ഭാരതം ജനസംഖ്യയില്‍ ചൈനയെ പിന്തള്ളി ഒന്നാമതെത്തിയതോടെ ഇതിനെ ഒരവസരമായാണോ വെല്ലുവിളിയായാണോ നാം കാണാന്‍ പോകുന്നത് എന്നതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. ഏപ്രില്‍ 19 – ന് പുറത്തിറങ്ങിയ യു.എന്‍. പോപ്പുലേഷന്‍ ഫണ്ട് (യു.എന്‍.എഫ്.പി.എ.) റിപ്പോര്‍ട്ട് പ്രകാരം ഇക്കൊല്ലം പകുതിയോടെ ഭാരത ജനസംഖ്യ 142.86 കോടിയാവും. ഈ സമയത്ത് ചൈനയിലെ ജനസംഖ്യ 142.57 കോടിയായിരിക്കും. ഈ കണക്കനുസരിച്ച് അപ്പോള്‍ ഭാരതത്തിലെ ജനസംഖ്യ ചൈനയേക്കാള്‍ 29 ലക്ഷം കൂടുതലായിരിക്കും. കോവിഡ് മൂലം 2021 ല്‍ ഭാരതത്തില്‍ നടക്കേണ്ട ജനസംഖ്യാ കണക്കെടുപ്പ് ഇനിയും നടന്നിട്ടില്ലെങ്കിലും ജനനമരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്റെയും മറ്റു പഠനങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഈ കണക്കില്‍ വലിയ അന്തരം വരാന്‍ സാദ്ധ്യതയില്ലെന്നാണ് അറിയുന്നത്. ജനസംഖ്യയില്‍ ചൈനയേക്കാള്‍ മുന്നിലോ പിന്നിലോ എന്നത് ഭാരതത്തെ സംബന്ധിച്ചിടത്തോളം അത്ര വലിയ പ്രശ്‌നമല്ല. മറിച്ച് നമ്മുടെ രാജ്യത്തെ 150 കോടിയോളം വരുന്ന ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുക എന്നതാണ് ഭാരത സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രസക്തമായിട്ടുള്ളത്. അതനു സരിച്ചുള്ള പദ്ധതികളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭാരതം നടപ്പാക്കി വരുന്നത് എന്നതിനാല്‍ ജനസംഖ്യാ വര്‍ദ്ധനവിനെ ആശങ്കയോടെ കാണേണ്ട ആവശ്യമില്ല എന്ന അഭിപ്രായമാണ് ഈ വിഷയത്തില്‍ വിദഗ്ദ്ധരായ പലര്‍ക്കുമുള്ളത്.
ചൈനയേക്കാള്‍ യുവത്വം നിറഞ്ഞ ജനതയാണ് ഭാരതത്തിന്റേതെന്ന യു.എന്‍. റിപ്പോര്‍ട്ടിലെ പരാമര്‍ശവും ശ്രദ്ധേയമാണ്. ഭാരത ജനസംഖ്യയുടെ 25% വും 14 വയസ്സില്‍ താഴെയുള്ളവരാണെന്നത് ഭാരതത്തിന്റെ ഭാവിയെ സംബന്ധിച്ച് ശുഭസൂചന നല്‍കുന്നതാണ്. അതേസമയം ചൈനയില്‍ ഈ ശ്രേണിയില്‍ 17% ജനങ്ങള്‍ മാത്രമാണുള്ളത്. 10നും 24 നും ഇടയില്‍ പ്രായമുള്ളവര്‍ ഏറ്റവും കൂടുതലുള്ള രാജ്യവും ഭാരതമാണ്. 65 വയസ്സിനു മുകളിലുള്ളവര്‍ ചൈനയില്‍ 14% വും ഭാരതത്തില്‍ 7% വുമാണ്. യുവത്വമാണ് ഭാരതത്തിന്റെ ശക്തി എന്ന വസ്തുതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ജനങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഭക്ഷ്യോല്പാദനം വര്‍ദ്ധിക്കില്ലെന്നും അതുമൂലം കുറേ പേര്‍ പട്ടിണി ബാധിച്ചു മരിക്കുമെന്നുമുള്ള ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ മാല്‍ത്തൂസിന്റെ സിദ്ധാന്തത്തെ ഭാരതം പൊളിച്ചടുക്കിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഇച്ഛാശക്തിയും ആസൂത്രണ മികവുമുള്ള ഒരു ഭരണകൂടമാണ് ഇന്ന് ഭാരതത്തിലുള്ളത്. ഭക്ഷ്യകാര്യത്തില്‍ നാം ആത്മനിര്‍ഭരത കൈവരിച്ചുവെന്നു മാത്രമല്ല ലോകത്തിന്റെ വിദൂര ഭാഗങ്ങളില്‍ ഭക്ഷണത്തിനു വേണ്ടി കഷ്ടപ്പെടുന്ന കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഭക്ഷണ സാമഗ്രികള്‍ സൗജന്യമായി എത്തിച്ച് അവരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ‘വസുധൈവ കുടുംബകം’ എന്ന ആശയത്തെ പ്രായോഗികമായി നടപ്പാക്കുകയാണ് ഇക്കാര്യത്തില്‍ ഭാരത സര്‍ക്കാര്‍ ചെയ്തു വരുന്നത്.
2029 ല്‍ ഭാരതം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് കണക്കാക്കപ്പെടുന്നു. ആത്മനിര്‍ഭരതയെ അടിസ്ഥാനമാക്കിയ സുസ്ഥിര വികസനത്തിനു വേണ്ടിയുള്ള ഒട്ടേറെ പരിശ്രമങ്ങള്‍ ഇന്ന് ഭാരതത്തില്‍ നടന്നു വരുന്നുണ്ട്. സാര്‍വ്വത്രികമായ വിദ്യാഭ്യാസ പദ്ധതികളും ആരോഗ്യ കുടുംബക്ഷേമ പദ്ധതികളും സമൂഹത്തില്‍ നേരത്തെയുണ്ടായിരുന്ന അസന്തുലിതാവസ്ഥ ഒരു പരിധി വരെ കുറച്ചിട്ടുണ്ട്. രാജ്യത്തെ ഭൂരിഭാഗം വീടുകളിലും മൊബൈല്‍ ഫോണ്‍ ഉണ്ടെന്നതും ഈ വര്‍ഷം തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 100 കോടിയാകുമെന്നതും സാങ്കേതിക വിപ്ലവത്തിന്റെ നേട്ടം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുന്നുവെന്നതിന്റെ സൂചനയാണ്. എന്നാല്‍ ജനസംഖ്യയില്‍ ഭൂരിഭാഗം വരുന്ന യുവജനതക്ക് തൊഴിലും തൊഴില്‍ ലഭിക്കാനാവശ്യമായ വിദ്യാഭ്യാസവും നല്‍കുകയെന്നത് ഒരു വെല്ലുവിളിയാണ്. 2020ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ നൈപുണ്യ വികസനത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. അതനുസരിച്ചുള്ള പാഠ്യപദ്ധതികള്‍ എത്രയും വേഗം രാജ്യത്ത് നിലവില്‍ വരേണ്ടതുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ ജനസംഖ്യ കുറയുന്നതും വിദഗ്ദ്ധ തൊഴിലാളികളുടെ ആവശ്യം നേരിടുന്നതും കണക്കിലെടുത്ത് അത്തരം ജോലികള്‍ക്ക് പ്രാപ്തരായ വ്യക്തികളെ വളര്‍ത്തിയെടുക്കാനും ആഗോള തൊഴില്‍ മേഖലയിലെ ശക്തമായ സാന്നിദ്ധ്യമായിത്തീരാനും ഭാരതത്തിനു കഴിയണം.
ജനസംഖ്യാ വര്‍ദ്ധനവ് ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുക കാര്‍ഷിക രംഗത്താണ്. ജനങ്ങള്‍ കൂടുന്നതിനനുസരിച്ച് ഭക്ഷ്യോല്പാദനവും വര്‍ദ്ധിക്കേണ്ടതുണ്ട്. കാര്‍ഷിക രംഗത്തെ സമഗ്ര പരിഷ്‌ക്കരണം ലക്ഷ്യമാക്കി നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളെ ചില നിക്ഷിപ്ത ശക്തികള്‍ കര്‍ഷകരെ ഇളക്കിവിട്ട് പരാജയപ്പെടുത്തിയ അനുഭവം നമ്മുടെ മുന്നിലുണ്ട്. കാര്‍ഷിക രംഗത്ത് പരിഷ്‌ക്കരണം അനിവാര്യം തന്നെയാണ്. ഇടനിലക്കാരില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളും തുടരണം. അതേസമയം കൃഷിയുടെ കാര്യത്തില്‍ യുവജനതയുടെ ശ്രദ്ധ കൂടുതലായി പതിയേണ്ടതുണ്ട്. 150 കോടിയോളം ജനങ്ങളുള്ള ഒരു രാജ്യത്ത് ആകെ 64 കാര്‍ഷിക കോളേജുകളേ ഉള്ളൂ എന്നത് ഒരു പരിമിതിയാണ്. കൂടുതല്‍ കൂടുതല്‍ യുവാക്കളെ കാര്‍ഷികരംഗത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയണം. ഒരു പണിയുമില്ലാത്തവര്‍ക്ക് ചെയ്യാനുള്ളതല്ല കൃഷിയെന്ന് നാം ഇനിയെങ്കിലും തിരിച്ചറിയണം. ഇസ്രായേലിന്റെ കാര്‍ഷിക രംഗത്തെ പുരോഗതി ഒരു പാഠമാകേണ്ടതാണ്. കേരളത്തില്‍ നിന്നു പോലും കൃഷിയെ കുറിച്ചു പഠിക്കാന്‍ കര്‍ഷകരെ അങ്ങോട്ടാണല്ലോ കൊണ്ടുപോയത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിള ഉല്പാദിപ്പിക്കുക, അവ കേടുകൂടാതെ സംരക്ഷിക്കുക, മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളാക്കി മാറ്റി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ വിറ്റഴിക്കുക തുടങ്ങിയ കാര്യങ്ങളിലെല്ലാം നമുക്ക് ബഹുദൂരം മുന്നോട്ടു പോകാനുണ്ട്. ദേശീയ പാതകളുടെ വികസനത്തിലൂടെ വിവിധ പ്രദേശങ്ങളെ ബന്ധപ്പെടുത്താനുള്ള പദ്ധതികളുടെ ഗതിവേഗം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നതും ഇതിനു സഹായകമാണ്. ജനസംഖ്യയിലെ ഒന്നാം സ്ഥാനം ആഗോള സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഭാരതത്തിന് ഒരു അവസരമായിത്തീരാന്‍ കഴിയുന്ന വിധത്തില്‍ സര്‍ക്കാരുകളും നയ രൂപീകരണ വിദഗ്ദ്ധരും പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ജനങ്ങള്‍ സര്‍വ്വാത്മനാ ഇവയുമായി സഹകരിക്കുകയും ചെയ്യേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്.