കുമാരനാശാന്‍, മാപ്പിള ലഹളയ്ക്ക് ശേഷം എഴുതിയ ‘ദുരവസ്ഥ’ ലഹളക്കാലത്ത് നടന്ന ഹിന്ദു വംശഹത്യയ്ക്ക് എതിരായ, കാവ്യ പ്രതിഷേധമാണ് എന്ന സത്യം കേരള സമൂഹം വിലയിരുത്തി കഴിഞ്ഞതാണ്. അയിത്തവും ജാതിവിവേചനവും നീക്കി ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി വര്‍ഗീയതയ്ക്ക് എതിരെ പോരാടണം എന്ന ആഹ്വാനമാണ്, മാപ്പിള ലഹളയ്ക്ക് ശേഷമുള്ള കുമാരനാശാന്റെ ലഘു കവനങ്ങളില്‍ കാണുന്നത്. ജാതിക്കെതിരായ ഹിന്ദു പരിഷ്‌കരണ പ്രസ്ഥാനമായ ആര്യസമാജവുമായി ആശാന്‍, ലഹളയ്ക്ക് ശേഷം ബന്ധപ്പെട്ടു പോന്നത്, ജാതി വിരുദ്ധ വിചാരങ്ങളെ ഊര്‍ജ്ജസ്വലമാക്കി.
ഈ വിചാരം തുടിച്ചു നില്‍ക്കുന്ന ആശാന്റെ ലഹളനാന്തര ലഘു കവനങ്ങളാണ്, ‘സിംഹനാദം’, ‘സ്വാതന്ത്ര്യഗാഥ’ എന്നിവ. ‘സിംഹനാദം’ 1097 മേടത്തില്‍ എരമല്ലൂരില്‍ നടന്ന എസ്എന്‍ഡിപി യോഗം 19-ാം വാര്‍ഷികത്തില്‍ സന്നദ്ധഭടന്മാര്‍ക്ക് പാടാന്‍ എഴുതിയത് എന്നാണ് സമ്പൂര്‍ണ പദ്യ കൃതികള്‍ അടിക്കുറിപ്പില്‍ പറയുന്നത്. അതായത് 1922 ഏപ്രില്‍ -മെയ്. 1922 ഏപ്രിലില്‍ തന്നെയാണ് ‘സ്വാതന്ത്ര്യഗാഥ’യും വരുന്നത്. ‘ഒരു ഉദ്‌ബോധനം’ (1919) എന്ന കവിതയ്ക്ക് ഉശിരു പോരാ എന്ന് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞതിനാല്‍ ആശാന്‍ 1919 ഫെബ്രുവരിയില്‍ എഴുതിയ കവിതയാണ് ‘സിംഹനാദം’ എന്ന് എം.കെ.സാനു ‘മൃത്യുഞ്ജയം കാവ്യജീവിതം’ എന്ന പുസ്തകത്തില്‍ പറയുന്നത്, ഈ അടിക്കുറിപ്പുമായി ചേരുന്നതല്ല. മാത്രമല്ല, കുമാരനാശാനെപ്പോലെ ആന്തരിക ജീവിതമുള്ളവര്‍ ആരെങ്കിലും പറഞ്ഞിട്ടല്ല കവിത എഴുതുക.
സഹോദരനില്‍ 1919 ല്‍ ആശാന്‍ എഴുതിയ ‘ഒരു ഉദ്‌ബോധന’ത്തിന്റെ തുടര്‍ച്ചയാണ്, ലഹളയ്ക്ക് ശേഷമുള്ള രണ്ടു കവനങ്ങളും. എന്നാല്‍, ഈ കവനങ്ങള്‍ക്ക് പിന്നാലെയാണ്, ‘ദുരവസ്ഥ’യുടെ പിറവി എന്നത് നിസ്സാരമല്ല. അതിനാല്‍ തന്നെ, 1920 ഡിസംബറില്‍ ആശാന്‍ എഴുതിയ ‘പരിവര്‍ത്തനം’ എന്ന കവിതയ്ക്ക് ചില ഇടതു കുബുദ്ധികള്‍ ആരോപിക്കും പോലെ, 1917 ലെ റഷ്യന്‍ വിപ്ലവ പ്രചോദനം ഉണ്ടാകാന്‍ ഒരു സാധ്യതയും ഇല്ല. കാള്‍ മാര്‍ക്‌സിന്റെയും ലെനിന്റെയും സമകാലികരായിരുന്ന ശ്രീനാരായണ ഗുരുവും കുമാരനാശാനും അവരിരുവരെയും ഒരിടത്തും പരാമര്‍ശിക്കാതിരുന്നത്, അവര്‍ക്ക് വേണ്ടിയിരുന്നത് ഹിംസയില്‍ മുങ്ങിയ വ്യാജ പരിവര്‍ത്തനം അല്ല എന്നതു കൊണ്ടാണ്. അവര്‍ ലക്ഷ്യമിട്ടത്, സമുദായ പരിഷ്‌കരണം വഴി ഹിന്ദുമത ഐക്യമാണ്.
ഈ കാവ്യങ്ങള്‍ എല്ലാം ‘മണിമാല’ എന്ന സമാഹാരത്തിലാണ് വന്നത്. ‘പരിവര്‍ത്തനം’ എന്ന കവിത, സൂര്യസ്തുതിയാണ്.
കരഞ്ഞുകൊണ്ടു കൂമനും കുറുക്കനും ഗമിക്കവേ
വിരഞ്ഞു കുക്കുടങ്ങള്‍ മോദകാഹളം വിളിക്കവേ
എരിഞ്ഞുയര്‍ന്നെഴും ദിനേശ കൂസിടാതെയെങ്ങുമേ
തിരിഞ്ഞു നിന്നിടാതെ നിന്‍വഴിക്കു പോക പോക നീ.
എന്നു തുടങ്ങുന്ന കവിതയില്‍,
കവി, പരിവര്‍ത്തനം കാംക്ഷിക്കുന്ന വരികള്‍ ഉണ്ട്:
അറയ്ക്കകത്തെഴുന്നൊരന്ധകാരവും വിഭോ ഭവാന്‍
പറത്തുകിന്നഭസ്സില്‍നിന്നു മൂടല്‍മഞ്ഞുപോലുമേ
വിറച്ചണഞ്ഞു വെയ്‌ലുകൊണ്ടിടട്ടെ വൃദ്ധഭൂ തണു-
ത്തറച്ചതന്‍ ഞരമ്പിലെങ്ങുമുഷ്ണരക്തമോടുവാന്‍
അകന്നു മിന്നുവോരുഡുക്കളന്തികത്തിലായ് ദ്രുതം
പകച്ചു മങ്ങി നിന്നിടട്ടെ ദേവ പാഞ്ഞുപോക, നീ
പുകഞ്ഞെരിഞ്ഞുടന്‍ പൊടിഞ്ഞു താണിടട്ടെ പര്‍വ്വതം
നികന്നിടട്ടെ വാരിരാശി നിന്റെ തേര്‍ത്തടങ്ങളില്‍.
തിമിര്‍ത്തൊരീര്‍ഷ്യയാല്‍ തടഞ്ഞിടട്ടെ വന്‍ഗജങ്ങളോ
തിമിംഗലങ്ങളോ ഭവല്‍ പഥത്തെ-അല്പദൃഷ്ടികള്‍.
അമര്‍ത്തലേറ്റു മസ്തകം ഞെരിഞ്ഞവറ്റ ചോരയാല്‍
സമഗ്രമന്തിവര്‍ണ്ണമാക്കിടട്ടെ കുന്നുമാഴിയും.
സമത്വമേകലക്ഷ്യമേവരും സ്വതന്ത്രരെന്നുമേ
സമക്ഷമിത്തമസ്സകറ്റിയോതി ലോകമാകവേ
ക്രമപ്പെടുത്തിടും ഭവാന്റെ ഘോരമാം കൃപയ്ക്കു ഞാന്‍
നമസ്‌ക്കരിപ്പു, ദേവ പോകപോക നിന്‍വഴിക്കു നീ
ഈ കവിതയിലെ സൂര്യന്‍, സഹോദരന്‍ അയ്യപ്പനാണ് എന്ന് എം.കെ.സാനു വ്യാഖ്യാനിക്കുന്നതോടെ, ഡോ.എസ് ഷാജിയെപ്പോലുള്ള അല്‍പ പ്രാണികള്‍ ഈ കവിതയില്‍ കാണുന്ന ബോള്‍ഷെവിക് വിപ്ലവം ആവിയായി പോകുന്നു. കവിതയുടെ ഒടുവില്‍ ദേവന്‍ എന്നു തന്നെ കവി സൂര്യനെ സംബോധന ചെയ്യുന്നതോടെ, ഭാരതത്തിന്റെ, ഭാരതീയമായ പരിവര്‍ത്തനമാണ് കവി ലക്ഷ്യമാക്കുന്നത് എന്ന് വ്യക്തമാകുകയും ചെയ്യുന്നു. ബ്രിട്ടീഷ് അടിമത്തത്തില്‍ നിന്നുള്ള മോചനം ഇതിവൃത്തമായ കവിതയാണ് ഇത് എന്ന് കാണാന്‍ ചരിത്രബോധമുള്ളവര്‍ക്ക് പ്രയാസം ഉണ്ടാവില്ല.
‘ഒരു ഉദ്‌ബോധനം’ എന്ന കവിതയില്‍,
തരുശാഖയിലോ താഴെ
പ്പൊത്തിലോ കന്ദരത്തിലോ
ഗൃഹകോടിയിലോ സംഘം
കൂടി ക്ഷേമം നിനയ്ക്കുവിന്‍
എന്ന വരികള്‍ ഗറില്ലാ യുദ്ധത്തിനുള്ള ആഹ്വാനമാണ് എന്നാണ് ഡോ.എസ്.ഷാജി ഒരു ലേഖനത്തില്‍ വ്യാഖ്യാനിക്കുന്നത്. എന്നാല്‍, ആ കവിതയുടെ പ്രചോദനം ഇനിയുള്ള വരികളില്‍ വ്യക്തമാണ്:
മുറിവേല്‍പ്പിക്കിലും ധൂര്‍ത്തര്‍
പത്രം ചുട്ടുകരിക്കിലും
മുഷ്‌ക്കിന്നു കീഴടങ്ങാതെ
മരിപ്പോളം തടുക്കുവിന്‍
കുമാരനാശാന്‍ ജീവിച്ചിരുന്ന കാലത്ത് അഗ്‌നിക്കിരയാക്കിയത്, പരവൂര്‍ കേശവനാശാന്റെ ‘സുജനാനന്ദിനി’ എന്ന പത്രമാണ്. അതിന് തീയിട്ടത്, 1905 ല്‍ ഹരിപ്പാട് ഉണ്ടായ നായര്‍ -ഈഴവ ലഹളക്കാലത്താണ്. അന്ന് ‘കേരളഭൂഷണം’ പ്രസ്സിനും നായന്മാര്‍ തീയിട്ടു.
വീണ്ടും, ജാതിക്കോമരങ്ങള്‍ക്കെതിരായ പോരാട്ടമാണ് ആശാന്‍ ലക്ഷ്യമിട്ടത് എന്ന് വ്യക്തം. മുതലാളിത്തത്തിന് എതിരായ, മാര്‍ക്‌സിസ്റ്റ് ഗറില്ലാ യുദ്ധം അല്ല.
സൂര്യന്‍ കിഴക്കുദിക്കാറായ്
സരഘാനിവഹങ്ങളേ!
സ്വാതന്ത്ര്യമധു തേടീടാന്‍
സോത്സാഹമെഴുന്നേല്‍ക്കുവിന്‍.
എന്നാണ് കവിതയുടെ ആരംഭം. തേനീച്ചകളോട് സ്വാതന്ത്ര്യ മധു നുകരാന്‍ എഴുന്നേല്‍ക്കൂ എന്നാണ് ആഹ്വാനം. ഇത് ഈഴവരോടുള്ള ആഹ്വാനം ആണെന്നും ഈഴവര്‍ക്കും തേനീച്ചകള്‍ക്കും ഉപജീവനമാര്‍ഗം മധുശേഖരണം ആണെന്നും ടി.കെ. മാധവന്‍ നിരീക്ഷിച്ചിട്ടുണ്ട്.
പില്‍ക്കാലത്ത് മാപ്പിളമാര്‍ ചെയ്തതു പോലെ, ആക്രമണം കവി നിര്‍ദ്ദേശിക്കുന്നില്ല:
ഉപദ്രവിക്കായുവിന്‍ പോ
യൊരു ജന്തുവിനേയുമേ
അപായം തടയാന്‍ ഘോര
ഹുങ്കാരം കൂട്ടി നില്‍ക്കുവിന്‍.
ആശയസമരമാണ് മികച്ച ആയുധം:
മുഖത്തുണ്ടിന്നു നിങ്ങള്‍ക്കു
ദൈവദത്തമൊരായുധം
മൃദുവെന്നാകിലും തീക്ഷ്ണം
പേടിക്കുമതു വൈരികള്‍.
ആശാന്‍ തുടര്‍ന്ന് തിരുവിതാംകൂര്‍ ആക്രമിച്ച ഒരു മുസ്ലിം സേനാനായകനെ ഓര്‍ക്കുന്നത്, ആകസ്മികം ആവില്ല:
വഞ്ചിശ്രീയെക്കവരുവാന്‍
പണ്ടു വന്നൊരു മുഷ്‌കരന്‍
മുകിലന്‍ പടയോടൊത്തു
മുടിഞ്ഞു മക്ഷികാളിയാല്‍.
വേണാട് ആക്രമിച്ച മുഗള്‍ സേനാധിപനാണ് മുകിലന്‍. ഉമയമ്മ റാണി വേണാട് ഭരിച്ചിരുന്ന കാലത്തായിരുന്നു (1677-1684) ഈ ആക്രണം. ഇത് കൊല്ലവര്‍ഷം 855-ലായിരുന്നു (എ.ഡി. 1680) എന്ന് കരുതപ്പെടുന്നു. കേരളത്തിലെ ആദ്യ മുസ്ലിം ആക്രമണം മുകിലന്‍ നടത്തിയതാണ്.
വര്‍ക്കല മുതല്‍ തോവാള വരെയുള്ള പ്രദേശം മുകിലന്‍ പിടിച്ചെടുത്തു. തിരുവനന്തപുരത്തെ മണക്കാട് ആസ്ഥാനമാക്കി അദ്ദേഹം രാജ്യം ഭരിച്ചു തുടങ്ങി. കന്യാകുമാരി ജില്ലയില്‍ ബുധപുരത്ത് നെയ്തശ്ശേരിമഠം വകയായ ഒരു ബലരാമ ക്ഷേത്രം ഉണ്ടായിരുന്നു. പ്രധാനദേവന്‍ ബലരാമന്‍ ആയിരുന്നു. കൂപക്കരപ്പോറ്റിക്കായിരുന്നു ഇവിടെ തന്ത്രം. മുകിലന്‍ ഈ ക്ഷേത്രം ആക്രമിക്കാന്‍ വരുന്നുണ്ടെന്നറിഞ്ഞ നെയ്തശ്ശേരിപ്പോറ്റി കൂപക്കരപ്പോറ്റിയുടെ സഹായത്തോടെ വിഗ്രഹങ്ങള്‍ ഇളക്കിയെടുത്ത് കുറച്ചു ദൂരെയുള്ള സ്വാമിയാര്‍ മഠത്തില്‍ എഴുന്നള്ളിച്ചു കുടിയിരുത്തി. ക്ഷേത്രം ആക്രമിക്കാനായി മുകിലന്‍ എത്തിയപ്പോള്‍ നായന്മാരും ചാന്നാന്മാരും അദ്ദേഹത്തെ നേരിട്ടു. അവരെ നിര്‍ദ്ദയം അരിഞ്ഞു വീഴ്ത്തിയ ശേഷം മുകിലന്‍ ക്ഷേത്രം കൊള്ളയടിച്ചു. അയാള്‍ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ ഗോക്കളെ കൊന്നു, ക്ഷേത്രം തകര്‍ത്തു.
മുകിലന്‍ സമ്പത്ത് കൊള്ളയടിക്കാനായി നാനാദിക്കിലേക്കും പടയാളികളെ നിയോഗിച്ചു. എട്ടരയോഗക്കാരും എട്ടുവീട്ടില്‍ പിള്ളമാരും മുകിലന്റെ ആക്രമണസമയത്ത് ജാതിഭ്രഷ്ട് ഭയന്ന് ശ്രീപദ്മനാഭസ്വാമിക്ഷേത്രം അടച്ചിട്ടു പലായനം ചെയ്തു എന്ന് ചരിത്രകാരന്‍ പി.ശങ്കുണ്ണി മേനോന്‍ എഴുതിയിട്ടുണ്ട്.
പദ്മനാഭസ്വാമി ക്ഷേത്രം കൊള്ളയടിക്കാന്‍ മുകിലന്‍ സ്വയം പുറപ്പെട്ടപ്പോള്‍ മണക്കാട്ടുള്ള പഠാണികളായ മുഹമ്മദീയര്‍ അത് തടഞ്ഞു. അന്നദാതാക്കന്മാരായ വേണാട്ടരചന്മാര്‍ തങ്ങളെ കാരുണ്യത്തോടെയാണ് സംരക്ഷിച്ചു പോരുന്നതെന്നും രാജവംശത്തിന്റെ പരദേവതാക്ഷേത്രം കൊള്ള ചെയ്യരുതെന്നും അവര്‍ അപേക്ഷിച്ചു. അതിനാല്‍ മുകിലന്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ആക്രമിച്ചില്ല.
എന്നാല്‍ വര്‍ക്കല മുതല്‍ തോവാള വരെയുള്ള പ്രദേശങ്ങളില്‍ അയാള്‍ നിര്‍ബന്ധിത മതംമാറ്റം നടത്തി.
ഇസ്ലാം സ്വാധീനം തെക്കന്‍ തിരുവിതാംകൂറില്‍ അടിച്ചേല്‍പിച്ചത് മുകിലന്റെ ആക്രമണം ആയിരുന്നു.തീരപ്രദേശത്ത് വര്‍ക്കല മുതല്‍ വിളവങ്കോട് വരെ അയാള്‍ നിര്‍ബന്ധിത മതംമാറ്റം നടത്തി, സുന്നത്ത് പോലുള്ള ആചാരങ്ങള്‍ അടിച്ചേല്‍പിച്ചെന്ന് നാഗമയ്യ ‘തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലി’ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആണുങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ തല മറയ്ക്കണം, സ്ത്രീകള്‍ മാറു മറയ്ക്കണം, ആണ്‍കുട്ടികള്‍ക്ക് ചേലാകര്‍മ്മം നടത്തണം, കല്യാണം പോലുള്ള ചടങ്ങുകളില്‍ എല്ലാവരും ഒരേ പാത്രത്തില്‍ നിന്നുണ്ണണം, കുട്ടികള്‍ തലയില്‍ ഉറുമാല്‍ കെട്ടണം, സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ അരയ്ക്ക് മേല്‍ മറയ്ക്കണം എന്നീ നിബന്ധനകള്‍ നടപ്പാക്കി.
മുകിലനെ നേരിടാനായി ഉമയമ്മറാണി വയനാട്ടു നിന്നെത്തിയ കോട്ടയത്തു കേരളവര്‍മ്മയെ നിയോഗിച്ചു. കേരളവര്‍മ്മയുടെ പട മുകിലപ്പടയുമായി ഏറ്റുമുട്ടി. മുകിലന്റെ കുതിരപ്പടയുടെ വലിയ പങ്കും വര്‍ക്കല മുതല്‍ തോവാള വരെയുള്ള പ്രദേശത്തായി കരം പിരിക്കാന്‍ പോയിരിക്കുകയായിരുന്നു. മുകിലന്‍ തോവാളയിലേക്കു പിന്‍വാങ്ങി. സൈന്യവുമായി പിന്തുടര്‍ന്ന കേരളവര്‍മ്മ തിരുവട്ടാറ്റു മുകിലനെ വധിച്ചു.
ഉമയമ്മ റാണി കേരളവര്‍മ്മയെ വേണാട്ടു രാജകുടുംബത്തിലേക്കു ദത്തെടുത്ത് ഇരണിയല്‍ രാജകുമാരന്‍ എന്ന ഔദ്യോഗികാംഗീകാരം നല്‍കി. തുടര്‍ന്ന് കേരളവര്‍മ്മയായിരുന്നു ഉമയമ്മ റാണിയുടെ പ്രണയ ഭാജനം. 1696 ല്‍ അദ്ദേഹം കൊല്ലപ്പെട്ടു. ആട്ടക്കഥാകാരന്‍ കോട്ടയത്ത് തമ്പുരാന്റെ അനുജന്‍ ആയിരുന്നു.
പുലപ്പേടി, മണ്ണാപ്പേടി എന്നിവ അദ്ദേഹം നിരോധിച്ചതിന് പിന്നാലെയാണ് കൊല്ലപ്പെട്ടത്. വലിയൊരു ഭാഗം ജനങ്ങളെ പുലയര്‍, മണ്ണാന്‍ എന്നീ ജാതിക്കാരായ ആളുകളാല്‍ അപമാനിതരാക്കപ്പെടുന്നതില്‍ നിന്ന് ഒഴിവാക്കുക പരിഷ്‌കരണ ലക്ഷ്യമായിരുന്നു. ഈ വിളംബരം പുലയ, പറയ, മണ്ണാന്‍ സമുദായത്തില്‍ പെട്ട കുട്ടികളടക്കം അനേകരുടെ കൂട്ടക്കൊലയ്ക്കും ഗര്‍ഭസ്ഥശിശുക്കളുടെ നേരേ വരെയുള്ള കിരാതമായ ആക്രമണങ്ങള്‍ക്കും വഴിതെളിച്ചതായി പറയപ്പെടുന്നു. റാണിയുടെ ഭരണത്തിന്റെ ശക്തി കേരളവര്‍മ്മയാണ് എന്നു ധരിച്ച മാടമ്പിമാര്‍; അദ്ദേഹത്തെ ഇല്ലാതാക്കിയാല്‍ ഭരണം ശിഥിലമാകുമെന്നു കണക്കു കൂട്ടി അദ്ദേഹത്തെ കൊല്ലാന്‍ പദ്ധതികള്‍ തയ്യാറാക്കി. ഭരണം കൂടുതല്‍ രാജ കേന്ദ്രീകൃതമാകുന്നതില്‍ എതിര്‍പ്പുണ്ടായിരുന്ന എട്ടരയോഗം എന്ന ക്ഷേത്ര ഭരണക്കാരാണ് അദ്ദേഹത്തെ കൊന്നത് എന്നു കരുതപ്പെടുന്നു.
ഭൂതകാല ചരിത്രം മലയാളികള്‍ക്ക് ആവേശമാകട്ടെ എന്ന് ഉദാഹരിച്ച ശേഷം, കുമാരനാശാന്‍ ആ വലിയ സന്ദേശം നമുക്ക് പകര്‍ന്നു തന്നത്, ഈ കവിതയിലാണ്:
മലക്കുണ്ടില്‍ മറിഞ്ഞെത്ര
കീടം ചാകുന്നു നാള്‍ക്കുനാള്‍
മധുകാത്തുറ്റ തേന്‍കൂട്ടില്‍
മരിപ്പിന്‍ നിങ്ങള്‍ വേണ്ടുകില്‍.
സ്വാതന്ത്ര്യംതന്നെയമൃതം
സ്വാതന്ത്ര്യംതന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം.
ഈ കവിത 1919 ലാണോ എഴുതിയത്, മാപ്പിളലഹളയ്ക്ക് ശേഷമാണോ എന്ന് കണ്ടെത്തേണ്ടതാണ്. ‘സഹോദരനി’ല്‍ ആണ് വന്നത്. എം.കെ. സാനു പറയുന്നത് 1919 ആണെന്നാണ്.
ജാതിയെ പിശാചായും കലിയായും കാണുന്ന തീക്ഷ്ണ കവിതയാണ്, ‘സിംഹനാദം’. ജാതിയെന്ന കരിവീരന്റെ മസ്തകം ഉടയ്ക്കാനുള്ള ആഹ്വാനം, ഭാരതീയമായ കല്പനകള്‍ വച്ചു തന്നെ:
കരനഖനിരകൊണ്ടു കൂരിരുട്ടാം
കരിയുടെ കുംഭമുടച്ചു ചോരതൂവി
ത്വരയൊടുദയമാര്‍ന്നു നിങ്ങളോടീ
‘ഹരി’യുരചെയ്‌വതു ഹന്ത! കേട്ടുകൊള്‍വിന്‍
നേടിയൊരിരുള്‍ തുലഞ്ഞു രാത്രിയോടും
കൊടിയ പിശാചുക്കള്‍ കോടിപോയ്മറഞ്ഞു
മുടിവിനു നിഴല്‍കണ്ടു മൂലതോറും
കുടികളില്‍ നില്പിതു ഘോരഭൂതമേകും.
ഝടിതിയവനെയാഞ്ഞു വേട്ടയാടിന്‍
നൊടിയളവിക്കലി നില്‍ക്കിലുണ്ടപായം
പടിമ പെരുതവന്നു പേപിടിപ്പി-
ച്ചടിമകളാക്കിടുമാരെയും ദുരാത്മാ.
പറക പണിയിരുട്ടു പെറ്റതാകും
പറയനിവന്‍ സ്വയമെന്തു വിദ്യയാലോ
മറയവരുടെ മണ്ടയില്‍ക്കരേറി-
ക്കുറകള്‍ പറഞ്ഞു മുടിച്ചു കേരളത്തെ.
നരനു നരനശുദ്ധവസ്തുപോലും
ധരയില്‍ നടപ്പതു തീണ്ടലാണുപോലും
നരകമിവിടമാണു ഹന്ത! കഷ്ടം
ഹര! ഹര! ഇങ്ങനെ വല്ല നാടുമുണ്ടോ?
ജാതിയുടെ ഉന്മൂലനം ഇതിവൃത്തമായ ഒടുവിലെ കവിത, സ്വാതന്ത്ര്യഗാഥയില്‍, ജാതിവ്യവസ്ഥയെ മായാവ്യവസ്ഥ എന്ന് വിളിക്കുന്നു; ബ്രിട്ടീഷ് ചക്രവര്‍ത്തിയോടുള്ള വിലാപമാണ്, ഇത് :
അന്ധകാരത്തിന്റെയാഴത്തില്‍ ക്രൂരമാ-
മെന്തൊരു മായാവ്യവസ്ഥയാലോ
ബന്ധസ്ഥരായ് ഞങ്ങള്‍ കേഴുന്നു ദേവ, നിന്‍
സ്വന്തകിടാങ്ങള്‍, നിരപരാധര്‍.
ഓരുന്നു ഞങ്ങള്‍ പിതാവെ, നിന്‍ കണ്‍മുന
ദൂരത്തും തേന്മഴ ചാറുമെന്നും
ക്രൂരതതന്നുടെ നേരേയതുതന്നെ
ഘോരമിടിത്തീയായ് മാറുമെന്നും.
ചട്ടറ്റ നിന്‍ കരവാളില്‍ ചലല്‍പ്രഭ
തട്ടുമാറാക ഞങ്ങള്‍ക്കു കണ്ണില്‍
വെട്ടിമുറിക്കുക കാല്‍ച്ചങ്ങല വിഭോ!
പൊട്ടിച്ചെറികയിക്കൈവിലങ്ങും
ചക്രവര്‍ത്തിയെ അംഗീകരിച്ചു കൊണ്ടു തന്നെയാണ് ഈ വിലാപം എന്ന് കാണാന്‍ പ്രയാസമില്ല. അതിനാല്‍ തന്നെ, ജോര്‍ജ് ആറാമന്റെ പട്ടും വളയും വാങ്ങിയ കവി എന്ന് ഇ.എം.എസ് ആക്ഷേപിച്ച ആശാനെ മാര്‍ക്‌സിസ്റ്റ് കവി എന്ന് വിളിക്കുന്നത് അസംബന്ധമാണ്. ഹിന്ദുമതത്തെ വിഘടിച്ചു നിര്‍ത്തിയ ജാതിപ്പിശാചിനെ ഉന്മൂലനം ചെയ്യാനുള്ള നിലവിളിയാണ് ആശാന്‍ കവിത.
അതിനാല്‍, ബ്രിട്ടീഷ് ഇന്ത്യയില്‍ രംഗപ്രവേശം ചെയ്ത ആര്യസമാജത്തിന്റെ ജാതിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രീനാരായണഗുരുവിനും കുമാരനാശാനും താല്‍പര്യം തോന്നി. മാപ്പിളലഹളയ്ക്ക് ശേഷം ആശാനും ആത്മസുഹൃത്ത് പത്രാധിപര്‍ ടി.കെ.നാരായണനും മലബാറില്‍ പോയി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വന്ന പണ്ഡിറ്റ് ഋഷിറാം, വേദബന്ധു ശര്‍മ (ആര്‍.വെങ്കിടാചലം) എന്നിവരുമായി ബന്ധപ്പെട്ടു. ടി.കെ.നാരായണന്‍ ആര്യസമാജത്തില്‍ ചേര്‍ന്നു.
കമ്മ്യൂണിസ്റ്റ് നേതാവ് എം.എന്‍.ഗോവിന്ദന്‍ നായര്‍ ആത്മകഥയില്‍ ഇങ്ങനെ എഴുതുന്നു:
‘എന്റെ നാട്ടില്‍ (പന്തളം) നിന്ന് വിവാഹം കഴിച്ച ഒരു ടി.കെ.നാരായണന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രതിഷേധം കുട്ടികളായ ഞങ്ങള്‍ക്ക് രസകരമായി തോന്നി. അദ്ദേഹത്തിന്റെ വേഷം വടക്കേ ഇന്ത്യക്കാരെപ്പോലെ പുറകില്‍ ശിഖ, ബ്രാഹ്‌മണരെപ്പോലെ പൂണൂല്‍, പൂജ നടത്താന്‍ പ്രത്യേക രീതിയിലുള്ള മുണ്ടുടുപ്പ് എന്നിവയായിരുന്നു. പൂജ നടത്താന്‍ തിരഞ്ഞെടുത്ത സ്ഥലം മണപ്പുറം. ധീരനായി പുരാണേതിഹാസങ്ങളെയും ജാതിവ്യവസ്ഥയെയും ക്ഷേത്രാരാധനയെയും വെല്ലുവിളിച്ചു കൊണ്ടും വേദങ്ങള്‍ മാത്രമാണ് ഹിന്ദുക്കളുടെ അടിസ്ഥാന ഗ്രന്ഥങ്ങളെന്ന് വാദിച്ചു കൊണ്ടും അവയിലേക്ക് എല്ലാവരും മടങ്ങണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍ വീരസാഹസികത്വത്തിന്റെ മാതൃകയായിരുന്നു. വടക്കേ ഇന്ത്യയില്‍ പ്രചുരപ്രചാരത്തിലിരുന്ന ആര്യസമാജത്തെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്തത്’. (എമ്മെന്റെ ആത്മകഥ, പേജ് 48)
ആദ്യം പറഞ്ഞ ‘സുജനാനന്ദിനി’യുടെ പത്രാധിപര്‍ ആയിരുന്ന ടി.കെ.നാരായണന്‍, എസ്.എന്‍.ഡി.പി സംഘടനാ സെക്രട്ടറിയും ഇംഗ്ലീഷ് പണ്ഡിതനും ആയിരുന്നു.
ശ്രീനാരായണ ഗുരു 1924 ലെ ആലുവ സര്‍വമത സമ്മേളനത്തില്‍ പണ്ഡിറ്റ് ഋഷിറാമിനെ പങ്കെടുപ്പിച്ചു. ആര്യസമാജം നേതാവ് സ്വാമി ശ്രദ്ധാനന്ദയും ഗുരുവും തമ്മില്‍ കണ്ടു. അങ്ങനെ ഗുരുവും ആശാനും നാരായണനും ഭാരതീയ ആത്മീയ ധാരയില്‍ നിന്നു. ആര്യസമാജ പശ്ചാത്തലത്തില്‍ ആശാന് ജാതിവിമര്‍ശനത്തിന് ഒരു പ്രസ്ഥാന ബലം കൂടി കിട്ടി.
നാരായണന്റെ വീട്ടിലായിരുന്നു, ആശാന്റെ അവസാന അത്താഴം. തണുപ്പായതിനാല്‍, നാരായണന്‍ തന്റെ കറുത്ത കോട്ട് ആശാനെ ധരിപ്പിച്ചു. റെഡീമര്‍ ബോട്ടപകടത്തില്‍ മരിച്ച ആശാന്‍ ധരിച്ച ആ കോട്ടിന്റെ കീശയില്‍, നാരായണന്‍ എഴുതിക്കൊണ്ടിരുന്ന ഒരു ജീവചരിത്രം ഉണ്ടായിരുന്നു- ആര്യസമാജം സ്ഥാപകന്‍ സ്വാമി ദയാനന്ദ സരസ്വതിയുടെ ജീവചരിത്രം.