്പോള്‍ ഗുരുജീ സമഗ്രയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്ത പ്രസക്തമായ കാര്യങ്ങള്‍ അവയില്‍ ഉണ്ടെന്ന് തോന്നി. അവയുടെ സ്ഥാനം ഗുരുജിയുടെ ജീവചരിത്രത്തിലാണ് എന്ന് വന്നു. ഒരു ഉദാഹരണം പറയാം. മരിക്കുന്നതിന് രണ്ട് മാസം മുന്‍പ് ഏപ്രില്‍ മാസത്തില്‍ ഗുരുജി വ്യക്തിപരമായ വില്‍പ്പത്രം തയ്യാറാക്കിയിരുന്നു. അതില്‍ തനിക്ക് പൈതൃകസ്വത്തായി ലഭിച്ച രാംടെക്കിലെ ഭാഗം അവിടുത്തെ ട്രസ്റ്റിനാണെന്നും ബാക്കി തന്റെ പേരിലുള്ളതെല്ലാം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റേതാണ് എന്നും അദ്ദേഹം എഴുതിവെച്ചു. അത് ഒരു അഭിഭാഷകന്‍ മുഖേന തയ്യാറാക്കിയതാണ്. അതിലെ ഭാഷയും അങ്ങനെയാണ്. അതുകൊണ്ട് തന്നെ അത് ഗുരുജിയുടെ കൃതികളുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ പറ്റില്ല. എന്നാല്‍ അതിലെ ഒപ്പ് ഗുരുജിയുടേതാണ്. അതിന് ഗുരുജീ സമഗ്രയില്‍ സ്ഥാനമില്ല. പിന്നെ എവിടെ സ്ഥാനം എന്ന് ചിന്തിച്ചു. ജീവചരിത്രത്തില്‍ അതിന് സ്ഥാനമുണ്ട്. ഇങ്ങനെ ധാരാളം അധികവിവരങ്ങള്‍ ലഭിച്ചപ്പോള്‍ സഹപ്രവര്‍ത്തകരുമായി ആലോചിച്ച് ഗുരുജിയുടെ ജീവചരിത്രം പൂര്‍ണ്ണമാക്കണം എന്ന് ഞാന്‍ പറഞ്ഞു. നാ.ഹാ. പാല്‍ക്കര്‍ എഴുതിയ ഗുരുജിയുടെ ജീവചരിത്രം നിലവിലുണ്ടായിരുന്നു. അത് ശ്രീഗുരുജിയുടെ 51-ാം പിറന്നാളില്‍ അതായത് 1956 ല്‍ പ്രസിദ്ധീകരിച്ചതാണ്. ആ ജീവചരിതത്തിലെ ജീവിതകാലം 1906 മുതല്‍ 1956 വരെയാണ്. എന്നാല്‍ 1973 വരെ ഗുരുജി ജീവിച്ചു. അതും വളരെ നിര്‍ണായകമായ വര്‍ഷങ്ങള്‍. എന്നാല്‍ അതേക്കുറിച്ച് ലോകം ഒന്നും അറിയുന്നില്ല. അതുകൊണ്ട് ആ വിവരങ്ങള്‍ കൂടി ചേര്‍ത്ത് ഞാന്‍ ജീവചരിത്രം എഴുതി. ഗുരുജി സമഗ്ര തയ്യാറാക്കുമ്പോള്‍ ഇടയ്ക്കിടെ മനസ്സില്‍ വന്നുകൊണ്ടിരുന്നതാണ് ആ ചിന്ത. പിന്നീട് അത് ഘനീഭൂതമായപ്പോള്‍ ഗുരുജിയുടെ ജീവചരിത്രരചന ഉണ്ടായി.
വിചാരധാരയും ശ്രീഗുരുജി ദൃഷ്ടിയും ദര്‍ശനവും എന്ന പുസ്തകവും തമ്മില്‍ എന്താണ് വ്യത്യാസം?
വിചാരധാരയുടെ വൈചാരിക കാലം 1940 മുതല്‍ 1965 വരെയാണ്. അതെക്കുറിച്ച് നേരത്തെ പറഞ്ഞു കഴിഞ്ഞു. ദൃഷ്ടിയും ദര്‍ശനവും എന്ന പുസ്തകത്തിന്റെ വൈചാരികകാലം 1940 മുതല്‍ 1973 വരെയാണ്. ഗുരുജിയുടെ സര്‍സംഘചാലക കാലം 33 വര്‍ഷമായിരുന്നു. അത് മുഴുവനാണ് അദ്ദേഹത്തിന്റെ സാഹിത്യസര്‍വ്വസ്വമെന്ന നിലയില്‍ 12 വാല്യങ്ങളില്‍ സമാഹരിക്കപ്പെട്ടത്. അതില്‍ നിന്ന് ഒരു സത്ത് എടുക്കുന്നതിനു വേണ്ടി, വായനക്കാരുടെ സൗകര്യത്തിനു വേണ്ടി ഈ പന്ത്രണ്ടിന്റെയും ഒരു ക്രോഡീകരണം അഥവാ ഒരു സംക്ഷേപവല്‍ക്കരണം വേണം എന്ന് തീരുമാനം ഉണ്ടായി. അങ്ങനെയാണ് ദൃഷ്ടിയും ദര്‍ശനവും തയ്യാറാക്കിയത്. അതായത് ഗുരുജീ സാഹിത്യസര്‍വ്വസ്വത്തിന്റെ സംക്ഷേപമാണ് ദൃഷ്ടിയും ദര്‍ശനവും എന്ന പുസ്തകം.
അങ്ങ് ആദ്യമായി ശ്രീഗുരുജിയെ കണ്ടത് എപ്പോഴായിരുന്നു?
ആദ്യമായി ഞാന്‍ ഗുരുജിയെ കണ്ടത് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. എറണാകുളത്തെ സാംഘിക്കില്‍ വെച്ച്. 1943 ലോ 1944 ലോ ആയിരുന്നു അത്. അതിനുശേഷം 1951 വരെ ഞാന്‍ ഒരു സാധാരണ സ്വയംസേവകന്‍ എന്ന നിലയ്ക്ക് ശ്രീഗുരുജിയെ കണ്ടുകൊണ്ടിരുന്നു. 1951 മുതല്‍ 62 വരെ പ്രചാരക്, ജില്ലാ പ്രചാരക് എന്ന നിലയിലും 1962 മുതല്‍ 73 വരെ വിഭാഗ്-പ്രാന്തീയ അധികാരി എന്ന നിലയിലും എനിക്ക് ഗുരുജിയുമായി ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞു. വ്യക്തിപരമായ ബന്ധവും അതില്‍ ഉണ്ടായിരുന്നു. അതില്‍ സാധാരണ സ്വയംസേവകന് ഒട്ടും പുതുമ തോന്നില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് പുതുമ തോന്നാം. കാരണം സംഘത്തിലെ അധികാരി ഒരിക്കലും അധികാരം കൈയാളുന്ന ഒരാളല്ല. അയാള്‍ ചുമതലയുള്ള ജ്യേഷ്ഠ സഹോദരന്‍ മാത്രമാണ്. അതനുസരിച്ചായിരുന്നു ശ്രീഗുരുജിയുടെ പെരുമാറ്റം. അദ്ദേഹം ആളുകളെ പരിചയപ്പെടുമ്പോള്‍ ഓരോ വ്യക്തിയെയും പരിചയപ്പെടുമായിരുന്നു. ആ ബന്ധം ഒരിക്കലും അനുയായി- നേതാവ്, ലീഡര്‍- കേഡര്‍ എന്ന രീതിയില്‍ ആയിരുന്നില്ല. ശ്രീഗുരുജിയുടെ വളരെ നല്ലൊരു ബൗദ്ധിക് ഉണ്ട്. അത് അദ്ദേഹത്തിന്റെ സാഹിത്യസര്‍വ്വസ്വത്തില്‍ ചേര്‍ത്തിട്ടുണ്ട്. അതിന്റെ തലക്കെട്ട് ‘ഞാന്‍ ഒരു സാമാന്യ സ്വയംസേവകനാണ്’ എന്നാണ്. വാസ്തവത്തില്‍ ഒരു സ്വയംസേവകനും മറ്റൊരു സ്വയംസേവകനും തമ്മിലുള്ള അടുപ്പം, ഇണക്കം എന്നിവ എനിക്കും അദ്ദേഹവുമായി ഉണ്ടായിരുന്നു.
കേരളത്തിലെ പ്രമുഖ വ്യക്തികളും ആദ്ധ്യാത്മിക ആചാര്യന്മാരുമൊക്കെ ശ്രീഗുരുജിയുടെ സമ്പര്‍ക്കവലയത്തില്‍ ഉണ്ടായിരുന്നല്ലോ. ഇത് കേരളത്തിലെ സംഘപ്രവര്‍ത്തനത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായിട്ടുണ്ടോ?
ശ്രീഗുരുജിയുടെ യാത്രാ വേളകളില്‍ സംഘത്തിന്റെ സാംഘിക്, ബൈഠക് എന്നിവ ഏത് യാത്രയിലും അനിവാര്യമായിരുന്നു. മുഴുവന്‍ സ്വയംസേവകര്‍ക്ക് വേണ്ടി ഒരു പരിപാടി, കാര്യകര്‍ത്താക്കളുടെ ബൈഠക്, ഇവ കൂടാതെ എല്ലാ ദിക്കിലും പ്രത്യേകിച്ച് പട്ടണങ്ങളില്‍ ‘എല്‍ഡേഴ്‌സ് ബൈഠക്’, അതിനനുബന്ധമായി ആശ്രമങ്ങളിലോ മറ്റോ പോയി പ്രധാനപ്പെട്ട വ്യക്തികളെ അങ്ങോട്ട് ചെന്ന് കാണല്‍ എന്നിവ തുടര്‍ച്ചയായി നടന്നു. കണ്ട ആളുകളെ വീണ്ടും വീണ്ടും കാണുന്നതും ഗുരുജിയുടെ പതിവായിരുന്നു. കേരളത്തില്‍ അദ്ദേഹം അങ്ങനെ കണ്ടവരില്‍ ഏറ്റവും പ്രമുഖനായ ആള്‍ ആഗമാനന്ദസ്വാമികളായിരുന്നു. അദ്ദേഹവും ഗുരുജിയും തമ്മില്‍ ഒരു വൈയക്തിക ബന്ധം തന്നെ വളര്‍ന്നിരുന്നു. അതിന് കാരണം രാമകൃഷ്ണാശ്രമത്തില്‍ നിന്ന് കിട്ടിയ ഗുരുജിയുടെ മന്ത്രദീക്ഷയും കൂടിയായിരുന്നു. എറണാകുളത്തൊക്കെ വരുമ്പോള്‍ പരിപാടികള്‍ക്കിടയില്‍ സമയം കണ്ടെത്തി ഗുരുജി കാലടിയില്‍ പോവുക പതിവായിരുന്നു. പരിപാടിയില്‍ ആഗമാനന്ദസ്വാമികള്‍ വരുന്നതും പതിവായിരുന്നു. തെക്കന്‍ തിരുവിതാംകൂറില്‍ പ്രവര്‍ത്തിച്ചിരുന്ന ധര്‍മ്മാനന്ദ സ്വാമിയുമായും, കുറിച്യ സ്വാമിയുമായും ഗുരുജിക്ക് നല്ല ബന്ധം ഉണ്ടായിരുന്നു. മുഴുവന്‍ ഭാരതത്തിലെയും ഏറ്റവും പ്രമുഖരായ സന്യാസിമാരുമായി ഗുരുജി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. അവര്‍ സംഘവുമായി സഹകരണത്തിലും ആയിരുന്നു.
ആര്‍എസ്എസും മതന്യൂനപക്ഷങ്ങളും തമ്മിലുള്ള സംഭാഷണങ്ങള്‍ ചിലര്‍ വിവാദമാക്കുന്നുണ്ടല്ലോ?
ഈയ്യിടെ പൂജനീയ മോഹന്‍ജി പല ദിക്കിലും ക്രിസ്ത്യന്‍ നേതൃത്വത്തെയും ചില ദിക്കില്‍ മുസ്ലിം നേതൃത്വത്തെയും കണ്ടിരുന്നു. അദ്ദേഹം ദല്‍ഹിയില്‍ ഒരു മുസ്ലിം പള്ളിയില്‍ പോലും പോയതായി നമ്മള്‍ വായിക്കുന്നു. വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുമെന്ന ഭയമാണ് അത് വിവാദമാക്കാന്‍ ചിലര്‍ക്ക് പ്രേരണ നല്‍കുന്നത്. അതല്ല സംഘം ക്രിസ്ത്യന്‍, മുസ്ലിം വിരോധിയാണെന്നു അവര്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നുണ്ടെങ്കില്‍ സംഘം ആ വിരോധം ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്നതിനെ അവര്‍ അനുമോദിക്കുകയല്ലേ ചെയ്യേണ്ടത്. സംഘത്തിലെ സ്വയംസേവകരെ സംബന്ധിച്ച് മോഹന്‍ജിയുടെ ഈ പെരുമാറ്റത്തില്‍ യാതൊരു പുതുമയുമില്ല. 1970 കളിലാണ് ജിലാനിയുമായുള്ള ഗുരുജിയുടെ അഭിമുഖം നടന്നത്. അത് കഴിഞ്ഞു ഗുരുജി അസുഖബാധിതനായിരുന്നപ്പോള്‍ ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയുടെ പത്രാധിപരായ ഖുശ്വന്ത് സിംഗ് ഗുരുജിയെ കാണാന്‍ വന്നു. പഞ്ചാബില്‍ ഈ കൂടിക്കാഴ്ചകള്‍ വളരെ സാധാരണമായിരുന്നു. ഗുരുജിക്ക് ശേഷം ബാലാസാഹബ് ദേവ്‌റസും ഇത് തുടര്‍ന്നു. പിന്നീട് രജ്ജു ഭയ്യയും സുദര്‍ശന്‍ജിയും ഇത് തന്നെ ചെയ്തു. അദ്ദേഹം സര്‍സംഘചാലക് ആയിരുന്നപ്പോഴാണ് ജോസഫ് പുലിക്കുന്നേലിന്റെ സ്ഥലത്ത് വെച്ച് ക്രൈസ്തവ നേതൃത്വവും ഹൈന്ദവ നേതൃത്വവും തമ്മിലുള്ള ചര്‍ച്ച നടന്നത്. അതിനെക്കുറിച്ച് ഒന്നാന്തരം ഒരു ലേഖനം ജോസഫ് പുലിക്കുന്നേല്‍ ‘ഒശാന’യില്‍ എഴുതിയിട്ടുണ്ട്. അപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഗുരുജിയുടെ കാലം മുതലേ തുടങ്ങിയതാണ്. ഇപ്പോള്‍ താഴെത്തട്ടിലുള്ള സ്വയംസേവകരും ഇത് ചെയ്തു തുടങ്ങിയിട്ടുണ്ട്. സംഘത്തെ സംബന്ധിച്ചെടുത്തോളം ഇത് ആനന്ദകരമാണ്. ഇതിനെതിരെയുള്ള എതിര്‍പ്പുകള്‍ രാഷ്ട്രീയ സ്വാര്‍ത്ഥം മൂലമുള്ളതാണ്.
‘വീ ഓര്‍ ഔര്‍ നേഷന്‍ഹുഡ് ഡിഫൈന്‍ഡ്’ എന്ന പുസ്തകം മുന്‍നിര്‍ത്തി ചിലര്‍ ശ്രീഗുരുജിയെ വിമര്‍ശിക്കുന്നുണ്ടല്ലോ. വാസ്തവത്തില്‍ ഇത് അദ്ദേഹത്തിന്റെ മൗലികകൃതിയാണോ?
ശ്രീഗുരുജി സമഗ്ര തയ്യാറാക്കുമ്പോള്‍ ഈ വിഷയം എന്റെയും പരിഗണനയില്‍ വന്നിരുന്നു. സാവര്‍ക്കറുടെ ജ്യേഷ്ഠന്‍ ‘ഭാരത് കി രാഷ്ട്രമീമാംസ’ എന്ന പേരില്‍ ഹിന്ദിയില്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ശ്രീഗുരുജി അത് ഇംഗ്ലീഷിലാക്കി. പുതിയ സാഹചര്യം കൂടി കണക്കിലെടുത്ത് അതിന്റെ കൂടെ അദ്ദേഹം ആദ്യത്തെ ഒരു അദ്ധ്യായം കൂടി എഴുതിച്ചേര്‍ത്തു. ആ പുസ്തകം ഗുരുജിയുടെ വിവര്‍ത്തന കൃതിയും അതിന്റെ ആമുഖം പോലെ ഒരു അദ്ധ്യായം അദ്ദേഹത്തിന്റേതുമായിരുന്നു. പൂനയില്‍ ഒരിക്കല്‍ അദ്ദേഹം സംസാരിക്കുമ്പോള്‍ ആരോ ഇക്കാര്യം ചോദിച്ചപ്പോള്‍ ഗുരുജി തന്നെ ഇത് സാവര്‍ക്കരുടെ ജ്യേഷ്ഠന്‍ എഴുതിയതിന്റെ ഒരു സ്വതന്ത്ര ആഖ്യാനമാണ് എന്ന് പറഞ്ഞു. ഗുരുജിയുടെ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഈ പ്രസംഗം എടുത്തുകൊണ്ടു സാവര്‍ക്കരുടെ ജീവചരിത്രകാരനായ ധനഞ്ജയ് കീര്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഇക്കാര്യം എഴുതിയിട്ടുണ്ട്. അതിന്റെ റഫറന്‍സ് ആയി ‘From the tape recorded spech of Golwalkar’ എന്നും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അക്കാര്യം വ്യക്തമാണ്. എങ്കിലും ഈ പുസ്തകം ഇംഗ്ലീഷില്‍ ആയതുകൊണ്ടും ഗുരുജി വിവര്‍ത്തനം ചെയ്തത് കൊണ്ടും അമ്പതുകളിലൊക്കെ ആ പുസ്തകം ശ്രദ്ധിക്കപ്പെട്ടു. 1947 നു ശേഷം അതിനു പുതിയ എഡിഷന്‍ വന്നിട്ടില്ല. പിന്നീട് ദല്‍ഹിയിലെ പ്രമുഖ പത്രപ്രവര്‍ത്തകനായ ദേവേന്ദ്ര സ്വരൂപുമായുമായി സംസാരിക്കുമ്പോള്‍ അതൊക്കെ ഇപ്പോള്‍ അപ്രസക്തമായി (outdated), ‘forget about it’ എന്ന് ഗുരുജി കത്തെഴുതിയിട്ടുണ്ട്. ആ കത്ത് ഗുരുജീ സാഹിത്യസര്‍വസ്വത്തിന്റെ എട്ടാമത്തെ വോള്യത്തില്‍ കൊടുത്തിട്ടുണ്ട്. 1930 ല്‍ ഇഎംഎസ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനെ കുറിച്ച് വളരെ പുകഴ്ത്തി ഒരു ലഘുലേഖ എഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം കോണ്‍ഗ്രസിനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹം കമ്മ്യൂണിസ്റ്റായ ശേഷം ആരെങ്കിലും അത് ഉദ്ധരിക്കുന്നു എന്നിരിക്കട്ടെ അതുപോലെ മാത്രമാണ് ഇതും. ഇത്തരം കാര്യത്തില്‍ മനുഷ്യന്‍ വൈചാരിക സത്യസന്ധനും കൂടി ആയിരിക്കണമെന്നാണ് എന്റെ അഭിപ്രായം.
ശ്രീഗുരുജിയുടേത് ഒരു ബഹുമുഖ വ്യക്തിത്വമായിരുന്നു. ആ ജീവിതത്തെ വിലയിരുത്തുമ്പോള്‍ ചിന്തകന്‍ എന്ന വശമാണോ സംഘാടകന്‍ എന്ന ഗുണമാണോ അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ കൂടുതല്‍ സമഗ്രത കൈവരിച്ചിരിക്കുന്നത്?
ശ്രീഗുരുജി ബഹുമുഖ പ്രതിഭയായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ ഡോ. ഹെഡ്‌ഗെവാര്‍ ഗുരുജിയെ സര്‍സംഘചാലകനായി നിശ്ചയിച്ചത് മുതല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സംഘത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. ശ്രീഗുരുജിയുടെ വ്യക്തിത്വത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം സംഘാടകന്‍ എന്നത് തന്നെയാണ്. കാരണം ഇപ്പോള്‍ ചിന്തിച്ചു നോക്കുമ്പോള്‍ ഭാരതത്തില്‍ കഴിഞ്ഞ ഒരു ഇരുനൂറ് വര്‍ഷത്തിനിടയില്‍ ശ്രീഗുരുജിയെപ്പോലെ 33 വര്‍ഷം ഭാരതം മുഴുവന്‍ സഞ്ചരിച്ച് മെല്ലെ മെല്ലെ അപ്രതിഹതമായ ഒരു സംഘടന വളര്‍ത്തിയെടുത്ത ചരിത്രം വേറെയില്ല. ഗുരുജിക്ക് ശേഷവും അത് തുടരുന്നു എന്നുള്ളത് ഗുരുജിയുടെ പ്രവര്‍ത്തനം വ്യക്തികേന്ദ്രീകൃതമായിരുന്നില്ല എന്ന് കാണിക്കുന്നു. അതുകൊണ്ട് തന്നെ സംഘാടകന്‍ എന്നതാണ് ശ്രീഗുരുജിയുടെ വ്യക്തിത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം. എന്നാല്‍ അദ്ദേഹം വളരെ വലിയ പ്രതിഭാവാനുമായിരുന്നു. ഡോ. ഹെഡ്‌ഗെവാറിന്റെ മരണശേഷം സംഘത്തിന്റെ പ്രത്യയശാസ്ത്രം പൊതുമധ്യത്തില്‍ വിശദീകരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നു. ആരെങ്കിലും അത് ഏറ്റെടുക്കേണ്ടിയിരുന്നു. ശ്രീഗുരുജിയുടെ മഹാപ്രതിഭ കൃത്യമായി അത് ഏറ്റെടുത്തു. അതുകൊണ്ട് ചിലര്‍ പറയാറുള്ളത് പോലെ സംഘത്തിന്റെ ‘ഐഡിയോളജിക്കല്‍ മെന്റര്‍’ ശ്രീഗുരുജി ആയിത്തീര്‍ന്നു. അദ്ദേഹം മൗലിക ചിന്തകനും, സംഘാടകന്‍ എന്ന നിലയില്‍ ഡോക്ടര്‍ജിയുടെ അനുയായിയുമായി മാറി. മൗലിക ചിന്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവന എന്താണെന്നുള്ള ചോദ്യം വരാം. ദേശീയ അടിസ്ഥാനത്തിലാണ് ആ സംഭാവന മുഴുവന്‍. ഉദാഹരണത്തിന് തമിഴ്‌നാട്ടില്‍ അദ്ദേഹം യാത്ര ചെയ്യുന്നതിനിടെ തമിഴ്‌നാട്ടുകാരനും മഹാരാഷ്ട്രക്കാരനും ദേശീയര്‍ എന്നതുപോലെ അവരുടെ ഭാഷയും ദേശീയമാണ് എന്ന് അദ്ദേഹം പറഞ്ഞു. പിന്നെ നമുക്ക് ദേശീയ ഭാഷകളില്‍ ഒരു പൊതുഭാഷ വേണമെന്നും അതാണ് ഹിന്ദി എന്നും പറഞ്ഞു. തമിഴും, മലയാളവും, മറാത്തിയും ഒക്കെ ദേശീയഭാഷകളാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്കാലത്ത് എല്ലാ നേതാക്കളും ഹിന്ദി ദേശീയ ഭാഷ എന്ന് പറയാറുണ്ടായിരുന്നു. പക്ഷേ ഗുരുജിയുടെ ഈ വീക്ഷണം തമിഴ്‌നാട്ടിലെ പ്രഗത്ഭ വ്യക്തികളില്‍ പോലും മതിപ്പുളവാക്കി. ദേശീയ ഏകാത്മതയുടെ സന്ദേശം പകര്‍ന്ന മൗലിക ചിന്തകനായിരുന്നു അദ്ദേഹം.
ഭാരതം സമസ്ത മേഖലകളിലും മുന്നേറ്റം കാഴ്ചവെക്കുന്ന പശ്ചാത്തലത്തില്‍ ശ്രീഗുരുജിയുടെ ചിന്തകളുടെ ഭാവികാല പ്രസക്തി എത്രത്തോളമാണ്?
ഒരുപക്ഷേ ഭാരതം എല്ലാ മേഖലയിലും പുരോഗമിച്ചില്ല എന്നിരിക്കട്ടെ, (ഭാഗ്യവശാല്‍ അങ്ങനെ ഒരു അവസ്ഥ നിലവിലില്ല) എന്നാലും ഗുരുജിയുടെ വാക്കുകള്‍ക്ക് അന്ന് എത്രമാത്രം പ്രസക്തിയുണ്ടോ ഇന്നും അതിന് അത്ര തന്നെ പ്രസക്തിയുണ്ട്. തുടക്കത്തില്‍ തന്നെ പറഞ്ഞതുപോലെ ഗുരുജി സംസാരിച്ചത് മാറുന്ന കാലത്തെ മാറാത്ത മൂല്യങ്ങളെക്കുറിച്ചായിരുന്നു. ഇതേ ചോദ്യം സ്വാമി വിവേകാനന്ദനെക്കുറിച്ച് ചോദിച്ചു എന്നിരിക്കട്ടെ, ഭാരതം ബഹുമുഖമായി വികസിച്ചുവരുമ്പോള്‍ വിവേകാനന്ദന്റെ വാക്കുകള്‍ക്ക് ഇന്ന് എന്ത് പ്രസക്തിയുണ്ട് എന്ന്. വിവേകാനന്ദന്റെ വാക്കുകള്‍ക്ക് ഇപ്പോഴുള്ള അതേ പ്രസക്തി തന്നെ ശ്രീഗുരുജിയുടെയും വാക്കുകള്‍ക്ക് ഇപ്പോഴുണ്ട്.